ഇക്കഴിഞ്ഞ 24-ന് കേരളസാഹിത്യസമിതി കോഴിക്കോട്ടു വെച്ച് പ്രഫ. ഐ. ജി. ഭാസ്‌കരപ്പണിക്കരെ ആദരിച്ചു. സരളവും ഹൃദ്യവുമായ ഒരു ചടങ്ങായിരുന്നു. പി. വത്സല അദ്ധ്യക്ഷയും ജി. എന്‍. ചേലനാടും ഞാനും ആശംസാപ്രസംഗകരും. പ്രതീകാത്മകമായ ഒരു ഉപഹാരവും പൊന്നാടയും. പിന്നെ സാറിന്റെ വക അളന്നു മുറിച്ച മറുപടിയും. കഴിഞ്ഞു. അതിനിടെ എന്റെ വക ഒരു പൊന്നാട കൂടി അണിയിക്കാന്‍ സാധിച്ചു.
സാഹിത്യസമിതി ഇതിനു മുന്‍പ് ആരെയും ആദരിച്ചതായി ഓര്‍ക്കുന്നില്ല. ജീവിതത്തില്‍ ആരുടെയെങ്കിലും വക എന്തെങ്കിലും ഔപചാരികമായ അനുമോദനം ഇദ്ദേഹം ഇന്നേവരെ ഏറ്റുവാങ്ങിയിട്ടുമില്ല. ഇതുതന്നെ സമിതി പ്രവര്‍ത്തകര്‍ ഏതാണ്ടൊരു ചതിപോലെ ഒപ്പിച്ചതാണ്.
ആരാണ് ഇദ്ദേഹം എന്നാവാം പലരുടെയും സംശയം. അത്ഭുതമില്ല, എന്തെങ്കിലുമൊരു കാര്യത്തിന്റെ മുന്‍നിരക്കാരനൊ എന്തിന്റെയെങ്കിലും ഭാരവാഹിയൊ ആകാത്ത ഒരാളെ ആളുകളെങ്ങനെ അറിയാന്‍? 'ഞാന്‍ വിശേഷിച്ച് ആരുമല്ല' എന്നാണ് അദ്ദേഹത്തിന്റെ നിലപാട്. തനിക്കു ശേഷം ഈ ലോകത്ത് തന്‍േറതായി തന്റെ കുട്ടികളും ശിഷ്യരുമല്ലാതെ ഒന്നും അവശേഷിക്കരുത് എന്ന ആശ തുറന്നുതന്നെ പറയുന്നു. അതുകൊണ്ടുതന്നെ, വളരെ പരന്ന വായനക്കാരനായ ഇദ്ദേഹം ഒരു പുസ്തകമെന്നല്ല, ഒരു ലേഖനംപോലും എഴുതിയിട്ടുമില്ല. ആത്മാര്‍ത്ഥതയും, ആദര്‍ശശുദ്ധിയും, ആശയസ്ഥൈര്യവും, സമൂഹനന്‍മയിലുള്ള സ്ഥാപിതതാല്പര്യവും, സാരള്യവും, വിനയവും, കണിശതയും, സൂക്ഷ്മതയും, ക്ഷമയുമാണ് മുഖമുദ്രകള്‍. കണക്കാണ് പഠിപ്പിച്ചത്, ഒരു പിഴവുമില്ലാതെ, ഈ എല്ലാ തുറകളിലും.
അശ്രാന്തപരിശ്രമമാണ് വ്രതം. സ്വകാര്യസ്ഥാപനങ്ങളിലെ അദ്ധ്യാപരുടെ സേവനവേതന ദൈന്യം അവസാനിപ്പിക്കാന്‍ മുന്നിട്ടിറങ്ങി, ലക്ഷ്യം കാണുകയും ചെയ്തു. ശാസ്ത്രസാഹിത്യ പരിഷത്ത് എന്ന പ്രസ്ഥാനത്തിന് ബീജാവാപം ചെയ്തു. കേരളസാഹിത്യസമിതിയുടെ സ്ഥാപകാംഗങ്ങളില്‍ ഒരാളാണ്. പക്ഷേ, ഈ പുറപ്പാടുകളില്‍ ഒന്നിന്റെയും തലപ്പത്ത് ഇരിക്കാന്‍ തയ്യാറായില്ല, ഒരിക്കലും. രണ്ടാംനിരയിലൊ മൂന്നാം നിരയിലൊ, ചിലപ്പോള്‍ വെറും സാധാരണ പ്രവര്‍ത്തകനായൊ, നിന്നു. 'അപ്രത്യക്ഷ'നായി പ്രവര്‍ത്തിക്കാനുള്ള ഇന്ദ്രജാലം സ്വായത്തം!
ഇദ്ദേഹം എന്റെ ഗുരുനാഥനാണ്. കണക്കു മാത്രമല്ല പഠിപ്പിച്ചത്. എന്റെ കാഴ്ചപ്പാടും സ്വഭാവവും ജീവിതംതന്നെയും ഇദ്ദേഹം രൂപപ്പെടുത്തി. എന്നെപ്പോലെ ഒരുപാടുപേര്‍ക്ക് ഇതുതന്നെ പറയാന്‍ കാണും. അവരുടെയെല്ലാം പ്രതിനിധിയായി അല്പം വിസ്തരിക്കാം.
ഫ്യൂഡല്‍ വ്യവസ്ഥിതിയില്‍ മുളച്ചു വളര്‍ന്നതെന്നാലും അറിവു നേടാനുള്ള ആഗ്രഹം പേറുന്ന മനസ്സും, കാതില്‍ ചുവന്ന കല്ലു വെച്ച കടുക്കനും, ദാരിദ്ര്യവുമായി കോളെജില്‍ എത്തിയ എന്നെ അഞ്ചാറു മാസംകൊണ്ട് ഇദ്ദേഹം അടിമുടി മാറ്റി. ജീവിതത്തില്‍ ഉറപ്പിച്ച് ആശ്രയിക്കാവുന്ന ഒരേ ഒരു കാര്യം സയന്‍സാണെന്ന് പഠിപ്പിച്ചു. വായിക്കാന്‍ പോപ്പുലര്‍ സയന്‍സ് പുസ്തകങ്ങള്‍ തന്നു. ഗാമോവിനെയും അസിമൊവിനെയുമൊക്കെ ഞാന്‍ അറിയുന്നത് സാറിന്റെ നാക്കില്‍നിന്നും പുസ്തകശേഖരത്തില്‍നിന്നുമാണ്. സയന്‍സിന്റെ നിശിതമായ യുക്തിതന്നെ സമൂഹനന്‍മയിലേയ്ക്കുള്ള സമവാക്യങ്ങളിലും കാണിച്ചു തന്നു. ഈ ലോകം ഗതിപിടിക്കാന്‍ എങ്ങനെ ഏതു വഴി നിസ്സംഗനായി ശ്രമിക്കണമെന്ന് തീര്‍ച്ചപ്പെടുത്തിയും തന്നു.
എഴുതാനും പ്രസംഗിക്കാനും എനിക്ക് അല്പസ്വല്പം കഴിയുമെന്ന കണ്ട് രണ്ടിനും അവസരങ്ങള്‍ ഉണ്ടാക്കിത്തരികയും ചെയ്തു. അന്ന് 'പ്രപഞ്ചം' എന്നൊരു ടാബളോയ്ഡ് വാരിക ദേശാഭിമാനിയില്‍നിന്ന് പ്രസിദ്ധീകരിച്ചിരുന്നു. 'ടി.വി.കെ' ആയിരുന്നു പത്രാധിപര്‍. അതില്‍ ശാസ്ത്രക്കുറിപ്പുകള്‍ എഴുതാന്‍ പഴുതുണ്ടാക്കിയത് സാറാണ്. തുടര്‍ന്ന് ദേശാഭിമാനി വാരാന്തപ്പതിലും എഴുതി. രണ്ടും മൂന്നും ഉറുപ്പിക വല്ലപ്പോഴും പ്രതിഫലമായി കിട്ടിയത് എന്റെ ദാരിദ്ര്യ ദുഃഖത്തിന് ചെറിയ തോതില്‍ പരിഹാരമാവുകയും ചെയ്തു.
രണ്ട് മഹാസംഭവങ്ങള്‍ ഒരുമിച്ചുണ്ടായത് അക്കാലത്താണ് (1957). സോവിയറ്റ് യൂണിയന്‍ ലോകത്തെ അത്ഭുതപരതന്ത്രമാക്കി മനുഷ്യചരിത്രത്തില്‍ ആദ്യത്തെ ഉപഗ്രഹം (സ്പുട്‌നിക്ക്) വിക്ഷേപിച്ചു. ഇതോടെ സയന്‍സിന്റെ ലോകം പെട്ടെന്ന് ജനശ്രദ്ധയുടെ കേന്ദ്രമായി. സയന്‍സെഴുതാന്‍ കൂടുതല്‍ അവസരമായി, തയ്യാറും വാസനയുമുള്ള ആളുകള്‍ കുറവും. മാതൃഭൂമിയിലും കുറിപ്പുകളെഴുതാന്‍ അങ്ങനെ തരപ്പെട്ടു. രണ്ടും മൂന്നും എന്നതില്‍നിന്ന് അഞ്ചും പത്തും എന്ന തോതിലായീ പ്രതിഫലം. വയറെരിയാതെ ഇരുന്നു പഠിക്കാമെന്നു വന്നു.
പക്ഷേ, പഠിത്തം തകരാറിലാക്കാന്‍ വിമോചനസമരവും ഒപ്പമെത്തി. പട്ടിണി കിടന്നും പഠിക്കാന്‍ വന്ന എനിക്ക് 'പഠിത്തം എന്റെ ജന്‍മാവകാശം' എന്നു മുദ്രാവാക്യം വിളിക്കാനും പ്രസംഗിക്കാനും ഒരു പ്രയാസവും ഉണ്ടായില്ല. വടകര മുതല്‍ പരപ്പനങ്ങാടി വരെ അന്നത്തെ നേതാവായിരുന്ന ആന്റണി തോമസ്സിന്റെ കൂടെയും തനിച്ചും ഓടി നടന്ന് പ്രസംഗിച്ചു.
ഒരു വര്‍ഷമേ അന്നത്തെ യൂണിവേഴ്‌സിറ്റി പ്രീവിയസ് കോഴ്‌സ് ഉള്ളൂ. രണ്ടാം വര്‍ഷം ഡിഗ്രിക്ക് ചേരണം. അതിനിടെ വീട്ടിലെ കാര്യങ്ങള്‍ തീര്‍ത്തും മോശമായി. പഠിത്തം തുടരാന്‍ കഴിയുന്ന കാര്യം സംശയമായി. എന്റെ മുഖത്തെഴുത്തു വായിച്ച് എന്നെ വിചാരണ ചെയ്ത് ഇക്കാര്യം സാര്‍ അറിഞ്ഞു. ഒന്നും പറഞ്ഞില്ല. രണ്ടാഴ്ച കഴിഞ്ഞ് എനിക്കൊരു കത്തു കിട്ടി. അതില്‍, കാറല്‍മണ്ണയിലെ തൃക്കടീരി ഇല്ലത്തെ ടി. എസ്. നമ്പൂതിരിപ്പാട് നടത്തുന്ന ഉദയാ പബഌക്കേഷന്‍സ് എന്ന പ്രസാധക കമ്പനി എന്നോടാവശ്യപ്പെട്ടത് ഡാനിയല്‍ ഡീഫോവിന്റെ മോള്‍ ഫഌന്‍േറഴ്‌സ് എന്ന പുസ്തകം പരിഭാഷപ്പെടുത്താന്‍! പണിക്ക് മൊത്തം പ്രതിഫലം അഞ്ഞൂറുറുപ്പിക! എനിക്ക് ഒരു കൊല്ലം പഠിക്കാനും ജീവിക്കാനും അതു ധാരാളം മതി.
അവധിക്കാലത്ത് രാപ്പകല്‍ പണിയെടുത്ത് ഞാനത് മലയാളത്തിലാക്കി. മലയാളവും ഇംഗഌഷും കൂടുതല്‍ നന്നായി വശമായത് പാര്‍ശ്വലാഭം. പരിഭാഷയുമായി ഞാന്‍ തൃക്കടീരി മന അന്വേഷിച്ച് കാറല്‍മണ്ണയിലേയ്ക്ക് തീര്‍ത്ഥയാത്ര നടത്തി. നമ്പൂതിരിപ്പാട് പരിഭാഷ വാങ്ങി ആദ്യത്തെയും നടുവിലെയും അവസാനത്തെയും ഏതാനും പേജുകള്‍ വായിച്ച് ഒരഭിപ്രായവും പറയാതെ അഞ്ചുറുപ്പികയുടെ പുതിയ നൂറു നോട്ടുകളുടെ ഒരു കെട്ട് എനിക്കു തന്നു! വല്ലാതെ വിശക്കുന്ന എന്നെ ജാതിയൊ പ്രായമൊ നോക്കാതെ കൂടെ ഇരുത്തി സമൃദ്ധമായ ഭക്ഷണവും തന്നു. 'ഭാഗ്യനിര്‍ഭാഗ്യങ്ങള്‍' എന്ന പേരില്‍ പ്രസിദ്ധീകൃതമായ ആ പുസ്തകമാണ് എന്റെ ആദ്യകൃതി. പിന്നീട് ഒരു സുപ്രഭാതത്തില്‍ ഒരു നോവല്‍ സ്വന്തമായി എഴുതിക്കളയാമെന്ന ധൈര്യം കിട്ടിയത് ആ കൃതിയുടെ നിര്‍മ്മിതി നല്‍കിയ ആത്മവിശ്വാസത്തില്‍നിന്നാണ്.
തൃക്കടീരിക്കാരുടെ വക ഇങ്ങനെയൊരു അവസരമൊരുക്കിയത് താന്‍ മുഖാന്തരമാണ് എന്ന് ഇന്നേവരെ സാര്‍ ഭാവിക്കയൊ പറയുകയൊ ഉണ്ടായിട്ടില്ല.
ഒന്നാംകഌസ്സില്‍ 'അ' എന്ന അക്ഷരത്തിന് എത്ര വളവുകളുണ്ടെന്നു പഠിപ്പിച്ച, ഒരു കാലിന് സ്വാധീനമില്ലാത്ത, ഹില്‍ഡാട്ടീച്ചറില്‍നിന്നു തുടങ്ങുന്ന ഔപചാരികഗുരുപരമ്പരയിലെ മറക്കാനാവാത്ത കണ്ണിയാണ് ഇദ്ദേഹം. ഇവരോടെല്ലാരോടും ഈയുള്ളവന്‍ ഒരുപോലെ കടപ്പെട്ടിരിക്കുന്നു. പക്ഷേ, എന്റെ ജീവിതം ഒരിക്കലും വീട്ടാനാവാത്ത കടത്തിന്റെ കണക്കുപുസ്തകമാവുന്നത് മുഖ്യമായും ഇദ്ദേഹം നല്‍കിയ മഹാദാനങ്ങളാലാണ്.
ഇതാ വീണ്ടും വീണ്ടും നമസ്‌കരിച്ചനുകരിക്കേണ്ടുന്ന ഒരു മാതൃകാമനുഷ്യന്‍.
*
സി രാധാകൃഷ്ണന്‍ ജനയുഗം 05 ജൂണ്‍ 2011
Tuesday, June 7, 2011
Subscribe to:
Post Comments (Atom)
2 comments:
ഇക്കഴിഞ്ഞ 24-ന് കേരളസാഹിത്യസമിതി കോഴിക്കോട്ടു വെച്ച് പ്രഫ. ഐ. ജി. ഭാസ്‌കരപ്പണിക്കരെ ആദരിച്ചു. സരളവും ഹൃദ്യവുമായ ഒരു ചടങ്ങായിരുന്നു. പി. വത്സല അദ്ധ്യക്ഷയും ജി. എന്‍. ചേലനാടും ഞാനും ആശംസാപ്രസംഗകരും. പ്രതീകാത്മകമായ ഒരു ഉപഹാരവും പൊന്നാടയും. പിന്നെ സാറിന്റെ വക അളന്നു മുറിച്ച മറുപടിയും. കഴിഞ്ഞു. അതിനിടെ എന്റെ വക ഒരു പൊന്നാട കൂടി അണിയിക്കാന്‍ സാധിച്ചു.
സാഹിത്യസമിതി ഇതിനു മുന്‍പ് ആരെയും ആദരിച്ചതായി ഓര്‍ക്കുന്നില്ല. ജീവിതത്തില്‍ ആരുടെയെങ്കിലും വക എന്തെങ്കിലും ഔപചാരികമായ അനുമോദനം ഇദ്ദേഹം ഇന്നേവരെ ഏറ്റുവാങ്ങിയിട്ടുമില്ല. ഇതുതന്നെ സമിതി പ്രവര്‍ത്തകര്‍ ഏതാണ്ടൊരു ചതിപോലെ ഒപ്പിച്ചതാണ്.
നന്ദി. ഈ മനുഷ്യനെ പരിചയപ്പെടുത്തിയതിന്.
Post a Comment