Tuesday, June 21, 2011

അഴിമതി റിപ്പബ്ലിക്

പുതിയ അഴിമതിക്കഥകളുമായാണ് ഓരോ ദിവസവും പുലരുന്നത്. സമസ്ത മേഖലയെയും അഴിമതി കാര്‍ന്നുതിന്നുകയാണ്. ലക്ഷക്കണക്കിന് കോടി രൂപയുടെ പൊതുസമ്പത്താണ് കൊള്ളയടിക്കപ്പെടുന്നത്. രാജ്യത്തിലെ എല്ലാ യുവാക്കള്‍ക്കും തൊഴിലും ഭക്ഷണവും ഉറപ്പ് വരുത്താന്‍ കഴിയുന്ന പൊതുസമ്പത്താണ് കൊള്ളയടിക്കപ്പെടുന്നത്. പ്രകൃതിസമ്പത്ത്, റിയല്‍ എസ്റ്റേറ്റ് ബിസിനസ്, സുരക്ഷാസംവിധാനം എന്നിവയിലാണ് പ്രധാനമായും അഴിമതി നടക്കുന്നത്. മൂലധനസമ്പാദനത്തിനുള്ള പ്രാകൃതമായ ത്വരയാണ് ഇന്ത്യന്‍ മുതലാളിത്തം പ്രദര്‍ശിപ്പിക്കുന്നത്. അഴിമതിയിലൂടെയും മൂലധനശേഖരണം സാധ്യമാകുമെന്ന് തെളിയിക്കാനുള്ള മത്സരമാണ് എങ്ങും. രാജ്യത്തിന്റെ അപൂര്‍വമായ പ്രകൃതിസമ്പത്തിന്റെ തീവെട്ടിക്കൊള്ളയുടെ കഥകളുമായാണ് വമ്പന്‍ അഴിമതിക്കഥകള്‍ പുറത്തുവരുന്നത്. പ്രകൃതി വിഭവങ്ങള്‍ വളരെ കുറച്ചുമാത്രമാകുമ്പോള്‍ അവിടെ കമ്പോളശക്തികള്‍ക്ക് പ്രവേശനം നല്‍കരുത്. എന്നിട്ടും പ്രകൃതിസമ്പത്ത് സംരക്ഷിക്കേണ്ട സര്‍ക്കാര്‍തന്നെ അത് തുച്ഛവിലയ്ക്ക് കോര്‍പറേറ്റുകള്‍ക്ക് കൈമാറുകയാണ്.

മൊബൈല്‍ ഫോണ്‍ സര്‍വീസില്‍ വിപ്ലവം സൃഷ്ടിച്ച 2ജി സ്പെക്ട്രം ലൈസന്‍സ് സ്വകാര്യക്കമ്പനികള്‍ക്ക് അനുവദിച്ചതു വഴി 1.76 ലക്ഷം കോടി രൂപയുടെ നഷ്ടം രാജ്യത്തിനുണ്ടായതായി കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ കണ്ടെത്തിയിട്ടുണ്ട്്. 2001ലെ അതേവിലയ്ക്കാണ് 2008ലും ലൈസന്‍സ് നല്‍കിയത്. അതുവഴി സര്‍ക്കാരിന് ലഭിക്കേണ്ട കോടികള്‍ നഷ്ടമാവുകയുംചെയ്തു. എസ് ബാന്‍ഡ് സ്പെക്ട്രം പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രം (ഐഎസ്ആര്‍ഒ) സ്വകാര്യ കമ്പനിക്ക് സൗജന്യമായി നല്‍കുകവഴി രണ്ട് ലക്ഷം കോടി നഷ്ടമായെന്ന് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ (സിഎജി) പ്രാഥമിക റിപ്പോര്‍ട്ടിലുണ്ട്. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ കീഴിലാണ് ഐഎസ്ആര്‍ഒ. ഐഎസ്ആര്‍ഒയുടെ വാണിജ്യവിഭാഗമായ ആന്‍ഡ്രിക്സും ബംഗളൂരു കേന്ദ്രമാക്കിയുള്ള ദെവാസ് മള്‍ട്ടി മീഡിയയും തമ്മിലാണ് 2005 ല്‍ വിവാദ കരാറില്‍ ഒപ്പിട്ടത്. കരാര്‍പ്രകാരം ദെവാസിന് ഇന്റര്‍നെറ്റ്, മൊബൈല്‍ തുടങ്ങിയ സര്‍വീസുകള്‍ക്ക് അനിവാര്യമായ ട്രാന്‍സ്പോണ്ടറുകള്‍ ലഭ്യമാക്കാന്‍ ഐഎസ്ആര്‍ഒ ജി സാറ്റ് 6, 6എ എന്നീ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കും. ഓരോ ഉപഗ്രഹത്തില്‍നിന്ന് പത്ത് ട്രാന്‍സ്പോണ്ടറുകള്‍ വീതമാണ് ദെവാസിന് ലഭിക്കുക. അപൂര്‍വമായ ധാതുലവണങ്ങളും രാഷ്ടീയക്കാരുടെയും ബ്യൂറോക്രാറ്റുകളുടെയും സഹായത്തോടെ കോര്‍പറേറ്റുകള്‍ അനധികൃതമായി സ്വന്തമാക്കുകയാണ്. വടക്കേ ഇന്ത്യയിലെ കല്‍ക്കരിപ്പാടങ്ങള്‍ സ്വകാര്യമേഖലയ്ക്ക് അനുവദിച്ചതിലൂടെ 85,000 കോടി രൂപയാണ് കേന്ദ്ര ഖജനാവിന് നഷ്ടമായത്.

പ്രധാനമന്ത്രി മന്‍മോഹന്‍സിങ് കല്‍ക്കരിവകുപ്പിന്റെ ചുമതല വഹിച്ച കാലത്താണ് ഈ വന്‍അഴിമതി നടന്നത്. കുഴിച്ചെടുക്കുന്ന ഒരു ടണ്‍ കല്‍ക്കരിക്ക് 50 മുതല്‍ 100 രൂപ വരെയാണ് സര്‍ക്കാര്‍ ഈടാക്കുന്നത്. ഒരു ടണ്‍ കല്‍ക്കരിക്ക് കമ്പോളത്തില്‍ 2000 രൂപയാണ്. 850 രൂപയാണ് ഒരു ടണ്‍ കല്‍ക്കരി ഉല്‍പ്പാദിപ്പിക്കാനുള്ള ചെലവ്. കമ്പനിയുടെ ലാഭം കണക്കാക്കിയാലും ടണ്ണൊന്നിന് 500 രൂപയെങ്കിലും നഷ്ടം. മൊത്തം 1700 കോടി ടണ്‍ കല്‍ക്കരിശേഖരമാണ് സ്വകാര്യകമ്പനികള്‍ക്ക് നല്‍കിയത്. 73 കല്‍ക്കരിപ്പാടങ്ങളാണ് 143 സ്വകാര്യ കമ്പനികള്‍ക്ക് അനുവദിച്ചത്. 2ജി സ്പെക്ട്രം അഴിമതിക്ക് സമാനമായി ആദ്യം വന്ന കമ്പനികള്‍ക്ക് ആദ്യം എന്ന രീതിയിലാണ് കല്‍ക്കരിപ്പാടങ്ങളും അനുവദിച്ചത്. ജിന്‍ഡാല്‍ , ടിസ്കോ, ടാറ്റ പവര്‍ , എസ്സാര്‍ , ജിഎംആര്‍ , ആര്‍സല്‍ മിത്തല്‍ , ജെകെ സിമന്റ് തുടങ്ങിയ കമ്പനികളാണ് കല്‍ക്കരിപ്പാടങ്ങള്‍ നേടിയത്. 1973ല്‍ കല്‍ക്കരിഖനനം ദേശസാല്‍ക്കരിച്ചത് ഇന്ദിരാഗാന്ധിയാണെങ്കില്‍ മന്‍മോഹന്‍സിങ് സര്‍ക്കാര്‍ അത് സ്വകാര്യവല്‍ക്കരിക്കുകയാണ്. രാജ്യത്തിന്റെ വിലപിടിപ്പുള്ള ധാതുലവണങ്ങളാണ് തുച്ഛവിലയ്ക്ക് സ്വകാര്യ കമ്പനികള്‍ക്ക് കൈമാറുന്നത്. കര്‍ണാടകത്തിലെ ബെല്ലാരിയില്‍ റെഡ്ഡി സഹോദരന്മാര്‍ അനധികൃതമായി നടത്തുന്ന ഖനനത്തിലൂടെ 30,000 കോടി രൂപയെങ്കിലും സര്‍ക്കാരിന് നഷ്ടമായെന്നാണ് ഔദ്യോഗിക കണക്ക്. ഏറ്റവും അവസാനമായി പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കുഴിച്ചെടുക്കുന്നതിലും സര്‍ക്കാര്‍ ഒത്താശയോടെ വന്‍ അഴിമതി നടന്ന കാര്യം സിഎജി പുറത്തുകൊണ്ടുവന്നിരിക്കുകയാണ്. കൃഷ്ണ ഗോദാവരി തീരത്തെ പ്രകൃതിവാതക ഖനനത്തിന് മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിനാണ് കരാര്‍ നല്‍കിയിരുന്നത്.

പര്യവേക്ഷണം നടത്തി വാതകം കണ്ടെത്തി ഉല്‍പ്പാദനം ആരംഭിച്ചാല്‍ ലാഭം സര്‍ക്കാരുമായി പങ്കുവയ്ക്കണമെന്നാണ് കരാര്‍ . എന്നാല്‍ ഉല്‍പ്പാദനച്ചെലവ് വര്‍ധിപ്പിച്ച് സര്‍ക്കാരുമായി പങ്കുവയ്ക്കുന്ന ലാഭത്തിന്റെ തോത് ഇടിക്കാനാണ് സര്‍ക്കാരിന്റെ സഹായത്തോടെ റിലയന്‍സ് ശ്രമിച്ചത്. ഇതുവഴിമാത്രം റിലയന്‍സ് 30,000 കോടി രൂപയെങ്കിലും തട്ടിയെടുത്തെന്നാണ് സിഎജി നല്‍കുന്ന സൂചന. പെരുപ്പിച്ചുകാട്ടിയ മൂലധനച്ചെലവിന്റെ അടിസ്ഥാനത്തില്‍ വാതകത്തിന് കരാറനുസരിച്ച് നിശ്ചയിച്ചിരുന്ന വില തെര്‍മല്‍ യൂണിറ്റിന് 2.4 ഡോളര്‍ എന്നത് 4.33 ആക്കണമെന്ന ആവശ്യവും സര്‍ക്കാര്‍ അംഗീകരിച്ചു. അതായത് വാതകം കുഴിച്ചെടുക്കുന്നതിനുള്ള വില പെരുപ്പിച്ചുകാട്ടി കോടികള്‍ നേടിയ റിലയന്‍സ് വാതകവില വര്‍ധിപ്പിച്ച് ഇരട്ടിലാഭം കീശയിലാക്കുകയുംചെയ്തു. ഈ ഇരട്ട കൊള്ളയടിക്ക് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയായിരുന്നു. രാസവളം, വൈദ്യുതി എന്നിവയുടെ ഉല്‍പ്പാദനത്തിനാണ് ഇവിടെനിന്ന് ലഭിക്കുന്ന പ്രകൃതിവാതകം ഉപയോഗിക്കുന്നത് എന്നതിനാല്‍ ഈ രണ്ട് വസ്തുക്കളുടെയും വില കൂടാനും ഇത് കാരണമായി. വിലക്കയറ്റത്തിന്റെ യഥാര്‍ഥ സ്രോതസ്സ് കോര്‍പറേറ്റുകളെ സഹായിക്കുന്ന നയംതന്നെയാണ്. കോര്‍പറേറ്റുകളുടെ ചങ്ങാതിമാരായി പ്രവര്‍ത്തിക്കുന്നതാകട്ടെ ബൂര്‍ഷ്വാരാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരുമാണ്. ഭാവിയിലെ മുതലാളിമാരാണ് ഈ രാഷ്ട്രീയക്കാരെന്ന പാഠമാണ് മുരളി ദേവ്റയും കരുണാനിധിയും മറ്റും വരച്ചുകാട്ടുന്നത്. രാജ്യസുരക്ഷയെക്കുറിച്ചുള്ള ആശങ്കയും അഴിമതിയുടെ പുതിയ സ്രോതസ്സാണ്. അമേരിക്കയുമായുള്ള തന്ത്രപ്രധാനബന്ധം സ്ഥാപിക്കപ്പെട്ടതിനുശേഷമാണ് ഇതിന് ആക്കംകൂടിയത്. തിരിച്ചറിയല്‍കാര്‍ഡ്(യുഐഡി), ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ), ദേശീയ സാങ്കേതിക ഗവേഷണ സംഘടന(എന്‍ടിആര്‍ഒ) തുടങ്ങിയ സംഘടനകള്‍ ഇതിന്റെ ഭാഗമായാണ് രൂപംകൊണ്ടിട്ടുള്ളത്. സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ കവരുകയെന്ന ലക്ഷ്യംകൂടിയുണ്ട് ഈ സ്ഥാപനങ്ങള്‍ക്ക്. അതിലുമപ്പുറം ഈ സ്ഥാപനങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് പണമുണ്ടാക്കാനുള്ള എളുപ്പവഴി കൂടിയാണ്.

ഏറ്റവും അവസാനമായി എന്‍ടിആര്‍ഒവില്‍ നടന്ന അഴിമതിയെക്കുറിച്ച് സിഎജി പുറത്തുകൊണ്ടുവന്ന വിവരങ്ങള്‍ അഴിമതിയുടെ ആഴം വ്യക്തമാക്കുന്നു. 450 കോടി രൂപ നല്‍കി 12 ആളില്ലാ വിമാനം (യുഎവി) വാങ്ങുന്നതിന് കരാറൊപ്പിട്ടു. എട്ട് വിമാനങ്ങള്‍ ലഭിച്ചപ്പോഴാണ് മനസിലായത് അത് ഉപയോഗിക്കാന്‍ കൊള്ളില്ലെന്ന്. കേന്ദ്രമന്ത്രിസഭയുടെ സുരക്ഷാസമിതി യുഎവി വാങ്ങുന്നതിന് 300 കോടി രൂപയാണ് അനുവദിച്ചത്. എന്നാല്‍ , ദേശീയ സാങ്കേതിക ഗവേഷണസംഘടന (എന്‍ടിആര്‍ഒ) സ്വന്തം നിലയില്‍ 150 കോടി രൂപകൂടി ചെലവാക്കി ഇസ്രയേലില്‍നിന്ന് ഉപഗ്രഹബന്ധത്തിനുള്ള സംവിധാനവും ഇലക്ട്രോണിക് ഇന്റലിജന്‍സ് ഉപകരണങ്ങളും വാങ്ങി. ഇന്ത്യയില്‍ ഒരിക്കല്‍പ്പോലും പരീക്ഷിക്കാതെയാണ് ഉപഗ്രഹബന്ധത്തിനുള്ള സംവിധാനവും മറ്റ് ഉപകരണങ്ങളും വാങ്ങിയത്. ഓസ്ട്രേലിയയില്‍ വിജയകരമായി പരീക്ഷിച്ചിട്ടുണ്ടെന്ന ഇസ്രയേല്‍ ഏറോസ്പേസ് ഇന്‍ഡസ്ട്രീസ് കമ്പനിയുടെ അവകാശവാദം അപ്പടി സ്വീകരിക്കുകയായിരുന്നു എന്‍ടിആര്‍ഒ അധികൃതരെന്ന് സിഎജി പറയുന്നു. ഇതേ കമ്പനിയുമായി നേരത്തെ ബറാക് മിസൈല്‍ ഇടപാടിലും മധ്യദൂര ഭൂതല മിസൈല്‍ ഇടപാടിലും ഏര്‍പ്പെട്ടപ്പോഴും അഴിമതി ആരോപണം ഉയര്‍ന്നിരുന്നു. ആദര്‍ശ് ഫ്ളാറ്റ് അഴിമതിയും രാജ്യത്തിന്റെ കണ്ണ് തുറപ്പിക്കേണ്ടതാണ്.

കാര്‍ഗിലില്‍ വീരമൃത്യ വരിച്ച ജവാന്‍മാരുടെ വിധവകള്‍ക്കും ആശ്രിതര്‍ക്കുംവേണ്ടിയുള്ള 10 കോടി വിലമതിക്കുന്ന ഫ്ളാറ്റുകള്‍ 60ഉം 80ഉം ലക്ഷത്തിന് ഉദ്യേഗസ്ഥരും രാഷ്ട്രീയക്കാരും കൈയടക്കുകയായിരുന്നു. 1000 കോടിയെങ്കിലും ഇതുവഴി സര്‍ക്കാരിന് നഷ്ടം വന്നു. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സര്‍ക്കാരിന് പൊടിഞ്ഞത് 70,000 കോടിയാണ്. അതായത് മേല്‍പ്പറഞ്ഞ അഴിമതികളില്‍മാത്രമായി ഏഴ് ലക്ഷം കോടി രൂപയെങ്കിലും കോര്‍പറേറ്റുകളും മറ്റും അടിച്ചെടുത്തു. രാജ്യത്തിന്റെ വാര്‍ഷിക ബജറ്റ് അടങ്കലിന് സമാനമായ തുകയാണ് യുപിഎ സര്‍ക്കാരിന്റെ ഏഴ് വര്‍ഷത്തെ ഭരണകാലത്തുമാത്രം സര്‍ക്കാരിന് നഷ്ടമായിട്ടുള്ളത്. പൊതുസ്വത്തിന്റെ കൊള്ളയാണ് ഇവിടെ നടക്കുന്നത്. 'കൊള്ള മുതലാളിത്തം' 'പിടിച്ചുപറി മുതലാളിത്തം' തുടങ്ങിയ പദപ്രയോഗങ്ങളാണ് ഇതിന് യോജിക്കുക. സര്‍ക്കാര്‍ നയത്തിന്റെ ഫലമായാണ് ഈ കൊള്ള സാധ്യമാകുന്നത്. മന്‍മോഹന്‍സിങ് ധനമന്ത്രിയായിരിക്കെ നടപ്പാക്കിയ നവ ഉദാരവല്‍ക്കരണ നയമാണ് കോര്‍പറേറ്റുകള്‍ക്ക് പൊതുമുതല്‍ തട്ടിയെടുക്കാന്‍ അവസരം ലഭിച്ചതിന് പിന്നില്‍ . സ്വതന്ത്ര വ്യാപാരം, സ്വതന്ത്ര കമ്പോളം, മൂലധനത്തിന്റെ സ്വതന്ത്രമായ ഒഴുക്ക്, സ്വകാര്യവല്‍ക്കരണം എന്നിവയാണ് മൂന്നാംലോക സമ്പദ്വ്യവസ്ഥയെ കൊള്ളയടിക്കാനുള്ള നാല് എളുപ്പവഴിയെന്ന ലോകബാങ്കിന്റെ മുഖ്യ സാമ്പത്തിക വിദഗ്ധനായിരുന്ന സ്ലിഗ്ലിറ്റ്സിന്റെ വാക്കുകളെങ്കിലും മന്‍മോഹന്‍സിങ് മുഖവിലയ്ക്കെടുക്കണം.


*****


വി ബി പരമേശ്വരന്‍, കടപ്പാട് :ദേശാഭിമാനി

1 comment:

വര്‍ക്കേഴ്സ് ഫോറം said...

പുതിയ അഴിമതിക്കഥകളുമായാണ് ഓരോ ദിവസവും പുലരുന്നത്. സമസ്ത മേഖലയെയും അഴിമതി കാര്‍ന്നുതിന്നുകയാണ്. ലക്ഷക്കണക്കിന് കോടി രൂപയുടെ പൊതുസമ്പത്താണ് കൊള്ളയടിക്കപ്പെടുന്നത്. രാജ്യത്തിലെ എല്ലാ യുവാക്കള്‍ക്കും തൊഴിലും ഭക്ഷണവും ഉറപ്പ് വരുത്താന്‍ കഴിയുന്ന പൊതുസമ്പത്താണ് കൊള്ളയടിക്കപ്പെടുന്നത്. പ്രകൃതിസമ്പത്ത്, റിയല്‍ എസ്റ്റേറ്റ് ബിസിനസ്, സുരക്ഷാസംവിധാനം എന്നിവയിലാണ് പ്രധാനമായും അഴിമതി നടക്കുന്നത്. മൂലധനസമ്പാദനത്തിനുള്ള പ്രാകൃതമായ ത്വരയാണ് ഇന്ത്യന്‍ മുതലാളിത്തം പ്രദര്‍ശിപ്പിക്കുന്നത്. അഴിമതിയിലൂടെയും മൂലധനശേഖരണം സാധ്യമാകുമെന്ന് തെളിയിക്കാനുള്ള മത്സരമാണ് എങ്ങും. രാജ്യത്തിന്റെ അപൂര്‍വമായ പ്രകൃതിസമ്പത്തിന്റെ തീവെട്ടിക്കൊള്ളയുടെ കഥകളുമായാണ് വമ്പന്‍ അഴിമതിക്കഥകള്‍ പുറത്തുവരുന്നത്. പ്രകൃതി വിഭവങ്ങള്‍ വളരെ കുറച്ചുമാത്രമാകുമ്പോള്‍ അവിടെ കമ്പോളശക്തികള്‍ക്ക് പ്രവേശനം നല്‍കരുത്. എന്നിട്ടും പ്രകൃതിസമ്പത്ത് സംരക്ഷിക്കേണ്ട സര്‍ക്കാര്‍തന്നെ അത് തുച്ഛവിലയ്ക്ക് കോര്‍പറേറ്റുകള്‍ക്ക് കൈമാറുകയാണ്.