Thursday, June 2, 2011

കുടല്‍ കഴുകാന്‍ കുറുക്കനെ ഏല്‍പ്പിച്ചാല്‍

പത്താംക്ലാസിലെ സാമൂഹികശാസ്ത്രം പാഠപുസ്തകത്തെപ്പറ്റി മെത്രാന്‍സഭ (കെസിബിസി) ഉന്നയിച്ച ആക്ഷേപത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിയമിച്ച സമിതിയില്‍നിന്ന് ഡോ. എം ജി എസ് നാരായണന്‍ പിന്മാറിയതായി വാര്‍ത്ത കണ്ടു. ചരിത്രവിഷയ സംബന്ധിയായ പാഠപുസ്്തകം പരിശോധിക്കാനുള്ള സമിതിയില്‍ ചരിത്രപണ്ഡിതനെയായിരുന്നു അധ്യക്ഷനായി നിയമിക്കേണ്ടിയിരുന്നത്. അതായത് എം ജി എസ് അധ്യക്ഷപദവിയാണ് കാംക്ഷിച്ചിരുന്നത്. അദ്ദേഹത്തിന് പകരം മതശാസ്ത്രജ്ഞന്‍ എന്ന പേരില്‍ ഡോ. ബാബുപോളിനെ അധ്യക്ഷനാക്കിയതിന്റെ കെറുവ് കൊണ്ടാണ് എം ജി എസ് പിന്മാറിയതെന്നാണ് അനുമാനിക്കേണ്ടത്. എം ജി എസ് സമിതിയില്‍ ഉണ്ടായിരുന്നെങ്കില്‍ എഴുതുമായിരുന്ന റിപ്പോര്‍ട്ട് എന്തായിരിക്കുമെന്ന് പത്രവാര്‍ത്തയില്‍നിന്ന് മതിയായ സൂചന കിട്ടുന്നുണ്ട്.

പാശ്ചാത്യ സംസ്കാരത്തെപ്പറ്റിയും നവോത്ഥാനത്തെപ്പറ്റിയും ഇന്ത്യയില്‍ പ്രചരിപ്പിച്ചിരുന്ന പുസ്തകങ്ങള്‍ കത്തോലിക്ക വിരുദ്ധരായ ബ്രിട്ടീഷ് ചരിത്രകാരന്മാര്‍ എഴുതിയവയാണ്. അതിനാല്‍ കേരളത്തിലെ മെത്രാന്‍ സഭയുടെ ആക്ഷേപത്തിന് അടിസ്ഥാനമുണ്ട് എന്നാണ് എം ജി എസിന്റെ യുക്തി. എന്നാല്‍ , മൂന്ന് പതിറ്റാണ്ടുകാലം അധ്യാപകവൃത്തിയിലേര്‍പ്പെട്ടിരുന്ന കാലത്ത് അദ്ദേഹം പഠിപ്പിച്ച ബഹുശതം വിദ്യാര്‍ഥികളും ഇപ്പോള്‍ ചകിതരായിട്ടുണ്ടാകും. കാരണം "മതനവീകരണം" എന്ന അധ്യായം പഠിപ്പിക്കുമ്പോള്‍ യൂറോപ്പിലെ കത്തോലിക്കാ സഭയില്‍ നിലനിന്നിരുന്ന അനാശാസ്യപ്രവര്‍ത്തനങ്ങളെപ്പറ്റിയും അഴിമതിയെപ്പറ്റിയും അത്ര ആവേശഭരിതമായാണ് അന്ന് അദ്ദേഹം പ്രഭാഷണം നടത്തിയത്. താനൊരിക്കലും ആ അധ്യായം പഠിപ്പിച്ചിട്ടില്ല എന്ന് പറഞ്ഞ് അദ്ദേഹം രക്ഷപ്പെടാന്‍ ശ്രമിച്ചേക്കാം. എന്നാലും അദ്ദേഹം ചരിത്രവകുപ്പ് അധ്യക്ഷനായപ്പോള്‍ നടപ്പാക്കിയ സിലബസില്‍ "സെലക്ട് പ്രോബ്ലംസ് ഓഫ് വെസ്റ്റേണ്‍ സിവിലൈസേഷന്‍" എന്ന വിഷയത്തില്‍ മതനവീകരണത്തെപ്പറ്റി ഒരു അധ്യായമുണ്ട്. കത്തോലിക്കാവിരുദ്ധരായ ബ്രിട്ടീഷുകാര്‍ മാത്രമല്ല മതനിരപേക്ഷ വിശ്വാസികളും കത്തോലിക്കരുമായ നിരവധി പണ്ഡിതര്‍ എഴുതിയ പ്രബന്ധങ്ങള്‍ പഠിക്കാനായി നിര്‍ദേശിക്കപ്പെട്ട വായനസാമഗ്രികളുടെ കൂട്ടത്തിലുണ്ടായിരുന്നു. അവയിലെല്ലാംതന്നെ കത്തോലിക്ക സഭകളിലെ അഴിമതിയെക്കുറിച്ച് ദീര്‍ഘമായി പ്രതിപാദിച്ചിരുന്നു.

എം ജി എസ് അറിയാതെയാണോ ഈ പുസ്തകങ്ങള്‍ വായനയ്ക്കായി നിര്‍ദേശിക്കപ്പെട്ടത്? എം ജി എസ് മാത്രമല്ല അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങളും നിലപാട് വ്യക്തമാക്കേണ്ട സന്ദര്‍ഭമാണിത്. സര്‍ക്കാര്‍ നിയോഗിച്ച പാഠപുസ്തക സമിതി ഏതാണ്ട് ഒരു വര്‍ഷക്കാലമെടുത്ത് തയ്യാറാക്കി വിവിധ സമിതികളും പണ്ഡിതന്മാരും പരിശോധിച്ച പുസ്തകത്തെ വിദഗ്ധ പരിശോധനയ്ക്കായി ഒരു മതപണ്ഡിതനെ ഏല്‍പ്പിക്കുന്നത് കുറുക്കനെ കോഴിക്കുടല്‍ കഴുകാന്‍ ഏല്‍പ്പിക്കുന്നതുപോലെയാണ്. ഒരു മൗലവിയെയും ഏതെങ്കിലും ബ്രാന്‍ഡില്‍പെട്ട ഹിന്ദുസന്യാസിയെയുംകൂടി ഈ സമിതിയില്‍ ഉള്‍പ്പെടുത്തിയാല്‍ സര്‍ക്കാരിന്റെ മതനിരപേക്ഷത പൂര്‍ത്തിയാകും. ഡോ. ബാബുപോള്‍ ക്രൈസ്തവര്‍ക്ക് സ്വീകാര്യനാകുന്നത് ബൈബിള്‍ പണ്ഡിതന്‍ എന്ന നിലയ്ക്കാണ്. ബൈബിളിന്റെ ശബ്ദകോശകര്‍ത്താവാണ് അദ്ദേഹം. കേരളത്തിനകത്തുനിന്നും പുറത്തുനിന്നും അദ്ദേഹത്തിന് പുരസ്കാരങ്ങള്‍ കിട്ടിയതിലേറെയും ബൈബിള്‍ പണ്ഡിതന്‍ എന്ന നിലയ്ക്കാണ്, ചരിത്രപണ്ഡിതന്‍ എന്ന നിലയ്ക്കല്ല. സമിതിയിലെ മറ്റൊരു അംഗമായ ഡോ. റെയ്മന്‍ ചരിത്രാധ്യാപകനായിരുന്നു. തിരുവനന്തപുരം ജില്ലയിലെ കത്തോലിക്കാ സഭയുടെ ചരിത്രത്തെക്കുറിച്ചുള്ള ഗവേഷണഗ്രന്ഥത്തിന് കേരള സര്‍വകലാശാലയില്‍നിന്ന് ഡോക്ടറേറ്റ് നേടിയ ആളാണ്. കേരള സര്‍വകലാശാലയിലെ ബിരുദ-ബിരുദാനന്തര പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടാത്ത വിഷയത്തെപ്പറ്റിയാണ് അദ്ദേഹം ഗവേഷണം നടത്തിയത്. കത്തോലിക്കര്‍ക്ക് അദ്ദേഹം പ്രിയങ്കരനാകുവാന്‍ അത് സഹായിച്ചിട്ടുണ്ട്. കാല്‍നൂറ്റാണ്ടോളം താന്‍ പഠിപ്പിച്ച വിഷയത്തില്‍നിന്ന് വ്യത്യസ്തമായ റിപ്പോര്‍ട്ട് എഴുതാനാണ് അദ്ദേഹം നിയുക്തനായിരിക്കുന്നത്. എം ജി എസ് പിന്മാറിയതോടുകൂടി രണ്ട് ക്രിസ്ത്യന്‍ വിശ്വാസികള്‍ മാത്രമുള്ളതായിത്തീര്‍ന്നു ഈ "വിദഗ്ധ സമിതി".

ഇവിടെ കുറ്റകരമായ അനാസ്ഥയാണ് കേരളത്തിലെ അക്കാദമിക് സമൂഹം പുലര്‍ത്തുന്നത്. വ്യവസ്ഥാപിതമായ മാര്‍ഗങ്ങളിലൂടെ രൂപീകരിക്കപ്പെട്ട സമിതി തയ്യാറാക്കിയ പുസ്തകം പൊതുവിദ്യാഭ്യാസ സെക്രട്ടറിയും പൊതുവിദ്യാഭ്യാസ ഡയറക്ടറും ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥന്മാര്‍ അടങ്ങുന്ന പരമോന്നത സമിതി ഏകകണ്ഠമായി അംഗീകരിച്ച് അച്ചടിച്ച് വിതരണം ചെയ്തശേഷം പുനഃപരിശോധനയ്ക്കായി മതശാസ്ത്ര പണ്ഡിതന്മാരെ ഏല്‍പ്പിക്കുന്നതിലെ അക്കാദമികമായ ധാര്‍മികത ചോദ്യം ചെയ്യപ്പെടേണ്ടതാണ്. ആ ചോദ്യം ഉന്നയിക്കേണ്ടത് അക്കാദമിക് സമൂഹമാണ്. ഇന്ത്യ മതരാഷ്ട്രമാണോ മതനിരപേക്ഷ രാഷ്ട്രമാണോ എന്ന് അവര്‍ ഉറക്കെപ്പറയണം. ജാതി-മത മേധാവികള്‍ നിയന്ത്രിക്കുന്ന അധികാരികളുടെ ഇഷ്ടാനുസരണം പാഠപുസ്തകങ്ങള്‍ എഴുതാനോ തിരുത്താനോ തങ്ങളെ കിട്ടില്ലെന്ന് അവര്‍ പരസ്യമായി പ്രഖ്യാപിക്കണം.

*
വി കാര്‍ത്തികേയന്‍നായര്‍ ദേശാഭിമാനി 02 ജൂണ്‍ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

പത്താംക്ലാസിലെ സാമൂഹികശാസ്ത്രം പാഠപുസ്തകത്തെപ്പറ്റി മെത്രാന്‍സഭ (കെസിബിസി) ഉന്നയിച്ച ആക്ഷേപത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിയമിച്ച സമിതിയില്‍നിന്ന് ഡോ. എം ജി എസ് നാരായണന്‍ പിന്മാറിയതായി വാര്‍ത്ത കണ്ടു. ചരിത്രവിഷയ സംബന്ധിയായ പാഠപുസ്്തകം പരിശോധിക്കാനുള്ള സമിതിയില്‍ ചരിത്രപണ്ഡിതനെയായിരുന്നു അധ്യക്ഷനായി നിയമിക്കേണ്ടിയിരുന്നത്. അതായത് എം ജി എസ് അധ്യക്ഷപദവിയാണ് കാംക്ഷിച്ചിരുന്നത്. അദ്ദേഹത്തിന് പകരം മതശാസ്ത്രജ്ഞന്‍ എന്ന പേരില്‍ ഡോ. ബാബുപോളിനെ അധ്യക്ഷനാക്കിയതിന്റെ കെറുവ് കൊണ്ടാണ് എം ജി എസ് പിന്മാറിയതെന്നാണ് അനുമാനിക്കേണ്ടത്. എം ജി എസ് സമിതിയില്‍ ഉണ്ടായിരുന്നെങ്കില്‍ എഴുതുമായിരുന്ന റിപ്പോര്‍ട്ട് എന്തായിരിക്കുമെന്ന് പത്രവാര്‍ത്തയില്‍നിന്ന് മതിയായ സൂചന കിട്ടുന്നുണ്ട്.