മാന്ദ്യം അമേരിക്കന്‍ സമ്പദ്ഘടനയുടെ അടിത്തറ പിടിച്ചുലച്ചതു മുതല്‍ പ്രസിഡന്റ് ബരാക് ഒബാമ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരു വാഗ്ദാനമുണ്ട്. സമ്പദ്ഘടനയെ മാന്ദ്യത്തില്‍ നിന്നും കരകയറ്റി പുനരുദ്ധരിക്കും. സമ്പദ്ഘടനയുടെ പുനരുജ്ജീവനത്തിന്റെ തെളിവായി ചൂണ്ടിക്കാണിക്കുന്നത് സര്‍ക്കാര്‍ വമ്പിച്ച രക്ഷാപാക്കേജുകള്‍ പ്രഖ്യാപിച്ചതിനുശേഷം കോര്‍പ്പറേറ്റുകളുടെ ലാഭം കുതിച്ചുയര്‍ന്നതാണ്. കമ്പനികള്‍ ഇപ്പോള്‍ പണത്തിന്റെ കൂമ്പാരത്തിനു മുകളിലാണ്. ഈ പണം കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനായി ഉപയോഗിക്കുമെന്നും തുടര്‍ന്നു വേതനം ഉയരുമെന്നും എല്ലാവര്‍ക്കും നേട്ടമുണ്ടാകുമെന്നുമാണ് പ്രസിഡന്റ് ഉറപ്പുനല്‍കുന്നത്. ഇത് ഒന്നുകില്‍ കേവല ആഗ്രഹ പ്രകടനം. അല്ലെങ്കില്‍ ബോധപൂര്‍വം ജനങ്ങളെ വഞ്ചിക്കല്‍. ഈയിടത്തെ ഓഹരി വിപണി ഇടിവ് കോര്‍പ്പറേറ്റുകള്‍ വഴി സമ്പദ്ഘടനയുടെ പുനരുദ്ധാരണം സാധ്യമാണെന്ന പ്രതീക്ഷയെല്ലാം തകര്‍ത്തു.
റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാര്‍ മാന്ദ്യം സൃഷ്ടിക്കാന്‍ ഉപയോഗിച്ച അതേമാര്‍ഗങ്ങളാണ് മാന്ദ്യം ചെറുക്കാന്‍ ഡമോക്രാറ്റ് പാര്‍ട്ടിക്കാര്‍ അവലംബിക്കുന്നത്. അതിസമ്പന്നര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കി സമ്പദ്ഘടനയില്‍ അവരുടെ ആധിപത്യം നിലനിര്‍ത്തുക എന്നതാണ് ഈ മാര്‍ഗം. 'റീഗനോമിക്‌സ്' അഥവാ, ''അരിച്ചിറങ്ങുന്ന സാമ്പത്തിക ശാസ്ത്രം'' എന്ന പേരില്‍ പൊതുവില്‍ അറിയപ്പെടുന്ന ഈ തന്ത്രം ഇപ്പോള്‍ ഡമോക്രാറ്റുകളുടെയും റിപ്പബ്ലിക്കന്‍കാരുടെയും ആപ്തവാക്യമായി മാറിയിട്ടുണ്ട്.
സാമ്പത്തിക പുനരുദ്ധാരണം, സമ്പന്നരുടെ ബാങ്ക് അക്കൗണ്ടുകള്‍ക്കപ്പുറം എവിടേയും കാണാനില്ലെന്ന് പ്രസിഡന്റ് ഒബാമയ്ക്കും ഇപ്പോള്‍ ബോധ്യം വന്നുകാണും. രക്ഷാപാക്കേജുകളുടെ വിനാശകരമായ പ്രത്യാഘാതങ്ങള്‍ മുന്‍കൂട്ടി കാണാന്‍ എന്തുകൊണ്ട് കഴിഞ്ഞില്ലെന്ന ചോദ്യത്തിനു റിപ്പബ്ലിക്കന്‍കാരും ഡമോക്രാറ്റുകളും മറുപടി പറയണം. രക്ഷാ പാക്കേജുകള്‍ അമേരിക്കയുടെ കമ്മി ഗണ്യമായി വര്‍ധിപ്പിച്ചു. മാന്ദ്യത്തിനു കാരണക്കാരായ അതേ അമേരിക്കന്‍ കോര്‍പ്പറേറ്റുകളെ രക്ഷാ പേജുകള്‍ കൂടുതല്‍ കരുത്തുള്ളവയാക്കി മാറ്റുകയും ചെയ്തു.
പ്രതിസന്ധിക്കു ഉത്തരവാദികളായ ബാങ്കുകളെയും ഹെഡ്ജ് ഫണ്ട് മാനേജര്‍മാരെയും ശിക്ഷിക്കുന്നതിനു പകരം അവര്‍ക്ക് കൂടുതല്‍ പണം നല്‍കിയ യുക്തിഹീനമായ നയത്തെ ''പ്രതിസന്ധിയിലായ സമ്പദ്ഘടന'' എന്ന ഗ്രന്ഥത്തില്‍ ന്യൂറില്‍ റൂബിനി ശക്തമായി വിമര്‍ശിക്കുന്നുണ്ട്. ഒരിക്കല്‍കൂടി സമ്പദ്ഘടനയെ തകര്‍ത്താല്‍ വീണ്ടും രക്ഷാ പാക്കേജുകള്‍ ലഭിക്കുമെന്നാണ് അവരുടെ പ്രതീക്ഷ. 'വലിയ ബാങ്കുകളെ കൂടുതല്‍ വലുതാകാന്‍'' ഡമോക്രാറ്റുകള്‍ എങ്ങനെ സഹായം നല്‍കിയെന്ന് റുബിനി വിശദീകരിക്കുന്നുണ്ട്. വന്‍കിട ബാങ്കുകളും അതിസമ്പന്ന നിക്ഷേപകരും ഫെഡറല്‍ റിസര്‍വില്‍ നിന്നും കുറഞ്ഞ പലിശയ്ക്ക് ഡോളര്‍ വാങ്ങി വിദേശത്ത് നിക്ഷേപിക്കുകയാണ്. ഉത്പന്നവിപണിയിലാണ് നിക്ഷേപത്തില്‍ വലിയ പങ്ക്. അടുത്ത ധനകാര്യ പ്രതിസന്ധിയുടെ വിത്തുവിതയ്ക്കുന്ന നയമാണ് ഇപ്പോള്‍ പിന്തുടരുന്നതെന്ന് റുബിനി മുന്നറിയിപ്പു നല്‍കുന്നു. ഉത്പന്നവിപണിയിലെ വന്‍ നിക്ഷേപം എണ്ണ, ഭക്ഷ്യധാന്യങ്ങള്‍ തുടങ്ങിയ അടിസ്ഥാന ഉത്പന്നങ്ങളുടെയെല്ലാം വില ഗുണ്യമായി ഉയരാന്‍ ഇടയാക്കുന്നുണ്ട്. ഇത് പണിയെടുത്ത് ജീവിക്കുന്നവരുടെ കുടുംബബജറ്റുകള്‍ തകര്‍ക്കുന്നതോടൊപ്പം സമ്പദ്ഘടനയ്ക്ക് മൊത്തത്തില്‍ ക്ഷതം ഏല്‍പ്പിക്കുകയും ചെയ്യുന്നു. ഊഹക്കച്ചവടത്തെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക വളര്‍ച്ചയെ സമ്പദ്ഘടനയുടെ പുനരുദ്ധാരണത്തിന്റെ സൂചനയായി കരുതുന്നത് അപകടമാണെന്ന് റുബിനി മുന്നറിയിപ്പ് നല്‍കുന്നു.
മറ്റൊരു പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനായ പോള്‍ ക്രുഗ്മാനും അമേരിക്കയുടെ രാഷ്ട്രീയ-സാമ്പത്തിക വ്യവസ്ഥയില്‍ അതി സമ്പന്നരുടെ മരണപ്പിടി മുറുകിവരികയാണെന്നും ഇതു അവരൊഴിച്ചു മറ്റുള്ളവര്‍ക്കെല്ലാം വേദനയാണ് സമ്മാനിക്കുന്നതെന്നും ചൂണ്ടിക്കാണിക്കുന്നുണ്ട്.
തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനു കൂടുതല്‍ പണം ചെലവഴിക്കുന്നതിനുപകരം ചെലവുചുരുക്കുന്നതിലാണ് റിപ്പബ്ലിക്കന്‍മാരും ഡമോക്രാറ്റുകളും യോജിക്കുന്നതെന്ന് ക്രുഗ്മാന്‍ അഭിപ്രായപ്പെട്ടു. സമ്പന്നരായ നിക്ഷേപകരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടുന്നു. അവര്‍ക്കുണ്ടാകുന്ന നഷ്ടം മറ്റുള്ളവരുടെ ചെലവില്‍ സംരക്ഷിക്കപ്പെടുകയും ചെയ്യുന്നു. തിരഞ്ഞെടുപ്പുവേളയില്‍ നല്‍കുന്ന സംഭാവനകളിലൂടെ രാഷ്ട്രീയ വ്യവസ്ഥയില്‍ ആധിപത്യം സ്ഥാപിക്കാന്‍ സമ്പന്നര്‍ക്ക് കഴിയുന്നതാണ് ഇതിന്റെ ഒരു കാരണം. അമേരിക്കന്‍ കോണ്‍ഗ്രസിലെ അംഗങ്ങള്‍ക്ക് അവരുടെ കാലാവധി തീരുമ്പോള്‍ ഭാരിച്ച ശമ്പളം ലഭിക്കുന്ന ജോലി കോര്‍പ്പറേറ്റുകളില്‍ ലഭിക്കും. അഴിമതിയുടെ ഒരു രൂപമാണിതെന്ന് ക്രുഗ്മാന്‍ പറയുന്നു.
കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കണമെന്ന ആവര്‍ത്തിച്ചുള്ള അഭ്യര്‍ഥന ബധിരകര്‍ണങ്ങളിലാണ് പതിക്കുന്നതെന്നാണ് ക്രുഗ്മാന്‍ പരാതിപ്പെടുന്നത്. സ്വകാര്യമേഖല (അതായത് കോര്‍പ്പറേറ്റുകള്‍) തൊഴില്‍ സൃഷ്ടിക്കണമെന്നാണ് ഡമോക്രാറ്റുകളും റിപ്പബ്ലിക്കന്‍കാരും ആവശ്യപ്പെടുന്നത്. ഇതിന് കോര്‍പ്പറേറ്റുകള്‍ തയ്യാറാകാത്ത കാലത്തോളം ഒന്നും സംഭവിക്കില്ല. ഇത് മോശമായ നയം മാത്രമല്ല, സമ്പന്നരുടെ ബോധപൂര്‍വമുള്ള ഒരു അജണ്ടകൂടിയാണ്. തൊഴിലില്ലായ്മ വര്‍ധിക്കേണ്ടത് കോര്‍പ്പറേറ്റുകളുടെ താല്‍പര്യമാണ്.
അമേരിക്കന്‍ കമ്പനികളുടെ തൊഴില്‍ ചെലവു കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ കുറഞ്ഞുവരികയാണ്. അതിന്റെ അര്‍ഥം തൊഴിലാളികളില്‍ നിന്നും കമ്പനികള്‍ക്ക് കൂടുതല്‍ നേട്ടമുണ്ടാകുന്നുവെന്നാണ്. ഇതിന്റെ കാരണം ലളിതമാണ്. ഉയര്‍ന്ന തൊഴിലില്ലായ്മാനിരക്ക് വേതനം കുറക്കുന്നതിനുള്ള സമ്മര്‍ദമായി മാറുന്നു. വേതന തോതില്‍ കുറവുണ്ടാകാതിരിക്കാന്‍ കൂടുതല്‍ അധ്വാനിക്കാന്‍ തൊഴിലാളികള്‍ നിര്‍ബന്ധിതരാവുന്നു. അധ്വാനിക്കുന്ന ജനങ്ങളില്‍ നിന്നും കൂടുതല്‍ സമ്പത്ത് കോര്‍പ്പറേറ്റുകളിലേക്ക് കൈമാറുന്നു.
വന്‍കിടക്കാരെ സഹായിക്കാനുള്ള രക്ഷാപാക്കേജുകള്‍ അമേരിക്കയുടെ കമ്മി വര്‍ധിപ്പിച്ചു. കമ്മി നികത്താനായി സര്‍ക്കാര്‍ ബോണ്ടുകളിറക്കുന്നു. അവര്‍ക്ക് ഉയര്‍ന്ന പലിശയും ലഭിക്കുന്നു. ഇതുവഴിയും സമ്പന്നര്‍ക്ക് കൂടുതല്‍ നേട്ടമുണ്ടാകുന്നു. ഇതിന്റെ ഭാരവും താങ്ങേണ്ടിവരിക അധ്വാനിക്കുന്ന ജനങ്ങളായിരിക്കും.
കമ്മി വെട്ടിക്കുറക്കുന്നതിന് സാമൂഹ്യക്ഷേമ പരിപാടികള്‍ കുറവു ചെയ്യണമെന്നാണ് കോര്‍പ്പറേറ്റുകളെ പിന്തുണക്കുന്നവര്‍ ആവശ്യപ്പെടുന്നത്. ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ ഇപ്പോള്‍ വളരെ സജീവമാണ്. ഇതിനെ നേരിടാന്‍ ട്രേഡ് യൂണിയനുകള്‍ ഉള്‍പ്പെടെയുള്ള സാമൂഹ്യ പ്രതിബന്ധതയുള്ള സംഘടനകള്‍ മുന്നോട്ടുവെയ്ക്കുന്ന ആവശ്യം സമ്പന്നരുെടമേല്‍ കൂടുതല്‍ നികുതി ചുമത്തുക എന്നതാണ്. കോര്‍പ്പറേറ്റുകളുടെയും അതി സമ്പന്നരുടെയും മേലുള്ള നികുതി വര്‍ധിപ്പിച്ചാല്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ കഴിയും. ട്രേഡ് യൂണിയനുകള്‍ ഈ മുദ്രാവാക്യം മുന്നോട്ടുവച്ചുള്ള ക്യാമ്പയിന്‍ തുടങ്ങുകയാണ് ഇപ്പോള്‍. മറ്റ് ജനവിഭാഗങ്ങളെകൂടി ഈ ക്യാമ്പയിനില്‍ പങ്കാളികളാക്കാന്‍ കഴിയണം.
*
ഷാമുസ്‌കുക് ജനയുഗം ദിനപത്രം 15 ജൂണ്‍ 2011
Subscribe to:
Post Comments (Atom)
2 comments:
മാന്ദ്യം അമേരിക്കന്‍ സമ്പദ്ഘടനയുടെ അടിത്തറ പിടിച്ചുലച്ചതു മുതല്‍ പ്രസിഡന്റ് ബരാക് ഒബാമ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരു വാഗ്ദാനമുണ്ട്. സമ്പദ്ഘടനയെ മാന്ദ്യത്തില്‍ നിന്നും കരകയറ്റി പുനരുദ്ധരിക്കും. സമ്പദ്ഘടനയുടെ പുനരുജ്ജീവനത്തിന്റെ തെളിവായി ചൂണ്ടിക്കാണിക്കുന്നത് സര്‍ക്കാര്‍ വമ്പിച്ച രക്ഷാപാക്കേജുകള്‍ പ്രഖ്യാപിച്ചതിനുശേഷം കോര്‍പ്പറേറ്റുകളുടെ ലാഭം കുതിച്ചുയര്‍ന്നതാണ്. കമ്പനികള്‍ ഇപ്പോള്‍ പണത്തിന്റെ കൂമ്പാരത്തിനു മുകളിലാണ്. ഈ പണം കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനായി ഉപയോഗിക്കുമെന്നും തുടര്‍ന്നു വേതനം ഉയരുമെന്നും എല്ലാവര്‍ക്കും നേട്ടമുണ്ടാകുമെന്നുമാണ് പ്രസിഡന്റ് ഉറപ്പുനല്‍കുന്നത്. ഇത് ഒന്നുകില്‍ കേവല ആഗ്രഹ പ്രകടനം. അല്ലെങ്കില്‍ ബോധപൂര്‍വം ജനങ്ങളെ വഞ്ചിക്കല്‍. ഈയിടത്തെ ഓഹരി വിപണി ഇടിവ് കോര്‍പ്പറേറ്റുകള്‍ വഴി സമ്പദ്ഘടനയുടെ പുനരുദ്ധാരണം സാധ്യമാണെന്ന പ്രതീക്ഷയെല്ലാം തകര്‍ത്തു.
ഒബാമ അധികാരത്തില്‍ വന്നപ്പോഴുള്ള കോണ്‍ഗ്രസ്സ് ഘടന അല്ല കഴിഞ്ഞ നവമ്പറിന് ശേഷം എന്നത് മറന്ന് കളയുന്നത് എന്തിന്!!!
അമേരിക്കയില്‍ ഇപ്പോള്‍ താല്‍ക്കാലികമായ സ്ഥിതിയിലാണ് ഗവണ്മെന്റ് പ്രവര്‍ത്തിക്കുന്നത് എന്നത് എന്ത് കൊണ്ട് എന്ന് നോക്കിയാല്‍ പോരേ.... ഒബാമ മുന്നോട്ട് വെച്ച ബഡ്ജറ്റില്‍ പണക്കാരെ അനുകൂലിക്കുന്നില്ല എന്നതിനാല്‍ ചെലവ് കുറക്കണമെന്ന തടസ്സവുമായി റിപ്പബ്ലിക്കന്മാര്‍ മുന്നിട്ടിറങ്ങിയതിനാല്‍ ബഡ്ജറ്റ് പാസ്സായില്ല. 6 മാസത്തേയ്ക്ക് താല്‍ക്കാലികമായി ഗവണ്മെന്റ് പ്രവര്‍ത്തിക്കുവാനുള്ള അനുമതിയേ റിപ്പബ്ലിക്കന്മാര്‍ കൊടുത്തിട്ടുള്ളൂ... ചെലവ് വെട്ടി കുറയ്ക്കുക എന്ന് പറഞ്ഞാല്‍ സാധാരണ ജനങ്ങള്‍ക്ക് നല്‍കുന്ന സഹായങ്ങള്‍ വെട്ടിക്കുറയ്ക്കുക എന്നര്‍ത്ഥം!!
മാസങ്ങള്‍ക്ക് ശേഷം അമേരിക്കന്‍ ഗവണ്മെന്റ് വീണ്ടും പ്രവര്‍ത്തിക്കണമെങ്കില്‍ റിപ്പബ്ലിക്കന്മാര്‍ക്ക് വഴങ്ങി വിട്ടു വീഴ്ചയ്ക്ക് ഒബാമ തയ്യാറാകേണ്ടി വരും എന്ന് ഉറപ്പാണ്... എങ്കിലും മെഡികെയര്‍ സാധാരണക്കാരില്‍ എത്തിക്കുവാനും, സാധാരണക്കാര്‍ക്ക് ടാക്സ് കൂട്ടാതിരിക്കുവാനും ഡെമോക്രാറ്റുകള്‍ ശ്രമിക്കുന്നുണ്ട്....
തൊഴിലില്ല എങ്കിലും കഷ്ടിച്ച് ജീവിച്ച് പോകുവാനുള്ള പണം നല്‍കുന്നതിന് പുറമേ സൌജന്യമായി ഭക്ഷണവും മറ്റും ഒബാമ ഗവണ്മെന്റ് നല്‍കുന്നുണ്ട്... ടണ്‍കണക്കിന് ഭക്ഷണ സാധനങ്ങള്‍ നശിച്ച് പോയാലും പട്ടിണിക്കാരന് കൊടുക്കില്ല എന്ന വാശി ഇവര്‍ക്കില്ല.
പക്ഷേ പണക്കാരെ തുണയ്ക്കുന്ന റിപ്പബ്ലിക്കന്മാര്‍ക്ക് ഭൂരിപക്ഷമുള്ളതിനാല്‍ ഒബാമയ്ക്ക് തന്റെ വാക്കുകള്‍ പാലിക്കുവാന്‍ സാധിക്കുന്നില്ല...
ഇവിടെ ചൂണ്ടി കാട്ടിയത് പോലെ അമേരിക്കയില്‍ പണക്കാര്‍ കൂടുതല്‍ പണക്കാരാകുന്നു... പണക്കാരും സാധാരണക്കാരും തമ്മിലുള്ള വിടവ് വര്‍ദ്ധിച്ചിരിക്കുന്നു... ഇന്ത്യയിലും അത് തന്നെയല്ലേ ഇപ്പോള്‍ നടക്കുന്നത്!!!!
Post a Comment