Wednesday, June 29, 2011

എണ്ണവില വര്‍ധനയും യുപിഎ-യുഡിഎഫ് ധാര്‍മികതയും

കേരളത്തിലെ ഓരോ വീട്ടിലും ഉപയോഗിക്കുന്ന ഓരോ ഗ്യാസ് സിലിണ്ടറിന്റെയും വില പതിനെട്ടുരൂപകണ്ട് കുറയ്ക്കാന്‍ പറ്റും യുഡിഎഫ് സര്‍ക്കാരിന്. വര്‍ധിച്ച വിലയിലെ അഡീഷണല്‍ സെസ് വേണ്ടെന്ന് തീരുമാനിച്ചാല്‍മാത്രം മതി. അതു ചെയ്യാനുള്ള മനസ്സില്ലായ്മയ്ക്ക് മറയിടാനാണ് ഡീസലിനുമേലുള്ള സംസ്ഥാന നികുതി ഓഹരി തങ്ങള്‍ ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചത്. വില കുറയ്ക്കാനിടപെട്ടുവെന്ന് മേനി നടിക്കാനുമാവും ജനങ്ങളെപ്പിഴിഞ്ഞ് പണം സമാഹരിക്കാനുമാവും. ഡീസല്‍വിലയിലെ നികുതി ഓഹരി ഉപേക്ഷിച്ചാല്‍ ലിറ്ററിന് എഴുപത്തഞ്ച് പൈസ കിട്ടുമായിരുന്നത് കിട്ടാതാവുമെന്നേയുള്ളൂ. ഓരോ ഗ്യാസ് സിലിണ്ടറിലൂടെയും പതിനെട്ടുരൂപ വീതം കൈയടക്കാനാവുമെങ്കില്‍പ്പിന്നെ എഴുപത്തഞ്ച് പൈസ പോയാലെന്ത്? ഇതുപറയുമ്പോള്‍ , എല്‍ഡിഎഫ് സര്‍ക്കാര്‍ , വര്‍ധനയുടെ ഘട്ടത്തില്‍ എന്നെങ്കിലും നികുതി വേണ്ടെന്നുവച്ചോ എന്നു ചോദിക്കും യുഡിഎഫ്. വേണ്ടെന്നുവച്ചു. ചില്ലറ പൈസകള്‍ ഉപേക്ഷിച്ച് രൂപകള്‍ സമാഹരിക്കുന്ന യുഡിഎഫിന്റെ കണ്ണില്‍പ്പൊടിയിടല്‍ പരിപാടിയല്ല എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്തത്. പെട്രോള്‍ -ഡീസല്‍ തുടങ്ങിയവയ്ക്ക് ഏറ്റവും രൂക്ഷമായ വര്‍ധന കേന്ദ്രം ഏര്‍പ്പെടുത്തിയത് എല്‍ഡിഎഫ് ഭരണത്തിന്റെ ആദ്യഘട്ടത്തിലാണ്. ആ വേളയില്‍തന്നെ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇടപെട്ടു; ഏതിനൊക്കെ കേന്ദ്രം വര്‍ധന ഏര്‍പ്പെടുത്തിയോ, അതിന്റെയൊക്കെ സംസ്ഥാന ഓഹരി വേണ്ടെന്നുവച്ചു.

ഇപ്പോഴത്തെ പാചകവാതക വിലവര്‍ധനയിലൂടെ മാത്രം 81 കോടിയില്‍പ്പരം രൂപയാണ് സംസ്ഥാന ഖജനാവിലേക്ക് പ്രതിവര്‍ഷം എത്തുക. ഇത്ര വലിയ തുക ഒറ്റയടിക്ക് സംസ്ഥാന നികുതി ഓഹരിയായി കിട്ടിയ സന്ദര്‍ഭം കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ പെട്രോളിയം വിലവര്‍ധനയുടെ ഒരു ഘട്ടത്തിലും ഉണ്ടായിട്ടില്ല എന്നതുമോര്‍ക്കണം. പെട്രോള്‍ വിലനിര്‍ണയാധികാരം കേന്ദ്രസര്‍ക്കാരില്‍ നിക്ഷിപ്തമായിരുന്നു. ആ അധികാരം സ്വയം വേണ്ടെന്നുവച്ച് യുപിഎ സര്‍ക്കാര്‍ എണ്ണക്കമ്പനികളില്‍ നിക്ഷിപ്തമാക്കിയത് കഴിഞ്ഞ ജൂണിലാണ്. അതിനുശേഷമിങ്ങോട്ട് വിഷം ചെറുഡോസുകളിലെന്നോണം പന്ത്രണ്ടുതവണ പെട്രോള്‍ വിലവര്‍ധന വന്നു. എല്ലാ തവണയും നികുതി ഓഹരി എല്‍ഡിഎഫ് സര്‍ക്കാര്‍ ഉപേക്ഷിച്ചില്ലെങ്കിലും ഏറ്റവും രൂക്ഷമായ വര്‍ധന വന്ന ഘട്ടത്തില്‍ ഉപേക്ഷിക്കുകതന്നെചെയ്തു. ഇപ്പോഴാകട്ടെ, പെട്രോളിനുമാത്രമല്ല, സാധാരണക്കാരന്റെ ഇന്ധനമെന്ന് പറയപ്പെടുന്ന ഡീസലിനും പാചകവാതകത്തിനും കൂടി വിലകയറ്റിയിരിക്കുന്നു; അതും രൂക്ഷമായ നിലയില്‍ . അതുകൊണ്ടാണ് ജനങ്ങള്‍ അത് താങ്ങാന്‍ പാടുപെടുന്നത്. അതുകൊണ്ടുതന്നെയാണ് പാചകവാതകവില കുറയ്ക്കാന്‍ സംസ്ഥാനം ഇടപെടേണ്ടതും. പക്ഷേ, യുഡിഎഫ് സര്‍ക്കാര്‍ അത് ചെയ്യുന്നില്ല.

പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്കുമേലുള്ള വര്‍ധിച്ച നികുതി വേണ്ടെന്നുവയ്ക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാരിനില്ലാത്ത ഒരു ഉത്തരവാദിത്തംകൂടി യുഡിഎഫിനുണ്ട്. കാരണം, ഇത്തരം ഉല്‍പ്പന്നങ്ങള്‍ക്കുമേല്‍ സംസ്ഥാനത്തിന് ചുമത്താവുന്ന നികുതിനിരക്ക് വര്‍ധിപ്പിച്ച് നിശ്ചയിച്ചത് യുഡിഎഫാണ്; എല്‍ഡിഎഫ് അല്ല. പെട്രോളിനുമേല്‍ സംസ്ഥാനം ചുമത്തിയിരുന്ന നികുതി ഇരുപതുശതമാനത്തില്‍നിന്ന് ഇരുപത്തിമൂന്ന് ശതമാനമായി ഉയര്‍ത്തിയത് എ കെ ആന്റണിയുടെ നേതൃത്വത്തിലുണ്ടായിരുന്ന യുഡിഎഫ് മന്ത്രിസഭയാണ്. ഡീസലിനുമേലുള്ള സംസ്ഥാന നികുതിനിരക്ക് 24 ശതമാനമാക്കി ഉയര്‍ത്തി നിശ്ചയിച്ചതും അതേ യുഡിഎഫ് മന്ത്രിസഭതന്നെ, 2002ലായിരുന്നു അത്. പിന്നീടുവന്ന ഉമ്മന്‍ചാണ്ടി മന്ത്രിസഭയും ഇതേപോലെ നികുതിനിരക്ക് വര്‍ധിപ്പിച്ചു. അതുകൊണ്ടുതന്നെ നികുതിനിരക്ക് കൂട്ടിയവര്‍ക്ക്, കേന്ദ്ര തീരുമാനപ്രകാരമുള്ള വിലവര്‍ധനയുടെ ഭാഗമായി വരുമാനം കൂടുമ്പോള്‍ , അത് അല്‍പ്പമെങ്കിലും ത്യജിച്ച് ജനങ്ങള്‍ക്ക് ആശ്വാസംപകരാന്‍ പ്രത്യേകം ഉത്തരവാദിത്തമുണ്ടാകുന്നു.

2002ലെ യുഡിഎഫ് മന്ത്രിസഭ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്കുമേലുള്ള സംസ്ഥാന നികുതിനിരക്ക് ആ വിധത്തില്‍ ഉയര്‍ത്തിയില്ലായിരുന്നെങ്കില്‍ , സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ഇത്രയേറെ തുക പെട്രോളിനും ഡീസലിനും പാചകവാതകത്തിനുമൊന്നും കൊടുക്കേണ്ടിവരുമായിരുന്നില്ലല്ലോ. അതുകൊണ്ടുതന്നെ, ഓരോ പാചകവാതക സിലിണ്ടറില്‍നിന്ന് പതിനെട്ടു രൂപ എന്ന ക്രമത്തില്‍ കിട്ടുമ്പോള്‍ , ഈ വര്‍ധനയില്‍ തങ്ങളുടെ പങ്കുകൂടിയുണ്ട് എന്ന ഉത്തരവാദിത്തബോധത്തോടെ, അതില്‍ ഇളവുനല്‍കേണ്ട ബാധ്യത യുഡിഎഫ് സര്‍ക്കാരിനുണ്ട് എന്നുവരുന്നു. ജനങ്ങളോടുള്ള ആ ഉത്തരവാദിത്തം യുഡിഎഫ് സര്‍ക്കാര്‍ കാട്ടുന്നില്ല. ഡീസലിന്റെ കാര്യത്തില്‍മാത്രം എഴുപത്തഞ്ച് പൈസ ത്യജിച്ച് ആ ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിയുകയാണ് യുഡിഎഫ് സര്‍ക്കാര്‍ . തങ്ങള്‍ വോട്ടുപിടിച്ച് കേന്ദ്രത്തില്‍ അധികാരത്തില്‍ കൊണ്ടുവന്ന ഒരു സര്‍ക്കാരാണ് ജനദ്രോഹകരമായ നിലയില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില കയറ്റുന്നതെന്നതും യുഡിഎഫിന്റെ ഉത്തരവാദിത്തം വര്‍ധിപ്പിക്കുന്ന ഘടകമാണ്.

യുപിഎയുടെ വിനാശകരങ്ങളായ നയങ്ങളാണ് ഈ അവസ്ഥയുണ്ടാക്കിയത്. പെട്രോള്‍ വിലനിയന്ത്രണാധികാരം എണ്ണക്കമ്പനികളെ ഏല്‍പ്പിച്ചത് അവരാണ്. ഡീസലിന്റെയും മണ്ണെണ്ണയുടെയും വിലനിയന്ത്രണാധികാരം വച്ചൊഴിയാന്‍ ശ്രമിക്കുന്നതും, ഇപ്പോള്‍ വില വര്‍ധിപ്പിച്ചതും അവരാണ്. പാചകവാതക സബ്സിഡിയായി കൊടുത്തിരുന്ന തുക നാലിലൊന്നായി വെട്ടിച്ചുരുക്കാന്‍ തീരുമാനിച്ചതും അവരാണ്. ആ നയങ്ങള്‍ നടപ്പാക്കുന്ന സ്ഥിതി കേന്ദ്രത്തിലുണ്ടാക്കിയതിന്റെ ഉത്തരവാദികള്‍ തങ്ങളാണെന്നത് ഏറ്റുപറഞ്ഞുകൊണ്ട് കേരളത്തിലെ ജനങ്ങളോട് മാപ്പുചോദിക്കേണ്ടവരാണ് യുഡിഎഫുകാര്‍ . മാപ്പുചോദിക്കാനുള്ള മാര്‍ഗമാകട്ടെ, പാചകവാതക സിലിണ്ടറിന്റെ വിലയിലെ, തങ്ങള്‍ക്ക് കുറയ്ക്കാവുന്ന ഭാഗമായ പതിനെട്ടു രൂപയുടെ അഡീഷണല്‍ സെസ് ഉപേക്ഷിക്കുക എന്നതാണുതാനും. ഇനി മറ്റൊരു ആപത്ത് വരുന്നുണ്ട്. ഉപയോക്താക്കള്‍ക്ക് നേരിട്ട് സബ്സിഡി നല്‍കുക എന്ന സംവിധാനമാണത്. ഇതുപ്രകാരം ദാരിദ്ര്യരേഖയ്ക്കുതാഴെയുള്ള കുടുംബങ്ങള്‍ക്കുമാത്രം സബ്സിഡി അനുവദിച്ചാല്‍മതി എന്നുവരും. എപിഎല്‍ -ബിപിഎല്‍ നിര്‍വചനങ്ങളിലും രേഖകളിലും കൃത്രിമംകാട്ടി യഥാര്‍ഥത്തില്‍ ദരിദ്രരായ ജനലക്ഷങ്ങളെ ദാരിദ്ര്യരേഖയ്ക്കു മുകളിലുള്ളവരായി ചിത്രീകരിച്ചുവച്ചിരിക്കുകയാണ് കേന്ദ്രം. കേരളത്തില്‍ ദാരിദ്ര്യരേഖയ്ക്കുതാഴെ യഥാര്‍ഥത്തില്‍ 40 ലക്ഷം കുടുംബങ്ങളുണ്ടായിരിക്കെ, അത് 11 ലക്ഷംമാത്രമാക്കി ചുരുക്കിയെടുത്തിരിക്കുന്നു കേന്ദ്രം.

29 ലക്ഷം ദരിദ്രകുടുംബങ്ങള്‍ക്ക് സബ്സിഡി ആനുകൂല്യം നിഷേധിക്കാനുള്ള വിദ്യയാണിത്. അനുവദിക്കേണ്ട സബ്സിഡിയുടെ വലുപ്പം കാര്യമായി വെട്ടിക്കുറയ്ക്കാന്‍ യുപിഎ സര്‍ക്കാര്‍ കണ്ട കുതന്ത്രമാണിത്. ഇത് നടപ്പാവുന്നത്, തങ്ങള്‍ ജനങ്ങളെ പറഞ്ഞു തെറ്റിദ്ധരിപ്പിച്ച് കേരളത്തില്‍നിന്നുള്ള ഭൂരിപക്ഷം ലോക്സഭാസീറ്റുകള്‍ യുപിഎയ്ക്കുണ്ടാക്കി കൊടുത്തതുകൊണ്ടാണെന്ന കുറ്റബോധവും യുഡിഎഫിനുണ്ടാകേണ്ടതാണ്. ആ കുറ്റബോധം മുന്‍നിര്‍ത്തിയെങ്കിലും പാചകവാതകവില കാര്യത്തില്‍ വരുത്താന്‍ കഴിയുന്ന കുറവ് അവര്‍ വരുത്തേണ്ടതാണ്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലക്രമത്തിലും നികുതിക്രമത്തിലും ഇപ്പോള്‍ വരുത്തിയ മാറ്റത്തിലൂടെ തങ്ങള്‍ 21,000 കോടി രൂപയുടെ നഷ്ടം സഹിക്കുകയാണ് എന്നാണ് പരസ്യങ്ങളിലൂടെ യുപിഎ സര്‍ക്കാര്‍ ഘോഷിക്കുന്നത്. ഇതു കേട്ടാല്‍ തോന്നുക, ജനങ്ങള്‍ക്കായി 21,000 കോടി രൂപയുടെ ഇളവ് നല്‍കി എന്നാണ്. യഥാര്‍ഥത്തില്‍ ഇത്രയും കോടിയുടെ ഇളവിന്റെ ഉപയോക്താക്കളാവുന്നത് എണ്ണക്കമ്പനികളാണ്. ഇക്കാര്യം യുപിഎ മറച്ചുവയ്ക്കുന്നു. കോണ്‍ഗ്രസിന്റെ "കൈ" സാധാരണക്കാരന്റെ രക്ഷയ്ക്ക് എന്നതായിരുന്നു കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുദ്രാവാക്യം. തെരഞ്ഞെടുപ്പ് കഴിഞ്ഞതുമുതല്‍ ജനങ്ങള്‍ കാണുന്നത്, ആ കൈ കോര്‍പറേറ്റുകള്‍ക്കും എണ്ണക്കമ്പനികള്‍ക്കുംവേണ്ടി പ്രവര്‍ത്തിക്കുന്നതാണ്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ഡീ റെഗുലേഷന്‍ മുതല്‍ എണ്ണക്കമ്പനികളില്‍നിന്ന് കിട്ടേണ്ട തുക എഴുതിത്തള്ളുന്നതുവരെയുള്ള കാര്യങ്ങളില്‍ ഇതാണ് കാണുന്നത്. ഡീ റെഗുലേഷന്‍ നടപ്പാക്കിക്കഴിഞ്ഞിട്ടില്ലാത്ത ഡീസല്‍ -പാചകവാതക-മണ്ണെണ്ണ വിലകള്‍ സര്‍ക്കാര്‍തന്നെ എണ്ണക്കമ്പനികള്‍ക്കുവേണ്ടി ഉയര്‍ത്തിക്കൊടുക്കുന്നതില്‍ മുതല്‍ 21,000 കോടി രൂപയുടെ നഷ്ടം എണ്ണക്കമ്പനികള്‍ക്കുവേണ്ടി സര്‍ക്കാര്‍ സഹിക്കുന്നതില്‍വരെ കാണുന്നതും ഇതുതന്നെ.

കഴിഞ്ഞമാസം അന്താരാഷ്ട്ര എണ്ണക്കമ്പോളത്തില്‍ വില ബാരലിന് 112.74 ഡോളറായിരുന്നത്, കഴിഞ്ഞ വെള്ളിയാഴ്ച 107.07 ആയി താഴ്ന്നിരുന്നു. ഇതേ ഘട്ടത്തില്‍തന്നെ ഇവിടെ എണ്ണയുടെയും എണ്ണ ഉല്‍പ്പന്നങ്ങളുടെയും വില കുത്തനെ ഉയര്‍ത്തിക്കൊടുത്തത് ആര്‍ക്കുവേണ്ടിയായിരുന്നു? പണ്ടെന്നോ ഉണ്ടായിരുന്ന ഏതോ കുറഞ്ഞ വില എടുത്തിട്ട് ഇപ്പോള്‍ , അതിനേക്കാള്‍ വില കൂടിയിട്ടുണ്ട് എന്നുപറഞ്ഞ് പെട്രോള്‍ -ഡീസല്‍ വിലവര്‍ധന തീരുമാനത്തെ ന്യായീകരിക്കാന്‍ ശ്രമിക്കുന്ന യുപിഎ സര്‍ക്കാരിന്റെ പരസ്യത്തിന് മറച്ചുപിടിക്കാവുന്നതല്ല, അന്താരാഷ്ട്ര എണ്ണക്കമ്പോളത്തിലെ വിലനിലവാരം. താഴ്ന്നുനില്‍ക്കുന്ന എണ്ണവിലയെ അമിത നികുതിചുമത്തി ഉയര്‍ത്തിയെടുക്കുന്ന വിദ്യയാണ് യുപിഎ പയറ്റുന്നത്. പെട്രോളിന്റെ യഥാര്‍ഥ വില ഉപയോക്താവ് കൊടുക്കുന്ന തുകയുടെ പാതിയേ വരുന്നുള്ളൂ. ബാക്കി പാതി നികുതികളാണ്. എക്സൈസ് ഡ്യൂട്ടി, കസ്റ്റംസ് ഡ്യൂട്ടി, ഡീലര്‍ കമീഷന്‍ എന്നിങ്ങനെ പലതും കൂട്ടിച്ചേര്‍ത്ത് എണ്ണവില കൃത്രിമമായി ഉയര്‍ത്തി വരുമാനം കൊയ്യുന്നതിനുപുറമെയാണ് എക്സിക്യൂട്ടീവ് ഉത്തരവുവഴി പാര്‍ലമെന്റിനെയും ബജറ്റിനെയും ഒക്കെ മറികടന്ന് അടിസ്ഥാനവിലയില്‍ യുപിഎ സര്‍ക്കാര്‍ വരുത്തുന്ന വര്‍ധന. കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ പരിശോധിച്ച് പാര്‍ലമെന്റില്‍ സമര്‍പ്പിക്കുന്ന രേഖകള്‍ പ്രകാരം ഇന്ത്യന്‍ ഓയില്‍ , ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഭാരത് പെട്രോളിയം എന്നിവയൊക്കെ ലാഭത്തിലാണെന്നിരിക്കെ, വിലവര്‍ധനയെ ന്യായീകരിക്കാന്‍ സ്വകാര്യ എണ്ണക്കമ്പനികളുടെ ഭാഷയില്‍ നഷ്ടത്തിന്റെ കണക്കു കാട്ടി നിലവിളിക്കുകയാണ് യുപിഎ സര്‍ക്കാര്‍ . ഇതാരെ കബളിപ്പിക്കാന്‍ ? നഷ്ടത്തെക്കുറിച്ചുള്ള എണ്ണക്കമ്പനികളുടെ നിലവിളി ഏറ്റെടുക്കുന്നതിലൂടെ, അവയില്‍നിന്ന് ഖജനാവിലേക്ക് പിരിച്ചെടുക്കേണ്ട തുക പിരിച്ചെടുക്കാനുള്ള അവകാശം അടിയറ വയ്ക്കുകകൂടിയാണ് കേന്ദ്രം. പ്രകൃതിവാതകം രാജ്യത്തിന്റെ പൊതുസമ്പത്താണെന്ന് സുപ്രീംകോടതി പ്രഖ്യാപിച്ചശേഷവും നമ്മുടെ രാജ്യത്തെ പരിമിതമായ പ്രകൃതിവാതക ഖനനവും വില്‍പ്പനയും റിലയന്‍സ് പോലുള്ള കമ്പനികളെ ഏല്‍പ്പിക്കുകയാണിവര്‍ . എണ്ണക്കച്ചവടം ഇത്ര നഷ്ടമാണെങ്കില്‍ റിലയന്‍സ് എങ്ങനെ വീണ്ടും വീണ്ടും ഈ കരാറുകള്‍ ഏറ്റെടുക്കുന്നു? ഈ ചോദ്യത്തിനും ഉത്തരം പറയേണ്ടതുണ്ട് യുപിഎ. ഇങ്ങനെ വഴിവിട്ട് എണ്ണക്കമ്പനികള്‍ക്ക് എല്ലാം ഏല്‍പ്പിച്ചുകൊടുക്കുന്ന യുപിഎ സര്‍ക്കാര്‍ , കുടിലിലെ വിളക്കു കത്തിക്കേണ്ട മണ്ണെണ്ണയുടെ മുതല്‍ പാടംനനയ്ക്കാനുള്ള ജലസേചനയന്ത്രത്തിന് ആവശ്യമായ ഡീസല്‍വരെ സാധാരണക്കാരന് അപ്രാപ്യമാക്കുന്നു.

അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാതെരഞ്ഞെടുപ്പ് നടക്കുന്നതിനു തൊട്ടുമുമ്പുതന്നെ നിശ്ചയിച്ചുവച്ചതാണ് നന്ദന്‍ നിലകേനി സമിതിയുടെ റിപ്പോര്‍ട്ട് പ്രകാരമുള്ള എണ്ണ വിലവര്‍ധന. തെരഞ്ഞെടുപ്പ് കഴിയാന്‍ കാത്തിരിക്കുകയായിരുന്നു ഇത്രയുംകാലം. തെരഞ്ഞെടുപ്പ് കഴിഞ്ഞു; വിലവര്‍ധനയും വന്നു. ഇത്രമേല്‍ ജനദ്രോഹസ്വഭാവമുള്ള ഒരു സംവിധാനത്തെ കേന്ദ്രത്തില്‍ അധികാരത്തില്‍ കൊണ്ടുവന്നതിനു പിന്നില്‍ ഉമ്മന്‍ചാണ്ടിയും കൂട്ടരും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് നടത്തിയ പ്രചാരണങ്ങളുണ്ട്. ആ അധര്‍മത്തിന് പ്രായശ്ചിത്തമായെങ്കിലും ഉമ്മന്‍ചാണ്ടി, പാചകവാതകത്തിനുമേലുള്ള അമ്പതുരൂപ വര്‍ധനയിലെ തങ്ങളുടെ ഓഹരിയായ പതിനെട്ടുരൂപ ത്യജിക്കേണ്ടതാണ്; മണ്ണെണ്ണ നികുതിയുടെ കാര്യത്തിലും അതുതന്നെ ചെയ്യേണ്ടതാണ്.

*
പ്രഭാവര്‍മ ദേശാഭിമാനി 29 ജൂണ്‍ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

കേരളത്തിലെ ഓരോ വീട്ടിലും ഉപയോഗിക്കുന്ന ഓരോ ഗ്യാസ് സിലിണ്ടറിന്റെയും വില പതിനെട്ടുരൂപകണ്ട് കുറയ്ക്കാന്‍ പറ്റും യുഡിഎഫ് സര്‍ക്കാരിന്. വര്‍ധിച്ച വിലയിലെ അഡീഷണല്‍ സെസ് വേണ്ടെന്ന് തീരുമാനിച്ചാല്‍മാത്രം മതി. അതു ചെയ്യാനുള്ള മനസ്സില്ലായ്മയ്ക്ക് മറയിടാനാണ് ഡീസലിനുമേലുള്ള സംസ്ഥാന നികുതി ഓഹരി തങ്ങള്‍ ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചത്. വില കുറയ്ക്കാനിടപെട്ടുവെന്ന് മേനി നടിക്കാനുമാവും ജനങ്ങളെപ്പിഴിഞ്ഞ് പണം സമാഹരിക്കാനുമാവും. ഡീസല്‍വിലയിലെ നികുതി ഓഹരി ഉപേക്ഷിച്ചാല്‍ ലിറ്ററിന് എഴുപത്തഞ്ച് പൈസ കിട്ടുമായിരുന്നത് കിട്ടാതാവുമെന്നേയുള്ളൂ. ഓരോ ഗ്യാസ് സിലിണ്ടറിലൂടെയും പതിനെട്ടുരൂപ വീതം കൈയടക്കാനാവുമെങ്കില്‍പ്പിന്നെ എഴുപത്തഞ്ച് പൈസ പോയാലെന്ത്? ഇതുപറയുമ്പോള്‍ , എല്‍ഡിഎഫ് സര്‍ക്കാര്‍ , വര്‍ധനയുടെ ഘട്ടത്തില്‍ എന്നെങ്കിലും നികുതി വേണ്ടെന്നുവച്ചോ എന്നു ചോദിക്കും യുഡിഎഫ്. വേണ്ടെന്നുവച്ചു. ചില്ലറ പൈസകള്‍ ഉപേക്ഷിച്ച് രൂപകള്‍ സമാഹരിക്കുന്ന യുഡിഎഫിന്റെ കണ്ണില്‍പ്പൊടിയിടല്‍ പരിപാടിയല്ല എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്തത്. പെട്രോള്‍ -ഡീസല്‍ തുടങ്ങിയവയ്ക്ക് ഏറ്റവും രൂക്ഷമായ വര്‍ധന കേന്ദ്രം ഏര്‍പ്പെടുത്തിയത് എല്‍ഡിഎഫ് ഭരണത്തിന്റെ ആദ്യഘട്ടത്തിലാണ്. ആ വേളയില്‍തന്നെ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇടപെട്ടു; ഏതിനൊക്കെ കേന്ദ്രം വര്‍ധന ഏര്‍പ്പെടുത്തിയോ, അതിന്റെയൊക്കെ സംസ്ഥാന ഓഹരി വേണ്ടെന്നുവച്ചു.