അധികാരമേറ്റ ഉടനെ യുഡിഎഫ് സ്വീകരിച്ച നയസമീപനങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ വന്‍ പ്രതിഷേധം ഉയര്‍ത്തിയിരിക്കുന്നു. അത് യുഡിഎഫ് സംവിധാനത്തിലും ഘടകകക്ഷികളിലും വ്യാപിച്ചിട്ടുമുണ്ട്. യുഡിഎഫ് എംഎല്‍എമാരും നേതാക്കളും പരസ്പരം ഏറ്റുമുട്ടുന്നു. ഇത്തരമൊരു ദുരവസ്ഥ മൂടിവയ്ക്കുന്നതിനായുള്ള മുഖംമിനുക്കല്‍ തന്ത്രത്തിന്റെ ഭാഗമായാണ് "നൂറുദിന കര്‍മപരിപാടി" ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ വലിയ മതിപ്പുളവാക്കിയതാണ്. ആ ജനപിന്തുണയെ മറികടക്കുന്നതിന് ജാതി- മത ശക്തികളെയാണ് യുഡിഎഫ് ആശ്രയിച്ചത്.
യുഡിഎഫിനെ വിജയിപ്പിക്കുന്നതിന് ഒളിഞ്ഞും തെളിഞ്ഞും സഹായിച്ച ജാതി- മത- വര്‍ഗീയശക്തികള്‍ തങ്ങളുടെ പങ്കിനായി ഇടപെടാന്‍ തുടങ്ങി. മന്ത്രിസഭാ രൂപീകരണഘട്ടത്തില്‍ ഇവര്‍ ഉയര്‍ത്തിയ സമ്മര്‍ദത്തിന്റെ ഫലമായി മന്ത്രിമാരെ മത- സാമുദായികശക്തികള്‍ നിശ്ചയിക്കുന്ന അവസ്ഥവരെയുണ്ടായി. കോണ്‍ഗ്രസില്‍ സാധാരണയുണ്ടാകുന്ന ഗ്രൂപ്പുവഴക്കുകളില്‍നിന്ന് വ്യത്യസ്തമായി ജാതി- മത ശക്തികളുടെ ഇടപെടലിന്റെയും സ്വാധീനത്തിന്റെയും പേരില്‍ സംഘര്‍ഷമുണ്ടാകുന്ന സ്ഥിതിവന്നു. ഈ സമ്മര്‍ദങ്ങളുടെ ഫലമായി ഘടകകക്ഷികള്‍ക്കായി നീക്കിവച്ച വകുപ്പുകളിലും മാറ്റംവന്നു. മുന്നണിയില്‍ വകുപ്പുകളും മന്ത്രിമാരുടെ എണ്ണവും വിഭജിച്ചുനല്‍കുകയും തുടര്‍ന്ന് രാഷ്ട്രീയപാര്‍ടികള്‍ തങ്ങളുടെ മന്ത്രിമാര്‍ ആരെന്നും അവര്‍ക്കുള്ള വകുപ്പുകളേതെന്നും തീരുമാനിക്കുകയുമാണ് പതിവ്. ഈ പതിവ് ഇവിടെ ലംഘിക്കപ്പെട്ടു. അഞ്ചാമത്തെ മന്ത്രിയെയും വകുപ്പിനെയും ഘടകകക്ഷി സ്വയം പ്രഖ്യാപിച്ചു. രാഷ്ട്രീയമായ രീതികളും മര്യാദയും വിട്ട് ജാതി- മത ശക്തികളെ അടിസ്ഥാനപ്പെടുത്തിയും മുന്നണിമര്യാദ കാറ്റില്‍പ്പറത്തിയും മുന്നോട്ടുപോകുന്നത് യുഡിഎഫിനെ വലിയ പ്രതിസന്ധിയിലാഴ്ത്തിയിരിക്കുകയാണ്. മന്ത്രിമാരെ ബാഹ്യശക്തികള്‍ തീരുമാനിക്കുന്ന അവസ്ഥ ജനാധിപത്യകേരളത്തിന്റെ രാഷ്ട്രീയസംസ്കാരത്തിന് തീരാക്കളങ്കമുണ്ടാക്കി. മന്ത്രിസ്ഥാനം കിട്ടാത്തതിന്റെ പേരിലാണെങ്കില്‍ക്കൂടി ഇതിനെതിരായ ശബ്ദം കോണ്‍ഗ്രസിനകത്തുനിന്നുതന്നെ ഉയര്‍ന്നുവരുന്നുണ്ട്. യുഡിഎഫിലെ ചില ഘടകകക്ഷികള്‍ക്കകത്തുള്ള ഉള്‍പ്പോര് ഇതിനുപുറമെയാണ്.
അധികാരം താഴെത്തട്ടിലേക്ക് നല്‍കി വികേന്ദ്രീകരണം ശക്തിപ്പെടുത്തണമെന്നത് രാജ്യത്ത് പൊതുവില്‍ അംഗീകരിക്കപ്പെട്ട കാഴ്ചപ്പാടാണ്. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളെ പ്രാദേശികസര്‍ക്കാരുകളായി കാണുക എന്ന നയമാണ് എല്‍ഡിഎഫ് എക്കാലവും സ്വീകരിച്ചത്. അതിന്റെ അടിസ്ഥാനത്തിലാണ് പഞ്ചായത്തുകളെയും കോര്‍പറേഷനുകളെയും മുനിസിപ്പാലിറ്റികളെയുമെല്ലാം ഒരേവകുപ്പിനുകീഴില്‍ കൊണ്ടുവന്നത്. ഈ രീതിയാണ് അഭികാമ്യമെന്ന് അധികാരവികേന്ദ്രീകരണത്തെ അനുകൂലിക്കുന്ന എല്ലാവരും അംഗീകരിക്കുന്നതാണ്. കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുമുണ്ട്. വകുപ്പുകള്‍ അശാസ്ത്രീയമായി സ്ഥാപിതതാല്‍പ്പര്യത്തോടെ വിഭജിച്ചശേഷം അതിനെ കൂട്ടിയോജിപ്പിക്കാന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഉണ്ടാക്കുന്ന, ഭരണതലത്തില്‍ കേട്ടുകേള്‍വിപോലുമില്ലാത്ത വിചിത്രരീതിയാണ് യുഡിഎഫ് സര്‍ക്കാര്‍ അവലംബിച്ചത്.
ഈ സര്‍ക്കാര്‍ അധികാരമേറ്റ ഉടനെ ആരോഗ്യമേഖലയെ ബാധിക്കുന്ന ഒരു തീരുമാനം മന്ത്രിതന്നെ പ്രഖ്യാപിക്കുകയുണ്ടായി. മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് നിരോധിച്ച തീരുമാനം പുനഃപരിശോധിക്കുമെന്നാണ് അതിന്റെ ഉള്ളടക്കം. മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് അവസാനിപ്പിക്കണമെന്ന തീരുമാനം കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ പൊടുന്നനെ എടുത്തതല്ല. കേരളത്തിന്റെ ആരോഗ്യവിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനും പാവപ്പെട്ട രോഗികള്‍ക്ക് മെഡിക്കല്‍ കോളേജില്‍ കൂടുതല്‍ കാര്യക്ഷമമായ ചികിത്സ ലഭിക്കുന്നതിനും ഇത് അത്യന്താപേക്ഷിതമാണെന്ന് വിവിധ പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരിലെ ബഹുഭൂരിപക്ഷവും ഇതിനെ പിന്തുണയ്ക്കുകയും ചെയ്തു. സ്വകാര്യ പ്രാക്ടീസ് നിരോധിച്ചപ്പോള്‍ സേവന- വേതന വ്യവസ്ഥകളില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനും എല്‍ഡിഎഫ് സര്‍ക്കാര്‍ തയ്യാറായി. അതിന്റെ ഗുണം പാവപ്പെട്ട രോഗികള്‍ അനുഭവിക്കാന്‍ തുടങ്ങിയിട്ടുണ്ട്. അക്കാദമിക് രംഗത്ത് ഗുണഫലങ്ങള്‍ വരാനിരിക്കുന്നതേയുള്ളൂ. യുഡിഎഫിന്റെ പ്രകടനപത്രികയില്‍ ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട് 41 കാര്യം പറയുന്നുണ്ട്. എന്നാല്‍ , സ്വകാര്യ പ്രാക്ടീസിനെ സംബന്ധിച്ചുള്ള നയംമാറ്റത്തെക്കുറിച്ച് പറയുന്നുമില്ല. എന്നിട്ട് എന്തുകൊണ്ടാണ് ധൃതിപിടിച്ച് ഈ തീരുമാനം എടുക്കുന്നതെന്ന് ആര്‍ക്കും മനസ്സിലാക്കാന്‍ പറ്റുന്നതല്ല.
താഴെത്തട്ടില്‍ കൂടുതല്‍ സൗകര്യം ഇല്ലെന്നാണ് സ്വകാര്യപ്രാക്ടീസ് നിരോധിക്കുന്നതിന് എതിരായ വാദമെങ്കില്‍ അത് കൂടുതല്‍ ശക്തിപ്പെടുത്താനുള്ള നടപടി സ്വീകരിക്കുകയാണ് വേണ്ടത്. അല്ലാതെ എടുക്കുന്ന ഏതു നടപടിയും ആരോഗ്യമേഖലയെ പിറകോട്ടടിപ്പിക്കാനേ സഹായിക്കൂ. ആരോഗ്യ വിദ്യാഭ്യാസമേഖല അഴിമതിയില്‍ മുങ്ങിക്കുളിക്കാന്‍ പോകുന്നതിന്റെ തെളിവുകളും പുറത്തുവന്നിട്ടുണ്ട്. സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്റുകള്‍ 65 പിജി സീറ്റുകളിലേക്ക് കോഴവാങ്ങി നിയമിക്കുന്നതിനുള്ള സാഹചര്യം സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിക്കൊടുത്തു. പ്രവേശനപരീക്ഷ എഴുതി മെറിറ്റ്ലിസ്റ്റില്‍ സ്ഥാനം നേടിയ 65 എംബിബിഎസുകാര്‍ക്ക് കുറഞ്ഞ ചെലവില്‍ പിജി ചെയ്യാനുള്ള അവസരമാണ് ഇതുവഴി നഷ്ടമാക്കിയത്. എല്‍ഡിഎഫ് സര്‍ക്കാര്‍ 50 ശതമാനം മെറിറ്റിലേക്ക് കൊണ്ടുവന്ന സീറ്റുകളാണ് ഇത്തരത്തില്‍ ലേലം വിളിക്കപ്പെട്ടതെന്ന് കാണാം. ഈ ഒത്തുകളി വിദ്യാഭ്യാസക്കച്ചവടത്തിന്റെ തുടക്കംമാത്രമാണ്. കഴിഞ്ഞ നിയമസഭ ഐകകണ്ഠ്യേന പാസാക്കിയ നിയമമാണ് മാതൃഭാഷാ പഠനവുമായി ബന്ധപ്പെട്ടത്. നമ്മുടെ സംസ്കാരം നിലനിര്‍ത്തുന്നതിന്റെ ഭാഗമായി ഭാഷാപഠനത്തെക്കുറിച്ചുള്ള തീരുമാനം മലയാളികളുടെ പൊതുവികാരം എന്നനിലയിലാണ് നിയമസഭ ഐകകണ്ഠ്യേന അംഗീകരിച്ചത്. എന്നാല്‍ , അതുപോലും നടപ്പാക്കാതിരിക്കാന്‍ മുടന്തന്‍ന്യായങ്ങള്‍ നിരത്തുകയാണ് യുഡിഎഫ് സര്‍ക്കാര്‍ ചെയ്തത്. സാംസ്കാരികമേഖലയിലുള്ളവരും നാടിന്റെ സംസ്കാരത്തെ സ്നേഹിക്കുന്നവരും ശക്തമായി ഇടപെട്ടപ്പോഴാണ് നിയമം നടപ്പാക്കുമെന്ന് മുഖ്യമന്ത്രിക്ക് പറയേണ്ടിവന്നത്.
കേന്ദ്ര സര്‍ക്കാരിന്റെ കണക്കുപ്രകാരം 11.4 ലക്ഷംപേരാണ് കേരളത്തില്‍ ദാരിദ്ര്യരേഖയ്ക്കുകീഴിലുള്ളത്. എന്നാല്‍ , കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ അത് 40 ലക്ഷമാക്കി ഉയര്‍ത്തുന്നതിനുള്ള നടപടിയാണ് സ്വീകരിച്ചത്. ഇപ്പോള്‍ കേന്ദ്രമന്ത്രി കെ വി തോമസ് പറയുന്നത്, പുതിയ ബിപിഎല്‍ സര്‍വേ നടത്തുമെന്നാണ്. കേന്ദ്ര ആസൂത്രണവകുപ്പിന്റെ മാനദണ്ഡപ്രകാരം പ്രതിമാസം 447 രൂപ വരുമാനമുള്ളവര്‍ ദാരിദ്ര്യരേഖയ്ക്കുമുകളിലാണ്. അതായത്, ദിവസം 20 രൂപയില്‍ കുറവ് വരുമാനമുള്ളവര്‍പോലും ബിപിഎല്‍ ലിസ്റ്റില്‍നിന്ന് പുറത്താകുമെന്നര്‍ഥം. ഇന്നത്തെ കണക്കുപ്രകാരം കേരളത്തിലെ ബിപിഎല്‍ ലിസ്റ്റിലുള്ള മൂന്നില്‍രണ്ടുപേരും അതില്‍നിന്ന് പുറത്തുപോകും. അതോടെ പാവപ്പെട്ടവര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ ബഹുഭൂരിപക്ഷത്തിനും അപ്രാപ്യമാകും.
സാമൂഹ്യസുരക്ഷാവലയത്തില്‍നിന്ന് കൂടുതല്‍ ജനതയെ പുറന്തള്ളുക എന്ന ആഗോളവല്‍ക്കരണനയം അതോടെ കേരളത്തില്‍ കൂടുതല്‍ ശക്തമായി നടപ്പാകും. അടിസ്ഥാന ജനവിഭാഗത്തിന്റെ ജീവിതം ദുരിതപൂര്‍ണമായിത്തീരുമെന്നാണ് ഇത് കാണിക്കുന്നത്. കൂനിന്മേല്‍ കുരു എന്നപോലെ വൈദ്യുതിനിരക്ക് വര്‍ധിപ്പിക്കുന്നതിനുള്ള നീക്കങ്ങളും നടക്കുന്നു. പെട്രോളിന്റെ വില കുത്തനെ ഉയരുന്നു. പെട്രോളിയം കമ്പനികള്‍ക്ക് വില നിശ്ചയിക്കാനുള്ള അധികാരം കേന്ദ്രസര്‍ക്കാര്‍ നല്‍കിയതുകൊണ്ടാണ് കമ്പനികള്‍ തോന്നുംപോലെ വില കൂട്ടുന്നത്. ഈ നയത്തെ ഇടതുപക്ഷം ശക്തമായി എതിര്‍ത്തതാണ്. നഷ്ടത്തിന്റെ കണക്കുപറഞ്ഞാണ് വില തോന്നുംപോലെ വര്‍ധിപ്പിക്കുന്നത്. ഈ കമ്പനികള്‍ യഥാര്‍ഥത്തില്‍ നഷ്ടത്തിലല്ല. അണ്ടര്‍ റിക്കവറിയുടെ പേരുപറഞ്ഞാണ് ഇവര്‍ നഷ്ടക്കണക്ക് മുന്നോട്ടുവയ്ക്കുന്നത്. അണ്ടര്‍ റിക്കവറി എന്നാല്‍ , ഇന്ത്യയിലെ പെട്രോളിയം അന്താരാഷ്ട്ര മാര്‍ക്കറ്റിലുള്ള വിലയില്‍ വിറ്റാല്‍ ലഭിക്കുന്ന പണവും രാജ്യത്തെ ഇപ്പോള്‍ വില്‍ക്കുന്ന വിലയും തമ്മിലുള്ള അന്തരമാണ്. അതായത് ഇന്ത്യയില്‍നിന്ന് കുഴിച്ചെടുക്കുന്ന പെട്രോളിനുപോലും അന്താരാഷ്ട്രവില രേഖപ്പെടുത്തി ഉണ്ടാക്കുന്ന കണക്കാണ് ഇത്. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ഈ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരേണ്ടതുണ്ട്. കേന്ദ്രസര്‍ക്കാര്‍ പെട്രോളിയം വിലവര്‍ധന നടപ്പാക്കിയപ്പോള്‍ , സംസ്ഥാന സര്‍ക്കാര്‍ അതിന്മേലുള്ള നികുതി വേണ്ടെന്നുവച്ചിട്ടുണ്ട്. പെട്രോളിന്റെ വിലക്കയറ്റം തടയുന്നതിന് ഇത് പര്യാപ്തമല്ല. യഥാര്‍ഥത്തില്‍ വേണ്ടത് കേന്ദ്രസര്‍ക്കാര്‍ പെട്രോളിയം കമ്പനികള്‍ക്ക് യഥേഷ്ടം വില വര്‍ധിപ്പിക്കാന്‍ നല്‍കിയ അധികാരം ഇല്ലാതാക്കലാണ്.
കേന്ദ്രസര്‍ക്കാര്‍ 51 ശതമാനം നികുതിയാണ് ഈ മേഖലയില്‍ ചുമത്തുന്നത്. അത് പുനഃക്രമീകരിക്കാതെ നികുതി വെട്ടിച്ചുരുക്കുന്നതിനെപ്പറ്റി നടത്തുന്ന പ്രചാരണം ജനങ്ങളെ കബളിപ്പിക്കാനുള്ളതാണ്. പാചകവാതകത്തിന്റെയും ഡീസലിന്റെയും വിലവര്‍ധന വരാന്‍പോകുന്നു. നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം രാഷ്ട്രീയമായി തികച്ചും ദുര്‍ബലപ്പെട്ട സ്ഥിതിയിലേക്ക് യുഡിഎഫ് മാറിയിട്ടുണ്ട്. അവര്‍ നടപ്പാക്കുന്ന നയങ്ങള്‍ അങ്ങേയറ്റം പ്രതിലോമകരവും ആഗോളവല്‍ക്കരണത്തെ പിന്‍പറ്റിയുള്ളതുമാണ്. ഇതുണ്ടാക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള പരിപാടികള്‍ ആവിഷ്കരിക്കുന്നതിനുപകരം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള നീക്കങ്ങള്‍ കേരളജനത തിരിച്ചറിയുകതന്നെ ചെയ്യും.
ഇതിനെതിരെ വലിയ പ്രക്ഷോഭം വളര്‍ന്നുവരുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അത് മുന്നില്‍ കണ്ട്, അധികാരം വിട്ടയുടനെ എല്‍ഡിഎഫ് പ്രക്ഷോഭം നടത്തുന്നുവെന്ന യുഡിഎഫ് നേതാക്കളുടെ പ്രസ്താവന, നാവടക്കി പണിയെടുത്ത് ജനദ്രോഹനയങ്ങള്‍ ഏറ്റുവാങ്ങണമെന്ന ജനാധിപത്യവിരുദ്ധമായ നിലപാടില്‍നിന്നാണ് ഉണ്ടാകുന്നത്. സമരത്തിനുവേണ്ടി സമരമെന്നത് സിപിഐ എമ്മിന്റെ നയമല്ല. സര്‍ക്കാരിന്റെ ക്രിയാത്മകമായ എല്ലാ പദ്ധതിയെയും പിന്തുണയ്ക്കുന്നതിന് പാര്‍ടിക്ക് മടിയില്ല. എന്നാല്‍ , ജനകീയപ്രശ്നങ്ങളില്‍ ജനങ്ങളെ അണിനിരത്തിയുള്ള പോരാട്ടം പാര്‍ടിയുടെ നയമാണ്. ആ നയത്തില്‍ അടിയുറച്ചുനിന്നുകൊണ്ട് ജനകീയപ്രശ്നങ്ങള്‍ ഏറ്റെടുത്തുകൊണ്ടുള്ള പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കും. സമരം നടത്തരുതെന്നു പറയുകയല്ല, സമരത്തിനാധാരമായ ജനദ്രോഹനയങ്ങള്‍ പിന്‍വലിക്കുകയാണ് യുഡിഎഫ് ചെയ്യേണ്ടത്.
*
പിണറായി വിജയന്‍ ദേശാഭിമാനി 04 ജൂണ്‍ 2011
Subscribe to:
Post Comments (Atom)
1 comment:
ഇതിനെതിരെ വലിയ പ്രക്ഷോഭം വളര്‍ന്നുവരുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അത് മുന്നില്‍ കണ്ട്, അധികാരം വിട്ടയുടനെ എല്‍ഡിഎഫ് പ്രക്ഷോഭം നടത്തുന്നുവെന്ന യുഡിഎഫ് നേതാക്കളുടെ പ്രസ്താവന, നാവടക്കി പണിയെടുത്ത് ജനദ്രോഹനയങ്ങള്‍ ഏറ്റുവാങ്ങണമെന്ന ജനാധിപത്യവിരുദ്ധമായ നിലപാടില്‍നിന്നാണ് ഉണ്ടാകുന്നത്. സമരത്തിനുവേണ്ടി സമരമെന്നത് സിപിഐ എമ്മിന്റെ നയമല്ല. സര്‍ക്കാരിന്റെ ക്രിയാത്മകമായ എല്ലാ പദ്ധതിയെയും പിന്തുണയ്ക്കുന്നതിന് പാര്‍ടിക്ക് മടിയില്ല. എന്നാല്‍ , ജനകീയപ്രശ്നങ്ങളില്‍ ജനങ്ങളെ അണിനിരത്തിയുള്ള പോരാട്ടം പാര്‍ടിയുടെ നയമാണ്. ആ നയത്തില്‍ അടിയുറച്ചുനിന്നുകൊണ്ട് ജനകീയപ്രശ്നങ്ങള്‍ ഏറ്റെടുത്തുകൊണ്ടുള്ള പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കും. സമരം നടത്തരുതെന്നു പറയുകയല്ല, സമരത്തിനാധാരമായ ജനദ്രോഹനയങ്ങള്‍ പിന്‍വലിക്കുകയാണ് യുഡിഎഫ് ചെയ്യേണ്ടത്.
Post a Comment