Saturday, July 30, 2011

രക്ഷപ്പെടാനാകാത്ത യുഎസ് പ്രതിസന്ധി

ഇറാഖിലും അഫ്ഗാനിസ്ഥാനിലും ഭീകരാക്രമണങ്ങള്‍ തുടരുന്നത് അമേരിക്കയുടെ വിദേശനയത്തിന്റെ പാപ്പരീകരണം പൂര്‍ത്തിയാക്കുകയാണ്. അതേസമയംതന്നെ കടക്കെണിയും സാമ്പത്തിക പ്രതിസന്ധിയും അമേരിക്കയുടെ നിലനില്‍പ്പിനെത്തന്നെ ബാധിക്കുംവിധം അതിരൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം തെക്കന്‍ അഫ്ഗാനിസ്ഥാനില്‍ ഉറുസ്ഖാന്‍ ഗവര്‍ണറുടെ ഓഫീസ് പരിസരത്തുണ്ടായ മൂന്ന് ചാവേര്‍സ്ഫോടനത്തില്‍ 10 കുട്ടികളും രണ്ട് സ്ത്രീകളും പൊലീസുകാരനുമടക്കം 21 പേരാണ് കൊല്ലപ്പെട്ടത്. അഫ്ഗാന്‍കാരനായ ഇലക്ട്രീഷ്യനെ തൊട്ടടുത്തുനിന്ന് തലയ്ക്ക് വെടിവച്ചുകൊന്ന സംഭവത്തില്‍ അമേരിക്കന്‍ സൈനികന്‍ കുറ്റക്കാരനാണെന്ന് പട്ടാളക്കോടതി വിചാരണയില്‍ കണ്ടെത്തിയത് യുഎസ് സര്‍ക്കാരിനേറ്റ മറ്റൊരു പ്രഹരമാണ്.

അഫ്ഗാനിസ്ഥാനില്‍ 30,000 അമേരിക്കന്‍ പട്ടാളക്കാരെ അധികമായി വിന്യസിച്ചതിനുശേഷവും അമേരിക്കന്‍ -നാറ്റോ ശക്തികള്‍ക്ക് ഉദ്ദേശിച്ച നേട്ടമുണ്ടാക്കാനായിട്ടില്ല. മറിച്ച്, കൊല്ലപ്പെടുന്ന സാധാരണ പൗരന്മാരുടെ എണ്ണം വര്‍ധിക്കുകയാണ്. ഇത് അവിടത്തെ ജനങ്ങളെ വലിയ തോതില്‍ രോഷാകുലരാക്കുന്നു. 2014 അവസാനത്തോടെ സൈന്യത്തെ പിന്‍വലിക്കാനാണ് ഒബാമ സര്‍ക്കാര്‍ നിശ്ചയിച്ചത്. എന്നാല്‍ , അഫ്ഗാനിസ്ഥാനിലെയും അമേരിക്കയിലെയും ജനങ്ങള്‍ ഇതിന് അനുകൂലമല്ല. കൊല്ലപ്പെടുന്ന അമേരിക്കന്‍ പട്ടാളക്കാരെച്ചൊല്ലി അമേരിക്കയിലും കൊല്ലപ്പെടുന്ന നിരപരാധികളായ സാധാരണ പൗരന്‍മാര്‍ക്കുവേണ്ടി അഫ്ഗാനിസ്ഥാനിലും കണക്കുപറയേണ്ട അവസ്ഥയിലാണ് യുഎസ് ഭരണകൂടം. ഇറാഖിലാകട്ടെ, റമദാന്‍ തുടങ്ങുന്നതിനുമുമ്പ് സമാധാനം കൈവരിക്കാനുള്ള ശ്രമങ്ങളെ വെല്ലുവിളിച്ചുകൊണ്ടാണ് കഴിഞ്ഞ ദിവസം സ്ഫോടനങ്ങളുണ്ടായത്.

തിക്രിത്തില്‍ ചാവേര്‍ ബോംബുപൊട്ടി പതിനാറുപേര്‍ മരിച്ചു. അവിടെയും അശാന്തമായ ജനമനസ്സുകളെയാണ് അമേരിക്കന്‍ സൈന്യം നേരിടുന്നത്. സദ്ദാം ഹുസൈനെ വധിച്ചിട്ടും ഇറാഖിനെ കീഴടക്കാന്‍ അമേരിക്കയ്ക്ക് കഴിഞ്ഞിട്ടില്ല. അഫ്ഗാനിസ്ഥാനിലെയും ഇറാഖിലെയും സൈനിക ഇടപെടലിനെ രാജ്യസ്നേഹത്തിന്റെ പേരില്‍ അനുകൂലിച്ച അമേരിക്കക്കാര്‍പോലും ഇന്ന് മാറി ചിന്തിക്കുകയാണ്. വീണ്ടുവിചാരമില്ലാത്തതും ന്യായീകരണമില്ലാത്തതുമായ ഇത്തരം നയവൈകല്യങ്ങളാണ് അമേരിക്കയെ അഗാധമായ സാമ്പത്തികക്കുഴപ്പത്തിലേക്ക് തള്ളിയിട്ടതെന്ന് അത്തരക്കാര്‍ വിശ്വസിക്കുന്നു. അമേരിക്ക ധനപ്രതിസന്ധിയിലേക്ക് നീങ്ങുന്നുവെന്ന ആശങ്ക ലോകത്താകെ ശക്തമാണ്. സര്‍ക്കാരിന്റെ വായ്പ വാങ്ങല്‍ പരിധി വര്‍ധിപ്പിക്കാന്‍ ആഗസ്ത് രണ്ടിനു മുമ്പ് കോണ്‍ഗ്രസിന്റെ അനുമതി വാങ്ങാനുള്ള തീവ്രശ്രമത്തിലാണ് പ്രസിഡന്റ് ഒബാമ. അതിന് കഴിഞ്ഞില്ലെങ്കില്‍ അമേരിക്ക കടംതിരിച്ചടയ്ക്കുന്നതില്‍ വീഴ്ചവരുത്തിയ രാജ്യമായി മാറും. നിലവിലുള്ള അമേരിക്കയുടെ വായ്പാ പരിധി 14.5 ലക്ഷം കോടി ഡോളറാണ്. അമേരിക്ക ധന പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന വാര്‍ത്തകള്‍ ലോകവിപണിയില്‍ അതിവേഗമുള്ള ചലനങ്ങളാണുണ്ടാക്കിയത്. ഡോളര്‍ മൂല്യം കുറഞ്ഞു. ഓഹരിവിപണിയില്‍ തണുപ്പുറഞ്ഞു. എണ്ണവില കുറയുകയും സ്വര്‍ണവില കൂടുകയുംചെയ്തു. ഡോളര്‍ കൊടുത്ത് സ്വര്‍ണം വാങ്ങി സമ്പാദ്യം സുരക്ഷിതമാക്കുന്നതിന്റെ പരിണതിയാണ് സ്വര്‍ണവിലയിലെ അഭൂതപൂര്‍വമായ കുതിച്ചുകയറ്റം. ഇന്നുകാണുന്ന അമേരിക്കന്‍ പ്രതിസന്ധി പെട്ടെന്ന് പൊട്ടിമുളച്ചതല്ല.

"2010 ന്റെ രണ്ടാം പകുതിയിലും 2011 ന്റെ ആദ്യ പകുതിയിലും താല്‍ക്കാലികമായ ഒരു മാന്ദ്യം" സംഭവിക്കുമെന്ന് അന്താരാഷ്ട്ര നാണയനിധി (ഐഎംഎഫ്) തന്നെ നേരത്തെ പറഞ്ഞിരുന്നു. പ്രതിസന്ധി അകന്നു; വീണ്ടെടുക്കല്‍ പൂര്‍ണം -തുടങ്ങിയ അവകാശവാദങ്ങള്‍ തെറ്റാണ് എന്ന് തെളിയിക്കുന്നതാണ് ഈ അവസ്ഥ. കേവലം കടം അടയ്ക്കാന്‍ കഴിയാത്ത ഒന്നായി നിസ്സാരപ്പെടുത്തേണ്ടതുമല്ല ഇത്. വികസിത മുതലാളിത്ത ലോകത്തില്‍ സാമ്പത്തിക പ്രതിസന്ധിയോടൊപ്പം തൊഴിലില്ലായ്മാനിരക്ക് ഉയരുന്നു. ജനങ്ങളുടെ ജീവിതച്ചെലവ് കുതിച്ചുയരുന്നു. 2009ലെ ആഗോള സാമ്പത്തികത്തളര്‍ച്ച ഒഴിവാക്കാനുള്ള ധന ഉത്തേജക പാക്കേജുകളില്‍ ഏറെയും പൊളിഞ്ഞ ബാങ്കുകളെയും കൂറ്റന്‍ ധനകാര്യ സ്ഥാപനങ്ങളെയും സംരക്ഷിക്കുന്നതിനാണ് ചെലവിട്ടത്. അതവര്‍ സ്വയം സുരക്ഷിതരാകാനാണ് പ്രയോജനപ്പെടുത്തിയത്. ധനമേഖലയിലെ ഊഹക്കച്ചവടംമൂലം കടബാധ്യതാ പ്രതിസന്ധി സൃഷ്ടിക്കപ്പെട്ടു. അത് മറികടക്കാനാണ് പൊതു ചെലവുചുരുക്കലും കമ്മി കുറയ്ക്കലും എന്ന നടപടിയിലേക്ക് നീങ്ങിയത്. അമേരിക്കയുടെ ധന ഉത്തേജക നടപടികളുടെ പരാജയവും തൊഴിലില്ലായ്മാ വര്‍ധനയും ആ രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ ശക്തമായ പ്രതിഷേധമാണ് സൃഷ്ടിച്ചിട്ടുള്ളത്.

അധ്വാനിക്കുന്ന ജനവിഭാഗങ്ങളെയാണ് ഈ നയവൈകല്യങ്ങള്‍ പ്രതികൂലമായി ബാധിക്കുന്നത്. അതാകട്ടെ അമേരിക്കയുടെ അതിര്‍ത്തിവിട്ട് ലോകമാകെ വ്യാപിക്കുന്നു. പല രാജ്യങ്ങളിലെയും തൊഴിലാളിവര്‍ഗം ഇതിനെതിരെ ചെറുത്തുനില്‍പ്പ് സംഘടിപ്പിക്കുന്നുണ്ട്. അമേരിക്കയില്‍ വലതുപക്ഷ ശക്തികള്‍ ഇതൊരവസരമായി ഉപയോഗിക്കുന്നു. തൊഴിലില്ലായ്മയും മറ്റു സാമ്പത്തിക പ്രയാസങ്ങളുംമൂലം ഉണ്ടാകുന്ന അസംതൃപ്തി മുതലെടുത്ത് വലതുപക്ഷം ശക്തിപ്പെടുക എന്ന അപകടകരമായ സ്ഥിതി അമേരിക്കയിലും ചില യൂറോപ്യന്‍ രാജ്യങ്ങളിലും പ്രകടമാണ്. ആത്യന്തികമായി സാമ്രാജ്യത്വ ആഗോളവല്‍ക്കരണ നയങ്ങളുടെ പരാജയത്തെയാണ് അമേരിക്കയുടെ ഇന്നത്തെ അവസ്ഥ വരച്ചുകാട്ടുന്നത്. രക്ഷപ്പെടാനുള്ള ശ്രമങ്ങളും തിരിഞ്ഞുകുത്തുകയാണ്. ഏതെങ്കിലും എളുപ്പവിദ്യകൊണ്ടോ ചികിത്സകൊണ്ടോ പരിഹരിക്കാനാവാത്തതാണ് കുഴപ്പം. മുതലാളിത്തമാണ് എല്ലാറ്റിനും പരിഹാരം എന്ന വാദത്തിന്റെ പെട്ടിയില്‍ അവസാനത്തെ ആണികളും അടിക്കപ്പെടുകയാണ്-ഈ കുഴപ്പത്തിലൂടെ.

*
ദേശാഭിമാനി മുഖപ്രസംഗം 30 ജൂലൈ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഇറാഖിലും അഫ്ഗാനിസ്ഥാനിലും ഭീകരാക്രമണങ്ങള്‍ തുടരുന്നത് അമേരിക്കയുടെ വിദേശനയത്തിന്റെ പാപ്പരീകരണം പൂര്‍ത്തിയാക്കുകയാണ്. അതേസമയംതന്നെ കടക്കെണിയും സാമ്പത്തിക പ്രതിസന്ധിയും അമേരിക്കയുടെ നിലനില്‍പ്പിനെത്തന്നെ ബാധിക്കുംവിധം അതിരൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം തെക്കന്‍ അഫ്ഗാനിസ്ഥാനില്‍ ഉറുസ്ഖാന്‍ ഗവര്‍ണറുടെ ഓഫീസ് പരിസരത്തുണ്ടായ മൂന്ന് ചാവേര്‍സ്ഫോടനത്തില്‍ 10 കുട്ടികളും രണ്ട് സ്ത്രീകളും പൊലീസുകാരനുമടക്കം 21 പേരാണ് കൊല്ലപ്പെട്ടത്. അഫ്ഗാന്‍കാരനായ ഇലക്ട്രീഷ്യനെ തൊട്ടടുത്തുനിന്ന് തലയ്ക്ക് വെടിവച്ചുകൊന്ന സംഭവത്തില്‍ അമേരിക്കന്‍ സൈനികന്‍ കുറ്റക്കാരനാണെന്ന് പട്ടാളക്കോടതി വിചാരണയില്‍ കണ്ടെത്തിയത് യുഎസ് സര്‍ക്കാരിനേറ്റ മറ്റൊരു പ്രഹരമാണ്.