Wednesday, June 15, 2011

കേരളത്തിലെ ആശുപത്രികള്‍

കഴിഞ്ഞ ദിവസം "മലയാള മനോരമ"പത്രത്തില്‍ നല്ലൊരു പരമ്പര കാണുകയുണ്ടായി. കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭിക്കുന്ന ചെലവുകുറഞ്ഞ ചികിത്സാ സൗകര്യങ്ങളാണ് പ്രധാനമായും അതില്‍ വിവരിക്കുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ ഭരണകാലത്ത് ആരോഗ്യമേഖലയില്‍ വന്ന ഗുണപരമായ മാറ്റങ്ങളാണ് യഥാര്‍ഥത്തില്‍ അതിലുള്ളത്. ഇതെല്ലാം നടപ്പാക്കുന്നതില്‍ കേന്ദ്ര ഫണ്ടും ഫലപ്രദമായി വിനിയോഗിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പെല്ലാം കഴിഞ്ഞതുകൊണ്ടായിരിക്കാം ഇത്രയും വിശദമായി കാര്യങ്ങള്‍ അവതരിപ്പിച്ചത്! ഒരു കാര്യം ഉറപ്പാണ്. നമ്മുടെ സര്‍ക്കാര്‍ ആശുപത്രികള്‍ ഏറെ മാറിയിരിക്കുന്നു. ആധുനിക ചികിത്സാ സൗകര്യങ്ങള്‍ പലതും കുറഞ്ഞ നിരക്കില്‍ ഈ സ്ഥാപനങ്ങളില്‍ ലഭ്യമാണ്. കഴിവും മനുഷ്യപ്പറ്റുമുള്ളവരാണ് ഡോക്ടര്‍മാരില്‍ നല്ലൊരു പങ്കും.

കഴിഞ്ഞ ദിവസം എറണാകുളത്തെ ജനറല്‍ ആശുപത്രി ഞാന്‍ സന്ദര്‍ശിക്കുകയുണ്ടായി. ദേശീയ അംഗീകാരം ലഭിച്ച ആശുപത്രിയുടെ പരിസരമെല്ലാം മാറിയിരിക്കുന്നു. സിടി സ്കാന്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ കുറഞ്ഞ ചെലവില്‍ ഇവിടെ ലഭ്യമാണ്. താക്കോല്‍ ദ്വാര ശസ്ത്രക്രിയയുടെ കാര്യത്തില്‍ സ്വകാര്യ ആശുപത്രികളെ മറികടക്കുന്ന മികവാണ് ഇവിടെയുള്ളത്. ഡോക്ടര്‍ സജിയാണ് അതു നിര്‍വഹിക്കുന്നത്. ആശുപത്രി സൂപ്രണ്ടായ ജുനൈദിന്റെ മികച്ച നേതൃത്വം ജില്ലാ ആശുപത്രിയുടെ മികവിനു നല്ല പങ്കു വഹിക്കുന്നുണ്ട്. വാര്‍ഡുകളിലെല്ലാം വലിയ തിരക്കാണ്. ബെഡ്ഡുകള്‍ ഒന്നും തന്നെ ഒഴിവില്ല. ഇതു തന്നെയാണ് മിക്കവാറും സര്‍ക്കാര്‍ ആശുപത്രികളിലെ സ്ഥിതി.

ഞാനും ഡോക്ടര്‍ മാത്യൂസ് നമ്പേലിയും ചേര്‍ന്ന് ക്യാന്‍സര്‍ വാര്‍ഡുകള്‍ സന്ദര്‍ശിച്ചു. പാലിയേറ്റീവ് കെയറിനായി സമര്‍പ്പിച്ച വ്യക്തിയാണ് നമ്പേലി. ഞാന്‍ എസ്എഫ്ഐയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ നമ്പേലി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പഠിക്കുകയാണ്. അന്നു സര്‍വകലാശാലാ യൂണിയന്‍ ചെയര്‍മാനായിരുന്നു. പിന്നീട് ഈ രംഗത്ത് കേന്ദ്രീകരിച്ചു. മലപ്പുറം ജില്ലയിലെ പാലിയേറ്റീവ് കെയര്‍ സംവിധാനത്തിന്റെ പ്രധാന സംഘാടകനായിരുന്നു. ഇപ്പോള്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഈ വിഭാഗത്തിന്റെ ചുമതല വഹിക്കുന്നു. പാലിയേറ്റീവ് കെയര്‍ രംഗത്തുനിന്ന് തന്നെയാണ് ജീവിതപങ്കാളിയെയും കണ്ടെത്തിയത്.

വാര്‍ഡില്‍ കിടക്കുന്നവരില്‍ രോഗത്തിന്റെ വേദനയും ചികിത്സയുടെ കാഠിന്യവും പ്രതിഫലിക്കുന്നു. മരുന്നിന്റെ കാര്യത്തിലാണ് രോഗികള്‍ ഏറെ കഷ്ടപ്പെടുന്നത്. ഇവിടെ ചികിത്സിക്കുന്ന രോഗികളുടെ കീമോ തെറാപ്പിക്കുവേണ്ടി ഒരു മാസം പത്തു ലക്ഷത്തിലധികം രൂപയാണ് ചെലവു വരുന്നത്. രോഗികളെ കാണാന്‍ വരുന്നവരും സുമനസ്സുകള്‍ നല്‍കുന്ന സഹായങ്ങളുമാണ് കുറച്ചു ആശ്വാസം നല്‍കുന്നത്. ഇതിനായി ഒരു സാമൂഹ്യ പ്രസ്ഥാനം ആരംഭിക്കേണ്ടതുണ്ട്. രോഗികള്‍ക്ക് ആവശ്യമായ ഭക്ഷണം മിക്കവാറും സൗജന്യമായാണ് നല്‍കുന്നത്. പല സംഘടനകളാണ് ഇതിന്റെ ചുമതല വഹിക്കുന്നത്. അത് കേന്ദ്രീകൃത അടുക്കളയില്‍ പാചകം ചെയ്ത് നല്‍കാന്‍ ഇപ്പോള്‍ ആലോചിച്ചിട്ടുണ്ട്. നഗരത്തിനു ചുറ്റുമുള്ള ആയിരത്തോളം രോഗികളാണ് പാലിയേറ്റീവ് കെയര്‍ യൂണിറ്റില്‍ പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇവരുടെ വീടുകളില്‍ പോയി പരിശോധനയും ആവശ്യമായ നേഴ്സിങ് സൗകര്യങ്ങളും പാലിയേറ്റീവ് കെയര്‍ യൂണിറ്റ് നല്‍കും.

ആലുവ താലൂക്ക് ആശുപത്രിയില്‍ ഞാന്‍ മുന്‍കൈയെടുത്ത് എംപി ഫണ്ട് ഉപയോഗിച്ചും മറ്റു സ്ഥാപനങ്ങളുടെയും സംഘടനകളുടെയും സഹായത്തോടെയും ആരംഭിച്ച ഡയാലിസിസ് യൂണിറ്റില്‍ കഴിഞ്ഞ ദിവസം ആയിരം ഡയാലിസിസുകള്‍ കഴിഞ്ഞതായി മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ വിജയകുമാറിന്റെ സന്ദേശം മെയിലില്‍ എത്തി. അദ്ദേഹവും ഇതിനായി സമര്‍പ്പിച്ച വ്യക്തിയാണ്. കണ്‍സള്‍ട്ടിങ്ങിനായി ആയിരങ്ങള്‍ ഡോക്ടര്‍മാരില്‍ ചിലര്‍ വാങ്ങുന്ന മേഖലയാണ് നെഫ്രോളജി. അപ്പോഴാണ് അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍ ജോസഫ് ജോസഫ് പൂര്‍ണമായും സൗജന്യമായി രണ്ടു ദിവസം ഇവിടെ ചെലവഴിക്കുന്നത്. ഈ സ്ഥാപനത്തെക്കുറിച്ച് കേട്ടറിഞ്ഞ് കാര്‍ഡിയോളജിസ്റ്റായ ഡോക്ടര്‍ ജയദീപ് മേനോനും രണ്ടു ദിവസം സൗജന്യമായി രോഗികളെ പരിശോധിക്കുന്നു. പ്രത്യേക പരിശീലനം നേടിയ ഡോക്ടര്‍ രാജലക്ഷ്മിയും ശാന്തകുമാരിയും മറ്റും സമര്‍പ്പണത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. നേഴ്സുമാരും ടെക്നീഷ്യന്‍മാരും ഈ ഗണത്തില്‍പ്പെട്ടവര്‍ തന്നെ. കേവലം 200 രൂപയാണ് പാവപ്പെട്ട രോഗികളില്‍നിന്ന് ഒരു ഡയാലിസിസിനായി ഈടാക്കുന്നത്. രോഗി സ്വയം നല്‍കുന്ന വിവരങ്ങളുടെയും പാലിയേറ്റീവ് കെയര്‍ യൂണിറ്റ് രോഗിയുടെ വീട്ടില്‍ പോയി പരിശോധിച്ച് നല്‍കുന്ന റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തിലാണ് സൗജന്യത്തിന്റെ അര്‍ഹത നിശ്ചയിക്കുന്നത്. ഇതുവരെ വന്ന രോഗികളില്‍ എല്ലാവരും തന്നെ ഈ ഗണത്തില്‍പ്പെടുന്നവരാണ്. സ്വകാര്യആശുപത്രികളില്‍ ആയിരത്തിനു മുകളിലാണ് ഒരു ഡയാലിസിസിന് ഈടാക്കുന്നത്. ആഴ്ചയില്‍ മൂന്നും നാലും ഡയാലിസിസ് വേണ്ടിവരുന്ന രോഗികളുമുണ്ടാകും. ഒരു മാസം എല്ലാത്തിനും കൂടി നല്ലൊരു തുക മുടക്കേണ്ടിവരുന്നവര്‍ എപിഎല്‍ ആണെങ്കില്‍ പോലും പെട്ടെന്ന് അതിദരിദ്ര പട്ടികയില്‍പ്പെടും. അങ്ങനെയുള്ളവര്‍ക്ക് വലിയ ആശ്വാസമാണ് ഈ സ്ഥാപനം.

ആലുവയില്‍ പാലിയേറ്റീവ് കെയര്‍ രംഗത്ത് മികച്ച സംഭാവന ചെയ്യുന്നയാളാണ് ഡോക്ടര്‍ ഹൈദരാലി. ക്യാന്‍സര്‍ വന്ന് മരിച്ചവരുടെ വിധവകളെ ജീവിതത്തിലേക്ക് കൈപിടിച്ച് കൊണ്ടുവരുന്നതിന് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഇപ്പോള്‍ ഒരു സംരംഭം തുടങ്ങിയിട്ടുണ്ട്. പവ്വര്‍ എന്നാണ് അവരുണ്ടാക്കുന്ന ഉല്‍പ്പന്നങ്ങളുടെ പേര്. ക്യാന്‍സര്‍ ചികിത്സ കഴിയുമ്പോഴേക്കും മിക്കവാറും കടംകയറി വല്ലാത്ത അവസ്ഥയിലായിരിക്കും കുടുംബങ്ങള്‍ . കുടുംബനാഥനാണെങ്കില്‍ മരിച്ചുപോവുകയും ചെയ്തു. ഇങ്ങനെയുള്ള വിധവകള്‍ക്ക് വലിയ ആശ്വാസമാണ് ഈ സംരംഭം. അതുപോലെ മാത്യൂസിന്റെ നേതൃത്വത്തില്‍ പാലിയേറ്റീവ് കെയര്‍ യൂണിറ്റ് അരയ്ക്കുതാഴെ തളര്‍ന്നവരെ സഹായിക്കുന്നതിനായി സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇത്തരത്തിലുള്ളവരുടെ കൈകള്‍ സാധാരണപോലെ ഉപയോഗിക്കാന്‍ കഴിയുന്നതാണ്. അതുകൊണ്ടുതന്നെ അവര്‍ക്ക് കൈ ഉപയോഗിച്ച് അധ്വാനിക്കാന്‍ കഴിയും. പക്ഷേ അതിനായി പരസഹായം അല്‍പ്പം വേണ്ടിവരും. എന്നിരിക്കലും അത് അവരുടെ ജീവിതത്തിലേക്ക് പുതിയ വെളിച്ചം നല്‍കും.

പ്രശസ്തിയോ പ്രതിഫലമോ ആഗ്രഹിക്കാതെ നന്മനിറഞ്ഞ പ്രവര്‍ത്തനം നടത്തുന്ന നിരവധി വ്യക്തികള്‍ നമ്മുടെ പൊതു ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. പക്ഷേ, സര്‍ക്കാര്‍ ആശുപത്രികളില്‍ ഏതെങ്കിലൂം തരത്തില്‍ ചെറിയ പ്രശ്നം വന്നാല്‍ പോലും മാധ്യമങ്ങള്‍ ആഘോഷിക്കും. എന്നാല്‍ , വന്‍കിട സ്വകാര്യ ആശുപത്രികളില്‍ എത്ര വലിയ പ്രശ്നമുണ്ടായാലും മാധ്യമങ്ങള്‍ സ്ഥാപനങ്ങളുടെ പേര് മറച്ചുവയ്ക്കും. സര്‍ക്കാര്‍ ആശുപത്രികളിലെ തെറ്റായ പ്രവണതകള്‍ തുറന്നുകാണിക്കേണ്ടതു തന്നെ. പക്ഷേ, അത്തരം വിമര്‍ശനങ്ങള്‍ ക്രിയാത്മകമാകേണ്ടതുണ്ട്. ഇതേ ഉത്തരവാദിത്തം സ്വകാര്യ ആരോഗ്യസ്ഥാപനങ്ങളിലെ കഴുത്തറപ്പന്‍ കച്ചവടങ്ങള്‍ക്കെതിരെയും നടത്താനും തയ്യാറാകണം. ആരോഗ്യപരിപാലനത്തിലെ സാമൂഹ്യ ഇടപെലിന് പുതിയ രീതികളും അവലംബിക്കേണ്ടിയിരിക്കുന്നു

*
പി രാജീവ് ദേശാഭിമാനി 150 ജൂണ്‍ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

കഴിഞ്ഞ ദിവസം "മലയാള മനോരമ"പത്രത്തില്‍ നല്ലൊരു പരമ്പര കാണുകയുണ്ടായി. കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭിക്കുന്ന ചെലവുകുറഞ്ഞ ചികിത്സാ സൗകര്യങ്ങളാണ് പ്രധാനമായും അതില്‍ വിവരിക്കുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ ഭരണകാലത്ത് ആരോഗ്യമേഖലയില്‍ വന്ന ഗുണപരമായ മാറ്റങ്ങളാണ് യഥാര്‍ഥത്തില്‍ അതിലുള്ളത്. ഇതെല്ലാം നടപ്പാക്കുന്നതില്‍ കേന്ദ്ര ഫണ്ടും ഫലപ്രദമായി വിനിയോഗിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പെല്ലാം കഴിഞ്ഞതുകൊണ്ടായിരിക്കാം ഇത്രയും വിശദമായി കാര്യങ്ങള്‍ അവതരിപ്പിച്ചത്! ഒരു കാര്യം ഉറപ്പാണ്. നമ്മുടെ സര്‍ക്കാര്‍ ആശുപത്രികള്‍ ഏറെ മാറിയിരിക്കുന്നു. ആധുനിക ചികിത്സാ സൗകര്യങ്ങള്‍ പലതും കുറഞ്ഞ നിരക്കില്‍ ഈ സ്ഥാപനങ്ങളില്‍ ലഭ്യമാണ്. കഴിവും മനുഷ്യപ്പറ്റുമുള്ളവരാണ് ഡോക്ടര്‍മാരില്‍ നല്ലൊരു പങ്കും.