Sunday, June 19, 2011

തട്ടിപ്പില്‍ കുടുങ്ങുന്ന കേരളം

എളുപ്പത്തില്‍ പണം നേടാനുള്ള അത്യാര്‍ത്തി മുതലെടുക്കുന്ന തട്ടിപ്പുകാരുടെ വിഹാര കേന്ദ്രമായി കേരളം മാറിയിരിക്കുകയാണ്‌. അധ്വാനിക്കാതെ ചുരുങ്ങിയ നാളുകള്‍ക്കകം മുടക്കുന്ന പണത്തിന്റെ ഇരട്ടിയിലധികം തിരിച്ചുകിട്ടുമെന്ന പ്രലോഭനത്തിന്‌ വശംവദരാവുന്നവരാണ്‌ മണിചെയിന്‍, നെറ്റ്‌ മാര്‍ക്കറ്റിംഗ്‌ തുടങ്ങിയവയുടെ തട്ടിപ്പിനിരയാവുന്നത്‌. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കകം കോടിക്കണക്കിനു രൂപയാണ്‌ ഇത്തരം തട്ടിപ്പു സംഘങ്ങള്‍ കേരളത്തില്‍ നിന്നും അടിച്ചെടുത്തത്‌. ഈ സംഘങ്ങളുടെ തട്ടിപ്പിന്റെ വ്യാപ്‌തിയെക്കുറിച്ചുള്ള ഏകദേശ രൂപം ജനങ്ങള്‍ അറിഞ്ഞത്‌ ടൈക്കൂണ്‍ എമ്പയര്‍ ഇന്റര്‍നാഷണല്‍, ബിസാര്‍, വിസാറേവ്‌, ഡി എക്‌സ്‌ എന്‍, നാനോ എക്‌സല്‍ തുടങ്ങിയവയുടെ നടത്തിപ്പുകാര്‍ മുങ്ങിയപ്പോഴാണ്‌. ഓരോസ്ഥാപനവും നൂറുകണക്കിനു കോടി രൂപയുടെ വെട്ടിപ്പാണ്‌ നടത്തിയത്‌.

മണിച്ചെയിന്‍, അമിത പലിശയും ലാഭവും വാഗ്‌ദാനം ചെയ്യുന്ന ബ്ലേഡ്‌ കമ്പനികള്‍ തുടങ്ങിയവയുടെ തട്ടിപ്പുകള്‍ ആവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട്‌ വര്‍ഷങ്ങളായി. തട്ടിപ്പിനിരയാവുന്നവര്‍ മിക്കപ്പോഴും പൊലീസില്‍ പരാതിപ്പെടാറില്ല. പൊലീസ്‌ അന്വേഷണം നടത്തിയാല്‍ തന്നെ, യഥാര്‍ഥ കുറ്റവാളികളെ പിടികൂടാന്‍ കഴിയാറുമില്ല. ഇത്തരം തട്ടിപ്പുകള്‍ നടത്തുന്നവര്‍ക്ക്‌ പൊലീസും ഉദ്യോഗസ്ഥതലത്തിലും നല്ല പിടിയാണ്‌. ഏതാനും ദിവസം മാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെട്ടു കഴിയുന്നതോടെ ജനങ്ങള്‍ തട്ടിപ്പു കഥ മറക്കും. തട്ടിപ്പു നടത്തി മുങ്ങിയവര്‍ പുതിയ പേരും വേഷവുമായി രംഗത്തുവരും. തട്ടിപ്പിനിരയായവരില്‍ ചിലര്‍ പോലും നഷ്‌ടപ്പെട്ട പണം വീണ്ടെടുക്കാമെന്ന വ്യാമോഹത്തില്‍ അതില്‍ പണം മുടക്കുകയും ചെയ്യും.

സാക്ഷരതയിലും സാമൂഹ്യമായ അവബോധത്തിലുമെല്ലാം മുന്നണിയില്‍ നില്‍ക്കുന്ന സംസ്ഥാനമാണ്‌ കേരളം. ഗ്രാമങ്ങളില്‍ വേരോട്ടമുള്ള ശക്തമായ സഹകരണ പ്രസ്ഥാനം നമുക്കുണ്ട്‌. വാണിജ്യ ബാങ്കുകളുടെ വിപുലമായ ശൃംഖലയും കേരളത്തിലുണ്ട്‌. ജനങ്ങളുടെ സമ്പാദ്യം സുരക്ഷിതമായി നിക്ഷേപിക്കാനും ന്യായമായ പലിശ ഉറപ്പാക്കാനുമുള്ള സാഹചര്യം ഉണ്ടെന്ന്‌ ഇതെല്ലാം കാണിക്കുന്നു. എന്നിട്ടും അമിത ലാഭക്കൊതി ചതിക്കുഴികളില്‍ ചെന്നു ചാടാന്‍ വലിയൊരു വിഭാഗത്തെ പ്രേരിപ്പിക്കുന്നുണ്ടെന്നാണ്‌ മണിചെയിന്‍ പോലുള്ള തട്ടിപ്പു സംഘങ്ങള്‍ തഴച്ചുവളരുന്നത്‌ തെളിയിക്കുന്നത്‌.

മണിചെയിന്‍, നെറ്റ്‌ മാര്‍ക്കറ്റിംഗ്‌ തുടങ്ങിയ വിപുലമായ തട്ടിപ്പു ശൃംഖലകളാണ്‌. അതിന്റെ വലയില്‍ അകപ്പെടുന്നവര്‍ക്ക്‌ എളുപ്പത്തില്‍ പുറത്തുകടക്കാനാവില്ല. പുതുതായി കൂടുതല്‍ പേരെ ചേര്‍ക്കുന്നതിനനുസരിച്ച്‌ നേട്ടം കൂടുമെന്നാണ്‌ ഓഫര്‍. ഈ വലയില്‍ ചെന്നുചാടുന്നവര്‍ പുതിയ ഇരകളെ സംഘടിപ്പിച്ചു നല്‍കാന്‍ ഇതൊരു വലിയ പ്രേരണയാണ്‌. അങ്ങനെയാണ്‌ അവരുടെ വലയുടെ വ്യാപ്‌തി കൂടുന്നത്‌.

കോടിക്കണക്കിനു രൂപയുടെ വെട്ടിപ്പു നടത്തി ആയിരക്കണക്കിനാളുകളെ കണ്ണീരു കുടിപ്പിക്കുന്ന ഇത്തരം സംഘങ്ങള്‍ക്ക്‌ എതിരെ ഫലപ്രദമായ ഒരു നടപടിയും ഗവണ്‍മെന്റിന്റെ ഭാഗത്തു നിന്നുണ്ടാവുന്നില്ല. പണമിടപാടു നടത്തുന്നവര്‍ക്ക്‌ ലൈസന്‍സുവേണം. നിക്ഷേപങ്ങള്‍ക്ക്‌ സുരക്ഷിതത്വം ഉറപ്പാക്കുന്ന കരുതല്‍ പണം നല്‍കണം. അതൊന്നും ഇത്തരം സംഘങ്ങള്‍ക്ക്‌ ബാധകമല്ല. അന്യ സംസ്ഥാനങ്ങളിലും വിദേശങ്ങളില്‍പോലും വേരുകളുള്ളവയാണ്‌ ഈ സംഘങ്ങളില്‍ മിക്കതും. സ്ഥാപനം പൂട്ടുന്നതിനു മുമ്പുതന്നെ നിക്ഷേപങ്ങളെല്ലാം സുരക്ഷിതമായി കടത്തിക്കൊണ്ടുപോയിട്ടുണ്ടാകും. ഈ സ്ഥിതി ആവര്‍ത്തിക്കാതിരിക്കാന്‍ ഫലപ്രദമായ നടപടിയെടുക്കാന്‍ ഗവണ്‍മെന്റ്‌ തയാറാകണം. തട്ടിപ്പു നടത്തി മുങ്ങിയവരെ പിടികൂടാനും നിക്ഷേപകര്‍ക്ക്‌ നഷ്‌ടപ്പെട്ട തുക തിരിച്ചുനല്‍കാനും അടിയന്തര നടപടികള്‍ സ്വീകരിക്കണം.

ഗവണ്‍മെന്റിന്റെ ഭാഗത്തു നിന്നും ഫലപ്രദമായ നടപടികളെടുക്കുന്നതോടൊപ്പം അമിത നേട്ടം മോഹിച്ച്‌ തട്ടിപ്പു സംഘങ്ങളില്‍ പണം നിക്ഷേപിക്കുന്നതിനെതിരെ ജനങ്ങള്‍ ബോധവാന്‍മാരാവുകയും ചെയ്യണം. അതിനാവശ്യമായ പ്രചരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഗവണ്‍മെന്റ്‌ മുന്നോട്ടുവരണം.

*
ജനയുഗം മുഖപ്രസംഗം 19 ജൂണ്‍ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...