Friday, June 10, 2011

കടുംനിറം ചാലിച്ച ജീവിതം

ഇന്ത്യയുടെ പിക്കാസോ എന്ന് ഫോബ്സ് മാസിക വിശേഷിപ്പിച്ച മഖ്ബൂല്‍ ഫിദാ ഹുസൈന്‍ എന്ന എം എഫ് ഹുസൈന്റെ വളര്‍ച്ച വെല്ലുവിളികളെ സധൈര്യം നേരിട്ടായിരുന്നു. ഒരു ചിത്രത്തിന് പത്തു രൂപയില്‍നിന്ന് പത്ത് കോടിയിലധികം പ്രതിഫലം വാങ്ങിയ ചിത്രകാരനിലേക്കുള്ള വളര്‍ച്ചയായിരുന്നു ഹുസൈന്റേത്. വിവാദങ്ങളും പ്രതിഷേധങ്ങളുമൊന്നും ആ കലാസപര്യക്ക് ഒരുകാലത്തും തടസ്സമായില്ല. തികച്ചും ദരിദ്രമായ ചുറ്റുപാടിലായിരുന്നു ഹുസൈന്റെ ബാല്യകാലം. പിച്ചവയ്ക്കുംമുമ്പേ ഉമ്മ സുഹൈബ് മരിച്ചു. ഉപ്പ ഫിദാ പുനര്‍വിവാഹം കഴിച്ച് ഇന്‍ഡോറിലേക്ക് കുടുംബത്തെ പറിച്ചുനട്ടു. വരയോടുള്ള മകന്റെ പ്രതിപത്തി കണ്ട് ഉപ്പ അവനെ ജെ ജെ സ്കൂള്‍ ഓഫ് ആര്‍ട്സില്‍ ചേര്‍ത്തു. എന്നാല്‍ , തുണിമില്ലിലെ ടൈംകീപ്പറുടെ ജോലി ഉപ്പയ്ക്ക് നഷ്ടമായതോടെ ഹുസൈന്റെ ചിത്രകലാപഠനവും മുടങ്ങി.

പിന്നീട് പിതൃസഹോദരനൊപ്പം ബറോഡയിലെ മദ്രസയില്‍ താമസമാക്കി. ഇക്കാലയളവിലാണ് കവിതാ രചനയിലും ചിത്രരചനയിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 1937ല്‍ ഹുസൈന്‍ മുംബൈയിലേക്ക് വണ്ടികയറി. നാട്ടിലെ പരിചയക്കാരന്‍ ഷബാബിനെ ചെന്നുകണ്ടു. സിനിമയുടെ ബോര്‍ഡുകള്‍ വരയ്ക്കുന്ന പണിയായിരുന്നു ഷബാബിന്. "നിന്റെ പെയിന്റിങ്ങുകൊണ്ടൊന്നും ഇവിടെ കാര്യമില്ല. തിരിച്ചുപോകുന്നതാണ് നല്ലത്." ഷബാബ് പിന്തിരിപ്പിച്ചു. ഒടുവില്‍ ഷബാബിനെ ഒരുവിധം സമ്മതിപ്പിച്ച് ഹുസൈന്‍ സിനിമാബോര്‍ഡ് വരയ്ക്ക് സഹായിയായി കൂടി. ദിവസം അര ഉറുപ്പിക കൂലി. രണ്ടുനേരത്തെ ഭക്ഷണത്തിന് ഇതുമതി. ഉറക്കം തെരുവോരത്തും വേശ്യകളും മറ്റും പാര്‍ക്കുന്ന ഖലികളിലും. സിനിമാപ്രചാരണത്തിന് കട്ടൗട്ടുകള്‍ വരച്ചുതുടങ്ങിയതോടെ വരുമാനംകൂടി. സിനിമ റിലീസ് ചെയ്യുന്നതിന്റെ തലേദിവസമായിരിക്കും ചിലപ്പോള്‍ ഓര്‍ഡര്‍ ലഭിക്കുക. അമിതവേഗത്തില്‍ വരച്ചാലേ പണി തീരൂ. അന്നത്തെ ഒരു പ്രശസ്ത നടിയുടെ 40 അടി ഉയരമുള്ള കട്ടൗട്ടുണ്ടാക്കാന്‍ ഓര്‍ഡര്‍ ലഭിച്ചതും അത് മണിക്കൂറുകള്‍ക്കകം പണിതീര്‍ത്തതിനെക്കുറിച്ചും ഹുസൈന്‍ ഒരിക്കല്‍ പറഞ്ഞു: "ഒറ്റ രാത്രികൊണ്ട് കട്ടൗട്ടുണ്ടാക്കണം. ഞാന്‍ ഭയന്നില്ല.

അര്‍ധരാത്രിമുതല്‍ പുലര്‍ച്ചെ നാലുമണിവരെ മുംബൈ തെരുവിലൂടെ ടാക്സികള്‍ ഒന്നും ഓടില്ലെന്ന് എനിക്കറിയാം. തിയറ്ററിനരികിലൂടെ അവസാന വണ്ടിയും മൂളിനീങ്ങിക്കഴിഞ്ഞപ്പോള്‍ ഞാന്‍ ക്യാന്‍വാസ് റോഡില്‍ നിവര്‍ത്തിയിട്ടു. നാലാകുന്നതിനുമുമ്പ് കട്ടൗട്ട് റെഡി. ആ രാത്രിയില്‍ ഞാന്‍ അനുഭവിച്ച വികാരവിക്ഷോഭം എന്റെ ജീവിതത്തെ, വരയെ മാറ്റിമറിച്ചു". 1941ല്‍ വിവാഹിതനായ ഹുസൈന്‍ കൂടുതല്‍ വരുമാനത്തിനായി കളിപ്പാട്ടനിര്‍മാണശാലയില്‍ ജോലിനേടി. 47ല്‍ ബോംബെ ആര്‍ട്ട് സൊസൈറ്റിയുടെ വാര്‍ഷികപ്രദര്‍ശനത്തില്‍ ഹുസൈന്റെ പെയിന്റിങ് "സുനേരാ സന്‍സാര്‍" പ്രദര്‍ശിപ്പിച്ചു. അദ്ദേഹത്തിന്റെ ആദ്യചിത്രപ്രദര്‍ശനം. ഇന്ത്യ-പാക് വിഭജനത്തോടെ മുംബൈയിലെ മുസ്ലിങ്ങളില്‍ ഒരു വിഭാഗം പാകിസ്ഥാനിലേക്ക് നീങ്ങിയപ്പോള്‍ ഇന്ത്യയില്‍ നില്‍ക്കാന്‍ ഹുസൈനും കുടുംബവും തീരുമാനിച്ചു. മുംബൈയില്‍ രൂപീകരിച്ച പുരോഗമന കലാസംഘത്തിന്റെ പ്രവര്‍ത്തനം സജീവമാക്കുന്നതിലും ഹുസൈന്‍ കാര്യമായ പങ്കുവഹിച്ചു. 1948 മുതല്‍ 1950 വരെ ഹുസൈന്റെ ചിത്രങ്ങള്‍ രാജ്യത്ത് പലയിടത്തും പ്രദര്‍ശിപ്പിച്ചു. അതോടെ അദ്ദേഹം ദേശീയ പ്രശസ്തിയിലേക്ക് ഉയര്‍ന്നു. 1952ല്‍ സൂറിച്ചിലെ ചിത്രപ്രദര്‍ശനം ശ്രദ്ധനേടിയതോടെ യൂറോപ്പിലും യുഎസ്എയിലും അദ്ദേഹത്തിന് നിരവധി വേദികള്‍ ലഭിച്ചു.

എഴുപതുകളില്‍ "സൂഫി പെയ്ന്റിങ്സ്" എന്ന പേരില്‍ അദ്ദേഹം വരച്ച സൃഷ്ടികള്‍ ലോകവ്യാപകമായി ചര്‍ച്ചചെയ്യപ്പെട്ടു. എണ്‍പതുകളില്‍ "ക്യാന്‍വാസിന്റെയും ബ്രഷിന്റെയും തടവറ"യില്‍നിന്ന് അദ്ദേഹം പൊതുപ്രവര്‍ത്തനത്തിലേക്ക് പ്രവേശിച്ചു. ചിത്രകലയെ ജനകീയമാക്കാന്‍ ബോധപൂര്‍വം ശ്രമിച്ച ഹുസൈന്‍ ക്യാന്‍വാസും ചായങ്ങളുമായി തെരുവിലേക്കിറങ്ങി. സമൂഹചിത്രരചനകള്‍ക്ക് രാജ്യമെങ്ങും പ്രചാരം നല്‍കി. ഇതിനിടെ കല്‍ക്കത്താ ക്ലബില്‍ നഗ്നപാദനായി ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ഹുസൈനെ "ഡ്രസ്കോഡ്" പാലിച്ചില്ലെന്നു പറഞ്ഞ് പുറത്താക്കിയത് രാജ്യമെങ്ങും പ്രതിഷേധത്തിനിടയാക്കി. പഞ്ചനക്ഷത്ര സംസ്കാരവും കല-സാംസ്കാരിക പ്രവര്‍ത്തനവും ഒത്തുപോകില്ലെന്ന് ഈ തെരുവിന്റെ പുത്രന്‍ തെളിയിക്കുകയായിരുന്നു. മുംബൈ ഭീകരാക്രമണത്തിനെതിരെ റേപ് ഓഫ് ഇന്ത്യ എന്ന ചിത്രം വരച്ചാണ് അദ്ദേഹം പ്രതികരിച്ചത്. ആയിരത്തോളം കേസാണ് അദ്ദേഹത്തിനെതിരെ പല കോടതിയിലും രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അദ്ദേഹത്തിന്റെ വരയിലെ കലാപം രുചിക്കാത്തവരായിരുന്നു ഈ കേസുകള്‍ക്കു പിന്നില്‍ .

ബഹുസ്വര സംസ്കാരത്തിന്റെ വക്താവ്

യഥാര്‍ഥ കലാകാരന്റെ മുഖമുദ്ര സാര്‍വലൗകികത്വമാണെങ്കില്‍ രബീന്ദ്രനാഥ ടാഗോറിനുശേഷം ഇന്ത്യകണ്ട ഏറ്റവും വലിയ സര്‍ഗപ്രതിഭാസമായിരുന്നു എം എഫ് ഹുസൈന്‍ . മുംബൈയിലെ തെരുവുകളില്‍ പരസ്യചിത്രങ്ങള്‍ വരച്ചുകൊണ്ട് ആരംഭിച്ച കലാജീവിതം ഇന്ത്യന്‍ സംസ്കാരത്തെ ക്രിയാത്മകമായി സ്വാംശീകരിച്ച് പുതിയ ആവിഷ്കാരശൈലിയും സംവേദനസാധ്യതകളും സൃഷ്ടിച്ചു. സൗന്ദര്യാരാധകനായിരുന്ന ഹുസൈന്‍ മനുഷ്യശരീരത്തെ ആദര്‍ശവല്‍ക്കരിച്ചു. അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ ആകര്‍ഷണത്തിന്റെ രഹസ്യം ഈ ആദര്‍ശപരതയാണ്. ശരീരത്തിന്റെ നഗ്നതയല്ല, നഗ്നതയുടെ സൗന്ദര്യമാണ് അദ്ദേഹത്തിന്റെ പ്രമേയം. സൗന്ദര്യത്തെ പ്രതിനിധാനം ചെയ്യുന്നതില്‍ എല്ലാവിധ വരമ്പുകളും അപ്രധാനമായിരുന്നു. മുസ്ലിമായി ജനിക്കുകയും കറകളഞ്ഞ മനുഷ്യസ്നേഹിയായി ജീവിക്കുകയും ചെയ്ത അദ്ദേഹം ഒട്ടേറെ ഹിന്ദുദൈവങ്ങളെ തന്റെ കലാസപര്യക്ക് വിധേയമാക്കി. അദ്ദേഹത്തിന്റെ ഏറ്റവും ഇഷ്ടദൈവം സരസ്വതിയായിരുന്നു. സരസ്വതിയെ നഗ്നയായി ചിത്രീകരിച്ചതിന് ഹിന്ദുവര്‍ഗീയവാദികളുടെ ശരവ്യത്തിന് അദ്ദേഹം ഇരയായി. ചിത്രങ്ങള്‍ നശിപ്പിക്കപ്പെട്ടു. അദ്ദേഹത്തിന്റെ പ്രദര്‍ശനങ്ങള്‍ ആക്രമിക്കപ്പെട്ടു. കൂടാതെ, ഇന്ത്യയില്‍ താമസിക്കാന്‍പോലും സാധ്യമല്ലാത്ത സ്ഥിതിവിശേഷമാണുണ്ടായത്.

ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ലജ്ജകരമായ ഒരു സംഭവമാണിത്. ഇതിന് കാരണക്കാരായ സംഘപരിവാരം ഇന്ത്യന്‍ സംസ്കാരത്തിന്റെ പ്രണേതാക്കളായാണ് സ്വയം പരിചയപ്പെടുത്തുന്നത്. ഇന്ത്യയില്‍ കാലാനുകാലമായി വളര്‍ന്നുവന്ന ബഹുസ്വരസംസ്കാരത്തിന്റെ ഏറ്റവും ശക്തനായ വക്താവിനെതിരായി അവര്‍ അഴിച്ചുവിട്ട ആക്രമണത്തിനെതിരെ നടപടിയെടുക്കാന്‍ ഇന്ത്യന്‍ ഭരണാധികാരികള്‍ക്ക് കഴിഞ്ഞില്ല എന്നത് മാച്ചുകളയാന്‍ കഴിയാത്ത ഒരു കളങ്കമായി നിലനില്‍ക്കും. അദ്ദേഹത്തിന്റെ അവസാനനാളുകള്‍ അന്യരാജ്യത്ത് കഴിക്കേണ്ടിവന്നു എന്ന ദുരന്തം, അദ്ദേഹത്തിന്റെ ദുരന്തമല്ല. ഇന്ത്യയെന്ന മതേതര രാഷ്ട്രത്തിന്റെ ദുരന്തമാണ്. വര്‍ഗീയതയുടെ കരാളമുഖം ഇതില്‍ കൂടുതല്‍ വ്യക്തമായി കണ്ട മറ്റൊരു സന്ദര്‍ഭമില്ലെന്നുതന്നെ പറയാം. ജവാഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ സാമൂഹ്യശാസ്ത്രവിഭാഗത്തിന്റെ ചുമരില്‍ എം എഫ് ഹുസൈന്റെ മകനായ ഷംസാദ് ഹുസൈന്‍ ഒരു മ്യൂറല്‍ വരച്ചിട്ടുണ്ട്. ആ കാലത്ത് ഹുസൈന്‍ സര്‍വകലാശാല സന്ദര്‍ശിക്കുകയും എന്റെ മുറിയില്‍ രണ്ടിലേറെ മണിക്കൂറുകള്‍ ചെലവഴിക്കുകയുമുണ്ടായി. അതിനുമുമ്പും പിമ്പും എന്റെ സുഹൃത്തായ ഷംസാദിന്റെ കൂടെ പലപ്പോഴും ഹുസൈനെ സന്ദര്‍ശിച്ചിട്ടുണ്ട്. അപ്പോഴൊക്കെ ഒരു കുട്ടിയപ്പോലെ ഔത്സുക്യത്തോടെ ചരിത്രത്തെക്കുറിച്ച് എണ്ണമറ്റ ചോദ്യങ്ങള്‍ ചോദിക്കുമായിരുന്നു. തന്റെ അഭിപ്രായം ഒരിക്കലും പറയുകയുണ്ടായിട്ടില്ല. താന്‍ അഭിപ്രായം പറയേണ്ട വിഷയമല്ല അത് എന്നായിരുന്നു അദ്ദേഹത്തിന്റെ ഭാവം. പക്ഷേ, ചരിത്രത്തോട് ചെയ്യുന്ന അനീതിയായാണ് ഗുജറാത്തുപോലെയുള്ള സംഭവങ്ങളെ അദ്ദേഹം വിശേഷിപ്പിച്ചത്. അവസാനമായി ഞാന്‍ അദ്ദേഹത്തെ കണ്ടത് കൊച്ചിയില്‍വച്ചായിരുന്നു. കേരളത്തിലെ ക്ഷേത്രങ്ങളിലെ ചുമര്‍ ചിത്രങ്ങളാണ് അദ്ദേഹത്തെ ഇവിടേക്ക് ആകര്‍ഷിച്ചത്. വര്‍ഗീയവാദികളുടെ വിദ്വേഷം അദ്ദേഹത്തിന്റെ കാഴ്ചപ്പാടിനെ ഒരുതരത്തിലും സ്വാധീനിച്ചില്ല എന്നര്‍ഥം. മതേതരത്വവും മാനവികതയും ആര്‍ക്കും തോല്‍പ്പിക്കാനാകാതെ അദ്ദേഹത്തില്‍ തിളങ്ങിനിന്നു. മരണത്തിനുശേഷമാണെങ്കിലും നമുക്ക് അദ്ദേഹത്തോട് മാപ്പ് യാചിക്കാം.
(കെ എന്‍ പണിക്കര്‍)

മുഖമുദ്രയായത് ഭാരതീയത

രാജാ രവിവര്‍മയ്ക്കുശേഷം ഇന്ത്യന്‍ ചിത്രകലയുടെ കരുത്തും തലയെടുപ്പും ലോകത്തെ അറിയിച്ച കലാകാരനാണ് എം എഫ് ഹുസൈന്‍ . തികച്ചും ഭാരതീയമായിരിക്കെത്തന്നെ ലോകോത്തര സ്വഭാവമുള്ള രചന നടത്താന്‍ കഴിഞ്ഞ ഒരേയൊരു ചിത്രകാരനും അദ്ദേഹം തന്നെയാണ്. ചിത്രകാരനെന്ന നിലയില്‍ ഏറ്റവുമധികം ആദരവും നിന്ദയും ലഭിച്ച കലാകാരനാണ് ഹുസൈന്‍ . വിഖ്യാത ചിത്രകാരനെന്ന പരിഗണന നിന്ദിച്ചവര്‍ നല്‍കിയില്ല. വര്‍ഗീയവിഷം ചീറ്റി അദ്ദേഹത്തെ ആട്ടിപ്പായിച്ചു. കേരളത്തോട് അതിരറ്റ സ്നേഹം പ്രകടിപ്പിച്ച അദ്ദേഹത്തിന് കേരളസര്‍ക്കാര്‍ പ്രഖ്യാപിച്ച രാജാ രവിവര്‍മ പുരസ്കാരം ഏറ്റുവാങ്ങാന്‍ കഴിഞ്ഞില്ല.

സങ്കുചിത താല്‍പ്പര്യക്കാര്‍ അതിലും വിവാദം ചേര്‍ത്തു. തന്റേതായ മാര്‍ഗത്തില്‍ ഇത്രയേറെ ശക്തമായി പ്രതികരിച്ചുകൊണ്ടിരുന്ന മറ്റൊരു കലാകാരനെ ഇനി ചൂണ്ടിക്കാണിക്കാനില്ല. ഇന്ത്യന്‍ ചിത്രകലയ്ക്ക് അദ്ദേഹം ചെയ്ത സംഭാവന വിസ്മരിക്കാനാവില്ല. എല്ലാ നിന്ദയും ഏറ്റുവാങ്ങിയപ്പോഴും ഭാരതീയത അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ മുഖമുദ്രയായി നിലകൊണ്ടു. പിക്കാസോ രചനകളിലെപ്പോലെ ജീവസ്സും ചലനാത്മകതയും ആ ചിത്രങ്ങളിലും നിറഞ്ഞു. അദ്ദേഹം ഉപയോഗിച്ച നിറങ്ങള്‍ക്കുപോലുമുണ്ടായിരുന്നു പ്രത്യേകത. അതെല്ലാം അങ്ങേയറ്റം ആധികാരികതയോടെയും ആത്മവിശ്വാസത്തോടെയുമാണ് അദ്ദേഹം പ്രയോഗിച്ചത്. അതൊക്കെ ഹുസൈന്‍ചിത്രങ്ങള്‍ക്ക് വളരെ ഉയര്‍ന്ന സംവേദനക്ഷമത പകര്‍ന്നു.
(സി എന്‍ കരുണാകരന്‍)

ഊര്‍ജം ഭാരതീയ പാരമ്പര്യം

പാരമ്പര്യത്തെയും ആധുനികതയെയും ഭാവനയുടെ അഭൗമതേജസ്സുകൊണ്ട് സന്നിവേശിപ്പിച്ച് ആധുനിക ചിത്രകലയിലെ വിസ്മയമായി മാറിയ കലാകാരനാണ് എം എഫ് ഹുസൈന്‍ . കലാരംഗത്തേക്ക് പദമൂന്നിയത് സിനിമാ പോസ്റ്ററുകള്‍ ഡിസൈന്‍ ചെയ്തായിരുന്നു. അതാകട്ടെ ജീവനോപാധിയെന്ന നിലയിലും. പിന്നീട് രാജസ്ഥാനി മിനിയേച്ചര്‍ ചിത്രങ്ങളുടെ വര്‍ണപ്രയോഗം, രൂപസംവിധാനം എന്നിവയുടെ പ്രയോഗത്തിലൂടെ ചിത്രകലാനിരൂപകരുടെ ശ്രദ്ധയാകര്‍ഷിച്ചു. അക്കാലത്തെ അദ്ദേഹത്തിന്റെ പ്രധാന ചിത്രം "എട്ടുകാലിക്കും വിളക്കിനും മധ്യേ" വളരെയധികം പ്രശംസ നേടി.

ചിത്രകലയെയും സിനിമയെയും യോജിപ്പിക്കുന്ന പ്രവണത പലതലങ്ങളില്‍ എം എഫ് ജീവിതാന്ത്യംവരെ കാത്തുപോന്നു. എംഎഫിന്റെ കുതിരരൂപങ്ങള്‍ കുതറിച്ചാടുന്ന ഊര്‍ജത്തിന്റെ പ്രതീകങ്ങളായി ലോകത്തില്‍ കുളമ്പടിയുയര്‍ത്തി. രൂപങ്ങളെ മുറിച്ച് അവയെ സംയോജിപ്പിക്കുന്ന നവീനശൈലി ഹുസൈന്‍ ഭാരതീയചിത്രകലയില്‍ അവതരിപ്പിച്ചു. ആദ്യകാലത്തെ ചില ചിത്രങ്ങളില്‍ രൂപനിര്‍മിതിയുടെ ശക്തി വളരെ പ്രകടമാണ്. ഭാരതീയ രേഖീയത എന്ന് കലാനിരൂപകര്‍ വിശേഷിപ്പിക്കുന്ന പാരമ്പര്യം നവീന രീതിയില്‍ ഈ വരകളില്‍ ഹുസൈന്‍ അവതരിപ്പിച്ചു. രേഖകളിലൂടെ വൈവിധ്യമാര്‍ന്ന ഭാവങ്ങള്‍ ഹുസൈന്‍ നിര്‍മിച്ചപ്പോള്‍ മനുഷ്യരൂപങ്ങളും മൃഗരൂപങ്ങളും പുതിയ സൗന്ദര്യം ചൊരിഞ്ഞു. അക്കാലത്ത് വരച്ച ചില രേഖാചിത്രങ്ങളാണ് പില്‍ക്കാലത്ത് ഹുസൈനെതിരെ ചിലര്‍ ആയുധമാക്കിയത്.

ഭാരതീയ സംസ്കാരം ആര്‍ജിച്ചതിനൊപ്പം ഇതര കലകളെ സ്വാംശീകരിക്കാനും അദ്ദേഹം തയ്യാറായി. സിനിമയും ചിത്രകലയും തമ്മിലുള്ള പാരസ്പര്യം ആദ്യകാലത്ത് പ്രകടിപ്പിച്ച ഹുസൈന്‍ പിന്നീട് സംഗീതവും ചിത്രകലയും തമ്മിലും ബന്ധിപ്പിച്ചു. പ്രസിദ്ധമായ ജുഗല്‍ബന്ദികള്‍ ഭീംസെന്‍ ജോഷിയുടെ സംഗീതാലാപനവും ഹുസൈന്റെ ചിത്രരചനയും തമ്മിലുള്ള സമ്മേളനമായിരുന്നു. ഇതൊരു വികാരവായ്പോടെ പലരും ആവര്‍ത്തിച്ചു. 1990കളില്‍ അദ്ദേഹം "ഇന്‍സ്റ്റലേഷന്‍" ശൈലിയിലേക്കും നീങ്ങി. മുംബൈയില്‍ കടലാസ് കൂട്ടങ്ങള്‍ക്കിടക്ക് അവതരിപ്പിച്ച പ്രദര്‍ശനം അദ്ദേഹത്തിന് പ്രശസ്തിക്കൊപ്പം കുപ്രസിദ്ധിയും നേടിക്കൊടുത്തു. ചലച്ചിത്രനടി മാധുരി ദീക്ഷിത്തിനെ കേന്ദ്രമാക്കി വരച്ച ചിത്രങ്ങള്‍ ഇദ്ദേഹത്തിന്റെ പദവിയെ കുറച്ചൊക്കെ കളങ്കപ്പെടുത്തിയെങ്കിലും അതിനെ മുഴുവനും മറികടക്കത്തക്കവിധം മദര്‍ തെരേസ ചിത്രങ്ങള്‍ ലോകത്ത് ശ്രദ്ധിക്കപ്പെട്ടു. തന്റെ കലാജീവിതത്തിന്റെ ആരംഭത്തില്‍ ആവിഷ്കാരസ്വാതന്ത്ര്യത്തെകുറിച്ച് പല അവകാശവാദങ്ങളും പ്രകടിപ്പിച്ചിരുന്ന ഹുസൈന്‍ അന്ത്യംവരെ ആ മാനസികനിലയും ഭൗതികതയും നിലനിര്‍ത്തിയിരുന്നു.

ഭാരതീയ ചിത്രകലയ്ക്ക് ഹുസൈന്‍ നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത് നിരവധി പുരസ്കാരങ്ങള്‍ എം എഫിന് ലഭിച്ചു. രാജാരവിവര്‍മ പുരസ്കാരം സ്വീകരിക്കാന്‍ ഇദ്ദേഹത്തിന് സാധിച്ചില്ലെന്നത് കലാചരിത്രത്തിലെതന്നെ കറുത്ത അധ്യായമാണ്. ഭാരതീയ കലകളില്‍ മറ്റ് രാജ്യങ്ങളില്‍നിന്നു വ്യത്യസ്തമായി ശ്ലീലം, അശ്ലീലം എന്ന വിഭജനം ഉണ്ടായിരുന്നില്ല. ആധ്യത്മികതയും ലൈംഗികതയും മനുഷ്യജീവിതത്തിന്റെ രണ്ടു തലങ്ങളായി അതിപുരാതനകാലംമുതലേ ഭാരതീയ ചിന്തയിലുണ്ടായിരുന്നു. അതിന്റെ ദൃശ്യാവിഷ്ക്കാരമാണ് ഖജുരാഹൊയിലും കൊണാര്‍ക്കിലും കേരളത്തിലെയും ക്ഷേത്രങ്ങളില്‍ കാണുന്ന മിഥുനരൂപങ്ങള്‍ . ക്ഷേത്രം എന്നത് മനുഷ്യ ശരീരംപോലെ എല്ലാം ഉള്‍ക്കൊള്ളുന്ന സമഗ്രതയാണ്. അതില്‍ ഒരു ഘടകം ആധ്യത്മികതയാണെങ്കില്‍ മറ്റൊന്ന് ലൈംഗികതയാണ്. സംഹാരവും സൃഷ്ടിയും ലോകത്ത് എന്നും സംഭവിക്കുന്നതാണ്. അതിലെ സര്‍ഗാത്മകതയാണ് മിഥുനരൂപങ്ങള്‍ സൂചിപ്പിക്കുന്നതെന്നും ആധ്യാത്മികപണ്ഡിതന്മാര്‍ വിശദീകരിച്ചിട്ടുണ്ട്. ഇത്രയും വ്യക്തമായ ലൈംഗികതയെ ഉദാത്തമാക്കിയ ഭാരതീയ ചിത്ര- ശില്‍പ്പകലകളെ ആദ്യകാലത്ത് പാശ്ചാത്യപണ്ഡിതന്മാര്‍ക്ക്പോലും ഗ്രഹിക്കാനായിരുന്നില്ല. പിന്നീട് ഭാരതീയ പണ്ഡിതന്മാരായ ആനന്ദകുമാര സ്വാമി, അരവിന്ദ്ഘോഷ് തുടങ്ങിയവര്‍ ഭാരതീയകലയെ വിശദീകരിച്ച് നിരവധി പഠനങ്ങള്‍ എഴുതിയപ്പോഴാണ് ഈ വിധത്തിലുള്ള ശില്‍പ്പങ്ങള്‍ക്ക് മറ്റൊരു മാനമുണ്ടെന്ന് പാശ്ചാത്യ കലാനിരൂപകര്‍ക്കും ചിന്തകന്മാര്‍ക്കും മനസ്സിലായത്. ആധുനികകാലത്ത് പാരമ്പര്യചിന്തകളെയും രൂപങ്ങളെയും ചിത്ര-ശില്‍പ്പങ്ങളില്‍ ഉപയോഗിക്കുന്നത് സാര്‍വലൗകിക പ്രതിഭാസമാണ്. പാരമ്പര്യത്തിന്റെ പ്രതിപാദനം എന്ന നിലയില്‍ ഏതു രൂപത്തെയും നവീനതലത്തില്‍ അവതരിപ്പിക്കുന്നത് കലാചരിത്രത്തില്‍ എന്നും അംഗീകരിക്കപ്പെട്ട വസ്തുതയാണ്.

പാരമ്പര്യവും ആധുനികതയും ചേരുന്ന ഈ ഒരു ബൗദ്ധികമേഖല ഭാവനയുമായി ചേരുമ്പോള്‍ പുതിയ രൂപങ്ങളും ചിഹ്നങ്ങളും ഉണ്ടാക്കും. സ്വാതന്ത്ര്യത്തിനുമുമ്പേതന്നെ ഭാരതീയ പാരമ്പര്യത്തെകുറിച്ച് ആര്‍ജിച്ച സംസ്കാരവും ദൃശ്യബോധവും ഹുസൈന് ആധുനിക കാലത്ത് പുതിയ രീതിയില്‍ പഴമയെ അവതരിപ്പിക്കാന്‍ പ്രേരിപ്പിച്ചു. പഴമയെ അവ്വിധംതന്നെ അവതരിപ്പിച്ചാലുണ്ടാകുന്ന ആവര്‍ത്തന വിരസത ഒരിക്കലും സര്‍ഗാത്മകചിത്രകാരന് അംഗീകരിക്കാനാവില്ല. സര്‍ഗധനനായ എം എഫ് നവീനരീതിയില്‍ പാരമ്പര്യത്തെ ദര്‍ശിച്ചപ്പോള്‍ പല ദേവീദേവരൂപങ്ങള്‍ക്കും രൂപാന്തരമുണ്ട ായി. ഈ പ്രയോഗമാണ് പല മൗലികവാദികള്‍ക്കും ഹുസൈനെ സ്വീകാര്യനല്ലാതാക്കിയത്. എന്നാല്‍ , കലാചരിത്രത്തില്‍ അതിന്റേതായ രീതിശാസ്ത്രത്തില്‍ എന്നും പാരമ്പര്യത്തെ നവീകരിക്കുന്ന പ്രവണതയ്ക്കാണ് അംഗീകാരമുള്ളത്. കലാചരിത്രത്തിന്റെയോ കലാനിരൂപണത്തിന്റെയോ ഭാരതീയ സംസ്കാരത്തിന്റെയോ പഠനരീതികളില്‍ നിന്നുകൊണ്ടല്ല ഹുസൈനെ പലരും വിമര്‍ശിച്ചത്. സമകാലിക രാഷ്ട്രീയത്തില്‍ ഏതിനെയും ഏതു വിധത്തിലും വ്യാഖ്യാനിച്ച് മൂല്യം നിര്‍ണയിക്കുന്ന രീതി കലാചരിത്രപഠനത്തിലില്ല.

ഒരു സംസ്കാരത്തിന്റെ ചിഹ്നം ഒരു കലാകാരന്‍ സ്വീകരിക്കുമ്പോള്‍ അയാളുടെ ഭാവനയും ബുദ്ധിയും അതിന് നല്‍കുന്ന രൂപാന്തരമാണ് കലാകാരന്റെ മൗലികത. ഹുസൈന്‍ നേരിട്ട കലാവിമര്‍ശന വിപരീതമായ ആക്ഷേപം കലാനിരൂപണത്തില്‍ എന്നും പ്രത്യേക അധ്യായമായി നില്‍ക്കും. അദ്ദേഹത്തിന്റെ മൗലികത അദ്ദേഹത്തിന്റെ ആദ്യകാലചിത്രങ്ങള്‍ മുതല്‍ അന്ത്യംവരെ വരച്ചിട്ടുള്ള ചിത്രങ്ങളില്‍ സ്പഷ്ടമാണ്.
(വിജയകുമാര്‍ മേനോന്‍)

നഷ്ടപ്പെടുത്തിയ അഭിമാനം

ദുബായില്‍വച്ച് ഒടുവില്‍ കണ്ടപ്പോള്‍ എം എഫ് ഹുസൈനോട് ചോദിച്ചു: "ഇനിയെങ്കിലും താങ്കള്‍ ഇന്ത്യയിലേക്ക് തിരിച്ചുചെല്ലണമെന്ന് കേന്ദ്ര ഭരണകൂടത്തിന് താല്‍പ്പര്യമില്ലേ?" വളരെ വിഷമത്തോടെ ഹുസൈന്‍ പറഞ്ഞു: "ഇന്ത്യ ഗവണ്‍മെന്റിന് നട്ടെല്ലില്ല. അവര്‍ ആരെയൊക്കെയോ ഭയക്കുന്നു." ദശാബ്ദങ്ങള്‍ക്കുമുമ്പ് വരച്ച ഭാരത്മാതാ എന്ന ചിത്രത്തിലെ നഗ്നതയെച്ചൊല്ലി ഒരുകൂട്ടം ആളുകളുടെ പ്രകോപനത്തില്‍ ഭയപ്പെട്ടുപോയ കേന്ദ്രസര്‍ക്കാര്‍ പ്രവാസജീവിതത്തില്‍നിന്ന് ഹുസൈനെ തിരിച്ചുകൊണ്ടുവരാന്‍ മിനക്കെട്ടില്ല.

കൈരളി പീപ്പിള്‍ ടിവിയിലെ ഗള്‍ഫ് ഫോക്കസിനുവേണ്ടിയും "ഞാന്‍ എന്നും ഹിന്ദുസ്ഥാനി" എന്ന ജീവചരിത്ര രചനയ്ക്കുവേണ്ടിയും നിരവധി തവണ ഹുസൈനെ നേരില്‍ക്കണ്ടിരുന്നു. അപ്പോഴൊക്കെ സ്വന്തം നാട്ടില്‍നിന്ന് മാറിനില്‍ക്കുന്നതിലെ നൈരാശ്യം ആ മുഖത്ത് വ്യക്തമായിരുന്നു. ഇന്ത്യന്‍ സംസ്കാരത്തിന്റെ നൂറ്റാണ്ടുകള്‍ നീണ്ട പാരമ്പര്യത്തെയും ജനസംസ്കൃതിയെയും കുറിച്ച് ആഴത്തില്‍ പഠനം നടത്തിയ ഹുസൈന്‍ അതിനുവേണ്ടി കോടിക്കണക്കിനു രൂപയുടെ പെയിന്റിങ് പദ്ധതിക്ക് രൂപം നല്‍കി. ഇന്ന് നമ്മള്‍ കാണുന്ന ഇന്ത്യക്ക് അപ്പുറം നദീതട സംസ്കാരത്തിന്റെ ചരിത്രത്തിലൂടെ യഥാര്‍ഥ ഇന്ത്യയെ കണ്ടെത്താനുള്ള ഒരു കലാകാരന്റെ തീവ്രശ്രമത്തിന്റെ ഭാഗംകൂടിയായിരുന്നു ആ ദൗത്യം. എന്നാല്‍ , ഇന്ത്യയിലെ വര്‍ഗീയവാദികള്‍ ഹുസൈനെ ഹിന്ദുത്വ വിരുദ്ധനാക്കി. ലണ്ടനിലും ഖത്തറിലും ചിത്രകലാ വിശാരദന്മാര്‍ പിക്കാസോവിനുശേഷം ലോകം കണ്ട വലിയ കലാകാരനായി ആദരിച്ചു. എന്നാല്‍ , ഇന്ത്യയോ? രാഷ്ട്രീയതാല്‍പ്പര്യം നടപ്പാക്കാനായി ദശാബ്ദങ്ങള്‍ക്കമുമ്പ് വരച്ച പെയിന്റിങ്ങുകള്‍ പൊടിതട്ടിക്കൊണ്ടുവന്നു. പൊതുചടങ്ങുകളില്‍നിന്ന്, പ്രത്യേകിച്ച് മാധ്യമ പ്രവര്‍ത്തകരില്‍നിന്ന് മാറിനിന്ന് തീര്‍ത്തും തന്റെ ചിത്രരചനയില്‍മാത്രം ശ്രദ്ധിച്ച് തന്റെ കലാപരമായ ജീവിതപ്രയാണത്തെ ആര്‍ജവത്തോടെ മുന്നോട്ടുകൊണ്ടുപോകുകയായിരുന്നു അവസാന നാളുകളില്‍ ഹുസൈന്‍ . ആര്‍ക്കുമുന്നിലും തലകുനിക്കാതെ 96-ാം വയസ്സിലും കര്‍മകുശലനായി ജീവിച്ച അദ്ദേഹം ഇന്ത്യന്‍ സിനിമയുടെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് പെയിന്റിങ് പദ്ധതിക്ക് രൂപം നല്‍കിയിരുന്നു. ഇങ്ങനെ ഇന്ത്യയെക്കുറിച്ചുമാത്രം ചിന്തിക്കുകയും വരയ്ക്കുകയും ചെയ്ത എം എഫ് ഹുസൈനെ ഇന്ത്യന്‍ ഭരണകൂടം തിരിച്ചറിഞ്ഞില്ല.
(ഇ എം അഷ്റഫ്)

ആ ദൃശ്യങ്ങള്‍ക്ക് ഇനിയെങ്ങനെ നിറം പകരും

എം എഫ് ഹുസൈന്‍ വരച്ച പത്ത് ചിത്രങ്ങളുടെ പടുകൂറ്റന്‍ സെറ്റ്. അതിന് നടുവിലൂടെ കടന്നുവരുന്ന ഹുസൈന്‍ സ്വന്തം ചിത്രങ്ങളെക്കുറിച്ച് സംസാരിച്ച് കടന്നുപോകുന്നു -ഹുസൈനെക്കുറിച്ച് 70 എംഎം ചലച്ചിത്രരൂപത്തില്‍ ചെയ്യാനൊരുങ്ങിയ ഡോക്യുമെന്ററി ചിത്രത്തിനായി താന്‍ മനസ്സില്‍ പടുത്തുയര്‍ത്തിയ ദൃശ്യങ്ങളായിരുന്നു ഇവ. ഹുസൈന്‍ സംവിധാനംചെയ്യാന്‍ ഉദ്ദേശിച്ച പുതിയ ഫീച്ചര്‍ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കാന്‍ പറഞ്ഞതും തന്നോടായിരുന്നു. ഡോക്യുമെന്ററിയുടെയും സിനിമയുടെയും ചര്‍ച്ചയ്ക്കായി അഞ്ചു ദിവസമാണ് ഹുസൈനൊപ്പം വിദേശത്ത് ചെലവിട്ടത്. ഡോക്യുമെന്ററിക്കായി അദ്ദേഹത്തിന്റെ പത്ത് ചിത്രങ്ങള്‍ പത്ത് പ്രമുഖരാണ് തെരഞ്ഞടുത്തത്. കലാസംവിധായകനായി തോട്ടാധരണിയും. പത്ത് രാജ്യങ്ങളില്‍ ചിത്രീകരിക്കുന്ന ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ ഡോക്യുമെന്ററിക്ക് രണ്ടരക്കോടി രൂപയായിരുന്നു മുതല്‍മുടക്ക്. ഇന്ത്യയില്‍ മതവാദികള്‍ തീര്‍ത്ത വിലക്കിന്, ഡോക്യുമെന്ററിയില്‍ പ്രതിഷേധസൂചകമായ ദൃശ്യരൂപങ്ങളും തിരുമാനിച്ചിരുന്നു.

അമ്മയുടെ സ്നേഹം അന്വേഷിക്കുകയും ഒപ്പം ഇന്ത്യയുടെ മാതൃസ്നേഹം ലഭിക്കാതിരിക്കുന്ന അവസ്ഥയും അന്വേഷിച്ചുള്ള യാത്ര. ഹുസൈന്റെ അസാന്നിധ്യത്തില്‍ ഇനി ഒരിക്കലും നടക്കാത്ത പദ്ധതിയായി തന്റെ ഈ ദൃശ്യസങ്കല്‍പ്പങ്ങള്‍ മാറി. പുതിയ സിനിമയുടെ ഛായാഗ്രഹണത്തിന് തന്നെ എന്തിന് ക്ഷണിച്ചു എന്ന ചോദ്യത്തിന് പുതുതലമുറ ടെക്നോളജിയുടെയും ടെക്നിക്സിന്റെയും അതിപ്രസരത്തിലാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഒരു ചിത്രത്തിന് "ഷാജീസ് കഥകളി" എന്ന് അദ്ദേഹം നാമകരണവും ചെയ്തിട്ടുണ്ട്. വാനപ്രസ്ഥം സിനിമ നല്‍കിയ അനുഭവമായിരുന്നു ചിത്രത്തിന്റെ പ്രചോദനമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഈ ചിത്രം തനിക്കു ലഭിച്ച അംഗീകാരമായാണ് ഞാന്‍ കാണുന്നത്. ചിത്രം ഖത്തര്‍ കൊട്ടാരത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. വിദ്യാബാലനെ നായികയാക്കിയാണ് ഹുസൈന്റെ ഫീച്ചര്‍ ഫിലിം തയ്യാറാക്കാനിരുന്നത്.

കേരളത്തെ സ്നേഹിച്ച ഹുസൈന്റെ സിനിമയുടെ സത്ത കേരളീയവേഷത്തെ ആസ്പദമാക്കിയായിരുന്നു. മുലക്കച്ചയും കസവും കോറമുണ്ടിന്റെ നിറവും പ്രമേയമാക്കിയ ചിത്രം ദൃശ്യത്തിന്റെ പുതിയ രൂപമാകണമെന്ന് ഹുസൈന്‍ ആഗ്രഹിച്ചിരുന്നു. ചര്‍ച്ചയ്ക്കായി ദുബായില്‍ ചെലവഴിച്ച ദിവസത്തില്‍ ഹുസൈന്റെ ഒരു വില്ലയിലായിരുന്നു താമസം. ഹുസൈന്‍ വരച്ച ചിത്രങ്ങള്‍ മാത്രംകൊണ്ട് അലങ്കരിച്ചതായിരുന്നു മുറി. വില്ലയുടെ അടുക്കളയോട് ചേര്‍ന്ന് ഒരു കുടുസ്സുമുറിയിലായിരുന്നു അദ്ദേഹത്തിന്റെ അന്തിയുറക്കം. ദുബായില്‍ ചലച്ചിത്ര അവാര്‍ഡ് വാങ്ങുന്ന വേദിയില്‍ , തന്നെ തിരക്കി ഹുസൈന്‍ ഓടിയെത്തി. മമ്മൂട്ടി അടക്കമുള്ള പ്രമുഖര്‍ ചടങ്ങിലുണ്ടായിരുന്നു. ക്ഷണിക്കാതെ എത്തിയ ഹുസൈന്‍ സംഘാടകരെ വിസ്മയിപ്പിച്ചു. ആവര്‍ത്തിച്ച് ക്ഷണിച്ചാലും ഇത്തരം ചടങ്ങില്‍ പങ്കെടുക്കാത്ത ഹുസൈന്‍ , തന്നെ കാണാന്‍ മാത്രമാണ് ചടങ്ങിനെത്തിയത്. തുടര്‍ന്ന് സംഘാടകരുടെ അഭ്യര്‍ഥന മാനിച്ച് തനിക്ക് അവാര്‍ഡ് സമ്മാനിച്ചതും ഹുസൈനായിരുന്നു. മറുപടിപ്രസംഗത്തില്‍ ഹുസൈന്‍ നാട്ടിലേക്ക് മടങ്ങിവരണമെന്ന അഭ്യര്‍ഥനയും താന്‍ നടത്തി. ലോകമെങ്ങും ആരാധിക്കുന്ന ഹുസൈന് നാട്ടില്‍ വിലക്ക് തീര്‍ത്തവര്‍ ആരാണെന്ന് തിരിച്ചറിയണം. രാജ്യസഭാംഗമായിരുന്ന ഹുസൈന് ചിലര്‍മാത്രം വിലക്ക് തീര്‍ത്തപ്പോള്‍ അദ്ദേഹത്തെ മടക്കിക്കൊണ്ടുവരാന്‍ ഇന്ത്യന്‍ ഭരണാധികാരികള്‍ എന്തുചെയ്തുവെന്ന് ആലോചിക്കേണ്ട സന്ദര്‍ഭംകൂടിയാണിത്.
(ഷാജി എന്‍ കരുണ്‍)

*
കടപ്പാട്: ദേശാഭിമാനി ദിനപത്രം 10 ജൂണ്‍ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

യഥാര്‍ഥ കലാകാരന്റെ മുഖമുദ്ര സാര്‍വലൗകികത്വമാണെങ്കില്‍ രബീന്ദ്രനാഥ ടാഗോറിനുശേഷം ഇന്ത്യകണ്ട ഏറ്റവും വലിയ സര്‍ഗപ്രതിഭാസമായിരുന്നു എം എഫ് ഹുസൈന്‍ . മുംബൈയിലെ തെരുവുകളില്‍ പരസ്യചിത്രങ്ങള്‍ വരച്ചുകൊണ്ട് ആരംഭിച്ച കലാജീവിതം ഇന്ത്യന്‍ സംസ്കാരത്തെ ക്രിയാത്മകമായി സ്വാംശീകരിച്ച് പുതിയ ആവിഷ്കാരശൈലിയും സംവേദനസാധ്യതകളും സൃഷ്ടിച്ചു. സൗന്ദര്യാരാധകനായിരുന്ന ഹുസൈന്‍ മനുഷ്യശരീരത്തെ ആദര്‍ശവല്‍ക്കരിച്ചു. അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ ആകര്‍ഷണത്തിന്റെ രഹസ്യം ഈ ആദര്‍ശപരതയാണ്. ശരീരത്തിന്റെ നഗ്നതയല്ല, നഗ്നതയുടെ സൗന്ദര്യമാണ് അദ്ദേഹത്തിന്റെ പ്രമേയം. സൗന്ദര്യത്തെ പ്രതിനിധാനം ചെയ്യുന്നതില്‍ എല്ലാവിധ വരമ്പുകളും അപ്രധാനമായിരുന്നു. മുസ്ലിമായി ജനിക്കുകയും കറകളഞ്ഞ മനുഷ്യസ്നേഹിയായി ജീവിക്കുകയും ചെയ്ത അദ്ദേഹം ഒട്ടേറെ ഹിന്ദുദൈവങ്ങളെ തന്റെ കലാസപര്യക്ക് വിധേയമാക്കി. അദ്ദേഹത്തിന്റെ ഏറ്റവും ഇഷ്ടദൈവം സരസ്വതിയായിരുന്നു. സരസ്വതിയെ നഗ്നയായി ചിത്രീകരിച്ചതിന് ഹിന്ദുവര്‍ഗീയവാദികളുടെ ശരവ്യത്തിന് അദ്ദേഹം ഇരയായി. ചിത്രങ്ങള്‍ നശിപ്പിക്കപ്പെട്ടു. അദ്ദേഹത്തിന്റെ പ്രദര്‍ശനങ്ങള്‍ ആക്രമിക്കപ്പെട്ടു. കൂടാതെ, ഇന്ത്യയില്‍ താമസിക്കാന്‍പോലും സാധ്യമല്ലാത്ത സ്ഥിതിവിശേഷമാണുണ്ടായത്.