Tuesday, July 26, 2011

സൂക്ഷിക്കുക! ചതിക്കുഴി അകലെയല്ല

ഉമ്മന്‍ചാണ്ടിസര്‍ക്കാര്‍ അധികാരത്തിലേറിയിട്ട് രണ്ട് മാസം പിന്നിട്ടു. സാധാരണഗതിയില്‍ ഒരു സര്‍ക്കാരിനെക്കുറിച്ച് വിലയിരുത്താന്‍ വേണ്ടത്ര കാലമായിട്ടില്ല എന്ന് വേണമെങ്കില്‍ വാദിക്കാം. എന്നാല്‍ , ഇതുവരെയുള്ള ചുവടുവയ്പുകള്‍ 2001-06 കാലത്തെ യുഡിഎഫ് സര്‍ക്കാര്‍ നയങ്ങളെ അനുസ്മരിപ്പിക്കുന്നതാണെന്ന കാര്യം സംശയാതീതമാണ്. ആ സര്‍ക്കാരിന്റെ തുടക്കത്തില്‍ യുഡിഎഫ് കണ്‍വീനറെന്ന നിലയില്‍ പിന്‍സീറ്റിലിരുന്ന് നയിച്ച ഉമ്മന്‍ചാണ്ടി ഒടുവില്‍ മുന്‍സീറ്റിലെത്തിയപ്പോഴും നയം മാറിയില്ല. നവലിബറല്‍ നയങ്ങളിലേക്ക് "അതിവേഗം ബഹുദൂരം" തിരിച്ചുപോകാനുള്ള വ്യഗ്രതയിലാണ് ഇപ്പോഴത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ .

2001ല്‍ തുടക്കംമുതല്‍ അന്നത്തെ മുഖ്യമന്ത്രി എ കെ ആന്റണി ഉയര്‍ത്തിയത് പണമില്ലെന്ന പല്ലവിയായിരുന്നു. "മുണ്ടുമുറുക്കിയുടുക്കാനും കയ്പുകഷായം കുടിക്കാനും" എല്ലാവരും തയ്യാറാകണമെന്ന സൂക്തം ആന്റണി ഉരുവിട്ടുകൊണ്ടേയിരുന്നു. ക്ഷേമപദ്ധതികള്‍ കൈവെടിയുന്നതിനും ജീവനക്കാരടക്കമുള്ള അധ്വാനിക്കുന്ന വിഭാഗങ്ങളുടെ കൂലി കുറയ്ക്കുന്നതിനും ആനുകൂല്യങ്ങള്‍ കവര്‍ന്നെടുക്കുന്നതിനും പൊതുമേഖലാ സ്ഥാപനങ്ങളും കേരളത്തിന്റെ പൊതുആസ്തികളും വിറ്റഴിക്കുന്നതിനുള്ള മറയായിരുന്നു പണമില്ലെന്ന വാദം. ഒപ്പം ഇതിനായുള്ള പൊതുസമ്മതി നിര്‍മിച്ചെടുക്കലും ഈ പ്രചാരണത്തിന്റെ ലക്ഷ്യമായിരുന്നു. കേരളത്തിലെ "മുഖ്യധാര" എന്ന് വിളിക്കപ്പെടുന്ന വലതുപക്ഷ മാധ്യമങ്ങളും ഇതിനൊപ്പം കൂടി. ആ പ്രചാരണത്തിനും തുടര്‍ന്നുള്ള നടപടിക്കും ആധാരമായതാകട്ടെ കുപ്രസിദ്ധമായ അന്നത്തെ ധവളപത്രമാണ്. അധികാരത്തിലെത്തി ഒരാഴ്ച പിന്നിടുംമുമ്പ് ഉമ്മന്‍ചാണ്ടിയും ധനമന്ത്രി കെ എം മാണിയും "കേരളം കടക്കെണിയിലാണെന്നും" "ഒന്നിനും പണമില്ലെന്നും" ഉള്ള പഴയ പല്ലവി ആവര്‍ത്തിക്കുമ്പോള്‍ കറുത്ത ദിനങ്ങളിലേക്കുള്ള തിരിച്ചുപോക്കിനെയും 2002 ഫെബ്രുവരി 16ന്റെ കറുത്ത ഉത്തരവിനെയുമാണ് ഓര്‍മിപ്പിക്കുന്നത്. കെ എം മാണിയാകട്ടെ വീണ്ടുമൊരു വിവാദ ധവളപത്രം അവതരിപ്പിച്ചിരിക്കുകയാണ്. നവലിബറല്‍ നയങ്ങളുടെ പ്രത്യേകത, അത് സാധാരണക്കാരുടെയും നാടിന്റെയും താല്‍പ്പര്യങ്ങള്‍ ഹനിച്ച് സമ്പന്നവര്‍ഗതാല്‍പ്പര്യം സംരക്ഷിക്കുന്നു എന്നതാണ്.

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതുമുതല്‍ സ്വീകരിക്കുന്ന നടപടികളോരോന്നും ഈ ദിശയിലേക്കു വിരല്‍ചൂണ്ടുന്നതാണ്. സ്മാര്‍ട്ട് സിറ്റി കരാറില്‍ വരുത്തിയ മാറ്റങ്ങള്‍ ഇതിന്റെ പ്രത്യക്ഷ ദൃഷ്ടാന്തമാണ്. സംസ്ഥാന സെസ്സ് നിയമം അസാധുവാക്കി കേന്ദ്രനിയമത്തിന്റെ പരിധിയില്‍ സ്മാര്‍ട്ട് സിറ്റിയെ ഉള്‍പ്പെടുത്തുകയും നാല് ഹെക്ടര്‍ ഭൂമികൂടി വിട്ടുകൊടുത്തുകൊണ്ട് സ്മാര്‍ട്ട് സിറ്റിയെ ഐടി അധിഷ്ഠിത മേഖല അല്ലാതാക്കുകയും റിയല്‍ എസ്റ്റേറ്റ് ഇടപാടുകാര്‍ക്ക് അവസരമൊരുക്കുകയും ചെയ്തത് ആ കമ്പനിപോലും ആവശ്യപ്പെടാതെയാണെന്നത് സംശയം ജനിപ്പിക്കുന്നതാണ്. ഇപ്പോള്‍ അനുമതി കിട്ടിയിട്ടുള്ളതും ഇനി അനുമതി കിട്ടുന്നതുമായ എല്ലാ സാമ്പത്തിക മേഖലകള്‍ക്കും ഇതു ബാധകമാണെന്ന അനുബന്ധംകൂടിയാകുമ്പോള്‍ ചിത്രം വ്യക്തമാകുന്നു. വിവിധ കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ക്കായി കേരളത്തിനുള്ളില്‍ സംസ്ഥാനത്തിന്റെ തൊഴില്‍ നിയമങ്ങളും മറ്റു നിയമങ്ങളും ഒന്നും ബാധകമാകാതെ സമ്പത്ത് കൊള്ളയടിക്കാനും അധ്വാനിക്കുന്നവരെ ചൂഷണംചെയ്യാനും അവസരമൊരുക്കലാണ് ഇതിന്റെ ലക്ഷ്യം.

2002ല്‍ "ജിം" ഇതേ ലക്ഷ്യത്തോടെയാണ് അന്ന് ആന്റണി- ഉമ്മന്‍ചാണ്ടി- കുഞ്ഞാലിക്കുട്ടി സംഘം സംഘടിപ്പിച്ചത്. യുഡിഎഫിന്റെ സ്മാര്‍ട്ട് സിറ്റി കരാറും ആ ലക്ഷ്യം ലാക്കാക്കിയുള്ളതായിരുന്നു. പണമില്ല എന്ന വാദത്തിനൊപ്പം 2001-"06 കാലത്തെപ്പോലെ "നിക്ഷേപ സൗഹൃദ സംസ്ഥാനം" തുടങ്ങിയ വായ്ത്താരികളും ഉയര്‍ത്തിക്കൊണ്ടുവരികയാണ്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഭൂമിയെ സംബന്ധിച്ച വിവരം അടിയന്തരമായി ശേഖരിക്കുന്നതിനുള്ള പൊതുമരാമത്ത് വകുപ്പിന്റെ സര്‍ക്കുലറും 2001-06 കാലത്തെ പൊതു ആസ്തികളുടെ വില്‍പ്പനയിലേക്കുള്ള തിരിച്ചുപോക്കിന്റെ ചൂണ്ടുപലകയാണ്. 25,000 രൂപയിലധികം മാസവരുമാനമോ അഞ്ച് ഏക്കറില്‍ കൂടുതല്‍ കൃഷിഭൂമിയോ ഉള്ളവരൊഴികെ എല്ലാ റേഷന്‍കാര്‍ഡ് ഉടമകള്‍ക്കും കിലോയ്ക്ക് രണ്ടുരൂപയ്ക്ക് അരിയും ഗോതമ്പും നല്‍കാനുള്ള നടപടിയാണ് യുഡിഎഫ് അട്ടിമറിച്ചത്. ജനങ്ങളുടെ ക്ഷേമവും ഭക്ഷ്യസാധനങ്ങളുടെ വിലനിയന്ത്രണവും ഈ സര്‍ക്കാരിന്റെ അജന്‍ഡയിലില്ലെന്ന് വിളിച്ചോതുന്നതാണ് ഈ നടപടി. ഭക്ഷ്യമന്ത്രി ടി എം ജേക്കബ്ബിന്റെ വാദം അതിലും വിചിത്രമാണ്. സര്‍ക്കാര്‍ ജീവനക്കാരാണ് ഈ പദ്ധതിയുടെ ആനുകൂല്യം അധികവും പറ്റുന്നതെന്നതാണ് അദ്ദേഹത്തിന്റെ കണ്ടുപിടിത്തം. പദ്ധതി അട്ടിമറിക്കാനുള്ള ന്യായമാണ് ജേക്കബ്ബിന്റെ വാദം. എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുവച്ച പരിധിക്കുള്ളില്‍ ഏതെങ്കിലും സര്‍ക്കാര്‍ ജീവനക്കാര്‍ ഉള്‍പ്പെടുന്നെങ്കില്‍ അവര്‍ക്ക് ഈ ആനുകൂല്യം നിഷേധിക്കാന്‍ കഴിയുമോ? തൊഴിലെടുത്തു ജീവിക്കുന്ന ആര്‍ക്കും പദ്ധതിയുടെ ഗുണഫലം ലഭ്യമാക്കില്ലെന്നല്ലേ ഈ വാദത്തിലൂടെ അര്‍ഥമാക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ മാനദണ്ഡപ്രകാരമുള്ള ബിപിഎല്‍ വിഭാഗക്കാര്‍ക്കുമാത്രമായി സൗജന്യം ചുരുക്കുമെന്ന സൂചനയാണ് ഇതില്‍ നിന്ന് ലഭിക്കുന്നത്. പൊതുവിതരണം തകര്‍ത്ത് റേഷന്‍കടകളും മാവേലിസ്റ്റോറുകളും മാറാലകെട്ടുന്ന അവസ്ഥ വിദൂരമല്ലെന്ന് ചുരുക്കം. ഒപ്പം സര്‍ക്കാര്‍ ജീവനക്കാരോടും മറ്റുമുള്ള പുച്ഛവും പരിഹാസവും 2001-02ലെ നിലപാടുകളെ അനുസ്മരിപ്പിക്കുകയുംചെയ്യുന്നു. ആ കെട്ടകാലത്തേക്കുള്ള തിരിച്ചുപോക്കിനാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് വ്യക്തം.

കഴിഞ്ഞ അഞ്ചുവര്‍ഷമായി സംസ്ഥാനത്ത് നടപ്പാക്കിവരുന്ന ക്ഷേമ-വികസന നയങ്ങളില്‍നിന്നുള്ള യുഡിഎഫിന്റെ ദിശമാറ്റവും പിന്തിരിയലും വ്യക്തമാക്കുന്നതാണ് കെ എം മാണി അവതരിപ്പിച്ച "തിരുത്തല്‍ ബജറ്റ്". ഡോ. തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിലെ ക്ഷേമ-വികസന സമീപനവും മുഖ്യപദ്ധതികളും കൈവെടിയുന്നതിലൂടെ സര്‍ക്കാരിന്റെ നീക്കം സമ്പന്നരെമാത്രം സഹായിക്കുന്നതിനാണെന്ന് സംശയരഹിതമായി തെളിയുകയാണ്. രാഷ്ട്രീയ-സാമുദായിക-പ്രാദേശിക ഭേദമെന്യേ സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങളെയും ആകര്‍ഷിച്ച ഒരു പദ്ധതിയായിരുന്നു ജനിക്കുന്ന ഓരോ കുഞ്ഞിനും 10,000 രൂപയുടെ എന്‍ഡോവ്മെന്റ് നല്‍കുന്നതിന് ഡോ. തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിലെ നിര്‍ദേശം. ഏപ്രില്‍ ഒന്നുമുതല്‍ നടപ്പാക്കിത്തുടങ്ങുകയും ചെയ്തതാണ്. ആ പദ്ധതി പാടേ ഉപേക്ഷിച്ചത് ക്ഷേമപദ്ധതികളോടുള്ള സര്‍ക്കാര്‍ സമീപനം വ്യക്തമാക്കുന്നു. പണമില്ലാത്തതുകൊണ്ടാണത്രെ ഇത് ഉപേക്ഷിച്ചത്. കഴിഞ്ഞ മൂന്നു മാസത്തിനകം പിറന്ന നിരവധി കുഞ്ഞുങ്ങളുടെ പേരില്‍ 10,000 രൂപ വീതം നിക്ഷേപം നടത്തിയിട്ടുണ്ടെന്ന വസ്തുതപോലും ഈ പഴയ "മിച്ചകമ്മി" ബജറ്റ് വിദ്വാന്‍ അറിഞ്ഞ മട്ടില്ല. ആശാവര്‍ക്കര്‍മാര്‍ക്കും അങ്കണവാടി ടീച്ചര്‍മാര്‍ക്കും നിര്‍ദേശിക്കപ്പെട്ട മെച്ചപ്പെട്ട ആനുകൂല്യം ഇല്ലാതാവുകയാണുണ്ടായത്. 50 വയസ്സിനു മുകളിലുള്ള അവിവാഹിതകള്‍ക്ക് പെന്‍ഷന്‍ നല്‍കാനുള്ള പദ്ധതിയും വീട്ടുജോലിക്കാര്‍ക്കുള്ള ക്ഷേമനിധിയും അസംഘടിതമേഖലയില്‍ പണിയെടുക്കുന്ന സ്ത്രീകള്‍ക്കായി പ്രഖ്യാപിക്കപ്പെട്ടിരുന്ന ശമ്പളത്തോടുകൂടിയ ഒരുമാസത്തെ പ്രസവാവധിയും ഇങ്ങനെ ഉപേക്ഷിക്കപ്പെട്ടവയില്‍പെടുന്നു. കയര്‍ , കശുവണ്ടി, കൈത്തറി തുടങ്ങിയ പരമ്പരാഗത വ്യവസായങ്ങളുടെ ഉന്നമനത്തിനും ചെറുകിട വ്യവസായ അഭിവൃദ്ധിക്കും മത്സ്യത്തൊഴിലാളി ക്ഷേമത്തിനുമെല്ലാം എല്‍ഡിഎഫ് സര്‍ക്കാര്‍ തുക വകയിരുത്തിയിരുന്നെങ്കിലും അതെല്ലാം ഉപേക്ഷിക്കപ്പെട്ട പദ്ധതികളുടെ പട്ടികയില്‍പെടുന്നു. എന്തിന് ബധിരരായ കുട്ടികള്‍ക്ക് ശസ്ത്രക്രിയക്കായി പ്രഖ്യാപിക്കപ്പെട്ടിരുന്ന രണ്ടുലക്ഷം രൂപയുടെ ധനസഹായംപോലും വേണ്ടെന്നുവച്ചിരിക്കുന്നു.

ജനങ്ങളുടെ വികാരവും വിചാരവും കാണാനും കേള്‍ക്കാനും മടിക്കുന്ന സര്‍ക്കാരാണ് ഇവിടെ ഭരിക്കുന്നത്. 2001-06 കാലത്ത് ചൗധരി കമീഷനെ നിയമിച്ച് പൊതുമേഖലാ സ്ഥാപനങ്ങളെ തുച്ഛവിലയ്ക്ക് സ്വകാര്യകച്ചവടക്കാര്‍ക്ക് വിറ്റുതുലയ്ക്കാന്‍ തീരുമാനമെടുത്ത യുഡിഎഫ് ആ വഴിക്കുതന്നെയാണ് നീങ്ങുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷം പൊതുമേഖലയെ സംരക്ഷിച്ച എല്‍ഡിഎഫ് 2011-12 ലെ ബജറ്റിലും അഞ്ചുപൊതുമേഖലാ യൂണിറ്റുകൂടി ആരംഭിക്കാനുള്ള തീരുമാനം കൈക്കൊണ്ടിരുന്നു. അതെല്ലാം ഉപേക്ഷിച്ചിരിക്കുകയാണ്. എല്ലാം വിറ്റുതുലച്ചു കമീഷന്‍ പറ്റാനുള്ള നീക്കത്തിന്റെ തുടക്കമാണ് ഈ ഉപേക്ഷിക്കല്‍ . ലാഭക്കണ്ണുമാത്രമുള്ള നവലിബറല്‍ മുതലാളിത്തത്തിന്റെ മനുഷ്യത്വരഹിതമായ യുക്തിയാണ് ഈ സര്‍ക്കാരിനെ നയിക്കുന്നത്.
സ്വാശ്രയ വിദ്യാഭ്യാസ രംഗത്ത് സ്വീകരിക്കുന്ന സമീപനവും വ്യത്യസ്തമല്ല. 2001-06 കാലത്ത് കരാറും വ്യവസ്ഥയുമൊന്നുമില്ലാതെ സ്വാശ്രയ മാനേജ്മെന്റുകള്‍ക്ക് യഥേഷ്ടം സ്ഥാപനങ്ങള്‍ അനുവദിക്കുകയും അവരെ കയറൂരി വിടുകയുംചെയ്ത യുഡിഎഫ് കഴിഞ്ഞ അഞ്ചുവര്‍ഷക്കാലവും എല്‍ഡിഎഫ് സര്‍ക്കാരിനെയും ജനങ്ങളെയും വെല്ലുവിളിക്കാന്‍ മാനേജ്മെന്റുകള്‍ക്ക് ഒത്താശചെയ്യുകയായിരുന്നു. ഇപ്പോള്‍ വിദ്യാഭ്യാസക്കച്ചവടക്കാരുടെ കൊള്ളയ്ക്ക് കൂട്ടുനില്‍ക്കുകയാണ്. അതില്‍നിന്ന് വല്ലതും തടയുമോ എന്ന ചിന്തമാത്രമാണുള്ളത്. കേരളത്തിന്റെ വികസനത്തില്‍ ശ്രദ്ധേയമായ സംഭാവന നല്‍കിയ ഭൂപരിഷ്കരണനിയമം അട്ടിമറിക്കാനുള്ള നീക്കം ബജറ്റ് നിര്‍ദേശങ്ങളിലൂടെ അവതരിപ്പിക്കുന്നത് വന്‍കിട തോട്ടമുടമകളുടെയും ഭൂമാഫിയയുടെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനാണ്. നവലിബറല്‍ നയത്തിന്റെ വക്താക്കളുടെ ആവശ്യമാണിത്. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണെന്ന് മാണിയും മാണിയെ ഒറ്റപ്പെടുത്തേണ്ടെന്ന് ഉമ്മന്‍ചാണ്ടിയും പറയുമ്പോള്‍ ഈ നീക്കത്തിനുപിന്നിലെ ശക്തികള്‍ ആരെന്ന് വ്യക്തമാകുന്നു. സമരങ്ങള്‍ക്കും സംഘടനകള്‍ക്കും എതിരായി തൊഴില്‍മന്ത്രി ഷിബു ബേബിജോണിന്റെ പ്രസ്താവനയും ജീവനക്കാരുടെയും ചെത്തുതൊഴിലാളികളുടെയും ആദിവാസികളുടെയും മറ്റും സമരങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിച്ച ആ പഴയകാലത്തിന്റെ ഓര്‍മകള്‍ ഉണര്‍ത്തുന്നതാണ്. കേരളത്തിലെ ജനങ്ങളെ, പ്രത്യേകിച്ചും അധ്വാനിക്കുന്ന ജനവിഭാഗത്തെ സംബന്ധിച്ചിടത്തോളം ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഇതുവരെയുള്ള നയങ്ങളും നടപടികളും അപകടസൂചന നല്‍കുന്നതാണ്. ഈ നീക്കങ്ങളെ മുളയിലേ നുള്ളുന്നതിന് വേണ്ട ജാഗ്രത കാണിച്ചില്ലെങ്കില്‍ വന്‍ വിപത്താകും നേരിടേണ്ടിവരിക.


*****


കെ വരദരാജന്‍

No comments: