Saturday, June 25, 2011

ഇന്ത്യാചരിത്രത്തിലെ ഇരുളടഞ്ഞ അധ്യായം

മുപ്പത്താറ് വര്‍ഷംമുമ്പ് 1975 ജൂണ്‍ 25നാണ് ഇന്ദിരാഗാന്ധി ആഭ്യന്തര അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്. ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രമെന്ന് വിശേഷിപ്പിക്കുന്ന ഇന്ത്യയില്‍ പാര്‍ലമെന്ററി ജനാധിപത്യ വ്യവസ്ഥതന്നെ അട്ടിമറിക്കപ്പെട്ടു. ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങള്‍ ഒറ്റ രാത്രികൊണ്ട് ഭരണവര്‍ഗം കവര്‍ന്നെടുത്തു. ജയപ്രകാശ് നാരായണന്‍ , മൊറാര്‍ജി ദേശായ്, ചന്ദ്രശേഖര്‍ , ജ്യോതിര്‍മയി ബസു തുടങ്ങിയ പ്രതിപക്ഷ നേതാക്കളെ തുറുങ്കിലടച്ചു. രാജ്യരക്ഷയുടെ പേരിലാണ് യഥാര്‍ഥ രാജ്യസ്നേഹികളെ ജയിലിലടച്ചത്. അഭിപ്രായപ്രകടനസ്വാതന്ത്ര്യം നിഷേധിച്ചു. "അഭിപ്രായ പ്രകടനസ്വാതന്ത്ര്യം എന്റെ ജന്മാവാകാശമാണ്; അത് ഇന്ത്യന്‍ ഭരണഘടനയില്‍ എഴുതിച്ചേര്‍ക്കുന്നതുവരെ ഞാന്‍ വിശ്രമമില്ലാതെ പോരാടും" എന്നുറക്കെ പ്രഖ്യാപിച്ച ബാലഗംഗാധര തിലകന്റെ പാര്‍ടിയുടെ നേതാവാണ് അടിയന്തരാവസ്ഥ പ്രഖ്യാപനത്തിലൂടെ അഭിപ്രായ സ്വാതന്ത്ര്യം കവര്‍ന്നെടുത്തതെന്നോര്‍ക്കണം.

പത്രസ്വാതന്ത്ര്യം കര്‍ശനമായ നിയന്ത്രണത്തിന് വിധേയമാക്കി. എ കെ ജി പാര്‍ലമെന്റില്‍ ചെയ്ത പ്രസംഗം പോലും വെളിച്ചംകണ്ടില്ല. കല്‍ത്തുറുങ്കിലടയ്ക്കപ്പെട്ട ആദരണീയരായ ബഹുജന നേതാക്കള്‍ ആരൊക്കെയാണെന്ന വിവരവും മറച്ചുവെച്ചു. അവരുടെ പേര് പത്രങ്ങളില്‍ അച്ചടിക്കാന്‍ അനുവദിച്ചില്ല. ജയിലിലടയ്ക്കപ്പെട്ടവരുടെ പേര് വെളിപ്പെടുത്തുന്നതിന് പകരം അവരില്‍ ചിലരുടെ ഫോട്ടോ "ദേശാഭിമാനി" പ്രസിദ്ധപ്പെടുത്തി. വ്യക്തിയെപ്പറ്റിയുള്ള സൂചനപോലും ഇല്ലാതെയാണ് പ്രസിദ്ധീകരിച്ചത്. അതുപോലും തുടരാന്‍ അനുവദിച്ചില്ല. അടിയന്തിരാവസ്ഥക്കാലത്തെ പൊലീസിന്റെ പൈശാചികമായ മര്‍ദനവും മറ്റ് ക്രൂരതകളും അതിക്രമങ്ങളും പറഞ്ഞറിയിക്കാന്‍ പ്രയാസമാണ്. ദീര്‍ഘനാളത്തെ തുടര്‍ച്ചയായ ജയില്‍വാസംമൂലം ജയപ്രകാശ് നാരായണന്റെ വൃക്ക തകരാറിലായി. അദ്ദേഹത്തിന്റെ മരണത്തിന് കാരണമായതും ഇതുതന്നെ. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവിലായിരുന്ന സിപിഐ എം നേതാവ് എന്‍ അബ്ദുള്ള യഥാസമയം ചികിത്സ ലഭിക്കാതെ മരിച്ചു. പ്രമേഹരോഗം മൂര്‍ഛിച്ചത് തിരിച്ചറിയാന്‍ കഴിഞ്ഞില്ല. വളരെ വൈകിയാണ് ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും ചികിത്സിച്ച് ഭേദപ്പെടുത്താന്‍ കഴിയുന്ന ഘട്ടം കഴിഞ്ഞിരുന്നു. കണ്ണൂര്‍ ജയിലിലെ തടവുകാര്‍ക്ക് ഞെട്ടലുണ്ടാക്കിയ സംഭവമായിരുന്നു അത്. അടിയന്തരാവസ്ഥക്കാലത്ത് നിരപരാധികള്‍ പൊലീസിന്റെ ക്രൂരമര്‍ദനത്തിനിരയായി. പൊലീസ് സ്റ്റേഷനില്‍ പിടിച്ചുകൊണ്ടുപോയവരെ ദിവസങ്ങളോളം ചങ്ങലക്കിട്ട് മര്‍ദിച്ചു. റോയ് ചാലി എന്ന ചെറുപ്പക്കാരനെ ബോധം നഷ്ടപ്പെട്ട നിലയിലാണ് കണ്ണൂര്‍ ജയിലില്‍ കൊണ്ടുവന്നത്.

നക്സലാണെന്ന പേരിലാണ് ഈ ചെറുപ്പക്കാരനെ പിടികൂടിയത്. റോയ്ചാലി ഉന്നത പൊലീസുദ്യോഗസ്ഥന്റെ ബന്ധുവായിരുന്നു. കോഴിക്കോട് റീജണല്‍ എന്‍ജിനിയറിങ് കോളേജിലെ വിദ്യാര്‍ഥിയായിരുന്ന രാജനെ പൊലീസ് പിടിച്ചുകൊണ്ടുപോയി. അച്ഛന്‍ പ്രൊഫ. ഈച്ചരവാരിയര്‍ വിവരം അറിഞ്ഞിരുന്നില്ല. രാജനെ പില്‍ക്കാലത്ത് കുപ്രസിദ്ധിയാര്‍ജിച്ച കക്കയം പൊലീസ് ക്യാമ്പില്‍ കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചു. രാജന്‍ എന്തെങ്കിലും കുറ്റം ചെയ്തതായി ആര്‍ക്കും അറിവില്ല. രാജനെ പൊലീസ് ഉരുട്ടിക്കൊന്നതായാണ് പിന്നീടറിഞ്ഞത്. ശവംപോലും മാതാപിതാക്കളെ കാണിച്ചില്ല. ശവം എന്തുചെയ്തു എന്നുപോലും പുറംലോകം അറിഞ്ഞിട്ടില്ല. കക്കുഴി കണ്ണന്‍ എന്ന കോണ്‍ഗ്രസുകാരനെ നിരത്തുവക്കില്‍നിന്ന് പിടിച്ചുകൊണ്ടുപോയി മര്‍ദിച്ചു കൊന്നു. ശവം പിന്നീട് പുഴയിലാണ് കണ്ടത്. വിജയന്‍ എന്ന മറ്റൊരു ചെറുപ്പക്കാരനെയും പൊലീസ് കൊലപ്പെടുത്തി. ഇങ്ങനെ എത്രപേര്‍ കൊല്ലപ്പെട്ടു എന്ന് ആര്‍ക്കും അറിയില്ല. മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതോടെ പൊലീസ് അതിക്രമങ്ങളെപ്പറ്റി ജനങ്ങള്‍ക്കറിയാന്‍ മാര്‍ഗമില്ലാതായി. എന്തും ചെയ്യാമെന്ന നിലയായി. അടിയന്തരാവസ്ഥക്കാലത്ത് ദേശാഭിമാനി ദിനപത്രം പുറത്തിറക്കാന്‍ അനുഭവിച്ച പ്രതിബന്ധങ്ങളും പ്രയാസങ്ങളും വിവരണാതീതമാണ്. "പ്രീ സെന്‍സര്‍ഷിപ്പ്" ഏര്‍പ്പെടുത്തി.

കലക്ടര്‍ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥനാണ് സെന്‍സറിങ്ങിന്റെ ചുമതല നിര്‍വഹിച്ചത്. പത്രത്തിന്റെ കോപ്പി തയാറാക്കി അച്ചടിക്കുന്നതിനുമുമ്പ് സെന്‍സറിങ്ങിനുള്ള ഉദ്യോഗസ്ഥനെ കാണിക്കണം. അദ്ദേഹം സാക്ഷ്യപ്പെടുത്തിയശേഷമേ പത്രം അച്ചടിക്കാന്‍ പറ്റൂ. ആദ്യദിവസം പത്രം പുറത്തിറക്കാന്‍ തലക്കെട്ടെന്തായിരിക്കണം എന്ന് ദീര്‍ഘനേരം ചര്‍ച്ച ചെയ്ത് തീരുമാനിക്കേണ്ടിവന്നു. ഇ എം എസിന്റെയും എ കെ ജിയുടെയും ഉപദേശം തേടി. അങ്ങനെയാണ് "അര്‍ധ ഫാസിസത്തില്‍നിന്ന് ഫാസിസത്തിലേക്ക്" എന്ന തലക്കെട്ട് തെരഞ്ഞെടുത്തത്. "പെണ്‍ ഹിറ്റ്ലര്‍ ജനിക്കുന്നു" എന്നതും ചര്‍ച്ചയുടെ ഫലമായി ഉരുത്തിരിഞ്ഞതാണ്. എഡിറ്റോറിയല്‍ കോളം ഒഴിച്ചിട്ട് പത്രം പ്രസിദ്ധീകരിച്ചു. എന്നാല്‍ അതും തുടരാന്‍ അനുവാദമുണ്ടായില്ല. ജനാധിപത്യത്തെ കൊല ചെയ്യുന്നതിനെതിരെ സ്വാതന്ത്ര്യസമരകാലത്ത് ജവഹര്‍ലാല്‍ നെഹ്റുവും തിലകനും മറ്റും പ്രസംഗിച്ചതും എഴുതിയതും ദേശാഭിമാനി വീണ്ടും പ്രസിദ്ധീകരിച്ചു. ഇതില്‍ അടിയന്തരാവസ്ഥക്കെതിരായ സൂചനയുണ്ടെന്ന് അധികാരിവര്‍ഗം കണ്ടെത്തി. അതും അനുവദിച്ചില്ല. അടിയന്തരാവസ്ഥയെ ദേശാഭിമാനിക്കനുകൂലിക്കാനാവില്ല. എതിര്‍ത്തെഴുതാനും വയ്യ. വല്ലാത്തൊരു പ്രതിസന്ധിയിലായിരുന്നു. എന്നിട്ടും ഈ ദുര്‍ഘടസന്ധിയില്‍ സ്വന്തം കടമ നിര്‍വഹിക്കുന്നതില്‍ ദേശാഭിമാനി വിജയിച്ചു. അടിയന്തരാവസ്ഥയിലേക്ക് നയിച്ച സാഹചര്യം കോണ്‍ഗ്രസിന്റെ ദുര്‍ഭരണത്തിനെതിരെ നാടെങ്ങും രോഷം തിളച്ചു. ദുര്‍ഭരണത്തിനെതിരെ ജനങ്ങളെ നയിക്കാന്‍ ജയപ്രകാശ് നാരായണന്‍ തയ്യാറായി. അങ്ങനെയാണ് സമ്പൂര്‍ണവിപ്ലവം എന്ന പേരില്‍ ഒരു ബഹുജനപ്രസ്ഥാനം ആരംഭിച്ചത്. ഈ പ്രസ്ഥാനത്തില്‍ ഇടതുപക്ഷ ചിന്താഗതിക്കാരും തീവ്രവലതുപക്ഷവും വര്‍ഗീയവാദികളും അരാഷ്ട്രീയവാദികളും എല്ലാമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ബഹുജനങ്ങളുടെ നല്ല പിന്തുണ ഈ പ്രസ്ഥാനത്തിനുണ്ടായി. ജെ പി ഉന്നയിച്ച പല ആവശ്യങ്ങളോടും സിപിഐ എമ്മിന് യോജിപ്പുണ്ടായിരുന്നു. എന്നാല്‍ , സമ്പൂര്‍ണ വിപ്ലവപ്രസ്ഥാനത്തില്‍ അണിനിരക്കാന്‍ പാര്‍ടി തയ്യാറായിരുന്നില്ല. സമാന്തരമായി പ്രക്ഷോഭത്തിന് നേതൃത്വംനല്‍കാന്‍ സിപിഐ എം തയ്യാറായി.

സിപിഐ അടിയന്തരാവസ്ഥക്കനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. അടിയന്തരാവസ്ഥക്കാലത്താണ് തൊഴിലാളികളുടെ മിനിമം ബോണസ് (എട്ടും മൂന്നിലൊന്നും) വെട്ടിക്കുറയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറായത്. ട്രേഡ് യൂണിയന്‍ നേതാവായിരുന്ന എസ് എ ഡാങ്കേ അടിയന്തരാവസ്ഥയെ മാത്രമല്ല ബോണസ് വെട്ടിക്കുറച്ചതിനെയും ന്യായീകരിച്ചു. വലതുപക്ഷ ഫാസിസ്റ്റുകള്‍ക്കെതിരെയാണ് അടിയന്തരാവസ്ഥ എന്നായിരുന്നു അവര്‍ ധരിച്ചുവെച്ചത്. അടിയന്തരാവസ്ഥ അവസാനിച്ചതിനുശേഷമാണ് അവര്‍ വീണ്ടുവിചാരം നടത്തിയത്. ഭട്ടിന്‍ഡ കോണ്‍ഗ്രസില്‍ അവര്‍ നടത്തിയ സ്വയംവിമര്‍ശനത്തില്‍ അടിയന്തരാവസ്ഥയെ പിന്താങ്ങിയത് തെറ്റായിരുന്നു എന്ന് വിലയിരുത്തി. പിന്നീട് ഇടതുപക്ഷ ഐക്യം കെട്ടിപ്പടുക്കുന്നതില്‍ പങ്കാളികളാകാന്‍ തീരുമാനിക്കുകയും ചെയ്തു. ജെ പിയുടെ പ്രസ്ഥാനത്തിന് ബഹുജനപിന്തുണ വര്‍ധിച്ചുവന്നു. ഡല്‍ഹിയില്‍ ചേര്‍ന്ന ബഹുജനറാലിയെ അഭിസംബോധന ചെയ്ത് ഇന്ദിര, ഭരണം ഒഴിയണമെന്നാവശ്യപ്പെട്ടു. സര്‍ക്കാരിന്റെ നിയമവിരുദ്ധമായ ഉത്തരവുകള്‍ സൈനികര്‍ അനുസരിക്കേണ്ടതില്ലെന്നും പരസ്യമായി പ്രസ്താവിച്ചു. ഇതോടെ ഇന്ദിരാഭരണം കടുത്ത പ്രതിസന്ധിയിലായി. അതിനുമുമ്പാണ് രാജ്യവ്യാപകമായി റെയില്‍വെത്തൊഴിലാളികളുടെ പണിമുടക്ക് സമരം നടന്നത്. റെയില്‍ തൊഴിലാളികളാകെ പിന്തുണ നല്‍കിയ സമരമായിരുന്നു അത്. സമരം ഒത്തുതീര്‍പ്പിലെത്തിക്കാനല്ല അടിച്ചമര്‍ത്താനാണ് ഇന്ദിരാസര്‍ക്കാര്‍ തയ്യാറായത്. കരിനിയമം ഉപയോഗിച്ച് സമരം തകര്‍ക്കാന്‍ ശ്രമിച്ചു. പണിമുടക്കി വീട്ടില്‍ ഇരുന്ന റെയില്‍വെ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. എ കെ ജിയാണ് തൊഴിലാളികളുടെ വീടുകള്‍ കയറിയിറങ്ങി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചത്.

റെയില്‍വെതൊഴിലാളികളുടെ സമരത്തിന്റെ വിജയവും ഇന്ദിരാഭരണത്തെ വിറകൊള്ളിച്ചു. ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കി കോടതിവിധിയും പുറത്തുവന്നു. ഈ സാഹചര്യത്തിലാണ് ജൂണ്‍ 25ന് ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. സിപിഐ എം അതിന്റെ പരിപാടിയില്‍ വ്യക്തമാക്കിയതുപോലെ പാര്‍ലമെന്ററി ജനാധിപത്യ വ്യവസ്ഥ ബൂര്‍ഷ്വാസി എക്കാലത്തും മുറുകെപ്പിടിക്കണമെന്നില്ല. അവരുടെ വര്‍ഗതാല്‍പര്യം സംരക്ഷിക്കുന്നതിന് ജനാധിപത്യവ്യവസ്ഥ പര്യാപ്തമാണെന്ന് തോന്നുന്ന കാലം വരെ അവര്‍ അത് നിലനിര്‍ത്തും. എന്നാല്‍ , വര്‍ഗതാല്‍പര്യത്തിന് എതിരാണ് ജനാധിപത്യവ്യവസ്ഥ എന്ന് ബോധ്യപ്പെടുന്ന നിമിഷം ആ മുഖംമൂടി വലിച്ചെറിയാനും ഏകാധിപത്യവാഴ്ചയ്ക്ക് കളമൊരുക്കാനും അവര്‍ തയ്യാറാകും. പരിപാടിയില്‍ ചൂണ്ടിക്കാണിച്ച കാര്യം നൂറുശതമാനം ശരിയാണെന്ന് അടിയന്തരാവസ്ഥ പ്രഖ്യാപനം തെളിയിച്ചു. ജനവികാരം അടിയന്താരവസ്ഥക്കെതിരാണെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ് 1977 ആദ്യം അടിയന്തരാവസ്ഥ പിന്‍വലിക്കാനും തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനും ഇടയായത്.

1977 മാര്‍ച്ചില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധി പരാജയപ്പെട്ടു. കോണ്‍ഗ്രസിന് കേന്ദ്രഭരണം നഷ്ടപ്പെട്ടു. ജനതാപാര്‍ടി അധികാരത്തില്‍ വന്നു. ബൂര്‍ഷ്വാസിക്കകത്തുള്ള ഏറ്റുമുട്ടലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസിന് പ്രേരണയായത്. ജയപ്രകാശ് നാരായണനെപോലുള്ള ത്യാഗിവര്യനായ സ്വാതന്ത്ര്യസമര നേതാവിനെപോലും അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് അല്‍പംപോലും മനഃസാക്ഷിക്കുത്തനുഭവപ്പെട്ടില്ല. ഇതെല്ലാം ഒരു പാഠമാണ്. അടിയന്തരാവസ്ഥക്കാലത്ത് ഈ ലേഖകന്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലായിരുന്നു. സിപിഐ എം നേതാക്കളെ കൂടാതെ സോഷ്യലിസ്റ്റ്പാര്‍ടി, അഖിലേന്ത്യാലീഗ്, ആര്‍എസ്എസ്, ജനസംഘം, നക്സല്‍ നേതാക്കളും ഒരു രാഷ്ട്രീയവുമില്ലാത്തവരും ജയിലിലുണ്ടായിരുന്നു. പിണറായി വിജയന്‍ , കോടിയേരി ബാലകൃഷ്ണന്‍ , ഇ കെ ഇമ്പിച്ചിബാവ, അഡ്വ. കുഞ്ഞനന്തന്‍നായര്‍ , അഡ്വ. എം കെ ദാമോദരന്‍ , കെ ഇ ഗംഗാധരന്‍ , ഒ ഭരതന്‍ , സഹദേവന്‍ , കെ പത്മനാഭന്‍ , എന്‍ ചന്ദ്രശേഖരകുറുപ്പ്, ടി അയ്യപ്പന്‍ , എ കണാരന്‍ , പി കെ ശങ്കരന്‍ , പി പി ശങ്കരന്‍ , എന്‍ജിഒ യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് ഇ പത്മനാഭന്‍ , എന്‍ അബ്ദുള്ള, കെ ബാലന്‍മാസ്റ്റര്‍ , അഖിലേന്ത്യാ ലീഗ് നേതാവ് സെയ്ത് ഉമ്മര്‍ബാഫക്കി തങ്ങള്‍ , അബ്ദുള്ളക്കുട്ടികേയി, പി എം അബൂബക്കര്‍ , സോഷ്യലിസ്റ്റ് നേതാവ് ചന്ദ്രശേഖരന്‍ , വീരേന്ദ്രകുമാര്‍ , പി കെ ശങ്കരന്‍കുട്ടി, ജനസംഘം നേതാവ് കെ ജി മാരാര്‍ തുടങ്ങി നിരവധിപേര്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഉണ്ടായിരുന്നു. ആറുമാസം കൂടുമ്പോള്‍ ഒരു പ്രഹസനമുണ്ട്. സിഐആര്‍ പ്രകാരം തടവിലടച്ചത് തുടരണമോ എന്ന പരിശോധന. പരിശോധന നടത്തി തുടര്‍ന്നും ജയിലിലടയ്ക്കേണ്ടത് ആവശ്യമാണെന്ന് ബോധ്യപ്പെട്ടിരിക്കുന്നു എന്ന് കാണിച്ച ഉത്തരവിറക്കി കോപ്പി തടവുകാര്‍ക്ക് നല്‍കും. പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളുടെ എതിരാളികളോട് പകപോക്കാനുള്ള അവസരംകൂടിയായിരുന്നു അടിയന്തരാവസ്ഥ. ഒരു ചെരിപ്പുകുത്തിയെ ഉള്‍പ്പെടെ ജയിലിലടച്ചിരുന്നു. കരിമ്പില്‍ കുഞ്ഞമ്പുവിനെ അറസ്റ്റ് ചെയ്തതിനും കാരണം ഒന്നുതന്നെ.

അടിയന്തരാവസ്ഥാക്കാലത്ത് ഇ എം എസ്, എ കെ ജി തുടങ്ങിയ നേതാക്കളെ അറസ്റ്റ് ചെയ്തിരുന്നില്ല. സോവിയറ്റ് യൂണിയനില്‍ ഉള്‍പ്പെടെ അടിയന്താരാവസ്ഥ ഫാസിസത്തിനെതിരായ നടപടിയാണെന്ന് പ്രചാരവേല നടത്താന്‍ അതാവശ്യമായിരുന്നു. ഇ എം എസും എ കെ ജിയും അടിയന്തരാവസ്ഥക്കെതിരെ പരസ്യമായി പ്രചാരവേല നടത്തി. എന്നിട്ടും അവരെ അറസ്റ്റ് ചെയ്തില്ല. അനാരോഗ്യം അവഗണിച്ചാണ് എ കെ ജി നാടെങ്ങും സഞ്ചരിച്ച് പൊതുയോഗത്തിലും പ്രവര്‍ത്തകയോഗത്തിലും പ്രസംഗിച്ചത്. കണ്ണൂര്‍ ജില്ലയില്‍ വായനശാലകള്‍ക്ക് കോണ്‍ഗ്രസ് ഗുണ്ടകള്‍ തീവെച്ചതും വായനശാലകള്‍ തച്ചുതകര്‍ത്തതും ഇക്കാലത്തായിരുന്നു. കോണ്‍ഗ്രസ് സംസ്കാരം എന്താണെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെടുത്തിയ സംഭവമായിരുന്നു ഇത്. "നാവടക്കൂ പണിയെടുക്കൂ" എന്നതായിരുന്നു അടിയന്തരാവസ്ഥയുടെ മുദ്രാവാക്യം. സമരവും പണിമുടക്കുമില്ല എന്നത് വലിയ നേട്ടമായി പ്രചരിപ്പിച്ചു. അച്ചടക്കത്തിന്റെ പ്രാധാന്യം കോണ്‍ഗ്രസ് നേതാക്കള്‍ ആവര്‍ത്തിക്കാന്‍ തുടങ്ങി. പൗരസ്വാതന്ത്ര്യം പൂര്‍ണമായി നിഷേധിക്കപ്പെട്ട, അടിമസമാനമായ ജീവിതം നയിക്കാന്‍ പൗരന്മാരെ പ്രേരിപ്പിച്ച ഇന്ത്യാചരിത്രത്തിലെ ഇരുണ്ട കാലഘട്ടമെന്ന് അടിയന്തരാവസ്ഥയെ വിളിക്കാം. ഇതാവര്‍ത്തിക്കാതിരിക്കാനുള്ള ജാഗ്രത കാണിക്കുകയും വേണം.

*
വി വി ദക്ഷിണാമൂര്‍ത്തി ദേശാഭിമാനി 25 ജൂണ്‍ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

മുപ്പത്താറ് വര്‍ഷംമുമ്പ് 1975 ജൂണ്‍ 25നാണ് ഇന്ദിരാഗാന്ധി ആഭ്യന്തര അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്. ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രമെന്ന് വിശേഷിപ്പിക്കുന്ന ഇന്ത്യയില്‍ പാര്‍ലമെന്ററി ജനാധിപത്യ വ്യവസ്ഥതന്നെ അട്ടിമറിക്കപ്പെട്ടു. ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങള്‍ ഒറ്റ രാത്രികൊണ്ട് ഭരണവര്‍ഗം കവര്‍ന്നെടുത്തു. ജയപ്രകാശ് നാരായണന്‍ , മൊറാര്‍ജി ദേശായ്, ചന്ദ്രശേഖര്‍ , ജ്യോതിര്‍മയി ബസു തുടങ്ങിയ പ്രതിപക്ഷ നേതാക്കളെ തുറുങ്കിലടച്ചു. രാജ്യരക്ഷയുടെ പേരിലാണ് യഥാര്‍ഥ രാജ്യസ്നേഹികളെ ജയിലിലടച്ചത്. അഭിപ്രായപ്രകടനസ്വാതന്ത്ര്യം നിഷേധിച്ചു. "അഭിപ്രായ പ്രകടനസ്വാതന്ത്ര്യം എന്റെ ജന്മാവാകാശമാണ്; അത് ഇന്ത്യന്‍ ഭരണഘടനയില്‍ എഴുതിച്ചേര്‍ക്കുന്നതുവരെ ഞാന്‍ വിശ്രമമില്ലാതെ പോരാടും" എന്നുറക്കെ പ്രഖ്യാപിച്ച ബാലഗംഗാധര തിലകന്റെ പാര്‍ടിയുടെ നേതാവാണ് അടിയന്തരാവസ്ഥ പ്രഖ്യാപനത്തിലൂടെ അഭിപ്രായ സ്വാതന്ത്ര്യം കവര്‍ന്നെടുത്തതെന്നോര്‍ക്കണം.