Friday, June 10, 2011

നാടിനെ അരാജകത്വത്തിലേയ്ക്ക് നയിക്കാന്‍ ആസൂത്രിത നീക്കം

ഇന്ത്യന്‍ രാഷ്ട്രീയം അപകടകരമായ ഒരു പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കുകയയാണിപ്പോള്‍. കോര്‍പ്പറേറ്റുകളുടെയും സംഘപരിവാറിന്റെയും പിന്തുണയോടെ രാംദേവിന്റെ നേതൃത്വത്തില്‍ കള്ളപ്പണത്തിനെതിരെ നടത്തുന്ന സമരം ഇതിന്റെ സൂചനയാണ്. രാംദേവ് ഡല്‍ഹി രാംലീല മൈതാനിയില്‍ അരങ്ങേറിയ നാടകത്തിന് മുമ്പായിരുന്നു ഗാന്ധിയനായ അന്നാ ഹസാരെയുടെ അഴിമതിക്കെതിരായ സത്യാഗ്രഹം. ലോക്പാല്‍ ബില്‍ ഓഗസ്റ്റ് 15 നകം അംഗീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. അല്ലെങ്കില്‍ വീണ്ടും സമരം ആരംഭിക്കുമെന്ന ഭീഷണിയും. പാര്‍ലമെന്ററി ജനാധിപത്യത്തെയും സ്ഥാപനങ്ങളെയും ബോധപൂര്‍വം വിലകുറച്ച് കാണിച്ചു രാജ്യത്തെ അരാജകത്വത്തിലേയ്ക്ക് നയിക്കാനുള്ള നീക്കമാണിതെന്ന് വേണം കരുതാന്‍. കള്ളപ്പണം കണ്ടുകെട്ടണമെന്ന് ആവശ്യപ്പെട്ട് സമരരംഗത്തിറങ്ങിയ രാംദേവ് ഇപ്പോള്‍ പൊലീസിനെ നേരിടാന്‍ പ്രത്യേക സേന രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.

പാര്‍ലമെന്ററി ജനാധിപത്യം നിലനില്‍ക്കുന്ന രാജ്യത്ത് പാര്‍ലമെന്റില്‍ പ്രാതിനിധ്യമുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളെേപാലും വിശ്വാസത്തിലെടുക്കാതെ അരാഷ്ട്രീയക്കാര്‍ക്ക് പ്രോത്സാഹനം നല്‍കുകയാണ് ഭരണാധികാരികള്‍ ചെയ്യുന്നത്. വ്യവസ്ഥാപിതമാര്‍ഗങ്ങള്‍ പ്രശ്‌നമല്ല.

അഴിമതിക്കും കള്ളപ്പണത്തിനുമെതിരെ ശക്തമായ പ്രക്ഷോഭം ഇന്ത്യയില്‍ വ്യാപിക്കുകയാണ്. ഇതിന് നേതൃത്വം നല്‍കിയത് ഇടതുപക്ഷ പ്രസ്ഥാനങ്ങളാണ്. ജനലക്ഷങ്ങള്‍ അണിനിരന്ന പാര്‍ലമെന്റ് മാര്‍ച്ചും പൊതുപണിമുടക്ക് അടക്കം നിരവധി പ്രക്ഷോഭസമരങ്ങള്‍ സംഘടിപ്പിച്ചു. ഇവയില്‍ ഉന്നയിച്ച ഒരു പ്രധാന ആവശ്യം അഴിമതി തടയുകയും കള്ളപ്പണം പിടിച്ചെടുക്കുകയും ചെയ്യണമെന്നതായിരുന്നു. അഴിമതി തടയാനും കള്ളപ്പണം കണ്ടുപിടിച്ച് ഖജനാവിലേയ്ക്ക് മുതല്‍കൂട്ടാനും കോണ്‍ഗ്രസ് ഭരണത്തിന് കഴിയില്ല. കാരണം ഇതിലെ യഥാര്‍ഥപ്രതികളില്‍ പലരും കോണ്‍ഗ്രസ് - യു പി എ നേതാക്കളാണ്. ലോക്പാലിന്റെ പിതൃത്വം അന്നാ ഹസാരെയ്ക്ക് ചാര്‍ത്തിക്കൊടുക്കാന്‍ പലരും വ്യഗ്രത കാണിക്കുന്നുണ്ട്. യഥാര്‍ഥ വസ്തുത എന്താണ്? ഇടതുപക്ഷം എടുത്ത നിലപാടുകളാണ് ലോക്പാല്‍ രൂപീകരണ പ്രഖ്യാപനം 1990 ല്‍ ഉണ്ടാവാന്‍ ഇടയാക്കിയത്. ലോക്പാലിന്റെ പരിധിയില്‍ പ്രധാനമന്ത്രിയെ കൂടി ഉള്‍പ്പെടുത്തുമെന്നും പ്രസ്താവിക്കുകയുണ്ടായി. കോണ്‍ഗ്രസ് ഭരണാധികാരികള്‍ ഇക്കാര്യത്തില്‍ ഒന്നും ചെയ്തില്ല. ഇന്ന് ലോക്പാലിന് വേണ്ടി വാദിക്കുന്ന ബി ജെ പി 6 വര്‍ഷം അധികാരത്തിലിരുന്നപ്പോഴും ഒന്നും ചെയ്തില്ല. അവര്‍ നിസ്സഹായരായിരുന്നു. കാരണം അവരുടെ നേതൃത്വം തന്നെ അഴിമതിയില്‍ മുങ്ങിനില്‍ക്കുകയായിരുന്നു. ഒന്നാം യു പി എ ഭരണത്തിന്റെ പൊതുമിനിമം പരിപാടിയില്‍ ലോക്പാല്‍ നിയമമാക്കും എന്ന പ്രഖ്യാപനത്തിനിടയാക്കിയത് ഇടതുപക്ഷത്തിന്റെ ഇടപെടലാണ്. ഇതോടൊപ്പം അഴിമതിക്കും കള്ളപ്പണത്തിനുമെതിരെ ശക്തമായി ജനവികാരം ഉയര്‍ത്താനും മുന്‍കൈ എടുത്തു. അന്ന് അന്നാ ഹസാരെമാരെയൊന്നും രംഗത്തു കണ്ടില്ല.

പാര്‍ലമെന്റിന് പുറത്ത് ഒരു നിയമത്തിന് രൂപം നല്‍കുന്നതിനാണ് ഇപ്പോള്‍ ശ്രമം നടക്കുന്നത്. പാര്‍ലമെന്റിനെ വിശ്വാസത്തിലെടുക്കാതെ സിവില്‍ സൊസൈറ്റി പ്രതിനിധികള്‍ എന്ന പേരിലുള്ള കുറെ പേരുമായി സര്‍ക്കാര്‍ പ്രതിനിധികള്‍ ചര്‍ച്ച നടത്തുകയാണ്. ഹസാരെയുടെ സമരം ശ്രദ്ധിക്കപ്പെട്ടു. അഴിമതിവിരുദ്ധ സമരം ശക്തിപ്പെടുകയാണ്. ഇത് രാഷ്ട്രീയ മുന്നേറ്റങ്ങള്‍ക്ക് വഴിയൊരുക്കുമോ എന്നാണ് കോണ്‍ഗ്രസ് ഭയപ്പെടുന്നത്. കേന്ദ്രമന്ത്രിമാര്‍ തന്നെ ജന്തര്‍മന്തറിലെത്തി സമരമുഖത്ത് ഹസാരെയുമായി ചര്‍ച്ച നടത്തിയത് അതുകൊണ്ടാണ്.

1992 നുശേഷം അഴിമതികള്‍ ഹിമാലയംപോലെയാണ് ഉയര്‍ന്നുവന്നത്. ഹര്‍ഷദ്‌മേത്ത ഓഹരി കുംഭകോണം-8000 കോടി, പഞ്ചസാര കുംഭകോണം-650 കോടി, വളം ഇറക്കുമതി-1300 കോടി, സുഖറാം ടെലികോം-1800 കോടി, തേക്ക് പ്ലാന്റേഷന്‍-8000 കോടി, യു റ്റി ഐ-4800 കോടി, കരസേന റേഷന്‍ വെട്ടിപ്പ്-5000 കോടി, മധുകോഡ ഖനന കുംഭകോണം-4000 കോടി, ആദര്‍ശ് ഫഌറ്റ്-10000 കോടി, ഐ പി എല്‍ ക്രിക്കറ്റ്-5000 കോടി, കോമണ്‍വെല്‍ത്ത് ഗെയിംസ്-50000 കോടി, 2 ജി സ്‌പെക്ട്രം-176000 കോടി. ഇങ്ങനെ രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിച്ചവര്‍ എത്രയാണ്. സര്‍ക്കാര്‍ ഇവര്‍ക്ക് കൂട്ടുനില്‍ക്കുകയാണെന്നാണ് കോടതി കുറ്റപ്പെടുത്തിയത്. കേന്ദ്രഭരണത്തിന്റെ നിലനില്‍പ്പു തന്നെ ചോദ്യം ചെയ്യുന്ന അഴിമതികളുടെ പരമ്പരകള്‍. കോണ്‍ഗ്രസ് നേതാവ് സുരേഷ് കല്‍മാഡിയും കേന്ദ്രമന്ത്രിയായിരുന്ന എ രാജയും എം പിയായ കനിമൊഴിയും ഇപ്പോള്‍ തിഹാര്‍ ജയിലിലാണ്. ദയാനിധി മാരനും കൂട്ടരും അവിടെ പോകാന്‍ തയാറെടുക്കുകയാണ്. അഴിമതിയും കുംഭകോണവും യു പി എ ഭരണത്തിന്റെ മുഖം വികൃതമാക്കി.

അഴിമതി തുടച്ചുനീക്കണമെന്നും കള്ളപ്പണം കണ്ടുകെട്ടി രാജ്യത്തിന് മുതല്‍കൂട്ടണമെന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എത്രയോ കാലമായി ആവശ്യപ്പെടുന്നു. ഇതിനെതിരെ ജനലക്ഷങ്ങള്‍ ഡല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്തപ്പോള്‍ ഒരക്ഷരം പ്രതികരിക്കാന്‍ കേന്ദ്രഭരണാധികാരികള്‍ തയാറായില്ല. മുഖ്യധാരാ മാധ്യമങ്ങള്‍ ഇങ്ങനെയൊരു സംഭവം തന്നെ കണ്ടില്ല. വാര്‍ത്തകള്‍ തമസ്‌കരിച്ചു. ഇപ്പോള്‍ അന്നാ ഹസാരെയെ കാണാന്‍ ഓടുന്നത് മന്ത്രിപ്പടയാണ്. രാംദേവിനെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ നാലു മന്ത്രിമാരാണ് മുട്ടുവിറച്ചു ഓടിയെത്തിയത്. സീനിയര്‍ മന്ത്രിയായ പ്രണബ് മുഖര്‍ജിയുടെ നേതൃത്വത്തില്‍ കാലു പിടിച്ച് വിനയാന്വിതരായി നില്‍ക്കുന്ന മന്ത്രിമാരെ കണ്ടപ്പോള്‍ ഇന്ത്യയിലെ 121 കോടി ജനങ്ങളുടെ ശിരസ്സാണ് ലോകത്തിന്റെ മുന്നില്‍ താഴ്ന്നുപോയത്. കോര്‍പ്പറേറ്റുകളും സംഘപരിവാറും രൂപം നല്‍കിയ രാംദേവിന്റെ പ്രക്ഷോഭത്തിന് മുന്നില്‍ എന്തിനാണ് ഇവര്‍ മുട്ടുവിറച്ച് നിന്നത്?

കള്ളപ്പണത്തിന് മുകളില്‍ ഇരുന്ന് കള്ളപ്പണത്തിനെതിരെ സമരം പ്രഖ്യാപിച്ച രാംദേവിന്റെ പ്രതിവര്‍ഷ വരുമാനം 1100 കോടിയാണത്രെ! ഈ വിവാദനായകന്റെ കള്ളക്കച്ചവടം സി പി എം നേതാവ് വൃന്ദാ കാരാട്ട് പുറത്തു കൊണ്ടുവരികയുണ്ടായി. അന്ന് അവര്‍ക്കെതിരെ ചാടി വീണത് കോണ്‍ഗ്രസ് നേതാക്കളായിരുന്നു.

പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള പന്തലില്‍ ആയിരക്കണക്കിന് അനുയായികളോടൊപ്പം സമരം ആരംഭിച്ചു. പന്തലിനുള്ള ചെലവ് 18 കോടി. സംഘപരിവാര്‍ അനുയായികളായിരുന്നു അദ്ദേഹത്തോടൊപ്പം അണിനിരന്നത്. നാടിനെ നടുക്കിയ ബാബറി മസ്ജിദ് പൊളിച്ച കേസിലെ മുഖ്യപ്രതിയെന്ന് അറിയാവുന്ന സ്വാധ്വി ഋതംബരയും ഈ സമരത്തിന്റെ നേതൃനിരയിലുണ്ടായിരുന്നു. ആര്‍ എസ് എസ് ആണ് സമരത്തിന്റെ മുഖ്യ പ്രയോജകര്‍. അവരാണ് അത് സംഘടിപ്പിച്ചതും.

അടുത്ത വര്‍ഷം യു പി, പഞ്ചാബ്, ഉത്തരഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ നടക്കുന്ന തിരഞ്ഞെടുപ്പാണ് ആര്‍ എസ് എസ് ലക്ഷ്യം വയ്ക്കുന്നത്. ഇവിടങ്ങളില്‍ ക്ഷീണം പറ്റുമോ എന്നാണ് കോണ്‍ഗ്രസിന്റെ ആശങ്ക. അരാഷ്ട്രീയവാദം ശക്തിപ്പെടുത്തിയ അവസരവാദ നിലപാട് സ്വീകരിക്കുന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാടിന് കനത്ത വില നല്‍കേണ്ടി വരും. അഴിമതിയുടെയും കള്ളപ്പണത്തിന്റെയും കാര്യത്തില്‍ രാജ്യങ്ങള്‍ തമ്മില്‍ ഒരു മത്സരം സംഘടിപ്പിച്ചാല്‍ ഒന്നാമതെത്തുക ഇന്ത്യയാണ്. അഴിമതിക്കും കള്ളപ്പണത്തിനുമെതിരെ കടുത്ത നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറായേ മതിയാവൂ. അതിനാവശ്യമായ ലക്ഷ്യബോധമുള്ള പ്രക്ഷോഭങ്ങളാണ് നാട്ടില്‍ വളര്‍ന്നുവരേണ്ടത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഇടതുപക്ഷവും അതിനാണ് നേതൃത്വം നല്‍കുക.

*
സി എന്‍ ചന്ദ്രന്‍ ജനയുഗം 10 ജൂണ്‍ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഇന്ത്യന്‍ രാഷ്ട്രീയം അപകടകരമായ ഒരു പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കുകയയാണിപ്പോള്‍. കോര്‍പ്പറേറ്റുകളുടെയും സംഘപരിവാറിന്റെയും പിന്തുണയോടെ രാംദേവിന്റെ നേതൃത്വത്തില്‍ കള്ളപ്പണത്തിനെതിരെ നടത്തുന്ന സമരം ഇതിന്റെ സൂചനയാണ്. രാംദേവ് ഡല്‍ഹി രാംലീല മൈതാനിയില്‍ അരങ്ങേറിയ നാടകത്തിന് മുമ്പായിരുന്നു ഗാന്ധിയനായ അന്നാ ഹസാരെയുടെ അഴിമതിക്കെതിരായ സത്യാഗ്രഹം. ലോക്പാല്‍ ബില്‍ ഓഗസ്റ്റ് 15 നകം അംഗീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. അല്ലെങ്കില്‍ വീണ്ടും സമരം ആരംഭിക്കുമെന്ന ഭീഷണിയും. പാര്‍ലമെന്ററി ജനാധിപത്യത്തെയും സ്ഥാപനങ്ങളെയും ബോധപൂര്‍വം വിലകുറച്ച് കാണിച്ചു രാജ്യത്തെ അരാജകത്വത്തിലേയ്ക്ക് നയിക്കാനുള്ള നീക്കമാണിതെന്ന് വേണം കരുതാന്‍. കള്ളപ്പണം കണ്ടുകെട്ടണമെന്ന് ആവശ്യപ്പെട്ട് സമരരംഗത്തിറങ്ങിയ രാംദേവ് ഇപ്പോള്‍ പൊലീസിനെ നേരിടാന്‍ പ്രത്യേക സേന രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.