Tuesday, July 5, 2011

ഉന്നതവിദ്യാഭ്യാസ രംഗം: നമുക്കെന്താ വേണ്ടത്?

കാലവര്‍ഷം പോലെ ക്രമം തെറ്റാതെ എല്ലാക്കൊല്ലവും ജൂണ്‍-ജൂലൈ മാസങ്ങളില്‍ കേരളത്തില്‍ സംഭവിക്കുന്ന പ്രതിഭാസമാണ് 'സ്വാശ്രയ സമരവും'. ഇക്കൊല്ലത്തെ തിരനോട്ടമേ കഴിഞ്ഞിട്ടുള്ളു. മെഡിക്കല്‍ പി ജി യെ ആയുള്ളൂ. എം ബി ബി എസിന്റെ സമരം വരാനിരിക്കുന്നതേയുള്ളൂ. ഈ സമരങ്ങള്‍ക്കെല്ലാം മതിയായ പ്രകോപനമുണ്ട് എന്നതില്‍ തര്‍ക്കമില്ല. ശുദ്ധതോന്ന്യാസമാണ് സ്വാശ്രയമാനേജ്‌മെന്റുകള്‍ നടത്തുന്നത്. അതു തടയുന്നതില്‍ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ ബോധപൂര്‍വമോ അല്ലാതെയോ വീഴ്ചവരുത്തുകയും ചെയ്യുന്നു. പ്രവേശനത്തിലും ഫീസ് നിര്‍ണയത്തിലും സുപ്രീം കോടതിയുടെ വിധികളും ഉന്നതാധികാര സമിതിയുടെ തീര്‍പ്പുകളും ലംഘിക്കപ്പെടുന്നു. അഴിമതിക്കഥകള്‍ അങ്ങാടിപ്പാട്ടാണ്. എങ്ങനെ സമരങ്ങള്‍ ഉണ്ടാകാതിരിക്കും?

എന്തിനെയാണ് എതിര്‍ക്കുന്നത് എന്ന കാര്യത്തില്‍ ആര്‍ക്കും അഭിപ്രായ വ്യത്യാസമുണ്ടാകാനിടയില്ല. വിദ്യാഭ്യാസത്തിന്റെ കച്ചവട വല്‍ക്കരണം ആണ് വില്ലന്‍. വില താങ്ങാന്‍ കഴിയുന്നവര്‍ക്കുമാത്രം വാങ്ങാന്‍ കഴിയുന്ന ചരക്കായി പ്രഫഷണല്‍ വിദ്യാഭ്യാസം മാറിയിരിക്കുന്നു. വിദ്യാര്‍ഥികളില്‍ നിന്നു പിരിക്കുന്ന കാശുകൊണ്ട് സ്ഥാപനം നടത്തുക എന്ന ആശയത്തെത്തന്നെ എതിര്‍ക്കുന്നവരാണ് നമ്മില്‍ മിക്കവരും. വിദ്യാഭ്യാസം ഒരു സാമൂഹികസംരംഭം ആണ്; ആകണം. അര്‍ഹതയുള്ളവര്‍ക്ക് കാശില്ലാത്തതുകൊണ്ട് അവസരം നിഷേധിക്കപ്പെടരുത്. അര്‍ഹതയില്ലാത്തവര്‍ കാശുള്ളതുകൊണ്ട് മാത്രം സീറ്റു വിലയ്ക്കുവാങ്ങുന്ന സാഹചര്യവും വരരുത്. ഇതിലൊന്നും നമുക്കാര്‍ക്കും അഭിപ്രായവ്യത്യാസം ഉണ്ടാവില്ല.

പക്ഷേ ഇതിനുപകരം എന്താണു വേണ്ടത് എന്നുള്ള ചര്‍ച്ചകൂടി വേണ്ടേ? അതിലേയ്ക്കു വരുമ്പോള്‍ ഇനിയും ഒരുപാടുകാര്യങ്ങളില്‍ വ്യക്തത വരുത്തേണ്ടതുണ്ട് എന്നുതോന്നുന്നു. ഉദാഹരണമായി 'അര്‍ഹതയുള്ളവര്‍ക്ക് അവസരം നിഷേധിക്കപ്പെടരുത്' എന്നു പറയുമ്പോള്‍ നാമെന്താണ് അര്‍ഥമാക്കുന്നത്? ഡോക്ടറാകണം എന്ന് ആഗ്രഹിക്കുന്നവര്‍ക്കെല്ലാം എം ബി ബി എസി ന് പ്രവേശനം കിട്ടണം എന്നാണോ? അര്‍ഹത എന്നാല്‍ പ്രവേശനത്തിനു നിഷ്‌കര്‍ഷിച്ചിരിക്കുന്ന മിനിമം മാര്‍ക്ക് ആണോ? അത്രയധികം ഡോക്ടര്‍മാരെ നമുക്ക് ആവശ്യമുണ്ടോ? അതേപോലെ എന്‍ജിനീയറിംഗ് ബിരുദധാരികളുടെ കാര്യവും. പ്ലസ്ടുവിന് 50 ശതമാനവും എന്‍ട്രന്‍സ് ടെസ്റ്റില്‍ 480 ല്‍ 10 മാര്‍ക്കും ഉള്ളവര്‍ക്കെല്ലാം ബി ടെക് സീറ്റു നല്‍കാന്‍ നമുക്കാവുമോ? അതിന്റെ ആവശ്യമുണ്ടോ? അങ്ങനെ സീറ്റുകൊടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അതു സാമൂഹ്യനീതിയുടെ നിഷേധമാകുമോ?

നമുക്കെത്ര ഡോക്ടര്‍മാരെയും എന്‍ജിനീയര്‍മാരെയും ഐ ടി വിദഗ്ധരെയുമൊക്കെ ആവശ്യമുണ്ട്, അല്ലെങ്കില്‍ ഉള്‍ക്കൊള്ളാന്‍ കഴിയും, എന്നുകൂടി ആലോചിക്കണ്ടേ? കേരളം ഇന്ത്യയുടെയും ഇന്ത്യ ആഗോള വിപണിയുടെയും ഭാഗമാകയാല്‍ എത്ര ഡോക്ടര്‍മാരെയും എന്‍ജിനീയര്‍മാരെയും ഐ ടി വിദഗ്ധരെയും ഉല്‍പ്പാദിപ്പിച്ചാലും അവര്‍ മിടുക്കുള്ളവരാണെങ്കില്‍ എവിടെയെങ്കിലും പോയി പിഴച്ചുകൊള്ളും എന്നുള്ള വാദം ശരിയാണോ? 'മിടുക്കുള്ളവരാണെങ്കില്‍' എന്ന പ്രയോഗത്തിനെന്താ അര്‍ഥം? പരീക്ഷ പാസായാല്‍ മതിയോ? അങ്ങനെ മിടുക്കുള്ളവര്‍ രക്ഷപ്പെട്ടോട്ടെ എന്നുള്ള സങ്കല്‍പത്തില്‍ ബിരുദധാരികളെ 'മാസ് പ്രൊഡ്യൂസ്' ചെയ്താല്‍ ജോലികിട്ടാത്തവര്‍ക്ക് എന്തു സംഭവിക്കും? 'അത് അവരുടെ വിധി!' എന്നു പറഞ്ഞ് കൈകഴുകാന്‍ പറ്റുമോ?

ഒരു കോഴ്‌സിനുവേണ്ട 'മിനിമം യോഗ്യത' നിഷ്‌ക്കര്‍ഷിക്കുമ്പോള്‍ ആ മിനിമം യോഗ്യത ഉള്ളവരെല്ലാം കോഴ്‌സിന് അര്‍ഹരാകണം എന്ന് അര്‍ഥമില്ല. അല്ലെങ്കില്‍ 'മിനിമം യോഗ്യത' നോക്കി പ്രവേശിപ്പിച്ച എന്‍ജിനീയറിംഗ് വിദ്യാര്‍ഥികളില്‍ 60 ശതമാനംപേര്‍ തോല്‍ക്കുന്നതെങ്ങനെ? (40 ശതമാനം പേര്‍ ജയിക്കുന്നുള്ളു എന്നതൊരു വസ്തുതയാണ്). അപ്പോള്‍ ചോദിക്കുന്നവര്‍ക്കെല്ലാം പ്രവേശനം നല്‍കുന്നതല്ല സാമൂഹ്യനീതി എന്ന് ഉറപ്പാണ്. നാടിന്റെ ആവശ്യവും കുട്ടികളുടെ അര്‍ഹതയും ആയി അവസരങ്ങളെ ബന്ധിപ്പിച്ചേ പറ്റൂ. തീര്‍ച്ചയായും കേരളത്തിന്റെ ആവശ്യങ്ങളിലേയ്ക്ക് അത് ചുരുക്കാന്‍ പറ്റില്ല. നമ്മുടെ കുട്ടികള്‍ ഇന്ത്യയിലെവിടെയും പോയി പണിയെടുക്കാന്‍ തയ്യാറാണ്. അതുവേണ്ടതുമാണ്. പക്ഷേ എത്രപേര്‍ക്ക് വിദേശത്തുപോയി പണിയെടുക്കാനുള്ള അവസരം കിട്ടും? തീര്‍ച്ചയായും കുറേപേര്‍ പോകും. പക്ഷേ ബഹുഭൂരിപക്ഷവും ഇന്ത്യയ്ക്കകത്തു തന്നെ പണിയെടുക്കേണ്ടിവരും. അപ്പോള്‍ ദേശീയതലത്തിലുള്ള മാനവശേഷി വികസനത്തിന്റെ ഭാഗമായിത്തന്നെ വേണം കേരളത്തിലെ ഉന്നത വിദ്യാഭ്യാസത്തെയും കാണേണ്ടത്. പക്ഷേ, നമ്മുടെ എത്ര എം ബി ബി എസു കാര്‍, ഡോക്ടര്‍ ക്ഷാമം അനുഭവപ്പെടുന്ന ഉത്തര്‍പ്രദേശിലെയോ ബിഹാറിലെയോ ഒറീസയിലെയോ ഗ്രാമപ്രദേശങ്ങളില്‍പോയി പണിയെടുക്കാന്‍ തയ്യാറാകും? എന്‍ജിനീയര്‍മാരുടെ കാര്യം വ്യത്യസ്തമാണ്. അവര്‍ മിക്കവാറും ഇന്ത്യയിലെവിടെയും പണി സ്വീകരിക്കാന്‍ തയ്യാറാണ്. എന്‍ജിനീയറിംഗ് രംഗത്തെ മാനവശേഷി ആവശ്യങ്ങളെപ്പറ്റി പഠനം നടത്തിയ യു.ആര്‍. റാവു കമ്മിഷന്‍ കണ്ടെത്തിയത് കേരളത്തില്‍ 12,000 എന്‍ജിനീയറിംഗ് സീറ്റുകള്‍ മതി എന്നാണ്. (25,000 പേര്‍ പ്രവേശനം നേടി, 40 ശതമാനം പേര്‍ പാസായി എന്നു പറഞ്ഞാല്‍ 10,000 പേര്‍ പാസായി എന്നാണല്ലോ അര്‍ഥം. അതും 12000 സീറ്റുമതി എന്ന കണക്കിനെ സാധൂകരിക്കുന്നു).

ഡോക്ടര്‍മാരുടെ കാര്യത്തില്‍ അത്ര കൃത്യമായ കണക്കില്ല. വികസിത രാജ്യങ്ങളില്‍ ഒരു ലക്ഷം ജനങ്ങള്‍ക്ക് 300 ഡോക്ടര്‍മാര്‍ എന്നതാണത്രേ കണക്ക്. അതനുസരിച്ച് കേരളത്തില്‍ ഒരു ലക്ഷം ഡോക്ടര്‍മാര്‍ വേണം. ഒരു ഡോക്ടറുടെ ശരാശരി സേവനക്കാലം 40 വര്‍ഷം എന്ന കണക്കാക്കിയാല്‍ ഓരോ വര്‍ഷവും 2500 ഡോക്ടര്‍മാരെ പരിശീലിപ്പിച്ചെടുക്കണം. ഇതില്‍ ആയുര്‍വേദവും ഹോമിയോപ്പതിയും ഒക്കെ പെടുമെങ്കിലും കുറേ ഡോക്ടര്‍മാര്‍ കേരളത്തിനു പുറത്തുപോകും എന്നുള്ളതു കൂടി ഓര്‍മ്മവച്ചാല്‍, എം ബി ബി എസ് സീറ്റു തന്നെ 2500 വേണ്ടിവരും എന്ന് കണക്കാക്കുന്നതില്‍ തെറ്റില്ല.

അപ്പോള്‍ സ്വാഭാവികമായും അര്‍ഹതയുള്ളവരില്‍ നിന്ന് മത്സരപ്പരീക്ഷയിലൂടെ ഏറ്റവും യോഗ്യരായവരെ തിരഞ്ഞെടുക്കേണ്ടിവരും. ഒരുകാര്യംകൂടി വ്യക്തമാക്കട്ടെ. യോഗ്യത എന്നു പറയുമ്പോള്‍ വിവക്ഷിക്കുന്നതില്‍ ഭരണഘടനാനുസൃതമായ സംവരണം കൂടി ഉള്‍പ്പെടും.

മേല്‍സൂചിപ്പിച്ച പ്രകാരം തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പഠനച്ചെലവു താങ്ങാനാവുന്നില്ലെങ്കിലാണ് അത് സാമൂഹിക നീതിയുടെ നിഷേധമാവുക. ആ പ്രശ്‌നം പരിഹരിക്കാനാണ് കുറേ ''ഫ്രീ സീറ്റ്'' വേണം എന്ന ആവശ്യം ഉയരുന്നത്. ഉണ്ണികൃഷ്ണന്‍ സ്‌കീമിലാണ് ഇപ്രകാരം ''ഫ്രീ'' സീറ്റ് എന്ന ആശയം ആദ്യമായുണ്ടായത്. പക്ഷേ അതില്‍ 50 ശതമാനം ''ഫ്രീ'' സീറ്റ് കിട്ടിയത് ആദ്യത്തെ റാങ്കുകാര്‍ക്കാണ്. എങ്കിലും അവരാകണണെന്നില്ലല്ലൊ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്നവര്‍. അതുകൊണ്ടു തന്നെ അതിലൂടെ സാമൂഹികനീതി ഉറപ്പാക്കി എന്നു പറയാനാവില്ല. അപ്പോള്‍ നൂറുശതമാനം സീറ്റുകള്‍ 'യോഗ്യത' അനുസരിച്ച് നിറയ്ക്കുകയും അവരില്‍ സാമ്പത്തിക പരാധീനത ഉള്ളവര്‍ക്ക് ഫീസിളവോ, സ്‌കോളര്‍ഷിപ്പോ, വായ്പയോ അനുവദിക്കുകയും ചെയ്താല്‍ മാത്രമേ സാമൂഹ്യനീതി ആകുകയുള്ളു. അതിനുപകരം 'ഫിഫ്ടി - ഫിഫ്ടി' (അതായത് പാതി സീറ്റില്‍ മെറിറ്റും പാതി സീറ്റില്‍ തോന്ന്യാസവും) എന്നു പറയുന്നത് 50 ശതമാനം ചാരിത്ര്യം എന്നു പറയുന്നതുപോലെ തന്നെ അസംബന്ധമാണ്.

രസകരമായ സംഗതി മുഴുവന്‍ സീറ്റും യോഗ്യത അനുസരച്ച് സുതാര്യമായും ചൂഷണ രഹിതമായും നിറയ്ക്കണം എന്ന് ഇതു സംബന്ധമായ എല്ലാ സുപ്രിം കോടതി വിധികളും അനുശാസിക്കുന്നുണ്ട് എന്നതാണ്. അത് ഉറപ്പാക്കാനായിട്ടാണ് ഓരോ സംസ്ഥാനത്തും ഉന്നതാധികാര സമിതികളെ (കേരളത്തില്‍ ഇസ്റ്റിസ് മുഹമ്മദ് കമ്മിറ്റി) നിയോഗിച്ചിരിക്കുന്നത്. അവര്‍ക്ക് അതിനുവേണ്ട ആളും അര്‍ഥവും സന്നാഹങ്ങളും നല്‍കി ശക്തിപ്പെടുത്തുകയാണ് സര്‍ക്കാരുകള്‍ ചെയ്യേണ്ടത്. അതിനുപകരം അവരെ നോക്കുകുത്തികളാക്കിക്കൊണ്ട് എങ്ങനെയെങ്കിലും പാതിസീറ്റില്‍ കുറഞ്ഞഫീസില്‍ സര്‍ക്കാര്‍ അഡ്മിഷന്‍ തരപ്പെടുത്താനുള്ള പിലപേശലുകളാണ് കേരളത്തിലെ സകല കുഴപ്പങ്ങള്‍ക്കും കാരണം. ആ പിലപേശലില്‍ മാനേജ്‌മെന്റുകള്‍ പകരം ആവശ്യപ്പെടുന്നതും സര്‍ക്കാരിനു കൊടുക്കാവുന്നതും എന്താണ്? ബാക്കി പാതിസീറ്റില്‍ കച്ചവടം നടത്താനുള്ള മൗനാനുവാദമല്ലാതെ? പിന്നെന്തു ധാര്‍മികത?
സര്‍ക്കാര്‍ ആവശ്യപ്പെടേണ്ടതും ഉറപ്പാക്കേണ്ടതും നൂറ് ശതമാനം സീറ്റിലും മെറിറ്റനുസരിച്ചും പ്രസക്തമായിടത്ത് സംവരണം അനുസരിച്ചുമുള്ള പ്രവേശനമാണ്. നിര്‍ധനരായവര്‍ക്കുവേണ്ടി വ്യത്യസ്ത ഫീസുഘടന സുപ്രിം കോടതി അനുവദിക്കുന്നില്ല. അതുകൊണ്ട് അവര്‍ക്കായി സര്‍ക്കാരിന്റെ മുന്‍കൈയില്‍, മാനേജ്‌മെന്റുകളുടെയും പൂര്‍വ വിദ്യാര്‍ഥികളും വ്യവസായികളും ധര്‍മിഷ്ഠരുമടങ്ങുന്ന പൊതുസമൂഹത്തിന്റെ സഹകരണത്തോടുകൂടി ബൃഹത്തായ ഒരു വിദ്യാഭ്യാസ നിധി രൂപീകരിച്ച് അതില്‍ നിന്ന് സ്‌കോളര്‍ഷിപ്പുകളും പലിശയില്ലാവായ്പയും ഉറപ്പാക്കുക എന്നതാണ് നമുക്കു വേണ്ടത്.

*
ആര്‍ വി ജി മേനോന്‍ ജനയുഗം 05 ജൂലൈ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

കാലവര്‍ഷം പോലെ ക്രമം തെറ്റാതെ എല്ലാക്കൊല്ലവും ജൂണ്‍-ജൂലൈ മാസങ്ങളില്‍ കേരളത്തില്‍ സംഭവിക്കുന്ന പ്രതിഭാസമാണ് 'സ്വാശ്രയ സമരവും'. ഇക്കൊല്ലത്തെ തിരനോട്ടമേ കഴിഞ്ഞിട്ടുള്ളു. മെഡിക്കല്‍ പി ജി യെ ആയുള്ളൂ. എം ബി ബി എസിന്റെ സമരം വരാനിരിക്കുന്നതേയുള്ളൂ. ഈ സമരങ്ങള്‍ക്കെല്ലാം മതിയായ പ്രകോപനമുണ്ട് എന്നതില്‍ തര്‍ക്കമില്ല. ശുദ്ധതോന്ന്യാസമാണ് സ്വാശ്രയമാനേജ്‌മെന്റുകള്‍ നടത്തുന്നത്. അതു തടയുന്നതില്‍ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ ബോധപൂര്‍വമോ അല്ലാതെയോ വീഴ്ചവരുത്തുകയും ചെയ്യുന്നു. പ്രവേശനത്തിലും ഫീസ് നിര്‍ണയത്തിലും സുപ്രീം കോടതിയുടെ വിധികളും ഉന്നതാധികാര സമിതിയുടെ തീര്‍പ്പുകളും ലംഘിക്കപ്പെടുന്നു. അഴിമതിക്കഥകള്‍ അങ്ങാടിപ്പാട്ടാണ്. എങ്ങനെ സമരങ്ങള്‍ ഉണ്ടാകാതിരിക്കും?