ഒന്നരവര്‍ഷം മുമ്പാണ് വള്ളത്തോള്‍ നഗര്‍ റെയില്‍വേസ്റ്റേഷന്‍ പരിസരത്ത് സൗമ്യ കൊല ചെയ്യപ്പെട്ടത്. ഒറ്റയ്ക്കു യാത്രചെയ്യുന്നവര്‍ക്ക്, പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്ക് തീവണ്ടി സുരക്ഷിതവാഹനമാണെന്ന വിശ്വാസം അതോടെ തകര്‍ന്നു. വനിതാ കംപാര്‍ട്മെന്റുകള്‍ സുരക്ഷിതത്വമില്ലാത്ത മേഖലയായി മുദ്രകുത്തപ്പെട്ടു. ഭിക്ഷാടനമാഫിയയും പിടിച്ചുപറിക്കാരും മയക്കുമരുന്നു കച്ചവടക്കാരും നിര്‍ബാധം വിഹരിക്കാനുള്ള മേഖലയായി തീവണ്ടികളെ തിരഞ്ഞെടുത്തിട്ട് ഏറെക്കാലമായി എന്ന വസ്തുത അപ്പോഴാണ് കേരളത്തിന്റെ ശ്രദ്ധയിലേക്കു വന്നത്. അതിന് ഒരു ദരിദ്രകുടുംബത്തിന്റെ അത്താണിയായിനിന്ന, ജീവിതത്തിന്റെ സുന്ദരസ്വപ്നങ്ങളിലേക്ക് കാലെടുത്തുവയ്ക്കാന്‍ തയ്യാറെടുത്ത സാധുയുവതിയുടെ ജീവനാണ് വില നല്‍കേണ്ടിവന്നത്. സൗമ്യയെ ക്രൂരമായി മാനഭംഗപ്പെടുത്തി മരണത്തിലേക്ക് തള്ളിവിട്ട ഗോവിന്ദച്ചാമിക്ക് അജ്ഞാതകേന്ദ്രങ്ങളില്‍നിന്ന് ഉയര്‍ന്ന സഹായവും പിന്തുണയും കണ്ട് കേരളമാകെ പകച്ചുപോവുകയുണ്ടായി. ഇത്തരം ക്രിമിനല്‍ സംഘങ്ങളുടെ വേരോട്ടം എത്ര ആഴത്തിലും പരപ്പിലുമാണെന്ന് നമ്മള്‍ കണ്ടറിഞ്ഞതും സൗമ്യവധവുമായി ബന്ധപ്പെട്ടാണ്.
ഗോവിന്ദച്ചാമിയെപ്പോലുള്ളവര്‍ക്ക് വഴിയടയ്ക്കാന്‍ സൗമ്യയുടെ കൊലപാതകം കാരണമായേക്കുമെന്ന വിശ്വാസം അമ്പേ തകര്‍ക്കപ്പെടുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. സൗമ്യ കൊല്ലപ്പെടുമ്പോള്‍ കേന്ദ്രറെയില്‍വേമന്ത്രി ഒരു വനിതയായിരുന്നു. വനിതകളുടെ സുരക്ഷിതമായ തീവണ്ടിയാത്രയ്ക്ക് അവര്‍ മുന്‍കൈയെടുക്കുമെന്ന് ജനങ്ങള്‍ വ്യാമോഹിച്ചതിന്റെ കാരണവും അതുതന്നെ. നിരവധി പ്രഖ്യാപനങ്ങള്‍ മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായി. വനിതാ കംപാര്‍ട്മെന്റുകള്‍ തീവണ്ടിയുടെ മധ്യഭാഗത്ത് ക്രമീകരിക്കുമെന്ന് പ്രഖ്യാപിച്ചു. സായുധരായ സുരക്ഷാ ഉദ്യോഗസ്ഥരെ എല്ലാ തീവണ്ടികളിലും വിന്യസിക്കുമെന്നതടക്കമുള്ള മന്ത്രിയുടെ വാഗ്ദാനങ്ങള്‍ ജലരേഖയായി മാറുന്നതാണ് പിന്നീട് കണ്ടത്. തുടര്‍ന്നും തീവണ്ടികളില്‍ കാമവെറിയന്മാരുടെയും മദ്യപന്മാരുടെയും വിളയാട്ടമുണ്ടായി. അവരെ തടഞ്ഞവരും പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചവരും അധികൃതരാല്‍ അധിക്ഷേപിക്കപ്പെട്ടു. മയക്കുമരുന്നു ചേര്‍ത്ത ആഹാരവസ്തുക്കള്‍ നല്‍കി കൊള്ളനടത്തുന്ന സംഘങ്ങള്‍ വ്യാപകമായി. തലശേരി റെയില്‍വേ സ്റ്റേഷനുസമീപം അധ്യാപികയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച സംഭവം നടന്നിട്ട് അധികനാളായില്ല. ഏറ്റുമാനൂരിനടുത്ത് ഐടിഐ വിദ്യാര്‍ഥിനിയെ തീവണ്ടിയില്‍വച്ച് ബലാല്‍ക്കാരമായി കടന്നുപിടിക്കാന്‍ സാമൂഹ്യവിരുദ്ധന്‍ ശ്രമിച്ചു. ഈ സംഭവങ്ങളിലൊന്നും ഉചിതമായ നടപടികളെടുക്കാനോ സമൂഹം ആഗ്രഹിക്കുന്നവിധത്തില്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കാനോ റെയില്‍വേ തയ്യാറായില്ല.
സുരക്ഷാ ഉദ്യോഗസ്ഥരുടെ കാര്യത്തില്‍ മാത്രമല്ല റെയില്‍വേ വീഴ്ചവരുത്തുന്നത്. സ്റ്റേഷനുകളില്‍ വേണ്ടത്ര സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ ഒരു ശ്രമവും ഉണ്ടാകുന്നില്ല. റെയില്‍വേ വളപ്പുകളില്‍ വഴിവിളക്ക് സ്ഥാപിക്കുകയോ കുടിവെള്ള സംവിധാനങ്ങളും ഇരിപ്പിടങ്ങളും ഏര്‍പ്പെടുത്തുകയോ ചെയ്തിട്ടില്ല. വൃത്തിഹീനതയുടെ പരിതാപകരമായ മാതൃകയാണ് റെയില്‍വേ കാഴ്ചവയ്ക്കുന്നത്. തീവണ്ടികളില്‍ അവശ്യം ഉണ്ടാവേണ്ട അടിയന്തര ചികിത്സാസൗകര്യം പോയിട്ട് പ്രാഥമിക ചികിത്സാസംവിധാനം പോലുമില്ല. ലോകത്തിലെ ഏറ്റവും വലിയ റെയില്‍വേ ശൃംഖലയാണ് ഇന്ത്യയുടേത്. എന്നാല്‍ , വര്‍ധിച്ചുവരുന്ന യാത്രക്കാരുടെ എണ്ണത്തിനനുസരിച്ച് തീവണ്ടികളുടെയും ജീവനക്കാരുടെയും എണ്ണം വര്‍ധിപ്പിക്കാന്‍ റെയില്‍വേ തയ്യാറാകുന്നില്ല. വരുമാനം കൂടുമ്പോഴും ഈ സ്ഥിതി ഒരു മാറ്റവുമില്ലാതെ തുടരുന്നു. ഒഴിവുകള്‍ നികത്താന്‍ തയ്യാറാകാതെ, പുതിയ തസ്തികകള്‍ സൃഷ്ടിക്കാതെ, പണംകൊടുത്തു യാത്രചെയ്യുന്ന പൗരന്മാര്‍ക്ക് ദുരിതയാത്ര സമ്മാനിക്കുകമാത്രമാണിന്ന് റെയില്‍വേ ചെയ്യുന്നത്. തീവണ്ടികളിലും സ്റ്റേഷനുകളിലും സാമൂഹ്യവിരുദ്ധരും കൊടുംകുറ്റവാളികളും വിലസുമ്പോള്‍ , ചില റെയില്‍വേ ജീവനക്കാരും അതേപാത പിന്തുടരുന്നുവെന്നത് അങ്ങേയറ്റം എതിര്‍ക്കപ്പെടേണ്ടതാണ്.
പ്ലാനിങ് ബോര്‍ഡ് ഉദ്യോഗസ്ഥ ജയഗീതയ്ക്കുണ്ടായ അനുഭവം അതിന് തെളിവാണ്. മതിയായ യാത്രാരേഖകളുണ്ടായിട്ടും ജയഗീതയെ അവഹേളിക്കാനും അപമര്യാദയോടെ പെരുമാറാനുമാണ് ടിക്കറ്റ് പരിശോധകര്‍ തയ്യാറായത്. ജനങ്ങളെ സേവിക്കേണ്ടവര്‍തന്നെ ബാധ്യതയായി തീരുന്ന അവസ്ഥ കഠിനമാണ്. സ്ത്രീത്വത്തിനുനേരെയുള്ള അപമാനശ്രമങ്ങള്‍ പരിഷ്കൃത സമൂഹത്തിന് സഹിക്കാനാവുകയില്ല. കടുത്ത പ്രതികരണങ്ങളെത്തുടര്‍ന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട ജീവനക്കാരെ തുടര്‍ന്ന് സംരക്ഷിക്കാന്‍ റെയില്‍വേ അധികാരികള്‍ തത്രപ്പെടുന്ന കാഴ്ചയും പിന്നീട്് കണ്ടു. ഇതിന് അടുത്ത ദിവസമാണ് രാജധാനി എക്സ്പ്രസില്‍ യാത്രക്കാരിയോട് ടിടിഇ അപമര്യാദയായി പെരുമാറിയത്. സ്ത്രീപീഡകരുടെയും മര്യാദകെട്ടവരുടെയും താവളമായി റെയില്‍വേ മാറിക്കഴിഞ്ഞുവോ എന്ന സംശയം ആരിലും ഉയര്‍ത്താന്‍ പോന്നതാണ് ഈ സംഭവങ്ങളെല്ലാം. ചങ്ങലയ്ക്കും ഭ്രാന്തുപിടിച്ചിരിക്കുന്നുവെന്ന് ഒറ്റനോട്ടത്തില്‍ ബോധ്യപ്പെടുമാറ് അധഃപതനത്തിലേക്ക് ഇന്ത്യന്‍ റെയില്‍വേ പൊയ്ക്കൊണ്ടിരിക്കുന്നു.
കേരളത്തില്‍ അടിക്കടി നടക്കുന്ന ഇത്തരം സംഭവങ്ങളില്‍ കേരള സര്‍ക്കാരിന്റെ, റെയില്‍വേചുമതല വഹിക്കുന്ന മന്ത്രിയുടെ നിലപാട് അറിയാന്‍ ജനങ്ങള്‍ക്ക് താല്‍പ്പര്യമുണ്ട്. സുരക്ഷാചുമതല വഹിക്കുന്ന പൊലീസിന് ട്രെയിനില്‍ യാത്രാപാസ് വാങ്ങിയെടുക്കാന്‍പോലും കഴിയാത്ത കഴിവുകെട്ട അവസ്ഥയാണ് സംസ്ഥാനത്തെ റെയില്‍വേയുടെ ചുമതലയുള്ള വകുപ്പിനും അതിന്റെ മന്ത്രിക്കുമുള്ളത്. സൗമ്യ സംഭവത്തില്‍ ഉത്തരവാദിത്തത്തില്‍നിന്ന് തടിയൂരാനുള്ള ശ്രമമാണ് അധികാരികളുടെ ഭാഗത്തുനിന്നുണ്ടായത്. ഇത്രയ്ക്കും നിഷ്ക്രിയതയും നിരുത്തരവാദ സമീപനവും പുലര്‍ത്തുന്ന ഭരണാധികാരികള്‍ നാടിന് അപമാനമാണ്. തീവണ്ടികളിലും മറ്റും സ്ത്രീകള്‍ക്കുനേരെ നടക്കുന്ന അതിക്രമങ്ങളെ കൈയുംകെട്ടി നോക്കിനില്‍ക്കാന്‍ കേരളജനതയ്ക്കു കഴിയുകയില്ല. കേരളമണ്ണില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് ഡിവൈഎഫ്ഐ പ്രഖ്യാപിക്കുന്നു. അതിന്റെ ഭാഗമായി വെള്ളിയാഴ്ച വൈകിട്ട് 5ന് പ്രധാന റെയില്‍വേസ്റ്റേഷനുകളിലേക്ക് അലര്‍ട്ട് മാര്‍ച്ച് നടത്താനും ജാഗ്രതാപ്രതിജ്ഞയെടുക്കാനും ഡിവൈഎഫ്ഐ തീരുമാനിച്ചിട്ടുണ്ട്. ഈ കൂട്ടായ്മയില്‍ മുഴുവന്‍ റെയില്‍വേ യാത്രക്കാരും ബഹുജനങ്ങളും പങ്കാളികളാകണമെന്ന് അഭ്യര്‍ഥിക്കുന്നു.
*
ടി വി രാജേഷ് (ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയാണ് ലേഖകന്‍)
ദേശാഭിമാനി 09 മാര്‍ച്ച് 2012
Subscribe to:
Post Comments (Atom)
1 comment:

Post a Comment