Tuesday, July 19, 2011

ഭൂനിയമം പരിഷ്‌ക്കരിക്കുമ്പോള്‍

പരിസ്ഥിതി മന്ത്രാലയത്തിലെ ഊര്‍ജസ്വലമായ പ്രവര്‍ത്തനംകൊണ്ട് പരിസ്ഥിതി സ്‌നേഹികളുടെ പ്രതീക്ഷയുണര്‍ത്തിയ ജയറാം രമേഷിനു കിട്ടിയത് 'മേലോട്ടൊരു തട്ട്' ആണ്! അദ്ദേഹത്തിനിപ്പോള്‍ ഗ്രാമവികസനമാണ് പുതിയ ചുമതല. അവിടെയും തന്റെ കര്‍മോത്സുകത അദ്ദേഹം പ്രകടിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. ബംഗാളിലും ഒറീസയിലും മാത്രമല്ല ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും വികസനാവശ്യങ്ങളുടെ പേരില്‍ കര്‍ഷകരുടെ ഭൂമി ഏറ്റെടുക്കുന്നത് ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടല്ലൊ. പത്തൊമ്പതാം നൂറ്റാണ്ടിലെ കോളനി ഭരണക്കാര്‍ അടിച്ചേല്‍പ്പിച്ച നിയമം അനുസരിച്ചാണ് ഇന്ത്യയില്‍ ഇപ്പോഴും ഭൂമിപിടിച്ചെടുക്കുന്നത്. നഷ്ടപരിഹാരത്തിനാണെങ്കില്‍ ഓരോയിടത്തും ഓരോ സമയത്തും ഓരോ നയമാണ്.
പൊതുവായുള്ളത് ഭൂമി നഷ്ടപ്പെടുന്നവരുടെ ദുരിതം മാത്രം. പദ്ധതികളുടെ ഗുണം ഒരു കൂട്ടര്‍ക്കും അതിനു വില നല്‍കേണ്ടത് മറ്റൊരു കൂട്ടരും!

ഇതു മാറ്റണം; മാറ്റും എന്നാണ് പുതിയ ക്യാബിനറ്റു മന്ത്രിയുടെ വാഗ്ദാനം. തൃപ്തികരമായ പുനരധിവാസം നടപ്പാക്കിക്കഴിഞ്ഞതിനുശേഷം മാത്രമേ ഭൂമി ഏറ്റെടുക്കാവൂ എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. പുനരധിവാസത്തില്‍ നഷ്ടപരിഹാരം മാത്രമല്ല, പകരം കൃഷിഭൂമിയും കൂടി ഉള്‍പ്പെടണം എന്നും അദ്ദേഹം പറഞ്ഞു. വളരെ നല്ലതു തന്നെ. എത്രയുംവേഗം നിയമം പാസ്സാക്കുകയും അതു ശുഷ്‌ക്കാന്തിയോടെ നടപ്പാക്കുകയും ചെയ്യട്ടെ എന്നു മാത്രമേ പറയാനുള്ളൂ.

റോഡിനും റെയിലിനും വ്യവസായത്തിനും മറ്റു പല പൊതു ആവശ്യങ്ങള്‍ക്കും ഭൂമി ഏറ്റെടുക്കേണ്ടിവരും എന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ എല്ലായ്‌പ്പോഴും പൊതുതാല്‍പര്യ പ്രകാരം തന്നെ ആയിരിക്കണമെന്നില്ല ഏറ്റെടുക്കല്‍ നടക്കുന്നത്. റോഡ് എതിലേ കൊണ്ടുപോകണം, അതിന് എത്രവീതിയില്‍ സ്ഥലം വേണം, വ്യവസായം എവിടെ സ്ഥാപിക്കണം, അതിന് എത്രമാത്രം സ്ഥലം വേണ്ടിവരും (ഇപ്പോഴും ഭാവിയിലും), എന്നിങ്ങനെ പല കാര്യങ്ങളിലും കുറേ നീക്കുപോക്കുകള്‍ സാധ്യമാണ്. അവിടെല്ലാം നിക്ഷിപ്ത താല്‍പര്യങ്ങള്‍ ഇടപെടാം. കൊച്ചിയിലെ ക്രിക്കറ്റ് സ്റ്റേഡിയം പോലെ ശുദ്ധ അനാവശ്യകാര്യങ്ങള്‍ പോലും പൊതു താല്‍പര്യമായി അടിച്ചേല്‍പ്പിക്കപ്പെടാനും ഇടയുണ്ട്.

പലപ്പോഴും വികസനത്തിന്റെ മറവില്‍ നടക്കുന്നത് റിയല്‍ എസ്റ്റേറ്റ് കച്ചവടം മാത്രം ആയിരിക്കും. അതായത്, പുനരധിവാസം മാത്രമല്ല പ്രശ്‌നം എന്നു സാരം. നിര്‍ദ്ദിഷ്ട ഭൂനിയമപരിഷ്‌ക്കരണം ഈ പ്രശ്‌നത്തെയും നേരിടേണ്ടതുണ്ടെന്നുസാരം. എന്തായാലും പുനരധിവാസ പ്രശ്‌നങ്ങള്‍ക്കെങ്കിലും പരിഹാരം ഉണ്ടായാല്‍ അത്രയും നന്ന്.

ഇതോടൊപ്പം തന്നെ കേരളത്തിലും ഭൂനിമയങ്ങളില്‍ മാറ്റം വരുത്തണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. രസകരമായ കാര്യം ആ ആവശ്യം പുരോഗമന പക്ഷത്തുനിന്നും പ്രതിലോമ പക്ഷത്തുനിന്നും ഉണ്ടായിട്ടുണ്ട് എന്നതാണ്. (ഏതാണ് പുരോഗമനം ഏതാണ് പശ്ചാത്ഗമനം എന്നതിനെപ്പറ്റി തര്‍ക്കം ഉള്ള കാലമാണല്ലോ ഇത്!) ഒന്നാം ഭൂ പരിഷ്‌ക്കരണം ''കൃഷി ഭൂമികര്‍ഷകന്'' എന്ന മുദ്രാവാക്യം സാര്‍ഥകമാക്കുന്നതില്‍ വേണ്ടത്ര വിജയിച്ചിട്ടില്ല എന്നും മണ്ണില്‍ പണിയെടുക്കുന്നവര്‍ക്ക് ഇപ്പോഴും ഭൂമികിട്ടിയില്ല എന്ന പരാതി പരിഹരിക്കപ്പെടണമെന്നും വാദിക്കുന്നവരാണ് ആദ്യത്തെ കൂട്ടര്‍. കേരളത്തില്‍ നെല്‍ക്കൃഷിയോ പച്ചക്കറി കൃഷിയോ ലാഭകരമാകണമെങ്കില്‍ ഭൂവുടമയുടെ അധ്വാനം കൂടി മണ്ണില്‍ ചെന്നാലേ പറ്റൂ, എന്നും അതിനു തയാറുള്ളവരുടെ കൈയിലാണ് കൃഷിഭൂമി ചെന്നെത്തേണ്ടത് എന്നുമാണ് അതിന്റെ നീതിമത്ക്കരണം. അടുത്തകാലത്തായി കുടുംബശ്രീ സഹോദരികള്‍ പതിനായിരക്കണക്കിനു പാഴ്‌നിലമാണ് പാട്ടത്തിനെടുത്ത് നെല്ലും പച്ചക്കറിയും വിളയിച്ചു വിജയിപ്പിച്ചത്. അവര്‍ക്ക് ആ ഭൂമി പാട്ടത്തിനെടുക്കേണ്ടി വന്നു എന്നതാണ് നമ്മുടെ ഭൂവിതരണത്തിലെ പോരായ്മ. മണ്ണില്‍ പണിയെടുക്കാന്‍ തയാറുള്ളവര്‍ക്കു ഭൂമിയില്ല.

അതേസമയം കൃഷിഭൂമിയുടെ ഉടമസ്ഥാവകാശമുള്ളവര്‍ക്ക് പണിക്കാരെ കിട്ടാനില്ല, കൂലിക്കൂടുതല്‍ മൂലം കൃഷി മുതലാവുന്നില്ല, അല്ലെങ്കില്‍ മറ്റ് ആദായമാര്‍ഗങ്ങളുണ്ട് എന്നൊക്കെ പറഞ്ഞ് (അതു സത്യവും ആയിരിക്കാം) കൈവശഭൂമി തരിശിടുന്നു. എന്നാല്‍ അതേ ഭൂമിതന്നെയാണ് പാട്ടത്തിനെടുത്ത് കുടുംബശ്രീക്കാര്‍ പൊന്നുവിളയിച്ചു കാണിച്ചു കൊടുത്തത്. ആ കൃഷിയില്‍ മിച്ചം ഉണ്ടാകുന്നു എന്നു കണ്ടപ്പോള്‍ ഭൂവുടമകള്‍ പാട്ടക്കൂലി ഉയര്‍ത്താനും ഇവരെ മാറ്റി പുതിയ പാട്ടക്കാരെ കണ്ടെത്താനും ശ്രമിച്ചതായും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. അതാണ് പാട്ടവ്യവസ്ഥയുടെ പ്രശ്‌നം. അധ്വാനിക്കുന്നവര്‍ക്കല്ല ലാഭം കിട്ടുക, വാടക പിരിക്കുന്നവര്‍ക്കാണ്.

ഇപ്പോള്‍ പാട്ടവ്യവസ്ഥ നിയമവിരുദ്ധമാണ് എന്നത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുന്നു. തക്കതായ നിയമനിര്‍മാണം നടത്തിയില്ലെങ്കില്‍ പാട്ടക്കൃഷിക്കാരുടെ പഴയ ദുരന്ത കഥകള്‍ ആവര്‍ത്തിക്കെപ്പടും. കൃഷിഭൂമി തരിശിട്ടാല്‍ അത് ഏറ്റെടുത്ത് അധ്വാനിക്കാന്‍ തയ്യാറുള്ളവര്‍ക്ക് (താല്‍ക്കാലികമായിട്ടെങ്കിലും) നല്‍കാനുള്ള വ്യവസ്ഥ ഉണ്ടാകണം. ഉടമസ്ഥര്‍ സ്വന്തമായി കൃഷിചെയ്യാന്‍ തയാറായാല്‍ മടക്കിയെടുക്കാം. ഇതു സോഷ്യലിസമൊന്നുമല്ല. ഭൂമിയെ ഒരു ഉല്‍പാദന ഉപകരണം ആയി കാണുകയും അതുപാഴായി കിടക്കാന്‍ അനുവദിക്കാതിരിക്കുകയും ചെയ്യുന്ന മുതലാളിത്ത യുക്തി മാത്രമേ ഇതിലുള്ളൂ. എങ്കിലും അത്തരമൊരു നിയമംകൂടി നടപ്പാക്കിയാല്‍ മാത്രമേ നമ്മുടെ ഭൂപരിഷ്‌ക്കരണം ലക്ഷ്യത്തിലെത്തു.

പക്ഷേ ഇപ്പോള്‍ പുതുതായി ഉയരുന്ന ആവശ്യം അതല്ല. പണമുള്ളവര്‍ക്ക് ഇഷ്ടംപോലെ ഭൂമി വാങ്ങിക്കൂട്ടാന്‍ അവസരം കിട്ടണം, കശുമാവിന്‍ തോട്ടങ്ങളെ ഭൂപരിധി നിയമത്തില്‍ നിന്ന് ഒഴിവാക്കണം, തോട്ടങ്ങളുടെ ഒരു ഭാഗം ടൂറിസത്തിനും മറ്റ് ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാന്‍ അനുവദിക്കണം, ലാഭകരമല്ലാത്ത തോട്ടങ്ങള്‍ മുറിച്ചുവില്‍ക്കാന്‍ (റിയല്‍ എസ്റ്റേറ്റ് വികസനം) അനുവദിക്കണം.... ഇങ്ങനെ പോകുന്നു പുതിയ ആവശ്യങ്ങള്‍. മുമ്പും ചില നവലിബറല്‍ വക്താക്കളും ചില മുതിര്‍ന്ന ഉദ്യോഗസ്ഥരും ഉയര്‍ത്തിയിരുന്ന ഈ ആവശ്യങ്ങള്‍ ഇപ്പോള്‍ ഭരണ കക്ഷികളും ഏറ്റെടുത്തിരിക്കുന്നു എന്നത് ഗുരുതരമായ ഒരു സംഭവ വികാസമാണ്.

ഭൂമി വെറും കച്ചവടക്കാര്‍ക്ക് ആയി മാറുന്നു എന്നതിന്റെ ലക്ഷണങ്ങളാണ് ഈ ആവശ്യങ്ങള്‍. എസ്റ്റേറ്റുകള്‍ നഷ്ടത്തിലാണ്, റിയല്‍ എസ്റ്റേറ്റുകൂടി ആയാലേ ലാഭകരമാകൂ എന്നവാദം അസംബന്ധമാണ്. അവ തോട്ടങ്ങള്‍ ആയതുകൊണ്ടാണല്ലൊ ഭൂപരിധി നിയമത്തില്‍ നിന്ന് അവ ഒഴിവാക്കപ്പെട്ടത്. അവയ്ക്ക് തോട്ടം ആയി നിലനില്‍ക്കാന്‍ പറ്റിയില്ലെങ്കില്‍, മിച്ചഭൂമിയായി കണക്കാക്കി ഭൂരഹിതര്‍ക്കു വിതരണം ചെയ്യുകയാണു വേണ്ടത്. അല്ലെങ്കില്‍ പാട്ടകരാര്‍ അവസാനിപ്പിച്ച് ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണം. കൃഷി ചെയ്യാന്‍ ഏല്‍പ്പിച്ച ഭൂമിയില്‍ കൃഷിചെയ്യുക മാത്രമേ ആകാവൂ, അല്ലാതെ കച്ചവടചരക്ക് ആക്കാന്‍ പറ്റില്ല എന്നത് കര്‍ശനമാക്കിയേ പറ്റൂ.

വ്യവസായത്തിനോ മറ്റോ വേണ്ടി വന്‍തോതില്‍ ഭൂമി വേണ്ടിവരുന്ന സംരംഭകരെ വേറിട്ടു കാണേണ്ടതുണ്ട് എന്നു തീര്‍ച്ചയായും സമ്മതിക്കാം. പക്ഷേ അതിനെ ഭൂമിക്കച്ചവടവുമായി കൂട്ടിക്കുഴയ്ക്കരുത്. അത്തരം ആവശ്യങ്ങള്‍ക്കായി കാര്‍ഷികേതര ഭൂമി കണ്ടെത്തി അത് വ്യവസായ വികസനത്തിനായി ലഭ്യമാക്കുന്ന ജോലി ഇപ്പോള്‍ തന്നെ കിന്‍ഫ്രയും മറ്റും ചെയ്യുന്നുണ്ട്. അതിനെ സഹായിക്കാനാണ് ലാന്‍ഡ് ബാങ്ക് എന്ന ആശയം പ്ലാനിങ്ങ് ബോര്‍ഡ് മുന്‍വൈസ് ചെയര്‍മാന്‍ പ്രഭാത് പട്‌നായിക്കും ശാസ്ത്ര സാഹിത്യ പരിഷത്തും മുന്നോട്ടുവച്ചത്. അതിനുള്ള വ്യവസ്ഥകള്‍ നിര്‍ദിഷ്ട ഭൂനിയമ പരിഷ്‌കരണത്തില്‍ ഉണ്ടാവണം.

പക്ഷേ കേരളത്തിലെ ഇപ്പോഴത്തെ കാലാവസ്ഥ ഭൂമികച്ചവട ലോബിക്ക് അനുകൂലമാണ് എന്നു പറയാതെ വയ്യ. അടുത്തകാലത്തായി കേരളത്തില്‍ വര്‍ധിച്ചുവരുന്ന ആഡംബര പ്രൗഡിയുടെ ഒരു പ്രധാന ഉറവിടം ഭൂമി കച്ചവടത്തില്‍ നിന്നുണ്ടാകുന്ന പണക്കൊഴുപ്പാണ്. ഇതു യഥാര്‍ഥ സമ്പത്തുല്‍പാദനം അല്ലെന്നും അധ്വാനത്തിലൂടെ ഉണ്ടാകുന്ന വര്‍ധിത മൂല്യം ആണ് യഥാര്‍ഥ സമ്പത്തെന്നും നാമെന്നാണു പഠിക്കുക? ഇത്തരമൊരു ബോധവല്‍ക്കരണം നടന്നില്ലെങ്കില്‍ ഭൂമികച്ചവടത്തെ പ്രോത്സാഹിപ്പിക്കുന്ന നിയമഭേദഗതിക്കായിരിക്കും ജനപിന്തുണ! വെറും പത്തുസെന്റിന്റെ ഉടമയ്ക്കും വസ്തുവിന്റെ വില വാണംപോലെ കുതിച്ചുയരുന്നത് ആനന്ദ സന്ദായകമത്രെ. വേണ്ടിവന്നാല്‍ അതില്‍ അഞ്ചുസെന്റ് കച്ചവടമാക്കിയാല്‍ എത്ര കിട്ടും എന്നതിലായിരിക്കും അയാളുടെ കണ്ണ്.

അതാണ് ഭൂമി ഉല്‍പാദന ഉപകരണം എന്നതിനുപകരം നിക്ഷേപം ആകുന്നു എന്നു പറഞ്ഞത്. വാസ്തവത്തില്‍ ഇത് മുതലാളിത്തത്തിനും മുമ്പുള്ള ഫ്യൂഡല്‍ മൂല്യ വ്യവസ്ഥയുടെ സ്വഭാവമാണ്. മാറ്റം അവിടുന്നു തുടങ്ങേണ്ടിയിരിക്കുന്നു.

*
ആര്‍ വി ജി മേനോന്‍ ജനയുഗം 19 ജൂലൈ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

പരിസ്ഥിതി മന്ത്രാലയത്തിലെ ഊര്‍ജസ്വലമായ പ്രവര്‍ത്തനംകൊണ്ട് പരിസ്ഥിതി സ്‌നേഹികളുടെ പ്രതീക്ഷയുണര്‍ത്തിയ ജയറാം രമേഷിനു കിട്ടിയത് 'മേലോട്ടൊരു തട്ട്' ആണ്! അദ്ദേഹത്തിനിപ്പോള്‍ ഗ്രാമവികസനമാണ് പുതിയ ചുമതല. അവിടെയും തന്റെ കര്‍മോത്സുകത അദ്ദേഹം പ്രകടിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. ബംഗാളിലും ഒറീസയിലും മാത്രമല്ല ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും വികസനാവശ്യങ്ങളുടെ പേരില്‍ കര്‍ഷകരുടെ ഭൂമി ഏറ്റെടുക്കുന്നത് ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടല്ലൊ. പത്തൊമ്പതാം നൂറ്റാണ്ടിലെ കോളനി ഭരണക്കാര്‍ അടിച്ചേല്‍പ്പിച്ച നിയമം അനുസരിച്ചാണ് ഇന്ത്യയില്‍ ഇപ്പോഴും ഭൂമിപിടിച്ചെടുക്കുന്നത്. നഷ്ടപരിഹാരത്തിനാണെങ്കില്‍ ഓരോയിടത്തും ഓരോ സമയത്തും ഓരോ നയമാണ്.
പൊതുവായുള്ളത് ഭൂമി നഷ്ടപ്പെടുന്നവരുടെ ദുരിതം മാത്രം. പദ്ധതികളുടെ ഗുണം ഒരു കൂട്ടര്‍ക്കും അതിനു വില നല്‍കേണ്ടത് മറ്റൊരു കൂട്ടരും!