Tuesday, June 7, 2011

മലയാളത്തിന്റെ 'പീരിയേട്' ഇനിയും ആയില്ല !

സ്‌കൂളുകളിലെ മലയാള പഠനത്തിന്റെ അവസ്ഥ മെച്ചപ്പെടുത്തുന്നതിനായുള്ള നിര്‍ദേശങ്ങള്‍ തത്കാലം മരവിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ദൗര്‍ഭാഗ്യകരം ആയിപ്പോയി. ഹൈസ്‌കൂള്‍ ക്ലാസ്സുകളില്‍ മലയാളം പഠിപ്പിക്കാനായി നിലവിലുള്ള ആറു പീരിയെടുകള്‍ ഏഴായി ഉയര്‍ത്താനും അതിനായി ഐ. ടി. യുടെ ഒരു പീരിയെട് കുറയ്ക്കാനും ഉള്ള നീക്കം ആണല്ലോ വ്യാപകമായ എതിര്‍പ്പ് ക്ഷണിച്ചു വരുത്തിയത്. രസകരമായ സംഗതി അങ്ങനെ ഒരു നിര്‍ദേശം ഇതെപ്പറ്റി പഠിച്ച് ശുപാര്‍ശ ചെയ്യാന്‍ നിയുക്തമായ സമിതി സമര്‍പ്പിച്ചിരുന്നില്ല എന്നതാണ്.

കാര്യങ്ങള്‍ ആദ്യം മുതല്‍കെ തന്നെ വിശദീകരിക്കേണ്ടിയിരിക്കുന്നു.

കേരള വിദ്യാഭ്യാസ പദ്ധതിയില്‍ മലയാളത്തിനു അര്‍ഹമായ 'സ്ഥാനം' കിട്ടുന്നില്ല എന്നതിനെപ്പറ്റിയാണല്ലോ ഇവിടെ ഒരുപാട് പരാതി ഉണ്ടായത്. മലയാളം 'ഒന്നാം ഭാഷ' ആക്കണം എന്നതായിരുന്നു ഒരു ആവശ്യം. വാസ്തവത്തില്‍ കേരള സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ എക്കാലവും മലയാളം ഒന്നാം ഭാഷ തന്നെയായിരുന്നു. (മലയാളികളുടെ മനസ്സിലാണ് മലയാളം ഒന്നാം ഭാഷ അല്ലാതായത്!) അതിന് രണ്ട് പേപ്പറുകള്‍ പഠിക്കാനും ഉണ്ട്. ചില സ്‌കൂളുകളില്‍ ഒന്നാം പേപ്പറായി മലയാളത്തിനു പകരം സംസ്‌കൃതം, അറബി, സുറിയാനി മുതലായ ഭാഷകള്‍ പഠിക്കാനുള്ള അവസരം കുട്ടികള്‍ക്ക് കൊടുക്കുന്ന രീതി ഇവിടുണ്ട്. പക്ഷേ അവരും രണ്ടാം പേപ്പറായി മലയാളം പഠിക്കണം. ഇതിന് അപവാദം ഉള്ളത് ഏതാനും 'ഓറിയന്റല്‍' സ്‌കൂളുകളില്‍ ആണ്. (22 സംസ്‌കൃത സ്‌കൂളുകളും 10 അറബിക് സ്‌കൂളുകളും ആണ് ഓറിയന്റല്‍ സ്‌കൂളുകള്‍ ആയുള്ളതു.) അവിടെ രണ്ടാം പേപ്പറും പ്രസ്തുത 'ഓറിയന്റല്‍ ഭാഷ' തന്നെയാണ്. മലയാളം പഠിക്കുകയേ വേണ്ട. രസകരമായ സംഗതി അവിടെ നിന്ന് പഠിച്ച് വരുന്നവര്‍ക്കും ടി ടി സി പാസ്സായാല്‍ മലയാളം ഉള്‍പ്പെടെ പഠിപ്പിക്കാം എന്നതാണ്! ഈ രീതി എങ്ങനെ വന്നു എന്ന് ആര്‍ക്കും അറിയില്ല. ഏതായാലും ഇത് മാറ്റണം എന്നതായിരുന്നു സമിതിയുടെ പ്രധാന ശുപാര്‍ശ. കേരളത്തിലെ എല്ലാ സ്‌കൂളുകളിലും മലയാളം നിര്‍ബന്ധമായും ഒന്നാം ഭാഷയായി പഠിപ്പിക്കണം. അതായത് ഒന്നാം ഭാഷയ്ക്കുള്ള രണ്ട് പേപ്പറുകളില്‍ ഒന്ന് മലയാളം ആയിരിക്കണം. ഇപ്പോള്‍ ഒന്നാം ഭാഷയുടെ ഒന്നാം പേപ്പറിന് നാല് പീരിയെടും രണ്ടാം പേപ്പറിന് രണ്ട് പീരിയെടും ആണ് ഉള്ളത്. ഇത് മൂന്നും മൂന്നും ആക്കിയാല്‍ മലയാളത്തിനു തുല്യ പ്രാധാന്യം കൈവരും. ഇതിന് വിദ്യാഭ്യാസപരമായ ഒരു വശം കൂടിയുണ്ട്. രണ്ടാം പേപ്പറിന് ആഴ്ചയില്‍ രണ്ട് പീരിയേട് മാത്രം കിട്ടുന്നത് കൊണ്ട് അതിലൂടെ ആവശ്യമായ ഭാഷാ വ്യവഹാര പരിചയം കിട്ടുന്നില്ല എന്ന പരാതി നേരത്തെ ഉണ്ടായിരുന്നു. അതിന് പരിഹാരമായി ഇങ്ങനത്തെ ഒരു മാറ്റം വിദ്യാഭ്യാസ വകുപ്പിന്റെ പരിഗണനയില്‍ ആയിരുന്നു. ഈ രീതി സ്വീകരിച്ചാല്‍ ആവശ്യമുള്ള കുട്ടികള്‍ക്ക് മലയാളത്തോടൊപ്പം മറ്റൊരു 'ഓറിയന്റല്‍' ഭാഷ കൂടി പഠിക്കാന്‍ ഉള്ള അവസരം തുടര്‍ന്നും കിട്ടും; അത് മലയാളത്തിനു പകരം ആവുകയുമില്ല.

മലയാളം പഠിക്കാതെ എസ് എസ് എല്‍ സി പരീക്ഷ പാസ്സാകുന്ന മറ്റൊരു വിഭാഗം ഒന്നാം ഭാഷയായി സ്‌പെഷല്‍ ഇംഗ്ലീഷ് എടുക്കുന്നവരാണ്. അവരും എണ്ണത്തില്‍ അത്ര കൂടുതലൊന്നുമില്ല. കഴിഞ്ഞ എസ് എസ് എല്‍ സി പരീക്ഷയ്ക്ക് ഇങ്ങനെ സ്‌പെഷല്‍ ഇംഗ്ലീഷ് പരീക്ഷ എഴുതിയവര്‍ 1731 പേര്‍ മാത്രമേ വരൂ. മലയാളം മാതൃഭാഷ അല്ലാത്തവരും മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് സ്ഥലം മാറി വന്നവരും ആയവര്‍ക്ക് വേണ്ടി ആണ് ഇങ്ങനെ ഒരു സൗകര്യം വച്ചിരിക്കുന്നത് എങ്കിലും കുറച്ച് പേര്‍ എങ്കിലും ഇത് ദുരുപയോഗപ്പെടുത്തുന്നുണ്ടാകാം. അതുകൊണ്ട് അതും അവസാനിപ്പിക്കേണ്ടതുണ്ട്. പക്ഷേ മലയാളം ഒട്ടുമേ പഠിക്കാതെ കേരളത്തിലെ സ്‌കൂളുകളില്‍ നിന്ന് പാസ്സായി പോകുന്ന വലിയ വിഭാഗം ഇവരൊന്നുമല്ല; നമ്മുടെ സി ബി എസ് ഇ വിദ്യാര്‍ഥികള്‍ ആണ് അവര്‍. അവര്‍ക്ക് സ്‌കൂളില്‍ രണ്ട് ഭാഷകള്‍ പഠിച്ചാല്‍ മതി. (ത്രിഭാഷാ പദ്ധതിയൊന്നും അവര്‍ക്ക് ബാധകം അല്ല!) മുപ്പതോളം ഭാഷകള്‍ അംഗീകൃത ലിസ്റ്റില്‍ ഉണ്ടെങ്കിലും മിക്കവാറും എല്ലാവര്‍ക്കും ഇംഗ്ലീഷും ഹിന്ദിയും ആയിരിക്കും പഥ്യം എന്ന് വിശേഷിച്ചു പറയേണ്ടതില്ലല്ലോ. അതിലൊന്നായി മലയാളം എടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഉണ്ടായാലും അതിനുള്ള സൗകര്യം സ്‌കൂളില്‍ ഉണ്ടാകണം എന്നില്ല. സി ബി എസ് ഇ സ്‌കൂളുകളുടെ മേല്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിയന്ത്രണം ഒന്നും ഇല്ലാത്തതിനാല്‍ അവരോട് മലയാളം നിര്‍ബന്ധമായി പഠിപ്പിക്കാന്‍ പറയാന്‍ കഴിയുമോ എന്ന സംശയം ചിലര്‍ ഉയര്‍ത്തിയിട്ടുണ്ട്.

ഇക്കാര്യത്തില്‍ നമ്മുടെ അയല്‍ സംസ്ഥാനങ്ങളുടെ അനുഭവം പ്രയോജനപ്രദം ആയിരിക്കും. അവിടെയെല്ലാം തന്നെ സംസ്ഥാന ബോര്‍ഡുകളുടെ സ്‌കൂളുകളില്‍ തദ്ദേശീയ ഭാഷാ പഠനം നിര്‍ബന്ധം ആണെങ്കിലും സി ബി എസ് ഇ സ്‌കൂളുകളില്‍ അത് നടപ്പാക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. എന്നാല്‍ വിദ്യാഭ്യാസ അവകാശ നിയമം നിലവില്‍ വന്നതോടെ സംഗതി ആകെ മാറിയിട്ടുണ്ട്. ആ നിയമം അനുശാസിക്കുന്നത് െ്രെപമറി തലത്തില്‍, അതായത് എട്ടാം തരം വരെ, പഠന മാധ്യമം മാതൃഭാഷ ആയിരിക്കണം എന്നാണ്. ഇത് കുട്ടിയുടെ അവകാശമാണ്. രക്ഷകര്‍ത്താവിനു പോലും ഇതില്‍ കൈകടത്താന്‍ ആവില്ല. ലോകമെങ്ങും അംഗീകരിച്ചിട്ടുള്ള ഒരു തത്വം ആണിത് എന്ന് പറയേണ്ടതില്ലല്ലോ. നമ്മുടെ നാട്ടില്‍ മാത്രം ആണ് ഗുണമേന്മയുടെ പേരില്‍ നഴ്‌സറി മുതല്‍ ഇംഗ്ലീഷു മീഡിയം കുട്ടികളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നത്. വീട്ടില്‍ ഇംഗ്ലീഷു സംസാരിച്ചു കേള്‍ക്കുന്ന കുട്ടികള്‍ വലിയ പരിക്കില്ലാതെ രക്ഷപ്പെടുന്നുണ്ടാകാം. മറ്റുള്ളവരെ സംബന്ധിച്ചിടത്തോളം ഇത് പീഡനം തന്നെയാണ്. അത് അവരുടെ വ്യക്തിത്വ വികാസത്തെ ബാധിക്കുന്നും ഉണ്ടാകാം. ഏതായാലും നമ്മുടെ പാര്‍ലമെന്റ് ഇങ്ങനെ ഒരു നിയമം പാസ്സാക്കിയ സ്ഥിതിക്ക് സംസ്ഥാന സര്‍ക്കാരിന് അതിന്റെ ബലം ഉപയോഗിച്ച് കേരളത്തിലെ എല്ലാ സ്‌കൂളുകളിലും (സി ബി എസ് ഇ ഉള്‍പ്പെടെ) എട്ടാം തരം വരെ മലയാളം മീഡിയം നിര്‍ബന്ധം ആക്കാവുന്നതേയുള്ളൂ. എന്നല്ല, ആക്കിയെ തീരൂ. അല്ലെങ്കില്‍ അത് വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ലംഘനം ആകും. നിയമത്തില്‍ പറയുന്നത് 'ആകാവുന്നിടത്തോളം' എന്നാണ്. എന്താണതിന്റെ അര്‍ഥം? ഒരു ക്ലാസ്സില്‍ തമിഴോ കന്നഡമോ (അല്ലെങ്കില്‍ മറ്റേതെങ്കിലും) മാതൃഭാഷ ആയ ഏതാനും കുട്ടികള്‍ മാത്രം ഉണ്ടെങ്കില്‍ അവര്‍ക്ക് വേണ്ടി തമിഴ് മീഡിയമോ കന്നഡ മീഡിയമോ തുടങ്ങാന്‍ പറ്റില്ലല്ലോ. അവരെ ഇംഗ്ലീഷു മീഡിയത്തിലാണോ പഠിപ്പിക്കേണ്ടത് അതോ അവരും പ്രാദേശിക ഭാഷയില്‍ പഠിക്കണോ എന്നത് സങ്കീര്‍ണമായ ഒരു പ്രശ്‌നം ആണ്. അങ്ങനെയുള്ള സാഹചര്യങ്ങളില്‍ ഒഴികെ മാതൃഭാഷയിലുള്ള ബോധനം എന്ന കുട്ടിയുടെ അവകാശം അംഗീകരിച്ചു കൊടുത്തെ തീരൂ. വാസ്തവത്തില്‍ ഈ തത്വം അംഗീകരിച്ചു കൊണ്ടാണ് കേരളത്തില്‍ നാം കുറേ തമിഴ്, കന്നഡ മീഡിയം സ്‌കൂളുകളും കൊച്ചിയില്‍ രണ്ട് ഗുജറാത്തി സ്‌കൂളുകളും നടത്തുന്നത്. ഈ തത്വത്തിന്റെ ദേശീയ തലത്തിലുള്ള അംഗീകാരം ആണ് ഇപ്പോള്‍ നടപ്പായിരിക്കുന്നത്. തീര്‍ച്ചയായും ഈ അവസരം ഏതായാലും എട്ടാം ക്ലാസ്സ് വരെയെങ്കിലും മലയാളം നിര്‍ബന്ധിതം ആക്കാന്‍ നമുക്ക് ഉപയോഗിക്കാം. അത് കഴിഞ്ഞു വേണമെങ്കില്‍ ഇംഗ്ലീഷു മീഡിയം ആയിക്കോട്ടെ. ഒരു കാര്യം ഉറപ്പാണ്. മലയാളത്തെ രക്ഷിക്കാന്‍ ആയിട്ടോ ഭാഷാഭിമാനം കൊണ്ടോ എല്ലാവരും മലയാളം പഠിക്കണം എന്ന് പറഞ്ഞാല്‍ അത് നടക്കാന്‍ പോകുന്നില്ല. അതാണു കുട്ടികള്‍ക്ക് ഗുണം ചെയ്യുന്നത് എന്ന് രക്ഷിതാക്കളെ ബോധ്യപ്പെടുത്തിയെ മതിയാകൂ. ബോധന മാധ്യമം മലയാളം ആക്കുന്നതോടൊപ്പം ഇംഗ്ലീഷ് ഉള്‍പ്പെടെ മറ്റു വിഷയങ്ങള്‍ നന്നായി പഠിപ്പിച്ചു കൊണ്ട് മാത്രമേ അത് സാധ്യമാകുകയുള്ളു. ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യാന്‍ ഇംഗ്ലീഷു നന്നായി പഠിപ്പിച്ചാല്‍ മതി, ഇംഗ്ലീഷില്‍ പഠിപ്പിക്കേണ്ടതില്ല എന്ന് നേരിട്ട് ബോധ്യപ്പെടുത്തുന്നതില്‍ ആയിരിക്കും ഈ നയത്തിന്റെ വിജയം.

അതിന് ഒരുപാട് ശ്രമിക്കേണ്ടി വരും. പക്ഷേ, ഇപ്പോഴത്തെ ചര്‍ച്ചകള്‍ ആ ദിശയിലോന്നുമല്ല പോകുന്നത് എന്നത് ദൗര്‍ഭാഗ്യകരം ആണ്. മലയാളത്തിനു വേണ്ടി ശക്തമായി വാദിക്കുന്നവര്‍ക്ക് പോലും മലയാളത്തിനു പദവി വേണമെന്നല്ലാതെ മലയാളം ബോധനമാധ്യമം ആക്കണം എന്ന് നിര്‍ബന്ധം ഒന്നും കാണുന്നില്ല. അതും കൗതുകകരം ആയിരിക്കുന്നു. മലയാളത്തിന്റെ പീരിയേഡ് ആറില്‍ നിന്ന് ഏഴാക്കി കൂട്ടാന്‍ ശ്രമിച്ചതാണ് ഇപ്പോള്‍ വിവാദം ആയിരിക്കുന്നത്. ഈ നിര്‍ദേശം വന്നത് സമിതിയുടെ നിര്‍ദേശങ്ങള്‍ എങ്ങനെ നടപ്പാക്കണം എന്ന് ഉപദേശിക്കാന്‍ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്നാണത്രേ. ഐ. ടി. യുടെ ഒരു പീരിയേഡ് എടുത്ത് മലയാളത്തിനു ചേര്‍ത്ത് വെറുതേ കടന്നല്‍ കൂട്ടില്‍ കല്ല് എറിഞ്ഞത് എന്തിനാണോ എന്തോ! ചില സന്ദര്‍ഭങ്ങളില്‍ നല്ല കാര്യം ചെയ്യുമ്പോള്‍ പോലും അത് വേണ്ട രീതിയില്‍ ചെയ്തില്ലെങ്കില്‍ വിപരീത ഫലം ഉണ്ടാകും എന്ന് അധികൃതര്‍ ഓര്‍ക്കണമായിരുന്നു. ഏതായാലും ഇപ്പോഴത് മാറ്റങ്ങളെ എതിര്‍ക്കുന്നവര്‍ക്കൊരു ആയുധം ആയി. സര്‍ക്കാരിന് ഒന്നും ചെയ്യാതിരിക്കാനുള്ള ഒരു ഒഴികഴിവും കിട്ടി. മലയാളത്തിനുള്ള പീരിയെടുകള്‍ വര്‍ധിപ്പിക്കാനുള്ള നീക്കം ഉപേക്ഷിച്ചുകൊണ്ട് സമിതിയുടെ നിര്‍ദേശങ്ങള്‍ അതേപടി നടപ്പാക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. അതുകൊണ്ട് ആകെ എതിര്‍പ്പ് വരാവുന്നത് ഓറിയന്റല്‍ സ്‌കൂളുകളിലെ ഭാഷാ അധ്യാപകരുടെ ഭാഗത്ത് നിന്ന് മാത്രം ആണ്. അവരുടെ ജോലിസമയം കുറച്ചു കുറയും. തസ്തികകള്‍ കുറഞ്ഞേക്കാം. അവരുടെ ജോലി സംരക്ഷിക്കണം എന്നത് ന്യായമായ ആവശ്യം തന്നെയാണല്ലോ. അതിനുള്ള നിര്‍ദ്ദേശം മാത്രമേ ഉദ്യോഗസ്ഥരില്‍ നിന്ന് സര്‍ക്കാര്‍ തേടേണ്ടതുള്ളൂ.

*
ആര്‍ വി ജി മേനോന്‍ ജനയുഗം 07 ജൂണ്‍ 2011

2 comments:

വര്‍ക്കേഴ്സ് ഫോറം said...

സ്‌കൂളുകളിലെ മലയാള പഠനത്തിന്റെ അവസ്ഥ മെച്ചപ്പെടുത്തുന്നതിനായുള്ള നിര്‍ദേശങ്ങള്‍ തത്കാലം മരവിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ദൗര്‍ഭാഗ്യകരം ആയിപ്പോയി. ഹൈസ്‌കൂള്‍ ക്ലാസ്സുകളില്‍ മലയാളം പഠിപ്പിക്കാനായി നിലവിലുള്ള ആറു പീരിയെടുകള്‍ ഏഴായി ഉയര്‍ത്താനും അതിനായി ഐ. ടി. യുടെ ഒരു പീരിയെട് കുറയ്ക്കാനും ഉള്ള നീക്കം ആണല്ലോ വ്യാപകമായ എതിര്‍പ്പ് ക്ഷണിച്ചു വരുത്തിയത്. രസകരമായ സംഗതി അങ്ങനെ ഒരു നിര്‍ദേശം ഇതെപ്പറ്റി പഠിച്ച് ശുപാര്‍ശ ചെയ്യാന്‍ നിയുക്തമായ സമിതി സമര്‍പ്പിച്ചിരുന്നില്ല എന്നതാണ്.

Mahesh V said...

കാലികമായ ലേഖനം. ശ്രദ്ധയില്‍പ്പെടുതിയത്തിനു നന്ദി .