Wednesday, June 22, 2011

ഓര്‍ഡിനന്‍സ് കൂട്ടക്കൊല വെല്ലുവിളി

പന്ത്രണ്ടാം കേരള നിയമസഭയുടെ കാലാവധി അവസാനിച്ചപ്പോള്‍ അവശേഷിച്ച 25 ഓര്‍ഡിനന്‍സില്‍ ഒന്നൊഴികെ എല്ലാം ലാപ്സാക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു. ഇത് നിയമവാഴ്ചയോടും ജനാധിപത്യ സംവിധാനങ്ങളോടുമുള്ള വെല്ലുവിളിയാണ്. ഭരണകൂടങ്ങള്‍ക്ക് ഭരണഘടന അനുവദിക്കുന്ന പ്രത്യേക അധികാരമാണ് ഓര്‍ഡിനന്‍സുകള്‍ . അത് നിയമവാഴ്ചയുടെ ഭാഗമാണ്. സമൂഹത്തില്‍ ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുന്ന ഈ തീരുമാനം വേണ്ടത്ര ചര്‍ച്ചകളുടെ ഫലമായല്ല ഉണ്ടായത്. 13ാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം ജൂണ്‍ ഒന്നിന് ആരംഭിച്ച് ജൂലൈ 20നാണ് അവസാനിക്കുന്നത്. നിയമസഭാ സമ്മേളനം ആരംഭിച്ച് 42 ദിവസം കഴിയുമ്പോള്‍ പുതുക്കിയില്ലെങ്കില്‍ പ്രാബല്യത്തിലുള്ള എല്ലാ ഓര്‍ഡിനന്‍സും ലാപ്സാകും.

പേപ്പര്‍ ലോട്ടറിയിന്മേലുള്ള കേരള നികുതി (ഭേദഗതി) ഓര്‍ഡിനന്‍സ് ഒഴികെയുള്ളവ ലാപ്സാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ഭരണഘടനാവിരുദ്ധവും ജനാധിപത്യവിരുദ്ധവും ജനദ്രോഹകരവുമാണ്. ഓര്‍ഡിനന്‍സുകള്‍ സംബന്ധിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരുന്ന വൈ ബി ചന്ദ്രചൂഡ് ഉള്‍പ്പെട്ട അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ സുപ്രധാന വിധിന്യായം ഈ അവസരത്തില്‍ പ്രസക്തമാണ്. നിലവിലുള്ള ഓര്‍ഡിനന്‍സുകള്‍ പ്രകാരം ചെയ്തിട്ടുള്ള നടപടികള്‍ മറ്റൊരു നിയമംമൂലം പില്‍ക്കാല പ്രാബല്യത്തോടെ ഇല്ലാതാകുംവരെ നിലനില്‍ക്കും. പി വെങ്കിടറെഡ്ഡി ്/െ സ്റ്റേറ്റ് ഓഫ് ആന്ധ്രപ്രദേശ് എന്ന കേസിലാണ് പരമോന്നത കോടതിയുടെ സുപ്രധാന വിധിന്യായം. ഈ വിധിയുടെ അന്തഃസത്ത നിലവിലുള്ള ഓര്‍ഡിനന്‍സുകളുടെ പ്രാബല്യം ഒരു നിയമംമൂലമല്ലാതെ ഇല്ലാതാക്കരുത് എന്നാണ്. ഭരണവും നിയമവും തുടര്‍പ്രക്രിയയാണ്; അഞ്ചുവര്‍ഷത്തേക്ക് മാത്രമുള്ളതല്ല. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിയമസഭയുടെ കാലാവധി അവസാനിച്ചപ്പോള്‍ അവശേഷിപ്പിച്ച 20 ഓര്‍ഡിനന്‍സും എല്‍ഡിഎഫ് സര്‍ക്കാര്‍ പുനഃപ്രസിദ്ധീകരിക്കുകയാണ് ചെയ്തത്.

പ്രത്യേക സാഹചര്യങ്ങളിലോ അടിയന്തര സന്ദര്‍ഭങ്ങളിലോ ആണ് ഓര്‍ഡിനന്‍സുകള്‍ പുറപ്പെടുവിക്കുന്നത്. ഓര്‍ഡിനന്‍സുകള്‍ തൊട്ടടുത്ത നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിച്ച് നിയമമാക്കുക എന്നതാണ് വ്യവസ്ഥ. ഇതിന് പലപ്പോഴും കഴിയാതെ വരുന്നത് നിയമസഭ വിളിച്ചുചേര്‍ക്കുന്നതിലുള്ള അസൗകര്യമാണ്. നിയമസഭയുടെ ഭൂരിപക്ഷ സമയവും നിയമനിര്‍മാണത്തിനു വേണ്ടിയാണ് ഉപയോഗിക്കേണ്ടതെങ്കിലും പലപ്പോഴും അതിന് കഴിയാതെ വരുന്ന സാഹചര്യത്തിലാണ് ഓര്‍ഡിനന്‍സുകള്‍ പുനഃപ്രസിദ്ധീകരിക്കേണ്ടി വരുന്നത്. ഇത് പരിഹാരം കാണേണ്ട ഒരു വിഷയംതന്നെയാണ്, പ്രത്യേകം ചര്‍ച്ചചെയ്യേണ്ടതും.

ലാപ്സാകുന്ന ഓര്‍ഡിനന്‍സുകളില്‍ പ്രധാനപ്പെട്ടവ ചുവടെ.

1) കേരള ലാന്‍ഡ് അസൈന്‍മെന്റ് (ഭേദഗതി) ഓര്‍ഡിനന്‍സ് 1977 ജനുവരി ഒന്നിനു മുന്‍പ് വനഭൂമി കൈവശംവച്ചിരുന്ന കര്‍ഷകര്‍ക്ക് അത് പതിച്ചുനല്‍കുന്നതിനുള്ള സ്പെഷ്യല്‍ റൂള്‍സില്‍ , ഭൂമി കൈമാറ്റംചെയ്യുന്നതിന് വിലക്ക് ഉണ്ടായിരുന്നു. കൈവശാവകാശം നല്‍കണം എന്ന ആവശ്യം ഉന്നയിച്ച് അന്നത്തെ പ്രതിപക്ഷം ഹര്‍ത്താലും നടത്തിയിരുന്നു. മുന്‍കാല പ്രാബല്യത്തോടെ ചട്ടങ്ങള്‍ ഭേദഗതിചെയ്താലേ പ്രസ്തുത ആവശ്യം നടത്താനാകൂ എന്നതുകൊണ്ട് അതിനുള്ള അധികാരം നല്‍കാനാണ് മുന്‍കാല പ്രാബല്യത്തോടെ ചട്ടങ്ങള്‍ ഉണ്ടാക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്ന വ്യവസ്ഥ ഉള്‍പ്പെടുത്തിക്കൊണ്ട് ഭേദഗതി ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത്.

2) കണ്ണന്‍ദേവന്‍ ഹില്‍സ് (ചില ഭൂമി വീണ്ടെടുക്കല്‍ വഴി ഏറ്റെടുക്കല്‍ ഭേദഗതി ഓര്‍ഡിനന്‍സ്) 2010 ലെ 30ാം നമ്പര്‍ ഓര്‍ഡിനന്‍സ് വഴി സര്‍ക്കാരില്‍ നിക്ഷിപ്തമാക്കിയ ആയിരത്തില്‍പ്പരം ഏക്കര്‍ ഭൂമി ഓര്‍ഡിനന്‍സ് ലാപ്സായി എന്ന കാരണത്താല്‍ തിരിച്ച് പഴയ ഉടമസ്ഥരില്‍ നിക്ഷിപ്തമാകുന്നില്ല. പ്രസ്തുത ഭൂമി സംബന്ധിച്ച് തുടര്‍നടപടി കൈക്കൊള്ളാന്‍ സര്‍ക്കാരിന് അധികാരം ലഭിക്കില്ല. ഇതുകൊണ്ടാണ് നദീതീരങ്ങളില്‍നിന്ന് 50 യാര്‍ഡിനുള്ളില്‍ വരുന്ന ഭൂമി ഒഴിവാക്കിക്കൊണ്ടും നേരത്തെ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സിലെ പട്ടികയില്‍ സംഭവിച്ച ചില തെറ്റുകള്‍ തിരുത്തുന്നതിനും വേണ്ടി വീണ്ടും ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത്.

3) കേരള സ്റ്റേറ്റ് ഹയര്‍ എഡ്യുക്കേഷന്‍ കൗണ്‍സില്‍ (ഭേദഗതി) ഓര്‍ഡിനന്‍സ് ഉന്നത വിദ്യാഭ്യാസ രംഗത്ത് നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ് നല്‍കുന്നതിനും അതിന്റെ നടത്തിപ്പിനുമായി വ്യവസ്ഥ ഉണ്ടാക്കുന്നതിനാണ് 2008ല്‍ ഈ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത്. ഇന്ത്യയിലെ ഇത്തരത്തിലുള്ള ആദ്യ സംരംഭമായ സ്കോളര്‍ഷിപ്പിന്റെ ഉദ്ഘാടനം പ്രധാനമന്ത്രിയാണ് നിര്‍വഹിച്ചത്. 2008 മുതല്‍ നിരവധി നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന സ്കോളര്‍ഷിപ്പാണ് ഈ ഓര്‍ഡിനന്‍സ് ലാപ്സാകുന്നതിലൂടെ നഷ്ടമാകുന്നത്.

4) കേരള ടോള്‍ ആക്ട് കേരളത്തിലെ ഒരു കോടി രൂപയ്ക്കുമേല്‍ നിര്‍മാണച്ചെലവ് വരുന്ന പാലങ്ങള്‍ക്ക് ടോള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇടതുപക്ഷ സര്‍ക്കാര്‍ അത് പുനഃപരിശോധിക്കുകയും മൂന്നുകോടി രൂപയില്‍ താഴെ നിര്‍മാണച്ചെലവുള്ള പാലങ്ങളെ ടോള്‍ പിരിവില്‍നിന്ന് ഒഴിവാക്കുകയുംചെയ്തു. ഈ തീരുമാനത്തിന് നിയമ പ്രാബല്യം ലഭിക്കുന്നതിനും നടപ്പാക്കുന്നതിനുമാണ് കേരള ടോള്‍ ആക്ടില്‍ ഭേദഗതി കൊണ്ടുവന്നത്. ഈ ഓര്‍ഡിനന്‍സ് നിലവില്‍ വന്നതുമുതല്‍ കേരളത്തിലെ 64 പാലങ്ങള്‍ക്ക് ടോള്‍പിരിവ് ഇല്ലാതെയായി. ഓര്‍ഡിനന്‍സ് പിന്‍വലിക്കുന്നതുമൂലം ഈ പാലങ്ങള്‍ക്ക് വീണ്ടും ടോള്‍ ഏര്‍പ്പെടുത്തേണ്ടിവരും.

5) കേരള ഹെല്‍ത്ത് കെയര്‍ പേഴ്സണ്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ സര്‍വീസ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് (പ്രിവന്‍ഷന്‍ ഓഫ് വയലന്‍സ് ആന്‍ഡ് ഡാമേജ് പ്രോപ്പര്‍ട്ടി ഓര്‍ഡിനന്‍സ്) ഡോക്ടര്‍മാര്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കും ആശുപത്രിക്കുമെതിരെയുള്ള അക്രമങ്ങള്‍ തടയുന്നതിന് ഒരു നിയമം കൊണ്ടുവരണമെന്ന് ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ വളരെക്കാലമായുള്ള ആവശ്യമായിരുന്നു. 2010ല്‍ ഈ നിയമം കൊണ്ടുവന്നു. ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ നിയമ പരിഷ്കരണ കമ്മിറ്റിയുടെ പ്രധാനപ്പെട്ട നിര്‍ദേശങ്ങളില്‍ ഒന്നായ ഈ നിയമം ലാപ്സാക്കുന്നത് ആരോഗ്യരംഗത്ത് അരക്ഷിതാവസ്ഥയുണ്ടാകും.

6) കേരള വിനോദ സഞ്ചാരം (മേഖലകളുടെ സംരക്ഷണവും പരിപാലനവും) ഭേദഗതി ഓര്‍ഡിനന്‍സ് 2010 ജൂണ്‍ 14ന് പ്രാബല്യത്തില്‍ വന്ന ഈ ഓര്‍ഡിനന്‍സ് പ്രകാരം വിനോദസഞ്ചാര വികസന അതോറിറ്റി രൂപീകരിച്ച് പ്രവര്‍ത്തിക്കുകയാണ്. ഇതിന്റെ പ്രവര്‍ത്തനത്തിനായി ഒരു ഫണ്ട് രൂപീകരിച്ചിട്ടുണ്ട്. ഈ ഓര്‍ഡിനന്‍സ് ഇല്ലാതാകുന്നതോടെ വിനോദ സഞ്ചാര മേഖലകളുടെ സംരക്ഷണത്തിന് ഏര്‍പ്പെടുത്തിയ അതോറിറ്റിയുടെ പ്രവര്‍ത്തനം അവതാളത്തിലാകും.

7) കേരള ലോക്കല്‍ അതോറിറ്റീസ് ലോണ്‍ (ഭേദഗതി) ഓര്‍ഡിനന്‍സ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വായ്പ എടുക്കുന്നതിന് ഒരു ഫണ്ട് രൂപീകരിക്കുന്നതിനും അതിന്റെ നിയന്ത്രണത്തിനും വേണ്ടിയാണ് 2010 ജൂണ്‍ 12ന് പ്രസ്തുത ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത്.

240 കോടി രൂപ മൂലധനമായി സ്വരൂപിച്ചുകൊണ്ട് പ്രവര്‍ത്തനം ആരംഭിച്ചു. ഈ ഓര്‍ഡിനന്‍സിന് പ്രാബല്യം ഇല്ലാതാകുന്നതോടെ പ്രസ്തുത ഫണ്ടും ലോണ്‍ എടുക്കുന്ന നടപടികളും അനിശ്ചിതത്വത്തിലാകുന്നു. ഫണ്ട് വാങ്ങിയ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തിരിച്ചടവും അവതാളത്തിലാകും.

8) യൂണിവേഴ്സിറ്റി നിയമ (ഭേദഗതി) ഓര്‍ഡിനന്‍സ് 2009ലാണ് ആദ്യമായി ഈ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നത്. കേരളത്തിലുള്ള സര്‍വകലാശാലകളിലെ അധ്യാപകര്‍ക്ക് അവരുടെ സീനിയോറിറ്റി നഷ്ടപ്പെടാത്തവിധം ട്രാന്‍സ്ഫര്‍ ലഭിക്കുന്നതിനുള്ള നിയമമായിരുന്നു ഇത്. ഈ ഓര്‍ഡിനന്‍സിന്റെ പ്രയോജനം നിരവധി അധ്യാപകര്‍ക്ക് ലഭിച്ചിട്ടുണ്ട്. ഇത് ലാപ്സാക്കുന്നതുകൊണ്ട് അധ്യാപക സംഘടനകളുടെ വളരെക്കാലമായുള്ള ആവശ്യമാണ് വൃഥാവിലാകുന്നത്.

9) കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ (ഭേദഗതി) ഓര്‍ഡിനന്‍സ് നിയമവ്യവസ്ഥകള്‍ ലംഘിച്ച് നെല്‍വയലും തണ്ണീര്‍ത്തടവും നികത്തുന്നതിനെതിരെ നടപടി എടുക്കാന്‍ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന്‍ ആര്‍ഡിഒയുടെ പദവിയില്‍ താഴെയല്ലാത്ത റവന്യൂ ഉദ്യോഗസ്ഥന്‍ ആയിരിക്കണം എന്ന വ്യവസ്ഥ, നിയമം ഫലപ്രദമായി നടപ്പാക്കുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടാക്കി. ആര്‍ഡിഒ നേരിട്ട് ചെന്ന് നടപടി എടുക്കാനാകാത്തത് പലപ്പോഴും നെല്‍വയല്‍ നികത്തുന്നതിനെതിരെയുള്ള കേസുകളില്‍ കുറ്റക്കാര്‍ക്ക് അനുകൂലവിധി ലഭിക്കാന്‍ ഇടയാക്കിയതുകൊണ്ടാണ് വില്ലേജ് ഓഫീസര്‍ തലത്തിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ഇതിനുള്ള അധികാരം നല്‍കി നിയമം ഭേദഗതിചെയ്തത്.

10)കേരള നദീതീര സംരക്ഷണവും മണല്‍വാരല്‍ നിയന്ത്രണവും (ഭേദഗതി) ഓര്‍ഡിനന്‍സ് ആക്ടിലെ 23ാം വകുപ്പില്‍ വാഹനങ്ങള്‍ കണ്ടുകെട്ടുന്നതിന് വേണ്ടിയുള്ള വ്യവസ്ഥ അവ്യക്തവും അപര്യാപ്തവുമായതിനാല്‍ നിയമവിരുദ്ധമായി മണല്‍ കടത്തിയതിന് കണ്ടുകെട്ടിയ വാഹനങ്ങള്‍ തിരിച്ചുനല്‍കുന്നതിനും കുറ്റക്കാര്‍ ശിക്ഷയില്‍നിന്ന് രക്ഷപ്പെടുന്നതിനും ഇടയാക്കി. വ്യക്തവും പര്യാപ്തവുമായ വ്യവസ്ഥകള്‍ നിയമത്തില്‍ ഉള്‍പ്പെടുത്താത്തത് കോടതിയുടെ വിമര്‍ശനത്തിന് ഇടയാക്കിയ സാഹചര്യത്തിലാണ് പ്രസ്തുത വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഭേദഗതി വരുത്തിയത്. ഫലപ്രദമായി നടപ്പാക്കുന്നതിന് പ്രത്യേക സംരക്ഷണസേന രൂപീകരിക്കുന്നതിനുള്ള വ്യവസ്ഥയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ ജില്ലാ വിദഗ്ധസമിതികള്‍ ശുപാര്‍ശചെയ്യുന്ന പദ്ധതികള്‍ സൂക്ഷ്മ പരിശോധന നടത്താനും അംഗികാരം നല്‍കാനും വിദഗ്ധസമിതി രൂപീകരിക്കാനുള്ള വ്യവസ്ഥയും മറ്റു ചില ഭേദഗതികള്‍ക്കൊപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ട്.

11)കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ ഓര്‍ഡിനന്‍സ് പാരാമെഡിക്കല്‍ ടെക്നീഷ്യന്‍മാര്‍ക്ക് രജിസ്ട്രേഷന്‍ നല്‍കുന്നതിനും അവരുടെ യോഗ്യതകള്‍ ക്രമീകരിക്കുന്നതിനും പാരാമെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നതിനുവേണ്ടി പാരാമെഡിക്കല്‍ കൗണ്‍സില്‍ രൂപീകരിക്കുന്നതിന് ഉദ്ദേശിച്ചാണ് ഈ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. ടെക്നീഷ്യന്‍മാര്‍ യോഗ്യതയുള്ളവരല്ലെങ്കില്‍ ഉണ്ടാകുന്ന അരക്ഷിതാവസ്ഥ എടുത്തുപറയേണ്ടതില്ലല്ലോ. ഈ ഓര്‍ഡിനന്‍സ് ലാപ്സാകുന്നതിലൂടെ ഈ രംഗം കൂടുതല്‍ വഷളാകും.

12) കേരള ആധാരമെഴുത്തുകാരുടെയും സ്റ്റാമ്പ് വെണ്ടര്‍മാരുടെയും ക്ഷേമനിധി ഓര്‍ഡിനന്‍സ് കേരളത്തിലെ രജിസ്ട്രേഷന്‍ വകുപ്പിന്റെ കീഴില്‍ ജോലി ചെയ്യുന്ന ആധാരമെഴുത്തുകാരുടെയും സ്റ്റാമ്പ് വെണ്ടര്‍മാരുടെയും ക്ഷേമത്തിനും പെന്‍ഷനും മറ്റാനുകൂല്യങ്ങളും നല്‍കുന്നതിനും ക്ഷേമനിധി രൂപീകരിക്കുന്നതിനും വേണ്ടിയുള്ള ഈ ഓര്‍ഡിനന്‍സ് ഇല്ലാതാകുമ്പോള്‍ ആ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ ചിരകാല സ്വപ്നമാണ് തല്ലിക്കൊഴിക്കപ്പെടുന്നത്.

*
എം വിജയകുമാര്‍ ദേശാഭിമാനി 22 ജൂണ്‍ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

പന്ത്രണ്ടാം കേരള നിയമസഭയുടെ കാലാവധി അവസാനിച്ചപ്പോള്‍ അവശേഷിച്ച 25 ഓര്‍ഡിനന്‍സില്‍ ഒന്നൊഴികെ എല്ലാം ലാപ്സാക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു. ഇത് നിയമവാഴ്ചയോടും ജനാധിപത്യ സംവിധാനങ്ങളോടുമുള്ള വെല്ലുവിളിയാണ്. ഭരണകൂടങ്ങള്‍ക്ക് ഭരണഘടന അനുവദിക്കുന്ന പ്രത്യേക അധികാരമാണ് ഓര്‍ഡിനന്‍സുകള്‍ . അത് നിയമവാഴ്ചയുടെ ഭാഗമാണ്. സമൂഹത്തില്‍ ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുന്ന ഈ തീരുമാനം വേണ്ടത്ര ചര്‍ച്ചകളുടെ ഫലമായല്ല ഉണ്ടായത്. 13ാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം ജൂണ്‍ ഒന്നിന് ആരംഭിച്ച് ജൂലൈ 20നാണ് അവസാനിക്കുന്നത്. നിയമസഭാ സമ്മേളനം ആരംഭിച്ച് 42 ദിവസം കഴിയുമ്പോള്‍ പുതുക്കിയില്ലെങ്കില്‍ പ്രാബല്യത്തിലുള്ള എല്ലാ ഓര്‍ഡിനന്‍സും ലാപ്സാകും.