Sunday, June 5, 2011

കഴുത്തില്‍ ജാതിക്കാര്‍ഡ് തൂക്കലും പാഠപുസ്തക വിരോധവും

നവോത്ഥാന കേരളം വീണ്ടും പുറകോട്ടു പോകുന്നുവെന്ന് തെളിയിക്കുന്ന സംഭവമാണ് കോട്ടയം ജില്ലയിലെ കടുത്തുരുത്തിയിലെ ഒരു സ്‌കൂളില്‍ നടന്നത്. നവാഗതരായി സ്‌കൂളിലെത്തിയ കുരുന്നുകളുടെ കഴുത്തില്‍ ജാതിയും മതവും രേഖപ്പെടുത്തുന്ന ഐഡന്റിറ്റി കാര്‍ഡ് തൂക്കിയാണ് സ്‌കൂള്‍ അധികൃതര്‍ മതേതരത്വത്തെയും ജനാധിപത്യത്തെയും വെല്ലുവിളിച്ചിരിക്കുന്നത്. കടുത്തുരുത്തിയിലെ മുട്ടുചിറ സെന്റ് ആഗ്നസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഒന്നാം ക്ലാസ് പ്രവേശനോത്സവ സ്വീകരണത്തിനെത്തിയ കുരുന്നുകളുടെ കഴുത്തിലാണ് ജാതി മതം എന്നിവ രേഖപ്പെടുത്തിയ ഐഡന്റിറ്റി കാര്‍ഡ് ടാഗ് അധികൃതര്‍ തൂക്കിയത്.

82 കുരുന്നുകളുടെ കഴുത്തില്‍ ജാതിയും മതവും രേഖപ്പെടുത്തുന്ന ഐഡന്റിറ്റി കാര്‍ഡ് തൂക്കിയ സ്‌കൂള്‍ അധികൃതര്‍ ഇവരുടെ ഫോട്ടോയുമെടുത്ത ശേഷമാണ് വീട്ടിലേക്ക് മടക്കി അയച്ചത്. വേര്‍തിരിവുകളൊന്നുമില്ലാതെ ഒരേ ബഞ്ചിലിരുന്ന് ഒരേ ബോര്‍ഡില്‍ എഴുതിപ്പഠിച്ച് ഒരേ പാത്രത്തില്‍ നിന്ന് ഉച്ചഭക്ഷണവും കഴിച്ച് വീട്ടിലേക്ക് മടങ്ങിയിരുന്ന കേരളത്തിലെ വിദ്യാഭ്യാസ പൊതുബോധത്തിനുമേല്‍ വിഭാഗീയതയുടെ വിത്തുകള്‍ വിതക്കുന്നതിനുളള ഗൂഢ നീക്കമാണ് സ്‌കൂള്‍ അധികൃതര്‍ നടത്തിയത്. കഴിഞ്ഞ വര്‍ഷം ഏഴാം ക്ലാസിലെ സാമൂഹിക ശാസ്ത്രം പാഠ പൂസ്തകത്തില്‍ 'മതമില്ലാത്ത ജീവന്‍' എന്നൊരു പാഠം ചേര്‍ത്തപ്പോള്‍ ഇതില്‍ മത വിരുദ്ധത ആരോപിച്ച് എല്ലാ മത നേതൃത്വങ്ങളും രംഗത്ത് വന്നിരുന്നു. മതനിരപേക്ഷത നിലനില്‍ക്കുന്ന രാജ്യത്ത് മതത്തില്‍ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും മനുഷ്യര്‍ക്ക് അവകാശമുണ്ടെന്നിരിക്കെ മതനിരപേക്ഷത ഉയര്‍ത്തിപ്പിടിച്ച ഒരു പാഠത്തിനെതിരെ യാഥാസ്തികരായ മതവിശ്വാസികള്‍ രംഗത്ത് വരികയും ആ പാഠം അകാലചരമമടയുകയും ചെയ്തു. ഈ പാഠത്തിനെതിരെ സംഘടിതരായി രംഗത്തു വന്നവരുടെ കൂട്ടത്തിലുണ്ടായിരുന്നവരില്‍ ഒരു മത വിഭാഗം നടത്തുന്ന സ്‌കൂളിലാണ് ഇപ്പോള്‍ കുരുന്നുകളുടെ കഴുത്തില്‍ ജാതിയും മതവും രേഖപ്പെടുത്തുന്ന ഐഡന്റിറ്റി കാര്‍ഡ് തൂക്കിയത്.

നമ്മളാരും ജനിക്കുന്നത് ഒരു മതത്തിലല്ലാതിരിക്കെ അറിവിന്റെ ആദ്യ പാഠം പഠിക്കാനെത്തിയ വിദ്യാര്‍ഥികളുടെ മുന്നില്‍ എപ്പോഴും സ്‌നേഹത്തെക്കുറിച്ച് മാത്രം പറയുന്നവര്‍ വിഭാഗീയതയുടെ പാഠവുമായെത്തിയതിനെ ലളിതമായ സമവാക്യങ്ങള്‍ കൊണ്ട ന്യായീകരിക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. കുട്ടികളുടെ ജാതിപ്പേര് രേഖപ്പെടുത്തുമ്പോഴുണ്ടാകുന്നതിലെ പിശകുകള്‍ പരിഹരിക്കുന്നതിനു വേണ്ടിയാണ് ഇങ്ങനെ കഴുത്തില്‍ ജാതിപ്പേര് എഴുതി പ്രദര്‍ശിപ്പിച്ചതെന്നാണ് അവര്‍ പറഞ്ഞത്. എന്നാല്‍, ഓഫീസ് രേഖകളും റിക്കോഡുകളും പരിശോധിക്കുമ്പോള്‍ ജാതി രേഖപ്പെടുത്തിയിരിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മനസിലാക്കാമെന്നിരിക്കെ സ്‌കൂള്‍ അധികൃതര്‍ വിദ്യാര്‍ഥികളെ അവഹേളിക്കുന്ന തരത്തില്‍ പ്രവര്‍ത്തിച്ചത് ഒരു തരത്തിലും ന്യായീകരിക്കാന്‍ കഴിയില്ലന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ വ്യക്തമാക്കിയിട്ടും സംഭവത്തെ ഗൗരവത്തോടെ കാണാന്‍ സ്‌കൂള്‍ മാനേജ്‌മെന്റ് തയാറായിട്ടില്ല. പുരോഗമന പ്രസ്ഥാനങ്ങള്‍ ഇതിനെതിരെ രംഗത്ത് വന്നതോടെയാണ് ഇവര്‍ ഒറ്റ വാക്കില്‍ ഖേദപ്രകടനം നടത്തി തടിയൂരാന്‍ ശ്രമിച്ചത്. ഈ സംഭവത്തിലൂടെ പൊതു സമൂഹത്തെ വെല്ലുവിളിച്ച അധികൃതര്‍ സംഭവത്തില്‍ ഇതുവരെ മാപ്പ് പറയാന്‍ പോലും തയാറായിട്ടില്ല. പത്താം ക്ലാസിലെ സാമൂഹിക ശാസ്ത്രം പുസ്തകത്തിലെ 'നവോത്ഥാനം' എന്ന പാഠം കത്തോലിക്കാ സഭയെ അവഹേളിക്കുന്നതാണെന്ന് കാട്ടി പാഠഭാഗം തിരുത്തുകയോ പുസ്തകം പിന്‍വലിക്കുകയോ ചെയ്യണമെന്ന് പറഞ്ഞ് കത്തോലിക്കാ സഭയുടെ മെത്രാന്‍ സമതിയായ കെ സി ബി സി രംഗത്ത് വന്നിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ് ഈ പാഠഭാഗം പിന്‍വലിക്കാന്‍ വിദ്യാഭ്യാസ വകുപ്പിന് നിര്‍ദേശം നല്‍കുകയും ചെയ്തു.

സത്യസന്ധമായി പഠിക്കുന്നതിനെ എന്തിനാണ് എതിര്‍ക്കുന്നതെന്ന് വ്യക്തമല്ല. ഭൂതകാലത്തെ ക്രൂരതകള്‍ പുതിയ തലമുറ അറിയാതിരിക്കാനാണ് ഈ നീക്കം. കുത്തഴിഞ്ഞ സമ്പന്നജീവിതവും ഫ്യൂഡലിസത്തിന്റെ പൈശാശികതയും അരാജകത്വവും അക്രമവും കൊടികുത്തിവാണ 'വിശുദ്ധ' ഭൂമിയിലേക്ക് യുക്തിയുടെയും ജ്ഞാനത്തിന്റെയും വെളിച്ചം പകര്‍ന്നത് റോജര്‍ ബേക്കണും ദക്കാര്‍ത്തെയും സ്പീനോസയും സ്വിംഗ്ലിയും കാല്‍വിനും ലിബ്‌നിസ് ജാന്‍കസുമാണ്. ഇതോടെ കലാരംഗത്തും നവോത്ഥാനം ശക്തമായി. ഈ കാലഘട്ടത്തില്‍ 'മാനവികതാവാദം' നവജീവിത വീക്ഷണമായി.

ഇതിനെതിരെ കത്തോലിക്കാ സഭ നിലപാടെടുത്തതും ഗലീലിയോയെയും ബ്രൂണോയേയുമൊക്കെ കൊലപ്പെടുത്തിയതും നൂറ്റാണ്ടുകള്‍ കഴിഞ്ഞ് പോപ്പ് മാപ്പു പറഞ്ഞതുമൊക്കെ ലോക ചരിത്രം പഠിക്കുന്ന ആര്‍ക്കും മനസിലാക്കാവുന്ന കാര്യമാണ്. ഇതിനെയൊക്കെ മറച്ചുവെച്ച് പാഠപുസ്തകത്തിനെതിരെയും വിദ്യാര്‍ഥികളുടെ മാനവിക ബോധത്ത തകര്‍ത്ത് മത വൈര്യം കുത്തിനിറക്കാനുമാണ് യാഥാസ്ഥികര്‍ ശ്രമിക്കുന്നത്.

*
രാജേഷ് കാവുംപാടം ജനയുഗം 05 ജൂണ്‍ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

നവോത്ഥാന കേരളം വീണ്ടും പുറകോട്ടു പോകുന്നുവെന്ന് തെളിയിക്കുന്ന സംഭവമാണ് കോട്ടയം ജില്ലയിലെ കടുത്തുരുത്തിയിലെ ഒരു സ്‌കൂളില്‍ നടന്നത്. നവാഗതരായി സ്‌കൂളിലെത്തിയ കുരുന്നുകളുടെ കഴുത്തില്‍ ജാതിയും മതവും രേഖപ്പെടുത്തുന്ന ഐഡന്റിറ്റി കാര്‍ഡ് തൂക്കിയാണ് സ്‌കൂള്‍ അധികൃതര്‍ മതേതരത്വത്തെയും ജനാധിപത്യത്തെയും വെല്ലുവിളിച്ചിരിക്കുന്നത്. കടുത്തുരുത്തിയിലെ മുട്ടുചിറ സെന്റ് ആഗ്നസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഒന്നാം ക്ലാസ് പ്രവേശനോത്സവ സ്വീകരണത്തിനെത്തിയ കുരുന്നുകളുടെ കഴുത്തിലാണ് ജാതി മതം എന്നിവ രേഖപ്പെടുത്തിയ ഐഡന്റിറ്റി കാര്‍ഡ് ടാഗ് അധികൃതര്‍ തൂക്കിയത്.