Thursday, June 9, 2011

പെറുവിലെ ഇടതുപക്ഷ വിജയം

ലാറ്റിനമേരിക്കയില്‍ നിന്നുവരുന്ന മാറ്റത്തിന്റെ സന്ദേശം സവിശേഷ രാഷ്ട്രീയപ്രസക്തിയുള്ളതാണ്. ലാറ്റിനമേരിക്കയിലെ ഭൂരിപക്ഷം രാജ്യങ്ങളിലും ഇടതുപക്ഷരാഷ്ട്രീയം വിജയിച്ചുമുന്നേറുന്നു. ആ പരമ്പരയിലെ ഏറ്റവും പുതിയ കണ്ണിയാണ് പെറുവിലെ ഇടതുപക്ഷവിജയം. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്കും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ സോഷ്യലിസ്റ്റ് ശക്തികള്‍ക്കേറ്റ പിന്നോട്ടടികള്‍ക്കും ശേഷമുള്ള ഘട്ടത്തില്‍ മുതലാളിത്തവും അതിന്റെ ഉയര്‍ന്ന രൂപമായ സാമ്രാജ്യത്വവും ലോകത്തിനുമുമ്പില്‍വച്ച ഒരു സന്ദേശമുണ്ട്: "സോഷ്യലിസം മരിച്ചു; ഇനി മുതലാളിത്തം; മുതലാളിത്തം മാത്രം" എന്നതായിരുന്നു അത്. ലോകമാകെ തങ്ങളുടെ ഏകഛത്രാധിപത്യത്തിനുകീഴില്‍ അമരാന്‍പോവുകയാണെന്ന ഗര്‍വോടെയായിരുന്നു സാമ്രാജ്യത്വം അന്ന് ആ മുദ്രാവാക്യമുയര്‍ത്തിയത്.

സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്കുശേഷമുള്ള രണ്ടുപതിറ്റാണ്ടുകളിലായി ലോകം കണ്ടത്, ആ മുദ്രാവാക്യം മണ്‍കൊട്ടാരംപോലെ തകര്‍ന്നടിയുന്നതാണ്. മുതലാളിത്തം കൂടുതല്‍ കൂടുതല്‍ പ്രതിസന്ധിയിലേക്കു കൂപ്പുകുത്തുന്നതും മുതലാളിത്ത നാടുകളില്‍തന്നെ പരക്കെ ജനകലാപങ്ങളുയരുന്നതും ലോകം കണ്ടു. ഫ്രാന്‍സിലെ ദശലക്ഷക്കണക്കിനാളുകളുടെ തെരുവുപ്രകടനങ്ങള്‍ മുതല്‍ ഗ്രീസിലെയും ഇറ്റലിയിലെയും തെരുവുകലാപങ്ങള്‍വരെ. ഇങ്ങനെ, മുതലാളിത്തം പ്രശ്നങ്ങളില്‍നിന്ന് പ്രശ്നങ്ങളിലേക്ക് പോവുകയും അതിനെ രക്ഷിക്കാന്‍ ശ്രമിക്കുന്ന ഭരണസംവിധാനങ്ങള്‍ ജനവിദ്വേഷത്തിന് പാത്രമാവുകയുംചെയ്യുന്ന ഇതേഘട്ടത്തിലാണ് ലാറ്റിനമേരിക്കയില്‍ തുടര്‍ച്ചയായി കൂടുതല്‍ രാജ്യങ്ങള്‍ ഇടതുപക്ഷ പതാക ഉയര്‍ത്തിപ്പിടിക്കുന്നത്. തൊഴിലാളിവര്‍ഗ നേതൃത്വത്തിലുള്ള ജനമുന്നേറ്റങ്ങളാണ് ലോകം ഇന്ന് ലാറ്റിനമേരിക്കയില്‍ കാണുന്നത്. പശ്ചിമാര്‍ധഗോളത്തില്‍ ഇന്ന്, പണ്ടത്തെ അവസ്ഥയല്ല. മുതലാളിത്തത്തോടും സാമ്രാജ്യത്വത്തോടും നേര്‍ക്കുനേര്‍നിന്നു പൊരുതി വിജയിക്കാന്‍ നിരവധി ജനതയുണ്ട് എന്നുവന്നിരിക്കുന്നു.

അമേരിക്കയുടെ നേരിട്ടുള്ള അട്ടിമറിശ്രമങ്ങള്‍ , സിഐഎയെക്കൊണ്ടുള്ള കുഴപ്പമുണ്ടാക്കലുകള്‍ , ജനനേതാക്കള്‍ക്കെതിരായ വധശ്രമങ്ങള്‍ , കൊലപാതകപരമ്പരകള്‍ തുടങ്ങിയവകൊണ്ട് കലുഷമായ ദുരന്തകാലത്തെ അതിജീവിച്ച് തലയുയര്‍ത്തിപ്പിടിച്ച് സ്വാതന്ത്ര്യത്തിന്റെ പതാക പറത്തുകയാണിന്ന് ലാറ്റിനമേരിക്കയിലെ നിരവധി രാജ്യങ്ങള്‍ . ഗ്വാട്ടിമാലയിലും ചിലിയിലും ഒക്കെ അമേരിക്ക നടത്തിയ നിഷ്ഠുരമായ അട്ടിമറികളുടെ ചിത്രം ഇന്നും ലോകത്തിന്റെ മനസ്സില്‍ നീറുന്ന മുറിവായി നില്‍ക്കുന്നുണ്ട്. പാവഭരണാധികാരികളെയും പട്ടാള ഭരണാധികാരികളെയും വാഴിച്ച് ആ നാടുകളില്‍നിന്ന് വിഭവങ്ങള്‍ ചോര്‍ത്തിക്കൊണ്ടുപോകാമെന്ന അമേരിക്കയുടെ കുതന്ത്രങ്ങള്‍ ഫലിക്കില്ലെന്ന അവസ്ഥ ലാറ്റിനമേരിക്കന്‍ നാടുകളിലുണ്ടാവുന്നതിനെ ലോകത്തെമ്പാടുമുള്ള ജനാധിപത്യസ്നേഹികള്‍ ആവേശത്തോടെയാണ് നോക്കിക്കാണുന്നത്. സാമ്രാജ്യത്വത്തിനും അതിന്റെ ആഗോളവല്‍ക്കരണനയങ്ങള്‍ക്കും തദ്ദേശ ഏജന്റുമാര്‍ക്കും കനത്ത ആഘാതമേല്‍പ്പിച്ചുകൊണ്ടുള്ള ഇപ്പോഴത്തെ വിജയപരമ്പരയ്ക്ക് തുടക്കമായത് 1988ലാണ്. വെനസ്വേലയിലെ ഹ്യൂഗോ ഷാവേസിന്റെ വിജയമാണ് തുടക്കമായത്. ഉരുക്കുതൊഴിലാളിയുടെ മകനായ ലുല ബ്രസീലിന്റെ ഭരണാധികാരസ്ഥാനത്തേക്കുയര്‍ന്നത് 2002ലാണ്. 2003ല്‍ അര്‍ജന്റീനയില്‍ കിര്‍ച്നറും തൊട്ടടുത്ത വര്‍ഷം ഉറുഗ്വേയില്‍ ടാബ്റേ വാസ്ക്വേസും 2005ല്‍ ബൊളീവിയയില്‍ ഈവോ മൊറയ്ല്‍സും 2006ല്‍ ഇക്വഡോറില്‍ റാഫേല്‍ ക്വൊറിയയും അധികാരത്തില്‍വന്നു. അതേവര്‍ഷംതന്നെയാണ് നിക്കരാഗ്വയില്‍ ഡാനിയല്‍ ഓര്‍തേഗയുടെ വിജയമുണ്ടായതും.

2007ല്‍ പരാഗ്വയില്‍ ഫെര്‍ണാണ്ടോ ലൂഗോയും എല്‍സാല്‍വഡോറില്‍ മൗറികോഫ്യൂണ്‍സും അധികാരത്തില്‍വന്നു. ലാറ്റിനമേരിക്കയുടെ മുഖമാകെ ചുവക്കുന്ന ആ പരമ്പരയിലെ പുതിയ കണ്ണിയായിരിക്കുന്നു പെറുവിലെ ഒല്ലാന്ത ഹുമാലയുടെ വിജയം. ഈ രാജ്യങ്ങളിലെല്ലാം ഒന്നുകില്‍ കമ്യൂണിസ്റ്റുകാര്‍ , അതല്ലെങ്കില്‍ വിശാല ഇടതുപക്ഷചിന്താഗതിക്കാരാണ് അധികാരത്തില്‍ വന്നത്. പരാജയപ്പെട്ടതാകട്ടെ, മുതലാളിത്തത്തിന്റെയും ബഹുരാഷ്ട്ര കോര്‍പറേറ്റുകളുടെയും വക്താക്കളായ രാഷ്ട്രീയക്കാര്‍ . ഒരു ഡസനോളം ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ ഇടതുപക്ഷപതാക ആഗോളീകരണത്തിന്റെയും ഉദാരീകരണത്തിന്റെയും നയങ്ങളെ വെല്ലുവിളിച്ചുകൊണ്ട് ഉയര്‍ന്നുപറക്കുന്നതില്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിനുള്ള അസ്വസ്ഥത ചെറുതല്ല. അവര്‍ അവസരം കാത്തുനില്‍ക്കും എന്നതിന് തര്‍ക്കവുമില്ല. ഏതായാലും ലാറ്റിനമേരിക്ക പൊതുവില്‍ സാമ്രാജ്യത്വത്തിനും അതിന്റെ രാഷ്ട്രീയത്തിനുമെതിരായി ഉണര്‍ന്നെണീക്കുകയാണ് എന്നത് തര്‍ക്കമറ്റ കാര്യമാണ്. ബ്രസീലില്‍ നടന്ന സൗഹൃദകൂട്ടായ്മയില്‍ സാമ്രാജ്യത്വവിരുദ്ധ ഐക്യത്തിനുവേണ്ടിയുള്ള അഭിവാഞ്ഛ പ്രകടമായിരുന്നു. അര്‍ജന്റീന, ബൊളീവിയ, ബ്രസീല്‍ , ചിലി, ക്യൂബ, കൊളംബിയ, കോസ്റ്റാറിക്ക, എല്‍സാല്‍വഡോര്‍ , ഇക്വഡോര്‍ , ഗ്വാട്ടിമല, ഹോണ്ടുറാസ്, നിക്കരാഗ്വ, പരാഗ്വേ, പനാമ, പെറു, പ്യൂര്‍ടോറിക്ക, ഉറുഗ്വേ, വെനസ്വേല തുടങ്ങിയ രാജ്യങ്ങളില്‍നിന്നൊക്കെയുള്ള തൊഴിലാളിസംഘടനാപ്രതിനിധികള്‍ ബ്രസീലിലെ സാവോപോളോയില്‍ നടത്തിയ സൗഹൃദകൂട്ടായ്മയിലുണ്ടായ സാമ്രാജ്യത്വവിരുദ്ധ ആവേശം തുടര്‍ന്നിങ്ങോട്ട് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുകളിലാകെ ജനവികാരമായി പടര്‍ന്നു എന്നതാണ് കഴിഞ്ഞവര്‍ഷങ്ങളിലുണ്ടായ ഈ ഇടതുപക്ഷ വിജയപരമ്പരയില്‍നിന്ന് മനസിലാക്കേണ്ടത്.

പെറുവിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഒല്ലാന്ത ഹുമാല നേടിയ വിജയം സാമ്രാജ്യത്വത്തിനും അതിന്റെ ബഹുരാഷ്ട്ര കോര്‍പറേറ്റ് രാഷ്ട്രീയ ഏജന്റുമാര്‍ക്കും ഏറ്റ ആഘാതമാണ്. ഇടതുപക്ഷത്തിന്റെ ഹുമാലയും വലതുപക്ഷത്തിന്റെ കീകോഫുജിമോറയും തമ്മിലായിരുന്നു മത്സരം. മുന്‍പ്രസിഡന്റും തടവുശിക്ഷയനുഭവിക്കുന്നയാളുമായ ആല്‍ബര്‍ട്ടോയുടെ മകളായിരുന്നു വലതുപക്ഷ സ്ഥാനാര്‍ഥി കീകോ. കീകോയെ ഉപകരണമാക്കി പെറുവിലെ സ്വര്‍ണവും വെള്ളിയും ചെമ്പും അടക്കമുള്ള ഖനിജങ്ങള്‍ കൊള്ളചെയ്തുകൊണ്ടുപോകാനുള്ള താല്‍പ്പര്യത്തോടെ അമേരിക്കന്‍ സാമ്രാജ്യത്വം ഈ തെരഞ്ഞെടുപ്പില്‍ നേരിട്ടുതന്നെ ഇടപെട്ടിരുന്നു.

വെനസ്വേലയിലെ ഷാവോസുമായുള്ള ചങ്ങാത്തവും ഇടതുപക്ഷനിലപാടിലുള്ള ചാഞ്ചല്യമില്ലായ്മയും ഹുമാലയെ സാമ്രാജ്യത്വത്തിന്റെ കണ്ണിലെ കരടാക്കി മാറ്റുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ എല്ലാ പിന്തുണയും നല്‍കി കീകോയെ വിജയിപ്പിച്ചെടുക്കാന്‍ അമേരിക്ക സകല അടവും പയറ്റി. കീകോ തോറ്റപ്പോള്‍ , തോല്‍വി അമേരിക്കയുടേതുകൂടിയായി മാറി. ലാറ്റിനമേരിക്കയില്‍ തുടരെയുണ്ടാവുന്ന രാഷ്ട്രീയ ചുവരെഴുത്തുകള്‍ കാണാന്‍ അമേരിക്ക ഇപ്പോഴും തയ്യാറാവുന്നില്ല. അമേരിക്കയ്ക്ക് മുമ്പിലെന്നതിനപ്പുറം ലോകത്തിന്റെ മുമ്പിലാകെത്തന്നെ ലാറ്റിനമേരിക്കയിലെ ഇടതുപക്ഷ വിജയപരമ്പരകള്‍ പുതിയ പാഠം തുറന്നുവയ്ക്കുന്നുണ്ട്. അത് സോഷ്യലിസത്തിന്റെ വര്‍ധിച്ചുവരുന്ന പ്രസക്തിയുടെ പാഠമാണ്. മാര്‍ക്സിസത്തിന്റെ ഏറിവരുന്ന സാംഗത്യമാണ്. അവസാനവാക്ക് മുതലാളിത്തത്തിന്റേതാണെന്ന സാമ്രാജ്യത്വപാഠങ്ങള്‍ക്കുള്ള പുതിയ കാലത്തിന്റെ തിരുത്തല്‍ക്കുറിപ്പുകളുമാണവ. ചൈനയും ജനാധിപത്യകൊറിയയും വിയറ്റ്നാമും ക്യൂബയും ലാറ്റിനമേരിക്കയിലെ ഈ പുതുനിര രാജ്യങ്ങളുമെല്ലാം ചേര്‍ന്ന് ആവര്‍ത്തിച്ചുപറയുന്നത്, ജനങ്ങള്‍ അവരുടെ പ്രശ്നങ്ങള്‍ക്കുള്ള ആത്യന്തികപരിഹാരത്തിനായി ഇടതുപക്ഷത്തെത്തന്നെ ഉറ്റുനോക്കുന്നുവെന്ന സത്യമാണ്.

*
മുഖപ്രസംഗം ദേശാഭിമാനി ദിനപത്രം 9 ജൂണ്‍ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ലാറ്റിനമേരിക്കയില്‍ നിന്നുവരുന്ന മാറ്റത്തിന്റെ സന്ദേശം സവിശേഷ രാഷ്ട്രീയപ്രസക്തിയുള്ളതാണ്. ലാറ്റിനമേരിക്കയിലെ ഭൂരിപക്ഷം രാജ്യങ്ങളിലും ഇടതുപക്ഷരാഷ്ട്രീയം വിജയിച്ചുമുന്നേറുന്നു. ആ പരമ്പരയിലെ ഏറ്റവും പുതിയ കണ്ണിയാണ് പെറുവിലെ ഇടതുപക്ഷവിജയം. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്കും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ സോഷ്യലിസ്റ്റ് ശക്തികള്‍ക്കേറ്റ പിന്നോട്ടടികള്‍ക്കും ശേഷമുള്ള ഘട്ടത്തില്‍ മുതലാളിത്തവും അതിന്റെ ഉയര്‍ന്ന രൂപമായ സാമ്രാജ്യത്വവും ലോകത്തിനുമുമ്പില്‍വച്ച ഒരു സന്ദേശമുണ്ട്: "സോഷ്യലിസം മരിച്ചു; ഇനി മുതലാളിത്തം; മുതലാളിത്തം മാത്രം" എന്നതായിരുന്നു അത്. ലോകമാകെ തങ്ങളുടെ ഏകഛത്രാധിപത്യത്തിനുകീഴില്‍ അമരാന്‍പോവുകയാണെന്ന ഗര്‍വോടെയായിരുന്നു സാമ്രാജ്യത്വം അന്ന് ആ മുദ്രാവാക്യമുയര്‍ത്തിയത്.