ഐ എസ് ആര്‍ ഒ യിലെ ചില ശാസ്‌ത്രജ്ഞര്‍ റോക്കറ്റ് വിടുന്നതിനു മുന്‍പ് സര്‍വം ശുഭം എന്ന് ഉറപ്പാക്കാന്‍ ഗണപതിക്ക് തേങ്ങ ഉടയ്‌ക്കുന്നതിനെതിരെ രോഷം കൊള്ളുന്ന നമുക്ക് ആധുനിക സാങ്കേതിക വിദ്യയിലെ അഗ്രേസരന്മാരായ അമേരിക്കക്കാരുടെ കിറുക്കുകള്‍ കൌതുകകരം ആയി തോന്നിയേക്കാം. പ്രശസ്‌ത ശാസ്‌ത്ര സാഹിത്യകാരന്‍ ആയ കാള്‍ സാഗന്‍ തന്റെ `ചെകുത്താന്‍ ആവേശിച്ച ലോകം` (The Demon haunted World) എന്ന പുസ്‌തകത്തില്‍ പറയുന്നത് അമേരിക്കയിലെ പാതി ആളുകളും ചെകുത്താന്‍ ഉണ്ടെന്നു വിശ്വസിക്കുന്നവര്‍ ആണെന്നത്രേ. പത്തു ശതമാനം പേര്‍ അവകാശപ്പെടുന്നത് അവര്‍ ചെകുത്താനുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട് എന്നാണ്. ബഹിരാകാശത്തു നിന്ന് അഭൗമ ജീവികള്‍ പതിവായി നമ്മെ സന്ദര്‍ശിക്കാറുണ്ട് എന്ന് വിശ്വസിക്കുന്നവരാണ് ബഹു ഭൂരിപക്ഷവും. പറക്കും തളികകളില്‍ വന്നവര്‍ തങ്ങളെ തട്ടിക്കൊണ്ടുപോയി എന്ന് സാക്ഷ്യപ്പെടുത്തിയവര്‍ (സര്‍വേ ചെയ്യപ്പെട്ടവരില്‍) രണ്ട് ശതമാനം. അവരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു എന്ന് അവകാശപ്പെട്ടവരും കുറവല്ല. ('ഗന്ധര്‍വന്‍ കൂടി' എന്ന് പറയുന്നവര്‍ അതിനെ അപേക്ഷിച്ച് നമ്മുടെ നാട്ടില്‍ ചിലപ്പോള്‍ കുറവായിരിക്കും!)
ശാസ്‌ത്ര സാങ്കേതിക വിദ്യകളിലെ പുരോഗതി കൊണ്ട് മാത്രം ഇല്ലാതാകുന്നവയല്ല അന്ധ വിശ്വാസങ്ങള്‍ എന്നാണല്ലോ ഇതെല്ലാം കാണിക്കുന്നത്.
അതിന്റെ മറ്റൊരു തെളിവായിരുന്നു ലോകം അവസാനിക്കാന്‍ പോകുന്നുഎന്നുള്ള പ്രവചനം. 2011 മേയ് മാസം ഇരുപത്തൊന്നിനു ലോകാവസാനത്തിന് പ്രാരംഭം ആയി അന്ത്യ വിധി നിര്‍ണയം നടക്കും എന്നും യഥാര്‍ത്ഥ അന്ത്യം ഒക്ടോബര്‍ 21 ന് ആയിരിക്കും എന്നും ആണ് അമേരിക്കയിലെ ഒരു ആത്മീയ ഗുരു ആയ ഹാരോള്‍ഡ് കാംപിംഗ് തന്റെ അനുയായികളെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. അവരില്‍ പലരും അന്ത്യവിധിക്ക് തയാറായി ലോക കാര്യങ്ങളൊക്കെ ഒതുക്കി സ്വര്‍ഗപ്രാപ്‌തിക്ക് തയാറായി കാത്തിരിക്കയായിരുന്നത്രേ. സംഗതി നിസ്സാരമൊന്നും ആയിരുന്നില്ല എന്ന് പല പത്രങ്ങളിലും മാസികകളിലും വന്ന കമന്റുകള്‍ സൂചിപ്പിക്കുന്നു. അതിന് തലേ ദിവസം കണ്ട ചില സുഹൃത്തുക്കള്‍ എങ്കിലും പകുതി തമാശയായിട്ടും പകുതി കാര്യമായിട്ടും `ഇതിലൊക്കെ എന്തെങ്കിലും ഉണ്ടോ?` എന്ന് അന്വേഷിക്കുകയുണ്ടായി. ഹാരോള്‍ഡ് കാംപിംഗ് ചില്ലറക്കാരന്‍ ഒന്നുമല്ല. നൂറ്റമ്പതോളം സ്റ്റേഷനുകളുള്ള ഫാമിലി റേഡിയോയുടെ മുതലാളിയാണ്. ഒരു സിവില്‍ എന്‍ജിനീയര്‍ കൂടി ആയ ഇദ്ദേഹം ന്യൂമറോളജി ഉപയോഗിച്ച് ബൈബിള്‍ അപഗ്രഥിച്ച് ആണത്രേ ഇത്തരം പ്രവചനങ്ങള്‍ നടത്തുന്നത്. അതായത് (കപട) ശാസ്‌ത്രത്തിന്റെ പിന്‍ ബലവും ഉണ്ട്! ഈ തന്ത്രമൊക്കെ ഉപയോഗിച്ചാണ് പണ്ട് (പതിനേഴാം നൂറ്റാണ്ടില്‍) ആര്‍ച് ബിഷപ് ജെയിംസ് ഉഷര്‍ പ്രപഞ്ച സൃഷ്ടി നടന്നത് ബി, സി, 4004 ഒക്ടോബര്‍ മാസം 23 ന് കാലത്ത് 11 മണിക്കാണെന്ന് കൃത്യമായി കണക്കാക്കിയത്. ഈ കണക്ക് കൂട്ടലാണ് പരിണാമ വാദത്തിനെതിരെ ബൈബിള്‍ മൗലിക വാദികള്‍ ഉയര്‍ത്തിയ തുരുപ്പു ചീട്ട്. ആധുനിക ഭൗമ ശാസ്‌ത്രത്തിന്റെയും ഭൗതികത്തിന്റെയും നിഷേധിക്കാനാകാത്ത കണ്ടെത്തലുകളാണ് ഭൂമിക്കു അതിനേക്കാള്‍ പലമടങ്ങ് പ്രായമുണ്ട് എന്ന പൊതു സമ്മതി രൂപപ്പെടാന്‍ സഹായിച്ചത്.
ഭൂത കാലത്തെപ്പറ്റിയുള്ള കണക്ക് കൂട്ടലുകള്‍ തെറ്റാണെന്ന് തെളിയിക്കാന്‍ ശാസ്‌ത്രത്തിനു നിഷ്‌പ്രയാസം സാധിക്കും. പക്ഷേ ഭാവിയെക്കുറിച്ചുള്ള പ്രവചനങ്ങള്‍ പരിശോധിക്കാന്‍ അന്നേ ദിവസം വരെ കാത്തിരിക്കേണ്ടി വരും. അതുവരെ അത് വിശ്വസിക്കാന്‍ കുറേ ആളുകള്‍ ഉണ്ടാകാം. ഏതായാലും ഇതൊക്കെ ഗൌരവം ആയിട്ടെടുക്കാന്‍ ചിലരെങ്കിലും ആ രാജ്യത്തുണ്ടെന്ന് ഉറപ്പ്. പക്ഷേ ഹാരോള്‍ഡ് കാംപിംഗിനു പറ്റിയ അബദ്ധം ലോകാവസാനം ഇത്തിരി നേരത്തെ ആക്കിയതാണ്. ചുരുങ്ങിയത് പുള്ളിയുടെ ആയുസ്സ് എത്തുന്നത് വരെ എങ്കിലും സംഗതി നീട്ടിവച്ചിരുന്നെങ്കില്‍ അദ്ദേഹത്തിനു തന്റെ ആയുഷ്‌കാലം വരെ തട്ടിപ്പ് തുടരാമായിരുന്നു. എന്നാലും അദ്ദേഹത്തിന്റെ ചങ്കൂറ്റം സമ്മതിച്ചു കൊടുത്തെ തീരൂ. മേയ് 22 നും പുള്ളിക്ക് കുലുക്കം ഉണ്ടായില്ല. അന്ത്യ വിധി ആത്മീയമായി നടന്നു കഴിഞ്ഞെന്നും ഒക്ടോബര്‍ 21 നു തന്നെ ലോകം അവസാനിക്കും എന്നും ആണ് പുതിയ വ്യാഖ്യാനം. അത് വിശ്വസിക്കാനും ഉണ്ട് കുറേ ആളുകള്‍. ഒക്ടോബര്‍ 22 ന് അദ്ദേഹം ഇനി എന്തു പറയുമോ, ആവോ?
അതങ്ങനെ ഇരിക്കട്ടെ. ലോകാവസാനം അടുത്തതിന്റെ ലക്ഷണങ്ങള്‍ അല്ലെങ്കിലും നമ്മുടെ മനസ്സമാധാനം കെടുത്തേണ്ട ഒരുപാട് മറ്റു ലക്ഷണങ്ങള്‍ കാണാനുണ്ട് എന്നത് നേരാണ്. അമേരിക്കയില്‍ ഇത് ചുഴലിക്കാറ്റുകളുടെ സീസണ്‍ ആണ്. ഓരോ വര്‍ഷവും ഏതാണ്ട് അന്‍പതോളം ചുഴലിക്കാറ്റുകള്‍ ആണ് അമേരിക്കയില്‍ ഉണ്ടാകാറ്. ഇക്കൊല്ലം ഇതിനകം അഞ്ഞൂറോളം ആയിക്കഴിഞ്ഞു. മരണവും സര്‍വകാല റിക്കോര്‍ഡ് ആണ്.
മേയ് 22 ന് മിസ്സൗരിയിലെ ജോപ്ലിന്‍ എന്ന ടൗണില്‍ അടിച്ച ചുഴലിക്കാറ്റില്‍ മാത്രം നൂറ്റി ഇരുപതോളം പേരാണ് കൊല്ലപ്പെട്ടത്. അതും ഒരു റിക്കാര്‍ഡ് ആണത്രേ. അമേരിക്കയില്‍ മാത്രമല്ല യൂറോപ്പിലും ഓസ്‌ട്രേലിയയിലും ഒക്കെ അഭൂതപൂര്‍വമായ കാലാവസ്ഥാ മാറ്റം ആണ് കാണപ്പെടുന്നത്. കടുത്ത വേനലും റിക്കാര്‍ഡ് സൃഷ്ടിക്കുന്ന ചൂടും മാത്രമല്ല അതുപോലെ തന്നെ കനത്ത മഞ്ഞു വീഴ്‌ചയും ഉണ്ടാകുന്നുണ്ട്. മഴയുടെ താളം തെറ്റുന്നു. നൂറ്റാണ്ടിന്റെ ഏറ്റവും ഉയര്‍ന്ന താപനില തുടരെ തുടരെ തിരുത്തപ്പെടുന്നു. ആര്‍ടിക് സമുദ്രത്തിലെ മഞ്ഞുമലകള്‍ പൊടിഞ്ഞു തകരുന്നു. സമുദ്ര നിരപ്പ് ഉയരുന്നു. ഹിമാലയത്തിലെ ഹിമാനികള്‍ അലിഞ്ഞലിഞ്ഞ് പിന്‍ വാങ്ങുന്നു. ഇതൊക്കെ ഭൗമ ശാസ്‌ത്രജ്ഞര്‍ പ്രവചിക്കുന്ന കാലാവസ്ഥാ മാറ്റത്തിന്റെ ലക്ഷണങ്ങള്‍ ആണോ? അങ്ങനെ ആണെങ്കില്‍ അത് നാം ഇന്ന് കാണുന്ന ലോകത്തെ മാറ്റി മറിക്കും എന്നുറപ്പാണ്. ഹിമാലയം ഹിമാലയം അല്ലാതായാല്‍ ഉത്തരേന്ത്യയിലെ നദികളെല്ലാം വേനല്‍ കാലത്ത് വറ്റും. അവയും നമ്മുടെ പുഴകളെപ്പോലെ മഴക്കാലത്ത് മാത്രം വെള്ളം ഒഴുകുന്ന ഓടകള്‍ ആയി മാറും. അവയെ ആശ്രയിച്ച് ജീവിക്കുന്ന കോടാനുകോടി ജനങ്ങളുടെ ജീവിതം തകരാറിലാകും. സമുദ്ര നിരപ്പ് ഉയരുന്തോറും ജനകോടികള്‍ നിവസിക്കുന്ന അനേകം തീര ദേശ മേഖലകള്‍ വെള്ളത്തിലാഴും. മഴയുടെ താളം തെറ്റുന്നതോടെ കാര്‍ഷിക സമ്പദ് വ്യവസ്ഥ കീഴ്‌മേല്‍ മറിയും. ഭക്ഷ്യ ക്ഷാമവും പട്ടിണി മരണങ്ങളും ഇനിയും വര്‍ധിക്കും. മനുഷ്യരുടെ മാത്രമല്ല സര്‍വ ജീവികളുടെയും നിലനില്‌പ് അവതാളത്തിലാകും.
ഇതൊന്നും ലോകാവസാനത്തിന്റെ ലക്ഷണങ്ങള്‍ അല്ല, തീര്‍ച്ചയായും. പക്ഷേ നാം ഇന്ന് കാണുന്ന തരത്തിലുള്ള ലോകം ആയിരിക്കില്ല പിന്നത്തേത്, എന്നുറപ്പാണ്. അതിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയിരിക്കുന്നു എന്ന് ഭൂരിഭാഗം ശാസ്‌ത്രജ്ഞരും നമ്മോടു പറയുന്നു.എങ്കിലും ഇത് കപട ശാസ്‌ത്രം ആണെന്ന് പറയുന്ന ഒരു കൂട്ടം ശാസ്‌ത്രജ്ഞരും ഇല്ലെന്നില്ല. അവര്‍ കാലാവസ്ഥാ മാറ്റത്തെ ക്കുറിച്ചുള്ള പ്രവചനങ്ങളെ ചോദ്യം ചെയ്യുന്നു. ഐക്യ രാഷ്ട്ര സംഘടന നിയോഗിച്ച ഉന്നത സമിതിയുടെ കണക്കുകളെ പോലും നിഷേധിക്കുന്നു. അവയില്‍ പല പിഴവുകളും പാളിച്ചകളും ചൂണ്ടിക്കാണിക്കുന്നു. അവരില്‍ പലരും എണ്ണ `കല്‍ക്കരി' ആട്ടോമൊബൈല്‍ ലോബിയുടെ വക്താക്കള്‍ ആണ് എന്നതും ശരിയാണ്. എങ്കിലും കാലാവസ്ഥാ മാറ്റത്തെ ക്കുറിച്ചുള്ള ചില പ്രവചനങ്ങള്‍ തെറ്റായേക്കാം എന്ന് സമ്മതിക്കുന്നതില്‍ അപാകതയില്ല. ഉദാഹരണത്തിന് ഹിമാലയത്തില ഹിമാനികള്‍ 35 വര്‍ഷം കൊണ്ട് ഉരുകിത്തീരും എന്ന പ്രവചനം ഒരു പക്ഷേ തെറ്റിയെക്കാം. അതിന് എഴുപതോ അതിലിരട്ടിയോ വര്‍ഷങ്ങള്‍ എടുത്തേക്കാം. എങ്കില്‍ പോലും ആ പ്രവചനങ്ങളുടെ പൊതു ദിശ ചോദ്യം ചെയ്യപ്പെടാവുന്നവയല്ല തന്നെ. കാലാവസ്ഥാ മാറ്റത്തെ പ്രതിരോധിക്കാന്‍ നമുക്ക് കുറച്ച് കൂടി സാവകാശം കിട്ടിയേക്കും എന്ന് മാത്രം. അല്ലാതെ യാതൊന്നും സംഭവിക്കില്ല എന്ന മട്ടില്‍ 'മുറപോലെ' (Business as usual) തുടരാനാണ് ഭാവം എങ്കില്‍ നമ്മെ ഉറ്റു നോക്കുന്നത് വലിയൊരു ദുരന്തം തന്നെയായിരിക്കും.
പഞ്ചതന്ത്രത്തിലെ ഒരു കഥ ഓര്‍മ വരുന്നു. ഒരു കുളത്തില്‍ അനാഗത വിധാതാവ് (എന്ന് വച്ചാല്‍ കാര്യങ്ങള്‍ മുന്‍ കൂട്ടി അറിഞ്ഞു പ്രവര്‍ത്തിക്കാന്‍ കഴിയുന്നവന്‍), പ്രത്യുത്‌പന്നമതി (തക്ക സമയത്ത് വേണ്ടത് ചെയ്യുന്നവന്‍), യല്‍ഭവിഷ്യന്‍ (വരും പോലെ വരട്ടെ എന്ന് ചിന്തിക്കുന്നവന്‍) എന്ന മൂന്നു മത്സ്യങ്ങള്‍ ഉണ്ടായിരുന്നു. ഒരു ദിവസം ചില മീന്‍ പിടുത്തക്കാര്‍ ആ കുളം വറ്റിച്ചു മീന്‍ പിടിക്കുന്നതിനെപ്പറ്റി സംസാരിക്കുന്നത് അവര്‍ കേള്‍ക്കാനിടയായി. ഉടന്‍ അനാഗത വിധാതാവ് മത്സ്യങ്ങളെ എല്ലാം വിളിച്ചുകൂട്ടി, തങ്ങള്‍ക്കു വരാന്‍ പോകുന്ന ആപത്തിനെപ്പറ്റി മുന്നറിയിപ്പ് നല്‍കി. എത്രയും വേഗം ഈ കുളം ഉപേക്ഷിച്ച് മറ്റൊരു കുളത്തില്‍ അഭയം പ്രാപിക്കുന്നതാണ് നല്ലത് എന്ന് പ്രത്യുത്‌പന്നമതി അഭിപ്രായപ്പെട്ടു. എന്നാല്‍ ഈ കേട്ടതൊന്നും അത്ര ഗൗരവമുള്ളതല്ല എന്നും ഇതൊന്നും കേട്ടു പേടിച്ച് ഓടെണ്ടതില്ല എന്നുമായിരുന്നു യല്‍ഭവിഷ്യന്റെ വാദം. ജീവിതം മുറപോലെ നടക്കട്ടെ, ബാക്കി കാര്യങ്ങള്‍ വരുന്നിടത്ത് വച്ച് കാണാം. മത്സ്യങ്ങള്‍ ആകെ കണ്‍ഫ്യൂഷനില്‍ ആയി. ഒടുവില്‍ അനാഗത വിധാതാവിന്റെയും പ്രത്യുത്‌പന്നമതിയുടെയും അനുചരര്‍ രായ്‌ക്കു രാമാനം ആ കുളം വിട്ടു മറ്റൊരു കുളത്തില്‍ അഭയം നേടി. അടുത്ത ദിവസം മീന്‍ പിടിത്തക്കാര്‍ വന്ന് കുളം വറ്റിച്ച് ശേഷിച്ച മീനുകളെ വലയ്‌ക്കകത്താക്കുകയും ചെയ്‌തു.
ഇന്നും യല്‍ ഭവിഷ്യന്മാര്‍ നമ്മോടു പറയുന്നത് 'ഈ ഭീഷണിയിലൊന്നും കാര്യമില്ല, വികസനം മുറപോലെ നടക്കട്ടെ, ബാക്കിയൊക്കെ വരുന്നിടത്ത് വച്ച് കാണാം' എന്നാണ്.
എവിടെ അനാഗത വിധാതാക്കളും പ്രത്യുത്‌പന്നമതികളും?
*
അര്‍.വി.ജി മേനോന്‍ ജനയുഗം 21 ജൂണ്‍ 2011
Subscribe to:
Post Comments (Atom)
1 comment:
ഐ എസ് ആര്‍ ഒ യിലെ ചില ശാസ്‌ത്രജ്ഞര്‍ റോക്കറ്റ് വിടുന്നതിനു മുന്‍പ് സര്‍വം ശുഭം എന്ന് ഉറപ്പാക്കാന്‍ ഗണപതിക്ക് തേങ്ങ ഉടയ്‌ക്കുന്നതിനെതിരെ രോഷം കൊള്ളുന്ന നമുക്ക് ആധുനിക സാങ്കേതിക വിദ്യയിലെ അഗ്രേസരന്മാരായ അമേരിക്കക്കാരുടെ കിറുക്കുകള്‍ കൌതുകകരം ആയി തോന്നിയേക്കാം. പ്രശസ്‌ത ശാസ്‌ത്ര സാഹിത്യകാരന്‍ ആയ കാള്‍ സാഗന്‍ തന്റെ `ചെകുത്താന്‍ ആവേശിച്ച ലോകം` (The Demon haunted World) എന്ന പുസ്‌തകത്തില്‍ പറയുന്നത് അമേരിക്കയിലെ പാതി ആളുകളും ചെകുത്താന്‍ ഉണ്ടെന്നു വിശ്വസിക്കുന്നവര്‍ ആണെന്നത്രേ. പത്തു ശതമാനം പേര്‍ അവകാശപ്പെടുന്നത് അവര്‍ ചെകുത്താനുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട് എന്നാണ്. ബഹിരാകാശത്തു നിന്ന് അഭൗമ ജീവികള്‍ പതിവായി നമ്മെ സന്ദര്‍ശിക്കാറുണ്ട് എന്ന് വിശ്വസിക്കുന്നവരാണ് ബഹു ഭൂരിപക്ഷവും. പറക്കും തളികകളില്‍ വന്നവര്‍ തങ്ങളെ തട്ടിക്കൊണ്ടുപോയി എന്ന് സാക്ഷ്യപ്പെടുത്തിയവര്‍ (സര്‍വേ ചെയ്യപ്പെട്ടവരില്‍) രണ്ട് ശതമാനം. അവരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു എന്ന് അവകാശപ്പെട്ടവരും കുറവല്ല. ('ഗന്ധര്‍വന്‍ കൂടി' എന്ന് പറയുന്നവര്‍ അതിനെ അപേക്ഷിച്ച് നമ്മുടെ നാട്ടില്‍ ചിലപ്പോള്‍ കുറവായിരിക്കും!)
Post a Comment