രണ്ടു വര്‍ഷം മുമ്പ് മംഗലാപുരത്ത് സദാചാരത്തിന്റെപേരില്‍ പബ്ബുകളില്‍ അതിക്രമിച്ചുകയറി ശ്രീരാമസേന സ്ത്രീകള്‍ക്കു നേരെ അക്രമം നടത്തിയപ്പോള്‍ വന്‍ പ്രതിഷേധമുയര്‍ന്നത് കേരളത്തില്‍നിന്നാണ്. ഭരണഘടന ഉറപ്പുനല്‍കുന്ന എല്ലാവിധ വ്യക്തിസാതന്ത്ര്യവും ഇല്ലാതാക്കിക്കൊണ്ട്, ഏതാനും പേരുടെ സദാചാര സംഹിത മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പ്പിക്കാനുള്ള ആ ശ്രമത്തിനെതിരെ സംസ്ഥാനത്തെ പുരോഗമന സംഘടനകളെല്ലാം മുന്നോട്ടുവന്നിരുന്നു. മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ മാനിക്കുന്ന ഉയര്‍ന്ന സാമൂഹ്യബോധമാണ്, ഏതാണ്ട് കക്ഷിരാഷ്ട്രീയ ഭേദമെന്യേ അന്നു കേരളം പ്രകടിപ്പിച്ച പ്രതിഷേധത്തിലേയ്ക്കു നയിച്ചത്. ഇന്നിപ്പോള്‍ അതേ കേരളത്തില്‍ സമാനമായ സംഭവം അരങ്ങേറിയിരിക്കുന്നു. രാത്രി സുഹൃത്തിനോടൊപ്പം ജോലിസ്ഥലത്തേയ്ക്കു പോയ പെണ്‍കുട്ടി സദാചാര പൊലീസ് ചമഞ്ഞ ഏതാനും പേരുടെ മര്‍ദനത്തിനിരയായിരിക്കുന്നു. കേരളം എന്നു കേട്ടാല്‍ അഭിമാനപൂരിതമാകണം എന്നു കരുതുന്ന ഓരോരുത്തരുടെയും തലകുനിഞ്ഞുപോവുന്ന സന്ദര്‍ഭമാണിത്. നാടിനെ ഒന്നാകെ നാണക്കേടിലാഴ്ത്തുന്ന ഇത്തരം 'സദാചാര തീവ്രവാദി'കള്‍ക്കെതിരെ കടുത്ത നടപടി ഉണ്ടാവുക തന്നെ വേണം.
തങ്ങള്‍ ധരിച്ചുവച്ചിരിക്കുന്ന എന്തോ ആണ് സദാചാരമെന്നും അതെല്ലാവരും പാലിച്ചേ തീരൂവെന്നുമാണ് ഇത്തരം അക്രമം നടത്തുന്നവരുടെ ചിന്താഗതി. സ്വന്തം വിശ്വാസങ്ങള്‍ മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന ഫാസിസ്റ്റ് ചിന്താഗതി കൊണ്ടോ സ്വന്തം ധാരണകള്‍ നാട്ടില്‍ പൊതുവേ അംഗീകരിക്കപ്പെട്ടവയാണെന്ന വികല ബുദ്ധികൊണ്ടോ ആവാം ഏതാനും പേര്‍ കൊച്ചിയില്‍ ഈ പെണ്‍കുട്ടിക്കു നേരെ ആക്രമണം നടത്തിയത്. അതായത് ഒന്നുകില്‍ ജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ട ഫാസിസ്റ്റുകളാവാം ഇവര്‍. അല്ലാത്തപക്ഷം മന്ദബുദ്ധികളും. കൊച്ചിയെ ബംഗളൂരുവാക്കാന്‍ അനുവദിക്കില്ല എന്നു പറഞ്ഞാണത്രെ, ഇവര്‍ പെണ്‍കുട്ടിക്കു നേരെ അക്രമം നടത്തിയത്. കൊച്ചിയെക്കുറിച്ചും ബംഗളൂരുവിനെക്കുറിച്ചും എന്തു ധാരണയാണാവോ ഇവര്‍ക്കുള്ളത്?
ഐ ടി അനുബന്ധ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന പെണ്‍കുട്ടിയെയാണ് രാത്രിയില്‍ ഒരുകൂട്ടം ആളുകള്‍ ചേര്‍ന്നു തടഞ്ഞുനിര്‍ത്തിയത്. ഐ ടി, ഐ ടി അനുബന്ധ വ്യവസായം, മാധ്യമങ്ങള്‍ എന്നിങ്ങനെ പല മേഖലകളിലും ജോലിക്ക് പരമ്പരാഗത സമയക്രമമല്ല ഉള്ളത്. രാത്രി പകല്‍ ഭേദമെന്യേ ഇത്തരം സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കു ജോലി ചെയ്യേണ്ടിവരും. അതുകൊണ്ടൊക്കെതന്നെ അസമയം എന്നു മുമ്പു നാം വ്യവഹരിച്ചിരുന്ന വാക്കിന് ഇപ്പോ വലിയ അര്‍ഥമൊന്നുമില്ലാതായിട്ടുണ്ട്. പക്ഷേ, നമ്മുടെ നിയമപാലകര്‍ പോലും ഇത്തരം മാറ്റങ്ങളെ ഉള്‍ക്കൊള്ളുന്നുണ്ടോ എന്നത് സംശയമാണ്. ഇനി, ഇത്തരമൊരു സ്ഥാപനത്തിലെ ജോലിക്കാരിയല്ല ഈ പെണ്‍കുട്ടി എന്നാണെങ്കില്‍ പോലും രാത്രി ഒരു യുവാവിനൊപ്പം സഞ്ചരിച്ചു എന്നതിന്റെ പേരില്‍ തടഞ്ഞുവയ്ക്കാനും മര്‍ദിക്കാനും ആള്‍ക്കൂട്ടത്തിന് എന്ത് അവകാശമാണുള്ളത്? തടഞ്ഞുവച്ചവരുടെ സദാചാര ധാരണകള്‍ക്കനുസരിച്ചു ജീവിക്കാന്‍ ഈ പെണ്‍കുട്ടി ബാധ്യസ്ഥയാവുന്നത് എങ്ങനെയാണ്? ഇത്തരം വികലബോധത്തെ കടുത്ത നിയമനടപടികളിലൂടെ നേരിടുക തന്നെ വേണം.
കൊച്ചിയില്‍ പെണ്‍കുട്ടിക്കു നേരെ ആക്രമണമുണ്ടായപ്പോള്‍ പൊലീസ് സ്വീകരിച്ച നിലപാടും ചോദ്യംചെയ്യപ്പെടേണ്ടതാണ്. ഒരു ആള്‍ക്കൂട്ടമാണ് പെണ്‍കുട്ടിയെ ആക്രമിച്ചത്. എന്നിട്ടും ഇവരില്‍ ആരെയെങ്കിലും അറസ്റ്റ് ചെയ്യാന്‍ പൊലീസിനായില്ല. തീര്‍ത്തും അലസതയോടെയാണ് ഗുരുതരമായ ഈ കുറ്റകൃത്യത്തെ പൊലീസ് കൈകാര്യം ചെയ്തത്. കുറ്റം ചെയ്തവരും കുറ്റകൃത്യത്തെ ഗൗരവമില്ലാതെ കൈകാര്യം ചെയ്ത പൊലീസ് ഉദ്യോഗസ്ഥരും ശിക്ഷിക്കപ്പെടണം. പുരോഗമന ചിന്തയുടെയും സാമൂഹ്യബോധത്തിന്റെയും പേരില്‍ പ്രകീര്‍ത്തിക്കപ്പെട്ട നമ്മുടെ സംസ്ഥാനത്തെ പിന്നോട്ടടിക്കുന്ന ശക്തികളെ തടയാന്‍ കടുത്ത നടപടികള്‍ കൊണ്ടേ കഴിയൂ.
*
ജനയുഗം മുഖപ്രസംഗം
Friday, June 24, 2011
Subscribe to:
Post Comments (Atom)
1 comment:

Post a Comment