2008 ല്‍ ആരംഭിച്ച ലോക സാമ്പത്തിക മാന്ദ്യം ഇന്നു വളര്‍ന്ന് കൂടുതല്‍ വലിയൊരു സാമ്പത്തിക പ്രതിസന്ധിയായി എല്ലാ രാജ്യങ്ങളെയും ഗ്രസിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ രാജ്യത്തേയും ഇതു ബാധിക്കുന്നത് വിവിധ രൂപങ്ങളിലാണ്. അവ ആര്‍ജിച്ച സാമ്പത്തിക വളര്‍ച്ചയുടെ തോതനുസരിച്ച്. വികസിത രാജ്യങ്ങളെന്നറിയപ്പെടുന്ന അമേരിക്കയെയും യൂറോപ്പിനേയും ഇതു ബാധിച്ചത് നാണ്യ പ്രതിസന്ധിയായാണ്. വായ്‌പയുടെ അടിസ്ഥാനത്തില്‍ അവിടെ നിലനിന്ന അഭിവൃദ്ധി തകര്‍ന്ന് ഈ രാജ്യങ്ങള്‍ പാപ്പരീകരണത്തിന്റെ വക്കിലെത്തി. വികസ്വര രാജ്യങ്ങളെ സംബന്ധിച്ച് ഈ പ്രതിസന്ധി നാണയപ്പെരുപ്പം, തൊഴിലില്ലായ്‌മ, ദാരിദ്ര്യം എന്നീ രൂപങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. സമ്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരം വര്‍ധിച്ചുകൊണ്ടിരിക്കുന്നു. സമൂഹത്തെയാകെ ഗ്രസിക്കുന്ന അഴിമതിക്ക് ഇത് വഴിവയ്‌ക്കുകയും ചെയ്‌തു. സി പി ഐ ദേശീയ കൗണ്‍സില്‍ അംഗീകരിച്ച രാഷ്‌ട്രീയ സംഭവ വികാസങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടിന്റെ ആമുഖമായി സാര്‍വദേശീയ സ്ഥിതിയിലെ ഇരുണ്ട വശങ്ങള്‍ വിലയിരുത്തിയത് ഇങ്ങനെയാണ്.
തുടര്‍ന്ന് ആ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിച്ചത് ഈ കാലഘട്ടത്തില്‍ സംഭവിച്ച പ്രതീക്ഷാനിര്‍ഭരമായ സംഭവ വികാസങ്ങളെയാണ്. ലാറ്റിന്‍ അമേരിക്കന്‍ രാഷ്‌ട്രങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷ നേതാക്കന്‍മാരും പ്രസ്ഥാനങ്ങളും ശ്രദ്ധേയമായ നേട്ടങ്ങള്‍ തുടര്‍ന്നും കൈവരിച്ചു. അറബ് രാഷ്‌ട്രങ്ങളിലും മധ്യപൂര്‍വ ഏഷ്യയിലും വടക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലും ഏകാധിപത്യത്തിനെതിരെ, ജനാധിപത്യാവകാശങ്ങള്‍ക്കുവേണ്ടി നടന്ന വന്‍പ്രസ്ഥാനങ്ങള്‍, ലോക സാമ്പത്തിക പ്രതിസന്ധി സൃഷ്‌ടിച്ച ദുരന്തങ്ങളില്‍ നിന്നാണ് രൂപം പ്രാപിച്ചത്. ഈ കാലഘട്ടത്തില്‍ വളര്‍ന്നുവന്ന ശക്തമായ മറ്റൊരു പ്രതിഭാസം സംഘടിത തൊഴിലാളിവര്‍ഗപ്രസ്ഥാനം കൈവരിച്ച വലിയ മുന്നേറ്റങ്ങളാണ്.
കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു പി എ സര്‍ക്കാര്‍ അവരുടെ നവലിബറലിസ്റ്റ് നയങ്ങളുടെയടിസ്ഥാനത്തില്‍ ജനങ്ങളുടെമേല്‍ വലിയ ഭാരങ്ങള്‍ കയറ്റിവച്ചു. ഇതിനെതിരെയുള്ള അവബോധം ജനങ്ങളില്‍ വളരുമ്പോള്‍, അഴിമതി, കള്ളപ്പണം, വിലക്കയറ്റം എന്നിവയുടെ അപകടങ്ങള്‍ അവര്‍ തിരിച്ചറിയുന്നു. ജനങ്ങളില്‍ വളരുന്ന അതൃപ്‌തി മുതലാക്കി ഈ സാഹചര്യം ചൂഷണം ചെയ്യുവാന്‍ ബൂര്‍ഷ്വാ പ്രതിപക്ഷം ശ്രമിക്കുന്നുണ്ട്. എന്നാല്‍ അവര്‍ക്ക് വലിയ പരിമതികളുണ്ട്. കാരണം അവരെല്ലാം തന്നെ നവലിബറല്‍ നയങ്ങളുടെ ഭാഗത്ത് നില്‍ക്കുന്നു. ഈ സമരം വിജയകരമായി നടത്തേണ്ടത് ഇന്ത്യയില്‍ ഇടതുപക്ഷ-ജനാധിപത്യ ശക്തികള്‍ തന്നെയാണ്. അവര്‍ക്ക് മാത്രമേ ഇതു കഴിയൂ. കാരണം അഴിമതി, കള്ളപ്പണം, വിലക്കയറ്റം എന്നിവയുടെ മാതൃസ്ഥാനം നവലിബറല്‍ സാമ്പത്തിക നയങ്ങള്‍ തന്നെ എന്ന തിരിച്ചറിവോടെ ആ നയത്തിനെതിരെ നിരന്തരം പോരാടുന്ന ശക്തികള്‍ ഇടതുപക്ഷം മാത്രമാണ്. ഈ പോരാട്ടത്തിന് ശക്തിപകരാന്‍ ഇടതു-ജനാധിപത്യ ബദല്‍ പരിപാടികള്‍ മുന്നോട്ടുവച്ച് സമരം തുടരേണ്ടതായിട്ടുണ്ട്.
എന്നാല്‍ ബൂര്‍ഷ്വാ പാര്‍ട്ടികളും ശക്തികളും ജനങ്ങളെ വഴിതെറ്റിക്കാന്‍ ഭരണപക്ഷത്തും പ്രതിപക്ഷത്തും ഇരുന്നുകൊണ്ട് ഈ അവസരം മുതലാക്കാന്‍ ശ്രമിക്കുക സ്വാഭാവികമാണ്;
നവലിബറല്‍ നയങ്ങളുടെ വക്താക്കളും പ്രയോക്താക്കളുമായ ഈ ശക്തികള്‍ വേഷപ്രച്‌ഛന്നരായി നടത്തുന്ന സമരാഭാസങ്ങള്‍ ഒത്തുകളിയാണെന്നു തിരിച്ചറിയാന്‍ ജനങ്ങള്‍ക്കു കഴിയണം.
ഈ സന്ദര്‍ഭത്തില്‍ പ്രതീക്ഷയ്‌ക്കു വകനല്‍കുന്നത് ജനങ്ങളില്‍ യോജിച്ചു നിന്ന് ഈ നയങ്ങള്‍ക്കെതിരെ പോരാടുവാനുള്ള മനോഭാവം അനുദിനം വളരുന്നുവെന്നതു തന്നെ. ഈ കാലഘട്ടത്തില്‍ നടന്ന യോജിച്ച തൊഴിലാളിവര്‍ഗ മുന്നേറ്റങ്ങളം സമരങ്ങളും ശ്രദ്ധേയമാണ്. അതിന്റെ ഉജ്ജലമായ നിദര്‍ശനമായിരുന്നു 2011 ഫെബ്രുവരി 23 ന് ഡല്‍ഹിയില്‍ നടന്ന തൊഴിലാളികളുടെ വമ്പിച്ച പ്രകടനം.
ഈ ഗവണ്‍മെന്റിന്റെ സാമ്പത്തിക നയം ഉപ്പു തൊട്ടു കര്‍പ്പൂരം വരെ സകലതിന്റെയും വില ആകാശം മുട്ടെ വളര്‍ത്തി. അതിനെ കൂടുതല്‍ വഷളാക്കി പെട്രോളിയം ഉല്‍പന്നങ്ങളുടെ വില വര്‍ധന. വെള്ളിയാഴ്‌ച അര്‍ദ്ധരാത്രി മണ്ണെണ്ണ, ഗ്യാസ്, ഡീസല്‍ എന്നിവയുടെ വിലക്കയറ്റം പ്രഖ്യാപിച്ച യു പി എ സര്‍ക്കാര്‍ ജനങ്ങള്‍ക്കും രാഷ്‌ട്രത്തിനും നല്‍കിയത് ഒരിരുട്ടടിയായിരുന്നു. ഈ ഒരൊറ്റ നടപടി വിലക്കയറ്റത്തിനും നാണയപ്പെരുപ്പത്തിനും കൂടുതല്‍ ആക്കം പകരും എന്നത് ആര്‍ക്കാണറിയാത്തത്. ഈ നയങ്ങള്‍ കരിഞ്ചന്തയ്‌ക്കും പൂഴ്‌ത്തിവയ്‌പ്പിനും വഴി തുറക്കുന്നു.
തൊഴിലില്ലായ്‌മ പെരുകുന്നു. തൊഴിലവസരങ്ങള്‍ കുറയുന്നു. ഫാക്‌ടറികള്‍ അടച്ചുപൂട്ടുന്നു. പിരിച്ചുവിടല്‍ തുടരുന്നു. പുതുതായി ആളുകളെ ജോലികളില്‍ നിയമിക്കുന്നതിനെതിരായി അപ്രഖ്യാപിതമായ നിരോധനം ഇന്നു നിലവിലുണ്ട്. ഇതിന്റെയൊക്കെ ഫലമായി ഇന്ത്യയിലെ തൊഴിലില്ലായ്‌മയുടെ നിരക്ക് ഇപ്പോള്‍ 9.4 ശതമാനമാണ്. പഞ്ചവത്സര പദ്ധതിയുടെ വിധാതാക്കള്‍ കണക്കുകൂട്ടിയിരുന്നത് തൊഴിലില്ലായ്‌മയുടെ നിരക്ക് 2.8 ശതമാനത്തില്‍ പരിമിതപ്പെടുത്തണമെന്നായിരുന്നു. തൊഴിലെടുത്തു ജീവിക്കാനാഗ്രഹിക്കുന്നവരുടെ ഭാവി ഇരുട്ടില്‍ തന്നെ.
നവലിബറല്‍ സാമ്പത്തികനയം ഇന്ത്യയ്‌ക്ക് ഒരു കാര്യത്തില്‍ വിജയം പ്രദാനം ചെയ്‌തു; കോടീശ്വരന്‍മാരെയും ശതകോടീശ്വരന്‍മാരെയും സൃഷ്‌ടിക്കുന്ന കാര്യത്തില്‍. അവരില്‍ ചിലര്‍ ലോകത്തെ ഏറ്റവും വലിയ സമ്പന്നരുമായി തോളുരുമ്മി നില്‍ക്കുമ്പോള്‍ ഇന്ത്യയില്‍ രോമാഞ്ചം കൊള്ളുന്ന ചിലരുണ്ട്!!
എന്നാല്‍ ഇതിന്റെ മറുപുറം ബീഭത്സമാണ്, ലജ്ജാകരമാണ്. ഇന്ത്യ ലോകത്ത് ഏറ്റവും കൂടുതല്‍ ദരിദ്രര്‍, നിരക്ഷരര്‍, തൊഴിലില്ലാത്തവര്‍ എന്നിവരുടെ രാജ്യമായി എന്നുള്ളതാണ് മറുപുറം. ഈ നാണക്കേട് വെള്ളപൂശി മാറ്റാനുള്ള ഒരു ശ്രമത്തിലാണിപ്പോള്‍ യു പി എ സര്‍ക്കാര്‍. കണക്കിന്റെ മാന്ത്രികത വഴി ദരിദ്രരെ ഇല്ലാതാക്കുന്ന ഒരു മഹായജ്ഞം ഇവിടെ തുടങ്ങുകയാണ്. ദരിദ്രരുടെ നിര്‍വചനം മാറ്റി. ഇനിമേല്‍ പട്ടണങ്ങളില്‍ 20 രൂപയ്‌ക്ക് താഴെയും ഗ്രാമങ്ങളില്‍ 15 രൂപയ്‌ക്ക് താഴെയും പ്രതിദിനം മുടക്കാന്‍ കഴിയാത്തവര്‍ മാത്രമായിരിക്കും ദരിദ്രര്‍. പ്ലാനിംഗ് കമ്മിഷന്റെ ഉത്തരവാണിത്. ``ഗരീബി ഹഠാവോ'' എന്ന മുദ്രാവാക്യം വിജയിപ്പിക്കുന്നതിനൊരു പുതിയ മാര്‍ഗം കണ്ടെത്തിയവര്‍ക്കു സ്‌തുതി.
ഈ പശ്ചാത്തലത്തിലാണ് ആഗോളവല്‍ക്കരണത്തിന്റെയും ഉദാരവല്‍ക്കരണത്തിന്റെയും സ്വകാര്യവല്‍ക്കരണത്തിന്റെയുമൊക്കെ സൃഷ്‌ടിയായ അഴിമതിയും കള്ളപ്പണവും ജനശ്രദ്ധയെ വല്ലാതാകര്‍ഷിച്ചത്. പ്രത്യേകിച്ച് ഇടത്തരക്കാരെ അന്നാ ഹസാരെയും രാംദേവും ഈ പ്രശ്‌നങ്ങളെ ആധാരമാക്കി നടത്തിയ പ്രക്ഷോഭം ജനങ്ങളില്‍ താല്‍പര്യമുണര്‍ത്തിയത് ഈ സാഹചര്യത്തിലാണ്.
അന്നാ ഹസാരെയും കൂട്ടരും അഴിമതിയുടെയും കള്ളപ്പണത്തിന്റെയും ഉറവിടം അന്വേഷിച്ചില്ല. ഈ സാമ്പത്തിക പ്രതിഭാസത്തെ സൃഷ്‌ടിക്കുന്നവരെയും കൈകാര്യം ചെയ്യുന്നവരെയും തിരിച്ചറിയുവാനുള്ള ശ്രമങ്ങളൊന്നും നടത്തിയതുമില്ല. അവരിത് കൈകാര്യം ചെയ്‌തത് ഒരു ധാര്‍മികപ്രശ്‌നമെന്ന നിലയില്‍ മാത്രം. സിവില്‍ സൊസൈറ്റിയുടെ പേരില്‍ ഈ പ്രശ്‌നത്തെ അരാഷ്‌ട്രീയവല്‍ക്കരിക്കുവാനുള്ള ശ്രമങ്ങളും നന്നായി നടന്നു. ബി ജെ പിയും സഖ്യശക്തികളും ഈ സാഹചര്യമുപയോഗിച്ച് മുതലെടുക്കുവാനും ശ്രമിച്ചു.
2 ജി സ്‌പെക്‌ട്രം, എസ്‌ബാന്‍ഡ് സ്‌പെക്‌ട്രം, കോമണ്‍വെല്‍ത്ത് ഗെയിംസ്,. ആദര്‍ശ് ഫ്‌ളാറ്റ്, ഐ പി എല്‍ കുംഭകോണം തുടങ്ങിയ വമ്പന്‍ അഴിമതികള്‍, അവയ്‌ക്കു പിന്നില്‍ പ്രവര്‍ത്തിച്ച മന്ത്രിമാര്‍, രാഷ്‌ട്രീയ നേതാക്കള്‍, കോര്‍പ്പറേറ്റ് വമ്പന്‍മാര്‍, ഉദ്യോഗസ്ഥ മേധാവികള്‍, പത്രപ്രവര്‍ത്തകര്‍, കോര്‍പ്പറേറ്റ് ഇടപാടുകാര്‍ ഇവരൊക്കെ സൃഷ്‌ടിച്ച അഴിമതിയുടെ വന്‍ സാമ്രാജ്യം ഒരു മായാലോകം പോലെ വിസ്‌മയകരമായിരുന്നു.
ഈ അഴിമതികളില്‍ കുടുങ്ങി ജയിലില്‍ കഴിയുന്നൂ എ രാജ. രാജിവെയ്‌ക്കേണ്ടിവന്ന മന്ത്രിയാണ് ശശിതരൂര്‍. ആ വഴിയിലൂടെ സഞ്ചരിക്കുകയാണ് ദയാനിധി മാരന്‍. മഹാരാഷ്‌ട്ര മുഖ്യമന്ത്രിക്ക് സ്ഥാനം നഷ്‌ടപ്പെട്ടു. ഇതെല്ലാം കോണ്‍ഗ്രസിന്റെയും യു പി എയുടെയും അക്കൗണ്ടില്‍ വരുന്ന കുംഭകോണങ്ങളാണെങ്കില്‍ പ്രതിപക്ഷത്തിരിക്കുന്ന ബി ജെ പി ഒട്ടും പിറകിലല്ല.
അഴിമതിയില്‍ മുങ്ങിയ രണ്ടു ബി ജെ പി മന്ത്രിമാര്‍ പഞ്ചാബില്‍ രാജിവെയ്‌ക്കേണ്ടിവന്നു. ഇനി രണ്ടു പേര്‍ കൂടി കുഴപ്പത്തിലുമാണ്. കര്‍ണാടക, ഝാര്‍ഖണ്‌ഡ്, ഛതീസ്‌ഗഢ്, മധ്യപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ ബി ജെ പി മന്ത്രിസഭകള്‍ക്കെതിരെ സംഭ്രമജനകമായ അഴിമതി ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടിട്ടുണ്ട്.
ഈ പ്രത്യേക സാഹചര്യമാണ് അഴിമതിവിരുദ്ധ സമരത്തില്‍ കോണ്‍ഗ്രസിനെയും ബി ജെ പിയെയും പലപ്പോഴും ഒത്തുകളിയിലേയ്‌ക്ക് എത്തിക്കുന്നത്. സര്‍ക്കാര്‍ ഈ സമരക്കാര്‍ക്ക് അമിത പ്രാധാന്യം നല്‍കി അവരുടെ മുന്നില്‍ കീഴടങ്ങിയപ്പോള്‍ ഈ സമരങ്ങളുടെ പിന്നില്‍ അണിയറ നാടകങ്ങള്‍ നടത്തുകയായിരുന്നൂ ബി ജെ പിയും ആര്‍ എസ് എസും. ഈ സമരങ്ങളെ നന്നായി സഹായിച്ചു കോര്‍പ്പറേറ്റ് സെക്‌ടര്‍. ഈ സമരത്തിന്റെ അരാഷ്‌ട്രീയ മഹിമ പാടിപ്പുകഴ്‌ത്തി, ഡല്‍ഹിയിലെ കുത്തക പത്രങ്ങളും ചാനലുകളും.
ഇന്ത്യന്‍ കുത്തകകള്‍ കള്ളപ്പണത്തിന്റെ ഒരു വലിയ സാമ്രാജ്യം തന്നെ സൃഷ്‌ടിച്ചിട്ടുണ്ട് ഇന്ത്യയ്‌ക്കു വെളിയിലും ഇന്ത്യയ്‌ക്കകത്തും. സ്വിസ് ബാങ്കുകളിലും ചില ജര്‍മന്‍ ബാങ്കുകളിലും കള്ളപ്പണം രഹസ്യമായി സൂക്ഷിക്കുവാന്‍ കഴിയും.
ആയുധക്കച്ചവടക്കാര്‍, ഡ്രഗ് മാഫിയ, ഓവര്‍ ഇന്‍വോയിസിംഗൂം അണ്ടര്‍ ഇന്‍വോയിസിംഗും നടത്തുന്ന കയറ്റിറക്കുമതിക്കാര്‍, ക്വിക്ക് ബാക്കായ് കൊള്ളപ്പണം സമ്പാദിക്കുന്ന കോര്‍പ്പറേറ്റ് ഇടപാടുകാര്‍ തുടങ്ങിയവരാണ് വിദേശ ബാങ്കുകളിലെ കള്ളപ്പണത്തിന്റെ സ്രഷ്‌ടാക്കളും ഉപഭോക്താക്കളും. 9,00,000 കോടി രൂപയുടെ കള്ളപ്പണം വിദേശ ബാങ്കുകളിലുണ്ടെന്നാണൊരു കണക്ക്. നികുതി വെട്ടിപ്പുവഴിയും മറ്റും കണക്കില്‍ മനപൂര്‍വം പെടുത്താത്ത പണം തുടങ്ങി നാട്ടില്‍ കോര്‍പ്പറേറ്റുകള്‍ സൃഷ്‌ടിച്ച മറ്റൊരു കള്ളപ്പണത്തിന്റെ സാമ്രാജ്യമുണ്ട് ഇന്ത്യയില്‍ തന്നെ.
ഈ കള്ളപ്പണത്തിന്റെ രാഷ്‌ട്രീയ സ്വാധീനം നമ്മുടെ ജനാധിപത്യത്തെയും ജനാധിപത്യ സ്ഥാപനങ്ങളെയും നശിപ്പിക്കുകയാണ്. ആ കറുത്ത പണമാണ് പാര്‍ലമെന്റില്‍ കോടീശ്വരന്‍മാര്‍ക്ക് ഭൂരിപക്ഷം സൃഷ്‌ടിച്ചത്. ജുഡീഷ്യറിയെ അഴിമതിയിലേക്കു വലിച്ചിഴക്കുന്നത്, ഉദ്യോഗസ്ഥ വൃന്ദത്തെ സ്വന്തം താല്‍പര്യങ്ങള്‍ക്കുവേണ്ടി നൃത്തം ചെയ്യിപ്പിക്കുന്നത്.
ഈ കള്ളപ്പണത്തിനെതിരായ സമരം ഒരു വലിയ രാഷ്‌ട്രീയ പോരാട്ടത്തിന്റെ ഭാഗമായി മനസ്സിലാക്കണം. ഈ പോരാട്ടം കുത്തകകള്‍ക്കും ബഹുരാഷ്‌ട്ര കമ്പനികള്‍ക്കും ഭൂമാഫിയയ്‌ക്കും ഒക്കെ എതിരായ, അഴിമതിക്കെതിരായ ഒരു വലിയ സമരത്തിന്റെ ഭാഗമാണ്. മൂല്യബോധമുള്ള, അഴിമതിയുടെ കറപുരളാത്ത രാഷ്‌ട്രീയ പ്രസ്ഥാനങ്ങള്‍ക്കേ ഈ സമരം വിജയകരമായി നടത്താന്‍ കഴിയൂ. എന്തെല്ലാം പരിമിതികളുണ്ടെങ്കിലും ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ എന്നും അഴിമതിക്കും കള്ളപ്പണത്തിനുമെതിരായ സമരത്തിന്റെ മുന്നണിയില്‍ നിന്നവരാണ്; ആപേക്ഷികമായി അഴിമതിയുടെ കറപുരളാത്തവരും.
അതുകൊണ്ട് ഈ സമരം ദേശവ്യാപകമായി മുന്നോട്ടുകൊണ്ടുപോകുവാന്‍ ഇന്ത്യയിലെ ഇടതുപക്ഷ ജനാധിപത്യ ശക്‌തികള്‍ നിശ്ചയദാര്‍ഢ്യത്തോടെ മുന്‍കൈ എടുക്കണമെന്ന് സി പി ഐ ദേശീയ കൗണ്‍സില്‍ ആഹ്വാനം ചെയ്‌തു.
*
സി കെ ചന്ദ്രപ്പന്‍ ജനയുഗം 26 ജൂണ്‍ 2011
Subscribe to:
Post Comments (Atom)
1 comment:
2008 ല്‍ ആരംഭിച്ച ലോക സാമ്പത്തിക മാന്ദ്യം ഇന്നു വളര്‍ന്ന് കൂടുതല്‍ വലിയൊരു സാമ്പത്തിക പ്രതിസന്ധിയായി എല്ലാ രാജ്യങ്ങളെയും ഗ്രസിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ രാജ്യത്തേയും ഇതു ബാധിക്കുന്നത് വിവിധ രൂപങ്ങളിലാണ്. അവ ആര്‍ജിച്ച സാമ്പത്തിക വളര്‍ച്ചയുടെ തോതനുസരിച്ച്. വികസിത രാജ്യങ്ങളെന്നറിയപ്പെടുന്ന അമേരിക്കയെയും യൂറോപ്പിനേയും ഇതു ബാധിച്ചത് നാണ്യ പ്രതിസന്ധിയായാണ്. വായ്‌പയുടെ അടിസ്ഥാനത്തില്‍ അവിടെ നിലനിന്ന അഭിവൃദ്ധി തകര്‍ന്ന് ഈ രാജ്യങ്ങള്‍ പാപ്പരീകരണത്തിന്റെ വക്കിലെത്തി. വികസ്വര രാജ്യങ്ങളെ സംബന്ധിച്ച് ഈ പ്രതിസന്ധി നാണയപ്പെരുപ്പം, തൊഴിലില്ലായ്‌മ, ദാരിദ്ര്യം എന്നീ രൂപങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. സമ്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരം വര്‍ധിച്ചുകൊണ്ടിരിക്കുന്നു. സമൂഹത്തെയാകെ ഗ്രസിക്കുന്ന അഴിമതിക്ക് ഇത് വഴിവയ്‌ക്കുകയും ചെയ്‌തു. സി പി ഐ ദേശീയ കൗണ്‍സില്‍ അംഗീകരിച്ച രാഷ്‌ട്രീയ സംഭവ വികാസങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടിന്റെ ആമുഖമായി സാര്‍വദേശീയ സ്ഥിതിയിലെ ഇരുണ്ട വശങ്ങള്‍ വിലയിരുത്തിയത് ഇങ്ങനെയാണ്.
Post a Comment