നമ്മുടെ രാജ്യത്ത് ഇന്ന് എം ഒ യുകളുടെ (MOU-Memorandum of Understanding) വസന്തകാലമാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മത്സരിച്ച് മൂലധനശക്തികളുമായി ധാരണാപത്രങ്ങള്‍ ഒപ്പിട്ടുകൊണ്ടിരിക്കുന്നു. എം ഒ യു ഇല്ലാത്ത വനമോ പുഴയോ പര്‍വതമോ ഭൂമിയോ ഇന്ന് നമുക്കുണ്ടോ എന്നു സംശയമാണ്. മന്ത്രിമാര്‍-ഉദ്യോഗസ്ഥ പ്രമുഖര്‍-വ്യവസായ ഗ്രൂപ്പുകള്‍, ഈ ത്രിമൂര്‍ത്തികളാണ് ഇതിലേ മുഖ്യ കഥാപാത്രങ്ങള്‍. ഈ വിധം പ്രകൃതിവിഭവങ്ങള്‍ മുഴുവന്‍ അവര്‍ ബഹുരാഷ്ട്ര കുത്തകകള്‍ക്കും മുതല്‍മുടക്കുകാര്‍ക്കും അടിയറവയ്ക്കുന്നു. എല്ലാത്തരം കച്ചവടത്തിന്റെയും നഷ്ടം പേറേണ്ടിവരുന്നത് സാധാരണക്കാരും.
ധാരണാപത്രങ്ങളുടെ ഈ സൂത്രധാരകരെ എം ഒ യിസ്റ്റുകള്‍ എന്നുവിളിക്കാന്‍ വ്യാകരണം അനുവദിക്കുമോ എന്നറിയില്ല. അങ്ങനെ അനുവദിക്കുമെങ്കില്‍ ഈ എം ഒ യിസ്റ്റുകളാണ് മാവോയിസ്റ്റുകളെ സൃഷ്ടിക്കുന്നത് എന്നു പറയേണ്ടിയിരിക്കുന്നു. ഭൂമിയും പുഴയും പൂമ്പാറ്റകളുമൊക്കെ നഷ്ടപ്പെടുന്ന ഗ്രാമീണര്‍ നക്‌സലൈറ്റുകളുമായി സംഘം ചേരുന്നു. ഈ വിധം വനങ്ങള്‍ ഗറില്ലകളെക്കൊണ്ട് നിറയുകയും അവ യുദ്ധഭൂമിയായി മാറുകയും ചെയ്യുന്നു. ഇത്രയും എഴുതിയത് നമ്മുടെ രാജ്യത്ത് ഭൂമാഫിയകളും സര്‍ക്കാരും ചേര്‍ന്ന് 'വികസനത്തിന്റെ' പേരില്‍ സാധാരണക്കാരുടെ കൃഷി ഇടങ്ങള്‍ തട്ടിയെടുക്കുന്നതിന്റെയും ഇതിനെതിരെ ഉയര്‍ന്നുകൊണ്ടിരിക്കുന്ന കര്‍ഷക സമരങ്ങളുടെയും പശ്ചാത്തലത്തിലാണ്.
എവിടെയും - കന്യാകുമാരി മുതല്‍ കാശ്മീര്‍വരെ - പാവപ്പെട്ടവന്റെ നെഞ്ചിലാണ് വികസനം അതിന്റെ കൂടുകൂട്ടുന്നത്. അയാളുടെ ഭൂമി പിളര്‍ത്തി അതിന്റെ നടുംതൂണുകള്‍ ഉയരുന്നു, അയാളുടെ അനുവാദമില്ലാതെ, അയാള്‍ക്ക് അതിന്റെ (വികസനത്തിന്റെ) പ്രയോജനം ഒട്ടും ലഭിക്കാതെ. ശ്രദ്ധേയമായ കാര്യം, വികസനത്തിനുവേണ്ടി ഏറ്റവുമധികം കുടിയിറക്കപ്പെട്ടിരിക്കുന്നത് പ്രാന്തവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളാണെന്നതാണ്. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഗോത്രസമൂഹങ്ങള്‍. ജനസംഖ്യയുടെ ഒമ്പത് ശതമാനമാണ് ഇവരുടെ എണ്ണമെങ്കിലും വികസനത്തിനുവേണ്ടി എടുത്ത ഭൂമിയുടെ നാല്‍പതു ശതമാനവും ഇവരുടെതാണ്! 'പൊതുതാല്‍പര്യം' ചൂണ്ടിക്കാണിച്ചാണ് എപ്പോഴും ഭൂമി ഏറ്റെടുക്കുന്നത്. 1894 ല്‍ ബ്രിട്ടീഷുകാര്‍ പാസാക്കിയ നിയമമാണ് (Land Acquisition Act 1894) ഇപ്പോഴും ഇക്കാര്യത്തിന് സ്വതന്ത്രഭാരതത്തിലെ ഭരണകൂടങ്ങള്‍ അവലംബിക്കുന്നത്. എന്നാല്‍ 'പൊതുതാല്‍പര്യത്തില്‍ പൊതുവായ അംശമൊന്നും ഇല്ലെന്നതാണ് യാഥാര്‍ഥ്യം. കേവലം ഒന്നോ രണ്ടോ ശതമാനം വരുന്ന സമ്പന്നരുടെ താല്‍പര്യമാണ് പൊതുതാല്‍പര്യമെന്ന പേരില്‍ അരങ്ങുവാഴുന്നത്. അവര്‍ ഭൂമിയുടെ അവകാശികളായി മാറുന്ന മായക്കാഴ്ചയാണ് നമുക്കുമുന്നില്‍. ഇവര്‍ക്കാവട്ടെ ഭൂമി ലാഭം കൊയ്യാനുള്ള മാര്‍ഗമാണ്. സാധാരണക്കാര്‍ക്ക് മറിച്ചും-ഉപജീവനത്തിനുള്ള മാര്‍ഗം. ഇതിനര്‍ഥം ഭൂമിക്കുവേണ്ടി ഇപ്പോള്‍ നടക്കുന്ന സമരം, ഉപജീവനവും ലാഭവും തമ്മിലുള്ള ഒടുങ്ങാത്ത സംഘര്‍ഷമാണെന്നാണ്.
ഏറ്റവും ദുഃഖകരമായ വസ്തുത കൃഷിഭൂമിയാണ് ഈവിധം വികസനാവശ്യങ്ങള്‍ക്കായി ഉപയോഗിക്കപ്പെടുന്നത് എന്നതാണ്. അതും തുച്ഛമായ വില നല്‍കി കര്‍ഷകരില്‍ നിന്ന് തട്ടിപ്പറിക്കുന്നു. ഉത്തര്‍പ്രദേശില്‍ നിര്‍മിക്കാന്‍ പോകുന്ന യമുന എക്‌സ്പ്രസ് ഹൈവേ ഇത്തരത്തില്‍ ഭൂമാഫിയകളും സര്‍ക്കാരും ചേര്‍ന്ന തട്ടിയെടുക്കുന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്. ഒരു ചരുരശ്ര മീറ്ററില്‍ സര്‍ക്കാര്‍ മുന്നോട്ടുവച്ച തുക 880 രൂപയും മാര്‍ക്കറ്റ് വില 25,000 രൂപയും! അപ്പോള്‍ കര്‍ഷകന്റെ പ്രശ്‌നം, കൃഷിഭൂമി ഇല്ലാതാവുന്നു എന്നതു മാത്രമല്ല. അത് അന്യാധീനപ്പെടുന്നത് തുച്ഛമായ വിലയ്ക്കാണെന്നതുകൂടിയാണ്. ഒരുപക്ഷേ ന്യായമായ വില നല്‍കുവാന്‍ തയ്യാറാകുന്നപക്ഷം, മനസ്സില്ലാമനസ്സോടെയാണെങ്കിലും ഭൂമിവില്‍ക്കാന്‍ അവര്‍ തയ്യാറായേയ്ക്കും. എന്നാല്‍ ഇവിടെ പറ്റിപ്പിന്റെയും പങ്കുപറ്റലിന്റെയും തനിയാവര്‍ത്തനമാണ് നടക്കുന്നത്. 1963 ഡിസംബറില്‍ ഡല്‍ഹിയില്‍ വച്ചുനടന്ന ദേശീയ വികസന കൗണ്‍സില്‍ യോഗത്തില്‍ അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു പറഞ്ഞത് ഓര്‍മ വരുന്നു - ''എന്റെ മുന്നില്‍ ഇരിക്കുന്ന മുഖ്യമന്ത്രിമാരെക്കാളും പ്രാധാന്യമര്‍ഹിക്കുന്നതാണ് കൃഷി''. അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ പിന്‍മുറക്കാരാണ് കര്‍ഷകരോട് ഇങ്ങനെ പെരുമാറുന്നതെന്നത് ചരിത്രത്തിന്റെ ഏറ്റവും വലിയ വിരോധാഭാസമാണ്. യഥാര്‍ഥത്തില്‍ ഭൂമിയുടെ ചരമഗീതമാണ് ഇവര്‍ കുറിച്ചുകൊണ്ടിരിക്കുന്നത്. ഒപ്പം കര്‍ഷകന്റെയും. ഭൂമി കര്‍ഷകന്റെ ഹൃദയമാണല്ലോ.
സമ്പന്നരുടെ സ്വാര്‍ഥതാല്‍പര്യവും മൂലധനശക്തികളുടെ പണക്കൊതിയുമാണ് ഇരുപത്തിഒന്നാം നൂറ്റാണ്ടിലെ 'പൊതുതാല്‍പര്യ'മെന്ന് തുടക്കത്തില്‍ സൂചിപ്പിച്ചു കഴിഞ്ഞു. ഈ രണ്ടറ്റങ്ങളെ കൂട്ടിമുട്ടിക്കുന്നതാണ് എല്ലാ വികസന പദ്ധതികളും. ഗ്രാമങ്ങളെ ബന്ധിപ്പിക്കുവാന്‍ ഒറ്റയടിപ്പാതപോലും ഇല്ലാത്തപ്പോള്‍ നഗരങ്ങളെ ബന്ധിപ്പിക്കുവാന്‍ എക്‌സ്പ്രസ് ഹൈവേകള്‍ പിറക്കുന്നു. ഉത്തര്‍പ്രദേശിലെ യമുന എക്‌സ്പ്രസ് ഹൈവേ ലക്ഷ്യമിടുന്നത് ആഗ്രയില്‍ നിന്ന് നോയിഡയിലേയ്ക്കുള്ള സഞ്ചാര ദൈര്‍ഘ്യം രണ്ട് മണിക്കൂര്‍ കണ്ട് കുറയ്ക്കുവാനാണ്. അതേസമയം കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളായി ഗ്രാമീണപാതകള്‍ അറ്റകുറ്റപ്പണി ചെയ്യാത്തതുമൂലം പൊട്ടിപൊളിഞ്ഞ് കിടക്കുകയും ചെയ്യുന്നു. ഇതേക്കുറിച്ച് ഒരു ഗ്രാമീണന്‍ പറഞ്ഞത് ഇങ്ങനെ - ''വിളകള്‍ വില്‍ക്കണമെങ്കില്‍ ഞങ്ങള്‍ക്ക് ഇരുപത് കിലോമീറ്റര്‍ സഞ്ചരിക്കേണ്ടതുണ്ട്. ഇതിനായി ചിലവഴിക്കേണ്ടിവരുന്ന സമയമാകട്ടെ ഒരു പകലും. ആഗ്രയിലേക്കുപോകാന്‍ മറ്റൊരു ഹൈവേ ഉണ്ടായിട്ടും സമ്പന്നര്‍ക്കായി വീണ്ടുമൊരു രാജവീഥി നിര്‍മിക്കുവാനുള്ള തത്രപ്പാടിലാണ് ഭരണകൂടം''.
ഉത്തര്‍പ്രദേശില്‍നിന്ന് ഒറീസയില്‍ ചെന്നാല്‍ അവിടെ ഭൂമി ഖനനവുമായി ബന്ധുപ്പെട്ടുകിടക്കുന്നു., പോസ്‌കോയും വേദാന്തയും പോലെയുള്ള ബഹുരാഷ്ട്ര കുത്തകകള്‍ ധാതുസമ്പന്നമായ മലകളെയും മേടുകളെയുമാണ് കണ്ണുവച്ചിരിക്കുന്നത്. ബോക്‌സൈറ്റ് തുടങ്ങിയ ലോഹങ്ങള്‍ ഖനനം ചെയ്ത് അലുമിനിയമാക്കി ആയുധവ്യാപാരികള്‍ക്ക് അസംസ്‌കൃത പദാര്‍ഥങ്ങളൊരുക്കുക എന്നതാണ് ഈ അന്താരാഷ്ട്ര വ്യവസായ ഭീമന്‍മാരുടെ ഉദ്ദേശ്യം. ഖനനത്തിന്റെ രാഷ്ട്രീയത്തിലേയ്ക്ക് കൂടി ഇത് വിരല്‍ചൂണ്ടുന്നു. നീതിപീഠങ്ങള്‍ പോലും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ചിലപ്പോഴൊക്കെ ഒത്താശ ചെയ്യുന്നു എന്നതാണ് വാസ്തവം. സുപ്രിംകോടതി നേരിട്ടുനിയമിച്ച കമ്മറ്റിയുടെ റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞുകൊണ്ട് വേദാന്ത ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമായ സ്റ്റെറിലൈറ്റിന് വനം വെട്ടിതെളിക്കാന്‍ ജസ്റ്റിസ് കപാഡിയ (സുപ്രിംകോടതി) നല്‍കിയ വിധി ഇതിന്റെ ഉദാഹരണമാണെന്ന് അരുന്ധതി റോയി ചൂണ്ടുക്കാണിക്കുന്നു. തനിക്ക് പ്രസ്തുത കമ്പനിയില്‍ ഓഹരി ഉണ്ടെന്ന് അദ്ദേഹം തുറന്ന കോടതിയില്‍ വെളിപ്പെടുത്തിയതായും അവര്‍ തുടര്‍ന്ന് പറയുന്നു!
വികസനം ഏതുവിധം സാധാരണക്കാരന്റെ കുലം തൊണ്ടുന്നു എന്നതിനും ഭരണവര്‍ഗം ഏതുവിധം ഇത്തരം ചെയ്തികളെ പിന്തുണയ്ക്കുന്നു എന്നതിനും ഇതിലും വലിയ തെളിവ് ആവശ്യമുണ്ടോ? ആറു പതിറ്റാണ്ടുകാലത്തെ ജനാധിപത്യം ദരിദ്രജനവിഭാഗങ്ങള്‍ക്ക് വോട്ടവകാശം നല്‍കിയെങ്കിലും അതിനുപകരമായി തിരിച്ചെടുത്തത് അവരുടെ ഉപജീവനത്തിനുള്ള മാര്‍ഗമാണ്. ഇവരെ സംബന്ധിച്ചിടത്തോളം സര്‍ക്കാരും വ്യവസായികളും ചേര്‍ന്ന് ഒപ്പുവയ്ക്കുന്ന ഓരോ മെമ്മോറാന്‍ഡം ഓഫ് അണ്ടര്‍സ്റ്റാന്റിംഗും മെമ്മോറാന്‍ഡം ഓഫ് എക്‌സ്‌പ്ലോയിറ്റേഷന്‍ (Memorandum of Exploitation) ആണ്.
*
ഡോ. ജെ പ്രഭാഷ് ജനയുഗം 22 ജൂണ്‍ 2011
Wednesday, June 22, 2011
Subscribe to:
Post Comments (Atom)
1 comment:
നമ്മുടെ രാജ്യത്ത് ഇന്ന് എം ഒ യുകളുടെ (MOU-Memorandum of Understanding) വസന്തകാലമാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മത്സരിച്ച് മൂലധനശക്തികളുമായി ധാരണാപത്രങ്ങള്‍ ഒപ്പിട്ടുകൊണ്ടിരിക്കുന്നു. എം ഒ യു ഇല്ലാത്ത വനമോ പുഴയോ പര്‍വതമോ ഭൂമിയോ ഇന്ന് നമുക്കുണ്ടോ എന്നു സംശയമാണ്. മന്ത്രിമാര്‍-ഉദ്യോഗസ്ഥ പ്രമുഖര്‍-വ്യവസായ ഗ്രൂപ്പുകള്‍, ഈ ത്രിമൂര്‍ത്തികളാണ് ഇതിലേ മുഖ്യ കഥാപാത്രങ്ങള്‍. ഈ വിധം പ്രകൃതിവിഭവങ്ങള്‍ മുഴുവന്‍ അവര്‍ ബഹുരാഷ്ട്ര കുത്തകകള്‍ക്കും മുതല്‍മുടക്കുകാര്‍ക്കും അടിയറവയ്ക്കുന്നു. എല്ലാത്തരം കച്ചവടത്തിന്റെയും നഷ്ടം പേറേണ്ടിവരുന്നത് സാധാരണക്കാരും.
Post a Comment