Thursday, June 30, 2011

സ്മാര്‍ട്ട്സിറ്റി അട്ടിമറി

പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടന്‍ മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തേതുപോലെ സ്മാര്‍ട്ട്സിറ്റി പദ്ധതി പൊളിച്ചെഴുതാന്‍ ശ്രമം തുടങ്ങിയിരിക്കുന്നു. 2011 ഫെബ്രുവരിയില്‍ ടീകോം പ്രതിനിധികളും ദുബായ് സര്‍ക്കാരിന്റെ പ്രതിനിധികളും കേരളത്തില്‍ വന്ന് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചീഫ് സെക്രട്ടറി, നിയമവകുപ്പ് സെക്രട്ടറി, ഐടി വകുപ്പ് സെക്രട്ടറി, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവരടങ്ങുന്ന സംസ്ഥാന സംഘവുമായി ചര്‍ച്ചചെയ്ത് തര്‍ക്കങ്ങളെല്ലാം പരിഹരിച്ച് ഒപ്പുവച്ച തീരുമാനങ്ങളനുസരിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനിരിക്കെയാണ് നാടകീയമായ പുതിയ സംഭവവികാസങ്ങള്‍ .

ജൂണ്‍ 23ന് മുഖ്യമന്ത്രിയും ഐടി മന്ത്രിയും ടീകോം പ്രതിനിധികളെ വീണ്ടും ചര്‍ച്ചയ്ക്കു വിളിച്ചു. ഐടി മന്ത്രി നിയമസഭയില്‍ പറഞ്ഞതനുസരിച്ചാണെങ്കില്‍ പത്തുമിനിറ്റ് നേരത്തേക്ക് ടീകോം പ്രതിനിധികളുമായി വെറുമൊരു കൂടിക്കാഴ്ചയാണ് നടന്നത്. വെറുമൊരു കൂടിക്കാഴ്ചയായിരുന്നെങ്കിലും, പത്തു മിനിറ്റേ നീണ്ടുനിന്നുള്ളൂവെങ്കിലും, എല്‍ഡിഎഫ് സര്‍ക്കാര്‍ ഒപ്പുവച്ച സ്മാര്‍ട്ട്സിറ്റി കരാറും സംസ്ഥാനത്തിന്റെ പ്രത്യേക സാമ്പത്തികമേഖലാ നയവും ഒറ്റയടിക്ക് അട്ടിമറിച്ച് അക്കാര്യം പത്രക്കാരെ വിളിച്ചറിയിച്ചു, ഉമ്മന്‍ചാണ്ടി. ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ഭരണകാലത്ത് സ്മാര്‍ട്ട്സിറ്റി പദ്ധതി നടപ്പായില്ലെന്നും തങ്ങളാണത് നടപ്പാക്കുന്നതെന്നും, അതിനായി ചില ഇളവുകളെല്ലാം ചെയ്യുകയാണെന്നും ജനങ്ങളെ പറഞ്ഞു വിശ്വസിപ്പിക്കാനാണ് ശ്രമം. സ്മാര്‍ട്ട്സിറ്റി യാഥാര്‍ഥ്യമാക്കിയതാര് എന്ന ചോദ്യത്തിന് "അതിന്റെ ആള് ഞമ്മളാ"ണെന്നു പറയുക മാത്രമല്ല ഉമ്മന്‍ചാണ്ടി ചെയ്യുന്നത്. 2005ല്‍ താന്‍ തുടക്കം കുറിച്ച സ്മാര്‍ട്ട്സിറ്റി കരാറിലെ കച്ചവടസാധ്യതകള്‍ പുനരന്വേഷിക്കുകയുമാണ്. എന്തായിരുന്നു മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സ്മാര്‍ട്ട്സിറ്റി പദ്ധതി വൈകാന്‍ കാരണം? 2009 മുതല്‍ ടീകോം ഫ്രീഹോള്‍ഡ് സംബന്ധിച്ച് പുതിയൊരു തര്‍ക്കമുന്നയിക്കാനാരംഭിച്ചു. കരാറനുസരിച്ച് ഫ്രീഹോള്‍ഡായി നല്‍കേണ്ടിയിരുന്ന 12 ശതമാനം ഭൂമി അവര്‍ക്ക് വില്‍പ്പനാവകാശത്തോടുകൂടി ലഭിക്കണമെന്നായിരുന്നു ആവശ്യം. ഇതിന് സര്‍ക്കാര്‍ സന്നദ്ധമായില്ല. ഒടുവില്‍ , തര്‍ക്കങ്ങള്‍ അവര്‍തന്നെ പിന്‍വലിക്കുകയും സര്‍ക്കാര്‍നിലപാട് പൂര്‍ണമായി അംഗീകരിക്കുകയും ചെയ്തു. ഒരിഞ്ചു സ്ഥലംപോലും വില്‍ക്കാന്‍ അനുവദിക്കില്ല എന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിലപാടിന്റെയും അത് നടപ്പാക്കാനുള്ള ഇച്ഛാശക്തിയുടെയും വിജയമായിരുന്നു അത്.

2011 ഫെബ്രുവരി രണ്ടിന് എല്ലാ തര്‍ക്കവും അവസാനിച്ചെന്ന് സംസ്ഥാന സര്‍ക്കാരും ടീകോമും വ്യക്തമാക്കിയിരുന്നു. ഒക്ടോബറില്‍ നിര്‍മാണം ആരംഭിക്കാനും അതിന്റെ ഉദ്ഘാടനത്തിന് പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ എന്നെ നേരില്‍ ക്ഷണിക്കാനും അവര്‍ ദുബായില്‍നിന്ന് സമയം ചോദിച്ചിരുന്നു. അതനുസരിച്ച് പദ്ധതി ഉദ്ഘാടനത്തിനുള്ള ക്രമീകരണങ്ങള്‍ക്കുവേണ്ടി കേരളത്തിലെത്തിയ ടീകോമിനാണ് ഇപ്പോള്‍ പത്തു മിനിറ്റ് വെറും കൂടിക്കാഴ്ചയിലൂടെ പുതിയ ആനുകൂല്യങ്ങള്‍ നല്‍കുന്നത്. കഴിഞ്ഞ ദിവസം പത്രങ്ങളില്‍ വന്ന വാര്‍ത്ത ശരിയാണെങ്കില്‍ സ്മാര്‍ട്ട്സിറ്റി പദ്ധതി പ്രദേശം മുഴുവന്‍ ബഹുസേവന പ്രത്യേക സാമ്പത്തിക മേഖലയായി കണക്കാക്കണമെന്ന അപേക്ഷ ടീകോം കേന്ദ്രത്തിന് സമര്‍പ്പിച്ചിരിക്കുകയാണ്. പണ്ടും ടീകോമിന്റെ ഉള്ളിലിരിപ്പ് ഇതായിരുന്നു. മുമ്പ് ടീകോം ഇത്തരമൊരു അപേക്ഷ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കുകയും ഇത് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ സംസ്ഥാന സര്‍ക്കാര്‍ അത് തള്ളിക്കളയുന്നതായി കേന്ദ്രത്തെ അറിയിക്കുകയും ചെയ്തതാണ്. ഇതേത്തുടര്‍ന്ന് ടീകോം ആ ഉദ്യമത്തില്‍നിന്ന് പിന്തിരിഞ്ഞു. സ്മാര്‍ട്ട്സിറ്റി കരാറിലെ വ്യവസ്ഥകളില്‍ വള്ളിപുള്ളി വ്യത്യാസമില്ലാതെയാണ് യുഡിഎഫ് സര്‍ക്കാര്‍ പദ്ധതി നടപ്പാക്കുക എന്ന് ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും നിയമസഭയിലും പത്രക്കാരോടും പറയുകയുണ്ടായി. ടീകോം പ്രതിനിധികളുമായി ജൂണ്‍ 23ന് നടത്തിയ ചര്‍ച്ചയ്ക്കുശേഷം പത്രക്കാരോട് ഉമ്മന്‍ചാണ്ടി പറഞ്ഞത് കാണുകയും കേള്‍ക്കുകയുംചെയ്ത ആരും നിയമസഭയില്‍ പറഞ്ഞ ഉറപ്പ് വിശ്വസിക്കാനിടയില്ല. മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞത് സ്മാര്‍ട്ട്സിറ്റിയെ ഒരു ബഹുസേവന പ്രത്യേക സാമ്പത്തികമേഖലയാക്കുമെന്നാണ്.

ബഹുസേവന സാമ്പത്തികമേഖലയാകണമെങ്കില്‍ 250 ഏക്കര്‍ ഭൂമി കൂടിയേ തീരൂ. അതിനാല്‍ അധികമായി ആവശ്യമുള്ള നാലേക്കര്‍ ഭൂമികൂടി സ്മാര്‍ട്ട്സിറ്റിക്ക് നല്‍കുമെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി. കരാറില്‍ മാറ്റം വരുത്താതെ എങ്ങനെയാണ് സ്മാര്‍ട്ട്സിറ്റിയെ ബഹുസേവന പദ്ധതിയാക്കുക? നാല് ഏക്കര്‍ സ്ഥലംകൂടി വേണമെന്ന് ടീകോം അഭ്യര്‍ഥിച്ചിട്ടില്ലെന്ന് സെക്രട്ടറി മാധ്യമങ്ങളോട് പറയുന്നു. ആരും ആവശ്യപ്പെടാതെ, ചര്‍ച്ച ചെയ്യാതെ, എവിടെയും രേഖപ്പെടുത്താതെ, മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍വച്ച് ടീകോമിന് എന്തോ സൗജന്യം വേണം, അത് നല്‍കിയിരിക്കുന്നു എന്ന് പ്രഖ്യാപിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. മുന്‍ സര്‍ക്കാരിന്റെ കാലത്ത് ക്യാബിനറ്റ് അറിയാതെ മുഖ്യമന്ത്രിയായ ഞാന്‍ തീരുമാനമെടുത്തു എന്നാരോപിച്ച യുഡിഎഫ് മന്ത്രിമാരിലും നേതാക്കളിലും എത്രപേര്‍ക്ക് ഈ പിന്‍വാതില്‍ കച്ചവടത്തെക്കുറിച്ച് അറിയാമായിരുന്നു? പ്രതിപക്ഷനേതാവ് എന്ന നിലയില്‍ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ രേഖാമൂലം ആവശ്യപ്പെട്ടിട്ടും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. ഇതിനു പുറമെ മറ്റൊന്നുകൂടിയുണ്ട്. നാം പാട്ടത്തിനു നല്‍കുമെന്നു പറയുന്ന 246 ഏക്കര്‍ ഏതെങ്കിലും 246 ഏക്കറല്ല. കരാറില്‍ ഇതിന്റെ സര്‍വേനമ്പരുകള്‍പോലും പറയുന്നുണ്ട്.

ഈ കരാറില്‍ വള്ളിപുള്ളി വ്യത്യാസം വരുത്താതെ എവിടെയാണ് പുതുതായി നല്‍കുന്ന നാലേക്കര്‍ ഉള്‍ക്കൊള്ളിക്കുക? അതായത്, നിലവിലുള്ള സ്മാര്‍ട്ട്സിറ്റി കരാറിനുപുറത്ത് നാലേക്കര്‍ ഭൂമി ഒരു കരാറും കൂടാതെ നല്‍കാനാണ് ഉമ്മന്‍ചാണ്ടി തീരുമാനിച്ചത്. ഈ ഭൂമി നല്‍കുന്നത് വില വാങ്ങിയാണോ, ആണെങ്കില്‍ എന്തു വിലയാണ് ആവശ്യപ്പെട്ടിട്ടുള്ളത് തുടങ്ങിയ ചോദ്യങ്ങള്‍ക്കൊന്നും മുഖ്യമന്ത്രി മറുപടി നല്‍കിയിട്ടില്ല. നാലേക്കര്‍ ഭൂമികൂടി നല്‍കി സ്മാര്‍ട്ട്സിറ്റി ഒരു ബഹുസേവന പദ്ധതിയാക്കിയാല്‍ എന്താണ് സംഭവിക്കുക എന്ന് കേരളത്തിലെ ജനങ്ങള്‍ അറിയണം. നിര്‍മിക്കുന്ന കെട്ടിടങ്ങളുടെ 70 ശതമാനവും ഐടി/ഐടി അനുബന്ധ വ്യവസായങ്ങള്‍ക്കായിരിക്കണം എന്ന കര്‍ശന നിബന്ധന പാലിച്ചാല്‍ ഇതിനനുബന്ധമായി സേവനമേഖലയില്‍ വരുന്ന മറ്റു വ്യവസായങ്ങളും തൊഴിലുകളും നഗരത്തില്‍ ഉണ്ടാകും. അത്തരത്തില്‍ അനേകമടങ്ങ് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. എന്നാല്‍ , സ്മാര്‍ട്ട്സിറ്റിതന്നെ ബഹുസേവന പദ്ധതിയാക്കിയാല്‍ ഐടി തൊഴിലവസരങ്ങള്‍ക്ക് അനുബന്ധമായി സേവനമേഖലയില്‍ സൃഷ്ടിക്കപ്പെടുന്ന തൊഴിലുകള്‍ ഉള്‍പ്പെടെ പദ്ധതിയുടെ കണക്കില്‍ പെടുത്താന്‍ ടീകോമിന് കഴിയും. അങ്ങനെ, കുറഞ്ഞത് 62 ലക്ഷം ചതുരശ്ര അടി കെട്ടിടത്തില്‍ ഐടി തൊഴിലവസരം എന്നത് സേവനമേഖലയില്‍പ്പെട്ട തൊഴിലവസരങ്ങള്‍ എന്നായി മാറും. അതായത്, സേവനമേഖലയില്‍പ്പെട്ട അനുബന്ധ തൊഴിലുകളടക്കമായിരിക്കും 90,000 തൊഴിലുകള്‍ . സ്മാര്‍ട്ട്സിറ്റി പദ്ധതിയെ പരിമിതപ്പെടുത്തുന്നതും നിക്ഷേപകര്‍ക്ക് വന്‍ ആനുകൂല്യം നല്‍കുന്നതുമായ നടപടിയാണ് ഇത്.

സ്മാര്‍ട്ട്സിറ്റി മള്‍ട്ടി സര്‍വീസ് സെസ്സാകുമ്പോള്‍ എത്ര ഐടി തൊഴിലുകള്‍ ലഭിക്കും, എത്ര ഐടി ഇതര തൊഴിലുകള്‍ ലഭിക്കും എന്നതു സംബന്ധിച്ച് സര്‍ക്കാരിന് എന്തെങ്കിലും വ്യക്തതയുണ്ടോ? ഇക്കാര്യത്തില്‍ പുതിയ ഏതെങ്കിലും കരാറുകള്‍ ഉണ്ടാക്കിയിട്ടുണ്ടോ? തൊഴിലിനെ സംബന്ധിച്ച് എഴുതി ഒപ്പുവച്ച കരാറുണ്ടായിരിക്കെ, അതിനെ അട്ടിമറിക്കുന്ന ഒരു തീരുമാനമെടുക്കുകയും, അതിന് ഒരുവിധ കരാറിലും ഏര്‍പ്പെടാതിരിക്കുകയും ചെയ്യുന്നത് അഴിമതി നടത്താനാണെന്നു വ്യക്തം. പ്രത്യേക സാമ്പത്തികമേഖലകള്‍ അനുവദിക്കുമ്പോള്‍ സംസ്ഥാനം പ്രത്യേകിച്ച് ഒന്നും പരിഗണിക്കേണ്ടതില്ല എന്നാണ് മുഖ്യമന്ത്രിയുടെ വാദം. പ്രത്യേക സാമ്പത്തികമേഖലയിലെ റിയല്‍ എസ്റ്റേറ്റ് ബിസിനസ് വസ്തു കൈമാറ്റത്തിലൂടെയല്ല നടക്കുന്നത്. മറിച്ച് അവിടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തി കൈമാറ്റം ചെയ്യുന്ന രീതിയിലാണ്. സ്മാര്‍ട്ട്സിറ്റിയില്‍ നിര്‍മിക്കുന്ന കെട്ടിടങ്ങളുടെ 70 ശതമാനം ബന്ധപ്പെട്ട ഐടി വ്യവസായത്തിനായിരിക്കണം എന്ന കര്‍ശന നിബന്ധനവച്ചത് അതുകൊണ്ടാണ്. മറ്റ് പ്രത്യേക സാമ്പത്തികമേഖലകള്‍ ആരംഭിക്കുമ്പോള്‍ കുറഞ്ഞത് സ്ഥലത്തിന്റെ 70 ശതമാനമെങ്കിലും ബന്ധപ്പെട്ട വ്യവസായത്തിനായി മാറ്റിവയ്ക്കണമെന്നും നയം രൂപീകരിച്ചു.

അത് അംഗീകരിച്ച് മുന്നോട്ടുവന്ന നിക്ഷേപകര്‍ക്കുള്‍പ്പെടെ ഇളവ് നല്‍കി സ്ഥലത്തിന്റെ പകുതിമാത്രം വ്യവസായത്തിനുപയോഗിച്ചാല്‍ മതിയെന്ന് ഇപ്പോള്‍ പറയുന്നത് എന്തടിസ്ഥാനത്തിലാണ്? ഏതു സംരംഭകനാണ് ഇങ്ങനെയൊരു ആവശ്യം ഉന്നയിച്ചത്? റിയല്‍ എസ്റ്റേറ്റ് ലോബിയുടെ സ്വാധീനത്തിനു വഴങ്ങി നടത്തിയ ഈ ഒറ്റ പ്രഖ്യാപനത്തിലൂടെ സംസ്ഥാന വ്യവസായമേഖലയ്ക്ക് നഷ്ടപ്പെടുന്നത് എത്ര ഏക്കര്‍ ഭൂമിയാണെന്നു മനസ്സിലാക്കിയിട്ടുണ്ടോ? കേന്ദ്ര നിയമത്തില്‍ മാറ്റം വരുത്തുന്നത് നിലനില്‍ക്കില്ല എന്നാണ് യുഡിഎഫ് നേതാക്കള്‍ പറയുന്നത്. പ്രത്യേക സാമ്പത്തികമേഖല സംബന്ധിച്ച കേന്ദ്രനിയമം പറയുന്നത് കുറഞ്ഞത് 50 ശതമാനം ഭൂമി വ്യവസായത്തിനുവേണ്ടി മാറ്റിവയ്ക്കണമെന്നാണ്. 50 ശതമാനമേ മാറ്റി വയ്ക്കാവൂ എന്നല്ല. അപ്പോള്‍ 70 ശതമാനം ഭൂമി വ്യവസായാവശ്യത്തിനായി മാറ്റിവയ്ക്കുന്നത് എങ്ങനെയാണ് കേന്ദ്ര നിയമത്തിനെതിരാകുന്നത്? ഇന്ത്യയിലെ ആറ് സംസ്ഥാനം പുതിയ സെസ് നിയമം ഉണ്ടാക്കുകയും കേരളമുള്‍പ്പെടെ ഒമ്പത് സംസ്ഥാനം സെസ് നയം രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. കേന്ദ്ര നിയമമനുസരിച്ച് വിവിധോദ്ദേശ്യ പ്രത്യേക സാമ്പത്തിക മേഖലകളില്‍ നാലിലൊന്ന് സ്ഥലം വ്യവസായത്തിനായി നീക്കിവച്ചാല്‍മതി. 250 ഏക്കര്‍ സ്ഥലം വ്യവസായത്തിനുപയോഗിച്ചാല്‍ 750 ഏക്കര്‍ ഫ്രീ എന്ന രീതിയില്‍ മുന്നോട്ടു പോകാന്‍ കേരളത്തിനാകുമോ? നാം ഇവിടെ സെസ് നയമുണ്ടാക്കിയത് കേരളത്തിന്റെ പ്രത്യേക സാഹചര്യങ്ങള്‍ കണക്കിലെടുത്താണ്. പിന്നെന്തിന് വ്യവസായികള്‍ ആവശ്യപ്പെടാത്ത ഒരു ഇളവ് കേന്ദ്ര നിയമത്തിന്റെ പേരില്‍ റിയല്‍ എസ്റ്റേറ്റ് ഭൂമിയുടെ കാര്യത്തില്‍ കാണിക്കുന്നുവെന്ന് മനസ്സിലാകുന്നില്ല. പ്രത്യേകിച്ചും ജനസാന്ദ്രത ഏറ്റവും കൂടിയ കേരളത്തില്‍ ഭൂവിനിയോഗത്തെ സംബന്ധിച്ച് കക്ഷിരാഷ്ട്രീയ ഭേദമെന്യെ നാം കൈക്കൊള്ളാറുള്ള നിലപാടുകളുടെ പശ്ചാത്തലത്തില്‍ . പ്രത്യേക സാമ്പത്തികമേഖലയുടെ മറവില്‍ , വ്യവസായത്തിനെന്നു തെറ്റിദ്ധരിപ്പിച്ച് വന്‍ ഭൂശേഖരം റിയല്‍ എസ്റ്റേറ്റ് ആവശ്യത്തിനായി കൈമാറാനാണ് നീക്കമെങ്കില്‍ മറ്റു സംസ്ഥാനങ്ങളില്‍ ഉണ്ടായതിലും രൂക്ഷമായ സമരം പ്രത്യേക സാമ്പത്തികമേഖലകള്‍ക്കെതിരെ ഉയര്‍ന്നുവരും.

മന്ത്രിസഭ ചര്‍ച്ചചെയ്ത് തീരുമാനിച്ച സംസ്ഥാന സെസ് നയം ക്യാബിനറ്ററിയാതെ ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും സ്വന്തം നിലയില്‍ അഴിച്ചുപണിയാന്‍ തീരുമാനിച്ചതും പ്രഖ്യാപിച്ചതും ആരുടെ താല്‍പ്പര്യപ്രകാരമാണെന്ന് വ്യക്തമാക്കണം. അംഗീകരിക്കപ്പെട്ട കരാറില്‍ ഒരു കക്ഷിക്ക് സാമ്പത്തികലാഭമുണ്ടാക്കാന്‍ സഹായകമായ വിധത്തില്‍ മാറ്റം വരുത്തുന്നത് നിയമപരമായി അഴിമതിയാണെന്ന് മുഖ്യമന്ത്രി ഓര്‍ക്കുന്നത് നന്ന്. മുഖ്യമന്ത്രി ഇപ്പോള്‍ പ്രഖ്യാപിച്ച മാറ്റം സാധ്യമാകണമെങ്കില്‍ സംസ്ഥാന സെസ് നയം മാറ്റണം. "നിലവിലുള്ള നയത്തിന്റെ അടിസ്ഥാനത്തില്‍ നടപ്പാക്കാനാകാത്ത തീരുമാനങ്ങളെടുക്കുകയും ആ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ പിന്നീട് നയത്തില്‍ മാറ്റം വരുത്തുകയും" ചെയ്യുന്നതും അഴിമതിതന്നെയാണ്. "ഒരു സംസ്ഥാനത്തിന്റെ ഭരണസംബന്ധമായ കാര്യങ്ങളിലോ, മുന്‍ സര്‍ക്കാര്‍ സമവായത്തിന്റെ അടിസ്ഥാനത്തില്‍ കൈക്കൊണ്ട തീരുമാനം നടപ്പാക്കുന്ന കാര്യത്തിലോ പൂര്‍ത്തിയാക്കാനുള്ള പ്രവൃത്തികള്‍ തുടരാന്‍ തുടര്‍ന്ന് അധികാരത്തില്‍ വരുന്ന ഗവണ്‍മെന്റിന് ബാധ്യതയുണ്ട്" എന്നും സുപ്രീംകോടതി നിരീക്ഷിച്ചിട്ടുണ്ട്.

*
വി എസ് അച്യുതാനന്ദന്‍

1 comment:

വര്‍ക്കേഴ്സ് ഫോറം said...

പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടന്‍ മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തേതുപോലെ സ്മാര്‍ട്ട്സിറ്റി പദ്ധതി പൊളിച്ചെഴുതാന്‍ ശ്രമം തുടങ്ങിയിരിക്കുന്നു. 2011 ഫെബ്രുവരിയില്‍ ടീകോം പ്രതിനിധികളും ദുബായ് സര്‍ക്കാരിന്റെ പ്രതിനിധികളും കേരളത്തില്‍ വന്ന് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചീഫ് സെക്രട്ടറി, നിയമവകുപ്പ് സെക്രട്ടറി, ഐടി വകുപ്പ് സെക്രട്ടറി, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവരടങ്ങുന്ന സംസ്ഥാന സംഘവുമായി ചര്‍ച്ചചെയ്ത് തര്‍ക്കങ്ങളെല്ലാം പരിഹരിച്ച് ഒപ്പുവച്ച തീരുമാനങ്ങളനുസരിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനിരിക്കെയാണ് നാടകീയമായ പുതിയ സംഭവവികാസങ്ങള്‍