ആണവ വിതരണ ഗ്രൂപ്പിന്റെ (എന്‍ എസ് ജി) വാര്‍ഷിക സമ്മേളനം അംഗീകരിച്ച പുതിയ ചട്ടങ്ങള്‍ പ്രകാരം, നേരത്തെ ഇന്ത്യയ്ക്ക് അനുവദിച്ച ഇളവുകള്‍ റദ്ദാവുകയാണ്. ആണവ നിര്‍വ്യാപന ഉടമ്പടിയില്‍ (എന്‍ പി ടി) ഒപ്പുവയ്ക്കാത്ത രാജ്യങ്ങള്‍ക്ക് ആണവ സാങ്കേതിക വിദ്യയും ഇന്ധനവും കൈമാറരുതെന്നാണ് പുതിയ ചട്ടങ്ങള്‍ കര്‍ശനമായി നിര്‍ദേശിക്കുന്നത്. നേരത്തെ ഇതുമായി ബന്ധപ്പെട്ട് നിര്‍ദേശങ്ങള്‍ ഉണ്ടായിരുന്നെങ്കിലും 2008ല്‍ ഇന്ത്യയ്ക്കു മാത്രമായി ഇളവുകള്‍ അനുവദിക്കുകയായിരുന്നു എന്‍ എസ് ജി. ഇന്ത്യ അമേരിക്കയുമായും ഫ്രാന്‍സുമായും റഷ്യയുമായുമെല്ലാം ഏര്‍പ്പെട്ട ആണവ കരാറുകളുടെ അടിസ്ഥാനം ഈ ഇളവാണ്. എന്‍ എസ് ജി ഇളവുകള്‍ ഇല്ലാതായതോടെ ഈ കരാറെല്ലാം ഫലത്തില്‍ അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ഈ സാഹചര്യത്തെ എങ്ങനെയാണ് നേരിടുകയെന്ന് ഇന്ത്യയോ ഇന്ത്യയുമായി ആണവ കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്ന മറ്റു രാജ്യങ്ങളോ വിശദീകരണങ്ങളൊന്നും നല്‍കിയിട്ടില്ല.
ഇപ്പറയുന്ന ആണവ കരാറുകളൊന്നും ഇന്ത്യയുടെ ഊര്‍ജ സുരക്ഷയെ ഏതെങ്കിലും വിധത്തില്‍ ഉറപ്പാക്കുന്നവയല്ല. രാജ്യത്തിന്റെ ഊര്‍ജ സുരക്ഷയ്ക്ക് ആണവോര്‍ജം അനിവാര്യമാണെന്ന വാദം തന്നെ അസംബന്ധവുമാണ്. ഫുകുഷിമ ആണവ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ ലോകരാജ്യങ്ങള്‍ ഊര്‍ജത്തിനായി ആണവ പദ്ധതികളെ ആശ്രയിക്കാനുള്ള തീരുമാനങ്ങള്‍ പുനപ്പരിശോധിച്ചുകൊണ്ടിരിക്കുകയുമാണ്. അതുകൊണ്ടൊക്കെത്തന്നെ ഇന്ത്യയുടെ ആണവ കരാറുകള്‍ക്കുണ്ടാവുന്ന അനിശ്ചിതാവസ്ഥയില്‍ ആശങ്കപ്പെടേണ്ടതായി ഒന്നുമില്ല. എന്നാല്‍ ഈ ആണവ കരാറുകളുടെ പേരില്‍ കേന്ദ്രത്തിലെ ഭരണാധികാരികള്‍ നടത്തിയ ചില പ്രഖ്യാപനങ്ങളും ഇവ നടപ്പാക്കുന്നതിനുവേണ്ടിയെടുത്ത നടപടികളും പരിശോധിക്കപ്പെടുക തന്നെ വേണം.
2008ല്‍ ഇന്ത്യയ്ക്ക് എന്‍ എസ് ജി ഇളവുകള്‍ കിട്ടിയതോടെ രാജ്യത്തിന്റെ ആണവ ഒറ്റപ്പെടല്‍ അവസാനിച്ചെന്നാണ് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പ്രഖ്യാപിച്ചത്. എന്‍ പി ടിയില്‍ ഒപ്പിടാതെ തന്നെ രാജ്യം വലിയ നേട്ടമുണ്ടാക്കിയെന്ന വിധത്തിലായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ പ്രചാരണം. ഇതിനു വഴിയൊരുക്കിയത് അമേരിക്കയുമായുള്ള ആണവ കരാറാണെന്നും കേന്ദ്ര ഭരണാധികാരികള്‍ ഘോഷിച്ചു. എന്നാല്‍ എന്‍ എസ് ജി ഇളവുകള്‍ ലഭിച്ചുകഴിഞ്ഞിട്ടും എന്‍ പി ടിയില്‍ ഒപ്പിടാന്‍ അമേരിക്ക ഉള്‍പ്പെടെയുള്ള രാഷ്ട്രങ്ങള്‍ പലവഴിക്കും ഇന്ത്യയ്ക്കു മേല്‍ സമ്മര്‍ദം ചെലുത്തുന്നതാണ് പിന്നീട് കണ്ടത്. ഇപ്പോള്‍ എന്‍ എസ് ജി ഇളവുകള്‍ ഇല്ലാതാവുന്നതോടെ ഈ സമ്മര്‍ദം കൂടുതല്‍ ശക്തമാവാനാണിട. ആണവ കരാറിനു പിന്നിലുള്ളത് വമ്പന്‍ വാണിജ്യ താല്‍പ്പര്യങ്ങളാണെന്നതുകൊണ്ടുതന്നെ ഏതു വിധത്തിലും കരാര്‍ മുന്നോട്ടുകൊണ്ടുപോവാനായിരിക്കും അമേരിക്ക ശ്രമിക്കുക.
ആണവ ബാധ്യതാ ബില്‍ പാസാക്കുക, ആണവ സംവിധാനങ്ങളെ സിവിലിയന്‍-സൈനികമെന്നു വേര്‍തിരിക്കുക, നിലയങ്ങളില്‍ രാജ്യാന്തര ആണവോര്‍ജ ഏജന്‍സിയുടെ പരിശോധന അനുവദിക്കുക തുടങ്ങി ആണവ കരാര്‍ നടപ്പാക്കുന്നതിനു വേണ്ടി ഒട്ടേറെ നടപടികള്‍ ഇന്ത്യ കൈക്കൊണ്ടിരുന്നു. എന്‍ പി ടിയില്‍ ഒപ്പിടാതെ ആണവ സഹകരണം സാധ്യമാവാത്ത പക്ഷം ഇതെല്ലാം വൃഥാവ്യായാമങ്ങളായിരിക്കുകയാണ്. പൂര്‍ണ ആണവ സഹകരണമാണ് ഇന്ത്യയുമായുള്ളത് എന്നായിരുന്നു അമേരിക്ക പറഞ്ഞുകൊണ്ടിരുന്നത്. പുതിയ പശ്ചാത്തലത്തില്‍ എങ്ങനെയാണ് ഈ സഹകരണം മുന്നോട്ടുകൊണ്ടുപോവുകയെന്ന് യു പി എ സര്‍ക്കാര്‍ വിശദീകരിക്കേണ്ടതുണ്ട്.
*
മുഖപ്രസംഗം ജനയുഗം 29 ജൂണ്‍ 2011
Subscribe to:
Post Comments (Atom)
1 comment:

Post a Comment