1864 സെപ്തംബര്‍ 28ന് ലണ്ടനിലെ സെന്റ് മാര്‍ട്ടിന്‍സ് ഹാളില്‍ ചേര്‍ന്ന സാര്‍വദേശീയ തൊഴിലാളിസമ്മേളനത്തിലാണ് മാര്‍ക്സും എംഗല്‍സും ചേര്‍ന്ന് ഒന്നാം ഇന്റര്‍നാഷണലിന് ജന്മം നല്‍കിയത്. ഇംഗ്ലീഷില്‍ "ഇന്റര്‍നാഷണല്‍" എന്ന പദംതന്നെ പ്രചാരത്തിലായത് ഈ സമ്മേളനത്തോടുകൂടിയാണ് എന്ന് ഒക്സ്ഫോര്‍ഡ് നിഘണ്ടുവിന്റെ വലിയപതിപ്പില്‍ എഴുതിയിട്ടുണ്ട്. അതിനുശേഷം 1889ല്‍ സോഷ്യലിസ്റ്റ് ഇന്റര്‍നാഷണലും 1919ല്‍ കമ്യൂണിസ്റ്റ് ഇന്റര്‍നാഷണലും നിലവില്‍വന്നു. 1943ല്‍ ഫാസിസ്റ്റ്വിരുദ്ധ സാര്‍വദേശീയസഖ്യത്തിന് വിഘാതമാകാതിരിക്കാന്‍ സ്റ്റാലിന്‍ അത് പിരിച്ചുവിട്ടു. രണ്ടാംലോകമഹായുദ്ധാനന്തരം (1939-1945) സാര്‍വദേശീയ തൊഴിലാളികളുടെ ഐക്യവേദിയായി വേള്‍ഡ് ഫെഡറേഷന്‍ ഓഫ് ട്രേഡ് യൂണിയന്‍ (ഡബ്ല്യുഎഫ്ടിയു) രൂപീകരിക്കപ്പെട്ടു. ശീതയുദ്ധത്തിന്റെ മൂര്‍ധന്യത്തില്‍ ഡബ്ല്യുഎഫ്ടിയു ഭിന്നിപ്പിക്കുകയും ദുര്‍ബലപ്പെടുകയും ചെയ്തു. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടുകൂടി അത് നാമാവശേഷമായി. ലോകമുതലാളിത്തം വീണ്ടും ശക്തിയാര്‍ജിക്കുകയും ആഗോളവല്‍ക്കരണത്തിന്റെ ഭാഗമായി തൊഴിലാളി വര്‍ഗത്തെ ചൂഷണത്തിനിരയാക്കാനും തൊഴിലില്ലായ്മ വര്‍ധിക്കാനും തുടങ്ങിയതോടെ സാര്‍വദേശീയ തൊഴിലാളി ഐക്യവും സംഘടനയും അനിവാര്യമായി. ഇപ്പോള്‍ അപ്രകാരമുള്ള ഒരു സംഘടന നിലവില്‍വന്നിട്ടുണ്ട്. അതിന്റെ പേര് ട്രേഡ്യൂണിയന്‍ ഇന്റര്‍നാഷണല്‍ എന്നാണ്. ഈ സംഘടനയുടെ ഒരാഴ്ച നീണ്ടുനിന്ന മൂന്നാം സമ്മേളനം ജൂണ്‍ 20 മുതല്‍ 26 വരെ പാരീസില്‍ നടക്കുകയുണ്ടായി.
കഴിഞ്ഞ സമ്മേളനം 2004 ഏപ്രിലിലായിരുന്നു. രണ്ടാം സമ്മേളനത്തില്‍ 53 രാജ്യങ്ങളിലെ തൊഴിലാളിസംഘടനകളുടെ പ്രതിനിധികളാണ് പങ്കെടുത്തത്. പാരീസില്‍ നടന്ന മൂന്നാം സമ്മേളനത്തില്‍ 82 രാജ്യങ്ങളില്‍നിന്നായി 150 സംഘടനാപ്രതിനിധികള്‍ പങ്കെടുത്തിരുന്നു. ലോകസാമ്പത്തികസ്ഥിതി പ്രതിസന്ധിയില്‍നിന്ന് പ്രതിസന്ധിയിലേക്ക് നീങ്ങുന്നതിന്റെയും തൊഴിലാളിവര്‍ഗത്തിന്റെ ചെറുത്തുനില്‍പ്പ് അതോടൊപ്പം വളരുന്നതിന്റെയും തെളിവാണിത്. ഇതിനുമുമ്പുള്ള സാര്‍വദേശീയ തൊഴിലാളിസംഘടനകളില്‍നിന്ന് വ്യത്യസ്തമാണ് ഈ ഇന്റര്‍നാഷണലിലുണ്ടായ പ്രാതിനിധ്യം. വ്യവസായത്തൊഴിലാളികള്‍ക്കുപുറമെ കര്‍ഷകര്‍ , കര്‍ഷകത്തൊഴിലാളികള്‍ , ബാങ്ക് മുതലായ വാണിജ്യസ്ഥാപനങ്ങളിലെ സംഘടനാപ്രതിനിധികള്‍ തുടങ്ങിയ എല്ലാ വിഭാഗം തൊഴിലാളികളുടെ സംഘടനകളുടെയും സാന്നിധ്യംകൊണ്ട് നിറഞ്ഞതായിരുന്നു ഈ സമ്മേളനം.
വിപുലമായ പ്രാതിനിധ്യം
മുമ്പുള്ള ഡബ്ല്യുഎഫ്ടിയു, ഇന്റര്‍നാഷണലുകള്‍ എന്നിവയെക്കാളെല്ലാം വിപുലമായ പ്രാതിനിധ്യമാണ് ഈ ഇന്റര്‍നാഷണലിനുണ്ടായത്. ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍നിന്ന് 29ഉം ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍നിന്ന് 17ഉം യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്ന് 16ഉം പ്രതിനിധികള്‍ പങ്കെടുത്തു. സാമ്പത്തികമായി മുന്നേറിയിട്ടുള്ള ഫ്രാന്‍സ്, റഷ്യ, അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ചൈന, ഇന്ത്യ, എണ്ണവിഭവങ്ങള്‍കൊണ്ട് സമ്പന്നമായ കുവൈത്ത്, ഇറാന്‍ , അള്‍ജീരിയ, പ്രകൃതിവിഭവങ്ങള്‍കൊണ്ട് സമ്പന്നമായ ഇന്തോനേഷ്യ, അങ്കോള, ബ്രസീല്‍ , കോംഗോ, ദരിദ്രരാജ്യമായ ബുര്‍കിനാഫാസോ, സാമ്പത്തിക പ്രതിസന്ധികളില്‍ ഉലയുന്ന ഗ്രീസ്, പോര്‍ച്ചുഗല്‍ , സൈപ്രസ്, പലസ്തീന്‍ , സുഡാന്‍ , പാകിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലെ പ്രതിനിധികളടക്കം 150ല്‍പരം പേരാണ് മൂന്നാം സമ്മേളനത്തില്‍ പങ്കെടുത്തത്. ഇതിനുമുമ്പുണ്ടായിട്ടുള്ള എല്ലാ സാര്‍വദേശീയ സന്നദ്ധസംഘടനകളെയും മറികടക്കുന്ന ഈ വിപുലമായ പ്രാതിനിധ്യത്തിന് കാരണമെന്ത്? ശാസ്ത്ര-സാങ്കേതികവിദ്യകളുടെയും പ്രത്യേകിച്ച് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയുടെയും അത്ഭുതകരമായ കുതിച്ചുകയറ്റത്തിനിടയിലും ദാരിദ്ര്യം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ചിലയിടത്ത് ദാരിദ്ര്യം ഹൃദയഭേദകമായ പട്ടിണിമരണത്തിലേക്ക് എത്തുന്നു. സോമാലിയ, ബുര്‍കിനാഫാസോ എന്നിവ ഉദാഹരണങ്ങള്‍മാത്രം.
എസ് ആര്‍ പി ഇന്ത്യയെപ്പറ്റി
സോഷ്യലിസം കാലഹരണപ്പെട്ടുവെന്നും മുതലാളിത്തത്തിന് പുതിയ മുന്നേറ്റമുണ്ടായിരിക്കുന്നുവെന്നും തല്‍പ്പര മാധ്യമങ്ങള്‍ വീറോടെ വാദിക്കുന്ന ഘട്ടമാണിത്. എന്നാല്‍ ഭക്ഷ്യലഭ്യത കുറയുകയും ഭക്ഷ്യസുരക്ഷ അപകടത്തിലാവുകയുമാണ് മുതലാളിത്ത ഉല്‍പ്പാദന വിതരണ രീതികളിലൂടെ ഉണ്ടായിട്ടുള്ളത്. മുതലാളിത്തത്തിനുപോലും നിലനില്‍ക്കാന്‍ കഴിയാതെ പ്രതിസന്ധികളുടെ ആഴത്തിലേക്ക് അത് മുതലക്കൂപ്പ് കുത്തുകയാണ്. ഈ പംക്തിയില്‍ "വീണ്ടും സാമ്പത്തികക്കുഴപ്പമോ" എന്ന തലവാചകത്തില്‍ ജൂലൈ ഒമ്പതിന് എഴുതിയിരുന്ന ലേഖനത്തില്‍ മുതലാളിത്തലോകം നേരിട്ടുകൊണ്ടിരിക്കുന്ന ഗുരുതരമായ പ്രതിസന്ധിയെക്കുറിച്ച് പരാമര്‍ശിച്ചിരുന്നുവല്ലോ. ഇന്ത്യയിലെ കാര്യംതന്നെ എടുക്കുക; അഖിലേന്ത്യാ കിസാന്‍സഭയുടെ പ്രസിഡന്റ് എന്ന നിലയില്‍ എസ് രാമചന്ദ്രന്‍പിള്ള പാരീസ് സമ്മേളനത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ട് ആരെയും അസ്വസ്ഥനാക്കും. ഇന്ത്യ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന രാജ്യമാണെന്നും ഇന്ത്യയും ചൈനയും സാമ്പത്തികവികസനത്തിന്റെ കാര്യത്തില്‍ ഒരു മത്സരയോട്ടത്തിലാണെന്നുപോലും പറഞ്ഞുകേള്‍ക്കാറുണ്ടല്ലോ. പുതിയ മുതലാളിത്ത പാതയിലുള്ള വികസനവും വിദേശമൂലധനത്തിന്റെ ഇറക്കുമതിയും ആഗോളവല്‍ക്കരണനയങ്ങളുടെ അതിപ്രസരവും സ്വകാര്യവല്‍ക്കരണവും എല്ലാംകൊണ്ട് ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനം (ജിഡിപി) വര്‍ധിച്ചിട്ടുണ്ടെന്നുള്ളത് ശരിതന്നെ. എന്നാല്‍ , അതേസമയം സാധാരണ ജനങ്ങളുടെ ജീവിതം കൂടുതല്‍ ദുസ്സഹമായിക്കൊണ്ടിരിക്കുകയാണ്. 2004ല്‍ ഒമ്പത് ശതകോടീശ്വരന്മാരുണ്ടായിരുന്നത് 2008ല്‍ 49 ആയി വര്‍ധിച്ചു. ഇതേ കാലയളവില്‍ പത്തോളം കോര്‍പറേറ്റ് കമ്പനികളുടെ ലാഭം മൂന്നിരട്ടിയായി. അതേസമയം എട്ടരക്കോടി ജനങ്ങളുടെ ദിവസവരുമാനം ഇരുപത് രൂപയാണ്. ഗ്രാമീണജനങ്ങള്‍ക്ക് വേണ്ടത്ര ഗതാഗതസൗകര്യമോ വാര്‍ത്താവിനിമയ സൗകര്യമോ ആരോഗ്യസംരക്ഷണമോ മറ്റ് അടിസ്ഥാനസൗകര്യങ്ങളോ നിഷേധിക്കപ്പെട്ടിരിക്കുകയാണ്. കര്‍ഷകരുടെ ആത്മഹത്യ മണിക്കൂറിന് രണ്ടെന്ന നിരക്കിലാണ്. കഴിഞ്ഞ 11 കൊല്ലക്കാലമായി രണ്ടേകാല്‍ ലക്ഷം പേര്‍ ആത്മഹത്യ ചെയ്തിട്ടുണ്ടെന്നാണ് കണക്ക്. ഇന്ത്യയുടെ മൊത്തം വരുമാനത്തില്‍ 32 ശതമാനമായിരുന്ന കാര്‍ഷികമേഖലയുടെ പങ്ക് കഴിഞ്ഞ ഇരുപതുകൊല്ലത്തിനിടെ 16 ശതമാനമായി കുറഞ്ഞു. സ്വാതന്ത്ര്യസമരകാലത്തെ കോണ്‍ഗ്രസുകാരുടെ വാഗ്ദാനങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു "കൃഷിഭൂമി കര്‍ഷകന് കൊടുക്കും" എന്നത് (ഫേസ്പുര്‍ പ്രമേയം). അതൊന്നും ചെയ്തിട്ടില്ലെന്നുമാത്രമല്ല, ചെറുകിട കൃഷിക്കാരുടെ കൈവശമുള്ള ഭൂമിതന്നെ ഭൂപ്രഭുക്കളും വന്‍ വ്യവസായികളും വാങ്ങിക്കൂട്ടുകയാണ്. ഉപജീവനത്തിനായി മറ്റു മാര്‍ഗമില്ലാതെ പാവപ്പെട്ട കൃഷിക്കാര്‍ സ്വന്തം ഭൂമി വിറ്റ് വഴിയാധാരമാകുന്നു. മുതലാളിത്തപാതയിലൂടെയുള്ള വികസനംകൊണ്ട് ഇതുതന്നെയാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്നതെന്ന് പാരീസ് സമ്മേളനത്തില്‍ അവതരിപ്പിക്കപ്പെട്ട റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
പാരീസിലെ ആഹ്വാനം
ഈ ദുരവസ്ഥയ്ക്കും അതിനെ കൂടുതല്‍ രൂക്ഷമാക്കുന്ന ആഗോളവല്‍ക്കരണാദികളായ നയങ്ങള്‍ക്കുമെതിരെ കടുത്ത ചെറുത്തുനില്‍പ്പുകള്‍ വികസിത യൂറോപ്യന്‍ രാഷ്ട്രങ്ങളില്‍പ്പോലും നടന്നുകൊണ്ടിരിക്കുകയാണ്. അടുത്തിടെ ഫ്രാന്‍സിലും ഗ്രീസിലും ബ്രിട്ടണിലും നടന്ന പണിമുടക്കുകള്‍ ആ രാജ്യങ്ങളെ സ്തംഭിപ്പിക്കുകയുണ്ടായി. ഈ ചെറുത്തുനില്‍പ്പുകള്‍ ശക്തിപ്പെടുത്താനും സംഘടനകളെ ഊര്‍ജിതമാക്കാനും പാരീസ് സമ്മേളനം തീരുമാനിച്ചു. അതിനുവേണ്ടി ലോകത്തിലെ വിവിധ മേഖലകളില്‍ ടിയു ഇന്റര്‍നാഷണലിന്റെ പ്രത്യേക സമ്മേളനങ്ങള്‍ ചേരാനും തീരുമാനിക്കുകയുണ്ടായി. അങ്ങനെ പുത്തന്‍ സാമ്രാജ്യനയങ്ങളുടെ കടന്നുകയറ്റങ്ങളെ തടയാനും ആഗോളവല്‍ക്കരണ നയങ്ങളെ പരാജയപ്പെടുത്താനും ട്രേഡ് യൂണിയന്‍ ഇന്റര്‍നാഷണല്‍ 21-ാം നൂറ്റാണ്ടില്‍വിമോചനപ്പോരാട്ടത്തിന് നാന്ദികുറിക്കുന്നു.
*
പി ഗോവിന്ദപ്പിള്ള ദേശാഭിമാനി 30 ജൂലൈ 2011
Subscribe to:
Post Comments (Atom)
1 comment:

Post a Comment