ഹെമിങ്വേയും വി കെ എന്നും തമ്മില്‍ ശൈലിയുടെ കാര്യത്തില്‍ എന്തെങ്കിലും കൊടുക്കല്‍ വാങ്ങലുകള്‍ ഉണ്ടോ? ചോദ്യം എന്റേതാണ്. വി കെ എന്‍ ഏറെ ആദരിക്കുന്ന എഴുത്തുകാരനാണ് ഹെമിങ്വേ എന്നെനിക്കറിയാം. ഹെമിങ്വേയുടെ ശൈലീഗാംഭീര്യത്തെപ്പറ്റി, ഭാഷയുടെ ചടുതലയെയും താളാത്മകതയെയുംപറ്റി, ഇംഗ്ലീഷ് മെച്ചപ്പെടുത്താനായി അദ്ദേഹം ടൈമും ന്യൂസ്വീക്കും നോക്കിയിരുന്നതിനെപ്പറ്റി വി കെ എന്‍ കുറച്ചു മുന്‍പാണ് സംസാരിച്ചത്. ഇത് മനസ്സില്‍ വച്ചുകൊണ്ടായിരുന്നു എന്റെ ഈ കുസൃതിച്ചോദ്യം. കേരള സാഹിത്യ അക്കാദമി 1980കളില്‍ സുല്‍ത്താന്‍ ബത്തേരിയില്‍ യുവസാഹിത്യകാരന്മാര്‍ക്കുവേണ്ടി സംഘടിപ്പിച്ച ക്യാമ്പാണ് രംഗം. ക്യാമ്പിലെ മുഖ്യ ആകര്‍ഷണം വി കെ എന്‍ ആയിരുന്നു. അപ്രതീക്ഷിതമായിരുന്നു എന്റെ ചോദ്യം. വി കെ എന്‍ എന്നെ നോക്കി, സാകൂതം. എന്നിട്ട് ഒരു മറുചോദ്യം:
"എന്താ ഇപ്പം അങ്ങനെ നിരീക്കാന്‍ ?"
ഞാന്‍ വിശദീകരിച്ചു. ഞങ്ങളില്‍ പലരെയും ലഹരി പിടിപ്പിച്ച ഒരു വി കെ എന്‍ പ്രയോഗമാണ് "ഉഗ്രന്‍". ഹെമിങ്വേയുടെ "ഫെയര്‍വെല്‍ ടു ആംസി"ല്‍ യു ആര്‍ ഗ്രേറ്റ്, കേമന്‍ , കെങ്കേമന്‍ തുടങ്ങിയ സദൃശപ്രയോഗങ്ങള്‍ കാണാം. എങ്ങനെ വന്നു ഈ സാദൃശ്യം?
അതെനിക്കറിയില്ല. വി കെ എന്‍ പറഞ്ഞു: വാസ്തവത്തില്‍ അങ്ങേര്‍ക്ക് എന്നെ ഫോളോ ചെയ്യേണ്ട കാര്യമില്ല. അപ്പോപ്പിന്നെ ഞാന്‍ ഫോളോ ചെയ്തുവോ? പാം പറ. എന്റെ വാക്കുകള്‍ നിങ്ങള്‍ക്ക് തള്ളാം, കൊള്ളാം. പക്ഷേ, "പറഞ്ഞുപോകരുതിതു മറ്റൊന്നിന്റെ പകര്‍പ്പെന്നുമാത്രം".
സംവാദം കഴിഞ്ഞ്, ഉച്ചയൂണിന്റെ ഇടവേളയില്‍ വി കെ എന്‍ എന്നെ തേടിപ്പിടിച്ചു. എന്റെ ബയോഡാറ്റയും വായനാശീലങ്ങളും ചോര്‍ത്തിയെടുത്തു. അധികവായനക്കായി ഏതാനും പുസ്തകങ്ങളും പറഞ്ഞുതന്നു. ഹെമിങ്വേയെ കൂടുതല്‍ പഠിക്കാന്‍ നിര്‍ദേശിച്ചു. അത് "വണ്‍ട്രാക്ക്" വായന ആയാല്‍ പോരെന്നും ക്രോസ് റീഡിങ് വേണമെന്നും ഓര്‍മിപ്പിച്ചു. പില്‍ക്കാലത്ത് ഹെമിങ്വേയുടെ "ദി ഓള്‍ഡ് മാന്‍ ആന്‍ഡ് ദ സീ" ഭാഷാന്തരം ചെയ്യാന്‍ എന്നെ തുണച്ചത് വി കെ എന്നിന്റെ ഈ ഉപദേശമായിരുന്നു. അക്കാദമിയില്‍ അന്ന് പ്രസിദ്ധീകരണങ്ങളുടെ ചുമതല വഹിക്കുകയായിരുന്നു ഞാന്‍ . വി കെ എന്നുമായുള്ള ബന്ധത്തിന് ശക്തി പകരാന്‍ ഈ ജോലി എന്നെ സഹായിച്ചു. വേദച്ചേച്ചി (വി കെ എന്നിന്റെ ഭാര്യ) യുടെ പിതാവിന്റെയും എന്റെ ഭാര്യ ഇന്ദിരയുടെയും ദേശം കാസര്‍കോടാണ് എന്നുള്ളതും ഈ ബന്ധത്തിന് ആക്കംകൂട്ടി.
വിചിത്രമായിരുന്നു വി കെ എന്നിന്റെ രീതികള്‍ . അവ വിശേഷാല്‍ പഠനം അര്‍ഹിക്കുന്നു. തെന്നാലിരാമനും തോലനും കുഞ്ചനുമെല്ലാം വി കെ എന്നില്‍ ഉള്ളടങ്ങിയിരിക്കുന്നു. വാക് സാമര്‍ഥ്യവും പാണ്ഡിത്യവും നിരീക്ഷണ വൈഭവവും തീക്ഷ്ണമായ വിമര്‍ശന വാസനയുമെല്ലാം ഒപ്പത്തിനൊപ്പം ചേര്‍ന്നിട്ടുള്ള അപൂര്‍വ ചേരുവ. എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്, പയ്യന്‍ വി കെ എന്നിന്റെ "ട്രൂ കോപ്പി" അല്ലേ എന്ന്. നമ്പൂതിരിയുടെ പയ്യന്‍ ചിത്രങ്ങള്‍ ഈ തോന്നലിനെ ബലപ്പെടുത്തിയിട്ടുമുണ്ട്. കേരളത്തില്‍, വി കെ എന്‍ പയ്യന്‍ശൈലിയില്‍ വസ്ത്രങ്ങള്‍ അണിയാറില്ലെന്നേയുള്ളു. പയ്യന്റെ പല ശീലങ്ങളും പെരുമാറ്റങ്ങളും പ്രത്യേകതകളും വി കെ എന്‍ കൊണ്ടുനടക്കാറുള്ളതാണ്.
"ഞാന്‍ സ്വയം രസികനാണെന്നു മാത്രമല്ല, മറ്റുള്ളവരുടെ രസികത്വത്തിന് കാരണവും ഞാന്‍ തന്നെയാണ്" - ഷെയ്ക്സ്പിയറുടെ ഫോള്‍സ്റ്റാഫ് പറയുന്നു. ഒരു വിധത്തില്‍ ഇതുപോലെയാണ് പയ്യന്റെയും അവസ്ഥയെന്ന് കെ പി അപ്പന്‍ തന്റെ ലേഖനത്തില്‍ (ചിരിയുടെ ചുറ്റികപ്രയോഗം) സൂചിപ്പിക്കുന്നു. ഫലിതം സൃഷ്ടിക്കുന്നത് പയ്യനാണ്. ഫലിതത്തിന്റെ കാരണവും പയ്യന്‍ തന്നെ. പ്രമേയത്തിന്റെ അടിത്തട്ടിലും മുകള്‍ത്തട്ടിലും ഒരുപോലെ കളിച്ചുകൊണ്ടാണ് ഇതെല്ലാം വി കെ എന്‍ സൃഷ്ടിക്കുന്നതെന്ന് കെ പി അപ്പന്‍ തുടര്‍ന്നുപറയുന്നു. കളിക്കാരന്‍ പയ്യനാണെങ്കിലും കളിക്കുന്നത് വി കെ എന്‍ തന്നെ.
മുണ്ടിലും ഷര്‍ട്ടിലുമാണ് വി കെ എന്‍ അക്കാദമിയില്‍ പ്രവേശിക്കുക. ആദ്യകാലങ്ങളില്‍ തിരുവില്വാമല-തൃശൂര്‍ ബസ്സിലായിരുന്നു യാത്ര. പിന്നീടത് കാറിലാക്കി. മിക്കപ്പോഴും കൂട്ടിന് ഒരാളുണ്ടാവും. അക്കാദമിയിലെ ചടങ്ങ് കഴിഞ്ഞാല്‍ പിന്നെ എന്റെ മുറിയിലേക്ക് വരും. കൂടെ ആരെങ്കിലും കാണും. കാക്കനാടനോ സി വി ശ്രീരാമനോ വി പി മുഹമ്മദോ അങ്ങനെ ആരെങ്കിലും. തുടര്‍ന്ന് സംഭാഷണങ്ങളുടെ പെരുമഴയായി, പൊട്ടിച്ചിരികളുടെ വര്‍ണപ്പകിട്ടായി. ചരിത്രവും രാഷ്ട്രീയവും സാഹിത്യവും സാമൂഹിക വിജ്ഞാനവും സമ്പദ്ശാസ്ത്രവും പരിസ്ഥിതിയും ടെക്നോളജിയും ജ്യോതിഷവും കമ്യൂണിസവും കാമശാസ്ത്രവും പാചകവിദ്യയുമെല്ലാം ആ ഭാഷണങ്ങളില്‍ സമ്മേളിച്ചുനില്‍ക്കുന്നതുകണ്ട് ഞാന്‍ പലപ്പോഴും അമ്പരന്നുപോയിട്ടുണ്ട്. നല്ലൊരു എന്‍സൈക്ലോപീഡിയ തുറന്നുവച്ച അനുഭവമാണ് ആ സംഭാഷണങ്ങള്‍ എനിക്ക് സമ്മാനിച്ചിരുന്നത്. ശ്രീബുദ്ധന്‍, ശങ്കരാചാര്യര്‍, ഹോമര്‍, ഷെയ്ക്സ്പിയര്‍, കാളിദാസന്‍, കാറല്‍മാര്‍ക്സ്, ജയിംസ് തര്‍ബര്‍, ആര്‍തര്‍ മില്ലര്‍, ടെന്നസി വില്യംസ്, ജോണ്‍ ഗന്തര്‍, ഇബ്സന്‍, വാള്‍ട്ടര്‍ സ്കോട്ട്, മാക്കം മഗ്റിജ്, റിച്ചഡ് ആര്‍മര്‍, വാള്‍ട്ടര്‍ മിറ്റി, ഫ്രോയിഡ്, യുങ്, കെയ്ന്‍സ്, ഇ എം എസ്, എം എസ് സ്വാമിനാഥന്‍, ലിറ്റന്‍ സ്ട്രാച്ചി, ടോയന്‍ബി, മാര്‍ക്ട്വയിന്‍, കര്‍ട്ട്വോണ്‍ഗട്ട്, വനഫൂല്‍, സാര്‍ത്ര്, ഹെമിങ്വേ, കാഫ്ക, കാമു, എലിയറ്റ് തുടങ്ങി പ്രശസ്തരുടെ ഒരു വന്‍ നിരതന്നെ ആ സംഭാഷണങ്ങളില്‍ കയറിയിറങ്ങും. ആ സംഭാഷണം ചിലപ്പോള്‍ അവരുടെ പുസ്തകങ്ങളിലേക്കും മറ്റു ചിലപ്പോള്‍ അവരുടെ സ്വകാര്യജീവിതങ്ങളിലേക്കും നീളുന്നത് അത്ഭുതത്തോടെ ഞാന്‍ ശ്രദ്ധിച്ചിരുന്നിട്ടുണ്ട്.
എങ്ങനെയാണ് ഇത്രയധികം "ഇന്‍ഫര്‍മേഷന്‍" വി കെ എന്‍ കൈക്കലാക്കിയത്? ബ്രിട്ടീഷ് പത്രപ്രവര്‍ത്തകനും ചിന്തകനുമായ മാല്‍ക്കം മഗ്റിജ് ചിത്രകാരി അമൃത ഷെര്‍ഗിലുമായി പ്രണയത്തിലാണ്ട കഥ, നൊബേല്‍ സമ്മാന സമര്‍പ്പണവേളയില്‍ ഹെമിങ്വേ സമ്മാനം വാങ്ങാന്‍ സ്റ്റോക്ഹോമില്‍ പോകാതെ ഹവാനയില്‍ ചൂണ്ടയിട്ടു നടന്ന കഥ, കൊളോണിയല്‍ കാലത്ത് ഇന്ത്യയിലെ ക്ഷാമത്തെ ലോഡ് ലിട്ടന്‍ എന്ന വൈസ്രോയി പരിഹരിച്ച കഥ, കാളിദാസന്‍ ഭോജരാജന്റെ സന്നിധിയില്‍ ചെന്ന് ശ്ലോകം കാഴ്ചവച്ച് ശാപ്പാടും വരാഹനും തരപ്പെടുത്തിയ കഥ, ബ്രിട്ടനിലേയും അമേരിക്കയിലേയും രാഷ്ട്രത്തലവന്മാര്‍ ലോകമഹായുദ്ധ വേളയില്‍ കപ്പല്‍ യാത്രയ്ക്കിടയില്‍ സന്ധിച്ച കഥ, കല്പാത്തിയിലെ ബ്രാഹ്മണരില്‍ ചിലര്‍ രണ്ടാംലോക യുദ്ധകാലത്ത് ജര്‍മന്‍ പഠിക്കാന്‍ മിനക്കെട്ട കഥ അങ്ങനെ എത്രയോ കഥകള്‍ അക്കാദമിയിലെ ആ മുറിയില്‍വച്ച് കേള്‍ക്കാന്‍ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. പലതും ഞാന്‍ കുറിച്ചുവച്ചിട്ടുണ്ട്.
ഒരിക്കല്‍ കാളിദാസന്റെ ഭാവനയെപ്പറ്റി പറഞ്ഞത് ഓര്‍ക്കുന്നു. "കുമാരസംഭവത്തില്‍ കഷ്ടിച്ച് 96 ശ്ലോകങ്ങളേ ഉള്ളൂ. നായകന് പേര് പോലുമില്ല. ഏതോ ഒരു ജനാര്‍ദനന്‍നായര്‍ രാവിലെ എണീറ്റപ്പോള്‍ ഒരു ഉളുക്ക് തോന്നി. കശ്ചിത് കാന്താ... എന്നു തുടങ്ങുന്ന ശ്ലോകന്‍! ഒടുവില്‍ പാര്‍വതിയുടെ മേല്‍ പതിച്ച ആദ്യത്തെ മഴത്തുള്ളിയുടെ കഥ നോക്കുക. അത് നെറ്റിയിലും കണ്ണിലും ചുണ്ടിലും ഹാജരായ ശേഷം മുലകളില്‍ കയറി ചുറ്റും നോക്കി ട്രാഫിക് പൊലീസുകാരനെപ്പോലെ തിരിഞ്ഞ് നാഭിയില്‍ ചെന്നു പതിക്കുകയാണ്". ഇതാണ് ഭാവന.
ഇക്കാര്യം വി കെ എന്‍ വിവരിച്ചപ്പോള്‍ പണ്ട് എം എ ക്ലാസില്‍ ഇതേ ഭാവനയെ ഞാന്‍ ചോദ്യം ചെയ്ത കാര്യം വി കെ എന്നിനോട് പറഞ്ഞു. പിഷാരടി മാഷായിരുന്നു കുമാരസംഭവം പഠിപ്പിച്ചിരുന്നത്. മഴത്തുള്ളി മൂര്‍ധാവില്‍നിന്ന് ഇമകളിലേക്കും അവിടെനിന്ന് അധരത്തിലേക്കും പിന്നെ സ്തനങ്ങളിലേക്കും തുടര്‍ന്നു നാഭിയിലേക്കും കോണോടുകോണ്‍ ചേര്‍ന്നു സഞ്ചരിക്കുന്നതെങ്ങനെ എന്നായിരുന്നു എന്റെ ചോദ്യം. അതിന് പിഷാരടി മാസ്റ്റര്‍ നല്കിയ ഉത്തരം "അരസികേഷു കവിത്വ നിവേദനം ശിരസി മാലിഖ മാ ലിഖ" എന്നായിരുന്നു. പിഷാരടി മാസ്റ്ററെയും കവച്ചുവയ്ക്കുന്നതായിരുന്നു വി കെ എന്നിന്റെ പ്രതികരണം: ഭാഷയും സാഹിത്യവും അന്യംനിന്നുപോകാനുള്ള സാധ്യത തള്ളിക്കളയാവുന്നതല്ല! സംഭാഷണം ഇങ്ങനെ "കൊടുത്തും വാങ്ങിയും" മുന്നേറുന്നതിനിടയിലാവും ചില "വിശേഷാല്‍പ്പരുന്തു"കളുടെ വരവ്. വി കെ എന്നിനെ സല്‍ക്കരിക്കാനുള്ള തയാറെടുപ്പുമായാണ് അവരുടെ വരവ്. ടൗണിലെ ഏതെങ്കിലും ഹോട്ടല്‍മുറിയിലാകും മേളനം. ഭക്ഷണം, സുരാപാനം. ഭക്ഷണകാര്യത്തില്‍ പയ്യനും വികെ എന്നും സമാന മനസ്കര്‍ ആണ്. "പട്ടുപോലത്തെ കോഴി"യും "ആമ്പല്‍പ്പൂ പോലത്തെ ഇഡ്ഡലി"യും ഇരുവരുടെയും വീക്ക്നെസ് ആണ്. തീറ്റസാധനങ്ങള്‍ കാണുമ്പോഴല്ല, പയ്യന്‍ തിന്നുന്നത് കാണുമ്പോഴാണ് വായില്‍ വെള്ളമൂറുക എന്ന് "ലഞ്ച്" എന്ന കഥയില്‍ ഒരു പരാമര്‍ശമുണ്ട്. ഇത് വി കെ എന്നിനും ചാര്‍ത്തിക്കൊടുക്കാവുന്ന ബഹുമതിയാണ്.
ഒരിക്കല്‍ ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍വച്ച് ഭക്ഷണത്തോടൊപ്പം കത്തിയും മുള്ളും നല്കിയപ്പോള്‍ അതൊക്കെ മാറ്റിവച്ച് വി കെ എന്‍ കൈവിരലുകള്‍ ഉപയോഗിച്ച് കൃത്യം അതീവ സുന്ദരമായി നിര്‍വഹിച്ച കഥ കേട്ടിട്ടുണ്ട്. വി കെ എന്നിന്റെ കൂസലില്ലായ്മ കണ്ട് ഹോട്ടല്‍ മാനേജര്‍ ലീവില്‍ പോയി എന്നാണ് കഥാന്തരം.
മദ്യപാനത്തിന്റെ കാര്യത്തില്‍ വി കെ എന്നിന് സമയവും സന്ദര്‍ഭവുമൊന്നും പ്രശ്നമല്ല. രാത്രിയായാലും രാവിലെയായാലും മദ്യപിക്കാന്‍ ഒരു സങ്കോചവുമില്ല. മദ്യപിച്ചാല്‍ സ്വഭാവപരിണാമം വന്ന് വി കെ എന്‍ മറ്റൊരു വ്യക്തിയായിത്തീരും. ഈ വേളയില്‍ വി കെ എന്നിനെ നിയന്ത്രിക്കുന്നത് മദ്യമാണ്. ബഹളം വയ്പിക്കുന്നതും ചാത്തന്‍സിന്റെ ഭാഷണങ്ങള്‍ ഉറക്കെ പറയിക്കുന്നതും ഗ്ലാസും മറ്റും എറിഞ്ഞുടയ്ക്കുന്നതും മറ്റു "വേണ്ടാതീനങ്ങള്‍" ചെയ്യിക്കുന്നതുമെല്ലാം മദ്യത്തിന്റെ ഉത്തരവാദിത്തത്തില്‍ പെട്ടതാണ്. മദ്യപിക്കാത്ത സന്ദര്‍ഭങ്ങളില്‍ വി കെ എന്നിനെപ്പോലെ സ്നേഹസൗശീല്യങ്ങള്‍ കാട്ടുന്ന വ്യക്തികള്‍ അപൂര്‍വമായിരിക്കും. വി കെ എന്നിന്റെ ചുണ്ടിലെ നേര്‍ത്ത ചിരി കണ്ടാല്‍ മതി കാണുന്നവരുടെ ഉള്ളിലെ പ്രശ്നങ്ങളെല്ലാം നൊടിയിടെ അപ്രത്യക്ഷമാകും.
വി കെ എന്‍ അക്കാദമി ഗസ്റ്റ് ഹൗസില്‍ തങ്ങിയിരുന്ന ഒരു ദിനം ഞാനോര്‍ക്കുന്നു. ഇന്റര്‍കോമില്‍ ഓഫീസിലേക്ക് വിളിച്ചപ്പോള്‍ പ്രതികരണമൊന്നും ഉണ്ടായില്ല. ജീവനക്കാര്‍ വരുന്നതേയുള്ളു. വി കെ എന്‍ താഴേയ്ക്കിറങ്ങി നേരെ അഡ്മിനിസ്ട്രേറ്റീവ് റൂമില്‍ ചെന്നു. അവിടെ ലുങ്കി വേഷധാരിയായ ഒരു മധ്യവയസ്കന്‍ നിന്നുകൊണ്ട് ഫോണ്‍ ചെയ്യുന്നു. വി കെ എന്‍ അയാളോട് നിര്‍ദേശിച്ചു: "ബ്രിങ് മി വണ്‍ സോഡാ". അയാള്‍ കാര്യമറിയാതെ അമ്പരന്നുനില്‍ക്കെ വി കെ എന്‍ അക്ഷമനായി അലറി: "ഐ ടോള്‍ഡ് യു ടു ബ്രിങ് മി വണ്‍ സോഡാ". ആ മനുഷ്യന്‍ റസീവറും താഴെയിട്ട് പ്രാണനുംകൊണ്ട് ഓടിയെന്നു പറഞ്ഞാല്‍ മതിയല്ലോ. പിന്നീടയാളെ കണ്ടത് വി കെ എന്നുമായി ഹസ്തദാനം ചെയ്യുന്നതും വി കെ എന്നുമായി ഉറ്റ ചങ്ങാത്തം പുലര്‍ത്തുന്നതുമായ നിലയിലാണ്, ഉച്ചതിരിഞ്ഞ് രണ്ടുമണിക്ക്. കേരളത്തിലെ സാംസ്കാരിക പ്രവര്‍ത്തനങ്ങളെക്കുറിച്ചു മനസിലാക്കാന്‍ ആന്ധ്രയില്‍നിന്നെത്തിയ ഒരു ഉന്നത ഉദ്യോഗസ്ഥനായിരുന്നു അയാള്‍ , ഐ എ എസ്സുകാരന്‍!
ഇങ്ങനെ എത്രയോ സംഭവങ്ങള്‍ക്ക് സാക്ഷിയാകാന്‍ അക്കാദമിയിലെ ജീവിതം എന്നെ തുണച്ചിട്ടുണ്ട്. പക്ഷേ എന്നെ അമ്പരപ്പിച്ചത് ഇതൊന്നുമല്ല. അത് വി കെ എന്നിന് ഇംഗ്ലീഷ് സാഹിത്യത്തിലും ഭാഷയിലുമുള്ള അവഗാഹമാണ്. അക്കാദമിയുടെ വൈസ്പ്രസിഡന്റ് ആയിരിക്കെ അക്കാദമിയുടെ ഇംഗ്ലീഷ് ആനുകാലികമായ "മലയാളം ലിറ്ററി സര്‍വേ"യുടെ കണ്‍സല്‍ട്ടിങ് എഡിറ്റര്‍ ആയും വി കെ എന്‍ നിയോഗിക്കപ്പെട്ടു. അക്കാദമി പ്രസിദ്ധീകരണങ്ങളുടെ ചുമതല വഹിക്കുന്ന വ്യക്തി എന്ന നിലയ്ക്ക് എനിക്ക് വി കെ എന്നുമായി കൂടുതല്‍ ഇടപഴകാന്‍ ഇതവസരം നല്കി. മാസികയിലേക്ക് അയച്ചുകിട്ടിയ രചനകളുമായി ഞാന്‍ പലപ്പോഴും തിരുവില്വാമലയില്‍ ചെല്ലും. ആദ്യത്തെ തവണ ചെന്നപ്പോള്‍ വി കെ എന്‍ പറഞ്ഞ വാക്കുകള്‍ എന്നെ അമ്പരപ്പിക്കുകയാണ് ചെയ്തത്. വി കെ എന്‍ പറഞ്ഞു:
"പ്രഭാകരന്‍ , എന്റെ ഇംഗ്ലീഷ് ഇവിടത്തെ ചില പ്രൊഫസര്‍മാരുടെ ഇംഗ്ലീഷല്ല ട്ടോ, ഒരുമാതിരി "നോട്ടിനഫ്" ഇംഗ്ലീഷല്ലെന്നര്‍ഥം".
"അതെന്താ?"
എനിക്കു മനസിലായില്ല. വി കെ എന്‍ വ്യക്തമാക്കി:
"പണ്ടൊരു ഇംഗ്ലീഷ് പ്രൊഫസര്‍ വള്ളത്തോളിന്റെ പോരാ പോരാ നാളില്‍ നാളില്‍ ഇങ്കിരീസിലാക്കിയത് അങ്ങനെയാണ് -
"നോട്ട് ഇനഫ്, നോട്ട് ഇനഫ്, ഡേ ബൈ ഡേ, ഡേ ബൈ ഡേ..."
ഇത്തരം ഇംഗ്ലീഷ് എനിക്ക് വശമില്ല ട്ടോ".
ഭാഷ എന്താണെന്നും എന്തിനുവേണ്ടിയാണെന്നും എങ്ങനെയായിരിക്കണമെന്നുമുള്ള പാഠത്തിലേക്ക് വിരല്‍ ചൂണ്ടുകയായിരുന്നു വി കെ എന്‍ . ഞാന്‍ ഒരു പഠിതാവായി വി കെ എന്നിന്റെ മുന്നിലിരിക്കും. സര്‍വേയിലേക്കുള്ള മാറ്റര്‍ ഒന്നൊന്നായി രണ്ടുപേരും കൂടി പരിശോധിക്കും. ചിലത് ഉറക്കെ വായിക്കാന്‍ പറയും. മാറ്റിവയ്ക്കാന്‍ നിര്‍ദേശിക്കും. ചിലപ്പോള്‍ വാക്കുകളിലുടെ, വരികളിലൂടെ, ഖണ്ഡികകളിലൂടെ, പുറങ്ങളിലൂടെ വി കെ എന്നിന്റെ പേന സഞ്ചരിക്കും. യുദ്ധരംഗം പോലിരിക്കും വി കെ എന്നിന്റെ പേനയോട്ടം നടന്ന പല പേജുകളും. എഡിറ്റിങ്ങും വെട്ടും തിരുത്തുമെല്ലാം അനായാസം നിര്‍വഹിക്കും. മുന്നിലുള്ള പെന്‍ഗ്വിന്‍ ഡിക്ഷ്ണറിയില്‍ ഇടയ്ക്ക് നോക്കും. She attained puberty എന്ന വാചകത്തിന്റെ സ്ഥാനത്ത് She flowered എന്നെഴുതിയതോര്‍ക്കുന്നു.
ഈ പരിശോധനയ്ക്കിടയില്‍ വേദച്ചേച്ചി കാപ്പി തരും, ഊണിന്റെ സമയമായാല്‍ ഊണ് തരും. വൈകുന്നേരമായാല്‍ ഞാന്‍ തൃശൂരിലേക്ക് തിരിക്കും. ഇത്തരം പരിശോധനാവേളയിലാണ് ഒരു ദിവസം വി കെ എന്നിന്റെ ഇംഗ്ലീഷ് പാണ്ഡിത്യത്തിന്റെ ഗുട്ടന്‍സിനെപ്പറ്റി ചോദിച്ചറിഞ്ഞത്.
"ഒരു ഗുട്ടന്‍സുമില്ല, വിദ്യാഭ്യാസം കാര്യമായിട്ടൊന്നുമില്ലെങ്കിലും ഹിന്ദുവൊക്കെ വായിക്കും. അതുപോലുള്ള മറ്റു പലതും. എന്നാല്‍ മദ്രാസ് മൂര്‍ മാര്‍ക്കറ്റില്‍നിന്ന് "പഞ്ച്" വാരികയുടെ പത്തു റാത്തല്‍ പഴയ ലക്കങ്ങള്‍ വാങ്ങി വായിച്ചപ്പോഴാണ് വലിയ വഴിത്തിരിവുണ്ടായത്. അന്നുവരെ മനസ്സിലാക്കിയതൊന്നും ഇംഗ്ലീഷല്ലെന്നു തിരിച്ചറിഞ്ഞു. ഡല്‍ഹിക്കുപോയ ശേഷം ഡിക്കന്‍സും ബ്രിട്ടീഷ്സാഹിത്യവുമൊക്കെ വായിച്ചു. ഷെയ്ക്സ്പിയറും വായിച്ചു. ഇംഗ്ലീഷ് വായിക്കുന്നവരായിരുന്നു ചുറ്റും. ഇന്ത്യനും വിദേശിയുമായി. അങ്ങനെ ഇംഗ്ലീഷ് ശരിയായി. 1947ല്‍ ഞാന്‍ ശങ്കേഴ്സ് വീക്കിലിയില്‍ എഴുതിത്തുടങ്ങിയതാണ്. ഇംഗ്ലീഷ് വായിച്ചിട്ടാണ് ഞാന്‍ മലയാളം പ്രയോഗിക്കാന്‍ പഠിച്ചത്. ഇംഗ്ലീഷില്‍ സമാന്തരമായ ശൈലികള്‍ കണ്ടെത്താനും ശ്രമിച്ചു. രണ്ടു നോവലും കുറെ കഥകളും ഇംഗ്ലീഷില്‍ ആക്കിയിട്ടുണ്ട്. ഞാന്‍ ലണ്ടനിലോ മറ്റോ ആണ് ജനിച്ചിരുന്നതെങ്കില്‍ പണം വാരിക്കൂട്ടിയേനെ"- വി കെ എന്‍ പറഞ്ഞു.
സ്ക്രിപ്റ്റ് പരിശോധനക്കിടയില്‍ നടന്ന രസകരമായ ഒരു സംഭവം ഓര്‍ക്കുന്നു. ഏതോ ഒരു ലക്കത്തിലേക്കുള്ള മാറ്റര്‍ തട്ടിക്കൂട്ടിയശേഷം അതില്‍നിന്ന് ഒരു കവിത വി കെ എന്‍ മാറ്റിവച്ചു. ബാക്കിയെല്ലാം പ്രസ്സിലേക്ക് പോയ്ക്കോട്ടെ. ഈ കവിത രണ്ടു ദിവസത്തിനകം അയച്ചുതരാം-വി കെ എന്‍ പറഞ്ഞു. രണ്ടുദിവസം കഴിഞ്ഞപ്പോള്‍ കവിത തപാലില്‍ വന്നു. കൂടെ വി കെ എന്നിന്റെ ഒരു കത്തും:
"പ്രഭാകരന്‍ , ........ ന്റെ തീട്ടം കറകളഞ്ഞ് ദുര്‍ഗന്ധമകറ്റി ഇതോടൊപ്പം അയക്കുന്നു. ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുക".
ഞാന്‍ അപ്രകാരം ചെയ്തു. ആ ലക്കം സര്‍വേയില്‍ അതുള്‍പ്പെടുത്തി. കവി തന്നെ പരിഭാഷപ്പെടുത്തിയ കവിതയായിരുന്നു. ലക്കം പുറത്തുവന്നതില്‍ പിന്നെ ഒരു പൊതുചടങ്ങില്‍വച്ച് പ്രസ്തുത കവി എന്നെ കണ്ടു പരിഭവം പറഞ്ഞു: ഞാന്‍ എഴുതിയ മാതിരിയൊന്നുമല്ല, കുറെ മാറ്റങ്ങളൊക്കെ വരുത്തി അല്ലേ? ഞാന്‍ ചിരിച്ചു. വി കെ എന്‍ ചെയ്തത് കവിതയുടെ പേരും കവിയുടെ പേരും ഒഴികെ ബാക്കിയെല്ലാം മാറ്റിയെഴുതുകയായിരുന്നു! ഫലത്തില്‍ അതൊരു "വി കെ എന്‍ കവിത" ആയിരുന്നു.
ഇത്തരം യാത്രയ്ക്കിടയില്‍ ഒരിക്കല്‍ വേദച്ചേച്ചിയുടെ നിര്‍ബന്ധപ്രകാരം ഞാന്‍ ഭാര്യ ഇന്ദിരയെയും മകന്‍ സൂര്യനെയും കൂട്ടി തിരുവില്വാമലയില്‍ ചെന്നതും മറ്റും ഇന്നലെ കഴിഞ്ഞതുപോലെ ഓര്‍ക്കുന്നു. വി കെ എന്നിന്റെ മകന്‍ ബാലചന്ദ്രനുവേണ്ടി കാസര്‍കോട് ഭാഗത്തുനിന്ന് വധുവിനെ കണ്ടെത്താന്‍ നിര്‍ദേശിച്ചതും ജാതകക്കുറിപ്പ് അയച്ചുതന്നതും ഓര്‍മയുണ്ട്. പക്ഷേ ആ ശ്രമങ്ങളൊന്നും ഫലിച്ചില്ല. അക്കാദമിയുടെ ഭരണസമിതിയുടെ കാലാവധി അവസാനിച്ചെങ്കിലും വി കെ എന്നുമായുള്ള ബന്ധം തുടര്‍ന്നു. മിക്കവാറും ദിവസങ്ങളില്‍ വി കെ എന്‍ ഫോണ്‍ ചെയ്യും. അത് പുതിയൊരു കഥയെയോ ആശയത്തെയോ പുസ്തകത്തെയോ പറ്റി പറയാനായിരിക്കും. ഈ വര്‍ഷത്തെ അവാര്‍ഡ് ഇന്ന വ്യക്തിക്ക് കിട്ടും എന്നു പ്രവചിക്കാനായിരിക്കും, (സാറ ടീച്ചര്‍ക്ക് കേന്ദ്ര അവാര്‍ഡ് കിട്ടുമെന്ന കാര്യം രണ്ടുമാസം മുന്നെ വി കെ എന്‍ എന്നോടു പറഞ്ഞിരുന്നു). പേരക്കുട്ടിയുടെ വിവാഹത്തിന് ക്ഷണിക്കാനായിരിക്കും, കേന്ദ്രത്തിലെയും സംസ്ഥാനത്തിലെയും രാഷ്ട്രീയ ചലനങ്ങള്‍ ചൂണ്ടിക്കാട്ടാനായിരിക്കും, അല്ലെങ്കില്‍ ഏതെങ്കിലും ഒരെഴുത്തുകാരനെ പ്രസംഗത്തിനു കിട്ടാനായിരിക്കും. ഒരു ദിവസം എന്നെ ഫോണില്‍ വിളിച്ചുപറഞ്ഞു, മലയാളത്തിലെ ഒരു പ്രശസ്ത എഴുത്തുകാരിയെ തിരുവില്വാമലയില്‍ ഒരു പരിപാടിക്ക് വേണമെന്ന്. ആ എഴുത്തുകാരി അക്കാദമിയില്‍ എത്തിയ ദിവസമായിരുന്നു അത്. ഞാന്‍ വി കെ എന്നിന്റെ ഫോണ്‍ അവര്‍ക്കു കൊടുത്തു. കുറെ കഴിഞ്ഞപ്പോള്‍ വി കെ എന്‍ വീണ്ടും എന്നെ വിളിച്ചു. എന്നിട്ടു പറഞ്ഞു: ആയമ്മയ്ക്ക് ഓവര്‍ലോഡ് പറ്റില്ലെന്ന്, അന്ന് വേറെയും ലോഡുണ്ടെന്ന്!
അക്കാലത്ത് തൃശൂരില്‍ കാസിനോ ഹോട്ടലില്‍വച്ച് ലയണ്‍സ് ക്ലബ്ബുകാരുടെ സമ്മേളനം ഉണ്ടായതുകൂടി പറഞ്ഞുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കാം. ലയണ്‍സ് ക്ലബ്ബുകാര്‍ക്ക് വി കെ എന്നിനെ വേണം. അവര്‍ എന്റെ സഹായം തേടി. ഞാന്‍ പറഞ്ഞപ്പോള്‍ വി കെ എന്‍ സമ്മതിച്ചു. പക്ഷേ വേദച്ചേച്ചിക്ക് സമ്മതമല്ല. വി കെ എന്‍ മദ്യപിക്കരുതെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചതാണ്. പ്രഭാകരന്‍ കൂടെയുണ്ടാകുമെങ്കില്‍ , കുടിക്കില്ലെന്ന് ഉറപ്പുവരുത്താമെങ്കില്‍ അയയ്ക്കാം. ഞാന്‍ സമ്മതിച്ചു. വി കെ എന്നിന്റെ ലഘുപ്രസംഗവും തുടര്‍ന്നുള്ള ചോദ്യോത്തരവേളയും വി കെ എന്നിന്റെ പ്രത്യുത്പന്നമതിത്വവും എല്ലാംകൊണ്ട് പരിപാടി ഗംഭീരമായി. "വി കെ എന്നിന്റെ കാലശേഷം വി കെ എന്‍ ഓര്‍മിക്കപ്പെടുമോ" എന്ന ഒരു ചോദ്യം ആരോ ചോദിച്ചപ്പോള്‍ വി കെ എന്നിന്റെ ഉത്തരം ഇതായിരുന്നു: "പാംപറ".
പരിപാടിക്കുശേഷം ഭക്ഷണത്തിനും സുരാപാനത്തിനുമുള്ള ഏര്‍പ്പാടുകള്‍ സിംഹങ്ങള്‍ ഒരുക്കിയിരുന്നു. ചപ്പാത്തിയും ചിക്കനും സ്റ്റ്യുവും സലാഡും മേശപ്പുറത്ത് നിരന്നു. ഒപ്പം ബിയര്‍ക്കുപ്പികളും ഗ്ലാസും. വി കെ എന്‍ എന്റെ മുഖത്തുനോക്കി. ഞാന്‍ പറഞ്ഞു: അരുത്, കഴിക്കരുത്. സദസ്സ് കുറച്ചുനേരം മൂകമായി. കുറച്ചു കഴിഞ്ഞപ്പോള്‍ ഒരാള്‍ പറഞ്ഞു: ഇതു ബിയറാണ്. ഇതു സ്ത്രീകള്‍ക്കുപോലും കഴിക്കാം. ഗോതമ്പു നീരല്ലേ. ഒരു കുഴപ്പവുമില്ല. വി കെ എന്‍ എന്റെ കരം ഗ്രഹിച്ചു. ദയനീയമായ നോട്ടം.
"പ്രഭാകരന്‍ , ഞാന്‍ കുടിക്കുന്നില്ല. പേരിന് ഒന്ന് ടേയ്സ്റ്റ് ചെയ്യുന്നതേയുള്ളു. ഏറിയാല്‍ ഒരു അര ഗ്ലാസ് ".
നിര്‍ബന്ധം സഹിക്കാതായപ്പോള്‍ ഞാന്‍ സമ്മതിച്ചു. അര ഗ്ലാസ് ബീയര്‍ ഒരുപാട് സമയമെടുത്ത് വി കെ എന്‍ "സിപ്" ചെയ്തുകൊണ്ടിരുന്നു. അതിന്നിടയില്‍ , സമയം കുറെയായില്ലേ? തിരുവില്വാമല എത്തേണ്ടെ? ഡ്രൈവന്‍ എവിടെ? വി കെ എന്‍ അന്വേഷിച്ചു. ഞാന്‍ ഡ്രൈവനെ വിളിക്കാന്‍ പുറത്തേക്കു പോയി. ഡ്രൈവനോടൊപ്പം തിരിച്ചെത്തിയപ്പോള്‍ മേശപ്പുറത്തെ കുപ്പികളെല്ലാം ശൂന്യമായിരിക്കുന്നു. വി കെ എന്നിന്റെ മുഖഭാവവും ചലനങ്ങളും സംസാരവും ശ്ലോകങ്ങളും മറ്റും കേട്ടപ്പോള്‍ ആ കുപ്പികള്‍ സഞ്ചരിച്ച വഴി തെളിഞ്ഞു. വി കെ എന്‍ നല്ല ഫോമിലായിരുന്നു. അന്ന് എന്നെ കേരളവര്‍മ കോളേജ് റോഡിലുള്ള എന്റെ വീട്ടില്‍ കൊണ്ടാക്കിയ ശേഷമാണ്, രാത്രി 11 മണിക്ക്, വി കെ എന്‍ തിരുവില്വാമലയ്ക്ക് പുറപ്പെട്ടത്. പിറ്റേന്നു രാവിലെ ഫോണില്‍ വേദച്ചേച്ചിയുടെ ശബ്ദം. പ്രഭാകരന്‍ , കാര്യങ്ങള്‍ അസ്സലായി. നല്ല ആളുടെ കൂടെയാണ് അയച്ചത്. എനിക്ക് നല്കിയ ഉറപ്പ് പ്രഭാകരന്‍ മറന്നോ? എനിക്ക് വാക്കുകളില്ലായിരുന്നു.
*****
കടാങ്കോട് പ്രഭാകരന്‍, കടപ്പാട്:ദേശാഭിമാനി വാരിക
Thursday, June 30, 2011
Subscribe to:
Post Comments (Atom)
1 comment:
മുണ്ടിലും ഷര്‍ട്ടിലുമാണ് വി കെ എന്‍ അക്കാദമിയില്‍ പ്രവേശിക്കുക. ആദ്യകാലങ്ങളില്‍ തിരുവില്വാമല-തൃശൂര്‍ ബസ്സിലായിരുന്നു യാത്ര. പിന്നീടത് കാറിലാക്കി. മിക്കപ്പോഴും കൂട്ടിന് ഒരാളുണ്ടാവും. അക്കാദമിയിലെ ചടങ്ങ് കഴിഞ്ഞാല്‍ പിന്നെ എന്റെ മുറിയിലേക്ക് വരും. കൂടെ ആരെങ്കിലും കാണും. കാക്കനാടനോ സി വി ശ്രീരാമനോ വി പി മുഹമ്മദോ അങ്ങനെ ആരെങ്കിലും. തുടര്‍ന്ന് സംഭാഷണങ്ങളുടെ പെരുമഴയായി, പൊട്ടിച്ചിരികളുടെ വര്‍ണപ്പകിട്ടായി. ചരിത്രവും രാഷ്ട്രീയവും സാഹിത്യവും സാമൂഹിക വിജ്ഞാനവും സമ്പദ്ശാസ്ത്രവും പരിസ്ഥിതിയും ടെക്നോളജിയും ജ്യോതിഷവും കമ്യൂണിസവും കാമശാസ്ത്രവും പാചകവിദ്യയുമെല്ലാം ആ ഭാഷണങ്ങളില്‍ സമ്മേളിച്ചുനില്‍ക്കുന്നതുകണ്ട് ഞാന്‍ പലപ്പോഴും അമ്പരന്നുപോയിട്ടുണ്ട്. നല്ലൊരു എന്‍സൈക്ലോപീഡിയ തുറന്നുവച്ച അനുഭവമാണ് ആ സംഭാഷണങ്ങള്‍ എനിക്ക് സമ്മാനിച്ചിരുന്നത്. ശ്രീബുദ്ധന്‍, ശങ്കരാചാര്യര്‍, ഹോമര്‍, ഷെയ്ക്സ്പിയര്‍, കാളിദാസന്‍, കാറല്‍മാര്‍ക്സ്, ജയിംസ് തര്‍ബര്‍, ആര്‍തര്‍ മില്ലര്‍, ടെന്നസി വില്യംസ്, ജോണ്‍ ഗന്തര്‍, ഇബ്സന്‍, വാള്‍ട്ടര്‍ സ്കോട്ട്, മാക്കം മഗ്റിജ്, റിച്ചഡ് ആര്‍മര്‍, വാള്‍ട്ടര്‍ മിറ്റി, ഫ്രോയിഡ്, യുങ്, കെയ്ന്‍സ്, ഇ എം എസ്, എം എസ് സ്വാമിനാഥന്‍, ലിറ്റന്‍ സ്ട്രാച്ചി, ടോയന്‍ബി, മാര്‍ക്ട്വയിന്‍, കര്‍ട്ട്വോണ്‍ഗട്ട്, വനഫൂല്‍, സാര്‍ത്ര്, ഹെമിങ്വേ, കാഫ്ക, കാമു, എലിയറ്റ് തുടങ്ങി പ്രശസ്തരുടെ ഒരു വന്‍ നിരതന്നെ ആ സംഭാഷണങ്ങളില്‍ കയറിയിറങ്ങും. ആ സംഭാഷണം ചിലപ്പോള്‍ അവരുടെ പുസ്തകങ്ങളിലേക്കും മറ്റു ചിലപ്പോള്‍ അവരുടെ സ്വകാര്യജീവിതങ്ങളിലേക്കും നീളുന്നത് അത്ഭുതത്തോടെ ഞാന്‍ ശ്രദ്ധിച്ചിരുന്നിട്ടുണ്ട്.
Post a Comment