സി എ ജിയുടെ റിപ്പോര്‍ട്ടിലെ പ്രസക്തഭാഗം മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട സംഭവം അധികൃതസ്ഥാനത്തുള്ളവരെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്. യു പി എ സര്‍ക്കാരും മന്ത്രിമാരും ബ്യൂറോക്രാറ്റുകളും വന്‍കിട കോര്‍പ്പറേറ്റ് സ്ഥാപനങ്ങളും തമ്മിലുള്ള അവിഹിതവും അനാരോഗ്യകരവുമായ ബന്ധമാണ് ഇതിലൂടെ വെളിവാക്കപ്പെട്ടിരിക്കുന്നത്. ഒരു ഭരണഘടനാ സ്ഥാപനമായ സി എ ജി വിശ്വസിക്കുന്നത് ഉല്‍പാദനം പങ്കിടല്‍ കരാറുകളുടെ ഘടനയില്‍ നിലനില്‍ക്കുന്ന പോരായ്‌മകളാണ് മൂലധന നിക്ഷേപം പെരുപ്പിച്ച് കാണിക്കുന്നതിലൂടെ അധികലാഭം തട്ടിയെടുക്കാന്‍ സ്വകാര്യ കോര്‍പ്പറേറ്റ് പങ്കാളികളെ സഹായിക്കുന്നത് എന്നാണ്.
ഇംഗ്ലീഷ് ഭാഷയിലെ രണ്ടുപദങ്ങളിലെ ആദ്യാക്ഷരങ്ങള്‍ ചേര്‍ത്തുണ്ടാക്കുന്ന ചുരുക്കപദ പ്രയോഗങ്ങളുടെ പട്ടിക സമീപകാലത്ത് നമ്മുടെ രാജ്യത്ത് അനുദിനം വര്‍ധിച്ചുവരുന്നതായിട്ടാണ് കാണുന്നത്. ഈ പ്രക്രിയയ്‌ക്ക് കേന്ദ്ര യു പി എ ഭരണകൂടത്തിനെതിരായി ഉയര്‍ന്നുവരുന്ന അഴിമതി ആരോപണങ്ങളുമായി അടുത്ത ബന്ധവുമുണ്ട്. ടു ജി, സി ഡബ്ല്യു ജി, ഐ എസ് ആര്‍ ഓ എന്നീ പദങ്ങളോടൊപ്പം ഏറ്റവുമൊടുവിലിതാ കെ ജിയും വരുന്നു. ഈ പദപ്രയോഗങ്ങള്‍ വിരല്‍ ചൂണ്ടുന്നത് കേന്ദ്രഭരണകൂടത്തിന്റെ പ്രതിച്‌ഛായയ്‌ക്ക് സമീപകാലത്ത് ഏറെ മങ്ങലേല്‍പ്പിച്ചിട്ടുണ്ടെന്നതാണ്. കാരണം ഇതെല്ലാം തന്നെ ഭരണകൂട അഴിമതികളുമായി ബന്ധമുണ്ടെന്നതുതന്നെ.
എന്താണ് ഈ `കെ ജി'? കൃഷ്‌ണ-ഗോദാവരി നദീതട പ്രദേശങ്ങള്‍ എന്നതിന്റെ ചുരുക്ക പദപ്രയോഗമാണിത്. കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ (സി എ ജി) യുടെ കരട് റിപ്പോര്‍ട്ടില്‍ ഹൈഡ്രോ കാര്‍ബണ്‍ നിര്‍മാണം പങ്കിടുന്നതുമായി ബന്ധപ്പെട്ട കരാറുകളുടെ (പി എസ് സി) ദുരുപയോഗത്തിലൂടെയോ അവയുടെ തെറ്റായ നടപ്പാക്കലിലൂടെയോ, പൊതുഖജനാവിനു കൃത്യമായി കണക്കാക്കാന്‍ കഴിയാത്തത്ര വമ്പിച്ച നഷ്‌ടമുണ്ടായിട്ടുണ്ടെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര പെട്രോളിയം - പ്രകൃതി വാതക മന്ത്രാലയം ഈ കൃഷ്‌ണാ-ഗോദാവരി മേഖലയിലെ വാതക സംബന്ധമായ പാടങ്ങളുടെ പ്രവര്‍ത്തന ചുമതല വഹിക്കുന്ന റിലയന്‍സ് ഇന്‍ഡസ്‌ട്രീസ് ലിമിറ്റഡിന് അവിഹിതവും വഴിവിട്ടതുമായ സഹായങ്ങള്‍ ചെയ്‌തുകൊടുത്തതിലൂടെയാണ് നഷ്‌ടം സംഭവിച്ചത്.
ഇതിലേയ്‌ക്കായി ഹൈഡ്രോ കാര്‍ബണ്‍ ഉല്‍പ്പാദനം പങ്കിടല്‍ കരാറുകളില്‍ തിരിമറി നടത്തുകയുമുണ്ടായത്രെ. സി എ ജി കണ്ടെത്തിയ മറ്റൊരു കാര്യം രാജസ്ഥാനിലെ എണ്ണപ്പാടങ്ങളില്‍ പ്രവര്‍ത്തനം നടത്തിവരുന്ന യു കെ ആസ്ഥാനമായുള്ള കെയണ്‍ ഇന്ത്യ ലിമിറ്റഡ് എന്ന സ്ഥാപനത്തിനും വഴിവിട്ട ഔദ്യോഗിക സഹായം ലഭിച്ചിരുന്നു എന്നാണ്. സി എ ജി, കെ ജി യിടപാടുമായി ബന്ധപ്പെട്ട രണ്ടുഗുരുതരമായ തട്ടിപ്പുകളാണ് ചൂണ്ടിക്കാട്ടുന്നത്. ഒന്ന് കെ ജി ബേസിനിലെ ഡി 6 വാതകപാടത്ത് മൂലധന നിക്ഷേപ തുക പെരുപ്പിച്ചുകാട്ടാന്‍ റിലയന്‍സ് നടത്തിയ കുത്സിത തന്ത്രം മതിയായ പരിശോധനകുറവിന്റെ ഫലമായി അനുവദിക്കപ്പെട്ടു. ഇത് കരുതിക്കൂട്ടി ചെയ്‌തതാണോ, അല്ലയോ എന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു. ഏതായാലും ഇതിലൂടെ സര്‍ക്കാരിനുണ്ടായിരിക്കുന്ന റവന്യൂ നഷ്‌ടം നിസ്സാരമല്ല തന്നെ. ഉല്‍പ്പാദനം പങ്കിടല്‍ കരാറിന്റെ സ്വഭാവംവെച്ചു നോക്കിയാല്‍ ധനനഷ്‌ടത്തിന്റെ ഗൗരവവും വലുപ്പവും വ്യക്തമാകും. റിലയന്‍സ് മുടക്കിയ മൂലധനം എത്രമാത്രം കൃത്രിമമായി പെരുപ്പിച്ചു കാട്ടാന്‍ ശ്രമിച്ചിട്ടുണ്ടോ അത്രകണ്ട് നഷ്‌ടം സര്‍ക്കാര്‍ ഖജനാവിന് പേറേണ്ടതായും വന്നിട്ടുണ്ട്.
രണ്ട്, ഹൈഡ്രോകാര്‍ബണ്‍ നിര്‍മാണം പൂര്‍ത്തീകരിക്കപ്പെട്ട ഭൂപ്രദേശങ്ങള്‍ അതിനാനുപാതികമായി സര്‍ക്കാരിന് കൈമാറുകയെന്നതാണ് കരാര്‍ വ്യവസ്ഥ ചെയ്‌തിരിക്കുന്നതെങ്കിലും ഈ വ്യവസ്ഥ പ്രാബല്യത്തിലായതിനുശേഷവും ഇപ്രകാരം ചെയ്‌തിട്ടില്ല, എന്നതാണ് സ്ഥിതി. തുടര്‍ന്നും റിലയന്‍സ് തന്നെ ഈ പ്രദേശം കൈവശംവെച്ച് വിനിയോഗിക്കുകയാണ് ചെയ്‌തിരിക്കുന്നതെന്ന് സി എ ജി കണ്ടെത്തിയിരിക്കുന്നു. കെയണ്‍ന്റെ കാര്യത്തില്‍ മന്ത്രാലയം കരാറില്‍ അനുവദിക്കപ്പെട്ടതിനുപുറമെ, 1,600 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം കൂടി വിനിയോഗിക്കാന്‍ കമ്പനിക്ക് അനുവാദം നല്‍കി. സി എ ജി റിപ്പോര്‍ട്ട് ഇപ്പോഴും അപൂര്‍ണമായി തുടരുകയാണ്. കാരണം ഓയില്‍ ആന്റ് നാച്യുറല്‍ ഗ്യാസ് കമ്മിഷനും സ്വകാര്യ മേഖലയിലുള്ള ബി ജി ഈ പി ഐ എല്ലും റിലയന്‍സും പന്നാ-മുക്ത-തപ്‌തി പദ്ധതിയുടെ ഭാഗമായി കരയില്‍ നിന്നും അകലെ സ്ഥിതിചെയ്യുന്ന ബോംബെ ഹൈ ഭാഗത്തുള്ള എണ്ണപ്പാട ഖനനത്തിനായുള്ള പ്രദേശമുള്‍ക്കൊള്ളുന്ന സംയുക്തസംരംഭത്തെപ്പറ്റി പഠനം ഇനിയും നടത്തേണ്ടിയിരിക്കുന്നു എന്നതാണ്. ഇതിലേക്കാവശ്യമായ രേഖകള്‍ സംയുക്തസംരംഭവുമായി ബന്ധപ്പെട്ടവര്‍ ലഭ്യമാക്കാത്തതാണ് പ്രശ്‌നം.
സി എ ജിയുടെ റിപ്പോര്‍ട്ടിലെ പ്രസക്തഭാഗം മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട സംഭവം അധികൃതസ്ഥാനത്തുള്ളവരെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്. യു പി എ സര്‍ക്കാരും മന്ത്രിമാരും ബ്യൂറോക്രാറ്റുകളും വന്‍കിട കോര്‍പ്പറേറ്റ് സ്ഥാപനങ്ങളും തമ്മിലുള്ള അവിഹിതവും അനാരോഗ്യകരവുമായ ബന്ധമാണ് ഇതിലൂടെ വെളിവാക്കപ്പെട്ടിരിക്കുന്നത്. ഒരു ഭരണഘടനാ സ്ഥാപനമായ സി എ ജി വിശ്വസിക്കുന്നത് ഉല്‍പാദനം പങ്കിടല്‍ കരാറുകളുടെ ഘടനയില്‍ നിലനില്‍ക്കുന്ന പോരായ്‌മകളാണ് മൂലധന നിക്ഷേപം പെരുപ്പിച്ച് കാണിക്കുന്നതിലൂടെ അധികലാഭം തട്ടിയെടുക്കാന്‍ സ്വകാര്യ കോര്‍പ്പറേറ്റ് പങ്കാളികളെ സഹായിക്കുന്നത് എന്നാണ്. ഇതിനുള്ള ഏക പരിഹാരം നിലവിലുള്ള കരാറുകളില്‍ അനുയോജ്യമായ ഭേദഗതികള്‍ വരുത്തുകയാണ്. അതേസമയം എണ്ണ-പ്രകൃതി വാതക മന്ത്രാലയത്തിനും അതിന്റെ ചുമതലക്കാരായ ബ്യൂറോ ക്രാറ്റുകള്‍ക്കും കുറ്റവിമുക്തമാകാന്‍ സാധ്യമല്ല. ഇവരുടെ അശ്രദ്ധമൂലവും നിക്ഷിപ്‌തമായ അധികാരങ്ങള്‍ വിനിയോഗിക്കാന്‍ അവര്‍ പ്രകടമാക്കിയ അലംഭാവം മൂലവും ഖജനാവിന് കോടികള്‍ നഷ്‌ടമായതിനുപിന്നില്‍ റിലയന്‍സുമായുള്ള ഇരുവിഭാഗങ്ങള്‍ക്കുമുള്ള അവിഹിത ബന്ധമാണ് ഇടയാക്കിയതെന്ന് കരുതുന്നതായിരിക്കും ശരിയായിരിക്കുക.
കൃഷ്‌ണ-ഗോദാവരി ബേസിന്‍ വിഷയത്തില്‍ എന്തെല്ലാമോ അപാകതകളുണ്ടെന്ന സൂചനകള്‍ 2008 ലും 2009 ലും തന്നെ ലഭിച്ചിരുന്നതാണ്. അക്കാലത്താണ് അംബാനി സഹോദരന്മാരായ മുകേഷ് അംബാനിയും അനില്‍ അംബാനിയും തമ്മില്‍ വാതകവില നിര്‍ണയകാര്യത്തില്‍ രൂക്ഷമായ അഭിപ്രായ ഭിന്നതകള്‍ നിലനിന്നിരുന്നത്. ഈ പശ്ചാത്തലത്തില്‍ കെ ജി പദ്ധതി സംബന്ധമായ പല ആഭ്യന്തര പ്രശ്‌നങ്ങളും പൊതുശ്രദ്ധയില്‍വരുകയും ചര്‍ച്ചയ്‌ക്ക് വിധേയമാക്കപ്പെടുകയും ചെയ്‌തിരുന്നു. ഇതെത്തുടര്‍ന്ന് ഹൈഡ്രോ കാര്‍ബണ്‍സ് ഡയറക്‌ടര്‍ ജനറലിന് ഇക്കാര്യത്തിലുണ്ടായിരുന്നു എന്ന് ആരോപിക്കപ്പെട്ടിരുന്ന പങ്കിനെപ്പറ്റി സി ബി ഐ അന്വേഷണത്തിന് തുടക്കം കുറിക്കുകയുമുണ്ടായതാണ്. എന്നാല്‍ പ്രധാന മന്ത്രിയുടെ ഓഫീസും കേന്ദ്ര എണ്ണ പ്രകൃതി വാതക മന്ത്രി സ്ഥാനം വഹിച്ചിരുന്ന മുരളി ദേവ്‌റയും ഇത്തരത്തിലൊരു അന്വേഷണം അടിയന്തരമായി നടത്തേണ്ടതിന്റെ അനിവാര്യതയില്ലെന്ന നിഗമനത്തിലെത്തുകയായിരുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട ധനകാര്യ ഇടപാടുകളിലുണ്ടായിരുന്ന തിരിമറികള്‍ അന്നുതന്നെ പുറത്തുവരാതിരുന്നതിനുള്ള കാരണവും ഈ നിഗമനമായിരുന്നു. അംബാനിമാരും മുരളി ദേവ്‌റയും തമ്മില്‍ എന്തെല്ലാമോ വഴിവിട്ട ബന്ധങ്ങളുണ്ടായിരുന്നതായ മാധ്യമവാര്‍ത്തകളും പുറത്തുവന്നിരുന്നു.
എന്നാല്‍, വൈകിയാണെങ്കില്‍ തന്നേയും സി എ ജിയുടെ അന്വേഷണവും കണ്ടെത്തലുകളും പ്രശ്‌നപരിഹാരത്തിനുള്ള പ്രതീക്ഷയ്‌ക്കു വകനല്‍കുന്നു. ഇതുകൊണ്ടൊന്നും കാര്യമുണ്ടെന്നു കരുതുകവയ്യ. കേന്ദ്ര യു പി എ ഭരണകൂടം പ്രശ്‌നത്തില്‍ ആഴങ്ങളിലേക്കു നീങ്ങുന്നതില്‍ എത്രമാത്രം ആത്മാര്‍ത്ഥത പ്രകടമാക്കുമെന്ന് ഇനിയും വ്യക്തമാക്കേണ്ടിയിരിക്കുന്നു. ഈ പശ്ചാത്തലത്തില്‍ വേണം അഴിമതിക്കെതിരായ പ്രസ്ഥാനത്തിന്റെ ഭാവിയും പ്രസക്തിയും വിലയിരുത്താനും പ്രസ്ഥാനത്തെ വിജയത്തിലെത്തിക്കാനും. അരാഷ്‌ട്രീയ വാദത്തിലേയ്‌ക്ക് വഴുതിവീഴാത്ത വിധത്തില്‍ ആയിരിക്കണം ഈ പ്രസ്ഥാനം ശക്തമാക്കാന്‍. ഇവിടെയാണ് ഇന്ത്യന്‍ ഇടതുപക്ഷത്തിന് നിര്‍ണായകമായൊരു പങ്കുള്ളതും.
*
പ്രഫ. കെ അരവിന്ദാക്ഷന്‍ ജനയുഗം 08 ജൂലൈ 2011
Subscribe to:
Post Comments (Atom)
1 comment:
സി എ ജിയുടെ റിപ്പോര്‍ട്ടിലെ പ്രസക്തഭാഗം മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട സംഭവം അധികൃതസ്ഥാനത്തുള്ളവരെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്. യു പി എ സര്‍ക്കാരും മന്ത്രിമാരും ബ്യൂറോക്രാറ്റുകളും വന്‍കിട കോര്‍പ്പറേറ്റ് സ്ഥാപനങ്ങളും തമ്മിലുള്ള അവിഹിതവും അനാരോഗ്യകരവുമായ ബന്ധമാണ് ഇതിലൂടെ വെളിവാക്കപ്പെട്ടിരിക്കുന്നത്. ഒരു ഭരണഘടനാ സ്ഥാപനമായ സി എ ജി വിശ്വസിക്കുന്നത് ഉല്‍പാദനം പങ്കിടല്‍ കരാറുകളുടെ ഘടനയില്‍ നിലനില്‍ക്കുന്ന പോരായ്‌മകളാണ് മൂലധന നിക്ഷേപം പെരുപ്പിച്ച് കാണിക്കുന്നതിലൂടെ അധികലാഭം തട്ടിയെടുക്കാന്‍ സ്വകാര്യ കോര്‍പ്പറേറ്റ് പങ്കാളികളെ സഹായിക്കുന്നത് എന്നാണ്.
Post a Comment