Saturday, June 18, 2011

ചില്ലറ വ്യാപാരികള്‍ തെരുവാധാരമാകും

ചില്ലറ വ്യാപാരമേഖലയിലെ ബഹു ദേശീയ കുത്തക ഭീമന്‍മാരായ വാള്‍ മാര്‍ട്ടും കരേഫോറും ടെബ്‌കോയും ഏറെ വൈകാതെ പൂര്‍ണമായ തോതില്‍ ഇന്ത്യന്‍ ആഭ്യന്തര വിപണിയില്‍ ഇടം കണ്ടെത്തും. ഇവയുടെ വിപണിപ്രവേശം ഏതാനും ചില നിയന്ത്രണങ്ങള്‍ക്കു വിധേയമാക്കപ്പെടുമെന്നാണ്‌ ഇപ്പോള്‍ പറഞ്ഞുകേള്‍ക്കുന്നത്‌. വ്യക്തമായ ഏതാനും നിക്ഷേപ മാനദണ്‌ഡങ്ങള്‍ അവ അംഗീകരിക്കേണ്ടിവരുമെന്നതിനു പുറമെ, വന്‍ നഗരങ്ങളില്‍ ചില്ലറ വില്‍പനശാലകള്‍ തുറക്കുന്നതിനും നിയന്ത്രണങ്ങള്‍വരും.

ഒന്നിലധികം ബ്രാന്‍ഡുകളില്‍ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ കുത്തകകള്‍ക്ക്‌ പ്രത്യക്ഷ വിദേശമൂലധന നിക്ഷേപം `എഫ്‌ ഡി ഐ' നടത്താന്‍ ഇതോടെ അവസരം ലഭിക്കുകയായിരിക്കും ഫലം. ഇതിലേക്കായി ഒരു കരട്‌ രേഖ തയ്യാറാക്കാന്‍ സെക്രട്ടറിമാരുടെ ഒരു സമിതിക്ക്‌ രൂപം നല്‍കിയിരിക്കുകയാണ്‌.

കേന്ദ്ര ക്യാബിനറ്റിന്റെ അംഗീകാരം ലഭിക്കുന്നതോടെ റിറ്റൈയില്‍ വ്യാപാരമേഖലയില്‍ എഫ്‌ ഡി ഐ ഒരു യാഥാര്‍ഥ്യമാവുകയാണ്‌. മിനിമം നിക്ഷേപപരിധി 100 മില്യന്‍ ഡോളറായി നിജപ്പെടുത്താനാണ്‌ സാധ്യത. എന്നാല്‍, ചില്ലറ വില്‍പനകേന്ദ്രങ്ങളുടെ എണ്ണം തീരുമാനിക്കുക സംസ്ഥാനങ്ങളായിരിക്കും. ചെറുകിട വില്‍പന വ്യാപാരികളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള മുന്‍കരുതലുകള്‍ കരടുരേഖയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നതാണ്‌ ഔദ്യോഗിക ഭാഷ്യം.

കരടുരേഖ തയ്യാറാക്കുന്നതിന്‌ മുന്നോടിയായി വിവിധ കേന്ദ്ര മന്ത്രാലയങ്ങളുടെ ഒരു ഗ്രൂപ്പ്‌ യു പി എ സര്‍ക്കാരിന്റെ മുഖ്യ സാമ്പത്തികോപദേഷ്‌ടാവ്‌ ഡോ. കൗശിക്‌ ബസുവിന്റെ നേതൃത്വത്തില്‍ ചര്‍ച്ചകളും കൂടിയാലോചനകളും നടത്തിയിരുന്നു. ഇതെ തുടര്‍ന്നാണത്രെ നയപരമായ ചട്ടക്കൂടിന്‌ അന്തിമ രൂപം നല്‍കിയത്‌. കേന്ദ്രഭരണകൂടത്തിന്റെ കാഴ്‌ചപ്പാടില്‍ മള്‍ട്ടി ബ്രാന്‍ഡ്‌ റിറ്റൈയില്‍ വ്യാപാരശൃംഖല നിലവില്‍ വരുന്നതിന്റെ ഫലമായി അതിവിപുലവും ശാസ്‌ത്രീയവുമായ അടിസ്ഥാഘടനാസൗകര്യങ്ങള്‍ ഈ മേഖലയിലുണ്ടാകും. ഇതിനു പുറമെ വന്‍തോതില്‍ തൊഴിലവസരങ്ങള്‍ ഉണ്ടാകുമെന്നാണ്‌ അവകാശവാദം.

നിലവിലുള്ള ചെറുകിട വ്യാപാരികളുടെ തൊഴിലവസരനഷ്‌ടത്തെപ്പറ്റി യാതൊരുവിധ പരാമര്‍ശവും രേഖയില്‍ കാണുന്നില്ല. കേരളത്തില്‍ മാത്രം എട്ട്‌ ലക്ഷത്തോളം പേരാണ്‌ ചെറുകിട വ്യാപാരമേഖലയിലൂടെ ഉപജീവനമാര്‍ഗം കണ്ടെത്തുന്നത്‌. നഗരമേഖലകളില്‍ മാത്രമാണ്‌ ബഹുദേശീയ കുത്തകകള്‍ ചില്ലറ വില്‍പനകേന്ദ്രങ്ങള്‍ തുറക്കുകയെന്നത്‌ ആശ്വാസത്തിന്‌ വക നല്‍കുന്നില്ല. നഗരപ്രദേശത്ത്‌ ഇപ്പോള്‍ ചില്ലറ കച്ചവടത്തിലൂടെ ജീവിനമാര്‍ഗം തേടുന്നത്‌ സമീപഗ്രാമപ്രദേശങ്ങളില്‍ നിന്നുള്ളവരാണെന്നതിനാല്‍ നഗരങ്ങളില്‍നിന്നും പലായനം ചെയ്യേണ്ടിവരുന്നവര്‍ ഗ്രാമീണമേഖലയിലെ തൊഴിലില്ലാപടയുടെ ഭാഗമാക്കപ്പെടുകയായിരിക്കും ചെയ്യുക.

കേരളത്തില്‍ മിക്കവാറും നഗര-ഗ്രാമ വേര്‍തിരിവ്‌ നാമമാത്രമാണെന്നതു ശ്രദ്ധേയമാണ്‌.

ചില്ലറ വില്‍പനമേഖല ബഹുദേശീയ കുത്തകകള്‍ കയ്യടക്കുന്നതോടെ ഗ്രാമ-നഗരമേഖലയില്‍ തൊഴിലില്ലായ്‌മയും ദാരിദ്ര്യവും പെരുകാനാണ്‌ സാധ്യത തെളിയുന്നത്‌. കാരണം, കുത്തകകളുടെ വരവോടെ, തൊഴിലവസരങ്ങള്‍ നഷ്‌ടപ്പെടുന്നവര്‍ക്ക്‌ കുത്തക സ്ഥാപനങ്ങളില്‍ പകരം തൊഴില്‍ ലഭിക്കണമെന്നില്ല.

ചില്ലറ വ്യാപാരമേഖലയില്‍ കുത്തകകളെ സ്വാഗതം ചെയ്യുന്നതിന്‌ നീതീകരണമായി ഉന്നയിക്കുന്ന വാദഗതി, നിലവിലുള്ള സപ്ലൈ ചെയിനിലെ അപാകതകള്‍മൂലം വിതരണം കൃത്യമായി നടക്കുന്നില്ലെന്നും സ്റ്റോറേജ്‌ സൗകര്യങ്ങളുടെ അപര്യാപ്‌തതയുടെ ഫലമായി 40 ശതമാനം വരെ ഭക്ഷ്യോല്‍പ്പന്നങ്ങള്‍ പാഴായിപ്പോവുകയും ഇതിലൂടെ 50,000 കോടിയില്‍പ്പരം രൂപയുടെ നഷ്‌ടവുമുണ്ടാകുന്നു എന്നൊക്കെയാണ്‌. എന്നാല്‍ കേരളം പോലെയുള്ള സംസ്ഥാനങ്ങളില്‍ പൊതുവിതരണ സംവിധാനം കാര്യക്ഷമമായി പ്രവര്‍ത്തിച്ചുവരുന്നതിന്റെ ഫലമായി സംഭരണ-വിതരണ നഷ്‌ടം നാമമാത്രമായി മാത്രമേ നടക്കുന്നുള്ളു.

ഫുഡ്‌ കോര്‍പ്പറേഷന്റെ ഗോഡൗണുകള്‍, ബെവറേജസ്‌ കോര്‍പ്പറേഷനുകള്‍ക്ക്‌ മദ്യം സൂക്ഷിക്കുന്നതിനും സ്വകാര്യ വ്യാപാരികള്‍ക്ക്‌ ധാന്യങ്ങളും പഴം-പച്ചക്കറികളും സംഭരിക്കുന്നതിനും പൂഴ്‌ത്തിവെക്കുന്നതിനും മറ്റുമായി വാടകക്കു നല്‍കുന്ന രാജസ്ഥാന്‍ പോലുള്ള സംസ്ഥാനങ്ങളില്‍ സ്ഥിതി വ്യത്യസ്‌തമായിരിക്കും.

സപ്ലൈ ചെയിന്‍ കാര്യക്ഷമമാക്കാന്‍ പൊതുവിതരണ ശൃംഖല വ്യാപകവും ശക്തവുമാക്കുകയാണ്‌ വേണ്ടത്‌. ചില്ലറ വ്യാപാരമേഖലയുടെ വാതില്‍ വിദേശമൂലധനശക്തികള്‍ക്ക്‌ തുറന്നിടുകയല്ല.

ബഹുദേശീയ കുത്തക വ്യാപാരികള്‍ ഇന്ത്യന്‍ വിപണി കയ്യടക്കാന്‍ വ്യഗ്രത കാട്ടുന്നത്‌ നമ്മെ സഹായിക്കാനോ, ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക്‌ കുറഞ്ഞ വിലക്ക്‌ ഗുണമേന്‍മയേറിയ ചരക്കുകള്‍ നല്‍കാനോ അല്ല. 400 ബില്യന്‍ ഡോളറിന്‌ തുല്യമായ ബിസിനസ്‌ നടക്കുന്ന ഒരു മേഖലയില്‍ പണം മുടക്കി പരമാവധി ലാഭം കൊള്ളയടിക്കാനാണ്‌. ഈ കാരണം മുന്‍നിര്‍ത്തിയാണ്‌ ഇന്ത്യയിലെ ഇടതുപക്ഷം ഈ നീക്കത്തെ ശക്തമായി വിമര്‍ശിക്കുന്നത്‌.

ഇന്ത്യ ഇപ്പോള്‍ തന്നെ 51 ശതമാനം എഫ്‌ ഡി ഐ ഏക ബ്രാന്‍ഡ്‌ ചില്ലറ വ്യാപാരമേഖലയിലും 100 ശതമാനം മൊത്തവില്‍പ്പനമേഖലയിലും അനുവദിച്ചു കഴിഞ്ഞിട്ടുണ്ട്‌. ഈ നടപടികളുടെ പ്രതികൂല ആഘാതം ഇന്ത്യന്‍ സ്വകാര്യ ചില്ലറ-മൊത്ത വില്‍പ്പനമേഖലകളില്‍ സാരമായി അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്‌. ഇക്കാരണത്താല്‍ തന്നെയാണ്‌ ചില്ലറ വില്‍പ്പനമേഖലയിലെ എഫ്‌ ഡി ഐ പ്രവേശം ചെറുത്തുനില്‍പ്പിന്‌ വഴിവെച്ചിട്ടുള്ളതും. കേരളത്തിലെ വ്യാപാരി-വാണിജ്യ സംഘടനകള്‍ കക്ഷിഭേദം കൂടാതെ വാള്‍ മാര്‍ട്ടൈസേഷനെ എതിര്‍ത്തുവരുന്നുമുണ്ട്‌.

കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കാനുദ്ദേശിക്കുന്ന കുത്തകവല്‍ക്കരണ പരിപാടിയനുസരിച്ച്‌ ഉല്‍പ്പന്നങ്ങളുടെ, ഭക്ഷ്യ ഉല്‍പ്പന്നങ്ങളടക്കമുള്ളവയുടെ 30 ശതമാനവും ചെറുകിട-ഇടത്തരം സംരംഭങ്ങളില്‍ നിന്നാണ്‌ സംഭരിക്കുക എന്നാണ്‌ അവകാശപ്പെടുന്നത്‌. ഇതെത്രമാത്രം നടക്കുമെന്ന്‌ പറയുക സാധ്യമല്ല. ചെറുകിട-ഇടത്തരം സംരംഭകരുടെ എതിര്‍പ്പിന്റെ കുന്തമുനയൊടിക്കുക മാത്രമാണ്‌ ഇതിന്റെ ലക്ഷ്യമെന്ന്‌ വ്യക്തമാണ്‌. മള്‍ട്ടി ബ്രാന്‍ഡ്‌ ചില്ലറ വില്‍പ്പനശാലകള്‍ പത്ത്‌ ലക്ഷത്തിലേറെ ജനസംഖ്യയുള്ള നഗരങ്ങളില്‍ ഒതുക്കിനില്‍ത്തുമെന്നു പറയുമ്പോഴും, അന്തിമ തീരുമാനം സംസ്ഥാനങ്ങള്‍ക്ക്‌ വിട്ടിരിക്കുകയാണ്‌.

അനുവദനീയമായ പ്രദേശമാണെങ്കില്‍ നഗരസഞ്ചയങ്ങളുടെ പത്ത്‌ കിലോമീറ്റര്‍ പരിധിക്കുള്ളിലായിരിക്കുകയും വേണമെന്ന്‌ നിഷ്‌കര്‍ഷിച്ചിരിക്കുന്നു. മൊത്തം വില്‍പ്പന ടേണോവറിന്റെ 30 ശതമാനം ചെറുകിട വ്യാപാരികളുടെ വകയായിരിക്കുമെന്ന്‌ ഉറപ്പാക്കേണ്ടതുമാണ്‌. മുഴുവന്‍ പണവും നല്‍കിയശേഷമായിരിക്കും ഇടപാടുകള്‍ നടത്തപ്പെടുക. ഇതൊന്നും പ്രശ്‌നത്തിന്റെ ഗൗരവം കുറക്കാന്‍ പര്യാപ്‌തമാവില്ല.

ഇത്തരം കാര്യങ്ങളെല്ലാം ഒരു പരിധിവരെ ശരിയായിരിക്കാം. എന്നാല്‍ യഥാര്‍ഥ പ്രശ്‌നം മറ്റൊന്നാണ്‌. ബഹുദേശീയ റിറ്റൈയില്‍ കുത്തകകളുടെ ആഗമനത്തോടെ പ്രാദേശിക തലത്തില്‍ പ്രവര്‍ത്തനം നടത്തിവരുന്ന കച്ചവടക്കാര്‍ പുറന്തള്ളപ്പെടുമെന്ന വസ്‌തുതയാണ്‌ ഭയാശങ്കകള്‍ ഉയര്‍ത്തുന്നത്‌. ഇതിനുള്ള പ്രതിവിധിയായി കരടു ചട്ടക്കൂടില്‍ നിര്‍ദേശിക്കുന്നത്‌ കുത്തകകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ മേല്‍ സംസ്ഥാന സര്‍ക്കാരുകള്‍ അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയെന്നതാണ്‌. ഈ നിര്‍ദേശവും ഫലപ്രദമാകണമെന്നില്ല. കാരണം, ഏതു നിയന്ത്രണത്തെ മറികടക്കാനും കുത്തക വ്യാപാരികള്‍ക്കു കഴിയും.

റിറ്റൈയില്‍മേഖലയിലെ കുത്തകവല്‍ക്കരണത്തിലൂടെ ഉല്‍പ്പന്നങ്ങളുടെ സപ്ലൈ ഉയര്‍ത്താന്‍ കഴിയുമെന്ന വാദഗതിയിലും കഴമ്പില്ല. കാരണം, കുത്തകകള്‍ക്ക്‌ അവശ്യ ഉല്‍പ്പന്നങ്ങളുടെ സപ്ലൈ ശൃംഖല സ്വന്തം ഇഷ്‌ടാനുസരണം കൈകാര്യം ചെയ്യാന്‍ തന്ത്രങ്ങള്‍ മെനയുക ബുദ്ധിമുട്ടുള്ള കാര്യമല്ലന്നതു തന്നെ. കൃത്രിമ ക്ഷാമം സൃഷ്‌ടിക്കുന്നതില്‍ കുത്തകകള്‍ക്കുള്ള കഴിവ്‌ നമുക്കറിവുള്ളതാണല്ലോ.

പിന്നെ, ഉല്‍പ്പാദകരുടെ താല്‍പര്യങ്ങളെടുക്കുക. ഇവിടെയും കുത്തകകള്‍ക്കായിരിക്കും ആധിപത്യം. വില്‍പ്പനക്കാര്‍ക്കിടയില്‍ മത്സരം ശക്തിപ്പെടുന്നതിന്റെ ഫലമായി ഉല്‍പ്പാദകര്‍ക്കോ ഉപഭോക്താക്കള്‍ക്കോ ഗുണത്തെക്കാളേറെ ദോഷമായിരിക്കും ഉണ്ടാവുക.

ചെറുകിട കച്ചവടക്കാര്‍ തുടച്ചുനീക്കപ്പെടുന്നതോടെ, മത്സരം ബലഹീനമായി തീരും. പിന്നീടങ്ങോട്ട്‌ വിപണിയുടെ പരിപൂര്‍ണമായ നിയന്ത്രണം ബഹുദേശീയ കുത്തകകളുടെ കൈകളില്‍ അമരുകയായിരിക്കും ചെയ്യുക. കര്‍ഷകര്‍ക്ക്‌ അര്‍ഹിക്കുന്ന വില ലഭിക്കാതിരിക്കുന്നതോടൊപ്പം ഉപഭോക്താക്കള്‍ക്ക്‌ അമിതവില കൊടുക്കേണ്ടതായും വരും.

*
പ്രഫ. കെ അരവിന്ദാക്ഷന്‍ ജനയുഗം 18 ജൂണ്‍ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ചില്ലറ വ്യാപാരമേഖലയിലെ ബഹു ദേശീയ കുത്തക ഭീമന്‍മാരായ വാള്‍ മാര്‍ട്ടും കരേഫോറും ടെബ്‌കോയും ഏറെ വൈകാതെ പൂര്‍ണമായ തോതില്‍ ഇന്ത്യന്‍ ആഭ്യന്തര വിപണിയില്‍ ഇടം കണ്ടെത്തും. ഇവയുടെ വിപണിപ്രവേശം ഏതാനും ചില നിയന്ത്രണങ്ങള്‍ക്കു വിധേയമാക്കപ്പെടുമെന്നാണ്‌ ഇപ്പോള്‍ പറഞ്ഞുകേള്‍ക്കുന്നത്‌. വ്യക്തമായ ഏതാനും നിക്ഷേപ മാനദണ്‌ഡങ്ങള്‍ അവ അംഗീകരിക്കേണ്ടിവരുമെന്നതിനു പുറമെ, വന്‍ നഗരങ്ങളില്‍ ചില്ലറ വില്‍പനശാലകള്‍ തുറക്കുന്നതിനും നിയന്ത്രണങ്ങള്‍വരും.