ലക്ഷ്യം സ്വീകാര്യം വാദവും മാര്‍ഗവും വികലം
സിപിഐ നേതാവും മുന്‍മന്ത്രിയുമായ ബിനോയ് വിശ്വം "കമ്യൂണിസ്റ്റ് ഐക്യം കാലത്തിന്റെ ആവശ്യം" എന്ന തലവാചകത്തോടുകൂടി മാതൃഭൂമി ദിനപത്രത്തില്‍ (ജൂണ്‍ 25) എഴുതിയ ലേഖനം വായിച്ചു. അദ്ദേഹത്തിന്റെ ആത്മാര്‍ഥതയും ലക്ഷ്യബോധവും സ്വാഗതാര്‍ഹമാണ്. എന്നാല്‍ , തന്റെ വാദമുഖങ്ങള്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ പല അവാസ്തവങ്ങളും ആശയക്കുഴപ്പങ്ങളും കടന്നുകൂടിയിട്ടുണ്ട്. അതിന്റെ ഒരുദാഹരണമാണ് സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ടിയും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടിയും തമ്മിലുള്ള അഭിപ്രായഭിന്നതയില്‍ പിന്നീട് സിപിഐ എമ്മുകാരായ കമ്യൂണിസ്റ്റുകാര്‍ കക്ഷി പിടിച്ചതാണ് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ പിളര്‍പ്പിന് വഴിവച്ചതെന്ന ബിനോയ് വിശ്വത്തിന്റെ വാദം! ഇത് തികച്ചും അസത്യമാണെന്ന് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ 1950 കള്‍ മുതലുള്ള ചരിത്രം പരിശോധിച്ചാല്‍ ആര്‍ക്കും ബോധ്യമാകും.
1953 ല്‍ മധുരയില്‍ ചേര്‍ന്ന സിപിഐയുടെ മൂന്നാം കോണ്‍ഗ്രസില്‍തന്നെ വരാന്‍ പോകുന്ന ഭിന്നിപ്പിന്റെ അലയൊലികള്‍ കേള്‍ക്കാന്‍ കഴിഞ്ഞിരുന്നുവെങ്കിലും 1956 ഏപ്രിലില്‍ പാലക്കാട്ടുവച്ചു നടന്ന നാലാം പാര്‍ടി കോണ്‍ഗ്രസിലാണ് ഈ ഭിന്നതകള്‍ മറനീക്കിയത്. പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്റു "ചേരിചേരാനയം" അംഗീകരിക്കുകയും സോവിയറ്റ് യൂണിയനും ചൈനയുമായി സൗഹൃദം ഉറപ്പിക്കുകയുംചെയ്ത സാഹചര്യത്തില്‍ കോണ്‍ഗ്രസും നെഹ്റുസര്‍ക്കാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതാണ് ഇന്ത്യന്‍ വിപ്ലവത്തിന് കൂടുതല്‍ സഹായകരം എന്ന് ഒരു വിഭാഗം സഖാക്കള്‍ വാദിച്ചു. സി അച്യുതമേനോന്‍ , പി ജനാര്‍ദനന്‍ , പി ബാലചന്ദ്രമേനോന്‍ , ഇ ഗോപാലകൃഷ്ണമേനോന്‍ തുടങ്ങിയവരായിരുന്നു ഈ വാദത്തിന്റെ പ്രണേതാക്കള്‍ . പില്‍ക്കാലത്ത് കോണ്‍ഗ്രസ് അനുകൂലനിലപാട് എടുക്കുകയും സിപിഐയുടെ സമുന്നത നേതാവായി പ്രവര്‍ത്തിക്കുകയുംചെയ്ത എം എന്‍ ഗോവിന്ദന്‍നായര്‍ പാലക്കാട് കോണ്‍ഗ്രസില്‍ ഈ നിലപാട് അംഗീകരിച്ചിരുന്നില്ല. ഇ എം എസും എ കെ ഗോപാലനും മറ്റും കോണ്‍ഗ്രസ് അനുകൂലനിലപാടിനെ എതിര്‍ത്തിരുന്നുവെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. എസ് എ ഡാങ്കെ, അച്യുതമേനോന്‍ പക്ഷത്തായിരുന്നപ്പോള്‍ പാര്‍ടി ജനറല്‍ സെക്രട്ടറി അജയ്ഘോഷ് മറിച്ചൊരു നിലപാടാണ് സ്വീകരിച്ചത്. ചെന്നൈ നഗരത്തിനടുത്തുള്ള ആവഡിയില്‍ ചേര്‍ന്ന (1955) ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സമ്മേളനത്തില്‍ ഇന്ത്യയുടെ ഭാവിസംവിധാനം സോഷ്യലിസ്റ്റ് മാതൃകയിലുള്ള സമൂഹമാണ് എന്ന് അംഗീകരിക്കുകയുണ്ടായല്ലോ.
കോണ്‍ഗ്രസ് അനുകൂല കമ്യൂണിസ്റ്റുകാര്‍ക്ക് അതും ഒരു പിടിവള്ളിയായി. എന്നാല്‍ , നെഹ്റുവിന്റെ സോഷ്യലിസം ഒരു തട്ടിപ്പാണ് (Nehrus" Socialism a Hoax)എന്ന ലഘുലേഖയിലൂടെ അജയ്ഘോഷ് അതിനെ നിശിതമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. വിജയവാഡയിലെ ഒത്തുതീര്‍പ്പ് അമൃത്‌സറില്‍ ചേര്‍ന്ന അഞ്ചാം പാര്‍ടികോണ്‍ഗ്രസ് (1958) തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍വന്ന പ്രഥമ കേരള മന്ത്രിസഭയുടെ പ്രവര്‍ത്തനങ്ങളെ അംഗീകരിക്കുകയും പാര്‍ലമെന്ററി സമരമാര്‍ഗം പരീക്ഷിച്ചുനോക്കേണ്ടതാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തതല്ലാതെ നാലാം കോണ്‍ഗ്രസില്‍ ഉയര്‍ന്നുവന്ന തന്ത്രപരമായ അടിസ്ഥാന പ്രശ്നങ്ങളെക്കുറിച്ച് ഒന്നും പറഞ്ഞിരുന്നില്ല.
1959 ല്‍ കേരളത്തിലെ കമ്യൂണിസ്റ്റ് സര്‍ക്കാരിനെ ഭരണഘടനാവിരുദ്ധമായി നെഹ്റു സര്‍ക്കാര്‍ പിരിച്ചുവിട്ടതിനുശേഷം 1961 ല്‍ വിജയവാഡയില്‍വച്ചു ചേര്‍ന്ന ആറാം പാര്‍ടികോണ്‍ഗ്രസിലാണ് നാലാം കോണ്‍ഗ്രസില്‍ ഉയര്‍ന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തത്. അന്ന് കോണ്‍ഗ്രസ് അനുകൂല കമ്യൂണിസ്റ്റുകാരുടെയും എതിരാളികളുടെയും ആയി രണ്ടു രാഷ്ട്രീയപ്രമേയങ്ങള്‍ അവതരിപ്പിക്കപ്പെട്ടു. അടിസ്ഥാനപരമായി കോണ്‍ഗ്രസിനെ മുഖ്യശത്രുവായി കണ്ടുള്ള സമര്‍ഥമായ പ്രഭാഷണത്തില്‍ മറുകക്ഷിയുടെ വാദമുഖങ്ങളില്‍ സ്വീകാര്യമായതുകൂടി ഉള്‍ക്കൊള്ളിച്ചാണ് ജനറല്‍സെക്രട്ടറി അജയ്ഘോഷ് വാദപ്രതിവാദങ്ങള്‍ ഉപസംഹരിച്ചത്. പാര്‍ടിയുടെ അഞ്ചാം കോണ്‍ഗ്രസ് മറ്റു രണ്ടു പ്രമേയങ്ങളും തിരസ്കരിച്ച് അജയ്ഘോഷിന്റെ പ്രസംഗം പാര്‍ടിയുടെ രാഷ്ട്രീയപ്രമേയമായി അംഗീകരിക്കുകയും പിന്നീട് അതൊരു രേഖയായി എഴുതി വിതരണം നടത്തുകയും ചെയ്തു. സംയുക്തനേതൃത്വം അങ്ങനെ പിളര്‍പ്പ് ഒഴിവാക്കിയെങ്കിലും പാര്‍ടിയുടെ ഐക്യം തുടര്‍ന്ന് ശക്തിപ്പെടുത്താന്‍ അജയ്ഘോഷിന് സാധിച്ചില്ല. അദ്ദേഹത്തിന്റെ മരണത്തോടെ പാര്‍ടിയിലെ ഭിന്നതകള്‍ രൂക്ഷമായി. അടുത്ത ജനറല്‍ സെക്രട്ടറി ആരായിരിക്കണമെന്ന കാര്യത്തില്‍ സഖാക്കള്‍ക്ക് യോജിക്കാന്‍ കഴിഞ്ഞില്ല. ചില മധ്യസ്ഥന്മാരുടെ ഒത്തുതീര്‍പ്പുപ്രകാരം പൊളിറ്റ്ബ്യൂറോ അംഗവും ഉറച്ച കോണ്‍ഗ്രസ് പക്ഷപാതിയുമായിരുന്ന എസ് എ ഡാങ്കെ പാര്‍ടിയുടെ ചെയര്‍മാനായും മറ്റൊരു പൊളിറ്റ്ബ്യൂറോ അംഗമായ ഇ എം എസ് നമ്പൂതിരിപ്പാട് ജനറല്‍ സെക്രട്ടറിയുമായി അധികാരമേറ്റു. പാര്‍ടിയില്‍ ചെയര്‍മാന്‍ എന്നൊരു സ്ഥാനം ഇല്ലാതിരുന്നതിനാല്‍ പാര്‍ടി ഭരണഘടനയിലും ആവശ്യമായ മാറ്റം വരുത്തി.
1962ല്‍ ഇന്ത്യയും ചൈനയുമായുള്ള അതിര്‍ത്തിതര്‍ക്കവും യുദ്ധവും പാര്‍ടിയിലെ വിവാദങ്ങള്‍ക്ക് മറ്റൊരു മാനം നല്‍കി. ഈ അതിര്‍ത്തിതര്‍ക്കത്തില്‍ ഇന്ത്യാസര്‍ക്കാരിന്റെ നിലപാടിനെ പൂര്‍ണമായി ശരിവയ്ക്കുകയും യുദ്ധത്തിലൂടെതന്നെ തര്‍ക്കപ്രദേശങ്ങള്‍ തിരിച്ചുപിടിക്കുകയും വേണമെന്നായിരുന്നു ഡാങ്കെയുടെയും പിളര്‍പ്പിനുശേഷം സിപിഐ ആയി തുടര്‍ന്നവരുടെയും നിലപാട്. എം എന്‍ ഗോവിന്ദന്‍നായരുടെ നിലപാടിലും മാറ്റംവന്നു. എം എന്നും പി കെ വാസുദേവന്‍നായരും മറ്റും ഏകപക്ഷീയമായി ചൈനയെ എതിര്‍ത്തപ്പോള്‍ ഇ എം എസും പിന്നീട് സിപിഐ എമ്മുകാരായി തീര്‍ന്നവരും മറ്റൊരു നിലപാടാണ് സ്വീകരിച്ചത്. അവര്‍ ചൈനയുടെ ആക്രമണത്തെ അപലപിക്കുന്നതില്‍ ലോപം കാണിച്ചില്ലെങ്കിലും ഈ തര്‍ക്കം ആത്യന്തികമായി യുദ്ധത്തിലൂടെ പരിഹരിക്കാവുന്നതല്ലെന്നും കൂടിയാലോചനകളില്‍മാത്രമേ പരിഹരിക്കാനാവൂ എന്നും വാദിച്ചു. ഈ നിലപാടില്‍ ബിനോയ് വിശ്വം ആരോപിക്കുന്ന ചൈനീസ് പക്ഷപാതം എവിടെയാണെന്ന് അറിയില്ല. സിപിഐ എമ്മുകാരുടെ ഈ നിലപാടിലേക്ക് ചൈന മാത്രമല്ല ഇന്ത്യാസര്‍ക്കാരും എത്തിച്ചേര്‍ന്നിരിക്കുന്നുവെന്നതും ചൈനീസ് പക്ഷപാതമാണെന്ന് ബിനോയ് വിശ്വം പറയുമോ, ആവോ? കാലം ശരിയെന്ന് തെളിയിച്ച ഈ നിലപാടിനെച്ചൊല്ലി സിപിഐ എമ്മിനെ അപലപിക്കുന്നത് അസംബന്ധമാണ്. നെഹ്റുസര്‍ക്കാര്‍ ഈ പ്രശ്നത്തെ മുന്‍നിര്‍ത്തി ചൈനീസ് അനുകൂലികളാണ് എന്നാരോപിച്ച് അനേകം കമ്യൂണിസ്റ്റുകാരെ അറസ്റ്റുചെയ്ത് കരുതല്‍ തടങ്കലിലാക്കി. അവരില്‍ ചൈനീസ് വിരുദ്ധ നിലപാട് പ്രഖ്യാപിച്ചിരുന്ന സി ഉണ്ണിരാജയെപ്പോലുള്ളവരും ഉണ്ടായിരുന്നുവെന്ന് ഓര്‍ക്കണം. സംയുക്ത നേതൃത്വത്തിന്റെ തകര്‍ച്ച ഡാങ്കെ ചെയര്‍മാനും ഇ എം എസ് ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച സംയുക്ത നേതൃത്വത്തിന് തുടരാന്‍ കഴിയാത്തവിധം തര്‍ക്കങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. പുതിയ ഈ സംവിധാനത്തില്‍ സി പിഐയുടെ മുഖപത്രമായ "ന്യൂ ഏജി"ന്റെ ചുമതല ഇ എം എസിനായിരുന്നു. ഇ എം എസ് എഴുതിയ ഒരു മുഖപ്രസംഗത്തില്‍ ചൈനീസ്ചാരത്വം അന്യായമായി ആരോപിച്ച് അറസ്റ്റ് ചെയ്തിട്ടുള്ളവരെ മോചിപ്പിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. വാരിക അച്ചടിക്കുന്നതിനുമുമ്പ് ഇ എം എസിന്റെ മുഖപ്രസംഗം ചെയര്‍മാന്‍ എന്ന നിലയില്‍ ഡാങ്കെയുടെ പരിശോധനയ്ക്ക് വന്നു.
സഖാക്കളെ ജയില്‍ വിമുക്തരാക്കണമെന്ന ഭാഗമെല്ലാം ഇ എം എസിനോട് ചോദിക്കുകപോലും ചെയ്യാതെ വെട്ടിത്തിരുത്തിയാണ് പ്രസിലേക്കയച്ചത്. സ്വാഭാവികമായും ഇ എം എസ് രോഷാകുലനായി. പാര്‍ടിസഖാക്കളെ ജയില്‍മോചിതരാക്കണമെന്നുപോലും പാര്‍ടിമുഖപത്രത്തില്‍ എഴുതാന്‍വയ്യെങ്കില്‍ എന്തിനാണ് പത്രം നടത്തുന്നതെന്നും ഇ എം എസ് ചോദിച്ചു. അദ്ദേഹം ജനറല്‍ സെക്രട്ടറിസ്ഥാനം രാജിവച്ചു. ഡാങ്കെയുടെ അവിഹിതമായ ഈ നടപടി പാര്‍ടി പിളര്‍പ്പിലേക്കുള്ള ആദ്യ ചുവടുവയ്പായിരുന്നു. ഈ വിധത്തിലുള്ള നയംമൂലം ഒടുവില്‍ ഡാങ്കെയെത്തന്നെ സിപിഐക്ക് പുറത്താക്കേണ്ടിവന്നുവെന്ന കാര്യം ബിനോയ് വിശ്വം മറന്നുകാണില്ല.
അല്‍പ്പജ്ഞാനം അപകടം
പ്രശസ്ത ഇംഗ്ലീഷ് കവി ഇപ്രകാരം പറഞ്ഞതായി ഓര്‍ക്കുന്നു. "Little knowledege is a dangerous thing" അതായത് അല്‍പജ്ഞാനം അപകടം. പുസ്തകങ്ങള്‍ വായിച്ചു പഠിക്കുന്നതിനും താത്വികകാര്യങ്ങള്‍ മനസിലാക്കുന്നതിനും ശ്രദ്ധയും കഴിവുമുള്ള ആളാണ് ബിനോയ് വിശ്വമെങ്കിലും ചില കാര്യങ്ങളെക്കുറിച്ചദ്ദേഹത്തിന് അറിവില്ലാതെ പോയിട്ടുണ്ട്. അല്ലെങ്കില്‍ അറിവ് ഭാഗികമാണ്. 1964ലെ നാഷണല്‍ കൗണ്‍സില്‍ യോഗത്തില്‍നിന്ന് ഇ എം എസും സുന്ദരയ്യയും എ കെ ജിയും വി എസ് അച്യുതാനന്ദനും ഉള്‍പ്പെടെ 32 പേര്‍ ഇറങ്ങിപ്പോന്നത് മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് സംഘടനാതത്വങ്ങളുടെ ലംഘനമാണെന്ന് ബിനോയ് വാദിക്കുന്നു. ഒറ്റനോട്ടത്തില്‍ ഇത് ശരിയാണെന്നും തോന്നാം. എന്നാല്‍ അന്നത്തെ സാഹചര്യങ്ങളും പാര്‍ടിനേതാവ് എസ് എ ഡാങ്കെയുടെ സ്വേച്ഛാധിപത്യനടപടികളും പരിശോധിക്കുമ്പോള്‍ ഈ പ്രസ്താവന വികലവും അല്‍പ്പജ്ഞതയുമാണെന്ന് ബോധ്യമാകും.
ചൈനീസ് ചാരത്വമാരോപിച്ച് തടവിലാക്കപ്പെട്ട സഖാക്കളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെടാന്‍പോലും തയ്യാറാകാത്ത ഡാങ്കെ ഒരിക്കല്‍ പരസ്യമായി തന്റെ നിലപാട് പ്രഖ്യാപിക്കുകയുംചെയ്തു. മഹാരാഷ്ട്രയില്‍ നടന്ന എഐടിയുസി സംസ്ഥാന സമ്മേളനത്തില്‍ ഈ ആവശ്യം ഉന്നയിച്ചവരെ പരിഹസിക്കാനും ഡാങ്കെ മടിച്ചില്ല. "ഈ മഹാന്മാര്‍ കുറേക്കാലം തടവില്‍ കിടന്നാല്‍ ആകാശം ഇടിഞ്ഞു വീഴുകയില്ല" എന്നായിരുന്നു ഡാങ്കെയുടെ കുപ്രസിദ്ധമായ പ്രതികരണം. പല സഹോദരപാര്‍ടികളും ഇന്ത്യയിലെ കമ്യൂണിസ്റ്റുകാരുമായി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും തടവുകാരെ വിട്ടയക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടും ഡാങ്കെ കുലുങ്ങിയില്ല. മാത്രമല്ല പല സംസ്ഥാനപാര്‍ടികമ്മിറ്റികളിലെ ഭൂരിപക്ഷംപേരും (ഉദാ: പഞ്ചാബ്, പശ്ചിമ ബംഗാള്‍) തടവിലായ സാഹചര്യത്തില്‍ ഡാങ്കെ അവിടെയെല്ലാം തന്റെ ആജ്ഞാനുവര്‍ത്തികളെ ചേര്‍ത്ത് താല്‍ക്കാലിക സംഘടനാ കമ്മിറ്റികള്‍ രൂപീകരിച്ചിരുന്നു. അങ്ങനെ സംഘടനയെ അവിഹിത മാര്‍ഗത്തില്‍ ചൊല്‍പ്പടിക്ക് നിര്‍ത്താന്‍ ശ്രമിച്ച ഡാങ്കെയുടെ നടപടി തിരുത്തണമെന്ന ആവശ്യം ഉന്നയിച്ച് എം ബാസവപുന്നയ്യ 1963 ഒക്ടോബറില്‍ ചേര്‍ന്ന നാഷണല്‍ കൗണ്‍സില്‍ യോഗത്തില്‍ പ്രമേയം അവതരിപ്പിച്ചത് ഡാങ്കെ റൂള്‍ ഔട്ട് ചെയ്തു.
ബസവ പുന്നയ്യയുടെ പ്രമേയത്തിലെ മുഖ്യ ഇനങ്ങള്‍ താഴെപ്പറയുന്നവ ആയിരുന്നു.
1. പശ്ചിമബംഗാളിലെ പ്രോവിന്‍ഷ്യല്‍ ഔര്‍ഗനൈസിങ് കമ്മിറ്റി പിരിച്ചുവിട്ട് സംസ്ഥാനകൗണ്‍സില്‍ പുനഃസ്ഥാപിക്കുക.
2. 1962ല്‍ അടിയന്തരാവസ്ഥ (ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച യുദ്ധകാല അടിയന്തരാവസ്ഥ) പ്രഖ്യാപിച്ചതോടെ പഞ്ചാബില്‍ പ്രമുഖരായ പല നേതാക്കളെയും അറസ്റ്റ് ചെയ്തു. ആ സമയത്ത് കേന്ദ്രനേതൃത്വം ധൃതിപിടിച്ച് പ്രത്യേക സംസ്ഥാനസമ്മേളനം നടത്തുകയും പുതിയ സംസ്ഥാന കൗണ്‍സിലിനെ തെരഞ്ഞെടുക്കുകയുമുണ്ടായല്ലോ. ഈ പ്രശ്നത്തെക്കുറിച്ച് ഗുണദോഷ വിചിന്തനംചെയ്യാതെ ജയിലില്‍ കിടക്കുന്ന ഭൂരിപക്ഷം നേതാക്കളും പുറത്തുവന്നാലുടനെ സംസ്ഥാനത്ത് സാധാരണ നിലയില്‍ പാര്‍ടിസമ്മേളനം നടത്തണം. ആ സമ്മേളനം തെരഞ്ഞെടുക്കുന്ന സംസ്ഥാനകൗണ്‍സിലിനാവണം സാധുത നല്‍കേണ്ടത്. നേരത്തെ പ്രത്യേക സമ്മേളനം തെരഞ്ഞെടുത്ത കൗണ്‍സില്‍ നിലവിലില്ലാത്തതാക്കണം.
3. എ കെ ജിയെയും സുന്ദരയ്യയെയും പോലുള്ള നേതാക്കളുടെ പ്രവര്‍ത്തനത്തെ സംബന്ധിച്ച് അന്വേഷണം നടത്താനുള്ള എല്ലാ നീക്കങ്ങളും ഉപേക്ഷിക്കുക. മുകളില്‍ സൂചിപ്പിച്ച പ്രശ്നവുമായി ബന്ധപ്പെട്ടു കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതില്ലെന്ന് കേന്ദ്ര കണ്‍ട്രോള്‍ കമീഷനോട് ശുപാര്‍ശചെയ്യുക.
4. ഇതിനൊക്കെ പുറമെ സംഘടന കൈക്കുള്ളില്‍ ഒതുക്കുന്നതിന് പാര്‍ടിയില്‍ ക്രമവിരുദ്ധമായി ഡാങ്കെ ഗ്രൂപ്പുകാര്‍ പലയിടത്തും അംഗങ്ങളെ ചേര്‍ത്തുകൊണ്ടിരുന്നു. ഈ വ്യാജ അംഗത്വത്തിന്റെയും പ്രമുഖനേതാക്കള്‍ തടവിലാണെന്ന സാഹചര്യത്തെയും മുതലാക്കി പാര്‍ടി കോണ്‍ഗ്രസ് നടത്തി നേതൃത്വം പിടിച്ചെടുക്കുക എന്നതായിരുന്നു ഡാങ്കെയുടെ മനസ്സിലിരുപ്പ്. പാര്‍ടി നേതാക്കള്‍ പുറത്തുവന്നതിനു ശേഷമെ പാര്‍ടികോണ്‍ഗ്രസ് നടത്താവൂ എന്ന് ബസവ പുന്നയ്യ പറഞ്ഞത് ഉദ്ധരിച്ചിട്ടുണ്ടല്ലോ.
5. അംഗത്വത്തെ സംബന്ധിച്ചിടത്തോളം 1961ലെ ആറാം പാര്‍ടികോണ്‍ഗ്രസിലെ പ്രാതിനിധ്യംതന്നെ അടുത്ത കോണ്‍ഗ്രസിലും അംഗീകരിക്കണമെന്ന് നിര്‍ദേശിക്കപ്പെട്ടു. പാര്‍ടി കോണ്‍ഗ്രസിന് മുമ്പ് ഫലപ്രദവും പൂര്‍ണവുമായ ഉള്‍പ്പാര്‍ടി ചര്‍ച്ചകളിലൂടെ വിവിധ നിലപാടുകളെപ്പറ്റി ആശയവ്യക്തത വന്നതിനുശേഷം വേണം പാര്‍ടി കോണ്‍ഗ്രസ് നടത്താന്‍ .
1964 ജൂലൈ 4ന് നടന്ന ദേശീയകൗണ്‍സില്‍ യോഗത്തില്‍ ഈ പ്രശ്നങ്ങള്‍ വീണ്ടും അവതരിപ്പിക്കപ്പെട്ടു. പല നേതാക്കളും തടവിലാണെന്നുള്ള സാഹചര്യം ഡാങ്കെ ഗ്രൂപ്പിന് സഹായകമായി. അങ്ങനെ കൃത്രിമ ഭൂരിപക്ഷ പിന്തുണ ഉള്ളതിനാല്‍ തന്നിഷ്ടപ്രകാരം പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് ദേശീയകൗണ്‍സിലില്‍നിന്ന് 32 അംഗങ്ങള്‍ ഇറങ്ങിപ്പോയത്. ഇറങ്ങിപ്പോയവര്‍ ഉന്നയിച്ചതും ഡാങ്കെ തിരസ്കരിച്ചതുമായ നിര്‍ദേശങ്ങളില്‍ ഏതെങ്കിലും മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് തത്വങ്ങള്‍ക്കും ഉള്‍പാര്‍ടി ജനാധിപത്യത്തിനും വിരുദ്ധമാണോ എന്ന് ബിനോയ് വിശ്വം പരിശോധിക്കുന്നതുകൊള്ളാം.
തീര്‍ച്ചയായും ഭൂരിപക്ഷത്തിന് ന്യൂനപക്ഷം വഴങ്ങണമെന്ന സംഘടനാതത്വം ഇവിടെ ലംഘിക്കപ്പെട്ടിട്ടുണ്ടെന്ന് തോന്നാമെങ്കിലും ആത്യന്തികമായി ഉള്‍പാര്‍ടി ജനാധിപത്യത്തെ സംരക്ഷിക്കുകയാണ് ഈ 32 പേര്‍ ചെയ്തത് എന്ന് നിഷ്പക്ഷമതികള്‍ അംഗീകരിക്കാതിരിക്കില്ല. പാര്‍ടിയില്‍ പിളര്‍പ്പുണ്ടാക്കുന്നത് നല്ല കാര്യമാണെന്ന് വാദിക്കുന്നില്ല. എന്നാല്‍ , പാര്‍ടിയുടെ അടിസ്ഥാന ലക്ഷ്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് തോന്നുന്ന അത്യപൂര്‍വ സന്ദര്‍ഭങ്ങളില്‍ പിളര്‍പ്പ് പാര്‍ടിയെ ശക്തിപ്പെടുത്തുകയേയുള്ളൂ. ലെനിനും മാര്‍ക്സും ഒന്നാം ലോകമഹായുദ്ധകാലത്ത് രണ്ടാം ഇന്റര്‍നാഷണലിലെ മിതവാദികള്‍ ആയ ബെണ്‍സ്റ്റീന്‍ , കൗട്സ്കി, തുടങ്ങിയവര്‍ മുന്‍ തീരുമാനങ്ങള്‍ക്ക് വിപരീതമായി "My country right or wrong" (എന്റെ രാജ്യം ചെയ്യുന്നത് തെറ്റായാലും ശരിയായാലും ഞാന്‍ അതിന്റെ കൂടെ) എന്ന ബൂര്‍ഷ്വാസിദ്ധാന്തപ്രകാരം തങ്ങളുടെ രാജ്യത്തിന്റെ യുദ്ധശ്രമങ്ങളില്‍ പങ്കെടുത്തപ്പോള്‍ ലെനിനും ബോള്‍ഷെവിക്കുകാരും അതില്‍ ന്യൂനപക്ഷമായിരുന്നു. എന്നിട്ടും മാര്‍ക്സിസത്തിന്റെ അടിസ്ഥാനതത്വങ്ങള്‍ ലംഘിക്കാതെ പ്രവര്‍ത്തിക്കുന്നതിനായി അദ്ദേഹം രണ്ടാം ഇന്റര്‍നാഷണലിലെ സോഷ്യല്‍ ഡെമോക്രാറ്റുകളില്‍ ഭിന്നിപ്പുണ്ടാക്കുകയും 1919 ല്‍ മൂന്നാം അഥവാ കമ്യൂണിസ്റ്റ് ഇന്റര്‍നാഷനല്‍ രൂപീകരിക്കുകയുംചെയ്തത് ഓര്‍ക്കുക. അത് രൂപീകരിക്കുമ്പോള്‍ ഓസ്ട്രിയ, ജര്‍മനി, ബ്രിട്ടന്‍ , ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ സോഷ്യല്‍ ഡെമോക്രാറ്റുകള്‍ ഭൂരിപക്ഷവും കമ്യൂണിസ്റ്റുകാര്‍ ന്യൂനപക്ഷവുമായിരുന്നു.
കാലക്രമേണ കമ്യൂണിസ്റ്റുകാര്‍ പലയിടത്തും തൊഴിലാളിവര്‍ഗത്തിന്റെയും സോഷ്യല്‍ ഡെമോക്രാറ്റിക് അണികളുടെയും പിന്തുണ നേടിയെന്നത് ചരിത്രസത്യം. ചുരുക്കിപ്പറഞ്ഞാല്‍ തൊഴിലാളിവര്‍ഗ പാര്‍ടികളുടെ ചരിത്രത്തില്‍ അത്യപൂര്‍വ സന്ദര്‍ഭങ്ങള്‍ വരുമ്പോള്‍ തത്വങ്ങളെ മുന്‍നിര്‍ത്തിയുള്ള പിളര്‍പ്പ് പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുകയേ ഉള്ളൂ. ഇന്ത്യയിലും അതല്ലേ നടന്നത്? സിപിഐ എം തൊഴിലാളിവര്‍ഗത്തിന്റെയും കമ്യൂണിസ്റ്റ് അണികളുടെയും പിന്തുണ നേടിയപ്പോള്‍ സിപിഐ രണ്ടാം നിരയിലേക്ക് തള്ളപ്പെട്ടതും അവിടെത്തന്നെ ഇപ്പോഴും തുടരുന്നതും ശ്രദ്ധേയമാണ്. 19-ാം നൂറ്റാണ്ടില്‍ മാര്‍ക്സും എംഗല്‍സും ഇതുപോലെ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് കാണാം. ഉദാഹരണത്തിന് ഫെര്‍ഡിനന്റ് ലാസലിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ടിക്ക് മാര്‍ക്സ് വിമര്‍ശനാത്മക പിന്തുണ നല്‍കിയിരുന്നു. എന്നാല്‍ , ഗോഥായില്‍ ചേര്‍ന്ന ജര്‍മന്‍ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ടിയുടെ സമ്മേളനം ഭൂരിപക്ഷപ്രകാരം അംഗീകരിച്ച പാര്‍ടി പരിപാടിയെ മാര്‍ക്സ് തിരസ്കരിക്കുകയും "ഗോഥാ പ്രോഗ്രാമിനെക്കുറിച്ചുള്ള വിമര്‍ശം" എന്ന പ്രസിദ്ധമായ നിരൂപണം ജര്‍മന്‍ പാര്‍ടിയില്‍ ഭിന്നിപ്പുണ്ടാക്കുമെന്ന് മാര്‍ക്സിന് അറിയാമായിരുന്നു. എങ്കിലും പിളര്‍പ്പ് ഒഴിവാക്കാന്‍ തത്വാധിഷ്ഠിതമായ നിലപാട് മാര്‍ക്സ് ഉപേക്ഷിച്ചില്ല. ഇതുപോലെയുള്ള സന്ദര്‍ഭങ്ങളും സംഭവങ്ങളും ലോകകമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രം പരിശോധിച്ച് ബിനോയ് വിശ്വം പഠിക്കുന്നത് നന്നായിരിക്കും.
സോവിയറ്റ് യൂണിയനും ചൈനയും
സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ടിയും അതിന്റെ നേതാക്കളും തിരിച്ചും മറിച്ചും പറയുന്നതിനെല്ലാം തെല്ലും ആലോചിക്കാതെ പിന്തുണ നല്‍കുക എന്നതായിരുന്നു സിപിഐ നിലപാട്. ഉദാഹരണത്തിന് 20-ാം പാര്‍ടി കോണ്‍ഗ്രസില്‍ സെക്രട്ടറി നികിത ക്രൂഷ്ചേവ് അവതരിപ്പിച്ച കടുത്ത സ്റ്റാലിന്‍വിരുദ്ധ റിപ്പോര്‍ട്ട് സിപിഐയിലെ വലതുപക്ഷക്കാര്‍ അക്ഷരംപ്രതി അംഗീകരിച്ചു. ജനറല്‍ സെക്രട്ടറി അജയ്ഘോഷ് അദ്ദേഹത്തിന്റെ ഉള്‍ക്കാഴ്ചയോടുകൂടിയ വിയോജനക്കുറിപ്പ് സോവിയറ്റ് വാരികയായ "ന്യൂടൈംസി"ല്‍ എഴുതി. അജയ്ഘോഷിന്റെ നിര്യാണശേഷം ക്രൂഷ്ചേവിന്റെ നേതൃത്വത്തിലുള്ള സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ടിയും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടിയും തമ്മില്‍ പ്രത്യയശാസ്ത്രപരമായ ഭിന്നിപ്പുണ്ടായപ്പോള്‍ വലതുകമ്യൂണിസ്റ്റുകാര്‍ ക്രൂഷ്ചേവിന്റെ പക്ഷത്തായിരുന്നു എന്നു മാത്രമല്ല ചൈനയുടെ വികസനത്തിന് സോവിയറ്റ് യൂണിയന്‍ നല്‍കിയിരുന്ന സഹായങ്ങള്‍ റദ്ദാക്കിയതിനെ അംഗീകരിക്കുകയും ചെയ്തു.
പണവും മറ്റു ശാസ്ത്രസാങ്കേതിക സാമഗ്രികളും മാത്രമല്ല പദ്ധതികളുടെ ബ്ലൂപ്രിന്റുകള്‍പോലും ക്രൂഷ്ചേവിന്റെ നിര്‍ദേശപ്രകാരം എടുത്തുകൊണ്ടുപോയി. ലോകകമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഐക്യം തകര്‍ത്ത ഈ നടപടികള്‍ സോവിയറ്റ് യൂണിയനുപോലും അരോചകമായി മാറിയപ്പോഴാണ് പാര്‍ടി ക്രൂഷ്ചേവിനെ പെന്‍ഷന്‍ കൊടുത്ത് പറഞ്ഞയച്ച് ലിയോണിഡ് ബ്രഷ്നേവിനെ തല്‍സ്ഥാനത്ത് നിയമിച്ചത്. ക്രൂഷ്ചേവിന്റെ നയങ്ങളെ അനുകൂലിക്കാനും ക്രൂഷ്ചേവിനെ പിരിച്ചുവിട്ടപ്പോള്‍ ബ്രഷ്നേവിന്റെ നയങ്ങളെ അംഗീകരിക്കാനും വലതര്‍ക്ക് മനഃസാക്ഷിക്കുത്തുണ്ടായില്ല. ക്രൂഷ്ചേവിന്റെ നടപടികള്‍ ചൈനയെ സോവിയറ്റ് യൂണിയനില്‍നിന്ന് അകറ്റിയപ്പോള്‍ വലതുകമ്യൂണിസ്റ്റുകാര്‍ ചൈനാവിരുദ്ധരുമായി. ദീര്‍ഘകാലത്തേക്ക് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടിയും ഇന്ത്യയിലെ വലതു കമ്യൂണിസ്റ്റ് പാര്‍ടിയും സഹോദരപാര്‍ടികള്‍ തമ്മിലുള്ള സാധാരണബന്ധംപോലുമില്ലാതായി. എന്നാല്‍, പിന്നീട് സിപിഐ എമ്മുകാരായ കമ്യൂണിസ്റ്റുകാര്‍ ചൈനീസ് വിരുദ്ധനിലപാട് കൈക്കൊള്ളാന്‍ തയ്യാറായില്ല. അതിന്റെ ഫലമായി കോണ്‍ഗ്രസുകാരും സ്വതന്ത്ര തുടങ്ങിയ തീവ്രവലതുപക്ഷ ബൂര്‍ഷ്വാപാര്‍ടികളും "ഇടതു"കാരെ ചൈനീസ്ചാരന്മാര്‍ എന്ന് മുദ്രകുത്തുകയുംചെയ്തു. എന്നാല്‍ , പാര്‍ടി പിളര്‍പ്പിനുശേഷം സിപിഐ എം ആയവര്‍ സോവിയറ്റ് യൂണിയനെയോ ചൈനയെയോ കണ്ണടച്ച് അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്തില്ല. ക്രൂഷ്ചേവിന്റെ ചൈനാവിരുദ്ധ നിലപാടുകളെ എതിര്‍ക്കുമ്പോഴും ചൈനീസ് നയങ്ങളിലെ വൈകല്യം എന്ന് തോന്നിയ കാര്യങ്ങളെ സിപിഐ എം എതിര്‍ക്കാന്‍ മടിച്ചില്ല. ബിനോയ് വിശ്വം പറയുന്നതുപോലെ "നക്സലൈറ്റ്" പ്രസ്ഥാനം ഉയര്‍ന്നുവന്നശേഷം മാത്രമല്ല ചൈനീസ് നിലപാടുകളെ സിപിഐ എമ്മുകാര്‍ എതിര്‍ത്തത്.
ഇന്ത്യയിലെ ഭരണകക്ഷി കോംബ്രഡോര്‍ ബൂര്‍ഷ്വാസിയുടെ പ്രതിനിധികളാണെന്നും ജവാഹര്‍ലാല്‍ നെഹ്റു അമേരിക്കന്‍ പിണിയാളാണെന്നും ചൈനീസ് മാധ്യമങ്ങള്‍ എഴുതിവിടുക അക്കാലത്ത് പതിവായിരുന്നു. അതിനെ സിപിഐ എം പരസ്യമായി എതിര്‍ത്തു. അക്കാലത്ത് നടന്ന ചൈനീസ് പാര്‍ടി കോണ്‍ഗ്രസ് ലിന്‍ ബിയാവോവിനെ മൗ സെ ദൊങ്ങിന്റെ പിന്‍ഗാമിയായി പ്രഖ്യാപിച്ചു. രാജവംശവാഴ്ചയെയും ഫ്യൂഡല്‍ സമ്പ്രദായങ്ങളെയും അനുസ്മരിപ്പിക്കുന്ന ഈ നടപടി മാര്‍ക്സിസം-ലെനിനിസവുമായി പൊരുത്തപ്പെടുന്നതല്ലെന്ന് സിപിഐ എം പ്രഖ്യാപിച്ചു. അധികം താമസിയാതെ ലിന്‍ ബിയാവോ മൗ സെ ദൊങ്ങിനെ വധിക്കാനുള്ള ഗൂഢാലോചനയില്‍ പ്രതിയായി.കേസെടുക്കാന്‍ ആരംഭിച്ചപ്പോള്‍ അദ്ദേഹം സോവിയറ്റ് യൂണിയനിലേക്ക് കടക്കാന്‍ ശ്രമിച്ചു. എന്നാല്‍, വിമാനം തകര്‍ന്നു വീണ് ലിന്‍ ബിയാവോ മരിച്ചു. പിന്നീട് മൗ സെ ദൊങ് "ത്രിലോകസിദ്ധാന്തം" അവതരിപ്പിച്ചപ്പോള്‍ സിപിഐ എം അതിനെയും എതിര്‍ത്തു. "ത്രിലോകസിദ്ധാന്ത" പ്രകാരം സാമ്രാജ്യത്വ ചേരി, സോവിയറ്റ് യൂണിയന്‍ ഉള്‍പ്പെടുന്ന സോഷ്യല്‍ സാമ്രാജ്യത്വചേരി, ചൈനയും മറ്റുമുള്‍ക്കൊള്ളുന്ന മൂന്നാം ലോകചേരി എന്നിങ്ങനെ ലോകം വിഭജിക്കപ്പെടുന്നു. അമേരിക്കന്‍ സാമ്രാജ്യത്വത്തെ എന്നപോലെ സോവിയറ്റ് "സോഷ്യല്‍ സാമ്രാജ്യത്വ"ത്തെയും എതിര്‍ക്കുക എന്നതാണ് ഈ വികലവീക്ഷണം. സിപിഐ എം അതിനെയും എതിര്‍ത്തു. ബംഗ്ലാദേശ് വിമോചനസമരത്തെ ചൈന എതിര്‍ത്തപ്പോള്‍ സിപിഐ എം യോജിച്ചില്ല. ഇതോടൊപ്പം ഓര്‍ക്കേണ്ട മറ്റൊരു കാര്യംകൂടിയുണ്ട്. ഈ അഭിപ്രായവ്യത്യാസങ്ങളൊക്കെ സഹോദരപാര്‍ടികള്‍ തമ്മിലുള്ള ആശയവിനിമയവും സംവാദവും എന്ന നിലയിലാണ് സിപിഐ എം കൈകാര്യംചെയ്തത്. ഇരുരാജ്യങ്ങളെയും അംഗീകരിച്ചും അവയ്ക്കെതിരായി കമ്യൂണിസ്റ്റ് വിരുദ്ധരും ബൂര്‍ഷ്വാമാധ്യമങ്ങളും നടത്തിവന്ന ദുഷ്പ്രചാരണങ്ങളെ എതിര്‍ത്തുമാണ് സിപിഐ എം ഈ കര്‍ത്തവ്യം നിര്‍വഹിച്ചത്. ഇതൊക്കെ കാണിക്കുന്നത് സോവിയറ്റ് യൂണിയനും ചൈനയും തമ്മിലുണ്ടായ രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ (ഒരു ഘട്ടത്തില്‍ സൈനികവും) ഭിന്നിപ്പാണ് കമ്യൂണിസ്റ്റ് പാര്‍ടിയിലെ പിളര്‍പ്പിന് കാരണമെന്നത് അജ്ഞതയുടെ മറ്റൊരുദാഹരണം മാത്രമാണെന്നാണ്.
ഡാങ്കെയും കോണ്‍ഗ്രസും പാര്‍ടിയിലെ പിളര്‍പ്പിനുകാരണം സാര്‍വദേശീയ സംഭവങ്ങളെല്ലെന്നും ദേശീയരംഗത്ത് അംഗീകരിക്കേണ്ട നയപരിപാടികളെക്കുറിച്ചുള്ള ഭിന്നതയാണെന്നും ഇതില്‍നിന്ന് വ്യക്തമാകുമല്ലോ. അതില്‍ ഏറ്റവും പ്രധാനം കോണ്‍ഗ്രസിനോടുള്ള സമീപനം സംബന്ധിച്ചതാണ്. കോണ്‍ഗ്രസ് സാമ്രാജ്യത്വപക്ഷപാതികളായ കുത്തകമുതലാളിത്തത്തെ എതിര്‍ക്കുന്ന പുരോഗമനവാദികളായ ദേശീയ ബൂര്‍ഷ്വാസി ആണെന്നായിരുന്നു സിപിഐ പരിപാടിയില്‍ എഴുതിച്ചേര്‍ത്തത്. ഇന്ത്യന്‍ ദേശീയ ജനാധിപത്യ വിപ്ലവത്തിന്റെ സഖ്യകക്ഷിയായി കോണ്‍ഗ്രസിനെ പരിഗണിക്കണമെന്നായിരുന്നു അവരുടെ നിലപാട്. സിപിഐ എമ്മാകട്ടെ, കോണ്‍ഗ്രസ് സാമ്രാജ്യത്വവുമായി കൂട്ടുചേര്‍ന്നും നാടുവാഴിത്തവുമായി അധികാരം പങ്കിട്ടും ഭരിക്കുന്ന കുത്തക ബൂര്‍ഷ്വാസിയാണ് എന്ന് തറപ്പിച്ചു വാദിച്ചു. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ തിരുത്തല്‍വാദികളുമായി (റിവിഷനിസ്റ്റ്) തെറ്റിപ്പിരിഞ്ഞ് സിപിഐ എം രൂപീകൃതമായ ഏഴാം പാര്‍ടികോണ്‍ഗ്രസ് അംഗീകരിച്ച പാര്‍ടിപരിപാടിയില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ആ കോണ്‍ഗ്രസ് അംഗീകരിച്ച പൊളിറ്റിക്കല്‍ ഓര്‍ഗനൈസേഷന്‍ റിപ്പോര്‍ട്ടില്‍ ഇക്കാര്യം വസ്തുതകളും കണക്കുകളും നിരത്തി വിവരിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് ദേശീയബൂര്‍ഷ്വാസിയുടെ രാഷ്ട്രീയപാര്‍ടിയും ദേശീയ ജനാധിപത്യവിപ്ലവത്തിലെ സഖ്യകക്ഷിയുമാണെന്ന ഡാങ്കേയിസ്റ്റ് സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസുമായി ഒത്തുപോവുക എന്നതായിരുന്നു സിപിഐ നിലപാട്. അതിനോട് സിപിഐ എം യോജിച്ചില്ല എന്നതാണ് ഭിന്നതയുടെ അടിസ്ഥാനം.
നാഷണല്‍ കൗണ്‍സിലില്‍നിന്ന് 32 സഖാക്കള്‍ ഇറങ്ങിപ്പോയപ്പോള്‍ അവര്‍ ഒരുകാര്യം വ്യക്തമാക്കി. പ്രത്യയശാസ്ത്രഭിന്നത എന്തുതന്നെയായാലും ഇരുകൂട്ടരും ആസന്നമായ കേരളത്തിലെ പൊതുതെരഞ്ഞെടുപ്പില്‍ യോജിച്ചു മത്സരിക്കണമെന്നതായിരുന്നു അത്. എന്നാല്‍ , സിപിഐ അതിന് തയ്യാറായില്ല. 1965ല്‍ നടന്ന കേരളത്തിലെ പൊതുതെരഞ്ഞെടുപ്പ് ഏത് വിഭാഗത്തിനാണ് പാര്‍ടി അണികളുടെയും ജനങ്ങളുടെയും കൂടുതല്‍ പിന്തുണ ലഭിക്കുക എന്നതിന്റെ പരീക്ഷണമായി. സ്വന്തം നിലയില്‍ മത്സരിച്ച സിപിഐക്ക് മൂന്ന് സീറ്റു കിട്ടിയപ്പോള്‍ സിപിഐ എമ്മിന് കിട്ടിയത് 45. നിയമസഭയില്‍ ആര്‍ക്കും ഭൂരിപക്ഷം കിട്ടാതിരുന്നതിനാല്‍ കേന്ദ്രസര്‍ക്കാര്‍ ഈ നിയമസഭ പിരിച്ചുവിട്ടു. ഈ ലേഖകനുള്‍പ്പെടെ തെരഞ്ഞെടുപ്പില്‍ ജയിച്ച സിപിഐ എമ്മുകാര്‍ മിക്കവരും ചൈനാചാരന്മാര്‍ എന്ന് മുദ്രകുത്തപ്പെട്ട് ജയിലില്‍ കഴിഞ്ഞാണ് അന്ന് മത്സരിച്ചത്. ഇതില്‍നിന്ന് പാഠം പഠിച്ച സിപിഐക്കാര്‍ ഇത്തരം സാഹസികതയ്ക്ക് മുതിരേണ്ടതില്ല എന്നു തീരുമാനിക്കുകയും 1967ല്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ സിപിഐ എമ്മിന്റെ നേതൃത്വത്തിലുള്ള "സപ്തകക്ഷി" മുന്നണിയില്‍ ചേര്‍ന്ന് മത്സരിച്ച് സീറ്റുകള്‍ നേടുകയും രണ്ടാം ഇ എം എസ് മന്ത്രിസഭയില്‍ പങ്കുചേരുകയും ചെയ്തു. പക്ഷേ അവരുടെ പഴയ കോണ്‍ഗ്രസ് പ്രേമം എന്ന സുഖക്കേട് ഭേദമായിരുന്നില്ല.
സപ്തകക്ഷി മുന്നണിക്കകത്ത് കുറുമുന്നണി രൂപീകരിച്ച് കോണ്‍ഗ്രസിന്റെ സഹായത്തോടെ ഇ എം എസ് മന്ത്രിസഭയെ താഴെയിറക്കുകയും സി അച്യുതമേനോനെ ഡല്‍ഹിയില്‍നിന്ന് വരുത്തി മുഖ്യമന്ത്രിയായി അവരോധിക്കുകയുംചെയ്തു. അടിയന്തരാവസ്ഥക്കാലത്തെ സകലവിധ മര്‍ദന നടപടികള്‍ക്കും കൈയാളായി പ്രവര്‍ത്തിക്കാന്‍ അച്യുതമേനോനോ സിപിഐക്കോ മനഃസാക്ഷിക്കുത്തുണ്ടായില്ല. അങ്ങനെ കോണ്‍ഗ്രസ് സേവ വിജയകരമായി തുടര്‍ന്നപ്പോഴാണ് അടിയന്തരാവസ്ഥയ്ക്കുശേഷം നടന്ന തെരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധി ഉള്‍പ്പെടെ കോണ്‍ഗ്രസ് അപ്പാടെ നിലംപൊത്തിയത്. ഒടിഞ്ഞുവീഴാന്‍ തുടങ്ങുന്ന മരക്കൊമ്പില്‍ കടിച്ചുതൂങ്ങുന്നത് അപകടമാണെന്ന് മനസിലാക്കി സിപിഐ ഇന്ദിരാഗാന്ധിയെ കൈയൊഴിയുകയും 1978ല്‍ ഭട്ടിന്‍ഡയില്‍ പാര്‍ടി കോണ്‍ഗ്രസ് ചേര്‍ന്ന് കോണ്‍ഗ്രസിന് പിന്തുണ നല്‍കുന്ന നയം തെറ്റാണെന്ന് പ്രഖ്യാപിച്ചു.
ബിനോയിയുടെ ശരികള്‍
ഈ ചരിത്രമൊന്നും പഠിക്കാതെ പാര്‍ടിയിലെ പിളര്‍പ്പിന് കാരണക്കാര്‍ സിപിഐ എമ്മുകാരാണെന്നും ഇപ്പോള്‍ കമ്യൂണിസ്റ്റ് ഐക്യത്തിന് വിഘാതമായി നില്‍ക്കുന്നവര്‍ അവരാണെന്നും വരത്തക്കവിധത്തില്‍ ബിനോയ് വിശ്വം എഴുതിപ്പിടിപ്പിക്കുന്നത് കമ്യൂണിസ്റ്റ് ഐക്യത്തിന് പ്രതിബന്ധമായിത്തീരും. ഭട്ടിന്‍ഡയില്‍വച്ച് നീണ്ടകാലത്തെ തെറ്റുകള്‍ തിരുത്തുക മാത്രമല്ല സിപിഐ ചെയ്തത്. ഈ തെറ്റുകളുടെ എല്ലാം മൂലസ്രോതസ്സായിരുന്ന ഡാങ്കെയെ പുറത്താക്കുകയുംചെയ്തു. ഏതായാലും സിപിഐയുടെ ഭട്ടിന്‍ഡ കോണ്‍ഗ്രസ് ഇന്ത്യയിലെ ഇടതുപക്ഷപ്രസ്ഥാനത്തിന്റെ പുരോഗതിയെ സഹായിച്ചു. ഇടതുപക്ഷ ജനാധിപത്യമുന്നണിയാണ് കോണ്‍ഗ്രസിനും അവരുടെ സഖ്യകക്ഷികള്‍ക്കുമെതിരായ ബദല്‍ എന്ന സിപിഐ എമ്മിന്റെ നിലപാട് വൈകിയാണെങ്കിലും സിപിഐ അംഗീകരിച്ചു. ഈ ഇടതുപക്ഷജനാധിപത്യ മുന്നണിയുടെ അടിത്തറ ഇടതുപക്ഷകക്ഷികള്‍ തമ്മിലുള്ള ഐക്യമാണ്. ഇടതുപക്ഷ കക്ഷികളുടെ ഐക്യത്തിന്റെ ശക്തി രണ്ടു കമ്യൂണിസ്റ്റ് പാര്‍ടികളും തമ്മിലുള്ള ഐക്യമാണെന്ന് സിപിഐ എം കരുതുന്നു. അത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന ബിനോയ് വിശ്വത്തിന്റെ വാദം തികച്ചും ശരിയാണ്. എന്നാല്‍, രണ്ടുപാര്‍ടികള്‍ തമ്മിലുള്ള ഐക്യവും അവ തമ്മിലുള്ള ലയനവും രണ്ടുകാര്യമാണ്.
കേരള കോണ്‍ഗ്രസിലും വീരേന്ദ്രകുമാറിന്റെ പാര്‍ടിയിലും മറ്റും നടക്കുന്നതുപോലെ ഇഷ്ടംപോലെ വളരുകയും സൗകര്യപ്പെടുമ്പോള്‍ ഒന്നിക്കുകയും അധികാരരാഷ്ട്രീയത്തിലെ ആവശ്യങ്ങളനുസരിച്ച് തിരിമറികള്‍ നടത്തുകയുംചെയ്യാന്‍ കമ്യൂണിസ്റ്റ് പാര്‍ടികള്‍ക്ക് കഴിയില്ല. ബിനോയ് വിശ്വം കമ്യൂണിസ്റ്റ് ഐക്യം എന്നുപറയുമ്പോള്‍ അത് ലയനമാണോ എന്ന് വ്യക്തമാക്കുന്നില്ല. ലയനമാണെന്ന് തോന്നത്തക്കവിധത്തിലാണ് പല പരാമര്‍ശങ്ങളും അദ്ദേഹം നടത്തുന്നത്. സോവിയറ്റ്-ചൈന തര്‍ക്കമാണ് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പിളര്‍പ്പിന് കാരണമെന്ന അജ്ഞാതാവിലസിതമായ ധാരണയുടെ തടവുകാരനാണ് ബിനോയ്. പഴയ ഭിന്നിപ്പുകളൊക്കെ അവസാനിച്ച് കമ്യൂണിസ്റ്റ് പാര്‍ടികള്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ഈ സാഹചര്യത്തിലും ലയനമെന്നത് അനായാസമല്ല. അതിനുള്ള സന്ദര്‍ഭം ഉണ്ടാകണമെങ്കില്‍ മാണിയും ജോസഫും മറ്റും ചെയ്യുന്നതുപോലെ വെറുതെയങ്ങ് ലയിച്ചാല്‍ പോരാ എന്ന കാര്യം ബിനോയ് വിശ്വം അദ്ദേഹത്തിന്റെ സദുദ്ദേശ പ്രേരിതമായിരിക്കാനിടയുള്ള ലേഖനത്തില്‍ വിസ്മരിക്കുന്നു.
*****
പി ഗോവിന്ദപ്പിള്ള, കടപ്പാട് ദേശാഭിമാനി
Subscribe to:
Post Comments (Atom)
2 comments:
പാര്‍ടിയിലെ പിളര്‍പ്പിന് കാരണക്കാര്‍ സിപിഐ എമ്മുകാരാണെന്നും ഇപ്പോള്‍ കമ്യൂണിസ്റ്റ് ഐക്യത്തിന് വിഘാതമായി നില്‍ക്കുന്നവര്‍ അവരാണെന്നും വരത്തക്കവിധത്തില്‍ ബിനോയ് വിശ്വം എഴുതിപ്പിടിപ്പിക്കുന്നത് കമ്യൂണിസ്റ്റ് ഐക്യത്തിന് പ്രതിബന്ധമായിത്തീരും. ഭട്ടിന്‍ഡയില്‍വച്ച് നീണ്ടകാലത്തെ തെറ്റുകള്‍ തിരുത്തുക മാത്രമല്ല സിപിഐ ചെയ്തത്. ഈ തെറ്റുകളുടെ എല്ലാം മൂലസ്രോതസ്സായിരുന്ന ഡാങ്കെയെ പുറത്താക്കുകയുംചെയ്തു. ഏതായാലും സിപിഐയുടെ ഭട്ടിന്‍ഡ കോണ്‍ഗ്രസ് ഇന്ത്യയിലെ ഇടതുപക്ഷപ്രസ്ഥാനത്തിന്റെ പുരോഗതിയെ സഹായിച്ചു. ഇടതുപക്ഷ ജനാധിപത്യമുന്നണിയാണ് കോണ്‍ഗ്രസിനും അവരുടെ സഖ്യകക്ഷികള്‍ക്കുമെതിരായ ബദല്‍ എന്ന സിപിഐ എമ്മിന്റെ നിലപാട് വൈകിയാണെങ്കിലും സിപിഐ അംഗീകരിച്ചു. ഈ ഇടതുപക്ഷജനാധിപത്യ മുന്നണിയുടെ അടിത്തറ ഇടതുപക്ഷകക്ഷികള്‍ തമ്മിലുള്ള ഐക്യമാണ്. ഇടതുപക്ഷ കക്ഷികളുടെ ഐക്യത്തിന്റെ ശക്തി രണ്ടു കമ്യൂണിസ്റ്റ് പാര്‍ടികളും തമ്മിലുള്ള ഐക്യമാണെന്ന് സിപിഐ എം കരുതുന്നു. അത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന ബിനോയ് വിശ്വത്തിന്റെ വാദം തികച്ചും ശരിയാണ്. എന്നാല്‍, രണ്ടുപാര്‍ടികള്‍ തമ്മിലുള്ള ഐക്യവും അവ തമ്മിലുള്ള ലയനവും രണ്ടുകാര്യമാണ്.
ഹി ഹി ഹി...... ഒലക്കേടെ മൂട്.
Post a Comment