Wednesday, March 21, 2012

റെയില്‍വെ സ്വകാര്യ വല്‍ക്കരണത്തിനായുള്ള ബജറ്റ്

റെയില്‍വെ ബജറ്റ് പാര്‍ലമെന്‍റില്‍ അവതരിപ്പിച്ച അന്നുതന്നെ അത് ചെയ്ത മന്ത്രി ദിനേശ് ത്രിവേദിയെ മാറ്റാന്‍ അദ്ദേഹത്തിന്റെ പാര്‍ടി നേത്രി മമതാ ബാനര്‍ജി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ഒരുതരത്തില്‍ പറഞ്ഞാല്‍ , അത് ആ ബജറ്റിനെക്കുറിച്ച് ജനസാമാന്യത്തിനുള്ള പ്രതികരണത്തിന്റെ പ്രതീകമാണ്.

പ്രധാനമായി രണ്ടുതരം പ്രതികരണങ്ങളാണ് റെയില്‍വെ ബജറ്റ് അവതരിപ്പിക്കപ്പെട്ട ദിവസം ഉയര്‍ന്നുവന്നത്. ഒന്ന്, തീവണ്ടിക്കൂലി കിലോമീറ്ററിനു 2 പൈസ മുതല്‍ 30 പൈസ വരെ വിവിധ ക്ലാസുകാര്‍ക്കായി വര്‍ധിപ്പിച്ചത്. ദൂരദേശങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് കനത്ത പ്രഹരമാണത്. ഭക്ഷ്യധാന്യങ്ങള്‍ , കല്‍ക്കരി, ഇരുമ്പ് - ഉരുക്ക് മുതലായ അവശ്യവസ്തുക്കളുടെ കടത്തുകൂലി 20 ശതമാനം കണ്ട് ഏതാനും ദിവസം മുമ്പ് വര്‍ധിപ്പിച്ചിരുന്നു. അതിനുപുറമെയാണ് യാത്രാനിരക്കുകളിലെ വര്‍ധന. 24000 കോടി രൂപയില്‍പരം വര്‍ധനയാണ് റെയില്‍വെ വരവില്‍ പ്രതീക്ഷിക്കുന്നത്. എട്ടുവര്‍ഷമായി റെയില്‍വെ നിരക്കുകള്‍ വര്‍ധിപ്പിച്ചിരുന്നില്ല. അടുത്തകാലത്ത് ഡീസല്‍ വില വര്‍ധിപ്പിച്ചതിനു അനുസരിച്ച് റെയില്‍വെ കൂലി വര്‍ധിപ്പിച്ചിരുന്നില്ല.

റെയില്‍വെ സാമ്പത്തിക പരാധീനതകളില്‍പെട്ടിട്ടും മുന്‍ റെയില്‍വെ മന്ത്രി മമതാ ബാനര്‍ജി പശ്ചിമ ബംഗാള്‍ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ചാര്‍ജ് വര്‍ധന മാറ്റിവെക്കുകയായിരുന്നു. ഇപ്പോഴും മാറ്റിവെക്കണമെന്നാണ് അവരുടെ ആവശ്യം. വാസ്തവത്തില്‍ , മമതാ ബാനര്‍ജിയുടെ കാര്യക്ഷമമല്ലാത്തതും ദീര്‍ഘവീക്ഷണമില്ലാത്തതുമായ ഭരണമാണ് റെയില്‍വെയെ ഇന്നത്തെ ദുര്‍ഗതിയില്‍ എത്തിച്ചത്. ഓപ്പറേറ്റിങ് റേഷ്യോ (നൂറു രൂപ വരവുണ്ടാക്കാന്‍ വേണ്ടി വരുന്ന ചെലവ്) കഴിഞ്ഞവര്‍ഷം 91.1 ശതമാനമായിരുന്നത് ഇപ്പോള്‍ 95 ശതമാനമായി. ലാലുപ്രസാദ് യാദവ് റെയില്‍വെ മന്ത്രി ആയിരുന്നപ്പോള്‍ ആ ചെലവ് ഏതാണ്ട് 80 ശതമാനമായിരുന്നു. അതുകൊണ്ടാണ് അന്ന് റെയില്‍വെ ലാഭത്തിലായിരുന്നതും. മുന്‍ വര്‍ഷങ്ങളില്‍ പ്രഖ്യാപിച്ച് നടപ്പാക്കാത്തതോ രാമേശ്വരം ക്ഷൗരംപോലെ അല്‍പം എന്തെങ്കിലും മാത്രം ചെയ്തുവെച്ചതോ ആയ നൂറുക്കണക്കിനു പദ്ധതികളുണ്ട് റെയില്‍വെയില്‍ . ഓപ്പറേറ്റിങ് റേഷ്യോ ഈയിടെയായി വര്‍ധിക്കാന്‍ പ്രധാന കാരണം അപ്പപ്പോഴത്തെ സൗകര്യത്തിനു ചില പദ്ധതികള്‍ ആരംഭിച്ചതും മുമ്പ് ആരംഭിച്ചവ പൂര്‍ത്തിയാക്കാതിരുന്നതുമാണ്. ഈ പ്രവണത അതിന്റെ മൂര്‍ധന്യത്തില്‍ എത്തിനില്‍ക്കുകയാണ്. കേരളത്തെ സംബന്ധിച്ചിടത്തോളം റെയില്‍വെ ബജറ്റില്‍നിന്ന് ഏറെ പ്രതീക്ഷിക്കാമെന്ന് ഉമ്മന്‍ചാണ്ടിയും സഹമന്ത്രിമാരും സൃഷ്ടിച്ച പ്രതീതി സോപ്പുകുമിളപോലെ പൊലിഞ്ഞു. കേന്ദ്രത്തിലും കേരളത്തിലും ഒരേ പാര്‍ടിയാണ് നേതൃത്വം വഹിക്കുന്നത് എന്നതിനാല്‍ എല്‍ഡിഎഫ് ഭരണകാലത്ത് ഉണ്ടായ അവഗണന ഈ വര്‍ഷം ഉണ്ടാവില്ല എന്നായിരുന്നു മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രിമാരും മറ്റ് യുഡിഎഫ് നേതാക്കളും പ്രചരിപ്പിച്ചത്. എന്നാല്‍ , സംസ്ഥാനം ആവശ്യപ്പെട്ട ഒരു കാര്യം പോലും നടപ്പാക്കാത്ത സ്ഥിതി ഉണ്ടായത് ഈ വര്‍ഷം മാത്രമാണ്.

മുന്‍ വര്‍ഷങ്ങളില്‍ ആവശ്യപ്പെട്ട് തരാതിരുന്ന ഒരു പുതിയ തീവണ്ടിയും ഈ വര്‍ഷം തന്നിട്ടില്ല. ആകെ അനുവദിച്ചത് മുഖ്യമന്ത്രി ആവശ്യപ്പെടാത്ത ഒരു തീവണ്ടിയും. ഒരു തീവണ്ടി പ്രതിദിനമാക്കി. രണ്ടു തീവണ്ടികള്‍ അടുത്ത ഒരു പ്രധാന കേന്ദ്രത്തിലേക്ക് നീട്ടി. കഞ്ചിക്കോട് റെയില്‍കോച്ച് ഫാക്ടറിക്ക് വക നീക്കിവെച്ചിട്ടുള്ളത് 35 കോടി രൂപയാണ്. അതില്‍ കോച്ച് ഫാക്ടറി പണിക്കുള്ളത് ഒരു കോടി രൂപ മാത്രമാണ്. ചേര്‍ത്തല വാഗണ്‍ ഫാക്ടറിക്ക് അതുപോലുമില്ല. കഴിഞ്ഞവര്‍ഷം പ്രഖ്യാപിച്ച തിരുവനന്തപുരത്ത് റെയില്‍വെ മെഡിക്കല്‍ കോളേജിനായി ഇതുവരെ ഒരു നടപടിയും ഉണ്ടായില്ല. ഇപ്പോള്‍ അതിനെപ്പറ്റി മിണ്ടാട്ടമേയില്ല. വാട്ടര്‍ ബോട്ടിലിങ്ങ് പ്ലാന്‍റ് മുതലായവയുടെയും സ്ഥിതി അതു തന്നെ. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് റെയില്‍വെ സ്റ്റേഷനുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന വാഗ്ദാനം മുമ്പുണ്ടായിരുന്നു. ഒന്നും സംഭവിച്ചില്ല. ഇക്കടുറി അതേക്കുറിച്ച് ഒരു പരാമര്‍ശവുമില്ല. എന്നാല്‍ , വേറെ ചില റെയില്‍വെ സ്റ്റേഷനുകളെ ആദര്‍ശ് സ്റ്റേഷനുകളാക്കാനുള്ള നിര്‍ദ്ദേശം പുതിയ ബജറ്റിലുണ്ട്. എറണാകുളം - കായംകുളം പാതകള്‍ ഇരട്ടിപ്പിക്കുന്നത് പൂര്‍ത്തിയാക്കുന്നതിനെയും ആരംഭിച്ചുവെച്ച മറ്റ് പ്രവര്‍ത്തനങ്ങള്‍ തീര്‍ക്കുന്നതിനെയും റെയില്‍വെ ബജറ്റ് പാടെ അവഗണിച്ചിരിക്കയാണ്.

സാമ്പത്തിക പ്രയാസംകൊണ്ടാണ് അവയെല്ലാം സമയത്ത് പണി തീര്‍ക്കാര്‍ കഴിയാത്തതെന്ന് റെയില്‍വെ മന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. എന്നിട്ട് അദ്ദേഹം പുതിയ ഒട്ടേറെ പദ്ധതികള്‍ (അദ്ദേഹത്തിന്റെ അവകാശവാദം അനുസരിച്ച് സകല എംപിമാരെയും തൃപ്തിപ്പെടുത്തുന്ന തരത്തില്‍) നടപ്പാക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. കോണ്‍ഗ്രസ് പാര്‍ടി കേന്ദ്രത്തിലും കേരളത്തിലും ഭരണനേതൃത്വം വഹിക്കുന്നതുകൊണ്ട് കേരളത്തിനു പ്രത്യേക പ്രയോജനമൊന്നും ലഭിക്കില്ല എന്നു മുമ്പും അനുഭവമുള്ളതാണ്. റെയില്‍ വകുപ്പ് പലപ്പോഴും ഏതെങ്കിലും സംസ്ഥാനത്ത് മാത്രം വേരോട്ടമുള്ള പാര്‍ടികളാണ് കൈകാര്യം ചെയ്യാറുള്ളത്. അവയുടെ മന്ത്രിമാര്‍ തങ്ങളുടെ സംസ്ഥാന താല്‍പര്യം മാത്രമാണ് നോക്കാറുള്ളത്. അതിലെ അന്യായം അഥവാ വിവേചനം തിരുത്തുന്നതിനു ഭരണനേതൃത്വം വഹിക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കോ കേരളത്തില്‍നിന്നുള്ള എ കെ ആന്‍റണിയെ പോലുള്ള സീനിയര്‍ മന്ത്രിമാര്‍ക്കോ കഴിയാറില്ല. അല്ലെങ്കില്‍ അവര്‍ അക്കാര്യം ശ്രദ്ധിക്കാറില്ല. ആ അവഗണന ഈ വര്‍ഷം കൂടുതല്‍ രൂക്ഷമായി. ഈ വര്‍ഷത്തെ റെയില്‍വെ ബജറ്റിനു മറ്റൊരു വശമുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനത്തെ, ഏറ്റവും വലിയ ജനസേവന സംവിധാനത്തെ ആഗോളവല്‍ക്കരണത്തിനും അതിന്റെ ഭാഗമായി സ്വകാര്യ കുത്തകകള്‍ക്കും വിധേയമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കയാണ്.

യാത്രാ സുരക്ഷയുടെയും ആധുനികീകരണത്തിന്റെയും മധുരം പുരട്ടിയാണ് ഈ നടപടി. സുരക്ഷക്ക് കകോദ്കറും ആധുനികീകരണത്തിനു സാം പിത്രോഡയും നയിക്കുന്ന കമ്മിറ്റികളുടെ നിര്‍ദ്ദേശം സ്വീകരിക്കുന്നു എന്ന് പറഞ്ഞുകൊണ്ട് റെയില്‍മന്ത്രി ദിനേശ് ത്രിവേദി ഈ രണ്ടുപേരെയും സുരക്ഷയും ആധുനികീകരണവും നടപ്പാക്കുന്നതിന്റെ ചുമതല ഏല്‍പ്പിച്ചിരിക്കയാണ്. അതിനു അദ്ദേഹം പറയുന്നത് മൊത്തത്തില്‍ 11 ലക്ഷം കോടി രൂപയിലധികം വേണ്ടിവരും എന്നാണ്. എങ്ങനെ ഈ തുക കണ്ടെത്തും? സ്വകാര്യമേഖലയെ റെയില്‍വെയുടെ ചുമതല വര്‍ധിച്ചതോതില്‍ ഏല്‍പ്പിക്കുകയാണ് ഗവണ്‍മെന്‍റ് ഇതിനു കണ്ടിരിക്കുന്ന മാര്‍ഗം. കഴിഞ്ഞവര്‍ഷം 49,000 കോടി രൂപയും ഈ വര്‍ഷം 60,000 കോടി രൂപയുമാണ് റെയില്‍വെയുടെ വാര്‍ഷിക പദ്ധതി. അത് രണ്ടോ മൂന്നോ ഇരട്ടിയായി വര്‍ധിപ്പിച്ച് തുടര്‍ച്ചയായി 10 വര്‍ഷം പ്രവര്‍ത്തിച്ചാല്‍ മാത്രമേ സുരക്ഷാ - ആധുനികീകരണ പദ്ധതികള്‍ നടപ്പാക്കാന്‍ കഴിയൂ. റെയില്‍വെയുടെ കയ്യില്‍ ഏറെ ഭൂമിയുണ്ട് നഗരങ്ങളിലെ കണ്ണായ സ്ഥലങ്ങളില്‍ . റെയില്‍വെ സ്റ്റേഷനുകളടക്കം സ്വകാര്യമേഖലയെ പങ്കാളികളാക്കി ആധുനികീകരിക്കുക എന്ന റെയില്‍വെ മന്ത്രിയുടെ നിര്‍ദ്ദേശം റെയില്‍വെ ഭൂമി സ്വകാര്യ കുത്തകകള്‍ക്ക് കൈമാറാന്‍ ഉള്ളതാണ്.

സുരക്ഷയുടെ പേരില്‍ റെയിലുകളും സിഗ്നല്‍ സംവിധാനവും ഒക്കെ വ്യാപകമായി മാറ്റേണ്ടിവരും. റെയില്‍വെയുടെ ഉരുക്കു ഉപഭോഗം മാത്രം വരും വര്‍ഷങ്ങളില്‍ 63,000 കോടിയിലധികം രൂപയുടേതായി വര്‍ധിക്കും എന്നാണ് ആ മേഖലയിലെ വ്യവസായങ്ങള്‍ ഇതിനകം കണക്കുകൂട്ടുന്നത്. അങ്ങനെ വിവിധ വ്യവസായങ്ങള്‍ക്ക് റെയില്‍വെയുടെ ആധുനികീകരണം കൊണ്ട് എന്തു ലാഭം ലഭിക്കും എന്നതാണ് വ്യവസായ - വ്യാപാര മേഖലകളില്‍ ഇപ്പോള്‍ കൊണ്ടുപിടിച്ച ചര്‍ച്ച. റെയില്‍വെയിലെ ശുചിത്വനിലവാരം, ആഹാരലഭ്യത, അതിന്റെ ഗുണനിലവാരം, ശാരീരിക അവശതകള്‍ ഉള്ളവര്‍ക്കുള്ള പ്രത്യേക സൗകര്യങ്ങള്‍ , അതിവേഗം ഓടുന്ന തീവണ്ടികള്‍ക്കുള്ള സംവിധാനം ഇവയെല്ലാം യാത്രക്കാര്‍ക്കു പ്രതീക്ഷയും ആശ്വാസവും പകരുന്ന വിഷയങ്ങളാണ്. അതേസമയം അതേ വിഷയങ്ങള്‍ സ്വകാര്യ മുതലാളിമാര്‍ക്ക് കൊള്ളലാഭം ഉണ്ടാക്കാവുന്ന വേളകളാണ്. പൊതുമേഖലാ സ്ഥാപനമായ റെയില്‍വെയെ അതിന്റെ ശേഷിയും നൈപുണിയും അടിസ്ഥാനമാക്കി വികസിപ്പിക്കുന്നതിനുപകരം സ്വകാര്യമേഖലയെ പങ്കാളികളാക്കി വികസിപ്പിക്കാനുള്ള റെയില്‍വെ ബജറ്റിലെ നീക്കത്തിന്റെ അര്‍ഥം അതാണ്. റെയില്‍വെ കൂലിനിരക്കുകള്‍ നിശ്ചയിക്കുന്നത് വൈദ്യുതിയുടെയും മറ്റും കാര്യത്തിലെന്നപോലെ ഒരു സ്വതന്ത്ര അതോറിറ്റിക്കുവിടാനുള്ള നീക്കം ഈ സ്വകാര്യവല്‍ക്കരണ നീക്കത്തിന്റെ വിളംബരമാണ്.

*
സി പി നാരായണന്‍ ചിന്ത വാരിക

1 comment:

വര്‍ക്കേഴ്സ് ഫോറം said...

റെയില്‍വെ ബജറ്റ് പാര്‍ലമെന്‍റില്‍ അവതരിപ്പിച്ച അന്നുതന്നെ അത് ചെയ്ത മന്ത്രി ദിനേശ് ത്രിവേദിയെ മാറ്റാന്‍ അദ്ദേഹത്തിന്റെ പാര്‍ടി നേത്രി മമതാ ബാനര്‍ജി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ഒരുതരത്തില്‍ പറഞ്ഞാല്‍ , അത് ആ ബജറ്റിനെക്കുറിച്ച് ജനസാമാന്യത്തിനുള്ള പ്രതികരണത്തിന്റെ പ്രതീകമാണ്.