Friday, June 17, 2011

നാണയപ്പെരുപ്പവും ആഭ്യന്തര ധനകമ്മിയും

വിലക്കയറ്റവും നാണ്യപ്പെരുപ്പവും നിയന്ത്രണ വിധേയമാക്കുമെന്ന യു പി എ സര്‍ക്കാരിന്റെ വാഗ്ദാനം പാഴ്‌വാക്കായി മാറുന്നു. കേന്ദ്ര ബജറ്റ് അവതരിപ്പിച്ചപ്പോള്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും ധനമന്ത്രി പ്രണബ് കുമാര്‍ മുഖര്‍ജിയും ഉറപ്പു നല്‍കിയത് നാലുമാസത്തിനകം നാണയപെരുപ്പം കുറയ്ക്കും എന്നാണ്. ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് നാണയപെരുപ്പം പത്ത് ശതമാനത്തിനടുത്തെത്തി. ഭക്ഷ്യവിലക്കയറ്റം നിയന്ത്രണമില്ലാതെ തുടരുന്നു. പെട്രോള്‍, ഡീസല്‍, പാചക വാതകം തുടങ്ങിയവയുടെ വില ഏതാനും ദിവസങ്ങള്‍ക്കകം വീണ്ടും വര്‍ധിപ്പിക്കുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ നാണയപെരുപ്പം രണ്ടക്കം കവിയും.

വിലക്കയറ്റം പ്രധാനമായും മൂന്ന് ഘടകങ്ങളെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്. ഇതില്‍ അടിസ്ഥാന ഉല്‍പ്പന്നങ്ങള്‍ 20 ശതമാനം, ഇന്ധനവില 15 ശതമാനം, നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ 65 ശതമാനം ഇത്തരത്തിലാണ് വിവിധ ഉല്‍പന്നങ്ങളുടെ വിലകള്‍ വിലക്കയറ്റത്തെ സ്വാധീനിക്കുന്നത്. കാര്‍ഷിക ഉല്‍പ്പന്നങ്ങളാണ് അടിസ്ഥാന ഉല്‍പ്പന്നങ്ങളുടെ പരിധിയില്‍ വരുന്നത്. കാര്‍ഷിക ഉത്പാദനം വര്‍ദ്ധിച്ചെന്ന് സര്‍ക്കാര്‍ കണക്കുകള്‍ പറയുമ്പോഴും കാര്‍ഷികോല്‍പന്നങ്ങളുടെ വില ഉയര്‍ന്നുതന്നെ നിലനില്‍ക്കുന്നു. അതേസമയം കര്‍ഷകന് ഇതിന്റെ പ്രയോജനം ലഭിക്കുന്നില്ല. സര്‍ക്കാര്‍ കാര്‍ഷികോല്‍പ്പന്നങ്ങളുടെ താങ്ങുവില ഉയര്‍ത്തുന്നത് ഉല്‍പ്പാദനം വര്‍ധിക്കുമ്പോഴും വിലക്കയറ്റത്തിന് വഴിവെയ്ക്കും എന്ന് സാമ്പത്തിക രംഗത്ത് ഉള്ളവര്‍ അഭിപ്രായപ്പെടുമ്പോള്‍ മറുപക്ഷത്ത് കര്‍ഷക ആത്മഹത്യകള്‍ തുടര്‍ക്കഥയാകുന്നു. സാമ്പത്തിക വിദഗ്ദ്ധരുടെ കണക്കുകള്‍ കൂട്ടലിനൊത്ത് ശരിയാകുന്നില്ല എന്നാണിത് വ്യക്തമാക്കുന്നത്.

പെട്രോള്‍ വിലവര്‍ധന വിലകയറ്റത്തിന്റെ ആക്കം കൂട്ടുകയാണ്. പെട്രോള്‍ വിലനിയന്ത്രണം സര്‍ക്കാര്‍ എടുത്തു കളഞ്ഞതോടെ പൊതുമേഖലാ എണ്ണ കമ്പനികള്‍ അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയില്‍ വിലവര്‍ദ്ധനയുടെ പേരില്‍ നഷ്ടം ചൂണ്ടിക്കാട്ടി പെട്രോള്‍വില അടിക്കടി വര്‍ദ്ധിപ്പിക്കുകയാണ്. പെട്രോള്‍ വിലവര്‍ദ്ധന ഒരിക്കല്‍ പ്രഖ്യാപിക്കുമ്പോള്‍ തന്നെ മറ്റൊരു വിലവര്‍ദ്ധന ഉടനെ ഉണ്ടെന്ന സൂചന നല്‍കാനും പൊതു മേഖലാ എണ്ണ കമ്പനികള്‍ മറക്കുന്നില്ല. വില കയറ്റത്തിന്റെ ഒരു ശതമാനം പെട്രോള്‍ വില വര്‍ധനയെ ആശ്രയിച്ച് നിലകൊള്ളുമ്പോള്‍ ഡീസല്‍ വില വര്‍ധന ഇത്തരത്തില്‍ ആറ് ശതമാനം സ്വാധീനമാണ് വിലകയറ്റത്തില്‍ ചെലുത്തുന്നത്. പെട്രോള്‍ വിലയുടെ വര്‍ധന ഉണ്ടാക്കുന്നതിന്റെ ആറിരട്ടി വര്‍ദ്ധനവാണ് ഡീസല്‍വില വര്‍ധന വിലകയറ്റത്തില്‍ വരുത്തുന്നതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഉല്‍പ്പാദന മേഖലയാണ് വിലക്കയറ്റത്തെ സ്വാധീനിക്കുന്ന ഏറ്റവും വലിയ ഘടകം, ഉല്‍പ്പാദന മേഖല വിലക്കയറ്റത്തില്‍ 65 ശതമാനം സ്വാധീനമാണ് ചെലുത്തുന്നത്. ഉല്‍പ്പാദന മേഖല എന്നു പറയുമ്പോള്‍, കാര്‍ഷിക-ഇന്ധനേതര വിഭാഗത്തെയാണ് ഉദ്ദേശിക്കുന്നത്. നാണ്യപെരുപ്പം പ്രശ്‌നമായി തന്നെ നിലനില്‍ക്കുകയാണ്. പക്ഷെ പ്രതീക്ഷയുണ്ട് എന്നാണ് ഇതേകക്കുറിച്ച് ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിംഗ് അലുവാലിയ പ്രതികരിച്ചത്. നാണ്യപെരുപ്പം ആശങ്കയുയര്‍ത്തുന്നതാണ്. വിലകയറ്റത്തിന്റെ തോത് ഏറെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. എന്നായിരുന്നു കേന്ദ്ര ധനകാര്യ വകുപ്പ് സെക്രട്ടറി ആര്‍ ഗോപാലന്‍ ഇതേക്കുറിച്ച് അഭിപ്രായപ്പെട്ടത്. വിലകയറ്റം സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ക്ക് അപ്പൂറത്തേയ്ക്ക് നീങ്ങിയെന്ന് സമ്മതിക്കുന്നതാണ് രണ്ടുപേരുടെയും അഭിപ്രായങ്ങള്‍.

റിസര്‍വ് ബാങ്ക് നാണ്യപെരുപ്പവും വിലകയറ്റവും നിയന്ത്രിക്കണമെന്നതാണ് യു പി എ സര്‍ക്കാരിന്റെ പക്ഷം. ഇതിനായി ബാങ്ക് നിരക്കുകളില്‍ ഏറ്റക്കുറച്ചിലുകള്‍ വരുത്തി റിസര്‍വ് ബാങ്ക് ഇതിനുള്ള ശ്രമം നടത്തുന്നുണ്ടെങ്കിലും ഇവരണ്ടും റിസര്‍വ് ബാങ്ക് നിയന്ത്രണത്തിന് അതീതമായ സംഗതികളും ഉള്‍പ്പെട്ടതാണെന്നത് സര്‍ക്കാര്‍ മനപൂര്‍വ്വം വിസ്മരിക്കുകയാണ്. ബാങ്ക് നിരക്കുകള്‍ കൂട്ടി, പലിശനിരക്ക് വര്‍ദ്ധിപ്പിച്ചാല്‍ വിലകയറ്റം നിയന്ത്രിക്കാനാകില്ലെന്ന് കഴിഞ്ഞ കുറെ കാലങ്ങളായുള്ള അനുഭവം വ്യക്തമാക്കുന്നു. വായ്പയെടുത്ത് ഭക്ഷണം കഴിക്കുന്ന പാവങ്ങള്‍ ഇന്ത്യയിലുണ്ടോ എന്ന് സംശയമാണ്. പട്ടിണിക്കാരന്‍ എന്തായാലും ഒരു നേരത്തെ ഭക്ഷണത്തിന് ബാങ്ക് വായ്പയ്ക്കായി ബാങ്കുകളെ സമീപിച്ചാല്‍ സ്ഥിതി എന്താകുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. നിക്ഷേപങ്ങള്‍ വായ്പകള്‍ ഇവയെ നിയന്ത്രിച്ചതുകൊണ്ടോ ധനവിപണിയില്‍ പണത്തിന്റെ ലഭ്യത കുറച്ചതുകൊണ്ടോ വിലകയറ്റം നിയന്ത്രിക്കാനാകില്ലെന്ന് ഇതുവരെയുള്ള അനുഭവം വ്യക്തമാക്കുന്നു.

ഇടനിലക്കാരെയും വന്‍കിടക്കാരെയും നിയന്ത്രിക്കാന്‍ സര്‍ക്കാരിന് കഴിയാത്തിടത്തോളം വിലക്കയറ്റം തുടരുമെന്നാണ് വിലയിരുത്തല്‍. ഉള്ളി വില റോക്കറ്റ് പോലെ കുതിച്ചുയര്‍ന്നതിനൊടുവില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഉള്ളി വിപണിയായ നാസിക്കില്‍ ഉള്ളിവില രണ്ടു രൂപയായി നേരെ താഴ്ന്നതും ഇടനിലക്കാര്‍ വന്‍ ലാഭം കൊയ്തതിനും രാജ്യം സാക്ഷിയാണ്. അരി, പഴങ്ങള്‍, പെട്രോള്‍, എഡിബിള്‍ ഓയില്‍, കോട്ടണ്‍ തുണി, ഇരുമ്പ് തുടങ്ങിയവയുടെ വില ഏപ്രിലിനേക്കാള്‍ മെയ്മാസം അധികരിച്ചതായി സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. യു പി എ സര്‍ക്കാരിന്റെ പുതിയ പുതിയ അഴിമതികളാണ് പ്രതിദിനം പുറത്തു വരുന്നത. ടു ജി അഴിമതി, ആദര്‍ശ് ഫഌറ്റ് അഴിമതി, കോമണ്‍വെല്‍ത്ത് ഗെയിംസ്, എണ്ണ പര്യവേഷണത്തിന് റിലയന്‍സ് ഉള്‍പ്പെടെയുള്ളവരെ സഹായിച്ചതിന്റെ പുതിയ അഴിമതി കഥയാണ് ഇപ്പോള്‍ ഒടുവില്‍ പുറത്തു വന്നിരിക്കുന്നത്. വിലക്കയറ്റവും, നാണ്യപ്പെരുപ്പവും അഴിമതിപോലെ തന്നെ സര്‍ക്കാര്‍ നിയന്ത്രണത്തിന് അപ്പുറത്തേയ്ക്ക് നീങ്ങുന്ന കാഴ്ചയാണ് ഇപ്പോള്‍ ദൃശ്യമാകുന്നത്.

നാണ്യപ്പെരുപ്പം ആഭ്യന്തര വളര്‍ച്ചയെ ദോഷകരമായി ബാധിക്കുന്ന ഒന്നാണ്. നാണ്യ പെരുപ്പവും വിലകയറ്റവും ഇതേ നിലയ്ക്ക് ഉയര്‍ന്ന നിരക്കുകളില്‍ മുന്നോട്ടുപോയാല്‍ ആഭ്യന്തര വളര്‍ച്ച പ്രതീക്ഷിക്കുന്ന നിരക്കില്‍ കൈവരിക്കാനാകില്ലെന്നാണ് വിലയിരുത്തല്‍. രാജ്യത്തെ സാമ്പത്തിക മേഖലയില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് ഇത് വഴിതെളിക്കുകയും ചെയ്യും.

വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ബാങ്ക് വായ്പയിലൂടെ അധികം സബ്‌സിഡി നല്‍കേണ്ടി വരുന്ന സാഹചര്യമുണ്ടായാല്‍ കൂടുതല്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യ മേഖലയിലേയ്ക്ക് എത്തിച്ചേരാന്‍ ഇത് കാരണമാകും. ധനകമ്മി നികത്താന്‍ വിറ്റുമുടിക്കലാണ് യു പി എ സര്‍ക്കാര്‍ പുലര്‍ത്തുന്ന നയം. സാധാരണക്കാരനെ കൂടുതല്‍ ദുരിതത്തിലാഴ്ത്തുന്ന സര്‍ക്കാരിന്റെ നവലിബറല്‍ സാമ്പത്തിക നയങ്ങളാണ് ഇന്നത്തെ പ്രതിസന്ധിക്ക് കാരണമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

*
റെജി കുര്യന്‍ ജനയുഗം 16 ജൂണ്‍ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

വിലക്കയറ്റവും നാണ്യപ്പെരുപ്പവും നിയന്ത്രണ വിധേയമാക്കുമെന്ന യു പി എ സര്‍ക്കാരിന്റെ വാഗ്ദാനം പാഴ്‌വാക്കായി മാറുന്നു. കേന്ദ്ര ബജറ്റ് അവതരിപ്പിച്ചപ്പോള്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും ധനമന്ത്രി പ്രണബ് കുമാര്‍ മുഖര്‍ജിയും ഉറപ്പു നല്‍കിയത് നാലുമാസത്തിനകം നാണയപെരുപ്പം കുറയ്ക്കും എന്നാണ്. ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് നാണയപെരുപ്പം പത്ത് ശതമാനത്തിനടുത്തെത്തി. ഭക്ഷ്യവിലക്കയറ്റം നിയന്ത്രണമില്ലാതെ തുടരുന്നു. പെട്രോള്‍, ഡീസല്‍, പാചക വാതകം തുടങ്ങിയവയുടെ വില ഏതാനും ദിവസങ്ങള്‍ക്കകം വീണ്ടും വര്‍ധിപ്പിക്കുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ നാണയപെരുപ്പം രണ്ടക്കം കവിയും.