അരനൂറ്റാണ്ടിനപ്പുറം അമരാവതി കേരളത്തിലെ അറിയപ്പെടാത്ത ഗ്രാമങ്ങളിലൊന്നായിരുന്നു. കുടിയൊഴിപ്പിക്കലിനെതിരെ എ കെ ജി നടത്തിയ 12 ദിവസത്തെ നിരാഹാര സമരത്തിലൂടെ ഈ ഗ്രാമം ഇന്ത്യയിലെങ്ങും അറിയപ്പെട്ടു. കര്‍ഷക സമരചരിത്രത്തിലെ അവിസ്മരണീയ അധ്യായമായി മാറിയ എ കെ ജിയുടെ സഹനസമരത്തിന് ഇന്ന് 50 വര്‍ഷം തികയുകയാണ്. യാതൊരു ദാക്ഷിണ്യവുമില്ലാതെ പാവപ്പെട്ട കര്‍ഷകരെ കുടിയൊഴിപ്പിച്ചതാണ് അമരാവതിയിലെ ഐതിഹാസിക സമരത്തിലേക്ക് നയിച്ചത്.
തിരുവിതാംകൂറിലെ കിഴക്കന്‍മലകളിലേക്ക് ചെറിയ തോതില്‍ ആരംഭിച്ച കുടിയേറ്റം 1948ല്‍ തിരുവിതാംകൂര്‍ സംസ്ഥാന കോണ്‍ഗ്രസ് അധികാരത്തില്‍ വന്നതോടെ വര്‍ധിച്ചു. ഭക്ഷ്യോല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനായി ഓരോ കര്‍ഷകനും 5 ഏക്കര്‍ വനഭൂമി കാര്‍ഷികാവശ്യത്തിനായി നല്‍കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചതോടെ ഇത് ധനികരായ കര്‍ഷകരുടെ സമര്‍ഥമായ അനധികൃത വനംകൈയേറ്റത്തിലെത്തി. ഒരു ദശാബ്ദത്തിനകം വലിയൊരു വിഭാഗം കര്‍ഷകര്‍ വന്‍ ഭൂവുടമകളായിത്തീര്‍ന്നു. 1957ല്‍ കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരമേറ്റ ഉടനെ എടുത്ത തീരുമാനം സംസ്ഥാനത്ത് കുടിയൊഴിപ്പിക്കല്‍ നിര്‍ത്തിവക്കാനുള്ളതായിരുന്നു. 1957ല്‍ ഏപ്രില്‍ 27ന് മുമ്പ് ഭൂമി കൈവശം വച്ചിരിക്കുന്ന ആരെയും കുടിയൊഴിപ്പിക്കില്ലെന്നും എന്നാല്‍ , സ്വന്തമായി ഭൂമിയില്ലാത്തവര്‍ക്ക് എവിടെയെങ്കിലും കുറച്ചുഭൂമി നല്‍കുമെന്നും പുതിയ വനംകൈയേറ്റം തടയുമെന്നതുമായിരുന്നു കുടിയൊഴിപ്പിക്കല്‍ നിരോധന നിയമത്തിന്റെ സാരാംശം. കേരള കര്‍ഷകന് ഏറ്റവും ജീവല്‍പ്രദവും ഗുണപ്രദവുമായ ഈ നിയമത്തെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് ഉള്‍പ്പെട്ട പ്രതിപക്ഷ കക്ഷികള്‍ സംഘടിതമായി വനം കൈയേറ്റത്തിന് പ്രോത്സാഹനം നല്‍കി. കോട്ടയം ജില്ലയിലെ തൊടുപുഴ, കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി തുടങ്ങിയ സ്ഥലങ്ങളിലെ ചില വന്‍കിട ഭൂവുടമകളും പ്രമാണിമാരും വനം കൈയേറ്റത്തിന് നേതൃത്വം നല്‍കുകയും ഇതിനായി കര്‍ഷകരുടെ ചില സംഘടനകള്‍തന്നെ രൂപീകരിക്കുകയും ചെയ്തു. വനം കൈയേറ്റക്കാരുടെ പ്രതിനിധികള്‍ ഗ്രാമങ്ങളില്‍ സഞ്ചരിച്ച് കുറഞ്ഞ വിലയ്ക്ക് നല്ല ഫലഭൂയിഷ്ഠമായ വനഭൂമി നല്‍കാമെന്ന് പറഞ്ഞ് പാവപ്പെട്ട കര്‍ഷകരെ വ്യാമോഹിപ്പിച്ചു.
അങ്ങനെ നാട്ടിലുള്ളതെല്ലാം വിറ്റുപെറുക്കി ഗ്രാമീണ കര്‍ഷകര്‍ ഹൈറേഞ്ചിലെത്തി. കൈയേറിയ അനധികൃതഭൂമിയാണ് വാങ്ങുന്നതെന്ന് കര്‍ഷകര്‍ക്ക് അറിവുണ്ടായിരുന്നില്ല. 1959ലെ വിമോചന സമരത്തെതുടര്‍ന്ന് ജനാധിപത്യ വിരുദ്ധമായി കമ്യൂണിസ്റ്റ് സര്‍ക്കാരിനെ പിരിച്ചുവിട്ടതോടെ ഹൈറേഞ്ച് മേഖലയില്‍ വനഭൂമി കൈയേറ്റം വ്യാപകമായി. 1961 മെയ് രണ്ടിന് അയ്യപ്പന്‍കോവിലില്‍ കുടിയൊഴിപ്പിക്കല്‍ ആരംഭിച്ചു. കുടിയൊഴിപ്പിക്കല്‍ വേഗത്തിലാക്കാന്‍മാത്രമായി അവിടെ ഒരു പൊലീസ് സ്റ്റേഷന്‍ സ്ഥാപിച്ചു. മെയ് രണ്ടിന് രാവിലെതന്നെ പൊലീസുകാര്‍ കുടിലുകള്‍ പൊളിക്കാന്‍ തുടങ്ങി. നൂറുകണക്കിന് ഏക്കര്‍ കൃഷിയിടങ്ങളും അഗ്നിക്കിരയാക്കി. അയ്യപ്പന്‍കോവിലിലെ 8000 ഏക്കര്‍ സ്ഥലത്തുനിന്ന് 1700 കുടുംബങ്ങളെയാണ് ഒഴിപ്പിച്ചത്. പതിനായിരത്തോളം കര്‍ഷകരെ ബലംപ്രയോഗിച്ച് കുമളിയില്‍നിന്ന് 70 കിലോമീറ്റര്‍ അകലെയുള്ള അമരാവതിയിലേക്ക് മാറ്റി. അഭയാര്‍ഥികളെപ്പോലെ അമരാവതിയിലെത്തിയ കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തത് ഒരു കുടുംബത്തിന് ഒരേക്കര്‍ തരിശുഭൂമി എന്ന കണക്കിലാണ്. മുളയും പുല്ലും ഉപയോഗിച്ച് പശുത്തൊഴുത്തിനേക്കാള്‍ മോശമായ ഷെഡ്ഡുകള്‍ കെട്ടിക്കൊടുത്തു. കിരാതമായ കുടിയൊഴിപ്പിക്കല്‍കാലത്ത് എ കെ ജി കേരളത്തിലുണ്ടായിരുന്നില്ല. സംഭവത്തെക്കുറിച്ചറിഞ്ഞ എ കെ ജി ഉത്തരേന്ത്യയിലെ പരിപാടി ഉപേക്ഷിച്ച് നാട്ടിലേക്ക് ഓടിയെത്തി. ജൂണ്‍ 1ന് കെ ടി ജേക്കബ്ബിനൊപ്പം അദ്ദേഹം അമരാവതിയിലെത്തി. കര്‍ഷകര്‍ പാര്‍ക്കുന്ന ഷെഡ്ഡുകളും ചുടലക്കളമായി മാറിയ അയ്യപ്പന്‍ കോവിലും സന്ദര്‍ശിച്ചു. പിറ്റേന്ന് കോട്ടയത്ത് നടന്ന പൊതുയോഗത്തില്‍ കുടിയൊഴിപ്പിക്കല്‍പ്രശ്നത്തില്‍ നടപടി സ്വീകരിക്കുന്നതുവരെ അമരാവതിയില്‍ അനിശ്ചിതകാല നിരാഹാരസത്യഗ്രഹം കിടക്കുമെന്ന് പ്രഖ്യാപിച്ചു.
ജൂണ്‍ ആറിന് ഇ എം എസിനൊപ്പം എ കെ ജി കുമളിയിലെത്തി. നൂറുകണക്കിന് കര്‍ഷകരുടെ സാന്നിധ്യത്തില്‍ സത്യഗ്രഹം ഉദ്ഘാടനംചെയ്തു. അവിടെനിന്ന് കനത്ത മഴ വകവയ്ക്കാതെ ജാഥയായി അമരാവതിയിലെത്തി. അമരാവതിയിലെ അഭയാര്‍ഥി ക്യാമ്പുകള്‍ക്ക് സമീപം മുളയും പുല്ലുംകൊണ്ട് കെട്ടിയുണ്ടാക്കിയ ഷെഡ്ഡില്‍ എ കെ ജി സത്യഗ്രഹം തുടങ്ങി. എ കെ ജിയുടെ നിരാഹാര സമരത്തിന്റെ വാര്‍ത്ത പരന്നതോടെ സത്യഗ്രഹപ്പന്തലിലേക്ക് കര്‍ഷകരുടെയും സന്ദര്‍ശകരുടെയും നിലയ്ക്കാത്ത പ്രവാഹമായിരുന്നു. ഒരാഴ്ച പിന്നിടുമ്പോഴേക്കും ദേശീയ പ്രാധാന്യമുള്ള വിഷയമായി മാറി. അമരാവതിപ്രശ്നത്തില്‍ ഉടനടി ഉചിതമായ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്റുവിനും മുഖ്യമന്ത്രി പട്ടം താണുപിള്ളയ്ക്കും കത്തുകളുടെയും ടെലിഗ്രാമിന്റെയും പ്രവാഹംതന്നെയുണ്ടായി. പൊലീസ്-റവന്യൂ ഭരണകൂടം എങ്ങനെയെങ്കിലും എ കെ ജിയെ അറസ്റ്റ്ചെയ്തത് ആശുപത്രിയിലെത്തിക്കാന്‍ തീരുമാനിച്ചു. ജൂണ്‍ 14ന് പുലര്‍ച്ചെ കോട്ടയം ജില്ലാ സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹം സത്യഗ്രഹപ്പന്തലിലേക്കെത്തി. ഈ വിവരമറഞ്ഞതോടെ അഭയാര്‍ഥിക്യാമ്പുകളില്‍നിന്ന് ആബാലവൃദ്ധം സത്യഗ്രഹപ്പന്തലിലേക്ക് ഓടിയെത്തി. സ്ഥിതിഗതികള്‍ നിയന്ത്രണം വിടാതിരിക്കണമെങ്കില്‍ പൊലീസ് സേനയെ സ്ഥലത്തുനിന്ന് ഉടന്‍ പിന്‍വലിക്കണമെന്ന എ കെ ജിയുടെ നിര്‍ദേശം പൊലീസ് സൂപ്രണ്ടിന് സ്വീകരിക്കേണ്ടിവന്നു. രാവിലെ 10 മണിക്ക് എകെ ജിയെ അറസ്റ്റ്ചെയ്തു. ഈ അറസ്റ്റ് സര്‍ക്കാരിന്റെ പരാജയത്തെയാണ് കുറിക്കുന്നതെന്നും എല്ലാവരും ശാന്തരായിരിക്കണമെന്നും എ കെ ജി അവിടെ തിങ്ങിനിറഞ്ഞ ജനങ്ങളോട് അഭ്യര്‍ഥിച്ചു. അറസ്റ്റിലായ എ കെ ജിയെ വഹിച്ചുകൊണ്ടുള്ള ആംബുലന്‍സ് പോയ വഴിയില്‍ വണ്ടിപ്പെരിയാറിലും കുട്ടിക്കാനത്തും മുണ്ടക്കയത്തും പൊന്‍കുന്നത്തും ജനങ്ങള്‍ ആവേശപൂര്‍വം മുദ്രാവാക്യം വിളികളോടെ അഭിവാദ്യമര്‍പ്പിച്ചു.
കോട്ടയം ജില്ലാ ആശുപത്രിയിലും എ കെ ജി നിരാഹാരം തുടര്‍ന്നു. വിവരമറിഞ്ഞ് ആശുപത്രിപരിസരം ജനങ്ങളാല്‍ നിറഞ്ഞു. നിരാഹാര സമരത്തിന്റെ 11-ാം ദിവസമായ ജൂണ്‍ 16ന് രാവിലെ എ കെ ജിക്ക് ബോധക്ഷയമുണ്ടായി. എന്നാല്‍ , സദാ ജാഗ്രതയോടെ കാത്തുനിന്ന ഡോക്ടര്‍മാരുടെ തീവ്രപരിചരണത്തെതുടര്‍ന്ന് ബോധം തിരിച്ചുകിട്ടി. ആരോഗ്യസ്ഥിതി പരിഗണിച്ച് എ കെ ജി നിരാഹാരസമരം പിന്‍വലിക്കണമെന്ന് പലരും അഭ്യര്‍ഥിച്ചു. ആദ്യം അഭ്യര്‍ഥിച്ചത് സര്‍വോദയ നേതാവ് കെ കേളപ്പനായിരുന്നു.
"അമരാവതിയിലെ കുടിയിറക്കപ്പെട്ട കര്‍ഷകര്‍ക്ക് ന്യായമായ ആനുകൂല്യങ്ങള്‍ സര്‍ക്കാരിനെക്കൊണ്ട് കൊടുപ്പിക്കാന്‍ ഞാന്‍ ശ്രമിക്കാം. തല്‍ക്കാലത്തേക്ക് നിങ്ങളുടെ നിരാഹാരവ്രതം അവസാനിപ്പിക്കാന്‍ ഞാന്‍ അപേക്ഷിക്കുന്നു. സര്‍ക്കാര്‍ വഴങ്ങുന്നില്ലെങ്കില്‍ ഞാനും അമരാവതിയില്‍ വന്ന് നിങ്ങളോടൊപ്പം നിരാഹാരവ്രതം തുടങ്ങും"-ഇതായിരുന്ന കേളപ്പന്റെ കമ്പിസന്ദേശത്തിലുണ്ടായിരുന്നത്.
അമരാവതിയിലെ കര്‍ഷകര്‍ക്കു വേണ്ടി കൃത്യമായി എന്തെങ്കിലും ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനമെടുക്കാതെ സമരം പിന്‍വലിക്കുകയില്ലെന്ന് എ കെ ജി മറുപടി അയച്ചു. ഇതിന് മറുപടിയായി എ കെ ജിക്ക് ലഭിച്ചത് ഹൃദയസ്പര്‍ശിയായ ഒരു കത്തായിരുന്നു. കഴിഞ്ഞകാലങ്ങളില്‍ എ കെ ജിയും കേളപ്പജിയും അനുഷ്ഠിച്ച ത്യാഗങ്ങള്‍ അനുസ്മരിച്ച അദ്ദേഹം സമരം നിര്‍ത്തിവയ്ക്കണമെന്നും വേണ്ടിവന്നാല്‍ നമുക്ക് ഒരുമിച്ച് അമരാവതിയില്‍ സത്യഗ്രഹം നടത്തി ജീവത്യാഗംചെയ്യാമെന്നും കത്തില്‍ വാഗ്ദാനംചെയ്തു. ഇതിനിടയില്‍ അമരാവതി സമരം ഒത്തുതീര്‍പ്പിലെത്തിച്ച് എ കെ ജിയുടെ നിരാഹാരസമരം അവസാനിപ്പിക്കണമെന്ന് കോണ്‍ഗ്രസ് എംഎല്‍എമാരും നേതാക്കളും സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടു. ആഭ്യന്തരമന്ത്രി പി ടി ചാക്കോ ജൂണ്‍ 15ന് നേരിട്ടെത്തി സമരമവസാനിപ്പിക്കാന്‍ എ കെ ജിയോട് അഭ്യര്‍ഥിച്ചു. ഓരോ കര്‍ഷക കുടുംബത്തിനും മൂന്ന് ഏക്കര്‍ ഭൂമി നല്‍കാതെ സമരം അവസാനിപ്പിക്കില്ലെന്ന് എ കെ ജി വ്യക്തമാക്കി. വിഷയം ഇ എം എസുമായും കര്‍ഷകസംഘം നേതാക്കളുമായും ചര്‍ച്ചചെയ്യാമെന്ന് പി ടി ചാക്കോ സമ്മതിച്ചു. ജൂണ്‍ 15നും 16നും നടന്ന ചര്‍ച്ചകള്‍ക്ക് ശേഷം കുടിയിറക്കപ്പെട്ട ഓരോ കര്‍ഷകനും മൂന്നേക്കര്‍ ഭൂമി വീതം നല്‍കാമെന്ന് പി ടി ചാക്കോ സമ്മതിച്ചു. കര്‍ഷകര്‍ക്ക് മറ്റ് ചില ആനുകൂല്യങ്ങള്‍ നല്‍കാനും തീരുമാനമായി.
ജൂണ്‍ 17ന് ഉച്ചയ്ക്ക് അഭയാര്‍ഥി കമ്മിറ്റി പ്രസിഡന്റ് ജോസഫ് നല്‍കിയ നാരങ്ങാവെള്ളം കുടിച്ചുകൊണ്ട് എ കെ ജി സത്യഗ്രഹം അവസാനിപ്പിച്ചു. ഇ എം എസ്, സി എച്ച് കണാരന്‍ , പി ടി ചാക്കോ, കെപിസിസി പ്രസിഡന്റ് സി കെ ഗോവിന്ദന്‍നായര്‍ തുടങ്ങിയവര്‍ സാക്ഷികളായി. മണ്ണിന്റെ മക്കള്‍ക്കു വേണ്ടി പാവങ്ങളുടെ പടത്തലവന്‍ നടത്തിയ സമരപരമ്പരകളിലെ ദീപ്തമായ ഏടാണ് അമരാവതി സത്യഗ്രഹം. ഇന്ത്യയിലെ നിരവധി കര്‍ഷക സമരങ്ങള്‍ക്ക് അമരാവതി പ്രചോദനമായിട്ടുണ്ട്. അമരാവതി സത്യഗ്രഹത്തെയും അതിന്റെ സാഹചര്യങ്ങളെയും വിഷമതകളെയും കുറിച്ച് എ കെ ജി "എന്റെ ജീവിതകഥ"യില്‍ വിശദീകരിക്കുന്നുണ്ട്. സത്യഗ്രഹത്തില്‍ ഭാര്യ സുശീലയുടെ പങ്കും എ കെ ജി എടുത്തുപറയുന്നു. എ കെ ജിയുടെ മകള്‍ ലൈലയും ഭര്‍ത്താവ് പി കരുണാകരന്‍ എംപിയും താമസിക്കുന്ന നീലേശ്വരം പള്ളിക്കരയിലെ വീടിന്റെ പേര് അമരാവതി എന്നാണ്. കേരള കര്‍ഷക സമരചരിത്രത്തിലെ ജ്വലിക്കുന്ന ഏടായി ഇന്നും അമരാവതി സത്യഗ്രഹം ഓര്‍മിക്കപ്പെടുന്നു.
*
പ്രൊഫ. കെ പി ജയരാജന്‍ ദേശാഭിമാനി 06 ജൂണ്‍ 2011
Subscribe to:
Post Comments (Atom)
2 comments:
അരനൂറ്റാണ്ടിനപ്പുറം അമരാവതി കേരളത്തിലെ അറിയപ്പെടാത്ത ഗ്രാമങ്ങളിലൊന്നായിരുന്നു. കുടിയൊഴിപ്പിക്കലിനെതിരെ എ കെ ജി നടത്തിയ 12 ദിവസത്തെ നിരാഹാര സമരത്തിലൂടെ ഈ ഗ്രാമം ഇന്ത്യയിലെങ്ങും അറിയപ്പെട്ടു. കര്‍ഷക സമരചരിത്രത്തിലെ അവിസ്മരണീയ അധ്യായമായി മാറിയ എ കെ ജിയുടെ സഹനസമരത്തിന് ഇന്ന് 50 വര്‍ഷം തികയുകയാണ്. യാതൊരു ദാക്ഷിണ്യവുമില്ലാതെ പാവപ്പെട്ട കര്‍ഷകരെ കുടിയൊഴിപ്പിച്ചതാണ് അമരാവതിയിലെ ഐതിഹാസിക സമരത്തിലേക്ക് നയിച്ചത്.
അല്ലാ, ഒരച്ഛനില്ലായിരുന്നോ ഇതില്‍ ഏ കെ ഗോപാലന് കൂട്ടായിട്ട്? ഒരു ഫാദര്‍ വടക്കന്‍?
Post a Comment