Sunday, June 26, 2011

കാര്‍ഷിക മേഖലയിലെ സമകാലിക പ്രശ്നങ്ങള്‍

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒരു പതിറ്റാണ്ടുമുമ്പ് ആരംഭിച്ചതും കഴിഞ്ഞ അഞ്ചു കൊല്ലത്തിനുള്ളില്‍ ശക്തിപ്രാപിച്ചതും ചില സ്ഥലങ്ങളില്‍ വലിയ പ്രക്ഷോഭങ്ങളായി കലാശിച്ചതുമായ കൃഷിക്കാരുടെയും ഗ്രാമീണരുടെയും നീണ്ട സമര പരമ്പരകളുടെ - കൃഷി ഭൂമി കൃഷിക്കല്ലാതെ മറ്റ് ആവശ്യങ്ങള്‍ക്കായി ഏറ്റെടുക്കുന്നതിനെതിരായി നടത്തപ്പെടുന്ന സമരങ്ങളുടെ - ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്, ഉത്തര്‍പ്രദേശിലെ കൃഷിക്കാരുടെ ഈയിടത്തെ പ്രക്ഷോഭം. ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രശ്നങ്ങള്‍ വളരെ സങ്കീര്‍ണമാണ്; അവയ്ക്ക് വളരെയേറെ മാനങ്ങളുമുണ്ട്. അവയ്ക്കുള്ള ഉത്തരങ്ങള്‍ കണ്ടെത്തുന്നതിനായി എല്ലാ തലങ്ങളിലുള്ള വിശകലനങ്ങളും ആവശ്യമാണ്. വികസന പദ്ധതികള്‍ക്കുവേണ്ടി സ്വാതന്ത്ര്യം ലഭിച്ച ആദ്യകാലത്ത് ഇങ്ങനെ കൃഷിഭൂമി ഏറ്റെടുക്കുമ്പോള്‍ വലിയ എതിര്‍പ്പൊന്നും ഉണ്ടായിരുന്നില്ലെങ്കില്‍ , ഇപ്പോള്‍ ഇത്ര വലിയ എതിര്‍പ്പുണ്ടാകുന്നതെന്തുകൊണ്ടാണ്? ഇങ്ങനെ ഏറ്റെടുക്കപ്പെടുന്ന ഭൂമി എന്ത് ഉദ്ദേശ്യത്തിനുവേണ്ടിയാണോ ഉപയോഗിക്കപ്പെടുന്നത് എന്നതിനെ ആസ്പദിച്ചാണോ എതിര്‍പ്പ് ഉയര്‍ന്നുവരുന്നത്? കാര്‍ഷിക ഉല്‍പാദനത്തില്‍ അതുണ്ടാക്കുന്ന ആഘാതം എന്താണ്? കൃഷിഭൂമി നഷ്ടപ്പെട്ട കൃഷിക്കാരും തൊഴിലാളികളും പിന്നീട് എങ്ങനെയാണ് ജീവിക്കുന്നത്? ഇന്നത്തെ വികസിത മുതലാളിത്ത രാജ്യങ്ങളില്‍ അവയുടെ വ്യവസായവല്‍ക്കരണത്തിനുമുമ്പ് കൃഷിക്കാര്‍ വമ്പിച്ച തോതില്‍ കുടിയിറക്കപ്പെടുകയുണ്ടായി. ചരിത്രപരമായ ഈ അനുഭവം ചൂണ്ടിക്കാണിച്ചുകൊണ്ട്, വികസനത്തിന് അനിവാര്യമായി കൊടുക്കേണ്ടിവരുന്ന വിലയാണ് ഇങ്ങനെയുള്ള കുടിയൊഴിപ്പിയ്ക്കല്‍ എന്ന് പലരും വാദിക്കുന്നത് ശരിയാണോ? അതോ അത്തരം ഉപരിതല സ്പര്‍ശിയായ സമാനതകള്‍ ഇല്ലാത്ത വിധത്തില്‍ ഇന്ത്യയിലെ പരിതഃസ്ഥിതി അത്രമാത്രം വ്യത്യസ്തമാണോ?

കൂടുതല്‍ വലിയ ഒരു പ്രശ്നത്തില്‍നിന്ന് നമുക്ക് ആരംഭിയ്ക്കാം. അതൊരു സവിശേഷമായ കാഴ്ചപ്പാടാണ്. ചരിത്രപരമായിപ്പറഞ്ഞാല്‍ മുതലാളിത്ത വ്യവസായവല്‍ക്കരണംകൊണ്ട് ഉദ്ദേശിയ്ക്കപ്പെട്ടിട്ടുള്ളത്, ജനസംഖ്യയിലെ കൃഷിക്കാരുടെയും ഗ്രാമീണതൊഴിലാളികളുടെയും അനുപാതം കുറയ്ക്കുക എന്നതാണ്; ഈ പ്രക്രിയയില്‍ എല്ലായ്പ്പോഴും ബലം പ്രയോഗിച്ചുള്ള ഒഴിപ്പിയ്ക്കലും ഉള്‍പ്പെടുന്നുണ്ട്; ഈ പ്രക്രിയ "ആദിമ മൂലധനസഞ്ചയ"മാണ്; ഇത് വിപണിയിലെ സാധാരണ പ്രക്രിയകളിലൂടെയുള്ള ഒഴിപ്പിയ്ക്കലിന്, അഥവാ "ആദേശത്തി"ന് പുറമെയാണ് - ഇതാണ് അവരുടെ വാദം. അവരുടെ വാദം ഇങ്ങനെ തുടര്‍ന്നുപോകുന്നു - ഇങ്ങനെയുള്ള ഒഴിപ്പിയ്ക്കലും "ആദേശ"വും മൂലം തല്‍ക്കാലം ദുരിതമുണ്ടാകുന്നുണ്ടെങ്കിലും അതുവഴി ഉണ്ടാക്കപ്പെടുന്ന ഭൂരഹിതരായ തൊഴില്‍സേന, ക്രമേണ ഉല്‍പാദനപരമായ മറ്റ് തൊഴില്‍മേഖലകളില്‍ - പ്രധാനമായും വളര്‍ന്നുവരുന്ന ഉല്‍പാദനമേഖലകളിലും സേവനമേഖലകളിലും - ആഗിരണം ചെയ്യപ്പെടുന്നു. അതുകൊണ്ട് മുതലാളിത്തത്തിന്‍കീഴില്‍ സംഭവിക്കുന്ന "ആദിമ മൂലധന സഞ്ചയത്തി"ല്‍ അഥവാ "അപഹരണ"ത്തില്‍ അത്രയധികം അല്‍ഭുതപ്പെടാനൊന്നുമില്ല. ഭാവിയിലെ നന്മയ്ക്കുവേണ്ടിയാണത്.

ഉല്‍പാദനക്ഷമത കുറഞ്ഞ ഗ്രാമീണ തൊഴിലുകളില്‍നിന്ന്, കൂടുതല്‍ മെച്ചപ്പെട്ട വേതനം ലഭിക്കുന്ന തൊഴിലുകളിലേയ്ക്ക് ആളുകള്‍ മാറുകയാണെങ്കില്‍ അതു നല്ലതല്ലേ എന്നാണ് ഇന്നത്തെ ഔദ്യോഗിക കാഴ്ചപ്പാട്. ഇന്നത്തെ സംഭവവികാസങ്ങളെ, മുതലാളിത്തത്തിന്റെ ചരിത്രവുമായി ഇങ്ങനെ തുലനം ചെയ്യുന്ന മേല്‍പ്പറഞ്ഞ വീക്ഷണം, രണ്ട് കാരണങ്ങളാല്‍ വികലമാണ്. ചരിത്രപരമായിപ്പറഞ്ഞാല്‍ , ഏറ്റവും ശക്തമായ മുതലാളിത്ത രാജ്യങ്ങളില്‍ , സ്വന്തം രാജ്യത്തിന്റെ അതിര്‍ത്തിയ്ക്കുള്ളില്‍ത്തന്നെ ഇങ്ങനെ കാര്‍ഷികേതര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ അവസരം ലഭിച്ചവരുടെ സംഖ്യ, ഉള്ള തൊഴിലുകളില്‍നിന്ന് യഥാര്‍ത്ഥത്തില്‍ പുറത്താക്കപ്പെട്ടവരുടെ സംഖ്യയുമായി താരതമ്യപ്പെടുത്തുമ്പോള്‍ , എത്രയോ കുറവാണ്. വിപ്ലവകരമായ രാഷ്ട്രീയ കലാപങ്ങളില്‍നിന്ന് ആ രാജ്യങ്ങളെ രക്ഷിച്ചത്, വമ്പിച്ച തോതില്‍, വിദേശങ്ങളിലേക്കുണ്ടായ കുടിയേറ്റമാണ്. മുതലാളിത്ത രാജ്യങ്ങളില്‍ വ്യവസായവല്‍ക്കരണത്തിനുവേണ്ടി, ഉള്ള ഭൂമിയില്‍നിന്ന് പുറത്താക്കപ്പെട്ടവര്‍ വന്‍തോതില്‍ അമേരിക്കന്‍ വന്‍കര, ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ കുടിയേറി, അവിടെയുണ്ടായിരുന്ന തദ്ദേശീയരില്‍നിന്ന് ഭൂമി പിടിച്ചെടുത്ത് സ്വന്തമാക്കിയതില്‍നിന്ന് വ്യത്യസ്തമായി, ഇന്ന് ഈ രാജ്യത്ത് ഭൂമി പിടിച്ചെടുക്കപ്പെടുന്നതിന്റെ ഫലമായി ഒഴിപ്പിയ്ക്കപ്പെടുന്നവര്‍ക്ക് പോകാന്‍ ഒരിടവുമില്ല - ഇതാണ് ഒന്നാമത്തെ കാര്യം.

രണ്ടാമത്തെ കാര്യം ഇതാണ് - ശക്തമായ മുതലാളിത്ത രാജ്യങ്ങളിലെ ആഭ്യന്തര വിപണിയില്‍ ആവശ്യമായതിന്റെ ഇരട്ടിയിലധികം ഉല്‍പാദിപ്പിയ്ക്കാന്‍ കഴിയത്തക്ക വിധത്തില്‍ , അവിടങ്ങളിലെ ഉല്‍പാദന മേഖലയിലെ തൊഴിലവസരങ്ങള്‍ വര്‍ധിക്കുന്ന കാഴ്ചയാണ് ദൃശ്യമായത്. ഇങ്ങനെ അധികമുണ്ടാക്കുന്ന ഉല്‍പന്നങ്ങള്‍ അവയ്ക്ക്, തങ്ങള്‍ക്കുവേണ്ടി പൂര്‍ണമായും തുറന്നിടപ്പെട്ടിരുന്ന തങ്ങളുടെ കോളണി രാജ്യങ്ങളില്‍ കൊണ്ടുചെന്ന് തള്ളാന്‍ കഴിഞ്ഞു; അതേ അവസരത്തില്‍ തങ്ങളുടെ ആഭ്യന്തര വിപണികളെ മുതലാളിത്ത രാജ്യങ്ങള്‍ സംരക്ഷണ വ്യവസ്ഥകളിലൂടെ ശക്തമായി സംരക്ഷിയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ , ഇന്ന് ഉള്ള ഭൂമിയില്‍നിന്നും തൊഴിലുകളില്‍നിന്നും പുറത്താക്കപ്പെടുന്ന കൃഷിക്കാരെ സംബന്ധിച്ചിടത്തോളം, മറ്റ് തൊഴിലവസരങ്ങള്‍ വര്‍ധിയ്ക്കുന്നില്ല - പ്രത്യേകിച്ചും ഇന്നത്തെ പുത്തന്‍ ഉദാരവല്‍ക്കരണ കാലഘട്ടത്തില്‍ . പുത്തന്‍ ഉദാരവല്‍ക്കരണത്തിന്‍കീഴില്‍ സര്‍ക്കാരിന്റെ പൊതുചെലവുകള്‍ വെട്ടിക്കുറയ്ക്കപ്പെടുന്നതും ഫിനാന്‍സ് മൂലധനത്തെ സംബന്ധിച്ച (ഏറെക്കാലമായി അവമതിയ്ക്കിരയായിക്കൊണ്ടിരിക്കുന്ന) സിദ്ധാന്തങ്ങളുടെ മേധാവിത്വവും ആണതിന് കാരണം. തൊഴിലില്ലായ്മ എത്ര തന്നെ വര്‍ധിച്ചാലും ശരി, സന്തുലിതമായ ബജറ്റ് ഉണ്ടാവണം എന്നാണല്ലോ ആ നയം ശഠിക്കുന്നത്.

ഇതില്‍ ആദ്യത്തെ കാര്യമെടുക്കാം. കൃഷിയില്‍നിന്ന് കൃഷിക്കാരും തൊഴിലാളികളും പുറംതള്ളപ്പെടുന്നതിനുള്ള പരിഹാരമെന്ന നിലയില്‍ മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറ്റം നടന്നതാണത്. ഒന്നാമത്തെ വ്യവസായ രാഷ്ട്രമായ ബ്രിട്ടന്റെ കാര്യം തന്നെയെടുക്കാം. വ്യവസായാവശ്യങ്ങള്‍ക്കായി ഭൂമി ഏറ്റെടുക്കപ്പെട്ടതിന്റെ ഫലമായി ഒഴിപ്പിയ്ക്കപ്പെട്ട ചെറുകിട കൃഷിക്കാരും യന്ത്രസാമഗ്രികള്‍ പ്രചാരത്തില്‍ വന്നതിന്റെ ഫലമായി തൊഴിലില്ലാതായിത്തീര്‍ന്ന കൈത്തൊഴില്‍ക്കാരും ഗതിയില്ലാതെ അലഞ്ഞുതിരിയേണ്ടിവന്നു. അവരില്‍ ഒരു ചെറിയ വിഭാഗത്തിനു മാത്രമേ, വളര്‍ന്നുവരുന്ന ഫാക്ടറിമേഖലയില്‍ തൊഴില്‍ ലഭിച്ചുള്ളൂ. രണ്ടു നൂറ്റാണ്ട് മുമ്പത്തെ യന്ത്രങ്ങള്‍ വളരെ ലഘുവും ലളിതവുമായവയായിരുന്നുവെങ്കിലും, അവ, വന്‍തോതില്‍ തൊഴിലാളികളെ പുറത്താക്കിക്കൊണ്ടിരുന്നു. ഉദാഹരണത്തിന് ഒരൊറ്റ സ്പിന്നിങ്ങ് "ജെന്നി"യില്‍ 80 സ്പിന്‍ഡിലുകള്‍ (തക്ലി) ഉണ്ടെന്നിരിയ്ക്കട്ടെ. അത് പ്രവര്‍ത്തിപ്പിക്കുന്നതിന് ഒരൊറ്റ തൊഴിലാളി മതി. യൂറോപ്പില്‍ പരമ്പരാഗതമായി നൂല്‍നൂല്‍പില്‍ ഏര്‍പ്പെട്ടിരുന്ന 79 തൊഴിലാളികള്‍ അതോടെ തൊഴിലില്‍നിന്ന് പുറത്താക്കപ്പെട്ടു. ഇന്നത്തെ, കൂടുതല്‍ ഉയര്‍ന്ന സാങ്കേതികവിദ്യയും യന്ത്രവല്‍ക്കരണവും ഓട്ടോമേഷനും കാരണം തൊഴിലവസരങ്ങള്‍ വളരാതെ കണ്ടുള്ള സാമ്പത്തിക വളര്‍ച്ചയാണ് ഉണ്ടാകുന്നത്. ഈ "തൊഴിലില്ലാ വളര്‍ച്ച" തന്നെ പല മേഖലകളിലും, ഉള്ള തൊഴില്‍ നഷ്ടപ്പെട്ടുകൊണ്ടുള്ള സാമ്പത്തിക വളര്‍ച്ചയായി (തൊഴില്‍ നഷ്ട - വളര്‍ച്ച) മാറുന്നു.

തൊഴിലില്ലായ്മയും അതുപോലെത്തന്നെ തൊഴിലുള്ളവര്‍ക്കുതന്നെ ലഭിക്കുന്ന നിസ്സാരമായ കൂലിയും കാരണം ബ്രിട്ടനില്‍ 1840കളില്‍ സര്‍ക്കാരിനെതിരായി പ്രക്ഷോഭങ്ങളും കലാപങ്ങളും ഉയര്‍ന്നുതുടങ്ങി. അതൊരു വിപ്ലവമായി മാറുന്നതിനെ തടഞ്ഞത്, വിദേശങ്ങളിലേക്കുള്ള കുടിയേറ്റം ഒരു സേഫ്ടി വാള്‍വ് ആയി പ്രവര്‍ത്തിച്ചതുകൊണ്ടാണ്. ബ്രിട്ടനില്‍ ജനസംഖ്യ വളരെ കുറവായിരുന്നു. 1821ല്‍ 120 ലക്ഷം മാത്രം. എന്നാല്‍ 1821നും 1915നും ഇടയ്ക്ക് 160 ലക്ഷം ബ്രിട്ടീഷുകാരാണ് വിദേശങ്ങളിലേക്ക് കുടിയേറ്റം നടത്തിയത്! വിദേശങ്ങളിലേക്ക് കുടിയേറ്റം നടത്തി, അവിടെയുള്ള തദ്ദേശീയരെ ആട്ടിപ്പായിച്ച് സ്ഥിരതാമസമാക്കിയ ആകെയുള്ള യൂറോപ്യന്മാരില്‍ അഞ്ചില്‍ രണ്ട് ഭാഗംവരുമിത്. (അമേരിക്കന്‍ രാജ്യങ്ങളിലാണ് ഇത് പ്രധാനമായും നടന്നത്) ബ്രിട്ടനിലെ ജനസംഖ്യയില്‍ അക്കാലത്ത് പ്രതിവര്‍ഷം ഉണ്ടാകുന്ന വര്‍ധനയില്‍ ശരാശരി പകുതിപേര്‍ , ഇങ്ങനെ ഒരു നൂറ്റാണ്ടുകാലത്തേക്ക് അവിടെനിന്ന് പുറം രാജ്യങ്ങളിലേക്ക് പ്രതിവര്‍ഷം കുടിയേറ്റം നടത്തിയതായി കാണാം. ഇന്ത്യയില്‍ ഇങ്ങനെ ഭൂമിയില്‍നിന്ന് പുറത്താക്കപ്പെടുന്ന കൃഷിക്കാരേയും തൊഴിലാളികളേയും വിദേശങ്ങളിലേക്ക് ഇതേ നിരക്കില്‍ കയറ്റിയയയ്ക്കണമെങ്കില്‍ , ഓരോ വര്‍ഷവും ഓരോ കോടി ആളുകളെ സ്ഥിരമായി കയറ്റി അയയ്ക്കേണ്ടിവരും. ഇതിന്റെ പത്തിലൊന്നുപോലും സാധ്യമാകുന്നില്ല എന്ന് പറയേണ്ടതില്ലല്ലോ.

അക്കാലത്ത് കോളണികള്‍ വെട്ടിപ്പിടിച്ചിരുന്ന യൂറോപ്പിലെ മുതലാളിത്ത രാജ്യങ്ങള്‍ , അഭൂതപൂര്‍വമായ തോതില്‍ ആഗോള ഭൂവിഭവങ്ങള്‍ കയ്യടക്കി; എന്നാല്‍ അതില്‍നിന്ന് വ്യത്യസ്തമായി വികസ്വര രാജ്യങ്ങളില്‍ ഭൂമിയില്‍നിന്ന് കുടിയിറക്കപ്പെടുന്ന കൃഷിക്കാര്‍ക്കും തൊഴിലാളികള്‍ക്കും; ഇന്ന് പോകാന്‍ ഒരിടമില്ല. എന്നുതന്നെയല്ല, ഇങ്ങനെ ഭൂമിയില്‍നിന്ന് പുറത്താക്കപ്പെടുന്ന കൃഷിക്കാരും തൊഴിലാളികളും സമ്പദ് വ്യവസ്ഥയിലെ മറ്റെവിടെയെങ്കിലും സ്വാഭാവികമായും ജീവനോപാധി കണ്ടെത്തിക്കൊള്ളും എന്ന് അലംഭാവം കൊള്ളുന്നത് ശുദ്ധ ഭോഷ്കാണ്.

ഇന്ത്യയില്‍ സമ്പന്നര്‍ കൂടുതല്‍ സമ്പന്നരായിത്തീരുന്നതുകൊണ്ട്, വ്യാപാര പാര്‍പ്പിട നിര്‍മാണ മേഖലകളും ടൂറിസം മേഖലയും മാത്രമാണ് വളര്‍ച്ച പ്രാപിച്ചുകൊണ്ടിരിയ്ക്കുന്നത്, അവിടങ്ങളില്‍ മാത്രമാണ് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത്, മറ്റിടങ്ങളിലെല്ലാം തൊഴില്‍രംഗം നിരാശാജനകമാണ് എന്നതാണ് യാഥാര്‍ത്ഥ്യം. പുത്തന്‍ ഉദാരവല്‍ക്കരണ കാലഘട്ടത്തിലെ സര്‍ക്കാരിന്റെ ചെലവ് ചുരുക്കുന്ന പണനയങ്ങളുടെയും സാങ്കേതികവിദ്യാ മാറ്റത്തിന്റെയും സംയുക്ത ഫലമായിട്ടാണ്, നിരാശാജനകമായ ഈ അവസ്ഥ സംജാതമായിട്ടുള്ളത്.

പൊതുചെലവുകള്‍

സ്വാതന്ത്ര്യത്തിനുശേഷമുള്ള ആദ്യത്തെ നാല് പതിറ്റാണ്ടുകളില്‍, പദ്ധതികളുടെ കീഴില്‍ സര്‍ക്കാര്‍ വന്‍തോതില്‍ ചെലവിട്ടതു കാരണം വമ്പിച്ച വളര്‍ച്ചാ വര്‍ധനയുണ്ടായി. സാമൂഹ്യമായി വിശാലാടിസ്ഥാനത്തിലുള്ളതായിരുന്നു ആ വളര്‍ച്ച. വികസനോന്മുഖമായ പണനയമാണ് സര്‍ക്കാര്‍ അനുവര്‍ത്തിച്ചത്. ഗ്രാമീണ വികസന പദ്ധതികളിലും പൊതുമേഖലയില്‍ നിര്‍മാണാടിത്തറ കെട്ടിപ്പടുക്കുന്നതിലും വളരെയേറെ പണം ചെലവിട്ടു.തൊഴില്‍മേഖലയില്‍ പങ്കെടുക്കുന്ന ജനസംഖ്യയിലെ വര്‍ധനയേക്കാള്‍ വളരെ കൂടിയ വേഗതയിലാണ് തൊഴിലവസരങ്ങള്‍ അക്കാലത്ത് വര്‍ധിച്ചിരുന്നതെന്ന് നാഷണല്‍ സാമ്പിള്‍ സര്‍വെയുടെ കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. നിര്‍മാണ വ്യവസായങ്ങളില്‍പ്പോലും അക്കാലത്ത് ഉല്‍പാദനത്തില്‍ 10 ശതമാനം വര്‍ധനയുണ്ടായപ്പോള്‍, ആ മേഖലയില്‍ തൊഴില്‍ ലഭിച്ചവരുടെ സംഖ്യയില്‍ 3 ശതമാനത്തിന്റെ വര്‍ധനയുണ്ടായി. എന്നാല്‍ , ഇന്നാകട്ടെ ഉല്‍പാദനം വര്‍ധിക്കുമ്പോഴും തൊഴിലാളികളുടെ സംഖ്യയിലെ വര്‍ധന ഏറെക്കുറെ പൂജ്യം തന്നെയാണ്. അതുകൊണ്ടാണ് വികസനത്തിനുവേണ്ടി ഭൂമി ഏറ്റെടുക്കുമ്പോള്‍ ആദ്യകാലത്ത്, ഇന്നത്തേതുപോലുള്ള കടുത്ത എതിര്‍പ്പ് ഉണ്ടാകാതിരുന്നത് എന്നാണ് എന്റെ അഭിപ്രായം. അന്ന് പ്രശ്നങ്ങളുണ്ടായിരുന്നില്ല എന്നല്ല അതിന്നര്‍ഥം. അന്നും ദുരിതങ്ങളുണ്ടായിരുന്നു - പ്രത്യേകിച്ചും ഗിരിവര്‍ഗക്കാരെ ഇറക്കിവിടുമ്പോള്‍, അവരുടെ പുനരധിവാസത്തിനുള്ള പദ്ധതികള്‍ നടപ്പാക്കാതിരിക്കുമ്പോള്‍ . എന്നാല്‍ ഭൂമി നഷ്ടപ്പെട്ട മറ്റുള്ളവര്‍ക്ക് മറ്റ് മേഖലകളില്‍ ജോലി ലഭിച്ചിരുന്നു - പ്രധാനമായും കൂലിവേലകളില്‍. സംഘടിതമേഖലയിലും പൊതുമേഖലയിലും ഉള്ള ജോലികള്‍ക്ക് കൂടുതല്‍വിലയുണ്ടായിരുന്നു.ഉദാഹരണത്തിന്, ആന്ധ്രപ്രദേശിലെ ലംബാഡ ഗോത്രവിഭാഗക്കാര്‍ തങ്ങളുടെ ഭൂമി വിറ്റ്, അതുവഴി കിട്ടുന്ന പണം ഇടനിലക്കാര്‍ക്ക് കൈക്കൂലിയായി നല്‍കി, റെയില്‍വെയില്‍ ഗാംങ്മെന്‍ ആയി ജോലി നേടിയിരുന്നു. യഥാര്‍ത്ഥത്തില്‍ ഭൂമി വില്‍ക്കുന്നത്, ഇങ്ങനെ കൈക്കൂലി നല്‍കുന്നതിനു തന്നെയായിരുന്നു. കാരണം റെയില്‍വെയിലെ ജോലി വഴി അവര്‍ക്ക് താമസിയ്ക്കാന്‍ ക്വാര്‍ട്ടേഴ്സും ആരോഗ്യസേവനവും കുട്ടികള്‍ക്ക് വിദ്യാഭ്യാസ സൗകര്യവും ലഭിക്കുമായിരുന്നു. യാതൊരു വ്യവസ്ഥയും തീര്‍ച്ചയും ഇല്ലാത്ത കാര്‍ഷിക ഉപജീവനമാര്‍ഗത്തേക്കാള്‍ അവര്‍ മുന്‍ഗണന നല്‍കിയത്, ഗാംങ്മെന്‍ ജോലിയ്ക്കായിരുന്നു.

രണ്ടു പതിറ്റാണ്ടു മുമ്പ് ആരംഭിച്ച സാമ്പത്തിക പരിഷ്കാരങ്ങളെ തുടര്‍ന്ന്, പൊതുവായ തൊഴില്‍ അവസരസാഹചര്യം കൂടുതല്‍മോശമായിത്തീര്‍ന്നു. പൊതുമേഖലാ സ്ഥാപനങ്ങളില്‍നിന്ന് ജീവനക്കാരെ പിരിച്ചുവിടുന്നതും കമ്പ്യൂട്ടര്‍വല്‍ക്കരണവും സ്വകാര്യവല്‍ക്കരണവും എല്ലാം, ജോലി നഷ്ടത്തിന് കാരണമായിത്തീര്‍ന്നു. ഇന്ത്യാ ഗവണ്‍മെന്റ് വികസനച്ചെലവുകള്‍ കുത്തനെ വെട്ടിക്കുറച്ചു - പ്രത്യേകിച്ചും ഗ്രാമീണമേഖലയിലെ ചെലവുകള്‍. അതിന്റെ ഫലം നാഷണല്‍ സാമ്പിള്‍ സര്‍വേയുടെ കണക്കുകളില്‍ പ്രകടമായി കാണാം. തൊഴിലില്ലാത്ത സ്ത്രീ തൊഴിലാളികളുടെയും പുരുഷത്തൊഴിലാളികളുടെയും (ഗ്രാമീണമേഖലയിലും പട്ടണപ്രദേശങ്ങളിലും) അവസ്ഥ 1993-2005 കാലഘട്ടത്തില്‍ കൂടുതല്‍ പരിതാപകരമായിത്തീര്‍ന്നു. ഇങ്ങനെ ബദല്‍ തൊഴില്‍ അവസരങ്ങള്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഇത്തരമൊരു സ്ഥിതിയില്‍, ഒരു തുണ്ടു ഭൂമിയുള്ള ഗ്രാമീണ ഉല്‍പാദകന്‍, സ്വാഭാവികമായും ആ ഭൂമിയില്‍ പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കും; അത് പിടിച്ചെടുക്കാനുള്ള ഏത് ശ്രമത്തേയും ചെറുക്കും. അവന്റെ തൊഴിലില്ലായ്മയ്ക്കും ദുരിതാവസ്ഥയ്ക്കും എതിരായ സുരക്ഷിതത്വം എന്ന നിലയ്ക്കാണ്, ആ തുണ്ടു ഭൂമിയെ അവന്‍ കാണുന്നത്. പുത്തന്‍ ഉദാരവല്‍ക്കരണ നയങ്ങള്‍ കൃഷിയ്ക്കുമേല്‍ ഉണ്ടാക്കുന്ന ആഘാതവും ആഗോള വിലവര്‍ദ്ധനയും സംയുക്തമായി കടുത്ത കാര്‍ഷികത്തകര്‍ച്ച ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ കൂടി, കൃഷിപ്പണി ആദായകരമല്ലാതായിത്തീര്‍ന്നിട്ടുണ്ടെങ്കില്‍ കൂടി, പ്രത്യേകിച്ചും കയറ്റുമതി പ്രധാനമായ വിളകള്‍ ലാഭകരമല്ലാതായിത്തീര്‍ന്നിട്ടുണ്ടെങ്കില്‍ കൂടി, അവന്‍ തന്റെ തുണ്ടു ഭൂമിയില്‍ കടിച്ചു തൂങ്ങിക്കിടക്കും. കടം കാരണം ലക്ഷക്കണക്കിന് കൃഷിക്കാര്‍ ആത്മഹത്യ ചെയ്യുന്നുണ്ടെങ്കിലും (ആത്മഹത്യയും പ്രതിഷേധത്തിന്റെ സഹനസമര രൂപമാണല്ലോ) അതാണ് സ്ഥിതി.

തെറ്റായ നയങ്ങള്‍ എന്നാല്‍ കൃഷിക്കാരെ സംബന്ധിച്ചിടത്തോളം കൃഷിപ്പണി ആദായകരമല്ലാതായിത്തീരുന്നത്, അവര്‍ കഠിനാധ്വാനം ചെയ്യാത്തതുകൊണ്ടോ, പെട്ടെന്ന് അവരുടെ ഭൂമിയുടെ ഫലഭൂയിഷ്ഠത കുറയുന്നതുകൊണ്ടോ അല്ല. മറിച്ച് തികച്ചും തെറ്റായ (സര്‍ക്കാരിനു ലഭിക്കുന്ന തെറ്റായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലുള്ള) പുത്തന്‍ ഉദാരവല്‍ക്കരണനയങ്ങളുടെ ഫലമായിട്ടാണത്. അതു കാരണം സര്‍ക്കാരിന്റെ പൊതുനിക്ഷേപം കുത്തനെ കുറഞ്ഞു; വികസന സേവനങ്ങള്‍ പിന്‍വലിയ്ക്കപ്പെട്ടു; വായ്പ ലഭിയ്ക്കുന്നത് ഒട്ടുമില്ലാതായി; അല്ലെങ്കില്‍ അതിനുള്ള ചെലവ് കൂടി. വിപണി സംരക്ഷണവ്യവസ്ഥ സര്‍ക്കാര്‍ ഉപേക്ഷിയ്ക്കുകയും അതേ അവസരത്തില്‍ത്തന്നെ വില സ്ഥിരതാ സംവിധാനങ്ങള്‍ സര്‍ക്കാര്‍ പൊളിച്ചടുക്കുകയും ചെയ്തതുവഴി (കമ്മോഡിറ്റി ബോര്‍ഡുകള്‍ താങ്ങുവിലയ്ക്ക് കാര്‍ഷികോല്‍പന്നങ്ങള്‍ വാങ്ങുന്ന സമ്പ്രദായം ഇല്ലാതാക്കപ്പെട്ടു) ആഗോള വിപണിയിലെ വിലകളുടെ കടുത്ത കയറ്റിറക്കത്തിന് കൃഷിക്കാര്‍ വലിച്ചെറിഞ്ഞുകൊടുക്കപ്പെട്ടു. കൃഷിക്കാരുടെയും തൊഴിലാളികളുടെയും ഉപജീവനമാര്‍ഗങ്ങളെ നിരന്തരം ആക്രമിച്ചുകൊണ്ടിരിക്കുന്ന നയനിര്‍മാതാക്കളുടെ ശമ്പളം 80 ശതമാനംവരെ വെട്ടിച്ചുരുക്കുകയാണെങ്കിലേ, അവര്‍ വരുത്തിവെച്ചിട്ടുള്ള ദുരന്തത്തിന്റെ സ്വാദ് അവര്‍ക്ക് അനുഭവപ്പെടുകയുള്ളൂ.

കൃഷിക്കാരും ഗ്രാമീണരും ഭൂമി ഏറ്റെടുക്കലിനെതിരെ സമരം ചെയ്യുന്നുവെന്നത് ഏറ്റവും ശ്രദ്ധേയമാണ്. ആത്മഹത്യ എന്ന സഹന സമരരൂപത്തില്‍നിന്ന് അവര്‍ സജീവമായ പ്രതിരോധ സമരരൂപത്തിലേക്ക് മാറിക്കഴിഞ്ഞിട്ടുണ്ട് എന്നാണതിന്നര്‍ഥം. ഗ്രാമപ്രദേശങ്ങളില്‍ കാര്‍ഷിക പ്രതിസന്ധി പതഞ്ഞുപൊങ്ങിക്കൊണ്ടിരിക്കുകയാണ് എന്ന്, ഒരു പതിറ്റാണ്ടുമുമ്പ് ഞാന്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ , സ്ഥിതി അത്രത്തോളം മോശമായിത്തീര്‍ന്നിട്ടുണ്ടെങ്കില്‍ കൃഷിക്കാര്‍ പ്രതിഷേധരംഗത്തിറങ്ങേണ്ടതല്ലേ, അവര്‍ അങ്ങനെ ചെയ്യുന്നില്ലല്ലോ എന്ന് പലരും ചോദിയ്ക്കുകയുണ്ടായി. കാര്‍ഷിക മേഖലയിലെ ദുരിതങ്ങളെ അവഗണിക്കുന്നതിന്, അത്തരമൊരു വാദമുഖം ഇന്ന് ആര്‍ക്കും ഉന്നയിയ്ക്കാന്‍ കഴിയുകയില്ല. കൃഷിക്കാര്‍ സമരരംഗത്തേക്ക് നീങ്ങുന്നത് പതുക്കെയായിരിയ്ക്കാം; എന്നാല്‍ അവര്‍ അങ്ങനെ ഇറങ്ങിത്തുടങ്ങിയാല്‍പ്പിന്നെ, അവരെ പിടിച്ചുനിര്‍ത്താന്‍ ഒരു ശക്തിയ്ക്കും കഴിയുകയില്ല.

നാം ഒരു കാര്യം മനസ്സിലാക്കണം. ഭൂമിയ്ക്ക് ഒരു പ്രത്യേക സവിശേഷതയുണ്ട്. അത് മനുഷ്യാധ്വാനത്തിന്റെ ഉല്‍പന്നമല്ല. എല്ലാ മനുഷ്യ പ്രവര്‍ത്തനങ്ങളുടെയും തൊട്ടിലാണ് അതെങ്കിലും ഭൂമി വീണ്ടെടുക്കലിന്റെ അറ്റം കണ്ടു കഴിഞ്ഞാല്‍പ്പിന്നെ അതിന്റെ വ്യാപ്തി ഒരളവിന്നപ്പുറം വര്‍ധിപ്പിയ്ക്കാന്‍ കഴിയില്ല. മാത്രമല്ല, വനങ്ങള്‍ കൂടുതല്‍ വെട്ടിനശിപ്പിക്കുന്നത് മാനവരാശിക്കുതന്നെ വളരെയേറെ ദോഷകരമാണുതാനും. ഈ അര്‍ഥത്തില്‍ നിശ്ചിതമായ അളവില്‍ മാത്രമുള്ള പ്രാഥമിക സ്രോതസ്സാണ് ഭൂമി. കാള്‍ മാര്‍ക്സ് ശ്രദ്ധേയമായ വിധത്തില്‍ എടുത്തുകാണിക്കുന്നപോലെ, മനുഷ്യാധ്വാനത്തിന്റെ ഉല്‍പന്നമല്ല ഭൂമി എന്നതിനാല്‍ "ഭൂമിയുടെ വില അയുക്തിപരമായ വിഭാഗത്തില്‍പ്പെട്ടതാണ്". അദ്ദേഹം ഉദ്ദേശിച്ചത് ഇതാണ്: അധ്വാനത്തിന്റെ ഉല്‍പന്നമാണ് ചരക്ക് എന്നതിനാല്‍ ആ ചരക്ക് ഉണ്ടാക്കാനായി ഉപയോഗിച്ച പ്രത്യക്ഷവും പരോക്ഷവുമായ അധ്വാനത്തിന്റെ മൂല്യത്തില്‍ അധിഷ്ഠിതമായതാണ് ആ ചരക്കിന്റെ വില. എന്നാല്‍ ഭൂമി ഉല്‍പാദിപ്പിയ്ക്കാന്‍ കഴിയാത്തതുകൊണ്ട്, അതിന്റെ വില വ്യത്യസ്തമാണ്. ഭൂമിയില്‍ നിന്നുണ്ടാക്കാന്‍ കഴിയുന്ന വരുമാനത്തിന്റെ വിപണിമൂല്യത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഭൂമിയുടെ വില കണക്കാക്കപ്പെടുന്നത്. ഭൂമി എന്ത് ഉപയോഗത്തിനാണോ പ്രയോജനപ്പെടുത്തുന്നത്, ആ ഉപയോഗത്തിന്റെ പ്രത്യേകതയെ അടിസ്ഥാനപ്പെടുത്തിയാണ്, ആ ഭൂമിയില്‍നിന്നുള്ള വരുമാനം കണക്കാക്കപ്പെടുന്നത്. ഭൂമി ഏറ്റെടുക്കല്‍ കൃഷിക്കാരില്‍ അസംതൃപ്തി ജനിപ്പിക്കുന്നതിനുള്ള ഒരു പ്രധാന കാരണം ഇതാണ് - അവരില്‍ ചിലര്‍ ആദ്യഘട്ടത്തില്‍ അതിന്റെ വ്യവസ്ഥകള്‍ അംഗീകരിച്ചതാണെങ്കില്‍ക്കൂടി.

ഇക്കാര്യം മനസ്സിലാക്കുന്നതിന് നമുക്ക് വളരെ ലളിതമായ ഒരു ഉദാഹരണമെടുക്കാം. ഒരു കിലോഗ്രാം അരിയുടെ വില 20 രൂപ തൊട്ട് 2000 രൂപ വരെ വ്യത്യസ്തപ്പെട്ടതായിരിക്കാന്‍ വഴിയില്ല. എന്നാല്‍ , ഒരു ഹെക്ടര്‍ ഭൂമിയുടെ വില 2 ലക്ഷം രൂപ മുതല്‍ 2 കോടി രൂപ വരെ വ്യത്യസ്തമായിരിയ്ക്കാന്‍ സാധ്യതയുണ്ടുതാനും - ഭൂമി എന്തിനാണോ ഉപയോഗിക്കുന്നത് എന്നതിനെ ആശ്രയിച്ചായിരിക്കും അത്. ഒരു കൃഷിക്കാരന് ഒരു ഹെക്ടര്‍ ഭൂമിയുണ്ടെന്നും അതില്‍ അയാള്‍ കൃഷി ചെയ്യുന്നുവെന്നും അതില്‍നിന്ന് അയാള്‍ക്ക് വര്‍ഷത്തില്‍ 10,000 രൂപ അസ്സല്‍ വരുമാനമുണ്ടാകുന്നുവെന്നും കരുതുക. വിപണിയിലെ പലിശനിരക്ക് 5 ശതമാനത്തില്‍ കൂടുതലാണെങ്കില്‍ , ആ ഒരു ഹെക്ടര്‍ ഭൂമിയ്ക്ക് 2 ലക്ഷം രൂപ വില കിട്ടുന്നത് ലാഭകരമാണെന്ന് ആ കൃഷിക്കാരന്‍ കരുതുന്നു. ഇങ്ങനെ ഹെക്ടറിന് 2 ലക്ഷം രൂപ വെച്ച് താന്‍ വില്‍ക്കുന്ന ഭൂമി വാങ്ങിച്ച ആള്‍ തുണ്ടം തുണ്ടമാക്കി മുറിച്ച്, പാര്‍പ്പിടാവശ്യത്തിനായോ വ്യാപാരാവശ്യത്തിനായോ പട്ടണങ്ങളിലെ നൂറുപേര്‍ക്ക് വില്‍ക്കുന്നതും അങ്ങനെ 2 കോടി രൂപ സമ്പാദിക്കുന്നതും ആണ് കൃഷിക്കാരന്‍ കാണുന്നത് - അതായത് നൂറിരട്ടി വിലയ്ക്ക് വില്‍ക്കുന്നു. തന്റെ വസ്തുവിന്റെ പേരില്‍ താന്‍ വഞ്ചിയ്ക്കപ്പെട്ടതായും തന്നെ പ്രേരിപ്പിച്ച് അത് വില്‍ക്കാന്‍ നിര്‍ബന്ധിതനാക്കിയപ്പോള്‍ തനിക്ക് അതിന്റെ വില അറിയാമായിരുന്നില്ല എന്നും തനിക്ക് തുച്ഛമായ വിലയാണ് ലഭിച്ചതെന്ന് ഇപ്പോള്‍ തോന്നുന്നതായും കൃഷിക്കാരന്‍ മനസ്സിലാക്കുന്നു. പണം നിക്ഷേപിച്ച്, അതിന്റെ പലിശ കൊണ്ട് ജീവിക്കുന്ന സ്വഭാവം ഗ്രാമീണ ഉല്‍പാദകന്നില്ല. അവന്റെ ആസ്തി സര്‍ക്കാര്‍ ഉല്‍സാഹത്തോടുകൂടി ഏറ്റെടുക്കുന്നുണ്ടെങ്കിലും അവന് ന്യായമായ നഷ്ടപരിഹാരം ലഭ്യമാക്കാന്‍ ശ്രമിക്കുന്നില്ല. അതിനാല്‍ കൃഷിക്കാരന് ലഭിക്കുന്ന 2 ലക്ഷം രൂപ നിസ്സാരമായ തുകയാണ്. ഒരു മോട്ടോര്‍ ബൈക്കും ടിവി സെറ്റും വാങ്ങിക്കഴിയുമ്പോള്‍ , അത്യാവശ്യ ജീവിതച്ചെലവുകള്‍ നിറവേറ്റുമ്പോള്‍ ആ തുക അപ്രത്യക്ഷമായിത്തീരുന്നു. ഉല്‍പാദനക്ഷമമായതോ സ്ഥിരമായ വരുമാനം ഉണ്ടാകുന്നതോ ആയ ആസ്തി അതില്‍നിന്നുണ്ടാകുന്നില്ല.

വിപണി അടിച്ചേല്‍പിക്കുന്ന വഞ്ചനയെക്കുറിച്ച്, ഒടുവില്‍ നമ്മുടെ കൃഷിക്കാര്‍ ബോധവാന്മാരായിത്തുടങ്ങിയിരിക്കുന്നു. വികസനത്തിന്റെ മറവില്‍ അവരുടെ വിലപ്പെട്ട ഭൂമി, അവരില്‍നിന്ന്, തുച്ഛമായ വിലയ്ക്ക് ബലം പ്രയോഗിച്ച് പിടിച്ചെടുക്കുമ്പോള്‍ അവര്‍ രോഷാകുലരായിത്തീരുന്നു - പ്രത്യേകിച്ചും അത്തരത്തിലുള്ള "വികസനങ്ങള്‍" അവര്‍ക്ക് തൊഴില്‍അവസരങ്ങള്‍ പ്രദാനം ചെയ്യുകയോ വ്യവസായങ്ങള്‍ കൊണ്ടുവരുകയോ ചെയ്യുന്നില്ലെങ്കില്‍ . പ്രത്യേക സാമ്പത്തിക മേഖലകളും (ഭൂമി ഏറ്റെടുത്തുകൊണ്ടുള്ള) മറ്റ് ചെറുകിട പദ്ധതികളും ഫ്ളാറ്റ് നിര്‍മാണത്തിനും വ്യാപാരാവശ്യത്തിനും വേണ്ടിയുള്ള ഭൂമിയുടെ ഊഹക്കച്ചവടമല്ലാതെ മറ്റൊന്നുമല്ല. കോര്‍പ്പറേറ്റ് മേഖലയ്ക്കോ വളരെ സമ്പന്നരായ ന്യൂനപക്ഷ കുടുംബങ്ങള്‍ക്കോ മാത്രമേ അതിന്റെ വില താങ്ങാന്‍ കഴിയൂ. തങ്ങള്‍ എന്തു വിലയ്ക്കാണോ കൃഷിഭൂമി വിറ്റത്, അതിന്റെ നൂറുകണക്കിന് മടങ്ങ് ലാഭം കോര്‍പ്പറേറ്റുകളും "ഭൂമി വികസന"ക്കാരും ഉണ്ടാക്കുന്നതായി കൃഷിക്കാര്‍ കാണുന്നു. ഭൂമി ഏറ്റെടുക്കുന്നതിനും അത് കോര്‍പ്പറേറ്റുകള്‍ക്ക് ഏല്‍പിച്ചു കൊടുക്കുന്നതിനും സര്‍ക്കാര്‍ കാണിക്കുന്ന താല്‍പര്യവും പലപ്പോഴും കോര്‍പ്പറേറ്റുകള്‍ക്കും "ഭൂ വികസന"കാര്‍ക്കും മറ്റും സര്‍ക്കാര്‍ നല്‍കുന്ന സബ്സിഡികളും അതിനേക്കാള്‍ വലിയ പ്രശ്നമാണ്. തന്നെയല്ല, ഭൂമിയില്‍നിന്ന് ഒഴിപ്പിയ്ക്കപ്പെടുന്നവര്‍ക്ക് സര്‍ക്കാരില്‍നിന്ന് അവ്യക്തമായ ചില വാഗ്ദാനങ്ങളൊഴിച്ച്, ഉപജീവനമാര്‍ഗ്ഗത്തിന് മറ്റൊന്നും ലഭിക്കുന്നുമില്ല. ഇതിനേക്കാളൊക്കെ മോശമായ മറ്റൊരു കാര്യം കൂടിയുണ്ട് - നല്ല വിള കിട്ടുന്ന കൃഷിഭൂമി ഏറ്റെടുത്ത് തുറമുഖങ്ങളും മറ്റും ഉണ്ടാക്കുന്നതിനായി കൈമാറുമ്പോള്‍ , അങ്ങനെ ഉണ്ടാക്കപ്പെടുന്ന തുറമുഖങ്ങളിലൂടെ വിദേശകമ്പനികള്‍ നമ്മുടെ അമൂല്യമായ ഖനിജ വിഭവങ്ങള്‍ കയറ്റുമതി ചെയ്തു കൊണ്ടുപോവുകയും ചെയ്യുന്നു - കൊറിയന്‍ കമ്പനിയായ പോസ്ക്കോ അതാണ് ചെയ്യുന്നത്. രണ്ട് തരത്തില്‍ വിലപ്പെട്ട, തിരിച്ചു പിടിയ്ക്കാന്‍ കഴിയാത്ത വിഭവങ്ങളാണ്, അതായത് ഖനിജങ്ങളും കൃഷിഭൂമിയും, ഇങ്ങനെ കൊള്ള ചെയ്യപ്പെടുന്നത്.
യാതൊരു വിവേചനവുമില്ലാതെ ഇങ്ങനെ കൃഷിഭൂമി ഏറ്റെടുക്കുന്നത് നമ്മുടെ കാര്‍ഷിക ഉല്‍പാദനത്തില്‍ ഉണ്ടാക്കുന്ന ആഘാതം വളരെ ദോഷകരമായിരിക്കും. രാജ്യത്ത് ആകെ കൃഷി ചെയ്യപ്പെടുന്ന ഭൂമിയുടെ അളവ് 1990കളുടെ ആദ്യ വര്‍ഷങ്ങളോടെ വളര്‍ച്ചയില്ലാതെ മുരടിച്ചുപോയി. തുടര്‍ന്നുള്ള രണ്ട് പതിറ്റാണ്ടുകളില്‍ ഗവണ്‍മെന്റിന്റെ പൊതുചെലവുകളും വികസനച്ചെലവുകളും വെട്ടിച്ചുരുക്കപ്പെട്ടതുകാരണം, വിളകളുടെ ഉല്‍പാദന - വര്‍ധനനിരക്ക് കുത്തനെ ഇടിഞ്ഞു. സുപ്രധാന വിളകളായ ഭക്ഷ്യധാന്യങ്ങളുടേതടക്കം പല വിളകളുടെയും പ്രതിശീര്‍ഷ ഉല്‍പാദനം കുറയുന്നതിനാണ് അതിടയാക്കിയത്. കൃഷിഭൂമി, കാര്‍ഷികേതര ആവശ്യങ്ങള്‍ക്കായി മാറ്റി ഉപയോഗിച്ചാല്‍ , പ്രശ്നം വീണ്ടും ഗുരുതരമാകും. ഉല്‍പാദനത്തിന്റെ കാര്യത്തില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ കൈക്കൊണ്ടുവരുന്ന അവഗണനയാണ് ഇന്നത്തെ ഭക്ഷ്യവിലക്കയറ്റത്തിന് കാരണം. സര്‍ക്കാരിന്റെ പൊതുചെലവുകള്‍ വെട്ടിക്കുറച്ചതുകാരണം ഉണ്ടായ ചോദനക്കുറവ് വളരെ ഉയര്‍ന്നതായിട്ടും ഭക്ഷ്യവിലക്കയറ്റം ഉണ്ടായിരിക്കുന്നു. ഇതിന്റെയൊക്കെ ഫലമായി തൊഴിലില്ലായ്മയും ചോദനക്കുറവും സംഭവിക്കുന്നു.

എന്നാല്‍ അതേ അവസരത്തില്‍ത്തന്നെ, തൊഴില്‍ പ്രധാനമായ ചില തരത്തിലുള്ള വ്യവസായങ്ങള്‍ക്ക് ഭൂമി ആവശ്യമാണുതാനും. അതിന് പ്രോല്‍സാഹനം നല്‍കുകയും വേണം. കാര്‍ഷികേതര ആവശ്യങ്ങള്‍ക്കായി ഭൂമി ഏറ്റെടുക്കുന്നതിന് എക്കാലത്തേക്കും നിരോധനം ഏര്‍പ്പെടുത്താന്‍ കഴിയുകയില്ല. കൃഷിക്കാരുടെ കുട്ടികളെല്ലാം കൃഷിക്കാരായിത്തന്നെ ജീവിയ്ക്കണം എന്ന് ആവശ്യപ്പെടാനും കഴിയില്ല. ഓരോ സംസ്ഥാനത്തും കൃഷിയ്ക്ക് യുക്തമല്ലാത്ത ഭൂമി കണ്ടെത്തി ലാന്‍റ് ബാങ്ക് ഉണ്ടാക്കുക, അത്തരം ഭൂമികളില്‍ നിര്‍മാണ സ്ഥാപനങ്ങള്‍ ആരംഭിക്കുക എന്നതാണ് പരിഹാരമാര്‍ഗ്ഗം. എന്നാല്‍ കൃഷിയോഗ്യമല്ലാത്ത ഭൂമി വേണ്ടത്ര കിട്ടാനില്ലാത്ത അവസ്ഥയില്‍ , കുറച്ച് കൃഷിഭൂമി ഏറ്റെടുക്കേണ്ടി വരുമ്പോള്‍ ഭൂമിമേലുള്ള അവകാശം നഷ്ടപ്പെടുന്നതിന് പകരം പണമായി മതിയായ നഷ്ടപരിഹാരം കൃഷിക്കാരന്ന് നല്‍കണം. അതിന്നുപുറമെ, നിര്‍ദ്ദിഷ്ട വ്യവസായസംരംഭത്തില്‍ കൃഷിക്കാരെ സഹകരണ പങ്കാളികളാക്കി കണക്കാക്കണം. ബന്ധപ്പെട്ട ആ സ്ഥാപനത്തില്‍ നേരിട്ട് ഓഹരി നല്‍കുകയും വേണം. പട്ടണ പ്രദേശങ്ങളില്‍ അത്തരം സമ്പ്രദായം പതിവുണ്ട്. ആ സമ്പ്രദായത്തിന്‍കീഴില്‍ തങ്ങള്‍ക്ക് നഷ്ടപ്പെട്ട ഭൂമിയില്‍ വികസനക്കാരെ കെട്ടിടം നിര്‍മിക്കുന്നതിന് അനുവദിച്ചതു വഴിയുണ്ടാകുന്ന മെച്ചത്തില്‍ ഒരു വിഹിതം തങ്ങള്‍ക്കു ലഭിക്കുന്നതായി കൃഷിക്കാരന് ബോധ്യപ്പെടുന്നു. കാരണം പണമായി ലഭിക്കുന്ന നഷ്ടപരിഹാരത്തിന്നുപുറമെ മൊത്തം നിര്‍മിത വിസ്തൃതിയില്‍ മൂന്നിലൊന്നിന്റെ വരെ ഉടമസ്ഥാവകാശവും കൃഷിക്കാരന് ലഭിക്കുന്നു. പ്ലാന്റേഷന്‍ മേഖലയില്‍ ഭൂമി ലഭിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ചെങ്ങറയില്‍ നടന്ന ഗോത്രവര്‍ഗക്കാരുടെ സമരത്തിന്റെ കാര്യത്തില്‍ കേരളത്തിലെ മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതി ഇവിടെ എടുത്തുപറയാവുന്നതാണ്. അന്തരിച്ച കെ ആര്‍ നാരായണന്റെ പേരിലുള്ള ഒരു പദ്ധതിയിന്‍കീഴില്‍ , ഒരു സഹകരണ പാര്‍പ്പിട -പ്രവര്‍ത്തന സമുച്ചയം സ്ഥാപിക്കുന്നതിനുള്ള സ്ഥലം കണ്ടെത്തി. ബന്ധപ്പെട്ട കുടുംബങ്ങള്‍ക്ക്, സര്‍ക്കാര്‍ ചെലവില്‍ അവിടെ വീടുവെച്ചു കൊടുക്കുന്നതിനുപുറമെ ബദല്‍ തൊഴില്‍ സൗകര്യങ്ങളും ഉണ്ടാക്കിക്കൊടുക്കും. ഇവിടെ സഹകരണ രീതി നിര്‍ണായകമാണ്. കാരണം തങ്ങള്‍ക്ക് ലഭിച്ച പുതിയ ആസ്തികള്‍ കയ്യൊഴിയാന്‍ വ്യക്തിഗത കുടുംബങ്ങള്‍ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനും അവര്‍ ഉല്‍പാദന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുവെന്നും അങ്ങനെ വരുമാനം ഉണ്ടാക്കുന്നുവെന്നും ഉറപ്പുവരുത്തുന്നതിനും അത് ആവശ്യമാണ്. പുതിയ യുഡിഎഫ് ഗവണ്‍മന്റെ്, ഈ പദ്ധതി മുന്നോട്ടുകൊണ്ടുപോകുമെന്ന് നമുക്ക് പ്രതീക്ഷിയ്ക്കാം.
ഈ കേരള മാതൃക മറ്റെവിടെയും ആവര്‍ത്തിയ്ക്കാന്‍ കഴിയില്ല എന്നു കരുതാനുള്ള കാരണങ്ങളൊന്നുമില്ല. ഇവിടെ അടിസ്ഥാനപരമായ തത്വം ഇതാണ് : കൃഷിഭൂമി വളരെ വിലപ്പെട്ട ആസ്തിയാണ്. അത് ഏറ്റെടുക്കുന്നത് ആകാവുന്നത്ര ഒഴിവാക്കണം. അത് ഒഴിവാക്കാന്‍ കഴിയാത്ത അവസ്ഥയില്‍ , ഉടമസ്ഥന് (അയാള്‍ക്ക് രേഖാമൂലമുള്ള അവകാശമുണ്ടായാലും പരമ്പരാഗതമായ കൈവശാവകാശമാണെങ്കിലും ശരി) നഷ്ടപരിഹാരമായി പണം മാത്രം നല്‍കിയാല്‍ പോര. മറിച്ച് അതേ സ്ഥലത്തുതന്നെ അല്ലെങ്കില്‍ മറ്റെവിടെയെങ്കിലും ഉള്ള ആസ്തിയില്‍ ഒരു ഓഹരിയും നല്‍കണം.


*****


ഉല്‍സാ പട്നായിക്, കടപ്പാട് : ചിന്ത വാരിക

1 comment:

വര്‍ക്കേഴ്സ് ഫോറം said...

കൃഷിക്കാരും ഗ്രാമീണരും ഭൂമി ഏറ്റെടുക്കലിനെതിരെ സമരം ചെയ്യുന്നുവെന്നത് ഏറ്റവും ശ്രദ്ധേയമാണ്. ആത്മഹത്യ എന്ന സഹന സമരരൂപത്തില്‍നിന്ന് അവര്‍ സജീവമായ പ്രതിരോധ സമരരൂപത്തിലേക്ക് മാറിക്കഴിഞ്ഞിട്ടുണ്ട് എന്നാണതിന്നര്‍ഥം. ഗ്രാമപ്രദേശങ്ങളില്‍ കാര്‍ഷിക പ്രതിസന്ധി പതഞ്ഞുപൊങ്ങിക്കൊണ്ടിരിക്കുകയാണ് എന്ന്, ഒരു പതിറ്റാണ്ടുമുമ്പ് ഞാന്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ , സ്ഥിതി അത്രത്തോളം മോശമായിത്തീര്‍ന്നിട്ടുണ്ടെങ്കില്‍ കൃഷിക്കാര്‍ പ്രതിഷേധരംഗത്തിറങ്ങേണ്ടതല്ലേ, അവര്‍ അങ്ങനെ ചെയ്യുന്നില്ലല്ലോ എന്ന് പലരും ചോദിയ്ക്കുകയുണ്ടായി. കാര്‍ഷിക മേഖലയിലെ ദുരിതങ്ങളെ അവഗണിക്കുന്നതിന്, അത്തരമൊരു വാദമുഖം ഇന്ന് ആര്‍ക്കും ഉന്നയിയ്ക്കാന്‍ കഴിയുകയില്ല. കൃഷിക്കാര്‍ സമരരംഗത്തേക്ക് നീങ്ങുന്നത് പതുക്കെയായിരിയ്ക്കാം; എന്നാല്‍ അവര്‍ അങ്ങനെ ഇറങ്ങിത്തുടങ്ങിയാല്‍പ്പിന്നെ, അവരെ പിടിച്ചുനിര്‍ത്താന്‍ ഒരു ശക്തിയ്ക്കും കഴിയുകയില്ല.