സംഘശക്തിക്കുമുന്നില്‍ പ്രതിബന്ധങ്ങളില്ലാതാവും.ഐക്യമുണ്ടായാല്‍ അസാധ്യമായതെന്തും നേടിയെടുക്കാമെന്നതിന്റെ ഉദാഹരണമാണ് കോഴിക്കോട്ടെ ഓട്ടോഡ്രൈവര്‍മാരുടെ കൂട്ടായ്മ. 21 ഓട്ടോഡ്രൈവര്‍മാര്‍ ചേര്‍ന്ന് സംഘം രൂപീകരിച്ച് വാങ്ങിയ മൂന്നു ഓട്ടോകളാണ് നിരത്തിലോടുന്നത്.പലരും വര്‍ഷങ്ങളായി ഓട്ടോ ഓടിക്കുന്നവരാണ്. എന്നാല്‍ സ്വന്തമായി ഓട്ടോയുള്ളവര്‍ വിരലിലെണ്ണാവുന്നവര്‍ . ദിവസക്കൂലിക്ക് ഓടുന്നവര്‍ എന്നപേരില്ലതാക്കാനാണ് സ്വന്തമായി ഓട്ടോ വാങ്ങിയത്. സ്വന്തമെന്നാല്‍ മാവേലി സ്വാശ്രയസംഘമെന്നര്‍ഥം. ആദ്യഘട്ടത്തില്‍ മൂന്ന് ഓട്ടോകള്‍ സംഘം നിരത്തിലിറക്കി. ഒരു ഡീസലും രണ്ടു പെട്രോള്‍ വണ്ടികളുംആറു ലക്ഷം രൂപ വായ്പയെടുത്താണ് സംഘത്തിന്റെ പേരില്‍ ഓട്ടോകള്‍ വാങ്ങിയത്.നൂറുകണക്കിന് ഓട്ടോകള്‍ സര്‍വീസ് നടത്തുന്ന നഗരത്തില്‍ മാവേലി സ്വാശ്രയസംഘത്തിന്റെ ഓട്ടോകള്‍ക്ക് എന്തു പ്രസക്തി എന്നുചോദിക്കാന്‍ വരട്ടെ. അപകടമുണ്ടാക്കി, യാത്രക്കാരോട് തല്ലുണ്ടാക്കി "കച്ചറക്ക്" തങ്ങളില്ലെന്ന് ആദ്യമേ ഇവര്‍ പറഞ്ഞുകഴിഞ്ഞു.
ന്യായമായ വാടകയും, മാന്യമായ പെരുമാറ്റവും പാലിക്കാന്‍ ഒപ്പം ഉറപ്പുനല്‍കുന്നു. കുണ്ടുംകുഴിയും നിറഞ്ഞ റോഡുകളും ട്രാഫിക് ബ്ലോക്കുകളും തങ്ങളുടെ ജോലിയെ പ്രതികൂലമായി ബാധിച്ചു തുടങ്ങിയതായി ഡ്രൈവര്‍മാര്‍ പറയുന്നു. നിരന്തരം കുണ്ടും കുഴിയിലും ചാടുന്നതു കാരണം നടുവേദന നിത്യരോഗമായി. വണ്ടിക്കുണ്ടാകുന്ന അറ്റകുറ്റപ്പണിക്ക് വേറെ തുക കണ്ടെത്തണം. കൂടിയ വാടക നല്‍കി ഓട്ടോ ഓടിച്ച് ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണ്. ട്രാഫിക് നിയമങ്ങള്‍ ഏറ്റവും കൂടുതല്‍ കുടുക്കിലാക്കുന്നതും ഓട്ടോക്കാരെയാണ്. ഒരു ട്രാഫിക് ലംഘനത്തിന് ചുരുങ്ങിയത് 100 രൂപയാണ് ഫൈന്‍ . രാത്രിവരെ ഓട്ടോ ഓടിച്ചാല്‍ മിച്ചം കിട്ടുന്നത് 150-250 രൂപ. ട്രാഫിക് പൊലീസിന്റെ പിടിയിലാകുന്നതോടെ ഇതും ഇല്ലാതാവും. സംഘത്തിലെ 21 ഡ്രൈവര്‍മാരും നഗരത്തില്‍ ഓട്ടോയുമായി കാണുമെങ്കിലും മാവേലി സ്വാശ്രയസംഘമെന്ന പേര് മൂന്ന് ഓട്ടോയുടെ മുകളില്‍ ഒതുങ്ങും. കൂലിക്ക് ഓടുന്ന ഓട്ടോക്കാരാണ് മറ്റുള്ളവര്‍ . ചിലരുടെ ഓട്ടോയുടെ ബാങ്ക് വായ്പ അടച്ചുതീര്‍ന്നിട്ടില്ല. സ്വാശ്രയസംഘത്തിന്റെ ഓട്ടോ ദിവസ വാടകക്കാണ് സംഘാംഗങ്ങള്‍ക്ക് കൊടുത്തിരിക്കുന്നത്. പാവപ്പെട്ട മൂന്നു ഡ്രൈവര്‍മാര്‍ക്കാണ് ഓട്ടോ നല്‍കിയത്. പെട്രോള്‍ ഓട്ടോ ഓട്ടുന്നവര്‍ പ്രതിദിനം 200 രൂപയും ഡീസല്‍ ഓട്ടോ ഓടിക്കുന്നയാള്‍ 250 രൂപയും സംഘത്തിനു വാടകയായി നല്‍കണം. ഇത് കൃത്യമായി വാങ്ങിക്കാനും ആളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇവര്‍ തുക വാങ്ങി സംഘത്തിന്റെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കും. മാസം 4500 രൂപ വീതം ഓട്ടോയുടെ വായ്പക്ക് തിരിച്ചടവുണ്ട്.
കല്ലായ് റോഡിലെ സൗത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്കില്‍ നിന്നാണ് വായ്പയെടുത്തത്. വാടക കൊടുക്കണമെങ്കിലും സ്വാശ്രയസംഘത്തിലെ ഡ്രൈവര്‍ക്ക് രാത്രിയോ പകലോ എന്നില്ലാതെ ഓട്ടോ ഓടിക്കാം. വീട്ടിലേക്ക് കൊണ്ടുപോകാം. സാധാരണ കൂലിക്ക് ഓടുന്നവര്‍ രാവിലെ ഉടമയുടെ വീട്ടില്‍നിന്ന് ഓട്ടോയെടുത്ത് വൈകീട്ട് ഉടമയുടെ വീട്ടില്‍ എത്തിക്കണം. എന്നാല്‍ സംഘം ഓട്ടോക്ക് ഇത് ബാധകമല്ല.വാടകക്ക് ഓടുന്ന ഡ്രൈവര്‍മാരുടെ ഏറ്റവും വലിയ സ്വപ്നം സ്വന്തമായി ഓട്ടോയുണ്ടാവുകയാണ്. എങ്കിലും സംഘത്തില്‍ ഉടമ- തൊഴിലാളി ബന്ധമില്ലാത്തതിനാല്‍ ഓട്ടോഡ്രൈവര്‍മാര്‍ക്കും സന്തോഷം. 25 വര്‍ഷമായി ഓട്ടോ ഓടിക്കുന്ന ശശീന്ദ്രനാണ് സംഘത്തിന്റെ സെക്രട്ടറി. സലാം പുതിയപാലമാണ് പ്രസിഡന്റ്. പാളയം ഇംപീരിയല്‍ ഹോട്ടലിനു സമീപമാണ് ഓട്ടോകള്‍ പാര്‍ക്ക് ചെയ്യുക. പുഞ്ചിരി, തണല്‍ എന്നീ രണ്ടുസ്വാശ്രയസംഘങ്ങളുടെ ഓട്ടോകളും ഇവിടെയുണ്ട്. തണല്‍ സ്വാശ്രയസംഘത്തിന് ഏഴും പുഞ്ചിരിക്ക് രണ്ടും ഓട്ടോകളാണ് ഉള്ളത്. എല്ലാസംഘങ്ങളുടെയും പ്രവര്‍ത്തന രീതി ഒരുപോലെയാണ്. വായ്പയെടുത്താണ് ഇവരും ഓട്ടോ വാങ്ങിയത്. മാവേലി ഉള്‍പ്പെടെ സ്വാശ്രയസംഘ ഓട്ടോകളുടെ എണ്ണം 12 ആയി. മായാവി, സംഗമം, ന്യുകൈരളി എന്നീ സംഘങ്ങള്‍ ഓട്ടോകള്‍ വാങ്ങാനുള്ള തയ്യാറെടുപ്പിലാണ്.
*
എ സുനീഷ് ദേശാഭിമാനി
Sunday, July 10, 2011
Subscribe to:
Post Comments (Atom)
1 comment:

Post a Comment