നിയമസഭാസമ്മേളനം നടന്നുകൊണ്ടിരിക്കെയാണ് സഭയ്ക്കുപുറത്ത് യുഡിഎഫ് സര്‍ക്കാരിന്റെ 100 ദിവസത്തെ കര്‍മപരിപാടി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചത്. പുതിയ സര്‍ക്കാരിന്റെ നയപ്രഖ്യാപനം ഗവര്‍ണര്‍ നിയമസഭയിലാണ് നടത്തേണ്ടത്. ഭരണഘടനയിലെ 176-ാം വകുപ്പില്‍ ഇക്കാര്യം വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. ജൂണ്‍ 24ന് ഗവര്‍ണറുടെ നയപ്രഖ്യാപനപ്രസംഗത്തില്‍ ഉള്‍ക്കൊള്ളേണ്ട വിഷയങ്ങള്‍ പൊതുവേദിയില്‍ പ്രഖ്യാപിച്ചത് നിയമസഭയോടുള്ള അനാദരവാണ്. മുന്‍കാലങ്ങളില്‍ സ്പീക്കര്‍ തെരഞ്ഞെടുപ്പു കഴിഞ്ഞാലുടന്‍ സര്‍ക്കാര്‍ ഗവര്‍ണറുടെ നയപ്രഖ്യാപനം നിയമസഭയ്ക്കകത്തു നടത്തുന്ന പതിവാണുണ്ടായിരുന്നത്. ആ പതിവ് ക്രമേണ മാറുകയായിരുന്നു.
2011-12ലെ ബജറ്റ് ഡോ. തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിച്ചുകഴിഞ്ഞതാണ്. നിരവധി ജനക്ഷേമപദ്ധതികളാണ് ഈ ബജറ്റിലുണ്ടായിരുന്നത്. ഇവയിലൊന്ന് പോലും നൂറുദിവസംകൊണ്ട് യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കില്ല എന്നതാണ് ഇപ്പോഴത്തെ കര്‍മപരിപാടി വ്യക്തമാക്കിയിട്ടുള്ളത്. 2004ല്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നകാലത്ത് നടത്തിയ "ഗിമ്മി"ക്കുകളുടെ തനിയാവര്‍ത്തനം മാത്രമാണ് ഈ കര്‍മപരിപാടി. അന്ന് "അതിവേഗം ബഹുദൂരം" എന്ന് പ്രഖ്യാപിച്ചുനടത്തിയ പദ്ധതികള്‍ വെറും പ്രചാരണതട്ടിപ്പായിരുന്നെന്ന് തിരിച്ചറിഞ്ഞ ജനങ്ങള്‍ 2006ല്‍ യുഡിഎഫിനെ ദയനീയമായി പരാജയപ്പെടുത്തി. കൊട്ടിഘോഷിച്ചുകൊണ്ടാണ് ഇപ്പോഴത്തെ പരിപാടിക്ക് രൂപംനല്‍കിയതെങ്കിലും "മല എലിയെ പ്രസവിച്ച" പ്രതീതിയാണുണ്ടായിരിക്കുന്നത്. യുഡിഎഫിന്റെ പ്രകടനപത്രികയിലെ പ്രഖ്യാപനങ്ങള്‍പോലും നടപ്പാക്കാനുദ്ദേശിക്കുന്നില്ലെന്നാണ് ഈ കര്‍മപരിപാടി വെളിപ്പെടുത്തുന്നത്. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് ഒരു രൂപയ്ക്കും എപിഎല്ലുകാര്‍ക്ക് രണ്ടുരൂപയ്ക്കും പ്രതിമാസം 35 കിലോ അരി നല്‍കുമെന്നായിരുന്നു പ്രകടനപത്രികയിലെ വാഗ്ദാനം. അത് കര്‍മപദ്ധതിയില്‍ 25 കിലോ ആയി കുറച്ചു.
"പരമദരിദ്ര കുടുംബങ്ങളെ സര്‍ക്കാര്‍ ദത്തെടുക്കും" എന്ന പ്രകടനപത്രികയിലെ വാഗ്ദാനത്തെക്കുറിച്ച് കര്‍മപരിപാടി മൗനംപാലിക്കുന്നു. ജനിക്കുന്ന ഓരോ പെണ്‍കുട്ടിയുടെ പേരിലും നിശ്ചിത തുക സര്‍ക്കാര്‍ നിക്ഷേപം എന്ന വാഗ്ദാനവും അധികാരമേറ്റെടുത്ത് ഒരുമാസം തികയുംമുമ്പ് ഉമ്മന്‍ചാണ്ടി മറന്നുപോയി. 36 ലക്ഷം പുതിയ തൊഴിലവസരം സൃഷ്ടിക്കുമെന്നതിനെക്കുറിച്ചും സമ്പൂര്‍ണ നിശബ്ദത. നൂറുദിന പരിപാടി ഓരോന്നായി പരിശോധിച്ചാല്‍ ഒരു പുതുമയുമില്ലെന്നു മാത്രമല്ല എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിവച്ച പദ്ധതികളാണ് പ്രഖ്യാപനത്തിലുള്‍പ്പെടുത്തിയിരിക്കുന്നത് എന്നുംകാണാം.
മന്ത്രിമാരും കുടുംബാംഗങ്ങളും സ്വത്തുവിവരം വെളിപ്പെടുത്തും എന്നത് എന്തോ മഹാസംഭവമായി പ്രഖ്യാപിച്ചിരിക്കുന്നു. നിയമസഭാതെരഞ്ഞെടുപ്പില്‍ മത്സരിച്ച എല്ലാ സ്ഥാനാര്‍ഥികളും കുടുംബാംഗങ്ങളുടെ ഉള്‍പ്പെടെ സ്വത്തുവിവരം പ്രഖ്യാപിച്ചുകഴിഞ്ഞതാണ്. അഴിമതിവിരുദ്ധ നടപടികളുടെ ഭാഗമായിട്ടാണ് ഈ പ്രഖ്യാപനം നടത്തിയിട്ടുള്ളതെങ്കില്‍ തന്റെ മന്ത്രിസഭയില്‍ അഴിമതിക്കേസുകളില്‍ പ്രതിയായി വിചാരണ നേരിടുന്ന മൂന്നുമന്ത്രിമാരെ മന്ത്രിസഭയില്‍നിന്ന് ഒഴിവാക്കി അഴിമതിവിരുദ്ധ പോരാട്ടത്തിന് തുടക്കംകുറിക്കേണ്ടതായിരുന്നു. അഴിമതി കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് പാരിതോഷികം നല്‍കുമെന്ന പ്രഖ്യാപനം സ്വാഗതാര്‍ഹമാണ്. പക്ഷേ, സ്വന്തം മന്ത്രിസഭയിലെ അംഗങ്ങള്‍തന്നെ ഇത്തരക്കാരാകുമ്പോള്‍ ആര് വിവരം നല്‍കും?
മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടി മുമ്പ് മുഖ്യമന്ത്രിയായിരുന്നകാലത്തും ഉമ്മന്‍ചാണ്ടി നടത്തിയതാണ്. അത് വെറും വിലകുറഞ്ഞ പ്രചാരണത്തിനുവേണ്ടിയുള്ള പരിപാടിയായാണ് അന്ന് അനുഭവപ്പെട്ടത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് സഹായധനം വിതരണം ചെയ്യാന്‍ മുഖ്യമന്ത്രിതന്നെ കേരളം മുഴുവന്‍ സഞ്ചരിക്കേണ്ട കാര്യമില്ല. ഇത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ചെയ്യാവുന്ന സാധാരണ നടപടിക്രമം മാത്രമാണ്. കേന്ദ്ര ധനമന്ത്രിയായിരുന്ന കാലത്ത് കോണ്‍ഗ്രസ് നേതാവ് ജനാര്‍ദന്‍ പൂജാരി നടത്തിയ "ലോണ്‍മേള"യെ അനുസ്മരിപ്പിക്കുന്ന നാടകമാണ് ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്കം. പരാതി പരിഹാരസെല്‍ എന്നതും എത്രയോ വര്‍ഷമായി സെക്രട്ടറിയറ്റില്‍ നിലവിലുള്ള സംവിധാനമാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നത് നല്ല കാര്യമാണ്. പക്ഷേ, സര്‍ക്കാര്‍ ഓഫീസുകളെല്ലാം അഞ്ചുമണിക്ക് അടച്ചതിനുശേഷം മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഉത്തരവ് നടപ്പാക്കാന്‍ ആരാണുണ്ടാവുക. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സംവിധാനങ്ങള്‍ പൊലീസ്സ്റ്റേഷനുകളും ഫയര്‍സ്റ്റേഷനുകളും ജയിലുകളുമാണ്. മുഖ്യമന്ത്രിക്ക് ഈ സ്ഥാപനങ്ങളിലെല്ലാം ഏതുസമയത്തും എവിടെവച്ചും നിര്‍ദേശങ്ങള്‍ നല്‍കാന്‍ സംവിധാനങ്ങളുള്ള ഇക്കാലത്ത് വെറും പ്രചാരണപരിപാടി എന്നതില്‍ക്കവിഞ്ഞ് ഇതിലെന്ത് ഗുണമാണുണ്ടാവുക എന്ന് അനുഭവത്തിലൂടെ തെളിയേണ്ടതാണ്.
ഭൂമി ഏറ്റെടുക്കലിന് പുതിയ നയം കൊണ്ടുവരും എന്നാണ് മറ്റൊരു പ്രഖ്യാപനം. എന്നാല്‍ , ഈ നയം എല്‍ഡിഎഫ് സര്‍ക്കാര്‍ കണ്ണൂര്‍ വിമാനത്താവളത്തിനുവേണ്ടി 1300 ഏക്കര്‍ സ്ഥലം ഏറ്റെടുത്തു നടപ്പില്‍വരുത്തിയതാണ്. പൊലീസിലെ കുറ്റവാളികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നുള്ളതും വിചിത്രമാണ്. കുറ്റകൃത്യങ്ങളിലകപ്പെട്ട ഒരു പൊലീസുകാരനും സാധാരണഗതിയില്‍ സര്‍വീസില്‍ തുടരാന്‍ നിയമപ്രകാരംതന്നെ അനുവദനീയമല്ല. ക്രിമിനല്‍ ബന്ധമുള്ളവരെ ക്രമസമാധാനചുമതലയില്‍നിന്നും മര്‍മപ്രധാനമായ സ്ഥാനങ്ങളില്‍നിന്നും മാറ്റിക്കൊണ്ട് എല്‍ഡിഎഫ് സര്‍ക്കാര്‍ മാതൃകകാണിച്ചിട്ടുണ്ട്. ഇതിന്റെ പേരില്‍ സസ്പെന്‍ഷനില്‍ നിര്‍ത്തിയിരിക്കുന്ന പല പൊലീസുകാരെയും സര്‍വീസില്‍ തിരിച്ചെടുക്കാന്‍ തകൃതിയായി നീക്കം നടക്കുന്നതിനിടയിലാണ് ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. പൊലീസുകാര്‍ ഏറ്റവും കൂടുതല്‍ അക്രമസംഭവങ്ങളിലേര്‍പ്പെട്ടത് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തായിരുന്നു. അന്ന് പ്രതിപക്ഷത്തായിരുന്ന എംപിമാരും എംഎല്‍എമാരുമടക്കം നിരവധിപേരെ മൃഗീയമായി മര്‍ദിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഒരു നടപടിയും സ്വീകരിച്ചില്ല. കേന്ദ്ര ലോക്പാല്‍ ബില്‍ പാസാകുമ്പോള്‍ അത് നടപ്പാക്കുകയെന്നത് എല്ലാ സംസ്ഥാനങ്ങളുടെയും സ്വാഭാവിക ഉത്തരവാദിത്തമാണ്. ആ നിയമം വരുന്നതിനുമുമ്പ് സംസ്ഥാന ലോകായുക്തനിയമത്തില്‍ മാറ്റം വരുത്താനുള്ള നീക്കം നിലവിലുള്ള ലോകായുക്തയെ പിരിച്ചുവിടാനുള്ള ഗൂഢപദ്ധതിയാണ്. ഇപ്പോഴത്തെ യുഡിഎഫ് മന്ത്രിമാര്‍ക്കും യുഡിഎഫ് നേതാക്കന്മാര്‍ക്കുമെതിരെയുള്ള നിരവധി പരാതികള്‍ പരിഗണിച്ചുകൊണ്ടിരിക്കുന്ന നിലവിലുള്ള ലോകായുക്ത സംവിധാനത്തെ അട്ടിമറിക്കുകയെന്നതാണ് ഇതുവഴി ഉദ്ദേശിക്കുന്നതെന്ന് വ്യക്തം.
കൂടുതല്‍ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളാരംഭിക്കുന്നതിന്റെ പേരില്‍ ഉന്നതവിദ്യാഭ്യാസമേഖല സമ്പൂര്‍ണമായി കച്ചവടവല്‍ക്കരിക്കാനും അതുവഴി അഴിമതിയുടെ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടാനുമാണ് യുഡിഎഫ് ഉദ്ദേശിക്കുന്നത്. പ്രകടനപത്രികയില്‍ പറഞ്ഞ കാര്യങ്ങള്‍ക്കൊന്നും മുന്‍ഗണന നല്‍കാനുദ്ദേശിക്കുന്നില്ലെന്നു മാത്രമല്ല ഒരു ഭാഗത്ത് പ്രഖ്യാപനം നടത്തുകയും മറുഭാഗത്ത് വൈദ്യുതിചാര്‍ജും പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലയും വര്‍ധിപ്പിച്ച് ജനജീവിതം ദുസ്സഹമാക്കാനുള്ള നടപടിയാണ് സര്‍ക്കാര്‍ നടപ്പാക്കാന്‍ പോകുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച ക്ഷേമപദ്ധതികളുടെ ഭാവിയെക്കുറിച്ചും ആശങ്കയുണ്ടാകുന്ന പ്രഖ്യാപനമാണ്് ഉമ്മന്‍ചാണ്ടിയില്‍നിന്ന് പുറത്തുവന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ ക്ഷേമപെന്‍ഷന്‍ 400 രൂപയാക്കി വര്‍ധിപ്പിച്ചു. ഇത് ഇനിയും വര്‍ധിപ്പിക്കുമെന്നും എല്ലാമാസവും ബാങ്കുവഴി നല്‍കുമെന്നും വാഗ്ദാനം ചെയ്തതാണ്. എന്നാല്‍ , അതേക്കുറിച്ചൊന്നും ഒരു പരാമര്‍ശവും കര്‍മപരിപാടിയിലില്ല. ഇങ്ങനെ കേരളത്തിലെ ജനങ്ങള്‍ക്ക് പുതിയ പ്രതീക്ഷകളൊന്നും നല്‍കാത്ത വെറുംപ്രഖ്യാപനമാണ് മുഖ്യമന്ത്രി നടത്തിയിരിക്കുന്നത്.
*
കോടിയേരി ബാലകൃഷ്ണന്‍ ദേശാഭിമാനി 04 ജൂണ്‍ 2011
Subscribe to:
Post Comments (Atom)
1 comment:
നിയമസഭാസമ്മേളനം നടന്നുകൊണ്ടിരിക്കെയാണ് സഭയ്ക്കുപുറത്ത് യുഡിഎഫ് സര്‍ക്കാരിന്റെ 100 ദിവസത്തെ കര്‍മപരിപാടി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചത്. പുതിയ സര്‍ക്കാരിന്റെ നയപ്രഖ്യാപനം ഗവര്‍ണര്‍ നിയമസഭയിലാണ് നടത്തേണ്ടത്. ഭരണഘടനയിലെ 176-ാം വകുപ്പില്‍ ഇക്കാര്യം വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. ജൂണ്‍ 24ന് ഗവര്‍ണറുടെ നയപ്രഖ്യാപനപ്രസംഗത്തില്‍ ഉള്‍ക്കൊള്ളേണ്ട വിഷയങ്ങള്‍ പൊതുവേദിയില്‍ പ്രഖ്യാപിച്ചത് നിയമസഭയോടുള്ള അനാദരവാണ്. മുന്‍കാലങ്ങളില്‍ സ്പീക്കര്‍ തെരഞ്ഞെടുപ്പു കഴിഞ്ഞാലുടന്‍ സര്‍ക്കാര്‍ ഗവര്‍ണറുടെ നയപ്രഖ്യാപനം നിയമസഭയ്ക്കകത്തു നടത്തുന്ന പതിവാണുണ്ടായിരുന്നത്. ആ പതിവ് ക്രമേണ മാറുകയായിരുന്നു.
Post a Comment