സാമൂഹ്യ പരിവര്‍ത്തനം വരുത്തുന്നതിനുള്ള ചരിത്രപരമായ ചുമതല തൊഴിലാളി വര്‍ഗത്തിനാണെന്നു മാര്‍ക്സ്.. അത് അരാഷ്ട്രീയ ജനാവലിയ്ക്കാണെന്നതിനു സൈദ്ധാന്തികമായ തെളിവുകളൊന്നും ഇതുവരെ മുന്നോട്ടു വെയ്ക്കപ്പെട്ടിട്ടില്ല. സൈദ്ധാന്തിക തെളിവുകളെന്നാല്‍ സമൂഹത്തിന്റെ ആന്തരിക ഘടനയെയും അതിലെ വിവിധ ഘടകങ്ങളെയും, അവ തമ്മിലുള്ള ബന്ധങ്ങളെയും, വൈരുധ്യങ്ങളെയും വിശകലനം ചെയ്തു വിവിധ ഘട്ടങ്ങളില്‍ സമൂഹത്തിലുണ്ടാകുന്ന സംഘര്‍ഷങ്ങളെ പഠന വിധേയമാക്കി, സാമൂഹ്യ ചലനത്തിന്റെ ദിശ നിര്‍ണയിക്കാനുള്ള ശേഷി അരാഷ്ട്രീയ ജനാവലിയില്‍ നിക്ഷിപ്തമായിരിക്കുന്നു എന്ന് തെളിയിക്കുന്ന സൈദ്ധാന്തിക രൂപങ്ങള്‍ എന്നര്‍ത്ഥം. അത്തരം സൈദ്ധാന്തിക രൂപങ്ങള്‍ ഇനിയും രൂപപ്പെട്ടിട്ടില്ല. വേറൊരു തരത്തില്‍ ലളിതമായി പറഞ്ഞാല്‍ സമൂഹം ആകെ രണ്ടു വര്‍ഗങ്ങളായി പിളര്‍ന്നു നില്‍ക്കുകയാണെന്നും എഴുതപ്പെട്ട ചരിത്രം മുഴുവന്‍ ഈ വിരുദ്ധ വര്‍ഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമാണെന്നും ഈ സംഘര്‍ഷത്തില്‍ അന്തിമ വിജയം കൈവരിക്കുന്നതിലൂടെ തൊഴിലാളി വര്‍ഗം സോഷ്യലിസ്റ്റ് വിപ്ലവം സാധ്യമാക്കുമെന്ന യുക്തിപൂര്‍ണവും ശാസ്ത്രത്തിന്റെ രീതി സമ്പ്രദായങ്ങള്‍ക്ക് ഉള്ളില്‍ നിന്നുകൊണ്ട് വികസിപ്പിചെടുത്തതുമായ ഒരു സിദ്ധാന്തത്തിനു വിരുദ്ധമോ, സമാന്തരമോ ആയ മറ്റൊന്ന് ജനാവലിയുടെ മുന്നേറ്റത്തെ സാധൂകരിക്കുന്നതായി ഇല്ല, എന്നര്‍ത്ഥം.
ഈജിപ്തിന്റെ ആകെ ജനസംഖ്യ എത്രയാണ് എന്ന ചോദ്യത്തിനു ഒരു സര്‍വ വിജ്ഞാന കോശത്തില്‍ നിന്നോ ഇന്റര്‍നെറ്റില്‍ നിന്നോ ഉത്തരം ലഭ്യമാണ്. എന്നാല്‍ ഈജിപ്തില്‍ എത്ര പേര്‍ക്ക് കമ്പ്യൂട്ടര്‍ - ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ ലഭ്യമാണ്, എത്രപേര്‍ ഫെയ്സ് ബുക്കില്‍ അംഗങ്ങളാണ്, എത്രപേര്‍ സജീവമായി ഉപയോഗപ്പെടുത്തുന്നുണ്ട്, അവര്‍ സൈബര്‍ സന്ദേശങ്ങള്‍ കുറിച്ചത് ഇംഗ്ലീഷിലോ ഈജിപ്ഷ്യന്‍ ഭാഷയിലോ, ഇംഗ്ലീഷ് ഭാഷയില്‍ ആണെങ്കില്‍ എത്ര പേര്‍ ഇത്തരം ആശയ വിനിമയങ്ങള്‍ക്ക് ഉതകുംവിധം ഇംഗ്ലീഷ് പഠിച്ചവരാണ് തുടങ്ങിയ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം ലഭിക്കുക എളുപ്പമല്ല. പക്ഷെ, ഈ ദത്തങ്ങള്‍ ഒന്നും ഇല്ലാതെ ഈജിപ്തിലെ സമര സംഘാടനത്തില്‍ ഫേസ് ബുക്കിന്റെ സ്വാധീനം എത്രയെന്നു എങ്ങിനെ ഉറപ്പിക്കും എന്ന ചോദ്യം ആരും ചോദിക്കുന്നില്ല. ഇന്റര്‍ നെറ്റിലൂടെ കുറിച്ചിടുന്ന അപൂര്‍ണവും കൃത്യതയില്ലാതതുമായ കുറിപ്പുകളാണ് ആയിരക്കണക്കിന് പ്രക്ഷോഭകരെ പ്രക്ഷോഭത്തിന്റെ സൂചിമുനയിലേക്ക് കൊണ്ടുവന്നതെന്ന കേവല വിശ്വാസവും പ്രചാരണവും സാമാന്യ ബുദ്ധിയുള്ള ഒരാള്‍ക്കും മുഖവിലയ്ക്ക് എടുക്കുവാനാവില്ല. എന്നാല്‍ അറബ് മുല്ലപ്പൂ - താമരപ്പൂവ് വിപ്ലവങ്ങള്‍ക്ക് പിന്നില്‍ സുസംഘടിതമായ ഒരു സമര സംഘടന പ്രത്യക്ഷത്തില്‍ കാണാന്‍ ഉണ്ടായിരുന്നില്ലെന്നത് ഒരു സത്യമാണ്. ഈ വിടവിനുള്ളില്‍ ആഗോള രാഷ്ട്രീയത്തിന്റെ വെളിപ്പെടാത്ത ഒരു മുഖം ഗുപ്തമായിരിക്കുന്നു. ഈജിപ്തിലും ടുനീഷ്യയിലും പ്രക്ഷോഭകര്‍ ക്ക് അന്തിമ വിജയം നേടിക്കൊടുത്തത് ജനകീയ വികാരമല്ലെന്നും പട്ടാളം നടത്തിയ കാലുമാറ്റം ആണെന്നുമുള്ള വസ്തുതയെ ആവുന്നത്ര മറച്ചു വെക്കാന്‍ എല്ലാ ഉത്തരാധുനിക വിശകലങ്ങളും ശ്രമിക്കുന്നതില്‍ നിന്ന് ചില സത്യങ്ങള്‍ വായിചെടുക്കെണ്ടതുണ്ട്. ഇതൊരു പ്രധാനപ്പെട്ട സംഗതിയാണ്. ഒരു രാജ്യത്തിന്റെ പട്ടാളം ഫെയ്സ്ബൂക്കിലെ കുറിപ്പ് വായിച്ചു രാജ്യത്തിന്റെ ഭാവിയെ സംബന്ധിച്ച നിര്‍ണായകമായ തീരുമാനം കൈ ക്കൊള്ളു മെന്നു വിശ്വസിക്കുവാന്‍ മാത്രം ബുദ്ധി ശൂന്യരാണ് ലോക ജനതയെന്നു വരുമോ? സംശയമുള്ളവര്‍ ഇക്കാര്യത്തില്‍ ലിബിയയെക്കൂടി ചേര്‍ത്തുവെച്ചു വായിക്കുക. ലിബിയയില്‍ പട്ടാളം ഗദ്ദാഫിയെ കൈവിട്ടില്ല. അത്തരമൊരവസ്ഥ യില്‍ വിപ്ലവം വിജയിപ്പിക്കുവാന്‍ ഏത് തരം പൂമണം പ്രസരിപ്പിച്ചതുകൊണ്ടും കാര്യമില്ലെന്നും സാമ്രാജ്യത്ത്വം ഇടപെടുകയാണ് വേണ്ടതെന്നും അമേരിക്ക, ഫ്രാന്‍സ്, ബ്രിട്ടന്‍ സഖ്യത്തിന് മനസ്സിലായി എന്നത് ഒരു ചൂണ്ടു പലകയാണ്. സാമ്രാജ്യത്വം നേരിട്ടിറങ്ങാതെ കാര്യം നടക്കുമെങ്കില്‍ എല്ലാ വിധ 'പൂമണങ്ങളും' ഒരു മറ മാത്രമാണ്. അവ പരാജയപ്പെടുന്നിടത്ത് സാമ്രാജ്യത്വം അതിന്റെ ക്രൂര ദംഷ്ട്രങ്ങളുമായി ഇറങ്ങുകയും ചെയ്യും. അറബ് ലോകത്തെ അരാഷ്ട്രീയ ജനാവലിയുടെ മുന്നേറ്റങ്ങളെ പ്രകീര്‍ത്തിച്ച മാധ്യമങ്ങള്‍ തന്നെ ലിബിയയിലെ സാമ്രാജ്യത്വ ഇടപെടലിനെ ന്യായീകരിക്കുന്നതും കാണാം. 'ജനാധിപത്യത്തിന്റെ കാറ്റ് ലിബിയയിലും എത്തട്ടെ..' എന്ന തലക്കെട്ടില്‍ 2011 മാര്‍ച്ച് 21 ന് ദീപിക ദിനപത്രം എഴുതിയ മുഖ പ്രസംഗം അത്തരത്തില്‍ ഒന്നാണ്.
'യു.എന്‍. പ്രമേയത്തിന്റെ അടിസ്ഥാനത്തില്‍ വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചില്ലെങ്കില്‍ ലിബിയയില്‍ ഇടപെടുമെന്ന മുന്നറിയിപ്പ് അവഗണിച്ചു പ്രക്ഷോഭങ്ങള്‍ക്കെതിരെ സൈനിക നടപടികളുമായി മുന്നോട്ടു പോയതാണ് അവിടെ വ്യോമാക്രമണം നടത്താന്‍ പാശ്ചാത്യ ശക്തികളെ നിര്‍ബന്ധിതരാക്കിയത്' എന്ന് പറഞ്ഞാണ് മുഖപ്രസംഗം ഒരു രാജ്യത്തിന്റെ ആഭ്യന്തര സംഘര്‍ഷത്തില്‍ സാമ്രാജ്യത്വം ഇടപെടുന്നതിനെ നീതിമല്‍ക്കരിക്കുന്നത്. ഇത് ഈജിപ്തിനും ടുനീഷ്യയ്ക്കും ബാധകമാണ്. പൂമണ വിപ്ലവങ്ങള്‍ പരാജയപ്പെട്ടിരുന്നുവെങ്കില്‍ തീര്‍ച്ചയായും അവിടെ സാമ്രാജ്യത്വം ഇടപെടുമായിരുന്നു എന്ന സൂചനയാണ് നമുക്ക് ഇതില്‍നിന്നു വായിച്ചെടുക്കാന്‍ കഴിയുന്നത്.
സാമ്രാജ്യത്വം അതിന്റെ പദ്ധതികള്‍ വളരെ ആസൂത്രിതമായി നടപ്പിലാക്കുന്നത് തന്നെയാണ്. യാദൃശ്ചികമായി പൊട്ടി വീഴുന്ന നിമിത്തങ്ങള്‍ക്ക് വേണ്ടി അവര്‍ കാത്തിരിക്കാരില്ലെന്നതിനു ലോകചരിത്രത്തില്‍ വിശേഷാല്‍ തെളിവുകള്‍ അന്വേഷിക്കേണ്ട കാര്യമില്ല. എന്ന് പറഞ്ഞാല്‍ അതിന്റെയര്‍ത്ഥം ഉത്തരാധുനികര്‍ പ്രകീര്‍ത്തിക്കുന്ന എല്ലാ ജനാവലി മുന്നേറ്റങ്ങളുടെയും അങ്ങേയറ്റത്ത് ഒരു സാമ്രാജ്യത്വ കരം ഉണ്ടെന്നു തന്നെയാണ്. ഒന്ന് കൂടി. ഇന്നത്തെ വ്യാപകമായ പ്രചരണങ്ങളിലൂടെ ഉത്തരാധുനികര്‍ സംഘടിത പ്രസ്ഥാനങ്ങള്‍ക്ക് പകരം വെക്കാന്‍ ശ്രമിക്കുന്നത് അരാഷ്ട്രീയ ജനാവലിയെയല്ല, സാമ്രാജ്യത്വത്തെ തന്നെയാണ്. സാമ്രാജ്യത്വ ഇടപെടല്‍ ചിലപ്പോള്‍ പരാജയപ്പെടാമെന്നും ഒന്നരയോ രണ്ടോ ദശകങ്ങള്‍ കഴിയുമ്പോള്‍ അവ വെളിപ്പെടുത്തപ്പെടാമെന്നുമാണ് പശ്ചിമ ബംഗാളിലെ പുരുളിയയില്‍ നടത്തിയ ആയുധ വര്‍ഷം സംബന്ധിച്ചവെളിപ്പെടുത്തലുകള്‍ (ദേശാഭിമാനി, ഏപ്രില്‍ 29 ) വ്യക്തമാക്കുന്നത്. ഇന്ത്യയുടെയും ബ്രിട്ടന്റെയും ഇന്റലിജെന്‍സ് എജെന്‍സികള്‍, പാക്കിസ്ഥാന്‍ വിമാനം, ബ്രിട്ടീഷ് - ഡാനിഷ് പൌരന്മാര്‍, ഇന്ത്യന്‍ ഭരണ കക്ഷി ഇവയെല്ലാമായിരുന്നു അന്നതില്‍ കണ്ണി ചേര്‍ന്നതെന്ന് പരിപാടിയുടെ മുഖ്യ ആസൂത്രകന്‍ നീല്‍സ് ക്രിസ്ത്യന്‍ നീല്‍സണ്‍ എന്ന കിം ഡേവി വെളിപ്പെടുത്തിയതാണ് വാര്‍ത്ത. അന്നീ ഗൂഡാലോചന വിജയിച്ചിരുന്നുവെങ്കില്‍ പശ്ചിമ ബംഗാളിലെ കമ്മ്യുണിസ്റ്റ് എകാധിപത്യതിനെതിരായി അവിടുത്തെ അരാഷ്ട്രീയ ഗ്രാമീണ ജനാവലി നടത്തിയ നിഷ്കളങ്കമായ ചെറുത്തു നില്‍പ്പിന്റെ കഥകള്‍ ലോകമെങ്ങും വ്യാപിക്കുമായിരുന്നു.
ജനാവലിയുടെ മുന്നേറ്റ ങ്ങള്‍ക്ക് നിരവധി ഉദാഹരണങ്ങള്‍ ടി.ടി.ശ്രീകുമാറിന്റെ മുന്‍പ് പറഞ്ഞ ലേഖനത്തില്‍ വിശദമാക്കുന്നുണ്ട്. 1989 - ല്‍ ബെര്‍ലിന്‍ മതില്‍ തകര്‍ത്തതും, 1997 - ല്‍ സോവിയെറ്റ് യൂണിയനില്‍ യെനായെവിനെ പുറത്താക്കിയതും റുമാനിയയില്‍ യെഷസ്ക്യുവിനെയും ഫിലിപ്പീന്‍സില്‍ ജോസഫ് എസ്ട്രഡോയെയും പുറത്താക്കിയതും എല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. 1989 നും 1991 നും ഇടയില്‍ 1990 എന്നൊരു വര്‍ഷം ഉണ്ടെന്നും ആ വര്‍ഷമാണ് സോവിയെറ്റ് യൂണിയന്‍ തകര്‍ന്നതെന്നും ഉള്ള കാര്യങ്ങള്‍ ശ്രീകുമാര്‍ മനപൂര്‍വം വിട്ടുകളഞ്ഞതാകാനിട. സോവിയെറ്റ് യൂണിയന്റെ തകര്‍ച്ച കൂടി പരാമര്‍ശിക്കപ്പെട്ടിരുന്നെങ്കില്‍ അതിനു മുന്‍പുള്ള ശീതയുദ്ധക്കാലവും അക്കാലത്തെ സാമ്രാജ്യത്വ തന്ത്രങ്ങളും സോവിയെറ്റ് യൂണിയനില്‍ 'ജനാധിപത്യം സ്ഥാപിക്കുന്നതിനുള്ള' സാമ്രാജ്യത്വ ഇടപെടലുകളും ഓര്‍ക്കേണ്ടി വരുമായിരുന്നു. ഉത്തരാധുനിക ചിന്തകന്മാരുടെ ഒരു പ്രധാന കഴിവ് അവര്‍ ഓര്‍ക്കാനാഗ്രഹിക്കുന്നത് മാത്രമേ അവരുടെ ഓര്‍മകളില്‍ വരികയുള്ളൂ എന്നതാണ്. അത് പോലെ, അവര്‍ ആധുനിക ശാസ്ത്രത്തിന്റെ രീതി സമ്പ്രദായങ്ങളെ തള്ളിക്കളയുകയും ചെയ്യുന്നു. അതുകൊണ്ടാണ് ഈജിപ്തിലെ ഫെയ്സ്ബൂക് വിപ്ലവത്തെ സാധൂകരിക്കാന്‍ ആവശ്യമായ ദത്തങ്ങളൊന്നും ലഭ്യമല്ലെങ്കിലും അവയ്ക്ക് തങ്ങളുടെ വിശ്വാസ സത്യങ്ങള്‍ക്ക് ആവര്‍ത്തിച്ചു സാക്ഷ്യം പറയാന്‍ കഴിയുന്നത്.
ഇതിന്റെയര്‍ത്ഥം ജനാവലി യുടെ രാഷ്ട്രീയം എന്നത് പ്രചരണങ്ങളില്‍ മാത്രം നിലനില്‍ക്കുന്ന ഒന്നാണെന്നല്ല. അതിന്റെ പ്രായോഗിക രൂപങ്ങള്‍ സൃഷ്ടിച്ചു കൊടുക്കാനുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. പുരുളിയയില്‍ അത് വിഫലമായെങ്കില്‍ അണ്ണാ ഹസാരെ എന്ന അഴിമതി വിരുദ്ധ ബിംബം നിര്‍മിച്ചെടുത്തത്തിലൂടെ അതിനു വിജയിച്ച ഒരു മാതൃകയും ഉണ്ടായി. അണ്ണാ ഹസാരെ അഞ്ചു ദിവസമാണ് ഉപവസിച്ചത്. വളരെ കുറഞ്ഞ ദിവസങ്ങള്‍ കൊണ്ട് മാധ്യമങ്ങളുടെയും മധ്യവര്‍ഗ സമൂഹത്തിന്റെയും പിന്തുണയോടെ അഴിമതിക്കെതിരായ ഒരു വലിയ പ്രക്ഷോഭമായി അത് മാറി. ഈ ലോക്പാല്‍ നിയമം വരികയോ വരാതിരിക്കുകയോ ചെയ്യാം. അത് വന്നാലും ഒരു ബൂര്‍ഷ്വാ ഭരണ കൂടത്തിലെ അഴിമതികള്‍ നിര്‍ബാധം തുടരുമെന്നതില്‍ ആര്‍ക്കും സംശയം ഒന്നുമില്ല. കാരണം, അഴിമതി ബൂര്‍ഷ്വാ രാഷ്ട്രീയത്തിന്റെ സഹജ സ്വഭാവമാണ്. എന്നാല്‍, അണ്ണാ ഹസാരെ വിജയകരമായി പൂര്‍ത്തിയാക്കിയ ഒരു ദൌത്യം ഉണ്ട്. അത് മറ്റൊന്നുമല്ല; അഴിമതിക്ക് എതിരായ സമരത്തില്‍ നിന്ന് രാഷ്ട്രീയക്കാരെ ഒഴിച്ച് നിര്‍ത്തണമെന്ന മധ്യവര്‍ഗ മോഹത്തെ ഇന്ത്യന്‍ മനസ്സില്‍ ഉറപ്പിച്ചെടുത്തു എന്നതാണത്. ഒറ്റപ്പെട്ട വ്യക്തിത്വങ്ങളെ ജനങ്ങളുടെ ഇച്ചയ്ക്ക് പകരം വെയ്ക്കുന്ന അതെ ജനാവലിയുടെ രാഷ്ടീയം തന്നെയാണ് അണ്ണാ ഹസാരെ സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുന്നത്.
കേരളത്തിലെ സൂക്ഷ്മതല രാഷ്ട്രീയത്തിന്റെ പ്രായോഗിക മേഖലയില്‍ ഇത് പ്രാവര്‍ത്തികമാക്കാനുള്ള നിരവധി പരീക്ഷണങ്ങള്‍ നടന്നിട്ടുണ്ട്. വികസനത്തിന്റെ കാര്യത്തില്‍ രാഷ്ട്രീയം മാറ്റി വെക്കണമെന്ന സമയായ മുദ്രാവാക്യം മുതല്‍ കേരളത്തില്‍ പുതിയ പാഠപദ്ധതിയില്‍ അടങ്ങിയിരിക്കുന്ന ക്ലാസ് മുറിയിലെ ജ്ഞാനോല്പാദനം എന്ന സങ്കല്‍പ്പതിനെതിരായ മത സംഘടനകളുടെ നീക്കം വരെ ഈ പുതിയ രാഷ്ട്രീയത്തിന്റെ പരീക്ഷണ ശാലകള്‍ ആയിരുന്നു. മുത്തങ്ങ മുതല്‍ ചെങ്ങറ വരെ ഉള്ള സമര മുഖങ്ങളില്‍ കണ്ടതും ഇത് തന്നെ. പ്ലാച്ചിമടയില്‍ നടന്ന പ്രക്ഷോഭങ്ങളില്‍ ഒരിടത്തും രാഷ്ട്രീയത്തിന്റെ മുദ്ര പതിയരുത് എന്ന് അതിന്റെ സംഘാടകരും സ്പോന്‍സര്‍മാരും നിര്‍ബന്ധം പിടിച്ചപ്പോള്‍ വെളിവായത് ഇത് തന്നെ.
സംഘടിത പ്രസ്ഥാനങ്ങളെ തകര്‍ക്കുക എന്ന് പറഞ്ഞാല്‍ തൊഴിലാളികളുടെയും ദുര്‍ബലരുടെയും അവകാശ പോരാട്ടങ്ങളെ തകര്‍ക്കുക എന്നെ അര്‍ത്ഥമുള്ളൂ. കാരണം, മുതലാളിത്തത്തിന് സംഘടനകളും പ്രസ്ഥാനങ്ങളും ആവശ്യമില്ല. നിലനില്‍ക്കുന്ന വ്യവസ്ഥിതിയിലെ ആധിപത്യം എന്ന അനുകൂല ഘടകം മുതലാളിത്തത്തിന് ഇപ്പോള്‍ ഉണ്ട്. ചെറുത്തുനില്‍പ്പുകള്‍ക്കാണ് സംഘടിത രൂപവും അതിനെ നിലനിര്‍ത്താനുള്ള പ്രത്യയ ശാസ്ത്രവും വേണ്ടത്. അതുകൊണ്ട് കേരളത്തിലെ കമ്മ്യുണിസ്റ്റ് തൊഴിലാളി വിരുദ്ധ ശക്തികള്‍ക്കു ജനകീയതയുടെയും പോരാട്ടത്തിന്റെയും കപട മുഖം നല്‍കാനുള്ള ഒരു പ്രചാരണ യുദ്ധത്തിന്റെ പെരുമ്പറ അണിയറയില്‍ മുഴങ്ങുന്നത് കാതോര്‍ത്താല്‍ ആര്‍ക്കും കേള്‍ക്കാവുന്നതെ ഉള്ളൂ..
No comments:
Post a Comment