തിരുവനന്തപുരത്തെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകള്‍ സുപ്രീംകോടതിയുടെ നിര്‍ദേശമനുസരിച്ച്, ഏറെക്കുറെ മുഴുവനും തുറക്കപ്പെട്ടപ്പോള്‍ കണക്കില്ലാത്ത സ്വര്‍ണാഭരണങ്ങളും രത്നഭൂഷണങ്ങളും വിലയേറിയ പുരാവസ്തുക്കളും പൂജാവസ്തുക്കളും മറ്റും, നൂറ്റാണ്ടുകള്‍ക്കുശേഷം, ആദ്യമായി വെളിച്ചംകണ്ടു. പക്ഷേ, ആ നിധിയറകളില്‍ കനകാദികള്‍മാത്രമല്ല, ഒരുപാട് ചരിത്രസത്യങ്ങളും ഒളിച്ചിരിപ്പുണ്ടെന്ന് പലരും ശ്രദ്ധിച്ചില്ല. ചരിത്രസത്യമൊക്കെ എന്തുമാകട്ടെ, കടുത്ത തര്‍ക്കം ഇരമ്പുന്നുണ്ട്. സമുദായനേതാക്കളും ഭക്തജനങ്ങളും വിശ്വാസികളും ഹൈന്ദവ വര്‍ഗീയവാദക്കാരും എല്ലാം ഒത്തൊരുമിച്ച്, കണ്ടെടുത്ത സമ്പത്തിന്മേല്‍ അവകാശം ഹൈന്ദവവിശ്വാസികള്‍ക്കു മാത്രമേയുള്ളൂവെന്ന് പറഞ്ഞുകൊണ്ടിരിക്കുകയാണ്. ഹിന്ദുവിശ്വാസികള്‍ക്കു മാത്രമേ വിഷയത്തില്‍ അഭിപ്രായം പറയാന്‍ പാടുള്ളൂവെന്നും; ഇതിന്റെ ചരിത്രവും സാഹിത്യവും അറിയുന്നവര്‍ അഭിപ്രായം പറയരുതെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി പറഞ്ഞു. ഞാന്‍ ഒരു മതത്തിലുംപെടുന്നില്ല, എന്ന് മതഭേദചിന്ത ഉപേക്ഷിച്ച ഒരു ഗുരുവര്യന്‍ സ്ഥാപിച്ച സംഘടനയുടെ ഇക്കാലത്തെ സെക്രട്ടറിയുടെ ഭാഷയും ചിന്തയും ഗുരുനിഷേധമായിത്തീര്‍ന്നതും കാലത്തിന്റെ കളിയായിരിക്കാം.
പത്മനാഭസ്വാമി ക്ഷേത്രസമ്പത്തിന്റെ പ്രശ്നം സമുദായാവകാശം സ്ഥാപിക്കലല്ല. എന്താണ് നീതിപൂര്‍വകമായ സമീപനം എന്നത് സുപ്രീംകോടതിയുടെ ഇടപെടല്‍ തെളിയിക്കുന്നുണ്ട്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഒരു സംസ്ഥാനത്തിലെ ഒരു ക്ഷേത്രത്തില്‍ പൊടുന്നനെ നിസ്സീമമായ സുവര്‍ണധനം കണ്ടെത്തിയത് എങ്ങനെ വിനിയോഗിക്കണം എന്നത് കുറെ വിശ്വാസികള്‍ തീര്‍പ്പുകല്‍പ്പിക്കേണ്ടതല്ല, രാജ്യത്തിലെ നിയമത്തിനും നീതിക്കും ഇണങ്ങുന്നമട്ടില്‍ ക്രമീകരിക്കണം എന്നാണ് സുപ്രീംകോടതിയുടെ ഇടപെടലിന്റെ അര്‍ഥം. അഭിപ്രായം പറയാന്‍ യോഗ്യനാണെന്നു തെളിയിക്കുകയാണ് അഭിപ്രായം പറയുന്ന വ്യക്തി ചെയ്യേണ്ടത്; ഇന്നവര്‍ അഭിപ്രായം പറയാമെന്നും ഇന്നവര്‍ മിണ്ടരുതെന്നും കല്‍പ്പിക്കാന്‍ ഇവിടെ ആര്‍ക്കും അധികാരമില്ല. പത്മനാഭസ്വാമി ക്ഷേത്രത്തിലെ ശാസനങ്ങളും തിരുവിതാംകൂര്‍ ചരിത്രവും പഠിക്കുന്നതിനുമുമ്പ് വിദ്യാര്‍ഥികള്‍പോലും സി വി രാമന്‍പിള്ളയുടെ "മാര്‍ത്താണ്ഡവര്‍മ", "ധര്‍മരാജ", "രാമരാജബഹദൂര്‍" എന്നീ മൂന്ന് മഹാരാജാക്കന്മാരുടെ അപദാനങ്ങള്‍ വര്‍ണിക്കുന്ന മികച്ച ചരിത്രാഖ്യായികകള്‍ വായിച്ചിരിക്കും. തിരുവിതാംകൂറിനെ മനസ്സിലാക്കാന്‍ ആ കൃതികളും രാജാ കേശവദാസിനെപ്പറ്റി ഇ വി കൃഷ്ണപിള്ള രചിച്ച നാടകവും കുളത്തു അയ്യര്‍ , ഈശ്വരപിള്ള മുതലായവര്‍ രചിച്ച പുസ്തകങ്ങളും വേലുത്തമ്പിദളവയെയും ഉമ്മിണിത്തമ്പിയെയും കുറിച്ചുള്ള പുസ്തകങ്ങളും കുറെ പേരെങ്കിലും വായിച്ചിരിക്കും. ഇതൊക്കെ വായിച്ച ബുദ്ധിജീവികളും സാഹിത്യകാരന്മാരും മിണ്ടരുത് എന്ന ചിന്തപോലും പാതകമായിരിക്കെ, അത് വിളിച്ചുപറയാന്‍ ആളുണ്ട് ഇന്ന് എന്നുള്ളത് അവിശ്വസനീയംതന്നെ. പത്മനാഭസ്വാമി ക്ഷേത്രം നൂറ്റാണ്ടുകളിലൂടെ ക്രമത്തില്‍ വളരുകയായിരുന്നു. ഐതിഹ്യാവൃതമാണ് ക്ഷേത്രത്തിന്റെ ആരംഭകഥ. തുളുനാട്ടുകാരനായ ദിവാകരയോഗിയുടെയും വില്വമംഗലം സ്വാമിയാരുടെയും പേര് ഈ ഐതിഹ്യങ്ങളില്‍ പ്രതിഫലിക്കുന്നു. പക്ഷേ, അന്ന് ഈ ക്ഷേത്രം പൊന്‍കോവില്‍ (ആടകം- എന്നാല്‍ സ്വര്‍ണം) ആയിരുന്നില്ല. അന്നുണ്ടായിരുന്നത് ഇലിപ്പമരത്തിന്റെ വിഗ്രഹമാണ്. ആദ്യത്തെ നിവേദ്യം ചിരട്ടയില്‍ ലഭ്യമാണ്. ഇന്നും ഈ മുറ തുടരുന്നത്രേ. മറുനാടുകളിലും പെട്ടെന്ന് ക്ഷേത്രപ്രശസ്തി പരന്നു. ചിലപ്പതികാരത്തില്‍ സൂചന വന്നു. വരാഹപുരാണാദികളില്‍ സ്യാനന്ദപുരവും ക്ഷേത്രവും പരാമര്‍ശിക്കപ്പെട്ടു. അതോടെ ചോള, പാണ്ഡ്യ രാജാക്കന്മാരുടെ ദാനോപകാരങ്ങള്‍ ലഭിച്ചു.
അതിനിടയില്‍ അഗ്നിബാധയുണ്ടായെങ്കിലും തീപിടിച്ച ലണ്ടനില്‍നിന്ന് ഒരു പുതിയ ലണ്ടന്‍ പിറന്നതുപോലെ ആ ചാമ്പലില്‍നിന്ന് പുതിയൊരു ക്ഷേത്രം ഉദയംകൊണ്ടു. മാര്‍ത്താണ്ഡവര്‍മയുടെയും കാര്‍ത്തിക തിരുനാള്‍ രാമവര്‍മ എന്ന ധര്‍മരാജാവിന്റെയും കാലത്താണ് ക്ഷേത്രപുനരുദ്ധാരണം കേമമായി നടന്നത്. മാര്‍ത്താണ്ഡവര്‍മ ഭക്തനും തിരുവിതാംകൂറിനെ ഒരു വലിയ രാജ്യമാക്കിയ വീരപുരുഷനുമാണ്. പക്ഷേ, ആ രാജാവിന്റെ കാലുകള്‍ ചോര നനഞ്ഞതും കൈകള്‍ ചോര പുരണ്ടതുമായിരുന്നു. ഈ പാപബോധത്തിന്റെ ഭാരം പരിഹരിക്കാനും ജനങ്ങളെ വശീകരിക്കാനുള്ള തന്ത്രമായിട്ടുമാണ് രാജാവിന്റെ സര്‍വധനസമ്പത്തും പത്മനാഭന് സമര്‍പ്പിച്ച് പത്മനാഭദാസനാണെന്ന് സ്വയം പ്രഖ്യാപിച്ചത്. ഇന്ന് നാം ഇതെല്ലാം മറന്ന് പത്മനാഭദാസന്‍ എന്ന വാക്ക് ഉരുവിട്ട് പുളകംകൊള്ളുന്നു. മാര്‍ത്താണ്ഡവര്‍മയുടെ തന്ത്രം ഫലിച്ചു എന്ന് പറയേണ്ടതുണ്ടോ? കൗശലംകൂടിയ രാമയ്യനാണ് മാര്‍ത്താണ്ഡവര്‍മയുടെ ദളവാ എന്ന് മറക്കരുത്. ക്ഷേത്രഭരണത്തിന് അനര്‍ഹസമ്പത്ത് ആവശ്യമായിരുന്നില്ല. നികുതിസമാഹരണത്തില്‍നിന്നും സ്വത്തില്‍നിന്നും ലക്ഷദീപവും മുറജപവുമടക്കം ക്ഷേത്രോത്സവങ്ങളും ആചാരപരിപാടികളും മുടങ്ങാതെ നടത്തിപ്പോന്നു. പോറ്റിമാരും ഒരു നായര്‍പ്രഭുവും രാജാവും അടങ്ങിയ എട്ടരയോഗം എന്ന സമിതി കാര്യങ്ങള്‍ നിര്‍വഹിച്ചുപോന്നു. ഒരു മോഷണക്കഥ കുറുപ്പംവീട്ടില്‍ കെ എന്‍ ഗോപാലപിള്ള രചിച്ച "സിംഹാസനത്തില്‍നിന്ന് ജയിലിലേക്ക്" എന്ന ചരിത്രനോവലില്‍ വിവരിച്ചിട്ടുണ്ട്. ധര്‍മരാജാവിനുശേഷം രാജാവായി വന്ന ബാലരാമവര്‍മയുടെ സേവ പിടിച്ചുപറ്റിയ ഒരു ഇളയരാജാവ്, രാജാവിന്റെ മരണത്തെത്തുടര്‍ന്ന് ഉമ്മണിത്തമ്പിയുടെയും മറ്റും സഹായത്തോടെ രാജാവായി- ഒരുനാളത്തേക്ക്. അപ്പോഴേക്കും മൂത്ത റാണിയുടെ പരാതിയില്‍ മദിരാശി ഗവര്‍ണര്‍ കപടരാജാവിനെ പുറത്താക്കി കണ്ണൂര്‍ ജയിലിലും പിന്നെ ചിക്കന്‍പേട്ട ജയിലിലും തടവുകാരനായി അയച്ചു. കിരീടധാരണത്തിന്റെ തിരക്കില്‍ ഈ തസ്കരരാജന്‍ ചാര്‍ത്താനായി കൊണ്ടുവന്ന വളരെ വിലപിടിച്ച മരതകപ്പച്ചമാല തിരിച്ചുകൊടുക്കാതെ ഒളിച്ചുവച്ചു. പേരുകേട്ട ഈ മാല നഷ്ടപ്പെട്ട ബഹളത്തെത്തുടര്‍ന്ന് തിരുമേനിയെ കണ്ണൂര്‍ ജയിലില്‍വച്ച് ചോദ്യംചെയ്തപ്പോള്‍ മാല തിരിച്ചുനല്‍കി. സ്വര്‍ണത്തിന് ഒരു പവിത്രതയും ദിവ്യതയുമില്ല. അതിന്റെ വിലയല്ലാതെ. ഇന്നത്തെ വിവാദത്തില്‍ ഈ യാഥാര്‍ഥ്യബോധം ഉണ്ടാകേണ്ടിയിരിക്കുന്നു. വിശ്വാസികളും ഭക്തജനങ്ങളും ഈ ദിവ്യസമ്പത്തിന്റെ ഭാവി നിശ്ചയിക്കണമെന്ന് ഘോഷിക്കാന്‍ എസ്എന്‍ഡിപി എന്ന ഈഴവസമുദായ സംഘടനയുടെ നേതാവിന് ഒരു മടിയുമില്ല.
പത്മനാഭസ്വാമിക്ഷേത്രത്തില്‍ കടക്കാന്‍ വൈക്കത്തുനിന്നും മറ്റും വന്ന ഈഴവരെ ബാലരാമവര്‍മയുടെ കാലത്ത് വേലുത്തമ്പിയുടെ പട്ടാളക്കാര്‍ വെട്ടിക്കൊല്ലുകയുണ്ടായി. പഴയ ആ ജീര്‍ണതകളെ മൂടിവയ്ക്കാന്‍ ഭൗതിക കാലങ്ങളുടെ കഥ പെരുപ്പിച്ച് പറഞ്ഞ് കാലം കളയരുത്. പതിനെട്ടാം നൂറ്റാണ്ടിലെ ബാലരാമവര്‍മയുടെ പാപപരിഹാരം ഇരുപതാം നൂറ്റാണ്ടിലെ ശ്രീ ചിത്തിരതിരുനാള്‍ ബാലരാമവര്‍മയ്ക്ക് നല്ല മനസ്സോടെ നിറവേറ്റാന്‍ 1936ലെ ക്ഷേത്രപ്രവേശന വിളംബരംമൂലം അവസരമുണ്ടായി. ഇപ്പോള്‍ നിലവറകള്‍ തുറന്നതിനേക്കാള്‍ മഹനീയമായ വാതില്‍ തുറക്കലാണ് അന്ന് തിരുവിതാംകൂറില്‍ നടന്നത്. ഇങ്ങനെ പലവഴികളിലൂടെ സ്വരൂപിച്ച ക്ഷേത്രസമ്പത്ത് പത്മനാഭദാസന്റെ രാജ്യം ബ്രിട്ടീഷ് ഗവണ്‍മെന്റിനും ബ്രിട്ടീഷ് ഗവണ്‍മെന്റ് ഇന്ത്യാ ഗവണ്‍മെന്റിനും കൈമാറിയതോടെ പത്മനാഭദാസകഥകള്‍ അപ്രസക്തങ്ങളായി തീര്‍ന്നിരിക്കുന്നു. നമ്മുടെ പറമ്പില്‍ കുഴിക്കുമ്പോള്‍ വല്ല നിധിയും കിട്ടിയാല്‍ അതിന്റെ ഉടമസ്ഥാവകാശം സ്റ്റേറ്റിനാണല്ലോ സിദ്ധിക്കുന്നത്. അതേ ന്യായമാണ് ഇവിടെയും പ്രവര്‍ത്തിക്കുന്നത്. ക്രൈസ്തവസഭകളുടെ സമ്പത്ത് കുഴിച്ചുകിട്ടിയ നിധിയല്ല. അത് നിയന്ത്രിക്കാന്‍ സഭയ്ക്ക് നിയമവ്യവസ്ഥയുണ്ട്- അതുപോലെ നടക്കുന്നുണ്ടോ എന്നത് വേറൊരു ചോദ്യം. ആകാശത്തുനിന്നും വീണുകിട്ടിയതുപോലുള്ള ഈ ദ്രവ്യവും രത്നാദികളും എങ്ങനെ വിനിയോഗിക്കണമെന്ന് തീരുമാനിക്കേണ്ടത് ഇന്ത്യാ ഗവണ്‍മെന്റും കേരള ഗവണ്‍മെന്റും ആണ്. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ , കേന്ദ്രധനമന്ത്രി, കേരള മുഖ്യമന്ത്രി, പുരാവസ്തു ഡയറക്ടര്‍ , തിരുവിതാംകൂര്‍ മഹാരാജാവോ അദ്ദേഹത്തിന്റെ പ്രതിനിധിയോ സുപ്രീംകോടതി ജഡ്ജിയോ അടങ്ങുന്ന ഒരു അത്യുന്നത സമിതി കൈകാര്യം ചെയ്യേണ്ട അതിഗൗരവമാര്‍ന്ന വിഷയമാണിത്. കേരളത്തിന്റെ ക്ഷേത്രങ്ങള്‍ക്ക് ഗുണം ചെയ്യുന്നതും ക്ഷേത്രോപജീവികളുടെ വേതനം മാന്യമായ രീതിയില്‍ വര്‍ധിപ്പിക്കാനും ഭാരതീയ സംസ്കാരപഠനകേന്ദ്രം കേരളത്തില്‍ സ്ഥാപിക്കാനും മറ്റും ധനം ഈ നിധിയില്‍നിന്നു കണ്ടെത്താം. ഭക്തപ്രിയനായ വിഷ്ണുഭഗവാന്‍ ഏറ്റവും ശ്രേഷ്ഠമായ ഭക്തജനാഭ്യുദയത്തിനുള്ള മാര്‍ഗമെന്ന നിലയ്ക്ക് ഇത്തരത്തിലൊരു നടപടിയെ അനുഗ്രഹിക്കാതിരിക്കില്ല.
*
സുകുമാര്‍ അഴീക്കോട് ദേശാഭിമാനി 15 ജൂലൈ 2011
Friday, July 15, 2011
Subscribe to:
Post Comments (Atom)
1 comment:
തിരുവനന്തപുരത്തെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകള്‍ സുപ്രീംകോടതിയുടെ നിര്‍ദേശമനുസരിച്ച്, ഏറെക്കുറെ മുഴുവനും തുറക്കപ്പെട്ടപ്പോള്‍ കണക്കില്ലാത്ത സ്വര്‍ണാഭരണങ്ങളും രത്നഭൂഷണങ്ങളും വിലയേറിയ പുരാവസ്തുക്കളും പൂജാവസ്തുക്കളും മറ്റും, നൂറ്റാണ്ടുകള്‍ക്കുശേഷം, ആദ്യമായി വെളിച്ചംകണ്ടു. പക്ഷേ, ആ നിധിയറകളില്‍ കനകാദികള്‍മാത്രമല്ല, ഒരുപാട് ചരിത്രസത്യങ്ങളും ഒളിച്ചിരിപ്പുണ്ടെന്ന് പലരും ശ്രദ്ധിച്ചില്ല. ചരിത്രസത്യമൊക്കെ എന്തുമാകട്ടെ, കടുത്ത തര്‍ക്കം ഇരമ്പുന്നുണ്ട്. സമുദായനേതാക്കളും ഭക്തജനങ്ങളും വിശ്വാസികളും ഹൈന്ദവ വര്‍ഗീയവാദക്കാരും എല്ലാം ഒത്തൊരുമിച്ച്, കണ്ടെടുത്ത സമ്പത്തിന്മേല്‍ അവകാശം ഹൈന്ദവവിശ്വാസികള്‍ക്കു മാത്രമേയുള്ളൂവെന്ന് പറഞ്ഞുകൊണ്ടിരിക്കുകയാണ്. ഹിന്ദുവിശ്വാസികള്‍ക്കു മാത്രമേ വിഷയത്തില്‍ അഭിപ്രായം പറയാന്‍ പാടുള്ളൂവെന്നും; ഇതിന്റെ ചരിത്രവും സാഹിത്യവും അറിയുന്നവര്‍ അഭിപ്രായം പറയരുതെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി പറഞ്ഞു. ഞാന്‍ ഒരു മതത്തിലുംപെടുന്നില്ല, എന്ന് മതഭേദചിന്ത ഉപേക്ഷിച്ച ഒരു ഗുരുവര്യന്‍ സ്ഥാപിച്ച സംഘടനയുടെ ഇക്കാലത്തെ സെക്രട്ടറിയുടെ ഭാഷയും ചിന്തയും ഗുരുനിഷേധമായിത്തീര്‍ന്നതും കാലത്തിന്റെ കളിയായിരിക്കാം
Post a Comment