Tuesday, June 21, 2011

നീതിതേടി മാധ്യമപ്രവര്‍ത്തകര്‍

പത്രവ്യവസായത്തില്‍ വേതനപരിഷ്കരണം നടപ്പാക്കിയിട്ട് ഒരു വ്യാഴവട്ടമാവുകയാണ്. വര്‍ഷങ്ങള്‍ നീണ്ട പഠനത്തിനുശേഷം ജസ്റ്റിസ് മജീദിയയുടെ നേതൃത്വത്തിലുള്ള വേജ് ബോര്‍ഡ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് ആറ് മാസമായി കേന്ദ്രസര്‍ക്കാരിന്റെ ദാക്ഷിണ്യത്തിലാണ്. തൊഴില്‍മന്ത്രാലയം ആവശ്യപ്പെട്ടപ്രകാരം നിയമ, ഇന്‍ഫര്‍മേഷന്‍ , കമ്പനി മന്ത്രാലയങ്ങള്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് അഭിപ്രായങ്ങള്‍ അറിയിച്ചിട്ട് മാസങ്ങളായി. മന്ത്രാലയങ്ങളുടെ കമന്റ് സഹിതം റിപ്പോര്‍ട്ട് പ്രധാനമന്ത്രിക്ക് കൈമാറി എന്നാണ് കഴിഞ്ഞ ദിവസം തൊഴില്‍മന്ത്രി മല്ലാകാര്‍ജുന ഖാര്‍ഗെ വെളിപ്പെടുത്തിയത്. സാധാരണഗതിയില്‍ വേജ് ബോര്‍ഡ് റിപ്പോര്‍ട്ട് തൊഴില്‍മന്ത്രാലയംതന്നെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ക്യാബിനറ്റിന്റെ പരിഗണനയ്ക്ക് സമര്‍പ്പിക്കുകയാണ് പതിവ്. ഇക്കുറി പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് റിപ്പോര്‍ട്ട് കൈമാറിയതിന് പിന്നില്‍ വന്‍കിട പത്രഉടമകളുടെ സമ്മര്‍ദമാണെന്ന് വ്യക്തമാണ്.

ഇതിനിടയില്‍ റിപ്പോര്‍ട്ടിനെതിരെ വന്‍കിട പത്രഉടമകളുടെ ഭാഗത്തുനിന്ന് കടുത്ത എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ കൂടുതല്‍ പഠനത്തിനായി മന്ത്രിസഭാ ഉപസമിതിയെ നിയോഗിക്കാനാണ് നീക്കമെന്നറിയുന്നു. കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇത്തരമൊരു തീരുമാനമുണ്ടായാല്‍ പന്ത്രണ്ട് വര്‍ഷം നീണ്ട വേതന പരിഷ്കരണം ഇനിയുമേറെ വൈകും. ഒരുപക്ഷേ ഒരിക്കലും നടപ്പായില്ലെന്നും വരാം. കേന്ദ്രസര്‍ക്കാരിനെ സ്വാധീനിച്ച് ജസ്റ്റിസ് മജീദിയ വേജ്‌ബോര്‍ഡ് റിപ്പോര്‍ട്ട് നടപ്പാക്കുന്നത് അട്ടിമറിക്കുകയും അതുവഴി വേജ് ബോര്‍ഡ് സംവിധാനംതന്നെ ഇല്ലാതാക്കുകയുമാണ് ഉടമകളുടെ ലക്ഷ്യം. പത്രവ്യവസായത്തില്‍ സര്‍ക്കാര്‍ വേതനം നിശ്ചയിക്കരുതെന്നാണ് അവരുടെ ആവശ്യം. ഓരോ സ്ഥാപനത്തിലും മാനേജ്‌മെന്റുമായി ചര്‍ച്ച നടത്തി "ഹോം സ്കെയില്‍" ഉണ്ടാക്കാമല്ലോ എന്നാണ് വാദം. ഇത് കെണിയാണ്. വേജ് ബോര്‍ഡ് ഇല്ലാതാകുന്നതോടെ മാധ്യമ മേഖലയില്‍ ജോലിയെടുക്കുന്നവര്‍ക്ക് അര നൂറ്റാണ്ടിലേറെയായി ലഭിച്ചുവരുന്ന തൊഴില്‍സംരക്ഷണം ഇല്ലാതാകും. ഉടമകള്‍ നിശ്ചയിക്കുന്ന കുറഞ്ഞ വേതനത്തിന് ജോലിചെയ്യാന്‍ നിര്‍ബന്ധിതമാകുമെന്നു മാത്രമല്ല ഒരേ തൊഴിലെടുക്കുന്നവര്‍ക്കുതന്നെ വിവേചനപരമായ ശമ്പളം നല്‍കുന്ന സ്ഥിതിയുമുണ്ടാകും.

നിലവില്‍ കരാറില്‍ ജോലിചെയ്യുന്നവരുടെ ദുരവസ്ഥയിലേക്ക് മുഴുവന്‍ മാധ്യമപ്രവര്‍ത്തകരും തള്ളിവിടപ്പെടും. പൊന്‍മുട്ടയിടുന്ന താറാവിനെ കൊല്ലരുത് എന്ന ചൊല്ല് മാധ്യമ വ്യവസായത്തിലെ "പ്രതിസന്ധി"യുമായി ബന്ധപ്പെടുത്തി പറഞ്ഞുകേള്‍ക്കുന്നുന്നുണ്ട്. പത്രങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്ക് ശമ്പളവര്‍ധന നടപ്പാക്കിയാല്‍ വ്യവസായം തകര്‍ന്നുപോകുമെന്നാണ് പ്രചാരണം. വസ്തുതകളുമായി പുലബന്ധമില്ലാത്ത വാദമുഖങ്ങള്‍ നിരത്തി ഭരണാധികാരികളെയും ജനങ്ങളെയും കബളിപ്പിക്കാനുള്ള ശ്രമമാണിത്. പത്രങ്ങള്‍ പൊന്‍മുട്ടയിടുന്ന താറാവാണെങ്കില്‍ , പൊന്‍മുട്ടകളെല്ലാം കൈയടക്കുന്നത് ഉടമകള്‍തന്നെ. താറാവിനെ കൊല്ലാന്‍ തൊഴിലെടുക്കുന്നവരുടെ ഭാഗത്തുനിന്ന് ഒരു ശ്രമവും ഉണ്ടായിട്ടില്ല. എന്നാല്‍ , താറാവിനെ പരിപാലിക്കുന്നവരുടെ ജീവിതമാര്‍ഗം മുട്ടിയിരിക്കുകയാണ്. അഞ്ചുവര്‍ഷത്തിലൊരിക്കല്‍ വേതനപരിഷ്കരണമെന്ന അടിസ്ഥാനതത്വം പത്രപ്രവര്‍ത്തകര്‍ക്ക് സ്വപ്നംമാത്രമാണ്്. 12 വര്‍ഷത്തിനിടയില്‍ നിത്യോപയോഗ സാധനങ്ങളുടെയും പെട്രോളിന്റെയും വില എത്ര മടങ്ങ് വര്‍ധിച്ചുവെന്ന് എല്ലാവര്‍ക്കും അറിയാം. ഇതിനിടയില്‍ രണ്ടു വര്‍ഷം മുമ്പ് ലഭിച്ച 30 ശതമാനം ഇടക്കാലാശ്വാസംമാത്രമാണ് ഏകവര്‍ധന. എന്നാല്‍ , വന്‍കിട പത്രങ്ങളുടെ പരസ്യവരുമാനത്തിലും വിറ്റുവരവിലും ശതകോടികളുടെ വര്‍ധനയാണുണ്ടായത്. പരസ്യചാര്‍ജും പത്രത്തിന്റെ വിലയും പലതവണ വര്‍ധിപ്പിച്ചു.

പത്രങ്ങളുടെ ബാലന്‍സ്ഷീറ്റുകളെ അടിസ്ഥാനമാക്കിയാണ് ഇക്കാര്യങ്ങള്‍ കെയുഡബ്ല്യുജെ അടക്കമുള്ള മാധ്യമ സംഘടനകള്‍ വേജ്‌ബോര്‍ഡിന് മുമ്പാകെ സമര്‍പ്പിച്ചത്. പത്രസ്ഥാപനങ്ങളിലെ മനുഷ്യാധ്വാനത്തിന് നല്‍കുന്ന പ്രതിഫലം മൊത്തം ചെലവിന്റെ 15 ശതമാനം മാത്രമാണെന്നാണ് ആധികാരിക കണക്ക്. ഇതില്‍ പന്ത്രണ്ട് വര്‍ഷത്തിന് ശേഷം ഉണ്ടാകുന്ന വര്‍ധന പത്രങ്ങളെ തകര്‍ക്കുമെന്ന വാദത്തില്‍ കഴമ്പില്ല. 1955ല്‍ ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ വര്‍ക്കിങ് ജേര്‍ണലിസ്റ്റ് ആക്ട് പ്രകാരമാണ് പത്രവ്യവസായത്തില്‍ ജോലിചെയ്യുന്നവരുടെ വേതനം പരിഷ്കരിക്കാന്‍ വേജ് ബോര്‍ഡിനെ നിയമിക്കുന്നത്. ജനാധിപത്യത്തില്‍ മാധ്യമങ്ങള്‍ വഹിക്കുന്ന സവിശേഷമായ പങ്ക് കണക്കിലെടുത്താണ് ജവാഹര്‍ലാല്‍ നെഹ്റുവിന്റെ കാലത്തുതന്നെ പ്രത്യേക നിയമത്തിന് രൂപംനല്‍കിയത്.

ജനാധിപത്യത്തിന്റെ നാലാംതൂണായ മാധ്യമങ്ങളില്‍ പണിയെടുക്കുന്നവര്‍ക്ക് ന്യായമായ വേതനം ഉറപ്പാക്കിയില്ലെങ്കില്‍ തല്‍പ്പരകക്ഷികള്‍ അവരെ സ്വാധീനിക്കാന്‍ ശ്രമിക്കുമെന്ന കാഴ്ചപ്പാടാണ് വേജ്‌ബോര്‍ഡ് എന്ന സംവിധാനത്തിന് അടിസ്ഥാനമായത്. അരനൂറ്റാണ്ടായി വേജ് ബോര്‍ഡ് സംവിധാനം തുടരുന്നു. ഇക്കാലയളവില്‍ ഇന്ത്യയിലെ മാധ്യമങ്ങള്‍ വിവിധ സര്‍ക്കാരുകളുടെ ജനവിരുദ്ധ സമീപനങ്ങള്‍ക്കും അഴിമതിക്കുമെതിരെ ശക്തമായ നിലപാട് സ്വീകരിച്ചു. ഒപ്പം ഇതരമേഖലകളിലെ കൊള്ളരുതായ്മകള്‍ക്കും നീതിനിഷേധത്തിനുമെതിരെ വിട്ടുവീഴ്ചയില്ലാതെ പ്രവര്‍ത്തിച്ചു. ഒറ്റപ്പെട്ട പുഴുക്കുത്തുകള്‍ മാധ്യമരംഗത്തും ഉണ്ടായിട്ടുണ്ടെന്നത് നിഷേധിക്കുന്നില്ല. എന്നാല്‍ , പൊതുവില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് അര്‍ഹമായ ജീവിതസാഹചര്യം ഉറപ്പാക്കുകയെന്ന കാഴ്ചപ്പാട് ജനാധിപത്യത്തില്‍ അനിവാര്യമാണെന്ന് കാലം തെളിയിച്ചു.

നിയമത്തില്‍ കാലികമായ മാറ്റം വരുത്തി ദൃശ്യമാധ്യമങ്ങളെക്കൂടി വേജ് ബോര്‍ഡിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ദീര്‍ഘകാലമായി സംഘടനകള്‍ ഉന്നയിച്ചുവരികയാണ്. പത്രസ്ഥാപനങ്ങള്‍ വന്‍വ്യവസായമായി വളരുകയും ലാഭം കുന്നുകൂടുകയുംചെയ്യുന്നത് നിസ്തര്‍ക്കമായ വസ്തുതയാണ്. പല പത്രങ്ങളും ദൃശ്യമാധ്യമ രംഗത്തും മറ്റു വ്യവസായങ്ങളിലേക്കും ചുവടുറപ്പിച്ചു കഴിഞ്ഞു. താരനിശകളുടെയും മറ്റുപല സ്പോണ്‍സര്‍ഷിപ്പ് പരിപാടികളുടെയും പ്രായോജകര്‍ പ്രമുഖ പത്രങ്ങളാണ്. ബിസിനസ് വളര്‍ത്താനുള്ള പരസ്പരമത്സരം പത്രത്തിന്റെ വില കുറയ്ക്കുന്നതിലേക്കുവരെ വ്യാപിച്ചിരിക്കുന്നു. പരസ്യവരുമാനം ആകാശത്തോളം ഉയര്‍ന്നു എന്നാണ് ഇതില്‍ വ്യക്തമാവുന്നത്. തങ്ങളുടെ വ്യവസായ സാമ്രാജ്യം വിപുലപ്പെടുത്താന്‍ പത്രമുടമകള്‍ എല്ലാ വഴിയും തേടുന്നു.

ഇതെല്ലാം സാധ്യമാകുന്നതാകട്ടെ ജനാധിപത്യത്തിന്റെ നാലാം തൂണ്‍ എന്ന പദവിയിലൂടെയാണുതാനും. വേജ് ബോര്‍ഡ് ശുപാര്‍ശ ചെയ്തിരിക്കുന്നത് ആകാശം മുട്ടുന്ന ശമ്പളാമാണെന്ന ധാരണ പരത്തുണ്ട്. ഇത് തീര്‍ത്തും വസ്തുതാവിരുദ്ധമാണ്. പന്ത്രണ്ട് വര്‍ഷത്തെ ഇടവേള കണക്കിലെടുക്കുമ്പോള്‍ അര്‍ഹമായ വര്‍ധന വേജ് ബോര്‍ഡ് ശുപാര്‍ശയില്‍ ഇല്ലെന്ന പരാതി യൂണിയനുകള്‍ ഫൈനല്‍ ഹിയറിങ് വേളയില്‍ ശക്തമായി ഉയര്‍ത്തിയതാണ്. മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ യോഗ്യതകളെ അടിസ്ഥാനപ്പെടുത്തി പരിശോധിച്ചാല്‍ മജീദിയ വേജ് ബോര്‍ഡ് ശുപാര്‍ശയിലും സര്‍ക്കാര്‍ മേഖലയിലേതിന് സമാനമായ വേതനഘടന കൈവരിക്കാനായിട്ടില്ല.

ഇതര സര്‍വീസ് മേഖലകളിലെല്ലാം ഇതിനോടകം വേതനം രണ്ടുംമൂന്നും ഇരട്ടിയായി പരിഷ്കരിച്ചുകഴിഞ്ഞു. എല്ലാറ്റിനും വിലകയറിക്കൊണ്ടിരിക്കെ വേതനം വര്‍ധിപ്പിക്കാതെ ചെലവ് പിടിച്ചുനിര്‍ത്താനുള്ള നീക്കത്തിന് ന്യായീകരണമില്ല. മാധ്യമരംഗത്ത് കരാര്‍വല്‍ക്കരണം കടുത്ത ഭീഷണി സൃഷ്ടിക്കുകയാണ്്. രാജ്യത്തെ ബഹുഭൂരിപക്ഷം പത്രപ്രവര്‍ത്തകരും നിലവില്‍ വേജ് ബോര്‍ഡ് പരിധിയിലാണ്. സമ്മര്‍ദവും ഭീഷണിയും മൂലം കരാറിലേക്ക് മാറേണ്ടിവന്ന ഒരു വിഭാഗം പത്രപ്രവര്‍ത്തകരുണ്ട്. കേരളത്തിലും അത്തരം നീക്കങ്ങള്‍ നടന്നപ്പോള്‍ യൂണിയന്‍ ശക്തമായി ചെറുത്തിട്ടുണ്ട്. വേജ് ബോര്‍ഡ് ശുപാര്‍ശ പൂര്‍ണഅര്‍ഥത്തില്‍ നടപ്പാക്കാത്ത ചെറുകിട സ്ഥാപനങ്ങള്‍ ഉണ്ടെങ്കിലും അവിടങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്കും വേജ് ബോര്‍ഡിന്റെ ഭാഗികമായ പരിരക്ഷ ലഭിക്കുന്നുണ്ട്. കേന്ദ്രനിയമത്തെ അടിസ്ഥാനമാക്കി നിയമിക്കപ്പെട്ട, അര്‍ധ ജുഡീഷ്യല്‍ സ്വഭാവമുള്ള ജസ്റ്റിസ് മജീദിയ അധ്യക്ഷനായ വേജ് ബോര്‍ഡ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി തവണ തെളിവെടുപ്പുകള്‍ നടത്തിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

ബോര്‍ഡില്‍ ഭൂരിഭാഗവും പത്രഉടമകളുടെ പ്രതിനിധികളാണ്. വേതന പരിഷ്കരണത്തിന്റെ അധികബാധ്യതയും പത്രങ്ങളുടെ സാമ്പത്തിക സ്ഥിതിയുമെല്ലാം നിശിതമായ പരിശോധനയ്ക്ക് വിധേയമാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന് ബോര്‍ഡിലെ തൊഴിലാളി സംഘടനാ പ്രതിനിധികള്‍ വ്യക്തമാക്കിയിട്ടുണ്ട്. നാനൂറിലേറെ പേജ് വരുന്ന റിപ്പോര്‍ട്ടും എഴുനൂറിലേറെ പേജ് വരുന്ന അനുബന്ധവും പരിശോധിക്കുന്ന ആര്‍ക്കും ഇക്കാര്യം ബോധ്യമാവും. മന്ത്രിസഭ ഉപസമിതിക്ക് വിടുകയോ കേസില്‍ കുടുക്കുകയോവഴി വേതനപരിഷ്കരണം നീട്ടിക്കൊണ്ടുപോകുന്നത് മാധ്യമരംഗത്തു പ്രവര്‍ത്തിക്കുന്നവരോട് ചെയ്യുന്ന കടുത്ത അനീതിയായിരിക്കും.

സമ്മര്‍ദതന്ത്രങ്ങള്‍ക്ക് വഴങ്ങാതെ എത്രയും പെട്ടെന്ന് വേജ് ബോര്‍ഡ് റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള ഇച്ഛാശക്തി പ്രധാനമന്ത്രിയും യുപിഎ സര്‍ക്കാരും പ്രകടിപ്പിക്കണം. പത്രസ്വാതന്ത്ര്യം എന്നത് ജനങ്ങളുടെ അറിയാനുള്ള അവകാശത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. അത് സംരക്ഷിക്കപ്പെടണമെങ്കില്‍ മാധ്യമ പ്രവര്‍ത്തകന് നിര്‍ഭയനായും സുരക്ഷിതത്വത്തോടെയും പ്രവര്‍ത്തിക്കാനുള്ള അവസരമൊരുക്കണം. പഞ്ചസാര, സിമന്റ് വ്യവസായങ്ങളുടെ അര്‍ഥശാസ്ത്രം പത്രങ്ങള്‍ക്ക് യോജിക്കില്ല. പത്രസ്വാതന്ത്ര്യം വ്യവസായ നടത്തിപ്പിന്റെ കൂട്ടല്‍കിഴിക്കലുകള്‍ക്കിടയില്‍ കിടന്നു വീര്‍പ്പുമുട്ടരുത്. പുലരേണ്ടത് യഥാര്‍ഥ പത്രസ്വാതന്ത്ര്യമാണ്.


*****


മനോഹരന്‍ മോറായി



(കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)

1 comment:

വര്‍ക്കേഴ്സ് ഫോറം said...

സമ്മര്‍ദതന്ത്രങ്ങള്‍ക്ക് വഴങ്ങാതെ എത്രയും പെട്ടെന്ന് വേജ് ബോര്‍ഡ് റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള ഇച്ഛാശക്തി പ്രധാനമന്ത്രിയും യുപിഎ സര്‍ക്കാരും പ്രകടിപ്പിക്കണം. പത്രസ്വാതന്ത്ര്യം എന്നത് ജനങ്ങളുടെ അറിയാനുള്ള അവകാശത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. അത് സംരക്ഷിക്കപ്പെടണമെങ്കില്‍ മാധ്യമ പ്രവര്‍ത്തകന് നിര്‍ഭയനായും സുരക്ഷിതത്വത്തോടെയും പ്രവര്‍ത്തിക്കാനുള്ള അവസരമൊരുക്കണം. പഞ്ചസാര, സിമന്റ് വ്യവസായങ്ങളുടെ അര്‍ഥശാസ്ത്രം പത്രങ്ങള്‍ക്ക് യോജിക്കില്ല. പത്രസ്വാതന്ത്ര്യം വ്യവസായ നടത്തിപ്പിന്റെ കൂട്ടല്‍കിഴിക്കലുകള്‍ക്കിടയില്‍ കിടന്നു വീര്‍പ്പുമുട്ടരുത്. പുലരേണ്ടത് യഥാര്‍ഥ പത്രസ്വാതന്ത്ര്യമാണ്.