Saturday, June 4, 2011

വിദ്യാഭ്യാസവും കോര്‍പ്പറേറ്റുകളും പിന്നെ...

'വിദ്യാധനം സര്‍വധനാല്‍ പ്രധാനം' എന്നത് പരിഷ്‌കൃത സമൂഹത്തിന്റെ ആപ്തവാക്യമായിരുന്നു. ഏതു ധനത്തിലും പ്രധാനം വിദ്യയാണെന്ന തത്വം ഇന്ന് ഏറ്റവും ശക്തമായി ഏറ്റുപാടുന്നതും ഉയര്‍ത്തിപിടിക്കുന്നതും കുത്തക മുതലാളിമാരും അവരുടെ പ്രണേതാക്കളുമാണ്. എണ്ണയിലും ഉരുക്കിലും കല്‍ക്കരിയിലും മദ്യത്തിലും കശുഅണ്ടിയിലും പിന്നെ മൊബൈല്‍ ഫോണിലുമൊക്കെ ഏറ്റവും വലിയ ധനസ്രോതസുകള്‍ കണ്ടിരുന്നവര്‍ ഇപ്പോള്‍ അതിലും വലിയ ധനസ്രോതസായി കണ്ടെത്തിയിരിക്കുന്നതും പണം കൊയ്യുന്നതും വിദ്യാഭ്യാസത്തിലാണ്.

കിട്ടി, കിട്ടിയില്ല എന്ന നിലയില്‍ കഷ്ടിച്ച് ഭരണത്തിലെത്തിയ യു ഡി എഫ് അധികാരത്തിലെത്തി ദിവസങ്ങള്‍ക്കുള്ളില്‍-വിദ്യാഭ്യാസമന്ത്രി സത്യപ്രതിജ്ഞ ചെയ്ത് നാലാം ദിവസം-നടത്തിയ പ്രസ്താവന കുത്തക മുതലാളിമാരുടെ നൂതന മന്ത്രത്തെ സ്തുതിക്കുന്നതായിരുന്നു. കേരളത്തിലെ പൊതുവിദ്യാഭ്യാസ മണ്ഡലത്തില്‍ മുതല്‍മുടക്കാന്‍ കോര്‍പ്പറേറ്റുകള്‍ക്കും ഇതര സ്വകാര്യശക്തികള്‍ക്കും അവസരമൊരുക്കുമെന്നായിരുന്നു വിദ്യാഭ്യാസമന്ത്രി എന്ന നിലയില്‍ ഇപ്പോഴും തപ്പിത്തടഞ്ഞുകൊണ്ടിരിക്കുന്ന വി കെ അബ്ദുറബ്ബിന്റെ ആധികാരികമായ പ്രസ്താവന. എന്‍ജിനീയറിംഗ്-മെഡിക്കല്‍ പ്രവേശനപരീക്ഷാഫലം പ്രഖ്യാപിക്കുമ്പോള്‍ പത്രപ്രവര്‍ത്തകരുടെ മുന്നില്‍ തപ്പിത്തടഞ്ഞ, പ്ലസ് ടു പരീക്ഷാഫലത്തിലെ അതീവ ഗുരുതരമായ പിഴവുകളെ സംബന്ധിച്ച് വ്യക്തമായ വിശദീകരണം നല്‍കാനാവാതെ ഇരുട്ടില്‍തപ്പുന്ന വിദ്യാഭ്യാസമന്ത്രിയെ അല്ല ഇത്തരമൊരു പ്രസ്താവന നടത്തുമ്പോള്‍ കണ്ടത്. അധികാരത്തിലെത്തിയപ്പോള്‍ തന്നെ വിദ്യാഭ്യാസത്തെ സംബന്ധിച്ച് തങ്ങളുടെ മനസിലിരുപ്പ് എന്ത് എന്ന് വ്യക്തമാക്കുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസത്തില്‍ കോര്‍പ്പറേറ്റുകള്‍ക്ക് എന്തു കാര്യം ഇന്ന് ഒന്നരദശാബ്ദം മുമ്പാണെങ്കില്‍ ജനം ആശ്ചര്യപ്പെട്ടു നില്‍ക്കുമായിരുന്നു. എന്നാല്‍ ഇന്ന് ആശ്ചര്യമില്ല, മറിച്ച് വിദ്യാഭ്യാസ പ്രേമികളുടെ മനസില്‍ ഭീതി വളരുകയും കുത്തക മുതലാളിമാരുടെ മനസ്സില്‍ ആനന്ദം വര്‍ധിക്കുകയും ചെയ്യുന്നു.

ആഗോളവല്‍ക്കരണത്തിന്റെയും സ്വകാര്യവല്‍ക്കരണത്തിന്റെയും ഉദാരവല്‍ക്കരണത്തിന്റെയും ദുരിതക്കാറ്റ് ഇന്ത്യയില്‍ വിതയ്ക്കാന്‍ തുടങ്ങിയ കാലത്താണ് വിദ്യാഭ്യാസവാണിഭം എന്ന ആശയം കൊഴുത്ത് തടിച്ചതും വരേണ്യവല്‍ക്കരണത്തിന്റെ സങ്കുചിത ആശയം വിദ്യാഭ്യാസരംഗത്ത് ആഴത്തില്‍ വേരോടിയതും. കുത്തക മുതലാളിമാരും വിദ്യാഭ്യാസവും തമ്മിലുള്ള ബന്ധം എന്തെന്ന് ജനങ്ങള്‍ ഏറ്റവുമധികം അത്ഭുതപ്പെട്ടത് നരസിംഹറാവു സര്‍ക്കാരിന്റെ കാലത്ത് രാജ്യത്തെ പ്രമുഖരായ രണ്ട് കുത്തകമുതലാളിമാരെ വിദ്യാഭ്യാസത്തെക്കുറിച്ച് പഠിക്കാനുള്ള കമ്മിഷനായി നിയോഗിച്ചപ്പോഴാണ്. അംബാനി-ബിര്‍ള കമ്മിഷന്‍ വിദ്യാഭ്യാസരംഗത്തെ തങ്ങളുടെ വാണിജ്യ താല്‍പര്യങ്ങള്‍ക്ക് അനുരോധമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. വിദേശ സര്‍വകലാശാലകളുടെയും സ്വകാര്യ സര്‍വകലാശാലകളുടെയും അനിവാര്യതയും പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ അനിവാര്യതയില്ലായ്മയും അംബാനി-ബിര്‍ള കമ്മിഷന്‍ റിപ്പോര്‍ട്ട് മുന്നോട്ടുവച്ചിരുന്നു. യു പി ഏ രണ്ടാം സര്‍ക്കാരിന്റെ വിദേശ സര്‍വകലാശാലകളോടുള്ള അഭിനിവേശവും കേന്ദ്ര വിദ്യാഭ്യാസനിയമത്തിലെ ആസൂത്രിതമായ നീക്കങ്ങളും 'കുത്തകമുതലാളിമാരായ വിദ്യാഭ്യാസ വിചക്ഷണ'രുടെ താല്‍പര്യങ്ങളുടെ ചുവടുപിടിച്ചുള്ളതാണ്. അതേ വഴിയിലൂടെ തന്നെയാണ് കേരളത്തിലെ യു ഡി എഫ് സര്‍ക്കാരും നീങ്ങുകയെന്ന സന്ദേശമാണ് വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബ് നല്‍കുന്നത്.

കുത്തകമുതലാളിമാര്‍ കേരളത്തിന്റെ സ്‌കൂള്‍ വിദ്യാഭ്യാസരംഗമുള്‍പ്പെടെയുള്ള മേഖലകളിലേയ്ക്ക് കടന്നുവരുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നതിനെക്കുറിച്ച് ഒരു നിമിഷം പോലും ഭരണാധികാരികള്‍ ചിന്തിക്കുന്നില്ലെന്നത് ആശങ്കാജനകമാണ്. ചില്ലറ വ്യാപാരമേഖലയും പെട്രോള്‍ വിലനിര്‍ണയാധികാരവും പൊതുമേഖലാ വ്യവസായങ്ങളും കുത്തകകള്‍ക്ക് തീറെഴുതുന്നതുപോലെ - അത് സൃഷ്ടിക്കുന്ന ആഘാത പ്രത്യാഘാതങ്ങള്‍ തന്നെ അതീവ രൂക്ഷമാണ്, വിദ്യാഭ്യാസമണ്ഡലവും കൈമാറിയാല്‍ വിവരണാതീതമായ ദുരന്തത്തിലേയ്ക്കായിരിക്കും നാം എത്തിച്ചേരുക. നമ്മുടെ സ്‌കൂള്‍ വിദ്യാഭ്യാസരംഗത്തേയ്ക്ക് റിലയന്‍സിനെ പോലുള്ള കുത്തകകള്‍ കടന്നുവരാന്‍ പോകുന്നുവെന്നത് വിദ്യാഭ്യാസത്തിന്റെ മഹത്വം അറിയുന്നവരെയാകെ ഉത്കണ്ഠാകുലരാക്കുന്നുണ്ട്.

പ്രാഥമിക തലം മുതല്‍ ഉന്നതതലം വരെയുള്ള കേരളത്തിന്റെ വിദ്യാഭ്യാസമണ്ഡലത്തില്‍ സ്വകാര്യശക്തികളും ധനാഢ്യന്‍മാരും കടന്നുകയറിയതിന്റെ ദുരിതഫലങ്ങള്‍ ഇപ്പോള്‍ തന്നെ നാം അനുഭവിച്ചുകൊണ്ടിരിക്കുന്നു. ഈ അധ്യയനവര്‍ഷാരംഭത്തില്‍ തന്നെ പ്രബുദ്ധ കേരളത്തെ ലജ്ജിപ്പിക്കുന്ന വിധത്തില്‍ പിഞ്ചുകുഞ്ഞുങ്ങളുടെ മാറില്‍ മതവും ജാതിയും പ്രദര്‍ശിപ്പിക്കുന്ന ബോര്‍ഡുകള്‍ തൂക്കിയ നീചമായ പ്രവൃത്തി അരങ്ങേറി. ജാതിക്കോമരങ്ങളുടെയും വരേണ്യമനോഭാവം മാറാരോഗം പോലെ വിട്ടൊഴിയാതെ പിടികൂടിയിരിക്കുന്നവരുടെയും ചിത്തഭ്രമത്തിന്റെ ഭാഗമാണിത്. ഇത് അരങ്ങേറിയത് ഒരു അണ്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനത്തിലാണ്. ജാതിയുടെയും മതത്തിന്റെയും പേരില്‍ കുട്ടികളെ വേര്‍തിരിക്കുന്നതും മതപരമായ ആചാരങ്ങളില്‍ ചിലത് നിഷേധിക്കുകയും മറ്റു ചിലത് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതും വേഷത്തിന്റെ കാര്യത്തില്‍ പോലും മതവികാരത്തെ വ്രണപ്പെടുത്തി ഇടപെടുന്നതും പട്ടികജാതി പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക ഹോസ്റ്റല്‍ ഏര്‍പ്പെടുത്തുന്നതും ഒറ്റപ്പെട്ട സംഭവങ്ങളാണെങ്കില്‍ പോലും ഈ കേരളത്തില്‍ സംഭവിച്ചതും സംഭവിക്കുന്നതും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ്. വിദ്യാഭ്യാസത്തിലെ സ്വകാര്യ ശക്തികളുടെ അധിനിവേശവും ആധിപത്യവും സമൂഹത്തെ എങ്ങനെ വിഷലിപ്തമാക്കുന്നുവെന്നതിന്റെ സൂചകങ്ങളാണിതെല്ലാം. മാതൃഭാഷ നിഷിദ്ധമാണെന്ന പ്രചരണത്തിന്റെ വക്താക്കളും പ്രയോക്താക്കളും ഇത്തരക്കാര്‍ തന്നെ.

വിദ്യ ഒരു ചരക്കാണെന്നും പണമുള്ളവര്‍ക്ക് മാത്രം സ്വായത്തമാക്കാനുള്ളതുമാണെന്ന ആഗോളവല്‍ക്കരണകാലത്തെ ആശയത്തെ മാറോടണച്ചു പിടിക്കുന്ന ഇത്തരം ശക്തികള്‍ മാര്‍ക്കറ്റിന്റെ ദൈനംദിന താല്‍പര്യങ്ങള്‍ക്കനുസരിച്ച് വിദ്യാഭ്യാസത്തെ കൈകാര്യകര്‍തൃത്വം ചെയ്യും. കുത്തക മുതലാളിമാര്‍കൂടി വേരുറപ്പിക്കുന്നതോടെ ഷെയര്‍മാര്‍ക്കറ്റുകളിലെ മൂല്യവര്‍ധനവിനും ഇടിവിനും ആശ്രയിച്ച് തങ്ങളുടെ ബിസിനസ് സാമ്രാജ്യത്തെ പരുവപ്പെടുത്തുന്നതുപോലെ വിദ്യാഭ്യാസത്തെയും വിനിയോഗിക്കും. ലക്കും ലഗാനുമില്ലാതെ ആരംഭിച്ച സ്വാശ്രയ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഇതിന്റെ വെറും ആമുഖമെഴുത്തു മാത്രമാണെന്നു കരുതേണ്ടിയിരിക്കുന്നു. അതിലും എത്രയോ ബീഭത്സമായ വിദ്യാഭ്യാസ വാണിഭത്തിന്റെ വികൃതമുഖങ്ങള്‍ അവതരിപ്പിക്കപ്പെടാനിരിക്കുന്നുവെന്നാണ് സ്‌കൂള്‍ വിദ്യാഭ്യാസത്തിലേയ്ക്കുള്ള കുത്തകകളുടെ ചുവടുവെയ്പ്പ് നല്‍കുന്ന സന്ദേശം.
മതേതരത്വം, ജനാധിപത്യം, സാമൂഹ്യനീതി എന്നിവ വിദ്യാഭ്യാസത്തിലെ ഒഴിവാക്കാനാവാത്ത ഘടകങ്ങളാണ്. കമ്പോള നിലവാരത്തില്‍ മാത്രം കണ്ണുംനട്ട് വിദ്യാഭ്യാസത്തെ മാനേജ് ചെയ്യുന്നവര്‍ക്ക് ഇതൊന്നും ബാധകമായിരിക്കുകയില്ല. അക്കാദമികമായ അഭിവൃദ്ധിയോ വിദ്യാഭ്യാസം സൃഷ്ടിക്കേണ്ട മൂല്യബോധമോ അവരുടെ പരിഗണനയിലുണ്ടാകുകയില്ല. സാമൂഹ്യനീതി വിദ്യാഭ്യാസരംഗത്ത് വന്‍തോതില്‍ നിഷേധിക്കപ്പെടുന്നത്, പണമാണ് വിദ്യയുടെ മാനദണ്ഡം എന്നായതോടെ പതിവായിതീര്‍ന്നു കഴിഞ്ഞു. മതേതരത്വത്തെയും ജനാധിപത്യബോധത്തെയും ലാഭക്കൊതി മാത്രം ലക്ഷ്യമാക്കുന്നവര്‍ക്ക് പരിഗണനാര്‍ഹമായ കാര്യങ്ങള്‍ പോലുമില്ല.

കുത്തകകളുടെ അധിനിവേശം നമ്മുടെ കരിക്കുലത്തിന്റെയും പാഠ്യപദ്ധതിയുടെയും അത്യന്താപേക്ഷിതമായ നന്മകളെയാകെ ഹനിക്കുകയും ചെയ്യും. സാമൂഹ്യ പ്രതിബദ്ധതയില്ലാത്ത, മാനവികബോധമില്ലാത്ത, ദേശാഭിമാനമില്ലാത്ത പണത്തിന്റെ മാത്രം വിലമതിക്കുന്ന തലമുറകളെ സൃഷ്ടിക്കുകയാവും ഇത്തരം വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ഫലം. കോര്‍പ്പറേറ്റ് മുതലാളിമാരാകട്ടെ തങ്ങളുടെ കള്ളപ്പണം വെളുപ്പിക്കുന്നതിനും കൂടുതല്‍ ധനം ആര്‍ജിക്കുന്നതിനുമുള്ള ഉപാധിയായും ഉപകരണമായും വിദ്യാഭ്യാസത്തെ കൊണ്ടുനടക്കുകയും ചെയ്യും.

ഇത്തരം ശക്തികളുടെ വിദ്യാഭ്യാസമേഖലയിലേക്കുള്ള കുതിച്ചുകയറ്റം നമ്മുടെ പൊതുവിദ്യാഭ്യാസമേഖലയുടെ അസ്ഥിവാരം തകര്‍ക്കുമെന്നതാണ് മറ്റൊരു വെല്ലുവിളി. പൊതുവിദ്യാലയങ്ങള്‍ തീര്‍ത്തും പ്രാന്തവല്‍ക്കരിക്കപ്പെടുകയും ഉപരിപഠനമേഖലയില്‍ ഭാഷയും മാനവിക വിഷയങ്ങളും സമ്പൂര്‍ണമായി തഴയപ്പെടുകയും ചെയ്യും. ഇപ്പോള്‍ തന്നെ അതിന്റെ വിപത്തുകള്‍ കേരളത്തില്‍ അനുഭവപ്പെട്ടുതുടങ്ങിയിട്ടുണ്ട്. ആ വിപത്തുകളുടെ കൊടും ഘോഷയാത്രകള്‍ക്കായിരിക്കും കോര്‍പ്പറേറ്റ് ശക്തികളുടെ വിദ്യാഭ്യാസ മണ്ഡലത്തിലെ മേല്‍ക്കോയ്മ വഴിവെയ്ക്കുക എന്നത് നിസംശയമാണ്.

പൊതു വിദ്യാഭ്യാസരംഗത്ത് വൈതരണികള്‍ക്കിടയിലും കേരളം മുന്നേറ്റം നടത്തിയ കാലത്താണ് അതിനെ തകര്‍ക്കുവാനുള്ള ഇത്തരം ശ്രമങ്ങള്‍ ശക്തിപ്പെടുന്നത്. എസ് എസ് എല്‍ സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലങ്ങള്‍ തന്നെ കേരളത്തിന്റെ പൊതുവിദ്യാഭ്യാസം ശക്തിപ്പെട്ടതിനെ സാക്ഷ്യപ്പെടുത്തുന്നതാണ്. അമ്പതു ശതമാനത്തില്‍ തളയ്ക്കപ്പെട്ടിരുന്ന എസ് എസ് എല്‍ സി, ഹയര്‍ സെക്കന്‍ഡറി വിജയം വന്‍തോതില്‍ വര്‍ധിച്ചതിന്റെ പ്രധാന കാരണം പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാനസൗകര്യങ്ങളും അധ്യയനവും മെച്ചപ്പെട്ടതാണ്. അണ്‍ എയ്ഡഡ് വിദ്യാലയങ്ങളുടെ കുത്തകയായിരുന്ന നൂറ് ശതമാനം വിജയത്തിന്റെ കാര്യത്തില്‍ അവയെ ബഹുദൂരം പിന്തള്ളി സര്‍ക്കാര്‍-എയ്ഡഡ് വിദ്യാലയങ്ങള്‍ നേട്ടം കൊയ്യാന്‍ തുടങ്ങി. നൂറ് ശതമാനം പരാജയം എന്ന അപമാനം ഇന്ന് കേരളത്തിലെ ഒരു എയ്ഡഡ് - സര്‍ക്കാര്‍ വിദ്യാലയവും നേരിടുന്നില്ല.

കേരളം സാംസ്‌കാരികമായും രാഷ്ട്രീയമായും സമ്പന്നമായത് നമ്മുടെ പൊതുവിദ്യാഭ്യാസത്തിന്റെ ശക്തിയും ഗരിമയും കൊണ്ടാണ്. ആ ചരിത്രപാഠത്തെയും അനുഭവസത്യത്തെയും തമസ്‌കരിച്ചുകൊണ്ട് വിദ്യാഭ്യാസം ഒരുപറ്റം ലാഭക്കൊതിയന്‍മാരായ കോര്‍പ്പറേറ്റുകളുടെ ബലിഷ്ഠകരങ്ങളില്‍ സമര്‍പ്പിക്കുന്നത് നാടിനും ജനതയ്ക്കുമെതിരായ ക്രൂരമായ പ്രവൃത്തിയാണ്. വിദ്യാഭ്യാസം സര്‍ക്കാരിന്റെ ഉത്തരവാദിത്വം എന്ന ലക്ഷ്യത്തില്‍ നിന്ന് വിത്തം കൊയ്യാന്‍ വിദ്യ കോര്‍പ്പറേറ്റുകള്‍ക്കുള്ളതാണെന്ന അധമമായ ആശയത്തിലേയ്ക്ക് നമ്മുടെ ഭരണാധികാരികള്‍ കൂപ്പുകുത്തി വീഴുകയാണ്.

*
വി പി ഉണ്ണികൃഷ്ണന്‍ ജനയുഗം 04 ജൂണ്‍ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

'വിദ്യാധനം സര്‍വധനാല്‍ പ്രധാനം' എന്നത് പരിഷ്‌കൃത സമൂഹത്തിന്റെ ആപ്തവാക്യമായിരുന്നു. ഏതു ധനത്തിലും പ്രധാനം വിദ്യയാണെന്ന തത്വം ഇന്ന് ഏറ്റവും ശക്തമായി ഏറ്റുപാടുന്നതും ഉയര്‍ത്തിപിടിക്കുന്നതും കുത്തക മുതലാളിമാരും അവരുടെ പ്രണേതാക്കളുമാണ്. എണ്ണയിലും ഉരുക്കിലും കല്‍ക്കരിയിലും മദ്യത്തിലും കശുഅണ്ടിയിലും പിന്നെ മൊബൈല്‍ ഫോണിലുമൊക്കെ ഏറ്റവും വലിയ ധനസ്രോതസുകള്‍ കണ്ടിരുന്നവര്‍ ഇപ്പോള്‍ അതിലും വലിയ ധനസ്രോതസായി കണ്ടെത്തിയിരിക്കുന്നതും പണം കൊയ്യുന്നതും വിദ്യാഭ്യാസത്തിലാണ്.