വനിതാ സംവരണ ബില്ലിന്റെ കാര്യത്തില്‍ അഭിപ്രായ സമന്വയമുണ്ടാക്കാന്‍ ലോക്‌സഭാ സ്പീക്കര്‍ മീരാകുമാര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗം പരാജയപ്പെട്ടതില്‍ ആരും അദ്ഭുതപ്പെടില്ല. ബില്ലിനെ ശക്തിയായി എതിര്‍ക്കുന്ന സമാജ്‌വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ് പാര്‍ട്ടിയും യോഗത്തില്‍ നിന്നു വിട്ടുനിന്നപ്പോള്‍ തന്നെ സമവായ ശ്രമം വിജയിക്കില്ലെന്ന് വ്യക്തമായിരുന്നു. യോഗത്തില്‍ പങ്കെടുത്ത ആര്‍ ജെ ഡിയാണെങ്കില്‍ ബില്‍ ഇപ്പോഴത്തെ രൂപത്തില്‍ പാസാക്കുന്നതിന് എതിരാണ്. സംവരണത്തിനകത്ത് ഒ ബി സി വിഭാഗങ്ങള്‍ക്ക് 27 ശതമാനം സംവരണം വേണമെന്നാണ് ലാലുപ്രസാദ് യാദവിന്റെ ആര്‍ ജെ ഡിയുടെ ആവശ്യം.
ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും 33 ശതമാനം സീറ്റ് സ്ത്രീകള്‍ക്ക് സംവരണം ചെയ്യാന്‍ വ്യവസ്ഥ ചെയ്യുന്ന ബില്‍ രാജ്യസഭ കഴിഞ്ഞ മാര്‍ച്ചിലാണ് പാസാക്കിയത്. സമാജ്‌വാദി പാര്‍ട്ടി, ബഹുജന്‍ സമാജ് പാര്‍ട്ടി, ആര്‍ ജെ ഡി തുടങ്ങിയ പാര്‍ട്ടികള്‍ ബില്‍ പാസാക്കുന്നത് തടയാന്‍ രാജ്യസഭയില്‍ കുത്തിയിരിപ്പ് സമരം വരെ നടത്തിയിരുന്നു. സഭയ്ക്കകത്ത് സമരം ചെയ്തവരെ ബലമായി പുറത്താക്കിയാണ് ബില്‍ പാസാക്കിയത്. രാജ്യസഭയില്‍ ബില്‍ പാസാക്കാന്‍ കഴിഞ്ഞത് കോണ്‍ഗ്രസിന്റെ നേട്ടമായി കോണ്‍ഗ്രസ് നേതാക്കന്‍മാര്‍ അവകാശപ്പെടുകയും ചെയ്തു. അതോടെ ബില്‍ നിയമമാക്കാനുള്ള നടപടികള്‍ പ്രഖ്യാപനങ്ങളില്‍ ഒതുക്കുകയാണ് കോണ്‍ഗ്രസ് ചെയ്തത്. ബില്‍ നിയമമാകണമെങ്കില്‍ ലോക്‌സഭയും അംഗീകരിക്കണം. അതിനുള്ള രാഷ്ട്രീയ ഇഛാശക്തി കോണ്‍ഗ്രസ് നേതൃത്വം കാണിക്കുന്നില്ല. ''ഞങ്ങള്‍ ശ്രമിച്ചു. സമവായമില്ലാത്തതുകൊണ്ട് ബില്‍ പാസാക്കാന്‍ കഴിയുന്നില്ല''- ഇതാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ന്യായവാദം. യു പി എ സര്‍ക്കാര്‍ രാഷ്ട്രത്തിനു നല്‍കിയ പ്രധാന വാഗ്ദാനങ്ങളിലൊന്നാണ് വനിത സംവരണ നിയമം എന്ന കാര്യം അവര്‍ മറക്കുകയാണ്. രണ്ടാം യു പി എ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടന്‍ നൂറു ദിവസങ്ങള്‍ക്കകം നടപ്പാക്കാനുള്ള ചില പരിപാടികള്‍ പ്രഖ്യാപിച്ചിരുന്നു. 2009ല്‍ പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തില്‍ രാഷ്ട്രപതി നടത്തിയ നയപ്രഖ്യാപന പ്രസംഗത്തില്‍ നൂറു ദിവസത്തിനകം യാഥാര്‍ഥ്യമാക്കുന്ന രണ്ടു നിയമങ്ങളെക്കുറിച്ചാണ് പറഞ്ഞിരുന്നത്. ഒന്ന് വനിതാ സംവരണ നിയമം. മറ്റൊന്ന് ഭക്ഷ്യ സുരക്ഷാ നിയമം. രണ്ടു വര്‍ഷം പിന്നിട്ടിട്ടും ഈ രണ്ടു നിയമങ്ങളും കട്ടപ്പുറത്താണ്.
പാര്‍ലമെന്റില്‍ പ്രാതിനിധ്യമുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പിന്തുണ നല്‍കിയാല്‍ മാത്രമേ വനിതാ സംവരണ നിയമം കൊണ്ടുവരികയുള്ളൂവെന്നായിരുന്നില്ല യു പി എയുടെ വാഗ്ദാനം. സംവരണത്തോടു ചില പാര്‍ട്ടികള്‍ക്കുള്ള എതിര്‍പ്പ് ഒരു രഹസ്യമല്ല. രാജ്യസഭയില്‍ അതു കണ്ടതാണ്. ബില്ലിനെ പരസ്യമായി അനുകൂലിക്കുന്ന കോണ്‍ഗ്രസിലും ബി ജെ പിയിലും വനിതാ സംവരണത്തോട് എതിര്‍പ്പുള്ളവരുണ്ട്. ലോക്‌സഭയില്‍ ബില്‍ അവതരിപ്പിച്ച് പാസാക്കുന്നത് നീണ്ടുപോകുന്നതിന് ഇതും ഒരു കാരണമാണ്.
വനിതാ സംവരണ നിയമം യാഥാര്‍ഥ്യമാക്കാന്‍ ഗവണ്‍മെന്റിന് ആത്മാര്‍ഥമായ താല്‍പര്യമുണ്ടെങ്കില്‍ മറികടക്കാവുന്ന തടസങ്ങളെ ഇപ്പോഴുള്ളു. ബില്ലിന്റെ ഇന്നത്തെ രൂപത്തില്‍ ചില മാറ്റങ്ങള്‍ വരുത്തണമെന്ന് ബില്ലിനെ എതിര്‍ക്കുന്ന ചില പാര്‍ട്ടികള്‍ അഭിപ്രായപ്പെടുന്നുണ്ട്. സംവരണ തോതില്‍ ചില മാറ്റങ്ങള്‍ അവര്‍ നിര്‍ദേശിക്കുന്നുണ്ട്. ബില്ലിനെ എതിര്‍ക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുമായി ഗവണ്‍മെന്റ് മുന്‍കൈ എടുത്ത് ചര്‍ച്ചകള്‍ നടത്തിയാല്‍ മാത്രമെ അത്തരം നിര്‍ദേശങ്ങളെ കുറിച്ച് വ്യക്തതയുണ്ടാവുകയുള്ളൂ. എല്ലാ പാര്‍ട്ടികളുടെയും പൂര്‍ണ പിന്തുണയോടെ, ഏകകണ്ഠമായി മാത്രമേ ബില്‍ പാസാക്കാനാവൂ എന്ന നിലപാട് സ്വീകരിച്ചാല്‍ വനിതാ സംവരണം ഒരിക്കലും യാഥാര്‍ഥ്യമാകില്ല.
പാര്‍ലമെന്റ് സമ്മേളനങ്ങള്‍ക്ക് മുന്നോടിയായി സ്പീക്കര്‍ സര്‍വകക്ഷി യോഗം വിളിച്ചു ചേര്‍ത്ത് ബില്‍ പാസാക്കാന്‍ സഹകരിക്കണമെന്ന് അഭ്യര്‍ഥിച്ചതുകൊണ്ട് മാത്രം ബില്‍ പാസാക്കാനാവില്ല. അതെല്ലാം പ്രചരണത്തിനു കൊള്ളാം. ഗവണ്‍മെന്റ് മുന്‍കൈ എടുത്തുകൊണ്ട് പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ തന്നെ ബില്‍ പാസാക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയാണാവശ്യം. ഇതിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങള്‍ ശക്തിപ്പെടുത്താന്‍ വനിതാ സംവരണത്തില്‍ താല്‍പര്യമുള്ള പാര്‍ട്ടികളും സംഘടനകളും മുന്നോട്ടുവരണം.
*
ജനയുഗം മുഖപ്രസംഗം 24 ജൂണ്‍ 2011
Friday, June 24, 2011
വനിതാ സംവരണം: വേണ്ടത് ആത്മാര്‍ഥത
Subscribe to:
Post Comments (Atom)
1 comment:
വനിതാ സംവരണ ബില്ലിന്റെ കാര്യത്തില്‍ അഭിപ്രായ സമന്വയമുണ്ടാക്കാന്‍ ലോക്‌സഭാ സ്പീക്കര്‍ മീരാകുമാര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗം പരാജയപ്പെട്ടതില്‍ ആരും അദ്ഭുതപ്പെടില്ല. ബില്ലിനെ ശക്തിയായി എതിര്‍ക്കുന്ന സമാജ്‌വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ് പാര്‍ട്ടിയും യോഗത്തില്‍ നിന്നു വിട്ടുനിന്നപ്പോള്‍ തന്നെ സമവായ ശ്രമം വിജയിക്കില്ലെന്ന് വ്യക്തമായിരുന്നു. യോഗത്തില്‍ പങ്കെടുത്ത ആര്‍ ജെ ഡിയാണെങ്കില്‍ ബില്‍ ഇപ്പോഴത്തെ രൂപത്തില്‍ പാസാക്കുന്നതിന് എതിരാണ്. സംവരണത്തിനകത്ത് ഒ ബി സി വിഭാഗങ്ങള്‍ക്ക് 27 ശതമാനം സംവരണം വേണമെന്നാണ് ലാലുപ്രസാദ് യാദവിന്റെ ആര്‍ ജെ ഡിയുടെ ആവശ്യം.
Post a Comment