Tuesday, June 14, 2011

ഭ്രമണപഥങ്ങള്‍ മാറുമ്പോള്‍

അന്ന്, 1957ല്‍ , സ്വതന്ത്രഭാരതത്തിലെ ആദ്യ അഴിമതിയാരോപണം ലോക്സഭയില്‍ ചര്‍ച്ചയ്ക്കെത്തി. ട്രഷറിബെഞ്ചില്‍ അസ്വസ്ഥനായിരുന്നു ജവാഹര്‍ലാല്‍ നെഹ്റു. റായ്ബറേലിയെ പ്രതിനിധാനംചെയ്യുന്ന ഫിറോസ് ഗാന്ധിയാണ് പ്രസംഗിക്കുന്നത്. ഹരിദാസ് മുന്ദ്ര എന്ന വ്യവസായിയുടെ ആറ് കമ്പനിയുടെ ഓഹരി എല്‍ഐസി വാങ്ങിയതില്‍ അഴിമതി ഉണ്ടെന്നാണ് ഫിറോസിന്റെ വാദം. ധനമന്ത്രി ടി ടി കൃഷ്ണമാചാരി നിഷേധിച്ചു. ഫിറോസ് വസ്തുതകള്‍ നിരത്തി. "ഇക്കാര്യത്തില്‍ സത്യസന്ധമായ അന്വേഷണം നടന്നില്ലെങ്കില്‍ നാം നേടിയ സ്വാതന്ത്ര്യത്തിന് വിലയില്ലാതാകും"- ഫിറോസ് ഉപസംഹരിച്ചു.

നെഹ്റുവിന്റെ മുഖം ചുവന്നു- മറ്റൊരു റോസാപ്പൂപോലെ, നെഹ്റു അന്വേഷണം പ്രഖ്യാപിച്ചു. മഹാരാഷ്ട്രയിലെ റിട്ടയേഡ് ജഡ്ജി എം സി ഛഗ്ലയായിരുന്നു കമീഷന്‍ . ഡല്‍ഹിയിലും ബോംബെയിലും തെളിവെടുപ്പുകള്‍ . പരസ്യമായ വിചാരണ. മന്ത്രിയും ഉദ്യോഗസ്ഥരും ചോദ്യങ്ങള്‍ക്കുമുന്നില്‍ വിറയ്ക്കുന്നതും പരസ്പരബന്ധമില്ലാതെ പറയുന്നതും ജനങ്ങള്‍ നേരില്‍ക്കണ്ടു. ചോദ്യവും ഉത്തരവും വ്യക്തമാകാന്‍ ഉച്ചഭാഷിണിവരെ ഏര്‍പ്പെടുത്തി. ധനമന്ത്രിക്ക് ധാര്‍മിക ഉത്തരവാദിത്തം ഉണ്ടെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശം. കൃഷ്ണമാചാരി രാജിവച്ചു. ഡല്‍ഹിയിലെ സ്യൂട്ടില്‍നിന്ന് മുന്ദ്രയെ അറസ്റ്റ്ചെയ്തു. 22 വര്‍ഷത്തെ ശിക്ഷ. രണ്ടുവര്‍ഷംകൊണ്ട് നടപടിക്രമം പൂര്‍ത്തിയായി. ഛഗ്ലയെഴുതിയ ആത്മകഥയില്‍ നെഹ്റുവിനെ പ്രശംസിച്ചു. "നീതിമാനും നിഷ്പക്ഷനും സത്യസന്ധനുമാണ് നെഹ്റു. അന്വേഷണത്തില്‍ ഒരിക്കല്‍പ്പോലും ഇടപെട്ടില്ല" - കൃഷ്ണമാചാരി നെഹ്റുവിന് പ്രിയപ്പെട്ടവനായിട്ടും. അങ്ങനെയും ഒരു കാലമുണ്ടായിരുന്നു! ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ധാര്‍മികാടിത്തറയ്ക്ക് ബലക്ഷയം സംഭവിക്കാത്ത കാലം. പൊതുജീവിതത്തിന്റെ ഗാന്ധിയന്‍ വിശുദ്ധിക്കു മീതെ നിരാമയമായ അശോകചക്രത്തിന്റെ മുദ്രപതിഞ്ഞ കാലം. ആദര്‍ശത്തിന്റെ ഭ്രമണപഥങ്ങളിലൂടെ മൂല്യങ്ങള്‍ ഇന്ത്യയെ വലംവച്ച കാലം.

പക്ഷേ, ഭ്രമണപഥങ്ങള്‍ മാറുകയായിരുന്നു.....

അമേരിക്കന്‍ പത്രപ്രവര്‍ത്തകന്‍ വെല്‍സ് ഹാന്‍ജെന്‍ 1963ല്‍ ഒരു പുസ്തകം പ്രസിദ്ധീകരിച്ചു, "നെഹ്റുവിനുശേഷം ആര്?" എട്ടുപേരെയാണ് ഹാന്‍ജെന്‍ നെഹ്റുവിന്റെ പിന്‍ഗാമിയായി കണ്ടത്. അതില്‍ ആറുപേരും കോണ്‍ഗ്രസില്‍നിന്ന്. ആറാമത്തെ പേരായിരുന്നു ഇന്ദിര ഗാന്ധി. മൊറാര്‍ജിദേശായി, വി കെ കൃഷ്ണമേനോന്‍ , വൈ ബി ചവാന്‍ , ലാല്‍ ബഹാദൂര്‍ ശാസ്ത്രി, എസ് കെ പാട്ടീല്‍ എന്നിവരായിരുന്നു ആദ്യ അഞ്ചുപേര്‍ . ഏഴാമത് ജയപ്രകാശ് നാരായണ്‍ . അവസാനം ബി എം കൗളും. ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ മരണത്തിനുശേഷം പ്രധാനമന്ത്രിയെ കണ്ടെത്തണം. സ്വാഭാവികമായും മൊറാര്‍ജി ദേശായി പരിഗണനാലിസ്റ്റില്‍ ഒന്നാമതെത്തി. പക്ഷേ, കോണ്‍ഗ്രസ് പ്രസിഡന്റ് കാമരാജിന്റെ മനസ്സില്‍ മറ്റൊരാളായിരുന്നു- ഇന്ദിര ഗാന്ധി. സുന്ദരി, ലോകനേതാക്കളുമായി പരിചയം, 48 വയസ്സ്. എല്ലാത്തിനേക്കാള്‍ പ്രധാനം ചാച്ചാജിയുടെ പ്രിയപ്പെട്ട മകള്‍ .

കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ടിയില്‍ തെരഞ്ഞെടുപ്പ് നടന്നു. സത്യസന്ധതയിലും കഴിവിലും താന്‍ ബഹുമാനിക്കുന്ന ചുരുക്കം നേതാക്കളില്‍ ഒരാള്‍ എന്ന് നെഹ്റു പ്രശംസിച്ച മൊറാര്‍ജി ദേശായിക്ക് 169 വോട്ട്. ഇന്ദിരയ്ക്ക് 355 വോട്ട്. കാമരാജിന്റേതായിരുന്നു അവസാന ചിരി. എന്നാല്‍ , ചാച്ചാജിയായിരുന്നില്ല ഇന്ദിര. കാര്‍നിര്‍മാണ കമ്പനിക്കുവേണ്ടി 18 അപേക്ഷ സമര്‍പ്പിച്ചപ്പോള്‍ അതില്‍നിന്ന് ഒരെണ്ണം കണ്ടെത്താന്‍ ബുദ്ധിമുട്ടുണ്ടായില്ല. സഞ്ജയ് ഗാന്ധിയുടേതായിരുന്നു അത്. ഹരിയാന മുഖ്യമന്ത്രി ബന്‍സിലാല്‍ കമ്പനിക്ക് 300 ഏക്കര്‍ ഭൂമി വിലകുറച്ചു നല്‍കി. സഭയില്‍ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ മുഴങ്ങി. പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി എന്‍ ഹക്സര്‍ ഉപദേശിച്ചു- "ഈ മാരുതിപദ്ധതി ഉപേക്ഷിക്കണം. മകനെച്ചൊല്ലി ചീത്തപ്പേര് വലിച്ചുവയ്ക്കരുത്".

ലണ്ടനിലെ സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍ പഠിച്ച ഹക്സറുടെ രാഷ്ട്രീയ ദര്‍ശനങ്ങള്‍ ബ്രിട്ടീഷ് ലേബര്‍ പാര്‍ടിയുടേതായിരുന്നു. വിവിധ വിഷയങ്ങളില്‍ പണ്ഡിതനാണ് ഹക്സര്‍ . കണക്കില്‍ പ്രാവീണ്യം, ചരിത്രത്തില്‍ പരന്ന വായന, നരവംശശാസ്ത്രത്തില്‍ താല്‍പ്പര്യം. അനുഭവസമ്പത്തും ധാരാളം. ആസ്ട്രിയയിലെ ഇന്ത്യന്‍ അംബാസഡര്‍ , നൈജീരിയയിലെ ആദ്യ ഇന്ത്യന്‍ ഹൈക്കമീഷണര്‍ . ഇതിനെല്ലാം മീതെ ഒന്നാന്തരം പാചകക്കാരനും. പക്ഷേ, ഹക്സര്‍ പാകംചെയ്ത ഏറ്റവും നല്ല രാഷ്ട്രീയനിര്‍ദേശം ഇന്ദിര തള്ളി. സഞ്ജയ് ഗാന്ധിയുടെ അമ്മയായി ഇന്ദിര ഗാന്ധി ചുരുങ്ങി. സ്വന്തം ശരീരത്തിലേക്ക് മാത്രമല്ല, രാഷ്ട്രശരീരത്തിലേക്കാണ് ആ ആലിംഗനം എത്തിയത്. അവസാനിച്ചതാകട്ടെ അടിയന്തരാവസ്ഥയിലും. ഒരു ഗ്രഹണത്തിന്റെ ഭ്രമണപഥത്തിലേക്ക് ഇന്ത്യന്‍ രാഷ്ട്രീയം പ്രവേശിച്ചു. ജനാധിപത്യത്തിന്റെ പൂജാമുറികളില്‍നിന്ന് ജനങ്ങളെ ഇറക്കിവിട്ടു. സ്വാര്‍ഥതാല്‍പ്പര്യത്തിന്റെ കാട്ടുമൃഗങ്ങളെ കൃഷ്ണശിലകളാക്കി കൊത്തിവച്ചു. സ്തുതിപാഠകരും കോമാളികളും മന്ത്രങ്ങള്‍ ഉരുക്കഴിച്ചു. അഴിമതി പെരുകി. ആയുധക്കച്ചവടത്തിലെ ഇടനിലക്കാരുടെ പണം തെരഞ്ഞെടുപ്പു ഫണ്ടിലേക്ക് ഒഴുകി. കോണ്‍ഗ്രസ് എന്ന സംഘടനയില്‍ ജനാധിപത്യം നിലച്ചു; നിയമനങ്ങള്‍ തുടങ്ങി. ഗുജറാത്തിലെ മുഖ്യമന്ത്രി ചിമന്‍ഭായ് പട്ടേലിനെ ചിമന്‍ ചോര്‍ (കള്ളന്‍) പട്ടേല്‍ എന്ന് ജനങ്ങള്‍ അപഹസിച്ചു. ബിഹാറില്‍ അഴിമതിക്കെതിരെ വിദ്യാര്‍ഥികള്‍ തെരുവിലിറങ്ങി. ആദര്‍ശത്തിന്റെ ഭ്രമണപഥത്തില്‍നിന്ന് അവസരവാദത്തിന്റെ സഞ്ചാരപഥത്തിലേക്ക് രാഷ്ട്രീയഗ്രഹം തെറിച്ചുവീണു. അശോകചക്രത്തിന്റെ മുദ്രകള്‍ക്കുമീതെ ബൊഫോഴ്സ് തോക്കുകള്‍ ഗര്‍ജിച്ചു. രാഷ്ട്രീയപ്രവര്‍ത്തകരെ രണ്ടായി തിരിച്ചു ജര്‍മനിയിലെ പ്രശസ്ത സാമൂഹ്യശാസ്ത്രജ്ഞന്‍ മാക്സ് വെബെര്‍ . ഒന്ന്- രാഷ്ട്രീയത്തിനുവേണ്ടി ജീവിക്കുന്നവര്‍ , രണ്ട്- രാഷ്ട്രീയംകൊണ്ട് ജീവിക്കുന്നവര്‍ .

വാക്കുകളുടെ വ്യാകരണശാസ്ത്രംകൊണ്ട് നിര്‍വചിക്കാവുന്നത്ര ലളിതമല്ല ഇതിന്റെ അര്‍ഥവ്യത്യാസം. ഇത് ഒരു വഴിപിരിയലാണ്. ബലിത്തറയില്‍നിന്ന് ഓഹരിക്കമ്പോളത്തിലേക്കുള്ള അകലം. ഇതിനിടയില്‍ ഋതുപ്പകര്‍ച്ചയുടെ സംക്രമണവഴിയില്‍ എത്രയോ മന്വന്തരങ്ങള്‍ ഉടഞ്ഞുവീണു! മൃത്യുവിനു നേരെ ജീവിതത്തിന്റെ കൊടിപ്പടം ഉയര്‍ത്തി അമര്‍ത്തി ചവിട്ടിപ്പോയവരാണ് രാഷ്ട്രീയത്തിനുവേണ്ടി ജീവിച്ചവര്‍ . സ്വപ്നങ്ങള്‍ എത്തിപ്പിടിക്കാനുള്ള യുദ്ധഭൂമിയിലേക്ക് അവര്‍ സ്വന്തം ശരീരത്തെ യാഗാശ്വമായി അഴിച്ചുവിട്ടു. ഈ രക്തം നിനക്കും നിന്റെ അനന്തര തലമുറകള്‍ക്കുമായി ചിന്തുന്നു എന്ന തിരുവെഴുത്ത് നിവൃത്തിയാകാന്‍ കുരിശുമരങ്ങളില്‍ മരണം ഏറ്റുവാങ്ങിയവരുടെ അടയാത്ത കണ്ണുകളിലെ പ്രതീക്ഷകളാണ് ചരിത്രം അതിന്റെ ഉമ്മറപ്പടിയില്‍ വിളക്കായി കൊളുത്തിയത്. അവര്‍ നടന്ന വഴിയിലാണ് പിന്നെ വസന്തങ്ങള്‍ ഉണ്ടായതെന്ന് ചരിത്രം രേഖപ്പെടുത്തി. ഭ്രമണപഥം വീണ്ടും മാറി. രാഷ്ട്രീയത്തിനുവേണ്ടി ജീവിച്ചവരെ രാഷ്ട്രീയംകൊണ്ട് ജീവിക്കുന്നവര്‍ കള്ളച്ചൂതെറിഞ്ഞ് തോല്‍പ്പിച്ചു. രാഷ്ട്രീയത്തെ "ഔട്ട്ഡേറ്റഡ്" ആക്കുന്ന രാഷ്ട്രീയംകൊണ്ട് "കള്‍ച്ചറല്‍ ക്യാപ്പിറ്റലിസ്റ്റു"കള്‍ വന്നു. ഗര്‍ഭപാത്രമില്ലാതെ ഒരു കുട്ടിയും ജനിക്കില്ല. അമ്മയുടെ നെഞ്ചിടിപ്പിന്റെ താളംകേള്‍ക്കാതെ ഒരു കുഞ്ഞിന്റെ വളര്‍ച്ചയും പൂര്‍ണമാകില്ല. ഗര്‍ഭപാത്രങ്ങള്‍ "ഔട്ട്ഡേറ്റഡ്" ആകില്ല. ഇളംനെറ്റിയില്‍ ചാര്‍ത്തുന്ന ജീവന്റെ ചൂടുള്ള നൂറ്നൂറ് കുഞ്ഞുചുംബനങ്ങള്‍ "ഔട്ട് ഡേറ്റഡ്" ആകില്ല.

കളിത്തൊട്ടിലില്‍ മസൃണമായി പതിയുന്ന വിരല്‍പ്പാടുകള്‍ "ഔട്ട്ഡേറ്റഡ്" ആകില്ല- അമ്മ ചരിത്രത്തിലേക്കും കുഞ്ഞ് ഭാവിയിലേക്കുമാണ് നടക്കുന്നതെങ്കിലും. പൈതൃകങ്ങള്‍ കാഴ്ചബംഗ്ലാവുകളല്ല. ഭൂതകാലം വര്‍ത്തമാനകാലത്തോട് നടത്തുന്ന അവസാനിക്കാത്ത സംഭാഷണമാണ് ചരിത്രം. ഇത് ഭൂതകാലസ്മൃതിയില്‍മാത്രം രമിക്കുന്ന വാര്‍ധക്യസഹജമായ അസുഖമല്ല. "എന്തുനേടി, യറിയില്ലന്നിളം തലമുറ- പക്ഷെ എന്തു നഷ്ടപ്പെടാനുണ്ടെന്നറിഞ്ഞേപറ്റൂ" - എന്ന് തറപ്പിച്ചു പറയുന്നു ഇടശ്ശേരി. അതൊക്കെ അറിഞ്ഞേപറ്റൂ. ഡൂണ്‍ പബ്ലിക് സ്കൂളിലെ സിലബസില്‍ അത് ഉണ്ടാകില്ല. രാജീവ് ഗാന്ധി തന്റെ "കിച്ചണ്‍ ക്യാബിനറ്റി"നെ കണ്ടെത്തിയത് അവിടത്തെ ക്ലാസ്മേറ്റ്സില്‍നിന്നാണ്. രാഹുല്‍ഗാന്ധിയിലെത്തിയപ്പോള്‍ അത് "ടാലന്റ് സെര്‍ച്ചാ"യി. ചമ്പാരനിലെ നീലം കൃഷിക്കാരുടെ സമരം നയിക്കാന്‍ ഗാന്ധിജി "പൊളിറ്റിക്കല്‍ സയന്‍സ്" പഠിച്ചില്ല. പകരം കസ്തൂര്‍ബയെ ആ ഗ്രാമത്തിലേക്ക് അയച്ചു. മാറുമറയ്ക്കാന്‍ ഒരു കീറത്തുണിപോലുമില്ലാതെ, കുടിലില്‍നിന്ന് പുറത്തിറങ്ങാനാകാതെ നരകിക്കുന്ന സ്ത്രീകളെ കസ്തൂര്‍ബ കണ്ടു.

ഭ്രമണപഥം വീണ്ടും മാറുകയാണ്. ആദര്‍ശത്തിന്റെയും അവസരവാദത്തിന്റെയും ആകര്‍ഷണവലയത്തില്‍നിന്ന് ആര്‍ഭാടത്തിന്റെ ഭ്രമണപഥത്തിലേക്കെത്തി സഞ്ചാരം. ഫിറോസ് ഗാന്ധിയല്ല, രാഹുല്‍ഗാന്ധി. ഇത് അല്ലെങ്കില്‍ ഇനി രാഹുല്‍ഗാന്ധിയുടെ കാലം. 1.26 കോടിയുടേതായിരുന്നു മുന്ദ്രയുടെ അഴിമതിയെങ്കില്‍ 2ജി സ്പെക്ട്രത്തില്‍ അത് 1.76 ലക്ഷം കോടിയാണ്. സ്വിസ് ബാങ്കില്‍ ഏറ്റവും കൂടുതല്‍ കള്ളപ്പണം ഇന്ത്യയുടേതാണ്. ഇത് ആര്‍ഭാടങ്ങളുടെ ലോകം. ലളിതമായി ജീവിക്കാന്‍പോലും ഒരു ദിവസം ആയിരം രൂപ വേണമെന്ന് ഫലിതമായി പരിതപിക്കേണ്ടിവരുന്ന കാലം! ഒരു പാളത്താറുമാത്രം ഉടുത്ത് ബ്രിട്ടീഷ് കൊട്ടാരത്തിലേക്കു പോകാന്‍ ഗാന്ധിക്കു മടിയുണ്ടായില്ല. ഇന്ത്യ ഒരുക്കിയ സ്വര്‍ണക്കസേരയിലിരിക്കാന്‍ വിയറ്റ്നാമിന്റെ പ്രിയപ്പെട്ട ഹോചിമിന്‍ തയ്യാറായില്ല. അഴിമതിക്കെതിരെ സമരംചെയ്യാന്‍ സ്വാമി വന്നത് സ്വകാര്യ വിമാനത്തില്‍! കാലം മാറാം. കാലത്തിനനുസരിച്ച് മാറുന്നത് രാഷ്ട്രീയമല്ല, രാഷ്ട്രീയത്തിന്റെ പെരുമാറ്റരീതികളാണ്. ആചാരങ്ങള്‍ മാറാം, വേഷവിധാനങ്ങള്‍ മാറാം, സ്വീകരണമുറിയുടെ ലേ ഔട്ട് മാറാം, വിഭവങ്ങള്‍ മാറാം, രുചികള്‍ മാറാം, ആസ്വാദനങ്ങള്‍ മാറാം, ഹോബികള്‍ മാറാം. പക്ഷേ, നിലവിളിക്ക് ഇപ്പോഴും ആ പഴയ ശബ്ദംതന്നെയാണ്! ഹൈദരാബാദിനടുത്തെ കോകപ്പെട്ട് ഗ്രാമത്തിലെ രാജണ്ണ എന്ന കര്‍ഷകന് ആഗോളവല്‍ക്കരണം എന്നു പറഞ്ഞാല്‍ എന്താണെന്നറിയില്ല. ജിഡിപി, സ്ട്രക്ചറല്‍ അഡ്ജസ്റ്റ്മെന്റ്, റിസോഴ്സ് എന്നൊക്കെപ്പറഞ്ഞാലും അറിയില്ല. ഹൈദരാബാദ് അര്‍ബന്‍ ഡെവലപ്മെന്റ് അതോറിറ്റിയുടെ (ഒഡഉഅ) വരാന്തയില്‍ കുത്തിയിരിക്കുകയാണ് രാജണ്ണ. അവിടെ ഒരു നോട്ടീസ് പതിച്ചിട്ടുണ്ട്. രണ്ടാഴ്ചമുമ്പാണ് രാജണ്ണ അത് അറിഞ്ഞത്. ഇംഗ്ലീഷിലാണ് നോട്ടീസ്. രാജണ്ണയ്ക്ക് ഇംഗ്ലീഷ് അറിയില്ല. ആരെങ്കിലും അതൊന്ന് വായിച്ചുകൊടുക്കണം. ഒടുവില്‍ മനസ്സിലായി തന്റെ ഒന്നരയേക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ പോകുന്നതിന്റെ നോട്ടീസാണത്.

ഹൈദരാബാദിന് വികസിക്കാന്‍ രാജണ്ണയുടെ ഭൂമി വേണം. പാറയായിരുന്നു ആദ്യം ആ ഭൂമി. അച്ഛനപ്പൂപ്പന്മാരായി കഠിനാധ്വാനംചെയ്താണ് പാറപൊട്ടിച്ച് നീക്കി അത് കൃഷിഭൂമിയാക്കിയത്. രാജണ്ണയ്ക്ക് ആകെയുള്ള ഭൂമി. ഹുഡ ഇതിന് വില നിശ്ചയിച്ചു. ഏക്കറിന് മൂന്നുലക്ഷംവച്ച് ഒന്നരയേക്കറിന് 4.5 ലക്ഷം. പക്ഷേ, പിന്നെ ഈ ഭൂമി ലേലത്തില്‍വച്ചപ്പോള്‍ ഹുഡ തീരുമാനിച്ച ഏറ്റവും കുറഞ്ഞ തുക 4.5 കോടി! രാജണ്ണമാര്‍ എത്രയുണ്ട് ഇന്ത്യയില്‍ ? ഗ്രാമീണവികസനത്തിനുവേണ്ടി ചെലവാക്കുന്ന തുകയില്‍ 90 ശതമാനവും പാഴാവുകയാണെന്ന് ബംഗളൂരുവിനെ ഉദാഹരിച്ച് പ്ലാനിങ് കമീഷന്‍ . ഒരു റോഡിന് നൂറു രൂപ നീക്കിവച്ചാല്‍ അവിടെ 40 രൂപ രാഷ്ട്രീയനേതാക്കളും ഉദ്യോഗസ്ഥരും കവരുന്നു. 20 രൂപ കരാറുകാരന്. ബാക്കി നാല്‍പ്പതാണ് റോഡിന് കിട്ടുന്നത്.

ഇന്ത്യയുടെ സിലിക്കോണ്‍ സിറ്റിയാണ് ബംഗളൂരു. എത്രയെത്ര യെദ്യൂരപ്പമാരുണ്ട് അവിടെ? ഭ്രമണപഥം മാറുകയാണ്. കാണുന്നതിനപ്പുറത്തെ കാഴ്ചകള്‍ കാണാതെ, കേള്‍ക്കുന്നതിനപ്പുറത്തെ ശബ്ദങ്ങള്‍ കേള്‍ക്കാതെ, ഏതോ ചലനനിയമത്തിന്റെ ഭ്രാന്തമായ ആവേശത്തില്‍ ആടിത്തിമിര്‍ക്കുകയാണ്. മനുഷ്യന്റെ ദുഃഖത്തിന് കാരണം ആഗ്രഹങ്ങളാണെന്ന് ബുദ്ധന്‍ ഉപദേശിച്ചു. ആര്‍ഭാടങ്ങളുടെ ലോകം ഈ നീതിസാരം തിരുത്തുകയാണ്. ആവശ്യങ്ങളാണ് ആഹ്ലാദങ്ങളുടെ കാരണമെന്നാണ് പുതിയ കാലത്തിന്റെ അവതരണഗാനം. ആഗ്രഹങ്ങളെ ആവശ്യങ്ങളാക്കുന്ന, ആവശ്യങ്ങളെ അനിവാര്യതകളാക്കുന്ന ദുര്‍മന്ത്രവാദം. ലോകോത്തര പരസ്യക്കമ്പനിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറോട് ഒരു പത്രപ്രവര്‍ത്തകന്‍ ചോദിച്ചു. "മനുഷ്യരുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റപ്പെട്ടാല്‍ നിങ്ങളെന്തു ചെയ്യും?" "ഞങ്ങള്‍ പുതിയ ആവശ്യങ്ങള്‍ സൃഷ്ടിക്കും." പുതിയ ആവശ്യങ്ങള്‍ സൃഷ്ടിക്കപ്പെടുകയാണ്. നമുക്കുചുറ്റും പുതിയ ആവശ്യങ്ങള്‍ സൃഷ്ടിക്കുന്ന വലക്കണ്ണികള്‍ മുറുകുകയാണ്. അതിന്റെ പ്രലോഭനങ്ങളിലേക്ക് തെറിച്ചുവീഴുകയാണ് ലെജിസ്ലേച്ചറും, എക്സീക്യൂട്ടിവും പിന്നെ..... (ജുഡീഷ്യറിയും?)

*
എം എം പൗലോസ്

1 comment:

വര്‍ക്കേഴ്സ് ഫോറം said...

അന്ന്, 1957ല്‍ , സ്വതന്ത്രഭാരതത്തിലെ ആദ്യ അഴിമതിയാരോപണം ലോക്സഭയില്‍ ചര്‍ച്ചയ്ക്കെത്തി. ട്രഷറിബെഞ്ചില്‍ അസ്വസ്ഥനായിരുന്നു ജവാഹര്‍ലാല്‍ നെഹ്റു. റായ്ബറേലിയെ പ്രതിനിധാനംചെയ്യുന്ന ഫിറോസ് ഗാന്ധിയാണ് പ്രസംഗിക്കുന്നത്. ഹരിദാസ് മുന്ദ്ര എന്ന വ്യവസായിയുടെ ആറ് കമ്പനിയുടെ ഓഹരി എല്‍ഐസി വാങ്ങിയതില്‍ അഴിമതി ഉണ്ടെന്നാണ് ഫിറോസിന്റെ വാദം. ധനമന്ത്രി ടി ടി കൃഷ്ണമാചാരി നിഷേധിച്ചു. ഫിറോസ് വസ്തുതകള്‍ നിരത്തി. "ഇക്കാര്യത്തില്‍ സത്യസന്ധമായ അന്വേഷണം നടന്നില്ലെങ്കില്‍ നാം നേടിയ സ്വാതന്ത്ര്യത്തിന് വിലയില്ലാതാകും"- ഫിറോസ് ഉപസംഹരിച്ചു.