ഭീകരാക്രമണത്തിന്റെ പഴുതുകള്‍ അടയ്ക്കുന്നതില്‍ അധികാരികള്‍ക്കുണ്ടായ ഗുരുതരമായ പിഴവുകളിലേക്കാണ് രാജ്യത്തെ ഞെട്ടിച്ച മുംബൈയിലെ സ്ഫോടനപരമ്പര വിരല്‍ചൂണ്ടുന്നത്. കോടികള്‍ ചെലവഴിച്ച് സകലവിധ അത്യന്താധുനിക സംവിധാനങ്ങളോടുകൂടി പ്രവര്‍ത്തിക്കുന്ന രഹസ്യാന്വേഷണ- സുരക്ഷാ ഏജന്‍സികള്‍ക്ക്, സ്ഫോടനം നടക്കാനുള്ള സാധ്യതയെപ്പറ്റി ഒരു വിവരവും ഉണ്ടായിരുന്നില്ലെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരത്തിന്റെ പരസ്യ കുറ്റസമ്മതംതന്നെ നിരുത്തരവാദപരമായ സുരക്ഷാപിഴവുകളുടെ സാക്ഷ്യപത്രമാണ്. രാജ്യത്തിന്റെ നശിപ്പിക്കപ്പെടുന്ന അമൂല്യസമ്പത്ത്, ചിതറിത്തെറിക്കുന്ന മനുഷ്യജീവന്‍ , ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും തകര്‍ന്നടിയുന്ന ശേഷിപ്പുകള്‍ - മുംബൈ അടക്കമുള്ള രാജ്യത്തെ പ്രധാന നഗരങ്ങളെയൊക്കെ നാളുകളായി നടുക്കിക്കൊണ്ടിരിക്കുന്ന വാര്‍ത്തകളാണിവ. ഇതൊക്കെ ആവര്‍ത്തിച്ചാവര്‍ത്തിച്ചുണ്ടാകുമ്പോള്‍മാത്രം ഉണര്‍ന്നെണീക്കുകയും വീണ്ടും ആലസ്യത്തിന്റെ പതിവുശൈലിയിലേക്ക് വഴുതിവീഴുകയും ചെയ്യുന്ന ലാഘവത്വം നിറഞ്ഞ സമീപനമാണ്, വിട്ടൊഴിയാത്ത സ്ഫോടനങ്ങളിലും ഭീകരാക്രമണങ്ങളിലും കൂടെക്കൂടെ ഞെട്ടിത്തരിക്കേണ്ട സ്ഥിതിയുണ്ടാക്കുന്നത്.
2008 നവംബര്‍ 26ന്റെ മുംബൈ ഭീകരാക്രമണം നമുക്കൊക്കെ ഒരു പാഠമാകേണ്ടതായിരുന്നു. രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിലെ ജനനിബിഡമായ സ്ഥലങ്ങളിലായിരുന്നു നവംബര്‍ 26ന്റെ ഭീകരാക്രമണം. ഭീകര വിരുദ്ധവിഭാഗം തലവന്‍ ഹേമന്ത് കാര്‍ക്കറെയടക്കം ഇരുപതിലേറെ സമര്‍ഥരായ സുരക്ഷാ ഉദ്യോഗസ്ഥരുടെ ജീവന്‍ ബലിനല്‍കേണ്ടിവന്നു അന്ന്. വിദേശികളടക്കം 166 മനുഷ്യജീവന്‍ നഷ്ടപ്പെട്ടു. 4000 കോടിയുടെ സാമ്പത്തികനഷ്ടം വേറെ. രാജ്യത്തിന്റെ ഓര്‍മകളിലെ ഒരിക്കലും ഉണങ്ങാത്ത മുറിവായി മുംബൈ മാറുകയായിരുന്നു. ഡല്‍ഹിയും അഹമ്മദാബാദും ബംഗളൂരുവും അസമുമടക്കം പലേടത്തും ഭീകരാക്രമണം ഉണ്ടായിട്ടുണ്ടെങ്കിലും, ഭീകരര്‍ ആവര്‍ത്തിച്ച് ലക്ഷ്യമിടുന്നത് മുംബൈയെയാണ്. 1993ലേതിനുശേഷം അഞ്ചാമത്തെ സ്ഫോടനമാണ് ബുധനാഴ്ച ഉണ്ടായത്. "93ലെ സ്ഫോടനത്തില്‍ 257 പേരാണ് കൊല്ലപ്പെട്ടത്. 2004 മാര്‍ച്ചിലും ആഗസ്തിലുമായി നടന്ന മൂന്ന് സ്ഫോടനത്തിലായി 63 പേര്‍ മരിച്ചു. 2004 ജൂലൈയില്‍ മുംബൈ റെയില്‍വേ സ്റ്റേഷനില്‍ നടന്ന ഏഴ് സ്ഫോടനത്തിലായി 200 പേര്‍ക്ക് ജീവന്‍ നഷ്ടമായി. പിന്നീടായിരുന്നു 2008 നവംബര്‍ 26ന്റെ സ്ഫോടനം. ബോംബും തോക്കും ഗ്രനേഡുകളുമായി പത്തംഗ ഭീകരസംഘം ബോട്ടിലെത്തി, രാജ്യത്തെ തുടര്‍ച്ചയായി മൂന്നുദിവസം ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയാണ് വെടിയുതിര്‍ത്തത്. കൊല്ലപ്പെട്ടത് 166 പേരായിരുന്നെങ്കിലും രാജ്യത്തിന്റെ നെഞ്ചിലേക്കായിരുന്നു ഭീകരര്‍ നിറയൊഴിച്ചത്.
രാജ്യത്തിന്റെ ഐക്യത്തിനും ഭദ്രതയ്ക്കും എതിരായ ആക്രമണം, വര്‍ഗീയ ഭീകരവാദത്തിന്റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കാനും അതില്‍നിന്ന് മുതലെടുക്കാനുമുള്ള ആസൂത്രിതശ്രമം എന്നെല്ലാമായിരുന്നു നവംബര്‍ 26ന്റെ ഭീകരാക്രമണത്തെ ജനങ്ങളാകെ കണ്ടത്. ഈ ഗൗരവം കണക്കിലെടുത്തുള്ള ഭീകരവിരുദ്ധനടപടികള്‍ വേണമെന്നാണ് രാജ്യത്തെ ജനാധിപത്യവാദികളും പ്രസ്ഥാനങ്ങളും ആവശ്യപ്പെട്ടത്. ഈ ഗൗരവം ഉള്‍ക്കൊണ്ടുള്ള നടപടികള്‍ എടുക്കുന്നുവെന്ന തോന്നലാണ് കേന്ദ്ര സര്‍ക്കാരും സുരക്ഷാ ഏജന്‍സികളും അന്ന് സൃഷ്ടിച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ 2010-11ലെ വാര്‍ഷിക റിപ്പോര്‍ട്ടനുസരിച്ച് കോടികള്‍ മുടക്കി എന്‍എസ്ജി കമാന്‍ഡോകളുടെ ദ്രുതകര്‍മസേനയും ഓണ്‍ലൈന്‍ ദേശീയ സുരക്ഷാഗ്രിഡും അടക്കമുള്ള അത്യന്താധുനിക സംവിധാനങ്ങളുണ്ടാക്കി. പ്രത്യേക ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ)ക്ക് രൂപംനല്‍കി. എന്നാല്‍ , ഇതൊന്നും ഫലപ്രദമായിട്ടില്ലെന്നാണ് ഇപ്പോഴത്തെ സ്ഫോടനവും ഇതിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി നടത്തിയ പ്രസ്താവനയും തെളിയിക്കുന്നത്. മുംബൈ സ്ഫോടനങ്ങള്‍ക്കുപിന്നില്‍ ഇന്ത്യന്‍ മുജാഹിദീന്‍ എന്ന ഭീകരസംഘടനയാണെന്നും ലഷ്കര്‍ ഇ തോയ്ബയടക്കമുള്ള രാജ്യാന്തര ഭീകരസംഘടനകളുമായി ബന്ധമുള്ളവരാണ് ഇവരെന്നും അറിവുള്ളതാണ്. എന്നിട്ടും ഇവരുടെ പ്രവര്‍ത്തനപദ്ധതിയെപ്പറ്റി ശാസ്ത്രീയമായി പഠിക്കാനോ കുറ്റമറ്റ സുരക്ഷാസംവിധാനം ഒരുക്കാനോ കഴിഞ്ഞിട്ടില്ലെന്നുവേണം കരുതാന്‍ . നവംബര്‍ 26ന്റെ സ്ഫോടനവുമായി ബന്ധപ്പെട്ട് പിടിയിലായ അജ്മല്‍ അമീര്‍ കസബിനെ വധശിക്ഷയ്ക്ക് വിധിച്ച് ജയിലിലടച്ചെങ്കിലും കേസിലെ മറ്റ് ഇരുപതോളം പ്രതികള്‍ ഇപ്പോഴും പാകിസ്ഥാന്റെ സംരക്ഷണയിലാണ്. ഭീകരാക്രമണത്തിന്റെ ഗൂഢാലോചനയിലും ആസൂത്രണത്തിലും പങ്കാളികളായ ഇവരെ വിചാരണ നടത്താന്‍ കഴിഞ്ഞിട്ടില്ല. സ്ഫോടനത്തിലെ പ്രധാന കണ്ണികളിലൊരാളായ ഡേവിഡ് കോള്‍മാന്‍ ഹെഡ്ലിയെ 2009ല്‍ അമേരിക്കയില്‍ അറസ്റ്റുചെയ്തെങ്കിലും ഇയാളെ വിചാരണചെയ്യാന്‍ വിട്ടുതരണമെന്ന ഇന്ത്യയുടെ അഭ്യര്‍ഥന അംഗീകരിക്കാന്‍ അമേരിക്ക ഇതുവരെ തയ്യാറായിട്ടില്ല. ഇതോടൊപ്പം പിടിയിലായ കനേഡിയന്‍ പൗരനും പാക് വംശജനുമായ തഹാവൂര്‍ ഹുസൈന്‍ റാണെ കുറ്റക്കാരനല്ലെന്ന് അമേരിക്കന്‍ കോടതി വിധിക്കുകയും ചെയ്തു.
കശ്മീരിലടക്കം രാജ്യത്തെ ഭീകരപ്രവര്‍ത്തനങ്ങളില്‍ പാകിസ്ഥാന്റെ ലാഘവത്തോടെയുള്ള സമീപനം ഏറെ വിമര്‍ശിക്കപ്പെട്ടിട്ടുള്ളതാണ്. ആഗോളഭീകരതയ്ക്കെതിരാണ് തങ്ങളെന്ന് പുറമെ പറയുമ്പോഴും, ഭീകരരെ സംരക്ഷിക്കുന്ന നിലപാടാണ് അവര്‍ പലപ്പോഴും കൈക്കൊള്ളുന്നതെന്നത് ചരിത്രസത്യം മാത്രമാണ്. ഇപ്പോഴുണ്ടായ സ്ഫോടനത്തെയും പാക് പ്രസിഡന്റും പ്രധാനമന്ത്രിയുമൊക്കെ അപലപിച്ചിട്ടുണ്ടെങ്കിലും അതിന്റെ സ്പിരിറ്റില്‍ ഭീകരതയ്ക്കെതിരായ നിലപാടോ നടപടികളോ അവര്‍ സ്വീകരിക്കുന്നില്ലെന്ന വസ്തുതയും മനസ്സിലാക്കേണ്ടതുണ്ട്. ജനകീയ ഐക്യം തകര്‍ക്കാനും രാജ്യത്തെ അസ്ഥിരപ്പെടുത്താനും ആഗോളമൂലധനശക്തികള്‍ക്കെതിരെ ഉയര്‍ന്നുവരുന്ന ജനകീയപ്രക്ഷോഭങ്ങളെ ക്ഷീണിപ്പിക്കാനുമുള്ള ആസൂത്രിതപദ്ധതിയായും ഭീകരപ്രവര്‍ത്തനങ്ങളെ കാണാന്‍ കഴിയണം. അതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ പാഠങ്ങള്‍ പഠിച്ച് നടപടികളെടുക്കുകയും ജനങ്ങളെ ഒറ്റക്കെട്ടായി ഭീകരതയ്ക്കെതിരെ അണിനിരത്തുകയുമാണ് വേണ്ടത്.
*
മുഖപ്രസംഗം ദേശാഭിമാനി 15 ജൂലൈ 2011
Subscribe to:
Post Comments (Atom)
1 comment:

Post a Comment