Wednesday, June 29, 2011

ആനയും ആനക്കാരന്‍മാരും

1947 ലെ അര്‍ധരാത്രിയില്‍ നമുക്ക് കിട്ടിയത് ജനാധിപത്യം എന്ന കൂറ്റനൊരു ആനയെയായിരുന്നു. ഏതാണ്ട് ചുമ്മാ ചിലര്‍ തന്നുപോയതായിരുന്നുവെന്നു വിശ്വസിക്കുന്ന ചിലര്‍ ഇന്നുണ്ടെന്നു തോന്നുന്നു. അവരുടെ വിചാരം ഇന്ത്യ എന്ന മഹാരാജ്യത്തിന് അത്രയെളുപ്പം സ്വാതന്ത്ര്യം നേടാനുള്ള യോഗ്യത ഇല്ലെന്നു തന്നെയാണ്. ഭീമമായ ഒരു യുദ്ധം നടന്നില്ല. രക്തച്ചൊരിച്ചില്‍ മറുനാടന്‍ യുദ്ധങ്ങളെപ്പോലെ ആയിരുന്നില്ല. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യകാലത്ത് ഏഷ്യനാഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് സ്വാതന്ത്ര്യം ലഭിക്കുക എളുപ്പമായിരുന്നില്ല. അടിമത്തമായിരുന്ന നടപ്പുശീലം. ആ ശീലത്തെ അഥവാ ശിലായ്മയെ ഏതാണ്ടംഗീകരിച്ചു ഉടയോനെ ദൈവമാക്കി പൂജിച്ചുകൊണ്ടിരുന്ന ഒരു പൗരാണിക രാജ്യം ഈ അവസരത്തില്‍ അനുഭവിച്ചിരുന്ന ജാഡ്യത്തിന്നു എത്രത്തോളം കാളിമയും കടുപ്പവുമുണ്ടെന്നു ആഫ്രിക്കയിലിരിക്കെത്തന്നെ അനുഭവിച്ച മഹാത്മാഗാന്ധിയും ഇന്ത്യയില്‍ ജീവിച്ചിരുന്ന വിവേകാനന്ദന്‍, രവീന്ദ്രനാഥ ടാഗോര്‍, അവരുടെ സമകാലികരായിരുന്ന അനേകം യുവചിന്തകര്‍, കവികള്‍, കലാകാരന്‍മാര്‍, രാജ്യസ്‌നേഹികള്‍ എല്ലാം അന്നു രംഗത്തുണ്ടായിരുന്നു. അടിമത്തം മൂത്തു പഴുത്തുപാകമായപ്പോള്‍ ഒരു നിശബ്ദവിപ്ലവം പിറക്കുകയും അതിന്നു നമ്മള്‍ സത്യഗ്രഹസമരരീതി എന്നു സൗകര്യത്തിന്നു പേരിടുകയും ചെയ്തു.

എന്നാല്‍ അര്‍ഥരാത്രിക്കു പിറന്നുവീണ കുഞ്ഞിന്റെ ആരോഗ്യവും അവന്‍/അവള്‍ വളര്‍ന്നാലുള്ള സാധ്യതകളും മുന്‍കൂട്ടി കണ്ടുവച്ച ചിലരുണ്ടായിരുന്നു. ഈ രാജ്യത്തെ ഭൂവുടമകളും പണാധിപതികളും സവര്‍ണതയുടെ ക്ലാവുപിടിച്ച ചെങ്കോല്‍ ധരിച്ചിരുന്നവരും. ഗാന്ധിജിയും കൂട്ടരും ഈ കുഞ്ഞിനെ വളര്‍ത്താന്‍ തന്നെ തീരുമാനിച്ചു. അതിനെ മാമോദീസ മുക്കുകയോ ഉപനയിക്കുകയോ മറ്റു ജാതീയ കര്‍മങ്ങള്‍ക്കു വിധേയമാക്കുകയോ ചെയ്യരുതെന്നും ശപഥം ചെയ്തു.

ആനയെക്കിട്ടി. കൊണ്ടുനടക്കാനുള്ള കോലെവിടെ, നടച്ചങ്ങലയിടാനുള്ള ലോഹമെവിടെ? തീറ്റ തല്‍ക്കാലം കാട്ടിലുണ്ടെന്നു വയ്ക്കാം. കാട് നാടെങ്ങും പിന്നെയും ശേഷിച്ചിരുന്നുവല്ലോ ശുദ്ധജലം വിതരണം ചെയ്യുന്ന നദികള്‍, ആറുകള്‍, തോടുകള്‍, മഴ-മഴ-മഴ. രത്‌നവും പൊന്നും വെള്ളിയും അങ്ങനെ വിലപിടിച്ച പലതും കുഴിച്ചെടുക്കാനുള്ള സൗകര്യം. പക്ഷെ ആനയെ നോക്കിനിന്നു രസിച്ച് രാത്രിയാവുന്നതും അത്താഴം പോലും ഇല്ലാത്ത അന്തിപ്പഷ്ണിവരുന്നതും പ്രതീക്ഷിച്ച ബുദ്ധിമാന്‍മാരായ ചില ഭരണാധികാരികള്‍ നേതൃസ്ഥാനത്തു വലിയ വിഷമംകൂടാതെ ലഭ്യമായിരുന്നു. അന്നാണ് ഗാന്ധിജി തീരുമാനിച്ചത്, ഇനി കോണ്‍ഗ്രസ് പിരിച്ചുവിടാം. അങ്ങനെ പിരിച്ചുവിടാന്‍ പറ്റില്ലെന്നു അനന്തരവന്‍മാര്‍-അവര്‍ പിന്നെ പല ദേശീയ-അന്തര്‍ദേശീയ നാമങ്ങള്‍ നല്‍കി പുതിയ പാര്‍ട്ടികള്‍ ഉണ്ടാക്കി. ജനാധിപത്യം മുന്നോട്ടു നടക്കേണ്ടത് ജനേച്ഛയനുസരിച്ചു തന്നെയാവണം. പക്ഷെ നമ്മുടെ ആന അഥവാ പൊതുസമൂഹത്തിന്റെ മനസ്സാക്ഷിക്ക് അതും തീര്‍ത്തും ദഹിക്കാത്ത ആശയമായിരുന്നു. പഴയ നാട്ടുരാജാക്കന്‍മാരും ചരിത്രവഴിയിലൂടെ കൊഴുപ്പുകൂടി നടന്നു മഞ്ചലിലും പിന്നീട് പലതരം വാഹനങ്ങളിലും എത്തിയ ഭൂപ്രഭുക്കളും സര്‍വണരും ക്ഷത്രിയരും അവരുടെ കൊടിമാറ്റിയ വിശ്വാസികളും പിന്നെ സാധാരണക്കാരുടെ കര്‍മാളരുടെ, ആദിവാസികളുടെ, മിലിന്റെന്റായ ഗോത്രങ്ങളുടെ, നാടന്‍ പുത്തന്‍ ധ്വരകളുടെ ഒരു വമ്പിച്ച ജനാവലി പുറകെ.

തിരഞ്ഞെടുപ്പു വേണം, ജനാധിപത്യം വേണം, ജനപ്രതിനിധികള്‍ അധികാരപീഠമേറണം, കര്‍മനിരതരായ പൗരസഞ്ചയത്തെയും പുതുയുഗത്തിലേക്കു നടന്നു കേറുന്ന കുട്ടികളുടെ കൂട്ടവും വാര്‍ത്തെടുക്കണം. ശാസ്ത്ര-സാങ്കേതിക മേഖലകള്‍ക്ക്, പടിഞ്ഞാറിന്റെ നേട്ടങ്ങള്‍ കൊണ്ടു ഊന്നുകൊടുക്കണം.

വിദ്യാഭ്യാസം നവീകരിക്കാന്‍ പല കമ്മിഷനുകളുണ്ടായി. ശാസ്ത്ര-ഭൗതിക പുരോഗതി ലാക്കാക്കി പഞ്ചവത്സര പദ്ധതികള്‍ക്ക് നേതൃത്വം കൊടുത്ത ഭാവനാസമ്പന്നനായ പണ്ഡിറ്റ് ജവാഹര്‍ലാല്‍ നെഹ്‌റു ജനത്തിന്നു പ്രത്യാശ നല്‍കി. അയല്‍പക്കത്തെ പുതുജനാധിപത്യ രാജ്യങ്ങളെയെല്ലാം സൗഹൃദത്തിലാക്കി. രാജ്യത്തിന്റെ സൈനിക വളര്‍ച്ചകണ്ടു, സുരക്ഷിതത്വബോധം ഉറച്ചു. പഞ്ചശീലത്തെ മറികടക്കാന്‍ ചൈനപോലും തുടക്കത്തില്‍ ഒരുമ്പെട്ടില്ല.

അന്നം മുടങ്ങാതിരിക്കാന്‍ പൊതുവിതരണ സമ്പ്രദായം. രാജ്യസമ്പത്തിന്റെ ഭദ്രതയ്ക്ക് ദേശസാല്‍കൃത ബാങ്കുകള്‍, ഒന്നിനും കുറവുണ്ടായിരുന്നില്ല, തല്‍ക്കാലം. ശാന്തി, സമാധാനം, സംതൃപ്തി ഇതൊന്നും ഏറെനാള്‍ നീണ്ടുനിന്നില്ലെന്നു അനുഭവിച്ച തലമുറയും പിന്നീടു ചരിത്രകാരന്‍മാരും പറയും. എന്തുകൊണ്ട്?

1947 മുതല്‍ 2011 വരെ ഒരു ജനാധിപത്യസമ്പ്രദായത്തെ ക്രമീകരിച്ചു നിര്‍ത്തി വിജയിച്ചവരല്ലയോ നമ്മള്‍, നൂറ്റിപ്പത്തുകോടിയില്‍പ്പരം ജനം. അതിന്നു കിട്ടണം സമ്മാനം. പക്ഷെ നാം ഒരു തിളച്ചുമറിയുന്ന അഗ്നിപര്‍വതമുഖത്തേയ്ക്കാണ് നടന്നുകൊണ്ടിരിക്കുന്നത്. ഏറ്റവും വലിയ ഇരയാവാന്‍ പോകുന്നത് മഹാജനസഞ്ചയമാണ്. യുദ്ധമല്ലാത്തൊരു യുദ്ധം ഇന്ത്യയ്ക്കകത്തും പുറത്തും നിശ്ശബ്ദം നടന്നുകൊണ്ടിരിക്കയാണ്. അത് പുത്തന്‍ മുതലാളിത്തവും നിസ്സഹായതയിലേയ്ക്കു മൂക്കുകുത്തി വീണുകൊണ്ടിരിക്കുന്ന ലോകരാജ്യങ്ങളിലെ സാധാരണക്കാരും അവരേക്കാള്‍ അതിസാധാരണക്കാരുമാണ്.

പലതരം അന്താരാഷ്ട്ര മാഫിയ ജനത്തിന്റെ കൊങ്ങയ്ക്കു പിടിച്ചു ഭീഷണിപ്പെടുത്തുന്നു, അവരുടെ ബലഹീനതകണ്ടു രസിക്കുന്നു. പഴയകാലത്ത് ഇരിക്കാനും പട്ടിണികിടന്നും ഉറങ്ങാതെ ഉറങ്ങാനും ഏഴകള്‍ക്ക് ജനിച്ച നാട്ടില്‍, ഗ്രാമത്തില്‍, വനത്തില്‍, കടലോരത്ത്, നദീതടങ്ങളില്‍ ഇത്തിരിവട്ടം മണ്ണുണ്ടായിരുന്നു. ജനാധിപത്യരാജ്യങ്ങളുടെ ഭരണരഹസ്യങ്ങളില്‍പ്പോലും നുഴഞ്ഞുകേറാന്‍ സൈബര്‍ സാന്നിധ്യം കാരണമുണ്ടാക്കുന്നു. ആര്‍ക്കും ഒന്നുമില്ലാത്ത ആരും ഒന്നുമല്ലാത്ത ഒരവസ്ഥയിലേക്കു ജനം മൂകമായിട്ടും പുറമെ ആഘോഷപൂര്‍വവും നീങ്ങിക്കൊണ്ടിരിക്കുന്നു. കുഴിച്ചുമൂടി എന്നു നാം അഹങ്കരിച്ചിരുന്ന രോഗാണുക്കളെല്ലാം പൂര്‍വാധികം കരുത്തോടെ തിരിച്ചുവന്നു ആക്രമിക്കുന്നു. രോഗവും ചികിത്സയും സ്റ്റാര്‍ നിലവാരത്തിലേക്കുയരുന്നു. പണമില്ലാത്തവന്‍ പിണം തന്നെ.

രാജ്യത്തെ നേരെ നില്‍ക്കാനും സജ്ജമാക്കാനും പുതുതലമുറയെ 'വാര്‍ത്തുകൊണ്ടി'രുന്ന നമ്മുടെ നടപ്പു മാതൃകകളെല്ലാം കണ്‍മുമ്പില്‍ ഉടഞ്ഞുതീരുന്നു. ശുദ്ധവായു, കുടിവെള്ളം, കിടക്കാനൊരിടം, മരിച്ചാല്‍ സംസ്‌കരിക്കാനാറടി മണ്ണ് ഇതെല്ലാം കൂട്ടത്തില്‍ അന്നവും ഏതാനും ഒരു ന്യൂനപക്ഷത്തിനു മാത്രം ഉതകുംവിധത്തില്‍ സാമ്പത്തിക ക്രമീകരണവും ഭരണതന്ത്രവും തീര്‍ക്കുന്ന നമ്മള്‍ നാളെ എന്തു ചെയ്യും?

ഇന്ത്യാ രാജ്യത്തിലെ സാധാരണക്കാരും തൊഴിലാളികളും ഇന്നു സഞ്ചാരിവര്‍ഗങ്ങളായി പരിണമിച്ചുകൊണ്ടിരിക്കുകയാണ്. ഇവര്‍ക്കെല്ലാം തലയ്ക്കുമീതെ ആകാശം, അന്നം പെരുവഴിയിലെ കടകളില്‍. കുഞ്ഞുങ്ങള്‍ സ്‌കൂളിലും കോളജിലും സര്‍വകലാശാലയിലും പ്രൊഫഷണല്‍ രംഗത്തും പ്രവേശിക്കുന്നുവെന്നു കണ്‍കുളിരെ കാണുന്ന അച്ഛനമ്മമാരുടെ അകത്തും തീയാണ്. സമൂഹം തീര്‍ത്തും ക്രിമിനലായി മാറിക്കൊണ്ടിരിക്കയാണ്. സുരക്ഷിതത്വം വിടപറഞ്ഞ നിരാശ്രയ ജീവിതം. എവിടെ തല ചായ്ക്കും? ചിലര്‍ പറയും എണ്ണനാടുകളില്‍ ഞങ്ങള്‍ക്കിടമുണ്ട്. സമുദ്രങ്ങള്‍ക്കക്കരെ അഭയമുണ്ട്. ഈ ഭൂമിയിലില്ലെങ്കില്‍ ചന്ദ്രനും ചൊവ്വയും വ്യാഴവുമെല്ലാം അചുംബിത സമ്പത്തുമായി നമ്മുടെ വരുംതലമുറകളുടെ അധിനിവേശത്തിന്നു വാതിലുകള്‍ തുറന്നിട്ടിരിക്കുന്നു. ആകാശത്തിനെത്ര വാതിലുകള്‍, സമുദ്രങ്ങള്‍ക്കെത്ര അഴിമുഖങ്ങള്‍.

നിരന്തരമായ ഡിബേറ്റുകളുടെയും ചിന്തകളുടെയും താങ്ങില്ലാതെയാണ് കഴിഞ്ഞ ഏഴു പതിറ്റാണ്ടുകാലം നമ്മുടെ ജനാധിപത്യം നിലനിന്നിരുന്നത്. എന്നും അങ്ങനെ നിലനില്‍ക്കും എന്ന വ്യാമോഹം 'വായുള്ളവന്ന് ഇരകിട്ടും' എന്ന നമ്മുടെ ജീര്‍ണിച്ച തത്വവിചാരത്തിന്റേതാണ്. എന്നാല്‍ വര്‍ധിച്ച ഉപഭോഗതൃഷ്ണയും കലാപവാസനയും മൃഗീയമെന്നുപോലും വിശേഷിപ്പിക്കാനരുത്ത കിരാത വാസനകളും ശാസ്ത്ര പുരോഗതികളെയെല്ലാം വെല്ലുവിളിച്ചു മുന്നോട്ടുതന്നെ! അതിന്റെ ശിക്ഷയാണ് ഈ കാലം തരുന്ന വാഗ്ദാനം - നമ്മുടെ ആനയ്ക്കും മദം പൊട്ടാറായി.

*
പി വത്സല ജനയുഗം 29 ജൂണ്‍ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

1947 ലെ അര്‍ധരാത്രിയില്‍ നമുക്ക് കിട്ടിയത് ജനാധിപത്യം എന്ന കൂറ്റനൊരു ആനയെയായിരുന്നു. ഏതാണ്ട് ചുമ്മാ ചിലര്‍ തന്നുപോയതായിരുന്നുവെന്നു വിശ്വസിക്കുന്ന ചിലര്‍ ഇന്നുണ്ടെന്നു തോന്നുന്നു. അവരുടെ വിചാരം ഇന്ത്യ എന്ന മഹാരാജ്യത്തിന് അത്രയെളുപ്പം സ്വാതന്ത്ര്യം നേടാനുള്ള യോഗ്യത ഇല്ലെന്നു തന്നെയാണ്. ഭീമമായ ഒരു യുദ്ധം നടന്നില്ല. രക്തച്ചൊരിച്ചില്‍ മറുനാടന്‍ യുദ്ധങ്ങളെപ്പോലെ ആയിരുന്നില്ല. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യകാലത്ത് ഏഷ്യനാഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് സ്വാതന്ത്ര്യം ലഭിക്കുക എളുപ്പമായിരുന്നില്ല. അടിമത്തമായിരുന്ന നടപ്പുശീലം. ആ ശീലത്തെ അഥവാ ശിലായ്മയെ ഏതാണ്ടംഗീകരിച്ചു ഉടയോനെ ദൈവമാക്കി പൂജിച്ചുകൊണ്ടിരുന്ന ഒരു പൗരാണിക രാജ്യം ഈ അവസരത്തില്‍ അനുഭവിച്ചിരുന്ന ജാഡ്യത്തിന്നു എത്രത്തോളം കാളിമയും കടുപ്പവുമുണ്ടെന്നു ആഫ്രിക്കയിലിരിക്കെത്തന്നെ അനുഭവിച്ച മഹാത്മാഗാന്ധിയും ഇന്ത്യയില്‍ ജീവിച്ചിരുന്ന വിവേകാനന്ദന്‍, രവീന്ദ്രനാഥ ടാഗോര്‍, അവരുടെ സമകാലികരായിരുന്ന അനേകം യുവചിന്തകര്‍, കവികള്‍, കലാകാരന്‍മാര്‍, രാജ്യസ്‌നേഹികള്‍ എല്ലാം അന്നു രംഗത്തുണ്ടായിരുന്നു. അടിമത്തം മൂത്തു പഴുത്തുപാകമായപ്പോള്‍ ഒരു നിശബ്ദവിപ്ലവം പിറക്കുകയും അതിന്നു നമ്മള്‍ സത്യഗ്രഹസമരരീതി എന്നു സൗകര്യത്തിന്നു പേരിടുകയും ചെയ്തു.