Friday, June 10, 2011

ഹുസൈന്‍ സ്മരണയും അതിന്റെ സാമൂഹ്യപാഠവും

ഇന്ത്യന്‍ പിക്കാസോ എന്ന് വിശ്വവിഖ്യാതനായ അനശ്വര ചിത്രകാരന്‍ എം എഫ് ഹുസൈന്റെ സ്മരണയ്ക്ക് മുമ്പില്‍ ലോക ചിത്രകലാരംഗമാകെ ആദരാഞ്ജലികളര്‍പ്പിക്കുന്ന സന്ദര്‍ഭമാണിത്. ലോക ചിത്രകലയ്ക്ക് ഇന്ത്യ നല്‍കിയ മഹത്തായ സംഭാവനയാണ് എം എഫ് ഹുസൈന്‍ എന്ന കാര്യത്തില്‍ ചിത്രകലയെ ഗൗരവമായെടുക്കുന്ന ആര്‍ക്കെങ്കിലും തര്‍ക്കമുണ്ടാവുമെന്ന് കരുതാനാവില്ല. പ്രതിഭാധനനായ എം എഫ് ഹുസൈന്‍ ഇന്ത്യന്‍ ചിത്രകലയെ വിശ്വചക്രവാളങ്ങളിലേക്ക് ഉയര്‍ത്തുന്നതില്‍ വഹിച്ച പങ്ക് ചരിത്ര പ്രധാന്യമുള്ളതാണെന്ന് വരുംകാലം വിലയിരുത്തുമെന്നതില്‍ തര്‍ക്കമില്ല. വരും തലമുറകള്‍ക്കുമുമ്പില്‍ അദ്ദേഹത്തിന്റെ കലാസൃഷ്ടികളും കലാജീവിതവും പാഠപുസ്തകമെന്ന പ്രസക്തിയോടെ ഉയര്‍ന്നുനില്‍ക്കുകയും ചെയ്യും.

ലോകത്തിന് ഇന്ത്യ നല്‍കിയ സംഭാവനയാണ് എം എഫ് ഹുസൈന്‍ എന്ന് പറയുമ്പോഴും അങ്ങനെ അഭിമാനിക്കാന്‍ ഉള്ള ധാര്‍മികാവകാശം നമ്മുടെ രാജ്യത്തിന് എത്രത്തോളമുണ്ട് എന്ന ചിന്തകൂടി പ്രസക്തമായിവരുന്നു എന്ന് പറയാതിരിക്കാന്‍ വയ്യ. പ്രവാസ ജീവിതഘട്ടത്തില്‍പോലും "ഞാന്‍ എന്നും ഇന്ത്യക്കാരനായിരിക്കും" എന്ന് പ്രഖ്യാപിച്ച ഈ കലാകാരനെ ബഹിഷ്കരിച്ചതിന്റെ കുറ്റം നമ്മുടെ നാട് എങ്ങനെ ഒളിപ്പിച്ചുവയ്ക്കും? ലോക സമക്ഷം, ഇന്ത്യന്‍ മതനിരപേക്ഷതയുടെ ശോഭ കെടുത്തിയ സംഭവമാണ് ബാബറിമസ്ജിദിന്റെ തകര്‍ച്ച എന്ന് നാം പറയാറുണ്ട്. അതിനുശേഷം മതനിരപേക്ഷതയുടെ മൂല്യങ്ങളെ ഇന്ത്യ കൈവിട്ട അടുത്തമുഹൂര്‍ത്തമാണ് എം എഫ് ഹുസൈനെപ്പോലുള്ള ഒരു ഉന്നത കലാകാരന് രാജ്യം വിട്ടുപോകേണ്ട സാഹചര്യം നിര്‍ബന്ധപൂര്‍വം ഇന്ത്യ സൃഷ്ടിച്ചുവെന്നത്. ചരിത്രം ഇതു രണ്ടും നാളെ ചേര്‍ത്തു വായിക്കുമെന്നതില്‍ സംശയമില്ല. 1970ല്‍ വരച്ച ചിത്രത്തെ മുന്‍നിര്‍ത്തി വര്‍ഗീയ ശക്തികള്‍ ഇവിടെ കുഴപ്പങ്ങള്‍ കുത്തിപ്പൊക്കിയത് 1996ല്‍ മാത്രമാണ്. ചിത്രം സ്വാഭാവികമായി ഒരു വര്‍ഗീയ പ്രകോപനവുമുണ്ടാക്കിയില്ല എന്നതിനു വേറെ തെളിവുവേണ്ട.

96ല്‍ ചിത്രം നിരോധിക്കണമെന്ന മുറവിളി. ബോംബെ-ഡല്‍ഹി പൊലീസ് കമീഷണര്‍മാര്‍ക്ക് ഹുസൈനെതിരെ കേസെടുക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം. സൂററ്റിലെ പബ്ലിക് ഗ്യാലറിയില്‍ വര്‍ഗീയവാദികള്‍ നടത്തിയ ആക്രമണം, എം എഫ് ഹുസൈന്റെ ചിത്രങ്ങള്‍ നശിപ്പിക്കാനുള്ള ആക്രമണപരമ്പര; ഇന്ത്യയുടെ പല ഭാഗങ്ങളിലായി ഡസന്‍കണക്കിന് കേസ്, ഹുസൈന്‍ ചെയ്ത ചലച്ചിത്രം തിയറ്ററുകളില്‍നിന്ന് പിന്‍വലിക്കേണ്ട അവസ്ഥ, ആക്രമണ ശ്രമങ്ങള്‍ , വധശ്രമങ്ങള്‍ ഇങ്ങനെ എത്രയോ സംഭവങ്ങള്‍ . ആള്‍ക്കൂട്ടത്തിന്റെ ഭ്രാന്തിന് കലാകാരനെ വിട്ടുകൊടുത്ത് ഭരണാധികാരികള്‍ കൈയുംകെട്ടി നോക്കിനില്‍ക്കുമെന്നുവന്നാല്‍ കലാകാരന്റെ സൃഷ്ടിക്കും ജീവനും എന്ത് സുരക്ഷിതത്വം? ഇത്തരം ഒരു അവസ്ഥയുണ്ടായ വേളയിലാണ് ഇന്ത്യ വിട്ടുപോകാന്‍ എം എഫ് ഹുസൈന്‍ നിശ്ചയിച്ചത്. വര്‍ഗീയ സംഘങ്ങള്‍ ആക്രമിക്കാന്‍ നില്‍ക്കുന്നു. മതനിരപേക്ഷ സ്വഭാവമുള്ളതെന്ന് പറയുന്ന ഗവണ്‍മെന്റ് തനിക്കെതിരെ കേസെടുക്കുന്നു; നല്‍കിയ പത്മവിഭൂഷണ്‍ ബഹുമതി വര്‍ഗീയ ശക്തികളെ പ്രീണിപ്പിക്കാന്‍ വേണ്ടി തിരിച്ചെടുക്കാന്‍ നീക്കം നടത്തുന്നു. ഇങ്ങനെയൊക്കെ അപമാനിക്കപ്പെട്ടാല്‍ കലാകാരന് ആ സമൂഹത്തില്‍ എങ്ങനെ നിലനില്‍ക്കാനാവും? ആ അവസ്ഥയില്‍ എം എഫ് ഹുസൈന്‍ ഇന്ത്യ വിട്ടുപോവുകയല്ല; മറിച്ച് അദ്ദേഹത്തെ ഇന്ത്യ വിട്ടുപോവാന്‍ ഇന്ത്യ ഗവണ്‍മെന്റുതന്നെ നിര്‍ബന്ധിതനാക്കുകയായിരുന്നു. ദൈവങ്ങളുടെ നഗ്നചിത്രങ്ങള്‍ വരച്ചുവെന്നതായിരുന്നു ഹിന്ദുവര്‍ഗീയവാദികള്‍ എം എഫ് ഹുസൈനില്‍ ആരോപിച്ച കുറ്റം. കലയെ വിലയിരുത്താനുള്ള മാനദണ്ഡം ഇതാണെങ്കില്‍ അജന്ത എല്ലോറ ഗുഹകളിലെ ചിത്രങ്ങള്‍ നിരോധിക്കണം; പല ക്ഷേത്രങ്ങളിലെയും ശില്‍പ്പങ്ങള്‍ നിരോധിക്കണം; ക്ഷേത്രങ്ങളില്‍ ആലപിക്കുന്ന ഗീതഗോവിന്ദം നിരോധിക്കണം; സരസ്വതിയെ മദാലസ എന്ന് വിശേഷിപ്പിക്കുന്ന കാളിദാസ കവിതയും നിരോധിക്കണം. പക്ഷേ, അത്തരം അസഹിഷ്ണുതയുടെ അന്തരീക്ഷമായിരുന്നില്ല ഇവിടെ ഇക്കാലമത്രയും നിലനിന്നത്. അതുകൊണ്ടാണ് ഖജുരാഹോ ചിത്രങ്ങള്‍ മുതല്‍ മഹാവീരപ്രതിമവരെ നമ്മുടെ ഇന്ത്യയില്‍ നിലനിന്നുപോന്നത്.

ബില്‍ഹണന്റെ ചൗരപഞ്ചാശിക മുതല്‍ ജയദേവകവിയുടെ അഷ്ടപദിവരെ ഇവിടെ ഉയര്‍ന്നുകേള്‍ക്കുന്നത്്. ആ സഹിഷ്ണുതയുടെ അന്തരീക്ഷത്തെ കലുഷമാക്കി വര്‍ഗീയ മുതലെടുപ്പു നടത്താന്‍ ഇരുളിന്റെ ശക്തികള്‍ രംഗത്തിറങ്ങുകയും ഭൂരിപക്ഷ വോട്ടില്‍ കണ്ണും നട്ടിരുന്ന കോണ്‍ഗ്രസും അതിന്റെ ഗവണ്‍മെന്റും ആ വര്‍ഗീയ സമ്മര്‍ദത്തിന് കീഴടങ്ങുകയുമായിരുന്നു. അതുകൊണ്ടാണ് എം എഫ് ഹുസൈന് രാജ്യംവിട്ട് ഓടിപ്പോകേണ്ടിവന്നത്. ഈ സാഹചര്യം നന്നായറിയുന്നതുകൊണ്ടാണ് എം എഫ് ഹുസൈന്‍ തിരിച്ചുവരണമെന്ന് മന്ത്രി പി ചിദംബരം പറഞ്ഞപ്പോള്‍ , വാക്കിലല്ല, പ്രവൃത്തിയിലാണ് കാര്യം എന്ന് എം എഫ് ഹുസൈന്‍ തിരിച്ചടിച്ചത്. പാബ്ലോ പിക്കാസോയോടൊപ്പം ഒരേ വേദിയില്‍ ആദരിക്കപ്പെട്ട ഇന്ത്യന്‍ കലാകാരനാണ് എം എഫ് ഹുസൈന്‍ . ക്രിസ്റ്റി ചിത്രകലാലേലമേളയില്‍ രണ്ട് ദശലക്ഷം ഡോളറിന് തന്റെ ചിത്രം വിറ്റുപോകുമ്പോഴും നഗ്നപാദനായി നാട്ടിലെ ആള്‍ക്കൂട്ടത്തിലൊരാളായി നടന്നുപോയിരുന്ന കലാകാരനാണ് അദ്ദേഹം. യാഥാസ്ഥിതിക ചിത്രകലാരീതികളില്‍നിന്നുള്ള ഗതിമാറ്റം കുറിക്കാന്‍ മുന്‍നിന്ന ആധുനികതയുടെ വക്താവായ കലാകാരനാണ് അദ്ദേഹം. ചിത്രകല മുതല്‍ ചലച്ചിത്രകലവരെ വ്യാപരിച്ചുനിന്ന പ്രതിഭയുടെ ഉടമസ്ഥനാണ് അദ്ദേഹം. ഏതെങ്കിലും ഒരു വര്‍ഗീയത മാത്രമല്ല, അദ്ദേഹത്തെ ഇന്ത്യയില്‍ വേട്ടയാടിയത്.

ഒരു വശത്ത് ബജ്രംഗ്ദള്‍ മുതല്‍ വിശ്വഹിന്ദുപരിഷത്തുവരെയുള്ളവര്‍ . മറുവശത്ത് മില്ലി കൗണ്‍സില്‍ മുതല്‍ ജമാഅത്തെ ഇസ്ലാമിവരെയുള്ളവര്‍ . ദുര്‍ഗാചിത്രം മുന്‍നിര്‍ത്തിയായിരുന്നു ആദ്യത്തെ കൂട്ടരുടെ ആക്രമണമെങ്കില്‍ "മീനാക്ഷി-മൂന്ന് നഗരങ്ങളുടെ കഥ" എന്ന ചലച്ചിത്രത്തിലെ പാട്ട് മുന്‍നിര്‍ത്തിയായിരുന്നു രണ്ടാമത്തെ കൂട്ടരുടെ ആക്രമണം. ഇരുകൂട്ടരെയും ഒരുപോലെ പ്രീണിപ്പിച്ച കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഗവണ്‍മെന്റാകട്ടെ, എം എഫ് ഹുസൈന് രാജ്യം വിട്ടോടണമെന്ന സ്ഥിതിയുണ്ടാക്കിവച്ചു. ലോകം ആദരിക്കുന്ന ആ ഇന്ത്യന്‍ കലാകാരന് വാര്‍ധക്യകാലത്ത് ദുബായിലും ദോഹായിലും ലണ്ടനിലുമായി അലയേണ്ടിവന്നു. ഒടുവില്‍ ലണ്ടനില്‍ മരിക്കേണ്ടതായും. എം എഫ് ഹുസൈന്‍ എന്ന ചിത്രകാരനെ മനസിലാക്കിയതും ആദരിച്ചതും ചിത്രകലാകാരന്മാരും ഇന്ത്യന്‍ ഇടതുപക്ഷവുമാണ്. സയ്യദ് മിര്‍സ മുതല്‍ എം കെ റെയ്നവരെയുള്ള കലാകാരന്മാര്‍ അദ്ദേഹം ഇന്ത്യയിലേക്ക് തിരികെവരാന്‍വേണ്ടി ശ്രമിച്ചു. കേരളത്തിലുണ്ടായിരുന്ന ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവണ്‍മെന്റ് രാജാരവിവര്‍മ പുരസ്കാരം പ്രഖ്യാപിച്ച് ആദരിച്ചു. അനശ്വരപ്രതിഭയായിരുന്ന എം എഫ് ഹുസൈന്റെ സ്മരണയ്ക്കുമുമ്പില്‍ ഞങ്ങള്‍ പ്രണമിക്കുന്നു.

*
മുഖപ്രസംഗം ദേശാഭിമാനി 10 ജൂണ്‍ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഇന്ത്യന്‍ പിക്കാസോ എന്ന് വിശ്വവിഖ്യാതനായ അനശ്വര ചിത്രകാരന്‍ എം എഫ് ഹുസൈന്റെ സ്മരണയ്ക്ക് മുമ്പില്‍ ലോക ചിത്രകലാരംഗമാകെ ആദരാഞ്ജലികളര്‍പ്പിക്കുന്ന സന്ദര്‍ഭമാണിത്. ലോക ചിത്രകലയ്ക്ക് ഇന്ത്യ നല്‍കിയ മഹത്തായ സംഭാവനയാണ് എം എഫ് ഹുസൈന്‍ എന്ന കാര്യത്തില്‍ ചിത്രകലയെ ഗൗരവമായെടുക്കുന്ന ആര്‍ക്കെങ്കിലും തര്‍ക്കമുണ്ടാവുമെന്ന് കരുതാനാവില്ല. പ്രതിഭാധനനായ എം എഫ് ഹുസൈന്‍ ഇന്ത്യന്‍ ചിത്രകലയെ വിശ്വചക്രവാളങ്ങളിലേക്ക് ഉയര്‍ത്തുന്നതില്‍ വഹിച്ച പങ്ക് ചരിത്ര പ്രധാന്യമുള്ളതാണെന്ന് വരുംകാലം വിലയിരുത്തുമെന്നതില്‍ തര്‍ക്കമില്ല. വരും തലമുറകള്‍ക്കുമുമ്പില്‍ അദ്ദേഹത്തിന്റെ കലാസൃഷ്ടികളും കലാജീവിതവും പാഠപുസ്തകമെന്ന പ്രസക്തിയോടെ ഉയര്‍ന്നുനില്‍ക്കുകയും ചെയ്യും.