Friday, June 17, 2011

പൊതുവിദ്യാഭ്യാസം സംരക്ഷിക്കാന്‍ പോരാട്ടം അനിവാര്യം

കേരളത്തിലെ വിദ്യാഭ്യാസത്തിന്റെ പ്രശസ്തിക്കും ഔന്നത്യത്തിനും അടിസ്ഥാനം പൊതുവിദ്യാഭ്യാസത്തിന്റെ വളര്‍ച്ചയാണ്. സര്‍ക്കാരിന്റെ മുന്‍കൈയില്‍ , സേവനതല്‍പ്പരതയോടെ സ്വകാര്യ ഏജന്‍സികളും ഇടപെട്ടതോടെ പൊതുവിദ്യാഭ്യാസഘടന ശക്തിപ്പെട്ടു. ഇതിലൂടെ ഇന്ത്യയിലെ ഏറ്റവും സാക്ഷരതയുള്ള സംസ്ഥാനങ്ങളില്‍ ഒന്നായി കേരളം മാറി. ഏത് പാവപ്പെട്ടവനും ഏത് തലംവരെയും പഠിച്ച് വളരാന്‍പറ്റുന്ന ഒന്നായി കേരളത്തിന്റെ വിദ്യാഭ്യാസമേഖലയെ രൂപപ്പെടുത്തിയത് ഈ സമീപനമാണ്. ഇത്തരത്തില്‍ വികസിച്ച നമ്മുടെ പൊതുവിദ്യാഭ്യാസത്തെ തകര്‍ത്ത് സ്വകാര്യ കച്ചവടതാല്‍പ്പര്യങ്ങള്‍ക്ക് മേധാവിത്വം നല്‍കുന്നതിനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. അതിന്റെ ഭാഗമാണ് അറുനൂറോളം അണ്‍എയ്ഡഡ് സ്കൂളുകള്‍ക്ക് അംഗീകാരം നല്‍കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ തീരുമാനം. ഈ തീരുമാനത്തിന്റെ ഭവിഷ്യത്തുകള്‍ അറിയണമെങ്കില്‍ കേരളത്തിലെ വിദ്യാഭ്യാസത്തിന്റെ നിലവിലുള്ള അവസ്ഥയും അത് രൂപപ്പെട്ടുവന്ന രീതിയും മനസ്സിലാക്കണം.

2009-10 ലെ കണക്ക് പ്രകാരം 12,642 സ്കൂളുകളാണ് കേരളത്തില്‍ . അതില്‍ 4501 സര്‍ക്കാര്‍ സ്കൂളുകള്‍ . 7278 എയ്ഡഡ് സ്കൂളുകളും 863 അണ്‍എയ്ഡഡ് സ്കൂളുകളും. അതായത് 57.57 ശതമാനം എയ്ഡഡ് സ്കൂളുകളും 35.60 ശതമാനം സര്‍ക്കാര്‍ സ്കൂളുകളും 6.83 ശതമാനം അണ്‍എയ്ഡഡ് സ്കൂളുകളും. സര്‍ക്കാര്‍ സ്കൂളുകളും എയ്ഡഡ് സ്കൂളുകളും വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി പഠിക്കാവുന്ന സ്ഥാപനങ്ങളാണ്. കേരളത്തിലെ മൊത്തം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 93 ശതമാനവും സൗജന്യമായി പഠിക്കാവുന്ന സ്ഥാപനങ്ങളാണെന്നര്‍ഥം. ഇതാണ് നമ്മുടെ പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത്. പാവപ്പെട്ടവര്‍ക്ക് പഠനാവസരം നല്‍കുന്നത് ഇത്തരം സ്ഥാപനങ്ങളാണ്. അണ്‍എയ്ഡഡ് സ്ഥാപനങ്ങള്‍ പില്‍ക്കാലത്ത് രൂപപ്പെട്ടതാണ്. വലതുപക്ഷ സര്‍ക്കാരുകള്‍ പൊതുവിദ്യാഭ്യാസത്തെ തകര്‍ത്ത് അണ്‍എയ്ഡഡ് സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്.

ഇതില്‍ ഏറെയും വലിയ ലാഭക്കൊതിയോടെയാണ് ഇന്ന് പ്രവര്‍ത്തിക്കുന്നത്. വിദ്യാഭ്യാസാവസരം പൊതുജനങ്ങള്‍ക്ക് ആകമാനം ലഭ്യമാക്കുന്നതില്‍ സേവനതല്‍പ്പരതയോടെ ഇടപെട്ട മിഷണറിമാരുടെ പങ്ക് പ്രധാനമാണ്. ഈ ഇടപെടല്‍ പിന്നോക്കം കിടക്കുന്ന ജനങ്ങള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിന് തുടക്കം കുറിച്ചു. പുതിയ ചിന്തയുടെയും ആശയങ്ങളുടെയും കടന്നുവരവ് നവോത്ഥാനപ്രസ്ഥാനങ്ങളുടെ രൂപീകരണത്തിനും ഇടയാക്കി. ഈ ഇടപെടല്‍ അടിസ്ഥാന ജനവിഭാഗങ്ങളുടെ വിദ്യാഭ്യാസത്തില്‍ വലിയ പുരോഗതിയുണ്ടാക്കി. മിഷണറിമാരുടെ വിദ്യാഭ്യാസപ്രവര്‍ത്തനത്തെ സഹായിക്കുന്നതിന് അന്നത്തെ സര്‍ക്കാര്‍ ഇടപെടലും ഉണ്ടായിരുന്നു- പ്രത്യേകിച്ചും തിരുവിതാംകൂറില്‍ . കേരളത്തിന്റെ സവിശേഷമായ സാമൂഹ്യരീതിയും മിഷണറി വിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിന് ഇടയാക്കി. കേരളത്തിന്റെ ജന്മിത്വഘടനയില്‍ ജന്മിക്കും കുടിയാനുമിടയില്‍ നില്‍ക്കുന്ന വിഭാഗങ്ങളുണ്ടായിരുന്നു. ആദ്യഘട്ടത്തില്‍ ഈ വിഭാഗമാണ് വിദ്യാഭ്യാസത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടത്. അടിസ്ഥാന ജനവിഭാഗത്തില്‍ വിദ്യാഭ്യാസപ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തിയത് നവോത്ഥാനപ്രസ്ഥാനങ്ങളുടെ ഇടപെടലാണ്. നവോത്ഥാനപ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചശേഷം തിരുവിതാംകൂറില്‍ ഉണ്ടായ മാറ്റം ഇത് വ്യക്തമാക്കുന്നുണ്ട്.

1914ല്‍ തിരുവിതാംകൂറില്‍ മൊത്തം ഈഴവ വിദ്യാര്‍ഥികള്‍ 23,893 ആയിരുന്നെങ്കില്‍ 1918ല്‍ അത് 51,114 ആയി ഉയര്‍ന്നു. അതായത് നാലുവര്‍ഷം കൊണ്ട് 114 ശതമാനം വര്‍ധന. ദളിത് ജനവിഭാഗത്തിന്റെ വിദ്യാഭ്യാസരീതിയിലും ഈ മാറ്റം കാണാം. 1914 ല്‍ 2000 പുലയക്കുട്ടികള്‍ വിദ്യാഭ്യാസം ചെയ്തിരുന്ന സ്ഥാനത്ത് 1918ല്‍ 17,753 ആയി വര്‍ധിച്ചു. നാലുവര്‍ഷം കൊണ്ട് 850 ശതമാനത്തിന്റെ വളര്‍ച്ച. ഇത് കാണിക്കുന്നത് പൊതുവിദ്യാഭ്യാസപുരോഗതിക്ക് അടിത്തറയിട്ടത് മിഷണറിമാരും അതിനെ വളര്‍ത്തി വികസിപ്പിച്ചത് സാമൂഹ്യപരിഷ്കരണ പ്രസ്ഥാനങ്ങളുമാണെന്നാണ്. തുടര്‍ന്ന് ഈ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോയത് ഇടതുപക്ഷ സര്‍ക്കാരുകളാണ്. 1951ല്‍ 47 ശതമാനമായിരുന്നു കേരളത്തിലെ സാക്ഷരതാനിരക്ക്. ഇക്കാര്യത്തില്‍ വന്‍കുതിച്ചുകയറ്റമുണ്ടായത് 1951 നും 1971 നും ഇടയിലുള്ള കാലത്തായിരുന്നു. സാക്ഷരതാനിരക്ക് ഈ കാലയളവില്‍ 70 ശതമാനത്തോളം എത്തി. സ്ത്രീവിദ്യാഭ്യാസത്തിലും ഈ വര്‍ധന കാണാം. 1951ല്‍ 36.43 ശതമാനമായിരുന്ന സ്ത്രീവിദ്യാഭ്യാസ നിരക്ക് 1971 ആകുമ്പോഴേക്കും 62.53 ആയി വര്‍ധിച്ചു. ഇങ്ങനെയുള്ള വളര്‍ച്ചനിരക്ക് കൈവരിക്കുന്നതിന് ഇടയാക്കിയത് 1957ലെ സര്‍ക്കാര്‍ അടിത്തറയിട്ട വിദ്യാഭ്യാസപരിഷ്കാരങ്ങളാണ്.

ആവശ്യമുള്ള ഇടങ്ങളില്‍ സര്‍ക്കാര്‍ വിദ്യാഭ്യാസസ്ഥാപനങ്ങളും എയ്ഡഡ് വിദ്യാഭ്യാസസ്ഥാപനങ്ങളും ആരംഭിക്കുന്നതിനുള്ള നടപടികള്‍ ആ സര്‍ക്കാര്‍ സ്വീകരിച്ചു. കുട്ടികള്‍ക്ക് ഉച്ചക്കഞ്ഞി ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി. വിദ്യാഭ്യാസം സൗജന്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും ഈ കാലയളവില്‍ നടന്നു. അധ്യാപകര്‍ക്ക് ശമ്പള സ്കെയില്‍ നടപ്പാക്കി പൊതുവിദ്യാഭ്യാസത്തെ ആകര്‍ഷകമാക്കുന്നതിനുള്ള നടപടികളും സമാന്തരമായി നടന്നു. 1967ലെ സര്‍ക്കാരിന്റെ കാലത്ത് മുന്നോട്ടുവച്ച ഭൂപരിഷ്കരണനടപടികളുടെ തുടര്‍ച്ചയും ഈ ദിശയിലുള്ള മുന്നേറ്റത്തിന് സഹായകമായി. സേവനതല്‍പ്പരരായ മിഷണറിമാരുടെയും നവോത്ഥാനപ്രസ്ഥാനങ്ങളുടെയും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും ഇടപെടലിലൂടെ ശക്തിപ്പെട്ട് വികസിച്ച പൊതുവിദ്യാഭ്യാസഘടനയെ തകര്‍ക്കുന്നതിനുള്ള നടപടികളാണ് വലതുപക്ഷശക്തികള്‍ സ്വീകരിച്ചത്. 1982 മുതല്‍ 1987 വരെ കേരളം ഭരിച്ച യുഡിഎഫ് സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസത്തെ തകര്‍ത്ത് പണമുള്ളവന് വിദ്യാഭ്യാസം നല്‍കുന്ന തരത്തില്‍ അണ്‍എയ്ഡഡ് വിദ്യാഭ്യാസമേഖലയെ പരിപോഷിപ്പിക്കുക എന്ന നയം മുന്നോട്ടുവച്ചു. ഇതിനെതിരെയുള്ള ശക്തമായ ചെറുത്തുനില്‍പ്പ് ഇവിടെ ഉയര്‍ന്നുവന്നു. പിന്നീട് അധികാരത്തില്‍ വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ ഈ നയങ്ങള്‍ തിരുത്തി.

1996ല്‍ അധികാരത്തിലെത്തിയ എല്‍ഡിഎഫ് സര്‍ക്കാരാകട്ടെ പൊതുവിദ്യാഭ്യാസത്തെ കൂടുതല്‍ കരുത്തോടെ മുന്നോട്ടുനയിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിയും എയ്ഡഡ് വിദ്യാഭ്യാസസ്ഥാപനങ്ങളെ പരിഗണിച്ചും പ്ലസ്ടു അനുവദിച്ച സര്‍ക്കാരിന്റെ നയം ഇക്കാര്യത്തിലുള്ള പ്രതിബദ്ധത വ്യക്തമാക്കുന്നതാണ്. 2001 മുതല്‍ 2006 വരെയുള്ള കാലഘട്ടത്തില്‍ പൊതുവിദ്യാഭ്യാസത്തെ തകര്‍ക്കുക എന്നത് യുഡിഎഫിന്റെ അജന്‍ഡയായിരുന്നു. കേരളത്തിലെ വിദ്യാലയങ്ങള്‍ അണ്‍ -ഇക്കണോമിക് ആണ് എന്ന് പ്രഖ്യാപിച്ച് അവ അടച്ചുപൂട്ടാനുള്ള പദ്ധതികള്‍ക്ക് ഈ കാലയളവില്‍ അവര്‍ നേതൃത്വം നല്‍കി. എസ്എസ്എല്‍സി പരീക്ഷയും എന്‍ട്രന്‍സ് പരീക്ഷയുമടക്കം അട്ടിമറിക്കപ്പെട്ടു. എട്ടാം ക്ലാസുവരെ സ്വകാര്യപഠനം അനുവദിച്ചും പൊതുവിദ്യാഭ്യാസമേഖലയെ തകര്‍ക്കാന്‍ ശ്രമിച്ചു. 322 അണ്‍എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്കൂളുകള്‍ക്ക് അംഗീകാരം നല്‍കി. ഇന്ത്യന്‍ വിദ്യാഭ്യാസത്തെ ആഗോളകുത്തകകള്‍ക്ക് കാഴ്ചവയ്ക്കാനുള്ള പദ്ധതി തയ്യാറാക്കുന്നതിന് ആഗോള വിദ്യാഭ്യാസസംഗമം കൊണ്ടുവന്നു. സാക്ഷരത പോലുള്ള ബഹുജനവിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്ന കാര്യത്തില്‍ ഒരു ശുഷ്കാന്തിയും കാണിച്ചില്ല. ഈ നയങ്ങള്‍ തിരുത്തി പൊതുവിദ്യാഭ്യാസമേഖലയെ ശക്തിപ്പെടുത്തുന്ന നയം എല്‍ഡിഎഫ് സ്വീകരിച്ചു. എല്ലാ പഞ്ചായത്തിലും ഹൈസ്കൂളുകള്‍ ഉറപ്പാക്കി. സര്‍ക്കാര്‍ മേഖലയില്‍ 16 വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളുകള്‍ പുതുതായി തുടങ്ങി. പഠനത്തില്‍ പിന്നോക്കംനില്‍ക്കുന്ന 104 സ്കൂളുകളുടെ പഠനനിലവാരം ഉയര്‍ത്തുന്ന പദ്ധതി നടപ്പാക്കി. അംഗീകാരം ഇല്ലാത്ത വിദ്യാലയങ്ങളില്‍ പഠിച്ചിരുന്ന വിദ്യാര്‍ഥികളെ പൊതുസംവിധാനത്തിന്റെകീഴില്‍ കൊണ്ടുവന്ന് പഠനം ഉറപ്പുവരുത്തുന്ന നിലപാട് സ്വീകരിച്ചു.

പഠനസൗകര്യം ഇല്ലാത്ത പിന്നോക്കജില്ലകളില്‍ പ്ലസ്ടുവിന് കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തി. എല്ലാവര്‍ക്കും വിദ്യാഭ്യാസം പ്രാപ്യമായതോടെ ജനങ്ങളാകെ വിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യം കൊടുക്കുന്ന നിലയുണ്ടായി. അതുകൊണ്ട് തന്നെ മികച്ച വിദ്യാഭ്യാസം എന്നത് സാധാരണ കേരളീയന്റെ പ്രധാനപ്പെട്ട ലക്ഷ്യമായി ഇന്ന് മാറിയിട്ടുണ്ട്. ആഗോളവല്‍ക്കരണനയം പൊതുവിദ്യാഭ്യാസത്തെ തകര്‍ക്കുന്നതാണ്. അടിസ്ഥാന ജനവിഭാഗത്തിന്റെ താല്‍പ്പര്യം സംരക്ഷിക്കുന്ന ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ പൊതുവിദ്യാഭ്യാസം സംരക്ഷിക്കുക എന്നതിന് കൂടുതല്‍ പ്രാധാന്യം നല്‍കി. നിലവാരം ഉയര്‍ത്താനുള്ള ഫലപ്രദമായ ഇടപെടലുമുണ്ടായി. ജനങ്ങള്‍ ഇതുമായി നല്ല നിലയില്‍ സഹകരിച്ചു. പിടിഎ കമ്മിറ്റികളുടെയും അധികാരവികേന്ദ്രീകരണപ്രക്രിയയോടെ പ്രാദേശിക സര്‍ക്കാരായി വളര്‍ന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടേയും ഇടപെടല്‍ ഈ രംഗത്ത് വമ്പിച്ച മുന്നേറ്റം ഉണ്ടാക്കുന്നതിന് സഹായിച്ചു. യുഡിഎഫിന്റെ കാലത്ത് എസ്എസ്എല്‍സി വിജയശതമാനം 42.89 ആയിരുന്നെങ്കില്‍ എല്‍ഡിഎഫിന്റെ കാലത്ത് 90.72 ആയി ഉയര്‍ന്നത് ഈ മാറ്റത്തിന്റെകൂടി ഫലമാണ്.

പൊതുവിദ്യാഭ്യാസരംഗത്ത് ഇപ്പോള്‍ മാതൃകാപരമായ സിലബസും പഠനരീതികളും നിലവിലുണ്ട്. മാത്രമല്ല പൊതുവിദ്യാഭ്യാസമേഖലയില്‍ വിശിഷ്യാ സര്‍ക്കാര്‍ സ്കൂളുകളില്‍ ഏറ്റവും മികച്ചതും പരിചയസമ്പന്നരുമായ അധ്യാപകരാണ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടുതന്നെ മികച്ച അക്കാദമിക് അന്തരീക്ഷം പുലര്‍ത്താന്‍പറ്റുന്ന സ്ഥിതി നിലവിലുണ്ട്. ഈ മേഖലയില്‍ ന്യൂനത അനുഭവപ്പെടുന്നത് പ്രധാനമായും ഭൗതികപശ്ചാത്തലത്തിലാണ്. ഭൗതികപശ്ചാത്തലം മെച്ചപ്പെട്ടാല്‍ പഠനനിലവാരവും ഉയരും. വിദ്യാര്‍ഥികളുടെ വലിയ തോതിലുള്ള തള്ളിക്കയറ്റം ഈ മേഖലയില്‍ ഉണ്ടാകും. കഴിഞ്ഞ സര്‍ക്കാര്‍ നടപ്പാക്കിയ ചില ഇടപെടലുകള്‍ ഇക്കാര്യം വ്യക്തമാക്കുന്നു. സര്‍ക്കാരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഇടപെട്ട് കോഴിക്കോട് ആഴ്ചവട്ടം ഗവ. എല്‍പി സ്കൂളില്‍ കൂടുതല്‍ ഭൗതിക പശ്ചാത്തലമുണ്ടാക്കിയപ്പോള്‍ അത്ഭുതകരമായ ഫലമാണ് ഉണ്ടായത്-അതുപോലെ നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാനാകും. ഇത് കാണിക്കുന്നത് പൊതുവിദ്യാഭ്യാസത്തിന്റെ നിലവാരം ഉയര്‍ത്തിയെടുക്കുന്നതിന് കൂടുതല്‍ സര്‍ക്കാര്‍ പങ്കാളിത്തവും ജനപങ്കാളിത്തവും ഉണ്ടാക്കുകയാണ് വേണ്ടത് എന്നാണ്. അതിനുപകരം അത്തരം സ്ഥാപനങ്ങള്‍ക്ക് നിലവാരം കുറവാണെന്ന് സ്ഥാപിച്ച് പണം കൊടുത്ത് പഠിക്കേണ്ട സ്വാശ്രയ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ആരംഭിച്ചാല്‍ പണം ഉള്ളവര്‍ക്ക് അതിലൂടെ അതിജീവിക്കാന്‍ കഴിഞ്ഞേക്കാം. എന്നാല്‍ , പാവപ്പെട്ടവന് പഠനം മരീചികയായിത്തീരും. കേരളത്തില്‍ ജോലിയില്‍ പ്രവേശിച്ച അധ്യാപകര്‍തന്നെ പുറത്തുനില്‍ക്കുന്ന സാഹചര്യവും വിദ്യാര്‍ഥികളുടെ എണ്ണക്കുറവും കണക്കിലെടുത്താല്‍ പുതിയ വിദ്യാലയങ്ങള്‍ അനിവാര്യമാണോ എന്ന കാര്യം പരിശോധിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഇന്നത്തെ സാഹചര്യത്തില്‍ പുതിയവയുടെ ആവശ്യം ഉണ്ട് എന്ന് തോന്നുന്നില്ല. പകരം നിലവിലുള്ള വിദ്യാലയങ്ങളുടെ ഭൗതികപശ്ചാത്തലം മെച്ചപ്പെടുത്തി നിലവാരം ഉയര്‍ത്തുന്നതിനുള്ള ഇടപെടലാണ് ഉണ്ടാകേണ്ടത്. എന്നാല്‍ , അണ്‍ -എയ്ഡഡ് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അംഗീകാരം നല്‍കി വിദ്യാഭ്യാസ കുത്തകകളെ ഈ രംഗത്ത് കൊണ്ടുവന്ന് പൊതുവിദ്യാഭ്യാസം തകര്‍ക്കുന്നതിനുള്ള നീക്കം തലവേദനവന്നാല്‍ തല വെട്ടിക്കളയുന്ന ശൈലിയാണ്. യുഡിഎഫിന്റെ ഈ ജനവിരുദ്ധനയത്തിനെതിരായാണ് പുരോഗമനവാദികള്‍ ഇപ്പോള്‍ നിലപാടെടുക്കുന്നത്.

1957ല്‍ത്തന്നെ ഇത്തരത്തിലുള്ള നയപരമായ ഏറ്റുമുട്ടല്‍ ആരംഭിച്ചിരുന്നുവെന്നതാണ് വസ്തുത. എല്ലാ ജാതിയിലും മതത്തിലുംപെട്ട പാവപ്പെട്ടവന്റെ പഠനാവകാശം സംരക്ഷിക്കാനുള്ള നിലപാട് ഇടതുപക്ഷം സ്വീകരിച്ചു. എന്നാല്‍ , ഇത്തരത്തിലുള്ള എല്ലാ വിഭാഗത്തിലെയും സമ്പന്നര്‍ക്ക് കൂടുതല്‍ സൗകര്യം ചെയ്തു കൊടുക്കാനാണ് യുഡിഎഫ് പരിശ്രമിച്ചത്. ഒരുകാലത്ത് ജാതീയമായ വിവേചനത്തിന്റെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസത്തിന്റെ ഗുണങ്ങള്‍ ലഭിച്ചതെങ്കില്‍ ഇപ്പോള്‍ പണത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനത്തിലേക്ക് നമ്മുടെ വിദ്യാഭ്യാസമേഖലയെ കൊണ്ടുപോകാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതിനെതിരായി കേരളത്തെ സ്നേഹിക്കുന്ന മുഴുവന്‍ ജനങ്ങളും പ്രസ്ഥാനങ്ങളും അണിനിരക്കേണ്ടതുണ്ട്. പൊതുവിദ്യാഭ്യാസത്തെ തകര്‍ക്കാനുള്ള ഏത് നീക്കത്തെയും എതിര്‍ക്കുന്നതിനുള്ള പോരാട്ടം കേരളത്തിന്റെ മുഴുവന്‍ നേട്ടങ്ങളും സംരക്ഷിക്കാനുള്ള സമരമായി കാണേണ്ടതുണ്ട്. ഈ പോരാട്ടം വിദ്യാഭ്യാസമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍മാത്രം ഏറ്റെടുക്കേണ്ട ഒന്നല്ല. വിദ്യാഭ്യാസത്തെ സ്നേഹിക്കുന്നവരുടെ മുഴുവന്‍ കൂട്ടായ്മയായിരിക്കണം അത്.

*
പിണറായി വിജയന്‍ ദേശാഭിമാനി 17 ജൂണ്‍ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

കേരളത്തിലെ വിദ്യാഭ്യാസത്തിന്റെ പ്രശസ്തിക്കും ഔന്നത്യത്തിനും അടിസ്ഥാനം പൊതുവിദ്യാഭ്യാസത്തിന്റെ വളര്‍ച്ചയാണ്. സര്‍ക്കാരിന്റെ മുന്‍കൈയില്‍ , സേവനതല്‍പ്പരതയോടെ സ്വകാര്യ ഏജന്‍സികളും ഇടപെട്ടതോടെ പൊതുവിദ്യാഭ്യാസഘടന ശക്തിപ്പെട്ടു. ഇതിലൂടെ ഇന്ത്യയിലെ ഏറ്റവും സാക്ഷരതയുള്ള സംസ്ഥാനങ്ങളില്‍ ഒന്നായി കേരളം മാറി. ഏത് പാവപ്പെട്ടവനും ഏത് തലംവരെയും പഠിച്ച് വളരാന്‍പറ്റുന്ന ഒന്നായി കേരളത്തിന്റെ വിദ്യാഭ്യാസമേഖലയെ രൂപപ്പെടുത്തിയത് ഈ സമീപനമാണ്. ഇത്തരത്തില്‍ വികസിച്ച നമ്മുടെ പൊതുവിദ്യാഭ്യാസത്തെ തകര്‍ത്ത് സ്വകാര്യ കച്ചവടതാല്‍പ്പര്യങ്ങള്‍ക്ക് മേധാവിത്വം നല്‍കുന്നതിനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. അതിന്റെ ഭാഗമാണ് അറുനൂറോളം അണ്‍എയ്ഡഡ് സ്കൂളുകള്‍ക്ക് അംഗീകാരം നല്‍കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ തീരുമാനം. ഈ തീരുമാനത്തിന്റെ ഭവിഷ്യത്തുകള്‍ അറിയണമെങ്കില്‍ കേരളത്തിലെ വിദ്യാഭ്യാസത്തിന്റെ നിലവിലുള്ള അവസ്ഥയും അത് രൂപപ്പെട്ടുവന്ന രീതിയും മനസ്സിലാക്കണം.