Tuesday, June 28, 2011

അഴിമതി ഇല്ലാതാക്കാന്‍ ബദല്‍ നയങ്ങള്‍ക്കേ കഴിയൂ

രാജ്യത്തെ ഗ്രസിച്ചിരിക്കുന്ന രണ്ട് പ്രധാന വിപത്തുകള്‍, അനുദിനം വര്‍ധിച്ചുവരുന്ന വിലക്കയറ്റവും അഴിമതിയുമാണ്. വിലക്കയറ്റത്തിന് വന്‍തോതില്‍ ആക്കം കൂട്ടുന്നതാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ഡീസലിന്റെയും പാചകവാതകത്തിന്റെയും മണ്ണെണ്ണയുടെയും വിലവര്‍ധനവ്. ഇതിനെതിരെ രാജ്യവ്യാപകമായി വമ്പിച്ച പ്രക്ഷോഭസമരങ്ങള്‍ ആരംഭിച്ചിരിക്കുന്നു.

അഴിമതിയുടെ കാര്യത്തില്‍ പ്രധാനമായും രണ്ട് പ്രശ്‌നങ്ങള്‍ക്കാണ് പരിഹാരം കാണേണ്ടത്. ഒന്ന്, വിദേശത്തേയ്ക്കുള്ള കള്ളപ്പണത്തിന്റെ കടത്ത്. രണ്ട്, ആഭ്യന്തരമായി സര്‍ക്കാര്‍ തലത്തിലുള്ള അഴിമതികള്‍. ഇത് രണ്ടും രാജ്യത്തിന്റെ സുസ്ഥിരതയെ തന്നെ ബാധിക്കുന്ന തരത്തില്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ലോകത്തെ അഴിമതി രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഏറ്റവും മുന്‍പന്തിയിലേയ്ക്ക് ഉയര്‍ത്തപ്പെട്ടിരിക്കുകയാണ്. രാജ്യത്തുനിന്നും വിദേശത്തേയ്ക്ക് കടത്തിയ കള്ളപ്പണത്തിന്റെ കണക്കുകള്‍ ഇതേ പംക്തിയില്‍ മുമ്പും പറഞ്ഞിട്ടുണ്ട്. എങ്കിലും ഒന്നുകൂടി അതിവിടെ ആവര്‍ത്തിക്കുന്നു. ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ ഇന്റഗ്രിറ്റി റിപ്പോര്‍ട്ടനുസരിച്ച് സ്വാതന്ത്ര്യത്തിനുശേഷം 2008 വരെ 50 ലക്ഷം കോടി രൂപ 77 രാജ്യങ്ങളിലേയ്ക്ക് കള്ളപ്പണമായി കടത്തിയിരിക്കുന്നു. ഇതില്‍ നാലില്‍ഒന്നും കടത്തിയത് 2000 - 2008 കാലത്താണ്. അതായത് പുത്തന്‍ സാമ്പത്തിക നയം ശക്തമായി നടപ്പിലാക്കിയ കാലഘട്ടത്തിലാണ് ഈ കള്ളപ്പണകടത്ത് നടന്നത്. ഈ കള്ളപ്പണം കണ്ടുപിടിക്കാന്‍ നേരിയ ശ്രമംപോലും കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ടിട്ടില്ല. ജര്‍മനിയില്‍ ഇന്ത്യയില്‍ നിന്നുള്ള നിക്ഷേപകരുടെ വിവരങ്ങളും കണക്കുകളും ജര്‍മന്‍ സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിന് കൈമാറിയിട്ടുണ്ട്. സുപ്രിംകോടതി ആവശ്യപ്പെട്ടിട്ടും ഈ കള്ളപ്പണ നിക്ഷേപകരുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഇവരില്‍ കേസ് എടുക്കുന്നവരുടെ പേര് വിവരങ്ങള്‍ അപ്പോള്‍ വെളിപ്പെടുത്താമെന്നാണ് കേന്ദ്ര ധനകാര്യമന്ത്രി പറയുന്നത്. സ്വിസ് ഗവണ്‍മെന്റ് അവരുടെ നയത്തില്‍ മാറ്റംവരുത്തിയിരിക്കുന്നതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ അവിടെയുള്ള കള്ളപ്പണ നിക്ഷേപകരുടെ വിവരങ്ങള്‍ ലഭിക്കും. എന്നാല്‍ അതിനൊന്നും ഒരു ശ്രമവും കേന്ദ്രസര്‍ക്കാര്‍ നടത്തുന്നില്ല.

അതുപോലെതന്നെയാണ് ഈയടുത്ത കാലത്ത് പുറത്തുവന്ന വന്‍ അഴിമതികളുടെ കഥയും. 2 ജി സ്‌പെക്ട്രം ഇടപാടില്‍ 1,76,000 കോടി രൂപയുടെ നഷ്ടം ഉണ്ടായിയെന്ന് കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ചാണ്ടിക്കാണിച്ചിരിക്കുന്നു. എന്നാല്‍ ആ കണക്കുകള്‍ ശരിയല്ലെന്ന വാദമാണ് കേന്ദ്രമന്ത്രി കബില്‍ സിബാല്‍ ഉയര്‍ത്തുന്നത്. എന്നാല്‍ അദ്ദേഹത്തിനും കേന്ദ്ര മന്ത്രിയായിരുന്ന എ രാജയെ രക്ഷിക്കാനായില്ല. ആ കേസില്‍ സി ബി ഐയുടെ അന്വേഷണത്തിന്റെ നിയന്ത്രണം സുപ്രീംകോടതി ഏറ്റെടുത്തതിന് ശേഷമാണ് രാജ ജയിലിലായത്. രാജ്യസഭാംഗവും കരുണാനിധിയുടെ മകളുമായ കനിമൊഴിയും ചില വന്‍കിട ബിസിനസുകാരും ഈ കേസില്‍ ജയിലിലാണ്. കോമണ്‍വെല്‍ത്ത് ഗയിംസിന്റെ 80,000 കോടി രൂപയുടെ ഇടപാടില്‍ വന്‍ അഴിമതി നടന്നുവെന്ന ആരോപണം ഉയര്‍ന്നപ്പോഴൊന്നും മന്‍മോഹന്‍സിംഗ് സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. ഇന്ന് ഇപ്പോള്‍ കോണ്‍ഗ്രസ് നേതാവും പാര്‍ലമെന്റ് അംഗവുമായ സുരേഷ് കല്‍മാഡി ജയിലിലാണ്. രണ്ട് ലക്ഷം കോടി രൂപയുടെ നഷ്ടം സംഭവിച്ചുവെന്ന് കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ചൂണ്ടിക്കാണിച്ച ബഹിരാകാശ വകുപ്പ് പ്രധാനമന്ത്രിയുടെ കീഴിലാണ്. ഇസ്രായേലി വിമാനം വാങ്ങിയതില്‍ 450 കോടി രൂപയുടെ അഴിമതി ഉണ്ടെന്നാണ് കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട്. 2 ജി സ്‌പെക്ട്രം ഇടപാടില്‍ കേന്ദ്രമന്ത്രി ദയാനിധിമാരന്‍ 600 കോടി രൂപയുടെ അഴിമതി നടത്തിയെന്ന് ഇപ്പോള്‍ വെളിവായിരിക്കുകയാണ്. 1973 ല്‍ ഇന്ദിരാഗാന്ധി ദേശസാല്‍ക്കരിച്ച കല്‍ഖരി പാടങ്ങള്‍ സ്വകാര്യമേഖലയ്ക്ക് മറിച്ച് വിറ്റതില്‍ 85,000 കോടി രൂപയുടെ അഴിമതി ഉണ്ടെന്നാണ് കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ കണ്ടെത്തിയിരിക്കുന്നത്. പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ് ഈ വകുപ്പ് കൈകാര്യം ചെയ്തപ്പോഴാണ് ഈ മറിച്ച് വില്‍പ്പന നടന്നത്. റിലയന്‍സുമായുള്ള എണ്ണപ്പാട കരാറിലും ഗ്യാസ് വില്‍പ്പനയിലും കോടികളുടെ അഴിമതി നടന്നുവെന്നാണ് ആരോപണം. ചിദംബരം ധനമന്ത്രിയായിരുന്നപ്പോള്‍ അഴിമതികള്‍ക്ക് കൂട്ടുനിന്നുവെന്ന് ആരോപണമുണ്ട്. അഴിമതിയുടെ പട്ടിക ഇനിയും ഏറെ നീളും. ഈ അഴിമതികളിലെല്ലാം കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിന്റെ നിലപാട് എന്താണ്? അഴിമതിക്കാരെ സംരക്ഷിക്കുകയെന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്. എല്ലാ തലത്തിലുമുള്ള അഴിമതിക്കാരെ സംരക്ഷിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. അഴിമതി നടത്തിയെന്ന് ലോകായുക്ത കണ്ടെത്തിയ ഡല്‍ഹിയിലെ മന്ത്രി രാജ്കുമാര്‍ ചൗഹാനെ കേന്ദ്ര മന്ത്രിസഭയുടെ ശുപാര്‍ശപ്രകാരം രാഷ്ട്രപതി കുറ്റവിമുക്തനാക്കി. അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് സുപ്രിംകോടതി കണ്ടെത്തിയ മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി വിലാസ്‌റാവു ദേശ്മുഖ്, ആദര്‍ശ് ഫ്‌ളാറ്റ് ഇടപാടില്‍ അനധികൃത നടപടികള്‍ സ്വീകരിച്ചുവെന്ന് സ്വയം സമ്മതിച്ചിട്ടും കേന്ദ്ര മന്ത്രിസഭയില്‍ തുടരുന്നു. രാജ്യത്തിന്റെ സമ്പത്ത് കോര്‍പ്പറേറ്റുകള്‍ക്ക് കൊള്ളയടിക്കാനും അതിലൊരു പങ്ക് പറ്റാനുമാണ് യു പി എ സര്‍ക്കാര്‍ പരിശ്രമിക്കുന്നത്.

ഇതിനെതിരെ ചില വ്യക്തികള്‍ സമരവുമായി വന്നപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വം ഇതിനെ സ്വാഗതം ചെയ്തു. ആദ്യം ലോക്പാല്‍ ബില്ലിനായി അന്നാ ഹസാരെ നിരാഹാരം നടത്തി. കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റിനെയോ രാഷ്ട്രീയ കക്ഷികളെയോ വിശ്വാസത്തിലെടുക്കാതെ അന്നാ ഹസാരെ നിര്‍ദേശിച്ച അഞ്ച് പേരെയും അഞ്ച് കോണ്‍ഗ്രസ് മന്ത്രിമാരെയും ഉള്‍പ്പെടുത്തി ലോക്പാല്‍ ബില്ലിന് രൂപം നല്‍കാനൊരു സമിതി രൂപീകരിച്ചു. ഇപ്പോള്‍ അവര്‍ തമ്മില്‍ തെറ്റിപ്പിരിഞ്ഞിരിക്കുകയാണ്. ഓഗസ്റ്റ് 16 മുതല്‍ അന്നാ ഹസാരെ അനിശ്ചിതകാല നിരാഹാരം പ്രഖ്യാപിച്ചിരിക്കുകയാണ്. കോണ്‍ഗ്രസ് തയ്യാറാക്കിയ കരട് ബില്‍ പാര്‍ലമെന്റിലെ രാഷ്ട്രീയ കക്ഷികളുമായി ചര്‍ച്ച ചെയ്യുമെന്ന് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നു. അതുപോലെ തന്നെയാണ് രാംദേവിന്റെ കാര്യവും. കള്ളപ്പണം കണ്ടുകെട്ടണമെന്നാവശ്യപ്പെട്ടായിരുന്നു രാംദേവിന്റെ സമരം. ഇപ്പോള്‍ ഇയാള്‍ കള്ളനും കൊള്ളരുതാത്തവനുമാണെന്ന് പറയുന്ന കബില്‍ സിബാല്‍ ഉള്‍പ്പെടെ നാല് കേന്ദ്ര മന്ത്രിമാര്‍ പ്രത്യേക വിമാനത്തില്‍ അയാളെ സ്വീകരിക്കാന്‍ പോയി. മുന്തിയ ഹോട്ടലില്‍ വച്ചാണ് കേന്ദ്ര മന്ത്രിമാര്‍ ഇയാളുമായി ചര്‍ച്ച നടത്തിയത്. അത് കഴിഞ്ഞ് അവര്‍ തമ്മില്‍ തെറ്റിപ്പിരിഞ്ഞപ്പോള്‍ പൊലീസിനെ ഉപയോഗിച്ച് ശക്തമായ ഇടപെടലുകള്‍ നടത്തി. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഇത്തരം വ്യക്തികളുമായി ഒത്തുതീര്‍പ്പിന് ശ്രമിച്ചതെന്താണ്? ഈ പ്രശ്‌നങ്ങളില്‍ രാജ്യത്തെ രാഷ്ട്രീയകക്ഷികളെ കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കിയത് എന്തുകൊണ്ടാണ്?

അഴിമതിയില്‍ മുങ്ങികുളിച്ച കോണ്‍ഗ്രസിന് ഈ പ്രശ്‌നങ്ങള്‍ക്കൊന്നും പരിഹാരം കാണാന്‍ കഴിയില്ല. കേന്ദ്രം ഭരിച്ചിരുന്ന ബ ജെ പിയും ഈ അഴിമതികള്‍ക്കെല്ലാം കൂട്ടുനിന്നവരാണ്. അവരുടെ ഭരണകാലത്തും രാജ്യത്ത് നിന്നും കള്ളപ്പണം വിദേശത്തേയ്ക്ക് ഒഴുകി. അന്നും അഴിമതികള്‍ നടന്നു. അവരെക്കൊണ്ടും അഴിമതി അവസാനിപ്പിക്കാന്‍ കഴിയില്ല. അഴിമതിയുടെ ഉറവിടം കണ്ടെത്തി പരിഹാരം കാണണം. അഴിമതികളിലെല്ലാം വന്‍തോതില്‍ ധനസമ്പാദനം നടത്തിയത് രാജ്യത്തെ കോര്‍പ്പറേറ്റ് മുതലാളിമാരാണ്. ഇവയിലെല്ലാം ഏജന്‍സി പണി നടത്തിയ രാഷ്ട്രീയകക്ഷി നേതാക്കള്‍ക്ക് എന്തെങ്കിലുമൊക്കെ കൊടുത്തിട്ടുണ്ടാവും. ഈ അഴിമതിക്കും കള്ളപ്പണത്തിന്റെയും പ്രധാന കാരണം രാജ്യത്ത് ഇന്ന് നടപ്പിലാക്കിവരുന്ന പുത്തന്‍ സാമ്പത്തിക നയമാണ്. ആ പുത്തന്‍ സാമ്പത്തിക നയത്തിന് ബദല്‍ സംവിധാനത്തിന് മാത്രമേ ഈ ചൂഷണത്തില്‍ നിന്നും രാജ്യത്തെ രക്ഷിക്കാനാവൂ. ഇതിനായി തന്റേടത്തോടെ സമരം ചെയ്യാന്‍ ഇടതുപക്ഷകക്ഷികള്‍ക്ക് മാത്രമേ അവകാശമുള്ളൂ.

അഴിമതിക്കെതിരായ സമരം കോര്‍പ്പറേറ്റ് ഭരണത്തിനെതിരായ സമരമാണ്. അഴിമതിക്കെതിരായ സമരവും പുത്തന്‍ സാമ്പത്തിക നയത്തിനെതിരായ സമരവും ഏകോപിപ്പിക്കണം. അടുത്ത മാസം രാജ്യത്ത് ആരംഭിക്കുന്ന ഇടതുപക്ഷ പ്രക്ഷോഭങ്ങള്‍ ആ ലക്ഷ്യത്തിലേയ്ക്ക് ഉയരണം.

*
ഇ ചന്ദ്രശേഖരന്‍ നായര്‍ ജനയുഗം 28 ജൂണ്‍ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

രാജ്യത്തെ ഗ്രസിച്ചിരിക്കുന്ന രണ്ട് പ്രധാന വിപത്തുകള്‍, അനുദിനം വര്‍ധിച്ചുവരുന്ന വിലക്കയറ്റവും അഴിമതിയുമാണ്. വിലക്കയറ്റത്തിന് വന്‍തോതില്‍ ആക്കം കൂട്ടുന്നതാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ഡീസലിന്റെയും പാചകവാതകത്തിന്റെയും മണ്ണെണ്ണയുടെയും വിലവര്‍ധനവ്. ഇതിനെതിരെ രാജ്യവ്യാപകമായി വമ്പിച്ച പ്രക്ഷോഭസമരങ്ങള്‍ ആരംഭിച്ചിരിക്കുന്നു.