കരിവെള്ളൂര്‍ സമരനായകനും കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കരുത്തനായ നേതാവുമായ സഖാവ് എ വി കുഞ്ഞമ്പു നമ്മെ വിട്ടുപിരിഞ്ഞിട്ട് 31 വര്‍ഷമാകുന്നു. ദേശീയ പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയരംഗത്തെത്തിയ എ വി, കമ്യൂണിസ്റ്റ് പാര്‍ടിയുടെ നായകസ്ഥാനത്തേക്ക് ഉയര്‍ന്നു. ഒരു കാലഘട്ടത്തിന്റെ പോരാട്ടപ്രതീകവും ഊര്‍ജസ്രോതസ്സുമായിരുന്ന അദ്ദേഹം അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ ഉന്നമനത്തിനായി ജീവിതം ഉഴിഞ്ഞുവച്ച വിപ്ലവകാരിയാണ്. ത്യാഗത്തിന്റെയും സഹനത്തിന്റെയും പോരാട്ടത്തിന്റെയും അതുല്യമായ കൂടിച്ചേരലായിരുന്നു എ വിയുടെ ജീവിതം. മരണത്തിന്റെ അരികിലെത്തിച്ചിട്ടുണ്ട് മര്‍ദകര്‍ ആ സമര നേതാവിനെ. എ വിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച "അഭിനവഭാരത യുവക് സംഘം" എന്ന സംഘടന രാജ്യത്തെ യുവജനപ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ ആദ്യ ഏടുകളിലൊന്നാണ്. കേരളത്തിലെ കമ്യൂണിസ്റ്റ്-കര്‍ഷക മുന്നേറ്റത്തിന്റെ വീരേതിഹാസമായ കരിവെള്ളൂര്‍ സമരത്തിന്റെ നായകത്വം എ വിക്കായിരുന്നു.
കരിവെള്ളൂര്‍ സമരത്തിനുമുമ്പ് 1940ല്‍ മൊറാഴ സംഭവത്തെതുടര്‍ന്ന് എ വിക്ക് ദീര്‍ഘമായ ഒളിവുജീവിതം നയിക്കേണ്ടിവന്നു. ആ ഘട്ടത്തില്‍ ആലപ്പുഴ കേന്ദ്രീകരിച്ച് പാര്‍ടിയും തൊഴിലാളിപ്രസ്ഥാനവും കെട്ടിപ്പടുക്കാന്‍ അദ്ദേഹം കാണിച്ച ഊര്‍ജസ്വലതയും സംഘടനാചാതുര്യവും എടുത്തുപറയേണ്ടതാണ്. കരിവെള്ളൂര്‍ സമരം നയിച്ച് മര്‍ദകഭരണത്തിനെതിരെ പോരടിച്ച എ വി വിപ്ലവകാരികള്‍ക്കാകെ ആവേശംപകരുന്ന ഓര്‍മയാണ്. മരണത്തിന്റെ പിടിയില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട സഖാവ് അതിക്രൂരമായ മര്‍ദനങ്ങള്‍ക്ക് ഈ കാലഘട്ടത്തില്‍ ഇരയാവുകയും ജയിലിലടയ്ക്കപ്പെടുകയും ചെയ്തു. വിപ്ലവകാരിയുടെ സര്‍വ ഗുണങ്ങളും സ്വന്തം ജീവിതത്തില്‍ സമന്വയിപ്പിച്ച എ വി സഖാക്കളുടെയും ബഹുജനങ്ങളുടെയും പ്രിയങ്കരനായിരുന്നു. കമ്യൂണിസ്റ്റ് പാര്‍ടിയുടെ ആറാം കോണ്‍ഗ്രസില്‍ ദേശീയ കൗണ്‍സില്‍ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. കമ്യൂണിസ്റ്റ് പാര്‍ടിയെ റിവിഷനിസത്തില്‍നിന്ന് സംരക്ഷിക്കാന്‍ ദേശീയ കൗണ്‍സിലില്‍നിന്ന് ഇറങ്ങിപ്പോന്ന അംഗങ്ങളില്‍ എ വിയും ഉണ്ടായിരുന്നു. മികച്ച പാര്‍ടി അധ്യാപകന്‍ , പാര്‍ടി പ്രവര്‍ത്തകരുടെ വിഷമങ്ങള്‍ മനസ്സിലാക്കുകയും തെറ്റുകളില്‍ വീഴാതെ അവരെ നയിക്കുകയുംചെയ്ത നേതാവ്, പാര്‍ലമെന്റേറിയന്‍ , രാഷ്ട്രീയനിലപാടുകളില്‍ കാര്‍ക്കശ്യം പുലര്‍ത്തുന്ന സഖാവ് എന്നീ സവിശേഷതകള്‍ അദ്ദേഹത്തില്‍ സമന്വയിച്ചിരുന്നു.
രാജ്യസഭാംഗം, നിയമസഭാംഗം എന്നീ നിലകളില്‍ എ വിയുടെ പ്രവര്‍ത്തനം മികവുറ്റതായിരുന്നു. നല്ല ഭാഷയും വ്യാകരണശുദ്ധിയും ദൃഢതയും ആശയവ്യക്തതയും എ വിയുടെ പ്രസംഗങ്ങളെ ആകര്‍ഷണീയമാക്കി. യുവാക്കളെ ഏറെ പ്രോത്സാഹിപ്പിച്ച സഖാവ്, അവരുടെ വീഴ്ച യഥാസമയം കണ്ടെത്തി അവ തിരുത്തിക്കാനുള്ള അപാരമായ കഴിവ് പ്രകടിപ്പിച്ചിരുന്നു. സാമ്രാജ്യാധിനിവേശത്തിനെതിരായ സമരത്തില്‍ എ വിയടക്കമുള്ള കമ്യൂണിസ്റ്റ് നായകര്‍ കാണിച്ച മാതൃക എക്കാലത്തും ആവേശംപകരുന്നതാണ്. സാമ്രാജ്യത്വം ലോകത്തിനുമേല്‍ പിടിമുറുക്കുകയും അതിനെതിരായ ചെറുത്തുനില്‍പ്പ് രാജ്യാതിര്‍ത്തികള്‍ ഭേദിച്ച് ഉയര്‍ന്നുവരികയും ചെയ്യുന്ന സവിശേഷ ഘട്ടത്തിലാണ് നാം എ വിയെ സ്മരിക്കുന്നത്. അന്താരാഷ്ട്ര ധനമൂലധനത്തിന്റെ പിന്തുണയോടെ നവ ലിബറല്‍നയങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള പരിശ്രമങ്ങള്‍ കടുത്ത എതിര്‍പ്പുകളും അസംതൃപ്തിയുമാണ് ലോക ജനതയില്‍ സൃഷ്ടിക്കുന്നത്. ജനജീവിതത്തെ സാരമായി ബാധിക്കുന്ന ഈ നയങ്ങള്‍ക്കെതിരായ വികാരം ബദലിനുവേണ്ടിയുള്ള സമരമായി പരിവര്‍ത്തനം ചെയ്യപ്പെടുന്നു. സാമ്രാജ്യത്വവിരുദ്ധ സമീപനം ഉയര്‍ത്തിപ്പിടിച്ച് ഇടതുപക്ഷം ലാറ്റിനമേരിക്കയടക്കമുള്ള മേഖലകളില്‍ ആര്‍ജിക്കുന്ന വര്‍ധിച്ച പിന്തുണയ്ക്കുദാഹരണമാണ് പെറുവിലെ തെരഞ്ഞെടുപ്പു ഫലം. ഇടതുപക്ഷ നേതാവ് ഒല്ലാന്ത ഹുമാലയാണ് പെറുവിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. ലാറ്റിനമേരിക്കയില്‍ ഇടതുപക്ഷത്തിന്റെ മുന്നേറ്റം കൂടുതല്‍ ശക്തിപ്പെടുന്നതായാണ് ഇത് കാണിക്കുന്നത്. ആഗോള സാമ്പത്തിക തകര്‍ച്ചയെത്തുടര്‍ന്ന് ലോക മുതലാളിത്തക്രമം അഗാധമായ പ്രതിസന്ധി നേരിടുകയാണ്. സാമ്പത്തിക പ്രതിസന്ധിയും അത് അമേരിക്കയിലെയും മറ്റ് പാശ്ചാത്യ രാഷ്ട്രങ്ങളിലെയും സമ്പദ് ഘടനയിലുണ്ടാക്കിയ ദൂഷ്യഫലങ്ങളും സാമ്രാജ്യത്വത്തെ അതിന്റെ സാമ്പത്തിക-രാഷ്ട്രീയ അധീശത്വം നിലനിര്‍ത്താനും വീണ്ടെടുക്കാനുമുള്ള ഭ്രാന്തമായ നെട്ടോട്ടത്തിലേക്കാണ് തള്ളിവിട്ടത്.
ഇന്ത്യയെപ്പോലുള്ള വികസ്വര രാഷ്ട്രങ്ങളെ വിനീത പങ്കാളികളാക്കാനുള്ള തീവ്രശ്രമം സാമ്രാജ്യത്വശക്തികള്‍ തുടരുന്നു. പ്രതിസന്ധിയില്‍ അമര്‍ന്ന സ്വന്തം സമ്പദ്ക്രമത്തെ വികസ്വര രാഷ്ട്രങ്ങളുടെ ചെലവില്‍ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമമാണിത്. ഇന്ത്യയില്‍ സാമ്രാജ്യത്വശക്തികളുടെ താല്‍പ്പര്യങ്ങള്‍ക്കു വഴങ്ങി ജനവിരുദ്ധനയങ്ങള്‍ രൂപീകരിക്കുന്നതിലും നടപ്പാക്കുന്നതിലുമാണ് യുപിഎ സര്‍ക്കാര്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റുതുലയ്ക്കുന്നത് ശക്തമായി തുടരുന്നു. രാജ്യത്തിന്റെ സ്വാശ്രയത്വവും പരമാധികാരവും സംരക്ഷിക്കുന്നതിനുള്ള അടിസ്ഥാന ഘടനയാണ് ഇങ്ങനെ തകര്‍ക്കപ്പെടുന്നത്. ഒരുഭാഗത്ത് അമേരിക്കയുമായി വന്‍ കച്ചവടങ്ങള്‍ നടത്തുന്നു. അതേസമയംതന്നെ അറബ് ജനതയെ കൊലചെയ്യുന്ന ഇസ്രയേലുമായി കൂട്ടുകെട്ട് തുടരുന്നു. ഇന്ത്യയുടെ ഏറ്റവും വലിയ ആയുധപങ്കാളി ഇന്ന് ഇസ്രയേലാണ്. അമേരിക്കയില്‍നിന്ന് ഇന്ത്യ 18,000 കോടി രൂപയ്ക്ക് 10 സൈനിക വിമാനം വാങ്ങുന്നതും ദേശീയ രഹസ്യാന്വേഷണ ഗ്രിഡ് (നാറ്റ്ഗ്രിഡ്) രൂപീകരിക്കാനുള്ള തീരുമാനവും ഇതിന്റെ തുടര്‍ച്ചതന്നെ. അമേരിക്കയുമായുള്ള ഇന്ത്യയുടെ ഏറ്റവും വലിയ പ്രതിരോധ ഇടപാടില്‍ യുപിഎ സര്‍ക്കാര്‍ ഏര്‍പ്പെടുമ്പോള്‍ അമേരിക്കയ്ക്ക് സാമ്പത്തികപ്രതിസന്ധി മറികടക്കാനുള്ള പണമാണ് ഇന്ത്യന്‍ ജനതയുടെ കൈകളില്‍നിന്ന് ചോര്‍ന്നുപോകുന്നത്.
അമേരിക്കയുടെ താല്‍പ്പര്യമനുസരിച്ചാണ് വൈദേശികമായ ഭീകരവാദ ഭീഷണിയെക്കുറിച്ച് വിവരം ലഭിക്കാനെന്ന പേരില്‍ ദേശീയ രഹസ്യാന്വേഷണ ഗ്രിഡ് (നാറ്റ്ഗ്രിഡ്) രൂപീകരിക്കുന്നത്. രാജ്യത്തെ വിവിധ ഏജന്‍സികളുടെ കൈവശമുള്ള വിവരങ്ങള്‍ ക്രോഡീകരിച്ച് കടത്തിക്കൊണ്ടുപോവുകയാണ് അമേരിക്കന്‍ ലക്ഷ്യം. ഇങ്ങനെ നമ്മുടെ രാജ്യം അപകടകരമായ പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ്. വന്‍കിട കോര്‍പറേറ്റ് കുത്തകകളുടെയും സാമ്രാജ്യത്വശക്തികളുടെയും താല്‍പ്പര്യം സംരക്ഷിക്കുന്ന യുപിഎ സര്‍ക്കാര്‍ രാജ്യത്തിന്റെ ജനാധിപത്യമൂല്യങ്ങളും ഭരണഘടനയുടെ അന്തസ്സത്തപോലും ആക്രമിക്കപ്പെടുന്നത് നിസ്സംഗരായി നോക്കിനില്‍ക്കുന്നു. അഴിമതിയുടെ കൂത്തരങ്ങായി കേന്ദ്രഭരണം മാറി. ടെലികോംമന്ത്രിയായിരുന്ന എ രാജ ജയിലില്‍ കഴിയുന്നു. അഴിമതിക്കെതിരായ ജനവികാരം വഴിതിരിച്ചുവിടാനുള്ള ആസൂത്രിത ശ്രമങ്ങളെയും ജാഗ്രതയോടെ കാണേണ്ടതുണ്ട്. എണ്ണവില വര്‍ധനയുള്‍പ്പെടെ ജനജീവിതം ദുസ്സഹമാക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നുവരണം. കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ അഞ്ചുകൊല്ലത്തെ പ്രവര്‍ത്തനം ജനങ്ങള്‍ സര്‍വാത്മനാ അംഗീകരിച്ചതുകൊണ്ടാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വലതുപക്ഷത്തിന്റെ അവകാശവാദങ്ങള്‍ അപ്രസക്തമാക്കിയ ഫലം ഉണ്ടായത്.
നേരിയ ഭൂരിപക്ഷത്തിന് ഭരണത്തിലേറിയ യുഡിഎഫ് പഴയ ദുര്‍ഭരണകാലത്തെ ഓര്‍മിപ്പിക്കുന്ന ജനവിരുദ്ധ സമീപനങ്ങളിലേക്കാണ് പോകുന്നത്. സര്‍ക്കാരിന്റെ ആദ്യനാളുകളിലെ തീരുമാനങ്ങളും മന്ത്രിമാരുടെ പ്രഖ്യാപനങ്ങളും അധികാരം പങ്കുവയ്ക്കുന്നതിനായി നടക്കുന്ന തമ്മില്‍ത്തല്ലും നല്‍കുന്നത് ആശാസ്യമല്ലാത്ത സൂചനകളാണ്. എല്‍ഡിഎഫ് ഭരണത്തില്‍ കേരളം ആര്‍ജിച്ച പുരോഗതിയും ജനക്ഷേമ നടപടികളും അട്ടിമറിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. കേരളം കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് കൈവരിച്ച നേട്ടങ്ങള്‍ സംരക്ഷിച്ചും ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ നിതാന്തജാഗ്രത പുലര്‍ത്തിയും മാത്രമേ ഇടതുപക്ഷ പ്രസ്ഥാനത്തിന് മുന്നോട്ടുപോകാനാകൂ. അത്തരം ജാഗ്രതയെയും കര്‍മോത്സുകതയെയും കൂടുതല്‍ ഊര്‍ജസ്വലമാക്കുന്നതാണ് സ. എ വി കുഞ്ഞമ്പുവിന്റെ സ്മരണ.
*
പിണറായി വിജയന്‍ ദേശാഭിമാനി 08 ജൂണ്‍ 2011
Subscribe to:
Post Comments (Atom)
1 comment:
കരിവെള്ളൂര്‍ സമരനായകനും കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കരുത്തനായ നേതാവുമായ സഖാവ് എ വി കുഞ്ഞമ്പു നമ്മെ വിട്ടുപിരിഞ്ഞിട്ട് 31 വര്‍ഷമാകുന്നു. ദേശീയ പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയരംഗത്തെത്തിയ എ വി, കമ്യൂണിസ്റ്റ് പാര്‍ടിയുടെ നായകസ്ഥാനത്തേക്ക് ഉയര്‍ന്നു. ഒരു കാലഘട്ടത്തിന്റെ പോരാട്ടപ്രതീകവും ഊര്‍ജസ്രോതസ്സുമായിരുന്ന അദ്ദേഹം അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ ഉന്നമനത്തിനായി ജീവിതം ഉഴിഞ്ഞുവച്ച വിപ്ലവകാരിയാണ്. ത്യാഗത്തിന്റെയും സഹനത്തിന്റെയും പോരാട്ടത്തിന്റെയും അതുല്യമായ കൂടിച്ചേരലായിരുന്നു എ വിയുടെ ജീവിതം. മരണത്തിന്റെ അരികിലെത്തിച്ചിട്ടുണ്ട് മര്‍ദകര്‍ ആ സമര നേതാവിനെ. എ വിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച "അഭിനവഭാരത യുവക് സംഘം" എന്ന സംഘടന രാജ്യത്തെ യുവജനപ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ ആദ്യ ഏടുകളിലൊന്നാണ്. കേരളത്തിലെ കമ്യൂണിസ്റ്റ്-കര്‍ഷക മുന്നേറ്റത്തിന്റെ വീരേതിഹാസമായ കരിവെള്ളൂര്‍ സമരത്തിന്റെ നായകത്വം എ വിക്കായിരുന്നു.
Post a Comment