Sunday, March 18, 2012

ഗ്രീക്ക് പ്രതിസന്ധിയുടെ നാനാര്‍ത്ഥം

ജനങ്ങള്‍ക്ക് താങ്ങാനാവാത്ത ദുരിതങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന ഒരു "ചെലവുചുരുക്കല്‍ പാക്കേജ്" കൂടി ചര്‍ച്ച ചെയ്ത് പാസാക്കുന്നതിന് സാമാജികര്‍ സമ്മേളിച്ചപ്പോള്‍ 2012 ഫെബ്രുവരി മധ്യത്തില്‍ ആയിരക്കണക്കിന് പൊലീസുകാര്‍ ഗ്രീക്ക് പാര്‍ലമെന്റ് വളഞ്ഞു. ജനാഭിലാഷത്തെ പ്രതിനിധീകരിക്കാത്ത സര്‍ക്കാര്‍ അന്താരാഷ്ട്ര വായ്പാദാതാക്കളെ സന്തോഷിപ്പിക്കാന്‍ ദുതിതങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതിനെതിരെ പ്രതിഷേധിക്കാന്‍ പ്രക്ഷോഭകര്‍ പാര്‍ലമെന്റിന് പുറത്ത് സംഘടിച്ചതിനാലാണ് ഈ സുരക്ഷാസന്നാഹം ആവശ്യമായിവന്നത്. കല്ലും പെട്രോള്‍ബോംബുകളും എറിഞ്ഞ പ്രക്ഷോഭകരെ പൊലീസ് കണ്ണീര്‍വാതക ഷെല്ലുകള്‍ വര്‍ഷിച്ച് തടഞ്ഞു. ഒടുവില്‍ അഞ്ച് മന്ത്രിമാര്‍ രാജിവയ്ക്കുകയും പാര്‍ലമെന്റില്‍ കടുത്ത പ്രതിഷേധമുയരുകയും ചെയ്തിട്ടും 74നെതിരെ 199 വോട്ടോടെ ചെലവുചുരുക്കല്‍ പാക്കേജ് പാസായി.

സര്‍ക്കാരിന്റെ ചെലവ് വീണ്ടും 330 കോടി യൂറോ കുറയ്ക്കാന്‍ നിര്‍ദേശിക്കുന്ന പാക്കേജനുസരിച്ച് ശമ്പളവും പെന്‍ഷനും വെട്ടിക്കുറയ്ക്കേണ്ടിവരും. ഗ്രീസിലെ പ്രതിസന്ധി ജനങ്ങള്‍ സൃഷ്ടിച്ചതല്ല. എന്നാല്‍ അവരോട് വീണ്ടും സഹിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ചെലവുചുരുക്കല്‍ പാക്കേജനുസരിച്ച് നടപ്പാക്കേണ്ടിവരുന്ന ചെലവുകുറയ്ക്കലും നികുതി വര്‍ധനയും ഗ്രീക്ക് പൗരന്മാരുടെ ശരാശരി വരുമാനം നിലവിലെ 41400 യൂറോയില്‍ നിന്ന് 5600 യൂറോയോളം, അതായത് 14 ശതമാനത്തോളം, കുറയ്ക്കുമെന്നാണ് ലണ്ടനിലെ ഫൈനാന്‍ഷ്യല്‍ ടൈംസ് ലേഖകരുടെ വിശകലനത്തില്‍ കണക്കാക്കുന്നത്. എന്നാല്‍ ഈ കണക്കുകള്‍ പോലും അതിന്റെ യഥാര്‍ഥ ദുരിതം വെളിപ്പെടുത്തുന്നില്ല. പൗരന്മാരില്‍ വലിയൊരു പങ്കിനും ഈ ശരാശരി വരുമാനത്തിലും വളരെ കുറഞ്ഞ വരുമാനമാണുള്ളതെന്ന വസ്തുത അത് കണക്കിലെടുക്കുന്നില്ല.

ചെലവുചുരുക്കലിന്റെ ഫലമായി ചോദനയിലുണ്ടാവുന്ന ഇടിവ് മൂലം സംഭവിക്കുന്ന തൊഴില്‍നഷ്ടം അത് കണക്കിലെടുക്കുന്നില്ല. ഗ്രീസിലെ തൊഴിലില്ലായ്മ ഔദ്യോഗിക കണക്കനുസരിച്ച് 20 ശതമാനത്തിനടുത്താണ്. മാത്രമല്ല, ചെലവുചുരുക്കലിന്റെ ഫലമായി വരുമാനവും ഉപഭോഗവും ഇടിയുന്നത് അനിവാര്യമായും സര്‍ക്കാരിന്റെ നികുതി വരുമാനത്തെ ബാധിക്കും. അപ്പോള്‍ "ജാമ്യ" നിബന്ധനയുടെ ഭാഗമായുള്ള കടമെടുക്കല്‍ ലക്ഷ്യങ്ങള്‍ നിറവേറുന്നതിന് പ്രയാസമാവുമെന്നും വായ്പയിലും ചെലവുചുരുക്കലിലും രാജ്യത്തെ കുടുക്കുമെന്നുമുള്ളത് അത് കാര്യമാക്കുന്നില്ല. നടപ്പാക്കിവരുന്നതും തീവ്രമാക്കുന്നതുമായ ചെലവുചുരുക്കലിനോടുള്ള ജനകീയ പ്രതിഷേധം നേരിടാനാവില്ലെന്ന് നേരത്തെ മുന്‍ സോഷ്യലിസ്റ്റ് പ്രധാനമന്ത്രി ജോര്‍ജ് പാപന്ദ്രു മനസ്സിലാക്കിയിരുന്നു. അതിനാല്‍ നടപടിയുമായി മുന്നോട്ടുപോവുന്നതിന് സാമൂഹ്യമായ അംഗീകാരത്തിനായി പാപന്ദ്രു ഒരു ഹിതപരിശോധന പ്രഖ്യാപിച്ചിരുന്നു. അത് നടത്തിയിരുന്നെങ്കില്‍ ഗ്രീക്കുകാര്‍ "അരുത്" എന്ന് വോട്ട് ചെയ്യുമായിരുന്നു. അപ്പോള്‍ ഗ്രീസ് വായ്പകള്‍ തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വരുത്തുമായിരുന്നെങ്കിലും നയപരമായി ഒരുപരിധിയോളം സ്വയംഭരണാധികാരം അതിനുണ്ടാവുമായിരുന്നു. പക്ഷേ ഗ്രീസ് ചിലപ്പോള്‍ യൂറോമേഖലയില്‍ നിന്ന് പുറത്തുവരേണ്ടിവരുമായിരുന്നു. അത് അവര്‍ക്ക് മാത്രമല്ല ധനമൂലധനത്തിനും മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും മുതലാളിത്തത്തിനാകെയും പ്രവചനാതീതമായ പരിണതഫലങ്ങള്‍ക്കിടയാക്കുമായിരുന്നു. അതിനാല്‍ ഇത്തരം നടപടിയുടെ പരിണതഫലങ്ങളെക്കുറിച്ച് ഭീതിയുയര്‍ത്തുക വഴി ഹിതപരിശോധനാ പ്രഖ്യാപനം പിന്‍വലിക്കാനും രാജിവയ്ക്കാനും പാപന്ദ്രു നിര്‍ബന്ധിതനായി. ഇത് എല്ലാ പ്രധാന കക്ഷികളുമടങ്ങുന്ന നിയമസാധുതയില്ലാത്ത ദേശീയ "ഐക്യ" സര്‍ക്കാര്‍ രൂപീകരണത്തിലേക്കാണ് നയിച്ചത്. ചെലവുചുരുക്കല്‍ നടപടികള്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചാണ് ടെക്നോക്രാറ്റായ ലൂക്കാസ് പാപ്പാദെമോസിന്റെ നേതൃത്വത്തിലുള്ള ഐക്യ സര്‍ക്കാര്‍ അധികാരമേറ്റത്.

ഹിതപരിശോധനയ്ക്ക് പകരം ഫെബ്രുവരി 19നകം തെരഞ്ഞെടുപ്പ് നടത്തുമെന്ന് ഗ്രീക്ക് ജനതയോട് പ്രഖ്യാപിച്ചെങ്കിലും അതുണ്ടായില്ല. തെരഞ്ഞെടുപ്പ് ഇപ്പോള്‍ ഏപ്രിലില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുകയാണ്. എന്നാല്‍ ചെലവുചുരുക്കല്‍ നടപടികള്‍ പാസാക്കപ്പെട്ടിരിക്കുകയാണ്. തെരഞ്ഞെടുക്കപ്പെട്ടാല്‍ ജനങ്ങള്‍ക്കൊപ്പമായിരിക്കില്ല ചെലവുചുരുക്കല്‍ കരാറിനൊപ്പമായിരിക്കുമെന്ന് എല്ലാ കക്ഷികളും ഉറപ്പുനല്‍കിയില്ലെങ്കില്‍ തെരഞ്ഞെടുപ്പ് നടത്താനാവുമോ? യഥാര്‍ഥത്തില്‍ ജര്‍മനി പോലുള്ള രാജ്യങ്ങളും ഐഎംഎഫ് പോലുള്ള സ്ഥാപനങ്ങളും ഗ്രീസില്‍ ഒരു തെരഞ്ഞെടുപ്പ് ആഗ്രഹിക്കുന്നില്ല എന്നതാണ് പൊതുവെയുള്ള ധാരണ. ഗ്രീസും യൂറോപ്യന്‍ യൂണിയനും ഐഎംഎഫും അതിനെല്ലാമുപരി സ്വകാര്യ വിദേശ ധനമൂലധനവും തമ്മിലുണ്ടാക്കിയ "കരാര്‍" തള്ളിക്കളയുന്ന ഒരു സര്‍ക്കാരാവാം തെരഞ്ഞെടുപ്പുണ്ടായാല്‍ അധികാരത്തിലെത്തുക. രാഷ്ട്രീയ സാധുതയില്ലാത്ത ഒരു സര്‍ക്കാര്‍ പാസാക്കിയ ചെലവുചുരുക്കല്‍ നടപടികള്‍ വരുംവര്‍ഷങ്ങളില്‍ നടപ്പാക്കാന്‍ ആ സര്‍ക്കാരിന് കഴിയില്ല. ജനങ്ങളെ മാറ്റിയെടുക്കാനാവാത്തതിനാല്‍ ആഗോള ധനമൂലധനവും മുതലാളിത്ത സര്‍ക്കാരുകളും വാഴിച്ച തെരഞ്ഞെടുക്കപ്പെടാത്ത സര്‍ക്കാരിനെ നിലനിര്‍ത്തുകയാവും നല്ലത്. ഇതാണ് ഗ്രീസ് നേരിടുന്ന രാഷ്ട്രീയ പ്രശ്നം. ഈ പ്രശ്നത്തിന്റെ വേരുകള്‍ ആഴത്തിലാണ്.

ഒറ്റ വിപണിയും ഒറ്റ നാണ്യവും സ്വീകരിക്കാന്‍ വിവിധ വികസന തലങ്ങളിലുള്ള രാജ്യങ്ങള്‍ ഒത്തുചേരുമ്പോള്‍ വികസനത്തില്‍ പിന്നിലുള്ള രാജ്യങ്ങള്‍ അസമമായ മത്സരത്തിന് വിധേയമാവും. എന്നാല്‍ തങ്ങളുടെ മത്സരാര്‍ഥികളുമായി പൊതുനാണ്യം പങ്കിടുന്നതിനാല്‍ മത്സരിക്കാന്‍ സ്വന്തം നാണ്യത്തിന്റെ മൂല്യശോഷണം നടത്താന്‍ കഴിയാത്ത സ്ഥിതിയിലാണ് അവര്‍ . അപ്പോഴും ജര്‍മനിയെപ്പോലുള്ള ശക്ത രാജ്യങ്ങള്‍ അടങ്ങുന്ന യൂണിയന്റെ ഭാഗമാണെന്ന വസ്തുത അവ ചൂഷണം ചെയ്യില്ലെന്നായിരുന്നു അവിതര്‍ക്കിതമായ ധാരണ. തൊഴിലുകള്‍ സൃഷ്ടിക്കാനും വരുമാനം വര്‍ധിപ്പിക്കാനും അമിതമായി വായ്പവാങ്ങി ചെലവഴിച്ചോളും എന്നായിരുന്നു വിവക്ഷ യൂറോമേഖലയില്‍ അംഗമായതോടെ ഗ്രീക്ക് വിപണി ജര്‍മനി പോലെ കൂടുതല്‍ വികസിതമായ രാജ്യങ്ങളില്‍നിന്നുള്ള ഇറക്കുമതിക്ക് തുറന്നിടപ്പെട്ടു. ഇത് ഗ്രീസില്‍ നിക്ഷേപത്തിന്റെയും വളര്‍ച്ചയുടെയും പിന്നോട്ടടിയിലേക്കാണ് നയിച്ചത്. വളര്‍ച്ചയും ക്ഷേമവും നിലനിര്‍ത്താന്‍ കടംവാങ്ങി ചെലവഴിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. ഇത് കുറച്ചുകാലം നല്ല നിലയില്‍ പോയെങ്കിലും പ്രതിസന്ധിയുണ്ടായതോടെ ഗ്രീസ് കടക്കെണിയിലായി. ന്യായമായ മുന്‍കരുതലില്ലാതെ ആ വായ്പകള്‍ നല്‍കിവന്ന സ്വകാര്യ മേഖല പെട്ടെന്നുണരുകയും കൂടിയ പലിശ നിരക്കില്‍ കൂടുതല്‍ വായ്പ നല്‍കാന്‍ സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തു. ഐഎംഎഫും യൂണിയന്‍ കൊണ്ട് നേട്ടമുണ്ടാക്കിയ ജര്‍മനി പോലുള്ള രാജ്യങ്ങളും സഹായവാഗ്ദാനം നല്‍കിയെങ്കിലും ചെലവുചുരുക്കണമെന്ന നിബന്ധന മുന്നോട്ടുവച്ചു. ചെലവുചുരുക്കല്‍ നടപടികള്‍ ജനങ്ങള്‍ക്ക് മേല്‍ കടുത്ത ദുരിതങ്ങള്‍ അടിച്ചേല്‍പിക്കുകയാണ്. കൂടാതെ അത് വളര്‍ച്ച പരിമിതപ്പെടുത്തുകയും വരുമാനം ചുരുക്കുകയും ചെയ്ത് ഗ്രീക്ക് പ്രശ്നം സങ്കീര്‍ണമാക്കുകയാണുണ്ടായത്. ഗ്രീസിന്റെ വായ്പ കുറച്ചും പലിശ നിരക്ക് താഴ്ത്തിയും ഈ പരിവൃത്തി ഭേദിക്കുന്ന എന്തെങ്കിലും ഇടപെടല്‍ ആവശ്യമായ സാഹചര്യമാണിത്.

ധനമൂലധനത്തിന്റെ ശക്തിയും മറ്റ് യൂറോപ്യന്‍ സര്‍ക്കാരുകളുടെ പ്രത്യയശാസ്ത്രപരമായ വിഡ്ഢിത്തവും കാരണം നിര്‍ഭാഗ്യവശാല്‍ അത് സാധ്യമല്ല. തങ്ങള്‍ക്ക് ഗണ്യമായ പങ്കുള്ള ഒരു പ്രതിസന്ധിയുടെ "ക്രമീകരണ ചെലവ്" വേണ്ടത്ര പങ്കിടുന്നതില്‍ ധനമൂലധനം തയ്യാറല്ലാത്തതാണ് ഒന്നാമത്തെ പ്രശ്നം. ഗ്രീസിനെ രക്ഷിക്കാനുള്ള ബാധ്യത പങ്കിടുന്നത് സംബന്ധിച്ച സങ്കീര്‍ണമായ ചര്‍ച്ചകളില്‍ ഒരു പ്രശ്നം ഗ്രീസിന് നല്‍കിയ വായ്പകളുടെ കാര്യത്തില്‍ ബാങ്കുകള്‍ അംഗീകരിക്കേണ്ട പരിധിയുടെ തോത് സംബന്ധിച്ചാണ്. ഒരു പ്രധാന സൗജന്യം എന്ന നിലയില്‍ അവതരിപ്പിക്കപ്പെട്ടിരിക്കുന്ന കണക്കനുസരിച്ച് ബാങ്കുകള്‍ വഹിക്കേണ്ട ബാധ്യതയുടെ പരിധി വായ്പാ മൂല്യത്തിന്റെ പൂജ്യം ശതമാനത്തില്‍നിന്ന് 20 ശതമാനമായും ഏറ്റവും ഒടുവില്‍ 50 ശതമാനമോ അധികമോ ആയും ഉയര്‍ത്തുന്നതിന് വാഗ്ദാനമുള്ളതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ തെറ്റായ അക്കൗണ്ടിങ്ങ് തത്വങ്ങളടക്കമുള്ള ആയുധങ്ങളുപയോഗിച്ച് ഇത് നേരിടാന്‍ ബാങ്കര്‍മാര്‍ ശ്രമിക്കുന്നതായാണ് തെളിയുന്നത്. പുതിയ ബോണ്ടുകള്‍ ബാങ്കര്‍മാര്‍ വിതരണം ചെയ്യുന്നതിനും അതിന് പകരമായി നിലവിലുള്ളത് അവര്‍ക്ക് നല്‍കണമെന്നുമുള്ള നിര്‍ദേശമടങ്ങുന്ന ബാങ്കര്‍മാരുടെ വാഗ്ദാനമാണ് ചര്‍ച്ച ചെയ്യപ്പെടുന്നത് എന്നാണ് റിപ്പോര്‍ട്ട്. എന്തായാലും മാര്‍ച്ച് 12നകം ബാങ്കുകള്‍ സമ്മതിക്കണം. വലിയ നഷ്ടങ്ങള്‍ക്ക് വഴങ്ങാന്‍ ബാങ്കുകള്‍ വിസമ്മതിച്ചാല്‍ കൂടുതല്‍ ചെലവുചുരുക്കല്‍ നടപടി ആവശ്യമായേക്കും. ആശയറ്റ സര്‍ക്കാരുകളെ സഹായിക്കാന്‍ എല്ലാ സര്‍ക്കാരുകളുടെയും കൂട്ടായ ഉറപ്പില്‍ കൂടുതല്‍ വായ്പ നല്‍കുന്നതടക്കമുള്ള സഹായനടപടികള്‍ സ്വീകരിക്കുന്നതിന് യൂറോമേഖലാ സര്‍ക്കാരുകളും ധനമൂലധനവും തയ്യാറല്ല എന്നതാണ് രണ്ടാമത്തെ പ്രശ്നം. ചെലവുചുരുക്കലില്‍ അധിഷ്ഠിതമായ പുനഃസംഘാടന പാക്കേജിന് പുറത്ത് വാഗ്ദാനം ചെയ്യപ്പെടുന്ന പണലഭ്യതയുടെ തോത് പ്രധാനമായും സര്‍ക്കാരുകളെ രക്ഷിക്കാന്‍ എന്നതിനപ്പുറം ബാങ്കുകള്‍ക്ക് വീണ്ടും മൂലധനം ലഭ്യമാക്കുന്നതിനും ധനമൂലധനത്തെ രക്ഷിക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ്. മാത്രമല്ല, യൂറോപ്പിനെ പൂര്‍ണമായും ബാധിച്ചിരിക്കുന്ന വികാരവും മാധ്യമ പ്രചരണവും ചേര്‍ന്ന് പല യൂറോപ്യന്‍ രാജ്യങ്ങളിലും സങ്കുചിത വികാരം വളര്‍ത്തിയിരിക്കുകയാണ്. ഗ്രീസ് പോലുള്ള രാജ്യങ്ങളിലെ പൗരന്മാരെ രക്ഷിക്കാന്‍ തങ്ങളുടെ നികുതിപ്പണം കൊണ്ട് സഹായിക്കേണ്ടത് എന്തുകൊണ്ടെന്ന് ജര്‍മനിക്കാരും ഫ്രഞ്ചുകാരും ഫിന്നുകളും മറ്റുള്ളവരും കാണുന്നില്ല. ഇതിന്റെ ഫലമായി യൂറോപ്യന്‍ വൃത്തത്തിന് പുറത്തുള്ള പല സര്‍ക്കാരുകളും നാട്ടിലെ ജനകീയ രോഷത്തിന് വഴങ്ങുകയും രക്ഷാപദ്ധതിക്ക് സഹായം നല്‍കുന്നതില്‍നിന്ന് ഭയന്ന് മാറുകയും ചെയ്യുന്നു. അവസാനമായി, തെറ്റായ വിശകലനത്തിന്റെ ഫലമായി, വായ്പയെ പ്രധാന പ്രശ്നമായി കാണുകയും സര്‍ക്കാരുകള്‍ കടം വാങ്ങി പുതിയതായി ചെലവാക്കുന്നതിന് അനുവദിക്കാതെ ചെലവ് കുറയ്ക്കണമെന്നത് മുദ്രാവാക്യമാവുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ എല്ലാ ചര്‍ച്ചകളും അല്‍പ്പം പണവും രാഷ്ട്രീയ മാറ്റങ്ങളും എല്ലാമുണ്ടെങ്കിലും പ്രാവര്‍ത്തികമാക്കാവുന്ന ഒരു പരിഹാരം ദൃശ്യമല്ല. പ്രതിസന്ധി മുതലാളിത്തത്തിന്റേത് തന്നെയാണെന്നും ആഴത്തില്‍ രാഷ്ട്രീയപരമാണെന്നും ഇപ്പോള്‍ വ്യക്തമാവുന്നുണ്ട്. മാത്രമല്ല, പ്രശ്നം ഗ്രീസില്‍ മാത്രമായി ഒതുങ്ങുന്നില്ല. കൂടുതല്‍ വലിയ കളിക്കാരെ ബാധിക്കുന്നുണ്ട്. ഇപ്പോള്‍ ശ്രദ്ധ ഇറ്റലിയിലേക്ക് തിരിഞ്ഞിരിക്കുകയാണ്. മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 166 ശതമാനം കടമുള്ള ഗ്രീസുമായി താരതമ്യം ചെയ്യുമ്പോള്‍ ഇറ്റലിയുടേത് 121 ശതമാനമാണ്. ചെലവുചുരുക്കാന്‍ ഇറ്റലി കൈക്കൊള്ളുന്ന ചെറുതല്ലാത്ത നടപടികള്‍ അപര്യാപ്തമാണെന്ന് പ്രഖ്യാപിക്കുന്ന വായ്പാദാതാക്കള്‍ ആവശ്യപ്പെടുന്നത് കൂടുതല്‍ ചെലവുചുരുക്കല്‍ വേണമെന്നാണ്. അതിനാല്‍ പ്രശ്നം യൂറോപ്യനും അതുകൊണ്ടുതന്നെ ആഗോളവുമായ ധന-സാമ്പത്തിക പ്രതിസന്ധിയാണ്.

*
സി പി ചന്ദ്രശേഖര്‍ ദേശാഭിമാനി വാരിക

No comments: